പ്രിയപ്പെട്ട എഴുത്തുകാരിക്ക് ...
പ്രിയപ്പെട്ട എഴുത്തുകാരിക്ക് ...
(വിഹാന്റെ ലോകത്ത് )
ഞാൻ വിഹാൻ, മീര എഴുതിക്കൊണ്ടിരിക്കുന്ന പുതിയ നോവിലിലെ നായക കഥാപാത്രം.
എനിക്ക് ജീവനുണ്ട് ആത്മാവുണ്ട് അവൾ തന്ന ഒരു രൂപവും ഉണ്ട്, പക്ഷേ ശരീരമില്ല.
അവൾ നെയ്തു കൂട്ടിയ താളുകളിൽ അറിയാതെ ജീവൻ കൊടുത്ത ഒരു കഥാപാത്രം.
ഈ പുസ്തകം എഴുതി തീർക്കാനുള്ള തത്രപ്പാടിലാണ് അവൾ, എഴുതി തീരുന്നതോടു കൂടി അവൾ ഈ ജീവനെ അറിയാതെ കൊല്ലും. അതേ അവസാന വാരി എഴുതുന്നത് വരെ എനിക്ക് ആയുസ്സുള്ളൂ.
നായകനും നായികയും ആദ്യമായി കണ്ടുമുട്ടുന്ന രംഗം എഴുതുകയായിരുന്നു അവൾ.
"ആ ജോലിയും കിട്ടില്ലെന്നു മനസിലാക്കിയപ്പോൾ വിഹാൻ തളർന്നു വഴിയോരത്തു ഏതോ ഒരു മായാജാലത്തിനായി അവൻ കാത്തുനിന്നു. നല്ല മഴയാണ് എന്നിട്ടും അവൻ അനങ്ങിയില്ല അവനും ഒരു മഴ പെയ്തിറക്കാനെന്ന വണ്ണം അവിടെ തന്നെ സ്ഥാനമുറപ്പിച്ചു.
മഴ തോരുന്നത് പോലെ അവനു തോന്നി കണ്ണ് തുടച്ചു അവൻ മുകളിലേക്കു നോക്കിയപ്പോൾ ഒരു മഞ്ഞ കുട അതാരുടെ എന്ന് അറിയാൻ അവൻ തിരിഞ്ഞു. അവൻ അവളെ ആദ്യമായി കണ്ടു, പകൽസദ്യയെ കണ്ണിലൊളിപ്പിച്ച ഒരുത്തിയെ അവന്റെ നായികയെ"
അവൾ എഴുതുന്ന വരികളാണ് എന്റെ വിധി എന്നിരുന്നാലും എന്റെ നായികാ മീരയാണ്. ഈ മുറിക്കപ്പുറത്തുള്ള മീരയെ എനിക്കറിയില്ല. ഞാനടുങ്ങുന്ന ഈ പുസ്തകം ആരെയും കാണിച്ചിട്ടില്ല. അച്ഛനെ അറിയില്ല അമ്മയെ അറിയില്ല സഹോദരങ്ങൾ സുഹൃത്തുക്കൾ ഒന്നും അറിയില്ല. എന്നും ഒരേ പട്ടു കേട്ട് കരയുന്നതു മാത്രം ഞാൻ അറിയുന്നു.അവൾക്കൊരു ഒരു നഷ്ടപ്രണയം ഉണ്ടായിരുന്നിരിക്കാം. ഇരുട്ടിന്റെ മറവിൽ ജാലകത്തിനടുത്തു അവനു വേണ്ടി മാനത്തെ അമ്പിളിയോട് തർക്കിക്കാറുണ്ട്, താരകങ്ങളോട് വിലപേശാറുണ്ട് എന്നിട്ടും ആരും അവനെ അവൾക്കായി സമ്മാനിച്ചില്ല.
ഒരുപക്ഷെ അവന്റെ പേരും രൂപവും ആയിരിക്കും അവളെനിക്ക് തന്നത്. പരാതിയില്ല
പരിഭവമില്ല ആദ്യമായി പ്രണയം തോന്നിയ ഒരുത്തിയോട് പ്രണയമല്ലാതെ മറ്റൊന്നും ഇല്ല.
"എന്റെ പ്രിയപ്പെട്ട എഴുത്തുകാരി
നിന്നെ ഈ മുഖമില്ലാത്ത രൂപം അറിയാതെ പ്രണയിക്കുന്നു."
തേനിന്റെ നിറമുള്ള അവളുടെ കണ്ണുകൾ വേദനയോടെ അവനെ ഓർത്തു കരയുമ്പോൾ ഒന്ന് തുടച്ചു മാറ്റാൻ അവളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൈകൾ ഇല്ലാതെ പോയല്ലോ എനിക്ക്.
പതിവിലും നേരത്തെ അവൾ മുറിയിൽ കേറി വാതിലടച്ചു. എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട്. എഴുതിത്തീർന്നതാണോ അതിനു കഴിയാതെപോയതോ അവൾ ആ കടലാസ് ഞാൻ അടങ്ങുന്ന പുസ്തകത്തിൽ വച്ചു. കവിതയാണ് എനിക്കുള്ളത്, അതല്ലെങ്കിൽ എന്റെ അതെ പേരുള്ള മറ്റൊരുവന്.
"നിന്റെ ഓർമകളും പേറി നിന്നെ മറക്കാനുള്ള യാത്രയിൽ
കാലത്തിനപ്പുറം കണ്ടുമുട്ടിയാൽ പരസ്പരം ഓര്മിപ്പിക്കാതെ
കണ്ണ് തുടച്ചു നടന്നു നീങ്ങാം.
എന്റെ ഉള്ളിലുള്ള എന്തോഒന്നു ഒരുപക്ഷേ
നിന്നെ തിരിച്ചു വിളിച്ചേക്കാം,
തിരിഞ്ഞു നോക്കരുത്,
പ്രണയത്തിന്റെയോ കരുതലിന്റെയോ
കരങ്ങൾ എനിക്ക് വേണ്ടി നീട്ടരുത്,
നീട്ടിയാൽ മാറിടം പിളർന്നു ഹൃദയം
പുറത്തുചാടും നിന്നെ സ്വന്തമാക്കാൻ.
ചെയ്യരുത് എനിക്കായി മാത്രം ഇനിയൊന്നും വേണ്ട.
മോഹങ്ങൾ പലതും വേണ്ടെന്നു വക്കാം.
എന്നാലും കാത്തിരിക്കും സ്വന്തമാക്കാനല്ല
മറക്കാൻ എത്ര എളുപ്പമായിരുന്നുവെന്നു ചോദിക്കാൻ."
വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു വിങ്ങൽ.
"എന്റെ പ്രിയപ്പെട്ട എഴുത്തുകാരി
നിന്റെ കണ്ണ് ചൂഴ്ന്നെടുത്ത
നിന്റെ ഉള്ളു പിഴുതെടുത്ത
തൊട്ടടുത്തില്ലാതൊരുത്തനെ എന്തിനു നീ ചുമക്കുന്നു
എന്നിലേക്ക് വരൂ , എന്നെ ഒന്ന് നോക്കു
ഈ ഉള്ളവനെ ഒന്ന് തിരിച്ചറിയൂ"
ഇതാ ഈ പുസ്തകത്തിലെ അവസാനവരിയും അവൾ എഴുതിക്കൊണ്ടിരിക്കുന്നു അതോടൊപ്പം അവൾ സമ്മാനിച്ച ഈ ജീവൻ എനിക്ക് നഷ്ടമാകും, അവൾ തന്നെ എന്റെ ജീവനെടുക്കും.
" എന്റെ പ്രിയപ്പെട്ട എഴുത്തുകാരി
നിയൊത്തു കഴിഞ്ഞിടും
പോയൊരു ദിനമെല്ലാം
ഞാൻ മരിക്കും നേരം
ഒരിക്കൽ കൂടി ഓർമിച്ചുകൊള്ളട്ടെ,
കഴിയുമെങ്കിൽ അവയെല്ലാം
കവിതകളായി പാടിത്തരു"
(ഇതേ സമയം മീരയുടെ ലോകത്ത് )
"ജാലവിദ്യകൊണ്ടു വീണ്ടും ഞാൻ സൃഷ്ട്ടിച്ച ജീവനെ ഞാൻ തന്നെ കൊന്നു. കഥ തീരും വരെയും പാവം എന്നെ പ്രണയിച്ചു."
എന്തോ നേടിയെടുത്തതുപോലെ അവൾ അട്ടഹസിച്ചു!
വീണ്ടും ഒരു പുസ്തകമെടുത്തു എഴുതാൻ തുടങ്ങി.............
"ഞാൻ ശ്യാം, മീര എഴുതിക്കൊണ്ടിരിക്കുന്ന പുതിയ നോവിലിലെ നായക കഥാപാത്രം.
" എന്റെ പ്രിയപ്പെട്ട എഴുത്തുകാരി,............."
