Saleena Salaudeen

Others

3  

Saleena Salaudeen

Others

പരിത്യാഗി

പരിത്യാഗി

1 min
115


ജീവിതത്തിന്റെ നല്ലൊരു ഭാഗം സുഖ സൌകര്യത്തിലും ആർഭാടത്തിലും ജീവിച്ച ധനികനായ രത്‌നവ്യാപാരിയായ ചന്ദ്രസേനനും ഭാര്യ ഇന്ദുമതിയും ഇനിയുള്ള ജീവിതം ഈശ്വരചിന്തയില്‍ മുഴുകി ജീവിക്കാന്‍ തീരുമാനിച്ചു. അവര്‍ ലൗകികജീവിതം പരിത്യജിച്ച് തീര്‍ഥാടനത്തിനായി ഇറങ്ങിത്തിരിച്ചു. 


ലോകസുഖങ്ങളെല്ലാം വെടിഞ്ഞ് തികച്ചും ഈശ്വരസ്മരണയില്‍ മുഴുകിയാണ് അവര്‍ ഓരോ ദിവസവും കഴിച്ചു കൂട്ടിയത്. സാധാരണ മനുഷ്യരുടെ ദുരിതങ്ങൾ നേരിട്ടറിഞ്ഞ് അവരുടെ ദുഖങ്ങളിൽ പങ്കു ചെർന്ന് അവർക്ക് ആശ്വാസമായി രണ്ടു പേരും ഈ ലോകം മുഴുവൻ സഞ്ചരിച്ചു.


ഒരു ദിവസം, നടന്നു പോകവേ വഴിയിലൊരിടത്ത് മിന്നിത്തിളങ്ങുന്ന ഒരു വൈരക്കല്ലു കിടക്കുന്നതു ഭര്‍ത്താവു കണ്ടു. അതെങ്ങാനും തന്റെ പിന്നാലെ വരുന്ന ഭാര്യയുടെ കണ്ണില്‍പെട്ടാല്‍ അവള്‍ക്കതില്‍ ആശ ജനിച്ചെങ്കിലോ എന്ന് അദ്ദേഹം സംശയിച്ചു. 


അങ്ങനെ അവള്‍ ത്യാഗജീവിതത്തില്‍ നിന്നു അകന്നു പോയേക്കുമെന്നും അദ്ദേഹം ഭയപ്പെട്ടു. അതിനാല്‍ അയാള്‍ അതിന്റെ മേല്‍ കുറച്ചു മണ്ണു വാരിയിട്ടു. 


ഇതിനകം ഭാര്യ ആ വൈരക്കല്ലു കണ്ടുകഴിഞ്ഞിരുന്നു. അപ്പോഴേയ്‌ക്കും ഭാര്യ അയാളുടെ ഒപ്പമെത്തി, അയാളോട് എന്തു ചെയ്യുകയാണെന്നു ഭാര്യ ചോദിച്ചു. അയാള്‍ക്കു വ്യക്തമായ മറുപടി നല്കാന്‍ കഴിഞ്ഞില്ല. 


ഭര്‍ത്താവിന്റെ ചിന്തകള്‍ ഊഹിച്ചറിയാനും ഭാര്യയ്‌ക്കു പ്രയാസമുണ്ടായില്ല. ഭാര്യ ചോദിച്ചു, മണ്‍കട്ടയും വൈരക്കല്ലും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് ഇപ്പോഴും കരുതുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ ലൗകികജീവിതം പരിത്യജിച്ചത്? 


ആ ചോദ്യത്തിന് മുന്നിൽ അദ്ദേഹത്തിന്റെ ശിരസ്സ് കുനിഞ്ഞു പോയി. യഥാര്‍ത്ഥ ത്യാഗത്തിന്റെയും നിസ്സംഗതയുടെയും പ്രതീകമായിരുന്ന ആ സ്ത്രീരത്‌നത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ ഭാര്യയുമൊത്ത് ദീർഘകാലം ശാന്തിയുടെയും സമാധാനത്തിന്റേയും പാതയിലൂടെ സഞ്ചരിച്ചു.


Rate this content
Log in