STORYMIRROR

Saleena Salaudeen

Children

3  

Saleena Salaudeen

Children

അച്ഛന്റെ സമയം

അച്ഛന്റെ സമയം

6 mins
116

അമ്മേ, അച്ഛൻ എപ്പോഴാണ് വരുന്നത്.

അമ്മേ.... അമ്മേ... 

എന്താടാ... 

അച്ഛൻ എപ്പോൾ എത്തും അമ്മേ?

ഒന്ന് പോടാ, ഞാൻ ഫോൺ വിളിക്കുന്നത് കണ്ടില്ലേ!

അങ്ങേര് തോന്നുമ്പോൾ വരും... 

അച്ഛൻ വരുന്ന സമയം അമ്മയ്ക്ക് അറിയില്ലേ?

അങ്ങേര് രാത്രി എപ്പോഴെങ്കിലും വന്ന് കതകിന്റെ ലോക്ക് തുറന്നു കേറി കിടന്നു ഉറങ്ങും...

നീ പോയി പുസ്തകമെടുത്ത് പഠിക്കാൻ നോക്കെടാ...

ഞാൻ അമ്മയുടെ അടുത്ത് ഇത്തിരി നേരം ഇരുന്നോട്ടെ?

നിന്നോട് എണീറ്റ് പോയി പഠിക്കാനല്ലെ പറഞ്ഞത്. ഞാൻ ഫോൺ വിളിക്കുന്നത് കണ്ടില്ലേ?

ഞാൻ എപ്പോൾ നോക്കിയാലും അമ്മ ഫോണിലാണല്ലോ, എനിക്ക് വിശക്കുന്നു അമ്മേ.

അവിടെ മേശപ്പുറത്ത് ഭക്ഷണം ഉണ്ടാകും , എടുത്ത് കഴിക്ക്...


അവൻ എണീറ്റ് വേലക്കാരി മേരിയമ്മയുടെ അടുത്ത് പോയി ഇന്ന് എന്താ ഭക്ഷണം മേരിയമ്മേ?

കുഞ്ഞിന് ഇഷ്ടമുള്ള ചിക്കൻ നൂഡിൽസ് ഉണ്ടാക്കി വച്ചിട്ടുണ്ട്. 

എനിക്ക് വേണ്ട മേരിയമ്മേ...

ഞാൻ എടുത്തു തരാം കുഞ്ഞേ.

വേണ്ട , ഞാൻ അച്ഛൻ വന്നിട്ടെ കഴിക്കുന്നുള്ളൂ...

അച്ഛൻ എപ്പൊൾ വരുമെന്ന് അറിയില്ല കുഞ്ഞേ…

ഞാൻ കാത്തിരിക്കാം...

അവൻ എണീറ്റ് പോയി വീടിന്റെ പോർച്ചിൽ അച്ഛൻ വരുന്നത് കാത്തിരുന്നൂ.


ടോണീ...ടോണീ... നീ ഇത്ര നേരമായിട്ടും ഉറങ്ങിയില്ലേ?

ഇല്ല, ഇന്ന് അച്ഛൻ വന്നിട്ടെ ഉറങ്ങുന്നുള്ളൂ...

നീ ഭക്ഷണം കഴിച്ചോ?

അച്ഛൻ വന്നിട്ടെ ഭക്ഷണം കഴിക്കുന്നൂള്ളൂ...

എന്നാൽ പിന്നെ നീ ഉറങ്ങാതെ ഭക്ഷണം കഴിക്കാതെ അവിടെ ഇരുന്നോ.... അങ്ങേര് നൈറ്റ് പാർട്ടിയും കഴിഞ്ഞ് മൂക്കറ്റം വലിച്ചു കേറ്റിയിട്ടാണ് വരുന്നത്...

അമ്മ ഭക്ഷണം കഴിച്ചോ?

എനിക്ക് വിശക്കൂമ്പോൾ ഞാൻ കഴിക്കും.

അമ്മ ഫോൺ വിളിച്ചു തീർന്നോ?

നീ എന്തിനാടാ ആവശ്യമില്ലാത്ത കാര്യം ചോദിക്കുന്നത്?

അമ്മ കുറച്ചു നേരം ഇവിടെ ഇരിക്കുമോ?

ഇല്ല, എനിക്ക് ഉറക്കം വരുന്നൂ... 

നീ പോയ് കിടന്നു ഉറങ്ങാൻ നോക്ക്.

എനിക്ക് ഉറക്കം വരുന്നില്ല അമ്മേ!

ശരി, നീ അവിടിരുന്നോ!

ചുമ്മതല്ല, അച്ഛൻ ഇടയ്ക്കിടെ പറയുന്നത് നിന്നെ സ്കൂളിലെ ബോർഡിംഗിൽ ആക്കിയാലേ പഠിക്കുകയുള്ളൂവെന്ന്...


എന്നെ ബോർഡിംഗിൽ ആക്കല്ലെ അമ്മെ, എനിക്ക് എന്നും അമ്മയേയും അച്ഛനേയും കാണണം...


മേരിയമ്മ എന്തിനാ എനിക്ക് കൂട്ടിരിക്കുന്നത്? പോയി ഉറങ്ങിക്കോള്ളൂ...

കുഞ്ഞ് ഇവിടെ ഒറ്റയ്ക്കിരിക്കുമ്പോൾ എനിക്ക് ഉറങ്ങാൻ പറ്റില്ല, അകത്തേക്ക് കയറി ഇരുന്നാൽ മേരിയമ്മ പോകാം.

എന്റെ അമ്മയ്ക്കും അച്ഛനും ഇല്ലാത്ത സ്നേഹം മേരിയമ്മക്ക് എങ്ങനെയുണ്ടായി?


കുഞ്ഞിന് എന്തു പറ്റി?

ഇന്ന് അച്ഛൻ വന്നിട്ട് ഭക്ഷണം കഴിക്കാൻ എന്താ കാരണം കുഞ്ഞേ?


എന്റെ കൂട്ടുകാരൻ ആഷിഖ് എന്നും അവന്റെ വാപ്പയോടൊപ്പമാണ് ഭക്ഷണം കഴിക്കുന്നത്, സിനിമയ്ക്ക് പോകുന്നത്, അവന് ഇഷ്ടമുള്ള ഭക്ഷണം കടയിൽ കൊണ്ടു പോയി വാങ്ങിച്ചു കൊടുക്കുന്നത്, ബൈക്കിൽ കറങ്ങാൻ കൊണ്ടു പോകുന്നത്. അവന്റെ ഉമ്മ ഭക്ഷണം ഉണ്ടാക്കി അവന്റെ പിറകെ നടന്നു വായിൽ വെച്ചു കൊടുക്കുന്നത്, ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് സങ്കടമാകും...

അവന്റെ വാപ്പ വാങ്ങി കൊടുത്ത സൈക്കിളിലാണ് അവൻ എന്നും സ്കൂളിൽ വരുന്നത്... 

എന്തു രസമായിരിക്കും അല്ലേ മേരിയമ്മേ?


അത് പിന്നെ കുഞ്ഞേ, കുഞ്ഞിന്റെ അച്ഛൻ വലിയ ആളല്ലിയോ? സമയം കിട്ടണ്ടേ കുഞ്ഞേ.... 


കുഞ്ഞിന്റെ അച്ഛന്റെ കാശൊന്നും ആഷിഖിന്റെ ബാപ്പയ്ക്കില്ലല്ലോ? വലിയ കാറിൽ അല്ലിയൊ കുഞ്ഞിനെ സ്കൂളിൽ ഡ്രൈവർ കൊണ്ട് പോകുന്നത്?


എനിക്കൊന്നും കേൾക്കണ്ട, മേരിയമ്മ പോയി ഉറങ്ങിക്കോ....


അവിടെ ഇരുന്ന് ഉറങ്ങി പോയ ടോണി, രാത്രി എപ്പോഴൊ, കാറിന്റെ ശബ്ദം കേട്ട് ഉണർന്നു.

റിമോട്ട് കൊണ്ട് ഗേറ്റ് തുറന്ന് ടോണിയുടെ അച്ഛന്റെ ബെൻസ് കാർ അകത്തേക്ക് കയറി വന്നു.


ടോണീ, നീ എന്താ ഇവിടെ ഇരിക്കുന്നത്?

ഉറങ്ങാൻ സമയമായില്ലേ?


അച്ഛന്റെ ചോദ്യത്തിന് ഉത്തരം പറയാതെ, അച്ഛനോട് മകൻ ചോദിച്ചു, അച്ഛാ , ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ?

അച്ഛൻ പറഞ്ഞു, ചോദിച്ചോളൂ മകനെ, നിനക്ക് എന്താണ് അറിയേണ്ടത്?


മകൻ ചോദിച്ചു, അച്ഛന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും?

ഇത് കേട്ട അച്ഛന് ദേഷ്യം വന്നു. അദ്ദേഹം മകനോട് പറഞ്ഞു, അത് നീ അന്വേഷിക്കേണ്ട കാര്യം അല്ല.

നീ എന്തിനാണ് ഇത്തരം കാര്യങ്ങൾ ഒക്കെ അറിയുന്നത്!


മകൻ പറഞ്ഞു , എനിക്ക് അറിയണം, പറയു അച്ഛാ, ഒരു മണിക്കൂർ ജോലി ചെയ്താൽ അച്ഛന് എത്ര രൂപ കിട്ടും...

അച്ഛൻ പറഞ്ഞു, എനിക്ക് ഒരു മണിക്കൂറിൽ 500 രൂപ കിട്ടും.


ഓഹ്.... ആ മകന്റെ തല താഴ്ന്നു. പിന്നീട് അവൻ തല ഉയർത്തി വീണ്ടും അച്ഛനോട് ചോദിച്ചു. 

അച്ഛാ, എനിക്ക് ഒരു 300 രൂപ കടം തരുമോ?

അപ്പോൾ അച്ഛന്റെ ദേഷ്യം വർദ്ധിച്ചു. എനിക്ക് തോന്നി നീ ഒരു മണിക്കൂറിൽ എത്ര രൂപ കിട്ടും എന്ന് ചോദിച്ചത്, നിനക്ക് കാശ് വാങ്ങി കളിക്കാനായിരുന്നോ?


പോയി നിന്റെ മുറിയിൽ കിടന്നു ഉറങ്ങൂ, നീ ഇത്ര സ്വാർത്ഥനാകാൻ പാടില്ല, ഞാൻ എല്ലാ ദിവസവും കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് നീ കാണുന്നില്ലേ, ഇത്തരം അനാവശ്യ കാര്യങ്ങൾ ചോദിച്ച് മേലിൽ എന്റെ സമയം പാഴാക്കരുത്.


അച്ഛന്റെ ദേഷ്യം കണ്ടപ്പോൾ അവൻ സങ്കടപ്പെട്ടു തന്റെ മുറിയിൽ ചെന്ന് വാതിലടച്ചു കിടന്നു.

അവന്റെ അച്ഛൻ ദേഷ്യപ്പെട്ട് അവിടെ ഇരുന്നു കൊണ്ട് ചിന്തിച്ചു, ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ അവന് എങ്ങനെ ധൈര്യം വന്നൂ?

എന്റെ കാശ് കൈക്കലാക്കാൻ അവനു എങ്ങനെ കഴിയുന്നു!

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛന്റെ ദേഷ്യമെല്ലാം മാറി ശാന്തമായപ്പോൾ അദ്ദേഹം ചിന്തിച്ചു, ചിലപ്പോൾ എന്തെങ്കിലും അത്യാവവശ്യങ്ങൾക്ക് വേണ്ടി ആയിരിക്കുമോ!

മകൻ 300 രൂപ കടം ചോദിച്ചത്, ഈ അടുത്തൊന്നും അവൻ കാശ് ആവശ്യപ്പെട്ടിട്ടില്ല....

അച്ഛൻ മെല്ലെ മകന്റെ മുറിയുടെ കതകു തുറന്നു അകത്തു കടന്നു ചെന്നു ചോദിച്ചു, 

നീ ഉറങ്ങുകയാണോ മോനേ?

മകൻ പറഞ്ഞു, അല്ല അച്ഛാ, ഞാൻ ഉണർന്നു കിടക്കുവാണ്.


ഞാൻ കുറച്ചു ദേഷ്യപ്പെട്ടാണ് മോനോട് പെരുമാറിയത്, ഇതാ നീ ചോദിച്ച 300 രൂപ. അപ്പോൾ ആ മകൻ സന്തോഷത്തോടെ എഴുന്നേറ്റു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, 

''നന്ദി അച്ഛാ''.

തുടർന്ന് അവൻ തന്റെ തലയിണക്കിടയിൽ നിന്ന് കുറച്ചു ചുരുട്ടി വെച്ചിരുന്ന കാശ് കൂടി എടുത്തു. 

ഇത് കണ്ടതോടെ അച്ഛൻ വീണ്ടും ദേഷ്യപ്പെട്ടു, പക്ഷേ ആ മകൻ തന്റെ കൈയിൽ ചുരുട്ടി വെച്ചിരുന്ന കാശിന്റെ കൂടെ അച്ഛൻ കൊടുത്ത 300 രൂപ കൂടി വെച്ച് എണ്ണി നോക്കി. എന്നിട്ടു അച്ഛനെ നോക്കി. അപ്പോൾ അച്ഛന് വീണ്ടും ദേഷ്യം വന്നു. 


ആഹാ , നിന്റെ കൈയിൽ വേറെ പണം ഉണ്ടായിരുന്നെല്ലേ, പിന്നെ എന്തിനാണ് എന്റെ കൈയിൽ നിന്ന് പണം വാങ്ങിയതെന്ന് ദേഷ്യത്തോടെ ചോദിച്ചു?


മകൻ പറഞ്ഞു, എന്റെ കൈയിൽ ഉള്ളത് തികയില്ലായിരുന്നു അച്ഛാ, ഇപ്പോൾ തികഞ്ഞു. തുടർന്ന് ആ മകൻ പറഞ്ഞു, അച്ഛാ ഇപ്പോൾ എന്റെ കൈയിൽ 500 രൂപ ഉണ്ട്. 

ഞാൻ ഇത് മുഴുവനും അച്ഛന് തരാം. പകരം അച്ഛന്റെ ഒരു മണിക്കൂർ സമയം എനിക്ക് തരുമോ?

നാളെ നേരത്തെ വന്നു എന്നോടൊപ്പം കുറച്ചു സമയം ചെലവഴിക്കുമോ? രാത്രിയിൽ എന്റെ കൂടെ ഭക്ഷണം കഴിക്കുമോ? 


ഇത് കേട്ട ആ അച്ഛൻ സ്തംഭിച്ചു നിന്നുപോയി.

പരുഷ സ്വഭാവിയും ദേഷ്യക്കാരനുമായ ആ അച്ഛന്റെ കണ്ണ് നിറഞ്ഞു. 

മോനേ...

അച്ഛൻ മോനെ കെട്ടി പിടിച്ചു കരഞ്ഞു...


അച്ഛനറിയോ, എന്റെ കൂട്ടുകാരെല്ലാം അവരുടെ അച്ഛന്റെ കൂടെ കറങ്ങാൻ പോകുന്നതും ഭക്ഷണം കഴിക്കാൻ പോകുന്നതും എല്ലാം പറയുമ്പോൾ എനിക്ക് എന്തോരം സങ്കടമായിട്ടുണ്ടെന്നോ!


അവർക്കൊന്നും അച്ഛന്റെയത്ര പണമൊന്നുമില്ല, എങ്കിലും അവരെല്ലാം ഭയങ്കര സന്തോഷത്തിൽ ഓരോന്ന് പറയുമ്പോൾ ഞാൻ എന്തോരം വേദനിച്ചിട്ടുണ്ടെന്ന് അച്ഛനറിയോ!


സങ്കടപ്പെടണ്ട മോനേ.... ഇനി മുതൽ എന്നും അച്ഛൻ നേരത്തെ വരാം , നമുക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാം... 


എനിക്ക് കടൽ കാണാനും പോകണം അച്ഛാ, പിന്നെ ആഷിഖ് പറഞ്ഞു അവൻ കടപ്പുറത്ത് കൂടി കുതിരപ്പുറത്ത് കയറി പോയീന്ന്. എന്നേയും കൊണ്ടു പോകുമൊ അച്ഛാ..


നമുക്ക് പോകാം മോനേ...

ഇന്ന് എനിക്ക് അച്ഛനെ കെട്ടിപ്പിടിച്ച് ഉറങ്ങണം...


അന്ന് അവൻ അച്ഛനെ കെട്ടിപ്പിടിച്ചു സമാധാനമായി കിടന്നുറങ്ങി..


പണമുണ്ടാക്കാനുള്ള തിരക്കിനിടയിൽ കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താത്ത അച്ഛന്റെ കണ്ണ് തുറപ്പിച്ച മകനെ ആ അച്ഛൻ അഭിമാനത്തോടെ ചേർത്ത് പിടിച്ചു.


Rate this content
Log in

Similar malayalam story from Children