STORYMIRROR

" വിരുതൻ "

Children Stories Drama Fantasy

4  

" വിരുതൻ "

Children Stories Drama Fantasy

കുഴപ്പം പിടിച്ച മുട്ട

കുഴപ്പം പിടിച്ച മുട്ട

2 mins
8

വളരെ വളരെ പണ്ട് നടന്ന കഥയാണ്.മനുഷ്യർ കാട്ടിൽ കുടിലുകൾ കെട്ടി താമസിച്ചും മൃഗങ്ങളെ വേട്ടയാടി ഭക്ഷണമാക്കി ജീവിച്ചിരുന്ന കാലം. കറുമ്പനും ചെമ്പനും കൂട്ടുകാരും ഒരു വെള്ളച്ചാട്ടത്തിന് അടുത്ത് പുൽ കുടിലുകളിൽ താമസിച്ചു പോന്നു.കറുമ്പനും ചെമ്പനും മൃഗങ്ങളെ വേട്ടയാടാൻ പോകുമ്പോൾ അവരുടെ ഭാര്യമാരായ മൗനിയും മോനിയും അവരുടെ കുടിലുകളിൽ കുട്ടികളെ നോക്കിയും ഒഴിവ് സമയങ്ങളിൽ നൃത്തം ചെയ്തും കഴിഞ്ഞു .അവരുടെ എല്ലാം മൂപ്പനായിരുന്നു ചാമുണ്ടൻ എന്ന മന്ത്രവാദി. അവിടെയുള്ള എല്ലാ മനുഷ്യരുടെയും പരാതികൾക്ക് ചാമുണ്ടൻ തീർപ്പ് പറഞ്ഞിരുന്നു.ചാമുണ്ടൻ മന്ത്രവാദി ആയതു കൊണ്ട് എല്ലാവർക്കും അദ്ദേഹത്തെ ഭയമായിരുന്നു.ആർക്കും പല്ലിയും തവളയുമായി ജീവിക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ട് അവർ ചാമുണ്ടൻ പറഞ്ഞിരുന്നതെല്ലാം അക്ഷരം പ്രതി അനുസരിച്ചിരുന്നു.


അന്നൊരു ഞായറാഴ്ച്ചയായിരുന്നു.ചാമുണ്ടന്റെ ആജ്ഞപ്രകാരം കറുമ്പനും ചെമ്പനും കൂട്ടുകാരും തങ്ങളുടെ ചുറ്റു വട്ടമുള്ള കാടുകൾ വെട്ടി തെളിക്കുകയായിരുന്നു.കാടു വെട്ടി തെളിക്കുന്നതിനിടെ കറുമ്പൻ എന്തോ കണ്ട് തന്റെ കൂട്ടുകാരെ ഉറക്കെ വിളിച്ചു.അവരെല്ലാവരും കറുമ്പന്റെ അടുത്തേക്ക് ഓടിച്ചെന്നു. അവിടെ കണ്ട കാഴ്ച്ച കണ്ട് എല്ലാവരും അമ്പരന്ന് മൂക്കത്ത് വിരൽ വെച്ചു.


അണ്ടാകൃതിയിൽ കാണപ്പെട്ട മിനുസമുള്ള തിളങ്ങുന്ന ഒരു സാധനമായിരുന്നു അത്.അവർ ആരും അതു പോലൊന്ന് മുൻപ് ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. നമുക്കിത് നമ്മുടെ മൂപ്പൻ ചാമുണ്ടനെ കാണിക്കാം...., ഇതെന്താണെന്ന് മൂപ്പനറിയാമായിരിക്കും!!, കറുമ്പൻ പറഞ്ഞു .അവരെല്ലാവരും കറുമ്പൻ പറഞ്ഞതിനോട് യോജിച്ചു.സമയം ഒട്ടും പാഴാക്കാതെ എല്ലാവരും കൂടെ അവർ കണ്ടെത്തിയ അത്ഭുത സാധനം എടുത്തു കൊണ്ട് മൂപ്പന്റെ കുടിലിലേക്ക് നടന്നു.


മൂപ്പോ!! മൂപ്പോ!!, അവർ എല്ലാവരും ഉറക്കെ വിളിച്ചു.തന്റെ കുടിലിനകത്ത് ഉച്ചയുറക്കത്തിലായിരുന്ന ചാമുണ്ടൻ പുറത്തെ ബഹളം കേട്ട് കണ്ണ് തിരുമ്മി കുടിലിന് പുറത്തേക്ക്‌ വന്നു.കറുമ്പനും കൂട്ടുകാരും കൊണ്ടു വന്ന സാധനം കണ്ട് ചാമുണ്ടനും അമ്പരന്നു.ഇതെന്ത് സാധനം?!, ചാമുണ്ടനും അതെന്താണെന്ന് മനസ്സിലായില്ല.


എല്ലാവരും ചാമുണ്ടന്റെ അഭിപ്രായത്തിനായി കാത്തു നിൽക്കുമ്പോൾ അയാൾ ആ അത്ഭുത വസ്തുവിന് നേർക്ക് നടന്നു.തന്റെ കയ്യിലുണ്ടായിരുന്ന കരിക്കട്ട കൊണ്ട് ചാമുണ്ടൻ ആ സാധനത്തിന് കണ്ണും മൂക്കും പുരികവും വായയുമെല്ലാം വരച്ച് അതിനെ ജീവൻ ഉള്ളത് പോലെയാക്കി.ഇന്ന് മുതൽ ഈ അത്ഭുത വസ്തുവാണ് നമ്മുടെ ദൈവം, ചാമുണ്ടൻ അതിന് മുൻപിൽ തൊഴുത് വണങ്ങിക്കൊണ്ട് എല്ലാവരോടുമായി പറഞ്ഞു.എന്തൊക്കെയോ മന്ത്രങ്ങൾ പറഞ്ഞു കൊണ്ട് ചാമുണ്ടൻ തന്റെ കഴുത്തിൽ കിടന്നിരുന്ന പൂമാല ദൈവത്തിന് ഇട്ട് കൊടുത്തു.കറുമ്പനും കൂട്ടുകാരും ദൈവത്തിനെ തൊഴുത് മാറി നിന്നു.മൗനിയും മോനിയും കുട്ടികളും ദൈവത്തിനായി തേനും പഴങ്ങളും കുട്ടകളിൽ ചുമന്ന് കൊണ്ടു വന്നു.എല്ലാവരും ആഹ്ലാദത്തോടെ ദൈവത്തിന് ചുറ്റും നൃത്തം വെക്കുവാൻ തുടങ്ങി.അവരുടെ സന്തോഷത്തിന് അൽപ്പായുസ്സെ ഉണ്ടായിരുന്നുള്ളു.ഭൂമി കുലുക്കുന്ന അലർച്ച കേട്ട് ചാമുണ്ടൻ അടക്കം എല്ലാവരും ഞെട്ടി.


അവരുടെ പുൽ കുടിലുകളെല്ലാം ചവിട്ടി മെതീച്ച് അങ്ങോട്ടേക്ക് എത്തിയ ഭീകര ജീവിയെ കണ്ട് എല്ലാവരും ചിതറിയോടി.അതൊരു ദിനോസറായിരുന്നു.അവരുടെ ദൈവം അതിന്റെ മുട്ടയും.ദിനോസർ തന്റെ മുട്ടയും കയ്യിലെടുത്ത് കാട്ടിലേക്ക് ഓടി മറഞ്ഞു.


ദിനോസർ പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം അങ്ങോട്ടേക്ക് വന്ന കറുമ്പനും ചെമ്പനും മൗനിയും മോനിയും കൂട്ടുകാരും ദിനോസർ തകർത്ത തങ്ങളുടെ കുടിലുകളുടെയടുത്ത് തലയിൽ കയ്യും വെച്ച് കരഞ്ഞിരുന്നു.തന്റെ മണ്ടത്തരം വരുത്തി വെച്ച വിനയോർത്ത് ചാമുണ്ടൻ ഇളിഭ്യനായി നിന്നു.


           < അവസാനിച്ചു >


     


Rate this content
Log in