കുട്ടപ്പായിയുടെ തലവര
കുട്ടപ്പായിയുടെ തലവര
തലവര തെളിയാഞ്ഞ് കുട്ടപ്പായി പാടത്ത് ചൂണ്ടയിടാൻ പോയി.
പത്താം ക്ലാസ് ഫലം വന്നപ്പോൾ കുട്ടപ്പായി ഭംഗിയായി തോറ്റിരുന്നു.
കൂരയുടെ ചുവരിൽ ചാരിയിരുന്ന് മുറുക്കിയൊലിപ്പിക്കുന്ന നാണിത്തള്ളയുടെ പ്രാക്ക് കേട്ട് മടുത്താണ് കുട്ടപ്പായി വൈകുന്നേരം വൈകിയിട്ടും ചൂണ്ടായെടുത്ത് കൂരക്ക് പുറത്തിറങ്ങിയത്.
"തലവര വേണമെടാ!" — പാടത്തേക്ക് നടക്കുമ്പോൾ നാണിത്തള്ള, ചുണ്ട് ചോരചുവപ്പിച്ച് വരാന്തയിൽ നിന്ന് മുറ്റത്തേക്ക് കാർക്കിച്ച് തുപ്പി ഉറക്കെ പറഞ്ഞു.
നീലാകാശം കണ്ട് പാടവരമ്പത്തൂടെ തോട്ടിലേക്ക് നടക്കുമ്പോൾ കുട്ടപ്പായിയുടെ മനസ്സിൽ നീലാകാശവും ചെളിയുള്ള പാടവും ചൂണ്ടയും തോടും മാത്രമേ ഉണ്ടായിരുന്നുള്ളൂ — ദുൽക്കർ സൽമാന്റെ ആ പടത്തിലെപ്പോലെ.
ഇരയില്ലാതെ ചൂണ്ടയിടാൻ പുറപ്പെട്ട ലോകത്തിലെ ആദ്യത്തെ വിദ്വാൻ താനായിരിക്കുമെന്ന് കുട്ടപ്പായി വെറുതെ ആലോചിച്ചു.
കാറ്റിനോടും മലരിനോടും സങ്കടം പറഞ്ഞ് കുട്ടപ്പായി ചൂണ്ടയും തൂക്കി തോട്ടിനടുത്തേക്ക് നടന്നു.
തോട്ടിൻകരയിലെ കൂർമ്പൻ പുല്ലുകൾ നഗ്നപാദനായ കുട്ടപ്പായിയെ കുത്തി നോവിച്ചു.
"ഇനിയുമെന്ത് നോവ്!" എന്ന ഭാവത്തോടെ കുട്ടപ്പായി ചൂണ്ട അരികിൽ വെച്ച് തിട്ടയിൽ നിന്നും തോട്ടിൻ വെള്ളത്തിലേക്ക് കാലിട്ടിരുന്നു.
തോട്ടിലെ വെള്ളപ്പരപ്പിൽ ചിന്താധീനരായി നീന്തുന്ന മാനത്ത് കണ്ണികളും സ്‌കൂളിലെ ഉച്ചക്കഞ്ഞിയുടെ മണമുള്ള കാകനും കുട്ടപ്പായിയുടെ ദുഃഖം കണ്ടില്ലെന്ന് നടിച്ച് പറന്നകന്നു.
പത്താം ക്ലാസിൽ എത്തിയപ്പോൾ തലവര തെളിഞ്ഞതുകൊണ്ടാകുമോ, സ്കൂളിലെ പൊട്ടി ,സുമ പോലും ജസ്റ്റ് പാസായത്.
കാറ്റിൽ അനങ്ങുന്ന വെള്ളത്തിലേക്ക് നോക്കിയിരുന്ന് കുട്ടപ്പായി ചിന്താധീനനായി.
"എസ്എസ്എൽസി ജീവിതത്തിലേക്കുള്ള ചൂണ്ട് പലകയാണെന്ന്" ചെവികൾ മുഴുവൻ നീളൻ രോമങ്ങളുള്ള കരടി മാഷ് പറഞ്ഞപ്പോൾ, ക്ലാസിൽ ഇരുന്നിരുന്ന എല്ലാ കുട്ടികളെയും പോലെ താനും അന്ധാളിച്ചിരുന്നത് കുട്ടപ്പായി ഓർത്തു.
അന്നെല്ലാവരുടെയും മുഖത്ത് എന്തൊക്കെയോ ചെയ്തു മറിക്കാനുള്ള ഭാവമായിരുന്നു.
"നിങ്ങൾക്ക് വ്യക്തിത്വമുണ്ടോ?" എന്ന കരടിയുടെ ചോദ്യത്തിന് മുന്നിൽ താൻ മാത്രമായിരിക്കുമോ പകച്ചിരുന്നത് എന്ന ചിന്തയും കുട്ടപ്പായിയെ വ്യാകുലപ്പെടുത്തി.
തന്റെ ജീവിതത്തിന്റെ ചൂണ്ട് പലക എന്നെന്നേക്കുമായി ഇളകി താഴെ വീണതുപോലെ കുട്ടപ്പായിക്ക് തോന്നി.
വൈകീട്ട് കൂലിപ്പണി കഴിഞ്ഞ് വരുന്ന താതന്റെയും താതിയുടെയും മുന്നിൽ താൻ എങ്ങനെ പിടിച്ച് നിൽക്കും?
പരാജയത്തിൽ നിന്നും പരാജയത്തിലേക്കുള്ള തങ്ങളുടെ മകന്റെ മുന്നേറ്റം വീണ്ടും അവരുടെ കണ്ണ് നനയിക്കും.
"എന്തിരനെടാ, നീയ് തോറ്റത്?" — എന്ന ഉത്തരം കിട്ടാത്ത അമ്മച്ചിയുടെ നിലവിളിക്ക് മുന്നിൽ ഒരിക്കൽക്കൂടി തനിക്ക് സ്തംഭിച്ച് നിൽക്കേണ്ടതായി വരും.
പൊതുവെ ശാന്തനായ അച്ഛൻ പല്ലിറൂമ്മി പഞ്ചായത്ത് ഷാപ്പിലേക്ക് വേഗത്തിൽ നടക്കുമായിരിക്കും. അതോ, ഇപ്രാവശ്യം അച്ഛൻ തനിക്ക് നേരെ പൊട്ടിത്തെറിക്കുമോ?
ഉത്തരം കിട്ടാത്ത പ്രഹേളികൾക്ക് മുന്നിൽ സ്തബ്ധനായി തോട്ടിലെ ഓളപ്പരപ്പിലേക്ക് നോക്കി കുട്ടപ്പായി നിന്നു.
രണ്ടാമതൊന്ന് ആലോചിക്കാതെ കുട്ടപ്പായി തോട്ടിലേക്കെടുത്തു ചാടി.
അടിത്തട്ടിലെ തണുത്തുറഞ്ഞ ചെളിയിൽ കാൽമുട്ടുംവരെ കുട്ടപ്പായി തോടിന്റെ അഗാധതയിലേക്ക് ഊളിയിട്ടു.
അവന്റെ ചടുലമായ ചലനങ്ങളെ ഭയന്ന് മീനുകൾ ഓടിയൊളിച്ചു.
അൽപനേരം ശ്വാസം പിടിച്ച് വെള്ളത്തിനടിയിൽ മുങ്ങിയിരുന്ന അവൻ, വെപ്രാളത്തോടെ വെള്ളപ്പരപ്പിലേക്ക് അതിവേഗം നീന്തി.
വെള്ളത്തിന് മുകളിൽ തല ഉയർത്തി ശ്വാസം എടുത്ത് കുട്ടപ്പായി മൺതിട്ടയിലേക്ക് ചാടിക്കയറി.
"ഇതിൽ കൂടുതൽ ഇനിയെന്ത് തോൽക്കാനാണ്?"
ചൂണ്ട കയ്യിലെടുത്ത്, നനഞ്ഞൊട്ടിയ വസ്ത്രങ്ങളിൽ വിറച്ചു കൊണ്ട് കുട്ടപ്പായി വീട്ടിലേക്ക് നടന്നു.
< അവസാനിച്ചു >
