കാറ്റ്
കാറ്റ്
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഗ്രാമത്തിൽ കാറ്റ് വീശിയടിച്ചു.കാറ്റിൽ അകപ്പെട്ട പലരെയും കാണാതായി എന്ന വാർത്ത ഗ്രാമവാസികളെ ഭയവിഹ്വലരാക്കി.അവർ കതകുകളെല്ലാം അടച്ച് വീടുകളിൽ തന്നെ ഒതുങ്ങിക്കൂടി.പാതിരാത്രിയിലും കാറ്റിന് ശമനമില്ല.ശക്തമായ കാറ്റിൽ പറന്ന് വന്ന മരച്ചില്ലകൾ വീടുകളുടെ മര വാതിലുകളിലും ജനാലകളിലും പ്രേതങ്ങളെപ്പോലെ തട്ടി വിളിച്ചു .ഭയാനക ശബ്ദങ്ങൾ കേട്ട് കുട്ടികൾ ഉറക്കത്തിൽ നിന്നുണർന്ന് പേടിച്ച് നിലവിളിച്ചു. അസാധാരണമായ കാറ്റ്, വരാൻ പോകുന്ന വലിയ വിപത്തിൻ്റെ സൂചനയാണെന്ന് കാരണവന്മാർ പറഞ്ഞു വെച്ചു. കാറ്റല്ലേ , ഇന്നല്ലെങ്കിൽ നാളെ നിൽക്കും, അവരുടെ മക്കൾ വയസ്സൻമാരുടെ ജല്പനങ്ങൾ പുച്ഛിച്ച് തള്ളി. കാറ്റ് നിന്നില്ല. നാളെയും, മറ്റന്നാളും ഒരാഴ്ച്ച കഴിഞ്ഞിട്ടും. എന്തായിരിക്കും കാറ്റ് നിലയ്ക്കാത്തത്? തണുത്തു വിറച്ച് നെരിപ്പോടിനരികെ ഇരുന്ന് തീ കായുമ്പോൾ ഗ്രാമവാസികളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു. ആരും ഒന്നും മിണ്ടിയില്ല, കാറ്റിൻ്റെ രഹസ്യം അറിയാതെ അവർ പരസ്പരം നോക്കിയിരുന്നു. കാറ്റിന് ഒരേ ദുർഗന്ധം. വീടിന് പുറത്തിറങ്ങാതെ എങ്ങിനെ ജീവിതം മുന്നോട്ട് പോകും... ഗ്രാമത്തലവൻ കാറ്റിൻ്റെ രഹസ്യം കണ്ടെത്താൻ വീടിന് പുറത്തിറങ്ങി.തനിക്ക് നേരെ വീശിയടിക്കുന്ന കാറ്റിൽ അയാൾ പറന്ന് പോകുമെന്ന് ഭയപ്പെട്ടു.നിലത്ത് കൂടെ ഇഴഞ്ഞും മരക്കുറ്റികളിൽ പിടിച്ചും കാറ്റിനെ വക വെയ്ക്കാതെ ഗ്രാമത്തലവൻ മുന്നോട്ട് തന്നെ പോയിക്കൊണ്ടിരുന്നു. കാറ്റിൻ്റെ ഉറവിടം കണ്ടെത്തണം അതായിരുന്നു അയാളുടെ മനസ്സിൽ . തൻ്റെ ഗ്രാമം ബുദ്ധിമുട്ടിൽ ഇരിക്കുമ്പോൾ ഒന്നും ചെയ്യാതെ വീട്ടിൽ ഒളിച്ചിരിക്കുന്നത് ഭീരുത്വമാണെന്ന് ഗ്രാമത്തലവന് തോന്നി തുടങ്ങിയിരുന്നു . ശക്തമായ കാറ്റിനെ മറി കടന്ന് നടന്ന അയാൾ ഗ്രാമത്തിൻ്റെ അതിർത്തിയിലെത്തി കിതച്ച് നിന്നു. തൻ്റെ ഗ്രാമത്തിന് നേരെ വീശിയടിക്കുന്ന കാറ്റിൻ്റെ ഉത്ഭവം കണ്ട അയാൾ അക്ഷരാർത്ഥത്തിൽ ഞെട്ടി വിറച്ച് അടി തെറ്റി നിലത്തേക്ക് വീണു. സ്ത്രീകളുടെ മുടി പോലെ വളരെ നീളമുള്ള എന്തോ ഒന്ന് അന്തരീക്ഷത്തിൽ തങ്ങി നിന്ന് ചുഴറ്റി വീശിക്കൊണ്ടിരിക്കുന്നു. അതിൻ്റെ ഓരോ മുടിയിഴകളിലും ഗ്രാമത്തിൽ നിന്ന് കാണാതായ മനുഷ്യരുടെ ജഡങ്ങൾ കുരുങ്ങിക്കിടക്കുന്ന ഭയാനകമായ കാഴ്ച്ച. അതിൽ തൻ്റെ കൂട്ടുകാരും ഉണ്ടെന്ന് ഉൾക്കിടിലത്തോടെ ഗ്രാമത്തലവൻ തിരിച്ചറിഞ്ഞു. മുടിയിഴകൾ വീശുമ്പോൾ മനുഷ്യരുടെ ജഡങ്ങളും ഉയർന്ന് പൊങ്ങുന്നു. ദുർഗന്ധം കാരണം ഗ്രാമത്തലവൻ രണ്ട് കൈകൾ കൊണ്ടും തൻ്റെ മൂക്ക് പൊത്തിപ്പിടിച്ചു. ഇതൊരു ശാപമാണോ? അതോ ഭീകരനായ ഒരു ജീവിയോ?, മൂടിക്കെട്ടിയ ആകാശത്തിൻ്റെ ചുവട്ടിൽ മണ്ണിൽ പതിഞ്ഞു കിടന്ന് അയാൾ അദ്ഭുതത്തോടെയും ആകാംക്ഷയോടെയും കൂടെ അതിനെ വീക്ഷിച്ചു. അയാളെ വീണ്ടും ഞെട്ടിച്ച് ,വീശിയടിക്കുന്ന മുടിയിഴകളെ വകഞ്ഞ് മാറ്റി തല മുണ്ഡനം ചെയ്ത ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. പേടിച്ചരണ്ട് നിലത്ത് കിടന്നിരുന്ന അയാളുടെ മുന്നിൽ അവൾ ഇറങ്ങി നിന്നു. തൻ്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയെ ഭയപ്പാടോടും ആശങ്കയോടും കൂടെ അയാൾ നോക്കി കിടക്കെ, തീ പൊള്ളൽ ഏറ്റ് വികൃതമായ അവളുടെ ചുണ്ടുകൾ ചലിച്ചു. എന്നെ മനസ്സിലായോ ധർമൻ? അവൾ ചോദിച്ചു. നിലത്ത് കിടന്നിരുന്ന അയാളെ നോക്കി ചിരിക്കുന്നതിനിടയിൽ പുറത്തേക്ക് തള്ളി വന്ന പല്ലുകൾ അവളുടെ ചിരിയെ വികൃതമാക്കി. നീ... നീ, അയാൾ പേടിച്ചരണ്ട് മണ്ണിൽ കൈ കുത്തി പുറകിലേക്ക് നിരങ്ങി നീങ്ങി. നിന്നെ..നിന്നെ ഞങ്ങൾ കത്തിച്ച് ചാമ്പലാക്കിയതല്ലേ?!, നീ ചത്ത് വെണ്ണീറായതല്ലേ?!!, തൻ്റെ വിറയ്ക്കുന്ന ചൂണ്ട് വിരൽ അവൾക്ക് നേരെ ചൂണ്ടി അയാൾ വിക്കി വിക്കി ചോദിച്ചു. അതെ! നിങ്ങളും നിങ്ങളുടെ കൂട്ടുകാരും ഗ്രാമവാസികളും ചേർന്ന് മന്ത്രവാദം ആരോപിച്ച്, നെറ്റിയിൽ ചാപ്പ കുത്തി ജീവനോടെ തീയിലിട്ട് ചുട്ടു കൊന്ന ശാരദ. തീയിൽ വെന്ത അവളുടെ സുന്ദരമായ പാതി മുഖത്തെ നീല ഞരമ്പുകൾ കോപത്താൽ തടിച്ചു. കാലത്തിൻ്റെ കുത്തൊഴുക്കിൽ വിസ്മൃതിയിൽ ആണ്ട് പോയ ആ സംഭവം ധർമൻ ഓർത്തെടുത്തു. അമ്മേ ഇന്ന് ഉത്സവമല്ലേ ..., നമുക്ക് ശാരദയെയും കൂടെ കൂട്ടാം, മുന്നി ചോദിച്ചു. യുവത്വത്തിൽ ജ്വലിച്ച് തൻ്റെ മുന്നിൽ നിൽക്കുന്ന വെള്ള സാരിയുടുത്ത കൂട്ടുകാരിയെ അവൾ സ്നേഹത്തോടെ നോക്കി. ശാരദയുടെ മുഖത്ത് ആഹ്ലാദത്തിൻ്റെ അരുണിമ പടർന്നു. അതൊന്നും വേണ്ട മുന്നി..., ഭർത്താവ് നഷ്ടപ്പെട്ട വിധവയ്ക്ക് ഉള്ളതല്ല ഉത്സവങ്ങളും ആഘോഷങ്ങളും. ശാരദയുടെ മുഖം ദുഃഖ ഭാരത്താൽ കുനിഞ്ഞു. പക്ഷെ അമ്മേ...., കൂട്ടുകാരിയുടെ മുഖത്തെ വിഷമം കണ്ട് മുന്നിയുടെ കണ്ണ് നിറഞ്ഞ് തുളുമ്പി. ഒരു പക്ഷേയും ഇല്ല , വരുന്നുണ്ടോ നീ?, മുന്നിയുടെ അമ്മ അവരുടെ വീട്ടിലേക്ക് വേഗത്തിൽ നടന്നു. ഞാൻ പോകട്ടെ ശാരദാ..., മുന്നി പിറുപിറുത്ത് അമ്മയുടെ പുറകെ നടന്നു. ഉം... ...മുന്നി ...മുന്നി , നീയിന്ന് ഉത്സവത്തിന് പോകരുത് ...മുന്നിയുടെ പുറകിൽ നിന്ന് ഉറക്കെ വിളിച്ചു പറയുന്നതിനിടയിൽ ശാരദയുടെ കണ്ഠമിടറി. നടന്ന് പോകുന്ന മുന്നിയെ കുറച്ച് നേരം നോക്കി നിന്ന ശാരദ സാരിത്തലപ്പ് കൊണ്ട് മുഖം മറച്ച് വിധിയെ പഴിച്ച് തൻ്റെ കൂരയ്ക്ക് അകത്തേക്ക് നടന്നു. അന്ന് ഉത്സവത്തിനിടെ ഉണ്ടായ അഗ്‌നിബാധയിൽ മുന്നി കൊല്ലപ്പെടുന്നു. ദുഃഖാർത്തയായ മുന്നിയുടെ അമ്മ വാവിട്ട് നിലവിളിച്ച് ഗ്രാമത്തലവൻ ധർമൻ്റെ വീട്ടിൽ എത്തി. ശാരദയാണ് എൻ്റെ മകളെ കൊന്നത്! അവർ ഏങ്ങലടക്കാൻ പാടു പെട്ടു. ഏത് ആ വിധവയോ ?!,തൻ്റെ വീടിന് പുറത്ത് കൂടി നിന്നിരുന്ന ഗ്രാമവാസികളുടെ ഇടയിൽ നിന്ന് പരാതി പറയുന്ന മുന്നിയുടെ അമ്മയോട് ധർമൻ ചോദിച്ചു. അതേ!, അവൾ എൻ്റെ മകളോട് പറയുന്നത് ഞാൻ കേട്ടതാ, ഉത്സവത്തിന് പോകരുതെന്ന്... , അപശകുനം പിടിച്ച അവൾ കാരണം എൻ്റെ മകൾ ആളിക്കത്തിയ തീയിൽ വെന്ത് മരിച്ചു. അതെ, നമ്മുടെ അയൽപക്കത്തെ രമണിയുടെ കുഞ്ഞ് മുലപ്പാൽ നെറുകയിൽ കെട്ടി മരണപ്പെടുന്നതിന് മുൻപും ശാരദ പറഞ്ഞിരുന്നു കുഞ്ഞിന് മുലപ്പാൽ കൊടുക്കരുതെന്ന് ധർമൻ്റെ ഭാര്യ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി വന്ന് ഉറക്കെ പറഞ്ഞു. ഗ്രാമവാസികളുടെ മുഖത്ത് ഭീതി നിഴലിച്ചു. ഇനിയവളെ വെച്ചേക്കരുത് ധർമൻ, അവൾ ദുർ മന്ത്രവാദിനിയാണ് നമ്മുടെ ഗ്രാമത്തിന് ആപത്ത് ധർമൻ്റെ കൂട്ടുകാരൻ വിഘ്നേഷ്. ശരിയാണ്! ശരിയാണ്! അവളെ കത്തിക്കണം... ചുട്ട് ചാമ്പലാക്കണം... ഗ്രാമവാസികൾ ബഹളമുണ്ടാക്കി. ധർമൻ കൈ ഉയർത്തി അവരോട് ശാന്തരാകാൻ ആജ്ഞാപിച്ചു. ശാരദയെ പിടിച്ച് കെട്ടി കൊണ്ട് വരിക അവളുടെ തല മുണ്ഡനം ചെയ്ത് ഗ്രാമത്തിൻ്റെ മധ്യത്തിൽ ചിതയൊരുക്കി കത്തിച്ച് വെണ്ണീറാക്കണം. ഞങ്ങൾ പോയി അവളെ പിടിച്ച് കൊണ്ട് വരാം ധർമൻ .വിഘ്നേഷും അയാളുടെ കൂട്ടുകാരൻ ദത്തനും നാട്ടുകാരുടെ ഒപ്പം വടിയും വാളുമായി ശാരദയുടെ കൂര ലക്ഷ്യമാക്കി പാഞ്ഞു. പ്രാർത്ഥനയിൽ മുഴുകിയിരുന്നിരുന്ന ശാരദയെ അവർ പിടിച്ച് കെട്ടി കൂരയിൽ നിന്നും വലിച്ചിഴച്ച് ഗ്രാമത്തലവന് മുന്നിൽ എത്തിച്ചു. തികച്ചും നിസ്സംഗയായി ഇരുന്ന ശാരദയുടെ നീണ്ട തലമുടി മുഴുവൻ ധർമൻ്റെ ആജ്ഞപ്രകാരം ക്ഷുരകൻ ഭാസ്ക്കരൻ ക്ഷൗരം ചെയ്ത് മാറ്റി. തൻ്റെ മുടി മുറിഞ്ഞ് സർപ്പങ്ങളെപ്പോലെ മണ്ണിൽ വീണ് ഇഴയുമ്പോൾ ശാരദയുടെ കണ്ണുനീർ തോരാതെ താഴേക്ക് പതിച്ചു. ചോര പൊടിഞ്ഞ അവളുടെ തലയിൽ കളഭം തേച്ച് പിടിപ്പിച്ച് അവർ എല്ലാവരും കൂടെ ശാരദയെ ഗ്രാമത്തിൻ്റെ മധ്യത്തിൽ ഒരുക്കിയിരുന്ന ചിതയ്ക്ക് അരികിൽ എത്തിച്ചു. പോത്തിന് മുദ്ര കുത്തുന്ന ചുട്ടു പഴുത്ത ചാപ്പ ശാരദയുടെ നെറ്റിയിൽ അമർന്നു . കത്തി ഉരുകുന്ന മനുഷ്യ മാംസത്തിൻ്റെ ഗന്ധം. ശാരദ അലറി വിളിച്ച് കുതറിയോടാൻ ശ്രമിച്ചെങ്കിലും അവളുടെ പരാക്രമങ്ങൾ ആൺ കരുത്തിന് മുന്നിൽ വിഫലമായി. അവസാനമായി നിനക്ക് എന്തെങ്കിലും പറയാനുണ്ടോ? അവളുടെ കയ്യും കാലും ബന്ധിച്ച് ചിതയിലേക്ക് ഉയർത്തി വെയ്ക്കുമ്പോൾ ധർമൻ ചോദിച്ചു. നിങ്ങൾ എന്നെ കൊന്നാൽ ഗ്രാമം നശിക്കും ഒരു കുഞ്ഞു പോലും ഇവിടെ ജീവനോടെ വാഴില്ല അവളുടെ ചുണ്ടിൽ അസാധാരണമായ ഒരു പുഞ്ചിരി വിടർന്നു. കത്തിക്ക് അപശകുനം പിടിച്ച ഈ രാക്ഷസിയെ മുന്നിയുടെ അമ്മ ഉറക്കെ അലറി. കത്തിക്ക്!! കത്തിക്ക്!! ദുർമന്ത്രവാദിനിയെ!! രോഷം പൂണ്ട ഗ്രാമവാസികൾ ആർത്തലച്ചു. ധർമൻ്റെ ആംഗ്യത്തിൽ ശാരദയ്ക്ക് ചുറ്റും തീ ആളിപ്പടരുവാൻ തുടങ്ങി. അവൾ ജീവനോടെ നിന്ന് കത്തുമ്പോൾ ഗ്രാമവാസികൾക്കിടയിൽ ആശ്വാസത്തിൻ്റെ നെടുവീർപ്പുകൾ ഉയർന്ന് കേട്ടു. ദുർമന്ത്രവാദിനിയെ ഇല്ലാതാക്കിയതിൻ്റെ സന്തോഷത്തിൽ അവരെല്ലാം പിരിഞ്ഞ് സ്വ വസതികളിലേക്ക് പോയി.ശാരദയുടെ മുടി മാത്രം കാറ്റിൽ പാറി നടന്നു. ഞാൻ പറഞ്ഞതല്ലേ ധർമൻ എന്നെ കൊല്ലരുതെന്ന്, പ്രതികാര ദാഹിയായ ശാരദയുടെ ക്രോധം അണ പൊട്ടിയൊഴുകി. ഞാൻ.. എനിക്ക്.. ഗദ് ഗദത്തോടെ മറുത്തൊന്നും പറയാനില്ലാതെ തല കുനിച്ചിരുന്ന ധർമൻ്റെ ശരീരം കാറ്റിലേക്ക് വലിച്ചെറിയപ്പെട്ടു. ശാരദയുടെ മുടിയിഴകൾ അയാളെ പിടിച്ച് വരിഞ്ഞ് മുറുക്കി.ധർമൻ്റെ നിലവിളികൾ കാറ്റിൻ്റെ അലർച്ചയിൽ അലിഞ്ഞില്ലാതായി. തീയിൽ വെന്ത ശാരദയുടെ ശരീര ഭാഗങ്ങൾ ജീവൻ തുടിച്ച് മിനുസമുള്ളതായിക്കൊണ്ടിരുന്നു. കാറ്റ് കൊടുങ്കാറ്റായി മാറിയിരുന്നു. < അവസാനിച്ചു >

