STORYMIRROR

" വിരുതൻ "

Drama Horror Fantasy

3  

" വിരുതൻ "

Drama Horror Fantasy

താത്രി കുട്ടിയുടെ പ്രേതം

താത്രി കുട്ടിയുടെ പ്രേതം

7 mins
34

87 കാല ഘട്ടത്തിലെ പാലക്കാടുള്ള ഒരു അഗ്രഹാരം. വഴിയുടെ ഇരുവശത്തും ഒരേ പോലിരിക്കുന്ന വീടുകളാണുള്ളത്,അതിൽ താമസിക്കുന്നത് ഒരേ കുടുംബക്കാരും .ഭൂ പരിഷ്കരണ നിയമത്തിന്റെ ഫലമായി പലർക്കും ഭൂമിയും കൃഷിയും നഷ്ടപ്പെട്ടതോടെ ഉപജീവനത്തിനായി അവർ മറ്റു പല സ്ഥലങ്ങളിലേക്കും പറിച്ചു നടപ്പെട്ടു.ഒരു കുടുംബമായി കഴിഞ്ഞിരുന്ന പലരും ഗത്യന്തരമില്ലാതെ അഗ്രഹാരത്തിൽ നിന്നും ഒഴിഞ്ഞു പോയി.അഗ്രഹാരം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലും ചുരുക്കം ചിലർ തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിഷ്ഠകളും മുറുക്കെപ്പിടിച്ച് അതി കഠിനമായ അതിജീവനത്തിന്റെ പാതയിലായിരുന്നു.ടിപ്പുവിന്റെ പടയോട്ട കാലത്ത് തഞ്ചാവൂരിൽ നിന്നും പലായനം ചെയ്ത ബ്രാഹ്‌മണന്മാർ ആയിരുന്നു അ ഗ്രഹാരത്തിൽ താമസിച്ചിരുന്നത് .അഗ്രഹാരങ്ങൾ അറിവിന്റെയും ശാന്തിയുടെയും കലയുടെയും ഈറ്റില്ലങ്ങളായിരുന്നു.അഗ്രഹാരത്തിലെ വീടുകളുടെ നിർമ്മിതി പോലും അതിൽ താമസിച്ചിരുന്ന കുടുംബങ്ങളുടെ നന്മയും കെട്ടുറപ്പും പ്രതിഫലിപ്പിക്കുന്നതായിരുന്നു. അഗ്രഹാരത്തിൽ അമ്പലങ്ങളുണ്ട്, ഉത്സവങ്ങളും നിശ്ചിത ഇടവേളകളിൽ നടന്നിരുന്നു .ഭക്തി സാന്ദ്രമായ ഒരിടമാണത് .അവിടത്തെ വീടുകളുടെ മുൻപിൽ വരച്ചിരുന്ന കോലങ്ങൾ ഒരു മഹത്തായ സംസ്കാരത്തിന്റെ മികച്ച പ്രതീകങ്ങളായിരുന്നു.അവിടെയാണ് വർഷങ്ങളായി ഗീതാമ്മ തന്റെ മകനായ നാരായണനും മരുമകളായ സാവിത്രിക്കുമൊപ്പം താമസിച്ചു വരുന്നത്.


അമ്മായിത് ആരോടാ വർത്തമാനം പറയുന്നെ? സാവിത്രി ചായ ടീ പോയിലേക്ക് വെച്ചു കൊണ്ട് ഗീതാമ്മയോട് ചോദിച്ചു.നീ കണ്ടില്ലേ സാവു അവള് താത്രിക്കുട്ടി എന്റെ മുറുക്കാൻ ചെല്ലം എടുത്ത് വീണ്ടും എവിടെയോ ഒളിപ്പിച്ചു, ഗീതാമ്മ മരുമകളോട് പരാതി പറഞ്ഞു.അമ്മ ഈ ചായ കുടിക്കാദ്യം ഗീതാമ്മയുടെ കയ്യിൽ ചായ കപ്പ് പിടിപ്പിച്ച് ചുറ്റിനും നോക്കി സാവിത്രി പറഞ്ഞു.അവള് എപ്പോഴും ഇങ്ങിനാ എത്ര തവണ പറഞ്ഞിരിക്കണു മുറുക്കാൻ ചെല്ലത്തിൽ തൊടരുതെന്ന്, കുറുമ്പി ഗീതാമ്മ ചായ കപ്പ് ചുണ്ടോട് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.ആരും എടുത്തില്യാ, അമ്മേടെ ചെല്ലം ദാ, കസേരയുടെ അടിയിൽ ഇരുന്നിരുന്ന മുറുക്കാൻ ചെല്ലം എടുത്ത് എം ജി ആർ സ്റ്റൈലിൽ കറുത്ത കണ്ണട വെച്ച് ഇരുന്ന് ചായ കുടിക്കുന്ന ഗീതാമ്മയുടെ കാലിനരികിൽ വെച്ചു കൊണ്ട് സാവിത്രി പറഞ്ഞു .ആ.... ആ... അവളിത് എവിടെ ഒളിപ്പിച്ചു വെച്ചിരുന്നു കേമി ചായ ഒരിറക്ക് കുടിച്ചു കൊണ്ട് തന്റെ ചെല്ലത്തിൽ കൈ കൊണ്ട് തൊട്ടു നോക്കി പരിശോധിച്ച് ഗീതാമ്മ ചോദിച്ചു.എന്റെ അമ്മെ അതെവിടേം പോയില്ല ഇവിടെത്തന്നെ ഉണ്ടായിരുന്നു, കസേരേടെ അടിയിൽ അമ്മ തന്നെ വെച്ച് മറന്നതാകും...., അൽപ്പം മുഷിഞ്ഞു കൊണ്ട് സാവിത്രി ഉറക്കെ പറഞ്ഞു.മുറുക്കാഞ്ഞിട്ട് വായ്ക്ക് ഒരു മൊര നീയി കപ്പ് പിടിച്ചേ, സാവിത്രിയേ .ചത്തു പോയ താത്രികുട്ടി വന്ന് മുറുക്കാൻ ചെല്ലമെടുത്തു പോലും കാഴ്ച്ചയില്ലെങ്കിലും നുണ പറച്ചിലിന് ഒരു കുറവുമില്ല സാവിത്രി പിറുപിറുത്തു കൊണ്ട് ഗീതാമ്മയുടെ കയ്യിൽ നിന്ന് കാലിയായ ചായ കപ്പ് വാങ്ങി സാരി തുമ്പ് അരയിൽ മടക്കി കുത്തി അടുക്കളയിലേക്ക് നടന്നു.


ഗീതാമ്മ വെറ്റില ഒരുക്കി പുകയില കഷ്ണവും പാക്കും ചെല്ലപ്പെട്ടിയിൽ നിന്ന് പരതിയെടുത്ത്, വെറ്റിലയിൽ വെച്ച് നാലായി മടക്കി, വെറ്റിലക്കറ പിടിച്ച തന്റെ പല്ലുകൾക്കിടയിലേക്ക് വെച്ച് ചവച്ച് , ചിറിയിലൂടെ ഒലിച്ചു വന്ന ഉമിനീര് കൈ കൊണ്ട് തുടച്ച് ദൂരേക്ക് തെറിപ്പിച്ചു. താത്രി കുട്ടിയുടെ ക്യൂട്ടികുറ പൗഡറിന്റെ വാസന ഗീതാമ്മയുടെ മൂക്കിലേക്ക് കയറി. വീണ്ടും വന്നോ നീയ് ?.., അവർ മുറുക്കാൻ വായിലിട്ട് കാറിക്കൊണ്ട് ചോദിച്ചു.എന്തിനാ താത്രി അമ്മൂമ്മേനെ ഇങ്ങിനെ വിഷമിപ്പിക്കണെ .. . താത്രിക്കുട്ടി ചിരിച്ചു കൊണ്ട് ഓടി മറഞ്ഞു.ആഹ് എന്റെ കോളാമ്പിയും കൊണ്ടു പോയി.., ഞാൻ ഇനി എവിടെ തുപ്പും..., കസേരക്ക് അരികെ വെച്ചിരുന്ന കോളാമ്പി പരതി നോക്കി കാണാതായപ്പോൾ ഹതാശയായി ഗീതാമ്മ ആത്‍മഗതം ചെയ്തു.


അതെ നിങ്ങളുടെ അമ്മയെക്കൊണ്ട് വലിയ ശല്യായി, ഓർമ തീരെ ഇല്ലാതായിരിക്കണ്, എടുത്തത് എവിടെ വെക്കുന്നു എന്ന് പോലും ഓർക്കുന്നില്ല.., എന്നിട്ട് കുറ്റം മുഴുവൻ കുളത്തിൽ മുങ്ങി മരിച്ച അയലത്തെ താത്രി കുട്ടിക്കും, സാവിത്രി രാത്രി കിടക്കാൻ നേരത്ത് ഭർത്താവ് നാരായണനോട് പറഞ്ഞു.നിനക്ക് പറയായിരുന്നില്ലേ...., നാരായണൻ ചോദിച്ചു.ആഹ്... എന്നിട്ട് വേണം അമ്മ അതോർത്ത് ഏത് നേരവും കരഞ്ഞോണ്ടൊരിക്കണത്, ഞാൻ തന്നെ കാണണ്ടേ...?, സാവിത്രി പറഞ്ഞു.എന്നാൽ നീയെന്താച്ചാൽ ചെയ്യ് വയസ്സാകുമ്പോൾ എല്ലാവർക്കും ഓർമ്മക്കുറവ് ഒക്കെ വരും, നമ്മളാ ക്ഷമ കാണിക്കേണ്ടത്, കിടക്കയിൽ ചെരിഞ്ഞു കിടന്ന് കണ്ണടച്ച് നാരായണൻ പറഞ്ഞു.എന്റെയൊരു വിധി സാവിത്രി തലയിൽ കൈ വെച്ച് കിടക്കയിലേക്കിരുന്നു.എത്ര നല്ല കുട്ടിയായിരുന്നു താത്രി, ആ ഓമനത്തമുള്ള മുഖം മനസ്സീന്ന് ഇപ്പോഴും മായണില്ല, എന്തൊരു സന്തോഷമായിരുന്നു അമ്മയുടെ കൂടെ അവരുടെ കണ്ണായി എപ്പോഴും അവൾ കൂടെ കാണുമായിരുന്നു . എന്ത് തെറ്റിനാണാവോ, അവളെ ഇത്ര പെട്ടെന്ന് മുകളിലേക്ക് വിളിച്ചത്..., സാവിത്രി നെടുവീർപ്പിട്ടു. ഉം.. ഓരോരുത്തർക്ക് ഓരോ സമയമില്ലേ അവളുടെ അടുത്തപ്പോൾ അവള് പോയി, നാരായണൻ കണ്ണ് തുറന്ന് ഉത്തരത്തിലേക്ക് നോക്കി കിടന്നു.എന്നാലും സഹിക്കാൻ പറ്റണില്ല നാരായണേട്ടാ..., അവൾക്ക് അങ്ങിനെ ഒരു മരണം, അതും വെള്ളത്തിൽ മുങ്ങി മരിക്കുക , പിഞ്ചു കുഞ്ഞ് എത്ര മാത്രം പേടിച്ചു കാണും ..., എന്നാലും, അവളെന്തിനായിരിക്കും ആന കുളത്തിൽ ഇറങ്ങിയത് സാവിത്രി ഒഴുകി വന്ന കണ്ണുനീർ സാരി തലപ്പ് കൊണ്ട് തുടച്ചു.ആവോ, എനിക്കറിയില്ല..., പിള്ളേരല്ലേ, എന്തെങ്കിലും കൗതുകം കണ്ട് ഇറങ്ങിയതാകും, നീ കരയാതെ ലൈറ്റ് അണച്ച് കിടക്കാൻ നോക്ക്, എനിക്ക് നാളെ ഓഫീസിൽ പോകണ്ടതാ, നാരായണൻ കണ്ണടച്ച് കിടന്നു.


നല്ല നിലാവുള്ള രാത്രി.തണുത്ത കാറ്റ് വീശിയടിച്ചു. കുളത്തിലെ ഓളങ്ങളിൽ നിന്നും താത്രി കുട്ടിയുടെ പ്രേതം കുളപ്പടവിലേക്ക് പറന്നു കയറി.മുട്ടോളമെത്തുന്ന ഇട തൂർന്ന കറുത്തു നീണ്ട മുടി.മൂക്കുത്തിയിട്ട മൂക്കും വിളറിയ മുഖവും.നിലാവ് അവളുടെ മുഖത്തിനെ ഒന്ന് കൂടെ തിളക്കമുള്ളതാക്കി.

താത്രി കുട്ടിയുടെ വിരലുകൾ ചുക്കി ചുളിഞ്ഞിരുന്നു.


ഗീതാമ്മയുടെ വീടിനകത്തെ മുറിയിലെ കാലൻ ഘടികാരത്തിന്റെ പെൻഡുലം 12 തവണ ഉറക്കെ അടിച്ചു.വീടിനകമാകെ അതിന്റെ മുഴക്കം പ്രതിധ്വനിച്ചു .ഗീതാമ്മ കിടക്കയിൽ മലർന്ന് കിടന്ന് കൂർക്കം വലിച്ചുറങ്ങുന്നു.


അമ്മുമ്മേ... അമ്മുമ്മേ ... താത്രി കുട്ടിയുടെ പ്രേതം ഗീതാമ്മയുടെ തലയിണക്ക് അരികിൽ ചെന്ന് നിന്ന് അവരുടെ ചെവിയിൽ മന്ത്രിച്ചു അവളുടെ നീണ്ട കറുത്ത മുടിയിൽ നിന്നും തറയിലേക്ക് വെള്ളം ഇറ്റിറ്റ് വീണു കൊണ്ടിരുന്നു.അമ്മുമ്മേ... അമ്മുമ്മേ... സാവിത്രി അമ്മ പറയുവാ, അമ്മുമ്മക്ക് ഓർമ്മയില്ലെന്ന്..., താത്രി കുട്ടിയുടെ കിലുക്കാം പെട്ടി കിലുങ്ങുന്നത് പോലത്തെ ചിരി കേട്ട് ഗീതാമ്മ ഞെട്ടിയുണർന്നു.ആരാത് താത്രിയോ?, അവർ കിടക്കയിൽ എഴുന്നേറ്റിരുന്നു.താത്രിയെങ്ങിനെയാ പാതി രാത്രി വരുന്നത് എനിക്ക് തോന്നിയതാകും.. . യക്ഷിപ്പാല പൂക്കുന്നതേയുള്ളു .ജനാലയിലൂടെ കാറ്റ് കൊണ്ടു വന്ന പാലപ്പൂവിന്റെ മണം ആസ്വദിച്ച് അവർ കിടക്കയിലേക്ക് കിടന്നു മുറിയിലെങ്ങും ക്യൂട്ടീ കുറ പൗഡറിന്റെ ഗന്ധം തങ്ങി നിന്നിരുന്നു.


മരുമകളുടെ ബഹളം കേട്ടാണ് ഗീതാമ്മയുടെ പ്രഭാതം ഉണർന്നത്.തലേന്ന് കിടക്കയിൽ കിടന്നുറങ്ങിയ അവർ കട്ടിലിന് അരികെ തണുത്ത തറയിൽ കൈ കുത്തി എഴുന്നേറ്റിരുന്നു.ഞാനെങ്ങിനെയാ തറയിലെത്തിയത് ഗീതാമ്മ തലയിൽ കൈ വെച്ച് ഓർക്കാൻ ശ്രമിച്ചു.ഇന്നലെ രാത്രി താത്രി കുട്ടി വന്നിരുന്നോ...?, അതോ സ്വപ്നമായിരുന്നോ?, അവളെന്തോ പറഞ്ഞു ?!, അവർ തല ചൊറിഞ്ഞ് ചുറ്റിനും പരതി നോക്കി.ക്ലോക്കിൽ 8 തവണ മണി മുഴങ്ങി .സാവിത്രി..., സാ...വി..ത്രി സഹായത്തിനായി മരുമകളെ ഉറക്കെ വിളിച്ച അവരുടെ കൈ തണുത്ത എന്തിലോ സ്പർശിച്ചു.കട്ടിലിനടിയിൽ കിടന്നിരുന്ന താത്രി കുട്ടി ഗീതാമ്മയുടെ മുറുക്കി പിടുത്തത്തിൽ നിന്ന് കുതറി മാറി കുലുങ്ങി ചിരിച്ചു കൊണ്ട് ഓടി.ആഹ്...ആഹ്...എന്തൊക്കെയാ കുട്ടിയെ ഈ കാട്ടണെ..., ഗീതാമ്മ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി.എന്തൊരു ശക്തിയാ അവൾക്ക് 10 വയസ്സുകാരിക്ക് ഇത്രയും ശക്തിയോ!!, പ്രാണൻ പോകുന്ന വേദനയായിരുന്നു അവരുടെ കൈക്ക്.ഗീതാമ്മ കട്ടിലിന്റെ കാലിൽ പിടിച്ച് എങ്ങിനെയോ എഴുന്നേറ്റ് കിടക്കയിലേക്കിരുന്നു.മരുമകൾ മകനുമായി എന്തിനോ വേണ്ടി കശപിശയിലാണ്, അവർ കാതോർത്തു.ഗീതാമ്മ തന്റെ ഊന്നു വടി തപ്പിയെടുത്ത് സ്വീകരണ മുറിയിലേക്ക് തപ്പി തടഞ്ഞ് നടന്നു.


ഗീതാമ്മ നടന്നെത്തിയപ്പോഴേക്കും ബഹളം അടങ്ങിയിരുന്നു.നാരായണൻ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.സാവിത്രിയേ.., അവർ മരുമകളെ വിളിച്ചു.സാവിത്രിയുടെ കാൽപെരുമാറ്റം കേട്ട് ഗീതാമ്മ സ്വീകരണ മുറിയിലെ കസേരയിലേക്കിരുന്നു.തറയൊക്കെ രാവിലെ തന്നെ കഴുകി തുടച്ചിട്ടുണ്ട്.


അമ്മ ഇതെന്ത് ഭാവിച്ചാ? സാവിത്രി ചോദിച്ചു.എന്താപ്പോ ഉണ്ടായേ.. എന്റെ മോന് നീ സമാധാനം കൊടുക്കില്ല അല്ലേ?..., ഗീതാമ്മ ചോദിച്ചു.ആഹാ...!, ഞാൻ ആണപ്പോ സമാധാനം ഇല്ലാതാക്കുന്നത് , തറ മുഴുവൻ മുറുക്കി തുപ്പി വൃത്തി കേടാക്കിയത് ഞാനാണല്ലോ ..., സാവിത്രി ചൊടിച്ചു.ഞാൻ ഇന്നലെ കോളാമ്പി കാണാഞ്ഞിട്ട് എന്റെ കുളി മുറിയിൽ ആണല്ലോ സാവിത്രിയേ തുപ്പിയേ, പിന്നെ നീയെന്താ പറയണത്...., ഗീതാമ്മ സംശയത്തോടെ ചോദിച്ചു.എന്നാലേ നിങ്ങൾ ഇവിടം മുഴുവൻ മുറുക്കാൻ തുപ്പിയിട്ടത് ഞാനാ തുടച്ചു വൃത്തിയാക്കിയത്, സാവിത്രി അക്ഷോഭ്യയായി നില കൊണ്ടു .അതാ താത്രി കുട്ടീടെ പണി... ഗീതാമ്മ പറഞ്ഞു നിർത്തി.നിങ്ങൾക്ക് ഓർമ ഇല്ലാത്തതിന് എന്തിനാ നുണ പറയുന്നത്..., സാവിത്രി ക്ഷോഭിച്ചു.ആർക്കാടി ഓർമ ഇല്ലാത്തത്!!?, അരിശം മൂത്ത ഗീതാമ്മ തന്റെ കയ്യിൽ ഇരുന്ന ഊന്നു വടി സാവിത്രി നിൽക്കുന്നിടത്തേക്ക് വലിച്ചെറിഞ്ഞു.നിങ്ങൾ എന്നെ കൊല്ലാൻ നോക്കുവാണോ?..., ചേട്ടൻ വരട്ടെ ഞാൻ കാണിച്ചു തരാം സാവിത്രി കലി തുള്ളി കിടപ്പു മുറിയിലേക്ക് നടന്നു.പിന്നെ നിന്റെ ചേട്ടൻ,അവനാദ്യം എന്റെ മോനാ ഹും..., ഗീതാമ്മ കസേരയിൽ ദേഷ്യം മൂത്ത് വിറച്ചിരുന്നു .


അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ നാരായണനെ കാത്തിരുന്നത് മ്ലാനവതിയായി കിടക്കയിൽ കിടക്കുന്ന സാവിത്രിയായിരുന്നു.നീ അത് വിട്ടില്ലേ?, രാവിലത്തെ അങ്കത്തിന്റെ ഓർമയിൽ കയ്യിലിരുന്ന ബാഗ് കിടക്കയിലേക്ക് വെച്ച് നാരായണൻ സാവിത്രിയോട് ചോദിച്ചു.നിങ്ങൾക്ക് അറിയോ..., ഇന്ന് രാവിലെ നിങ്ങടെ അമ്മ എന്റെ ദേഹത്തേക്ക് അവരുടെ വടി എടുത്തെറിഞ്ഞു..., ഭാഗ്യത്തിനാ എന്റെ തലയിൽ കൊള്ളാതിരുന്നത്, അവർക്ക്‌ എന്തോ കുഴപ്പമുണ്ട്..., നിറകണ്ണുകളോടെ സാവിത്രി ഭർത്താവിനോട് പരാതി പറഞ്ഞു.ദീർഘ ശ്വാസം വിട്ട് നാരായണൻ കിടക്കയിലേക്കിരുന്നു.നീയൊരു കാര്യം ചെയ്യ് 2 ദിവസം അമ്മ വീട്ടിൽ പോയി നിൽക്ക്, ഞാൻ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം, സാവിത്രിയുടെ തോളിൽ കൈ വെച്ച് അശ്വസിപ്പിച്ച് അയാൾ പറഞ്ഞു.ഉം... സാവിത്രി കണ്ണ് നീർ തുടച്ച് കൊണ്ട് മൂളി.


നിങ്ങളുടെ അമ്മ ജലപാനം ചെയ്തിട്ടില്ല..., വലിയ ദേഷ്യത്തിലാ, എന്തെങ്കിലും അസുഖം വരുത്തി വെക്കുമോന്നാ എന്റെ പേടി..., രാത്രി കിടക്കാൻ നേരത്ത് സാവിത്രി മുടി കെട്ടിക്കൊണ്ട് ഭർത്താവിനോട് പറഞ്ഞു.ഞാൻ അമ്മയുടെ കാര്യം, ഒരു മന ശാസ്ത്രജ്ഞനോട് സംസാരിച്ചിരുന്നു , തലയിണയിൽ ചാരിയിരുന്ന് നാരായണൻ പറഞ്ഞു.സാവിത്രി ചോദ്യ ഭാവത്തിൽ ഭർത്താവിനെ നോക്കി.അദ്ദേഹം പറഞ്ഞത് തൽക്കാലം ട്രീറ്റ്മെന്റ് ഒന്നും വേണ്ടെന്നാണ്, അമ്മ ജീവിതവുമായി പൊരുത്തപ്പെടുന്നുണ്ടല്ലോ, താത്രിക്കുട്ടിയുടെ മരണത്തിന്റെ ആഘാതം അവർ മറന്നു കൊണ്ടിരിക്കുന്നു, ചിലപ്പോൾ മറവി തന്നെയാകും നല്ല മരുന്ന്, നാരായണൻ പറഞ്ഞു നിർത്തി.എന്നാലും ദിവസവും ചെയ്യുന്ന കാര്യങ്ങൾ മറന്നാൽ എന്ത് ചെയ്യും നാരായണേട്ടാ.... . നമുക്ക് നോക്കാം ലൈറ്റണച്ച് കിടക്കയിലേക്ക് കിടന്ന് നാരായണൻ പറഞ്ഞു.



പിറ്റേന്ന് രാവിലെ നാരായണൻ സാവിത്രിയെ അഗ്രഹാരത്തിന്റെ മറ്റൊരു ഭാഗത്തുള്ള അവരുടെ അമ്മ വീട്ടിൽ കൊണ്ടാക്കുവാനായി പുറപ്പെട്ടു .ഗീതാമ്മ വീട്ടിൽ തനിച്ചായി.അവർ തന്റെ ദിനചര്യകളിൽ വ്യാപ്രതയായി.

കസേരയിൽ ഇരുന്ന് മുറുക്കുകയായിരുന്ന ഗീതാമ്മയുടെ കയ്യിൽ തണുത്ത കര സ്പർശം. വന്നോ നീയ്..., ഗീതാമ്മ ചോദിച്ചു.അമ്മൂമ്മ എന്റെ കളിപ്പാട്ടം കണ്ടു പിടിച്ചു തന്നാൽ താത്രി കുട്ടി ഇനി കുറുമ്പ് കാട്ടുല്ല, അവൾ ഗീതാമ്മയുടെ കാതിൽ പറഞ്ഞു .ഉം...ശരിക്കും എന്നെ എന്റെ പാട്ടിനു വിടുവോ?, താത്രി കുട്ടിയുടെ കൈ തടവി അവർ യാചനയുടെ സ്വരത്തിൽ ചോദിച്ചു.സത്യമായിട്ടും കുറുമ്പ് കാട്ടില്ല, താത്രിക്കുട്ടി പറഞ്ഞു.പക്ഷെ അമ്മുമ്മക്ക് കണ്ണ് കാണില്ലല്ലോ മോളെ..., ഗീതാമ്മ വിഷമത്തോടെ പറഞ്ഞു.അമ്മുമ്മയെ ഞാൻ കൊണ്ടു പോകാം താത്രി ആഹ്ലാദത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.ആട്ടെ, എവിടെയാ നിന്റെ കളിപ്പാട്ടം... ഗീതാമ്മ മുറുക്കാൻ ചെല്ലം അടച്ചു കൊണ്ട് ചോദിച്ചു.അമ്മൂമ്മ എഴുന്നേൽക്ക്..., താത്രി കുട്ടി ഗീതാമ്മയുടെ കയ്യിൽ പിടിച്ച് മുന്നോട്ട് വലിച്ചു.ശരി... ശരി... ഗീതാമ്മ തന്റെ ഊന്നു വടി കയ്യിലെടുത്തു .താത്രിക്കുട്ടി ഗീതാമ്മയുടെ കൈ പിടിച്ച് വലിച്ച് വീടിന് പുറത്തേക്ക്‌ നടന്നു.

സമയം ഉച്ചയോട് അടുത്ത് കാണും.അഗ്രഹാരത്തിൽ അന്ന് വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അടുത്തുള്ള അമ്പലത്തിലെ രഥോത്സവത്തിന്റെ ഭാഗമായി നിറമുള്ള തോരണങ്ങൾ വഴി നീളെ തൂക്കിയിരുന്നു.ഗീതാമ്മയുടെ വീടിന് അടുത്ത് തന്നെ ചുവന്ന മണ്ണിട്ട വഴിയരികിൽ ചെറിയൊരു പലഹാരക്കട യുണ്ട്.അവിടെ നിന്ന് പാൽ പേടയുടെ മണം ഉയരുന്നുണ്ടായിരുന്നു.കടയുടെ ഉടമസ്ഥനായ ബ്രഹ്മദത്തൻ പലഹാരം ഉണ്ടാക്കാൻ ജോലിക്കാരന് നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു. ഗീതാമ്മ വീട്ടിൽ നിന്ന് തപ്പിത്തടഞ്ഞ് വഴിയിലൂടെ നടന്ന് വരുന്നത് കണ്ട് അയാൾ പലഹാര കടക്ക് പുറത്തേക്ക്‌ ഇറങ്ങി നിന്നു.ഇവരിത് എവിടേക്ക് പോകുന്നു..., അയാൾ ആലോചിച്ചു.

അല്ല, അമ്മ എങ്ങോട്ടാ പോണത്...?, അയാൾ ഗീതാമ്മയോട് ചോദിച്ചു. ആ..ആ.. ബ്രഹ്മദത്തൻ ആണോടാ?, പാൽപ്പേടയുടെ മണം ആസ്വദിച്ച് ഗീതാമ്മ കടക്ക് മുന്നിൽ നിന്നു.അതെ അമ്മേ, കുറച്ച് പേട എടുക്കട്ടെ?.., ബ്രഹ്മദത്തൻ ചിരിച്ചു കൊണ്ട് ചോദിച്ചു.കാറ്റ് കൊണ്ടേച്ച് വരാം ബ്രഹ്മദത്ത..., എന്നിട്ട് നിന്റെ കടയിൽ കയറാം പോരെ?..., ഗീതാമ്മ വടി കുത്തി മുന്നോട്ട് നടന്നു. ആയിക്കോട്ടെ അമ്മേ.., അയാൾ പറഞ്ഞു .ആ കൊച്ച് മുങ്ങി മരിച്ചതിന് ശേഷം ഇവരെ പുറത്തേക്കൊന്നും കാണാറില്ലായിരുന്നു ദീർഘമായി നിശ്വസിച്ചു കൊണ്ട് നടന്നു പോകുന്ന ഗീതാമ്മയെ നോക്കി ബ്രഹ്മദത്തൻ നിന്നു.അയാളുടെ ജോലിക്കാരൻ കടക്ക് അകത്ത് പാൽ പേട ഉണ്ടാക്കാൻ വലിയ ചെരുവത്തിൽ പാൽ തിളപ്പിക്കുന്ന തിരക്കിലായിരുന്നു.

എങ്ങോട്ടാ കുട്ട്യേ?, അമ്മൂമ്മയെ വലിച്ചു കൊണ്ട് പോണേ..., എത്താറായോ ..., നിന്റെ കളിപ്പാട്ടം എവിടെയാ കെടക്കണെ ?, ഗീതാമ്മ തന്റെ മുൻപിൽ നടക്കുന്ന താത്രി കുട്ടിയോട് അക്ഷമയായി ചോദിച്ചു.അവളൊന്നും മിണ്ടിയില്ല.അവൾ ഗീതാമ്മയുടെ കൈ പിടിച്ചു വലിച്ച് നടന്നു കൊണ്ടിരുന്നു.

നാരായണൻ, സാവിത്രിയെ അമ്മ വീട്ടിലാക്കി തിരിച്ച് വീട്ടിലെത്തിയപ്പോൾ ശൂന്യമായ വീട് കണ്ട് പരിഭ്രാന്തനായി.അയാൾ ആവലാതിയോടെ വീടിന് പുറത്തേക്കോടി.അമ്മയെ അന്വേഷിച്ച് അയാൾ ബ്രഹ്മദത്തന്റെ കടയിലും എത്തി.

ബ്രഹ്മ, അമ്മയിങ്ങോട്ട് വന്നായിരുന്നോ ?, നാരായണൻ കിതച്ചു കൊണ്ട് അന്വേഷിച്ചു.ഗീതാമ്മ കുറച്ച് മുന്നേ ഇതിലെ വന്നിരുന്നു, കാറ്റ് കൊള്ളാൻ പോകുകയാണെന്ന് പറഞ്ഞു, ഒറ്റക്ക് എന്തൊക്കെയോ പറഞ്ഞു കൊണ്ട് അങ്ങോട്ടാണ് നടന്ന് പോയത്, ബ്രഹ്മദത്തൻ ദൂരേക്ക് വിരൽ ചൂണ്ടി.ചതിച്ചൂല്ലോ ഭഗവാനെ!!, നാരായണൻ ബ്രഹ്‌മദത്തൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് വേഗത്തിലോടി.

അമ്മൂമ്മേ..., ദേ ഇവിടെയാ, എന്റെ കളിപ്പാട്ടം കിടക്കുന്നത്, താത്രിക്കുട്ടി നടത്തം നിർത്തി. ഇവിടെ.., എവിടെയാണ്?.., ഗീതാമ്മ വടി കൊണ്ട് പരതി ചോദിച്ചു.അമ്മുമ്മക്ക് ഓർമ്മയുണ്ടോ...?, കഴിഞ്ഞ രഥോത്സവത്തിന്റെ സമയത്ത് ..., അമ്മൂമ്മ എനിക്ക് എറിഞ്ഞിട്ട് തന്ന കളി പ്പാട്ടം വീണത് ദോ അവിടെയാ ..., ഞാൻ ഇറങ്ങിയിട്ട് എനിക്കത് എടുക്കാൻ പറ്റിയില്ല , താത്രിക്കുട്ടി ഗീതാമ്മയുടെ ഊന്നു വടിയുടെ അറ്റം കയ്യിൽ എടുത്ത് ചൂണ്ടി കാട്ടി .അവിടെയാണോ നിന്റെ കളിപ്പാട്ടം?, ഗീതാമ്മ, താത്രി തന്റെ വടി ചൂണ്ടിയിടത്തേക്ക് രണ്ട് അടി മുന്നോട്ട് നടന്നു.ആ കുളത്തിന്റെ വക്കിലാ അമ്മൂമ്മ നിൽക്കുന്നത്...., താത്രിക്കുട്ടി പറഞ്ഞു.ഭയം കാരണം ഗീതാമ്മയുടെ കാലിടറി, അവർ കുളത്തിലേക്ക് വീഴുന്നതിന് മുൻപ് താത്രി കുട്ടി അവരുടെ കയ്യിൽ മുറുക്കെ പിടിച്ചു.

അന്ന് നടന്ന സംഭവങ്ങൾ വീണ്ടും ഗീതാമ്മയുടെ സ്‌മൃതി പഞ്ചരത്തിൽ മിന്നി മറഞ്ഞു. താത്രിയുടെ സഹായത്തിനായുള്ള കരച്ചിൽ അവരുടെ കാതുകളിൽ വീണ്ടും മുഴങ്ങി.സഹിക്കാനാകാതെ അവർ കൈ കൊണ്ട് ചെവികൾ രണ്ടും പൊത്തിപ്പിടിച്ചു. ഗീതാമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി താഴേക്ക് പതിച്ചു കൊണ്ടിരുന്നു.ഞാൻ കാരണമാണല്ലേ?.., മോള്..... ഗീതാമ്മയുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.അല്ല അമ്മൂമ്മേ..., താത്രി കുട്ടിക്ക് ഇനി അമ്മൂമ്മയെ കാണാൻ വരാൻ പറ്റില്ലാട്ടോ ഗീതാമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.മോളെ... ഞാൻ.... എനിക്ക്.... മാപ്പ്..., ഗീതാമ്മക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.

താത്രി കുട്ടിയുടെ പ്രേതം കുളത്തിന്റെ ഓളപ്പരപ്പിലേക്ക് പറന്നിറങ്ങി അപ്രത്യക്ഷമാകുമ്പോൾ ഗീതാമ്മ കുളത്തിനരികെ വിലപിച്ചു കൊണ്ട് തളർന്നിരുന്നു.

അമ്മേ... അമ്മേ.. നാരായണൻ ഗീതാമ്മയെ ഉറക്കെ വിളിച്ചു കൊണ്ട് ഓടി വന്നു.മോനെ ഞാൻ കാരണമാടാ, താത്രി കുട്ടി കുളത്തിൽ വീണ് മരിച്ചത്, ഗീതാമ്മ എങ്ങലടിച്ച് ഉറക്കെ കരഞ്ഞ് പറഞ്ഞു.അതിൽ അമ്മയുടെ ഭാഗത്ത്‌ ഒരു തെറ്റും ഇല്ലമ്മേ...., കണ്ണിന് കാഴ്‌ച്ചയില്ലാത്ത അമ്മക്ക് എന്ത് ചെയ്യുവാൻ കഴിയുമായിരുന്നു..., അമ്മയുടെ കരച്ചിൽ നാരായണന്റെ കണ്ണും നനയിച്ചു.അയാൾ നിലത്തിരുന്ന് തന്റെ അമ്മയെ ചേർത്തു പിടിച്ചു.ഞാൻ ഉറക്കെ നിലവിളിച്ചതാ മോനെ.., സഹായത്തിന് ആരും വന്നില്ല, അവളെ രക്ഷിക്കാൻ ഈ പൊട്ട കണ്ണിക്ക് പറ്റിയില്ല. എനിക്കറിയാമായിരുന്നു അമ്മേ,ഇനിയെല്ലാം ശരിയാകും എല്ലാം എനിക്കുറപ്പുണ്ട് നാരായണൻ സന്തോഷത്തോടെ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

          < അവസാനിച്ചു >

                                 







Rate this content
Log in

Similar malayalam story from Drama