STORYMIRROR

" വിരുതൻ "

Drama Tragedy

4  

" വിരുതൻ "

Drama Tragedy

കറുമ്പൻ

കറുമ്പൻ

5 mins
347


മഴ പുറത്ത് തിമിർത്ത് പെയ്യുന്നുണ്ട്.കറുമ്പൻ കലത്തിൽ ശേഷിച്ച പഴങ്കഞ്ഞി കൂടെ മുന്നിലിരുന്ന ചട്ടിയിലേക്ക്

കമിഴ്‌ത്തിയിട്ടു.പുരയിൽ അവശേഷിച്ച അവസാന ധാന്യ മണിയും തീർന്നിരിക്കുന്നു.ഓലക്കുടിലിൻ്റെ ഓല ശീലുകളിൽ നിന്നും വെള്ളത്തുള്ളികൾ മുറ്റത്ത് കെട്ടിക്കിടക്കുന്ന മഴ വെള്ളത്തിലേക്ക് തുരു തുരാ വീണു കൊണ്ടിരുന്നു.തുറന്ന് കിടക്കുന്ന വാതിൽക്കൽ നിന്നും വീശിയടിച്ച തണുത്ത പടിഞ്ഞാറൻ കാറ്റിൽ കറുമ്പൻ്റെ കറൂത്ത ശരീരം വിറച്ചു.

മഴക്കാലം വറുതിയുടെ കാലമാണ്.ചോറിൻ്റെ അവസാനത്തെ വറ്റും വായിൽ വെയ്ക്കുമ്പോൾ കറുമ്പൻ്റെ കണ്ണ് നിറഞ്ഞിരുന്നു.സ്കൂളിൽ അധികമൊന്നും പോകാൻ പറ്റിയിട്ടില്ലെങ്കിലും ക്ലാസ്സിലെ അവസാന ബെഞ്ചിലിരുന്ന് വിശന്ന് തളർന്നുറങ്ങിയപ്പോൾ ഇംഗ്ലീഷ് സാറിൻ്റെ കയ്യിൽ നിന്ന് കിട്ടിയ അടിയുടെ പാട് അവൻ്റെ കൈത്തണ്ടയിൽ ഇപ്പോഴും വെളുത്ത പാടായി കിടക്കുന്നുണ്ട്. ടീച്ചറെ കറുമ്പന് ചെമ്മീനിൻ്റെ മണമാണെന്ന് പറഞ്ഞ് കളിയാക്കിയ കൂട്ടുകാരനേയും അവന് നല്ല ഓർമ്മയുണ്ട്.വീടിന് അടുത്തുള്ള ചെമ്മീൻ കമ്പനിയിൽ ചെമ്മീൻ കിള്ളി കിട്ടിയ പണം കൊണ്ടായിരുന്നു കറൂമ്പൻ്റെ അമ്മ അവനെ പഠിപ്പിച്ചിരുന്നത് .വീട്ടിൽ അമ്മ തൊടുന്നതിനൊക്കെ ചെമ്മീനിൻ്റെ മണമായിരുന്നു. കറുമ്പൻ്റെ സ്കൂൾ യൂണിഫോമിനും.

വേദനകൾ മാത്രം സമ്മാനിക്കുന്ന സ്കൂളിലേക്ക് കറുമ്പൻ പിന്നെ പോയില്ല. അവന് കാണാൻ സാധിക്കാത്ത ഒരു പറ്റം ശത്രുക്കളായിരുന്നു അവൻ്റെ മനസ്സിൽ എപ്പോഴും, അവരെ ജയിക്കാൻ ഈ ജന്മം മതിയാകില്ലെന്ന തോന്നലും. എന്നോ കാണാമറയത്ത് പോയ അച്ഛൻ.കറുത്ത് വിങ്ങിയ കൺ തടങ്ങളുള്ള അമ്മയുടെ മുഖത്ത് മരണം വരെ ഒരേ ഒരു ഭാവമേ അവൻ കണ്ടിട്ടുള്ളൂ , വിഷാദം.വിശപ്പാണ് ഏറ്റവും വലിയ ശത്രു എന്ന് മനസ്സിലാക്കി തന്നത് ജീവിതമായിരുന്നു.പിന്നീടങ്ങോട്ട് രണ്ട് നേരം വയർ നിറയ്ക്കാനുള്ള യുദ്ധമായിരുന്നു.പറമ്പ് കിളച്ചും , തെങ്ങിൽ കയറിയും കറൂമ്പൻ്റെ കൗമാരം കടന്നു പോയി.അവധികൾ കഴിഞ്ഞ് പുത്തൻ ഉടുപ്പുകൾ ഇട്ട് കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് കാണുമ്പോൾ തെങ്ങിൻ മുകളിൽ ഇരിക്കുന്ന കറുമ്പൻ്റെ കണ്ണ് നനയുമായിരുന്നു.എന്നോ നഷ്ടപ്പെട്ട ബാല്യവും കൗമാരവും അവൻ്റെ മനസ്സിലേക്ക് ഇരച്ച് കയറി വരും.

കറുമ്പാ ....കറുമ്പാ... , കുടിലിനു പുറത്ത് നിന്ന് വിളി കേട്ട് കറുമ്പൻ ചിന്തയിൽ നിന്നുണർന്നു.അവൻ കൈ കഴുകി എഴുന്നേറ്റ് , മുണ്ട് മടക്കി കുത്തി തുറന്നു കിടക്കുന്ന വാതിലിന് അടുത്തേക്ക് നടന്നു.മഴ നിലച്ചിരുന്നു.

സിമൻ്റ് തേയ്ക്കാത്ത കൂരയുടെ വരാന്തയിൽ ഒരു കാലൻ കുട വെള്ളമൊലിപ്പിച്ച് ചാരി യിരുന്നു.കറുമ്പനെ കണ്ടതോടെ അവൻ പഠിച്ചിരുന്ന സ്കൂളിലെ പ്യൂൺ രാജീവൻ എഴുന്നേറ്റ് നിന്നു.

എന്താ രാജീവേട്ടാ? കറുമ്പൻ ചോദിച്ചു.

നീ സ്കൂൾ വരെ ഒന്ന് വരണം , പത്ത് കാശ് കിട്ടുന്ന കാര്യമാണ് അയാൾ കയ്യിൽ പറ്റിയ മഴ വെള്ളം തുടച്ചു മാറ്റി.

സ്കൂളിൽ ഒരു നായ, പേ പിടിച്ചതാണോയെന്ന് സംശയം.. രാജീവൻ

ഈ മഴയത്തോ ?! , കറുമ്പൻ ചോദിച്ചു.

ഒന്ന് വാടാ ... കാശ് കുറച്ച് അധികം വാങ്ങി തരാം... പോരെ?, നാളെ തിങ്കളാഴ്ച്ചയല്ലേ... കുട്ടികളെ എങ്ങാനും കടിക്കോ മറ്റോ ചെയ്താൽ ആര് സമാധാനം പറയും... , രാജീവൻ്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു .

ശരി.... ശരി.., 500 രുപ വേണം കറുമ്പൻ പറഞ്ഞു.

എത്രയാണെന്ന് വെച്ചാൽ തരാം നീ അവിടം വരെ വന്ന് അതിനെയൊന്ന് ഒഴിവാക്കി തരണം രാജീവൻ കാലൻ കുടയെടുത്ത് മുറ്റത്തേക്കിറങ്ങി.

നിങ്ങൾ നിൽക്ക് ഞാൻ ഇപ്പോൾ വരാം.


നീളമുള്ള വടിയുടെ അറ്റത്ത് കുരുക്കുള്ള പ്ലാസ്റ്റിക് കയർ കെട്ടിയതുമായി കറുമ്പൻ പുരയുടെ മുൻ വശത്തേക്ക് നടന്നു.


പോവാം ... പുരയുടെ വാതിൽ ചാരി അക്ഷമനായി നിന്നിരുന്ന രാജീവിനോടൊപ്പം കറുമ്പൻ നടന്നു.

അമ്മ മരിക്കുമ്പോൾ തനിക്ക് 19 വയസ്സ് അന്ന് പ്യൂൺ രാജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ , ഇവിടം വരെ വരാനും സഹായിക്കാനും അതിൻ്റെ കടപ്പാട് അവൻ്റെ മനസ്സിലുണ്ട്.

മഴ പെയ്ത് ചെളി പിടിച്ച പാട വരമ്പത്ത് കൂടെ അവർ നടന്നു.മൂടിക്കെട്ടിയ ആകാശം അടുത്ത മഴയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.

ഒരു കല്യാണം ഒക്കെ വേണ്ടേ കറുമ്പാ ... ?, രാജീവൻ ചോദിച്ചു.

കൂലിപ്പണിക്കാരന് ആര് പെണ്ണ് തരാനാ ചേട്ടാ, കറുമ്പൻ പാടത്തെ വെള്ളത്തിൽ ഒഴുകി നടക്കുന്ന തൻ്റെ പ്രതിബിംബം നോക്കി രാജീവന് പുറകെ നടന്നു .

കുറച്ചു കൂടെ വെള്ളം പൊങ്ങിയാൽ ഞണ്ടും തേളും പാമ്പുമെല്ലാം പാടത്ത് നിന്ന് ഇഴഞ്ഞ് കയറി പുരയുടെ മുറ്റത്തെത്തും , നടക്കുന്നതിനിടയിൽ കറുമ്പൻ ഓർത്തു.

അതൊക്കെ നടക്കും നീയൊന്ന് വിചാരിക്കണം , ഒരിടത്ത് ഉറച്ച് നിൽക്കണം. രാജീവൻ

മഴയത്ത് പട്ടിണി കിടക്കുന്ന കറുമ്പന് പെണ്ണ്..., അവന് തന്നോട് തന്നെ പുച്ഛം തോന്നി.


മാഷേ... ദേ കറുമ്പനെ കയ്യോടെ കൂട്ടി കൊണ്ട് വന്നിട്ടുണ്ട് പ്യൂൺ രാജീവൻ സ്കൂൾ ഹെഡ് മാസ്റ്ററുടെ മുറിക്ക് അകത്തേക്ക് കയറി.

കറുമ്പൻ സ്കൂൾ മുറ്റത്ത് തന്നെ ചുറ്റിനും നോക്കി നിന്നു.സ്കൂളിന് വലിയ മാറ്റമൊന്നും ഇല്ല .മനുഷ്യർക്കല്ലേ മാറ്റം വരേണ്ടത് വായിൽ തികട്ടി വന്ന യാഥാർത്ഥൃത്തിൻ്റെ കയ്പ്പ് നീർ അവൻ പുറത്തേക്ക് കാർക്കിച്ച് തുപ്പി.

എത്ര കൊടുക്കണം ?.. , ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഹെഡ് മാസ്റ്ററിൻ്റെ മുറിക്ക് അകത്ത് നിന്നും പതിഞ്ഞ ശബ്ദങ്ങൾ.

സാറൊന്ന് സമ്മതിക്ക്. രാജീവൻ

... ശരി... ശരി..., ഹെഡ് മാസ്റ്റർ ഉച്ചത്തിൽ സംസാരിച്ചു കൊണ്ട് മുറിക്ക് പുറത്തേക്കിറങ്ങി വന്നു.

എന്തൊക്കെയുണ്ട് കറുമ്പാ..., നിന്നെക്കൊണ്ട് പറ്റ്വോ?, വെള്ള വസ്ത്രമിട്ട് കറുത്ത ഫ്രെയിം ഉള്ള കണ്ണട വെച്ച അയാളുടെ മുഖത്ത് പരിഹാസം.

ഓ... കറുമ്പൻ ഓഛാനിച്ച് നിന്നു.

സ്കൂളിൻ്റെ തെക്കേ മൂലക്കാണ് ആ അശ്രീകരം വന്ന് കിടക്കുന്നത്, കൊന്ന് കളഞ്ഞേക്ക് ! അത്രയ്ക്ക് ശല്യമായിരിക്കുന്നു. ഹെഡ് മാസ്റ്റർ

എന്നാൽ ഞാൻ അങ്ങോട്ട്.., കറുമ്പൻ നീണ്ട വടി കയ്യിൽ മുറുക്കെ പിടിച്ച് നടന്നു.വടിയുടെ അറ്റത്ത് നിന്നും തൂങ്ങി കിടന്ന കയറിൻ്റെ കുരുക്ക് ആരാച്ചാരുടെ തൂക്ക് കയർ പോലെ ആടിക്കൊണ്ടിരുന്നു.

അവൻ ചെയ്തോളും... , രാജീവൻ ഹെഡ്മാസ്റ്ററോട് പതിയെ പറഞ്ഞു.


കറുമ്പൻ സ്കൂളിൻ്റെ തെക്ക് ഭാഗത്ത് എത്തി നിന്നു.അവിടെ നിന്നിരുന്ന തല്ലി തേങ്ങയെന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന ബദാം മരം, അവൻ്റെ മനസ്സിൽ ചില നല്ല ഓർമകൾ ഉണർത്തി.ഉച്ച ഭക്ഷണത്തിന് നിവർത്തിയില്ലാത്തപ്പോൾ വിശപ്പടക്കാൻ കുട്ടികൾ വന്നിരുന്ന ബദാം മര ചുവട്.. മരത്തിൽ വലിഞ്ഞ് കയറി പറിച്ചെടുക്കുന്ന ബദാം കായ് കരിങ്കല്ലിന് മുകളിൽ വെച്ച് തല്ലിപ്പൊട്ടിച്ച് ബദാമിൻ്റെ നീളൻ പരിപ്പെടുത്ത് കൂട്ടുകാരുടെ ഒപ്പം വീതിച്ച് കഴിക്കുമ്പോഴാണ് അവന് പഠിച്ചിരുന്ന കാലത്ത് അൽപ്പമെങ്കിലും സന്തോഷം തോന്നിയിരുന്നത്.സ്കൂളിലെ പൈപ്പിൽ നിന്നും ആർത്തിയോടെ വെള്ളം വയർ നിറയെ കുടിച്ച് ക്ലാസ്സിലേക്ക് മടങ്ങി എത്തുമ്പോൾ ബാക്കി കുട്ടികൾ ഭക്ഷണം കഴിച്ച് ചോറ്റ് പാത്രം കഴുകാൻ പോയിട്ടുണ്ടാകും.കുറച്ച് നേരം ബദാം മരത്തിലേക്ക് നോക്കി നിന്ന കറുമ്പൻ വാതിലുകളും ജനലുകളും ഇല്ലാത്ത ക്ലാസ് മുറികളിൽ ശല്യക്കാരൻ നായയെ തിരയുവാൻ തുടങ്ങി.

എന്താ കറുമ്പാ നായ പോയാ ?. രാജീവൻ.

ഇവിടെങ്ങും ഒന്നുമില്ലല്ലോ... . കറുമ്പൻ

അതിനി സന്ധ്യക്കെ വരൂ , നീ ഇന്ന് ഇവിടെ കൂടിക്കോ. ഇതാ രാത്രിയിലേക്കുള്ള ഭക്ഷണം... , രാജീവൻ കയ്യിലിരുന്ന പൊതിച്ചോറ് കറുമ്പന് നേരെ നീട്ടി.

കറുമ്പൻ ഭക്ഷണപ്പൊതി വാങ്ങി ബെഞ്ചിലേക്കിരുന്നു.

മഴക്കുള്ള കോളുണ്ട് കാർമേഘം മൂടിക്കെട്ടിയ ആകാശത്തേക്ക് നോക്കി വേഗത്തിൽ മടങ്ങുമ്പോൾ രാജീവൻ പറഞ്ഞു.


തൻ്റെ സ്കൂൾ കാലഘട്ടം അയവിറക്കി, ഒഴിഞ്ഞ സ്കൂൾ മുറിയിലെ ബെഞ്ചിൽ തല വെച്ച് കറുമ്പൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.പുറത്ത് വലിയ ശബ്ദത്തിൽ ഇടി വെട്ടുന്നത് കേട്ടാണ് അവൻ ഞെട്ടിയുണർന്നത്.സമയം സന്ധ്യയായിരുന്നു പുറത്ത് മഴ തകൃതിയായി പെയ്യുന്നു.കറുമ്പൻ ബെഞ്ചിൽ എഴുന്നേറ്റിരുന്ന് മഴയിലേക്ക് നോക്കി നെടുവീർപ്പിട്ടു.

...സ്കൂൾ മുറിയുടെ വാതിൽക്കൽ ചെറിയ ഒരനക്കം, അരണ്ട വെളിച്ചത്തിൽ മുറിയിലേക്ക് ഓടിക്കയറി വന്ന കറുത്ത നായയെ കണ്ട് അവൻ ഒന്ന് പകച്ചു.മുറിയുടെ വാതിൽക്കൽ ദേഹത്ത് നിന്ന് മഴവെള്ളം ഒലിപ്പിച്ച് നിന്ന നായ അപ്രതീക്ഷിതമായി തൻ്റെ മുന്നിൽ വന്ന് പെട്ട കറുമ്പനെ നോക്കി ദേഷ്യത്തോടെ മുരണ്ടു.അത് അതിൻ്റെ കൂർത്ത പല്ലുകൾ പുറത്ത് കാട്ടി കറൂമ്പന് നേരെ നടന്നടുത്തു.പുറത്ത് വെട്ടിയ ഇടിമിന്നലിൽ അതിൻ്റെ കണ്ണുകൾ തിളങ്ങി ..കറുമ്പൻ്റെ കൈകൾ പതുക്കെ തറയിൽ കിടന്നിരുന്ന തൻ്റെ വടിയിൽ മുറുകി.ആക്രമിക്കാനായി തൻ്റെ നേർക്ക് നടന്നടുക്കുന്ന നായയിൽ നിന്ന് കണ്ണെടുക്കാതെ അവൻ നിശ്ചലനായി ഇരുന്നു.നായ മുരണ്ട് കൊണ്ട് അടുത്തെത്തിയതും കറുമ്പൻ വടിയിലെ കുരുക്ക് നായയുടെ നേർക്ക് ചുഴറ്റി എറിഞ്ഞു.കുരുക്ക് കഴുത്തിൽ വീണതും, പുറകോട്ട് പായാൻ നോക്കിയ നായയെ അവൻ സർവ്വശ ക്തിയുമെടുത്ത് പുറകോട്ട് വലിച്ച് കുരുക്ക് മുറുക്കി.പ്രാണന് വേണ്ടിയുള്ള അവസാന പിടച്ചലിൽ നായ കുരുക്കിൽ നിന്നും കുതറി മാറാൻ നോക്കിയെങ്കിലും കറുമ്പൻ്റെ കരുത്തിന് മുന്നിൽ അത് മരണത്തിന് കീഴടങ്ങി .വടി താഴെയിട്ട് കറുമ്പൻ കിതച്ച് കൊണ്ട് ബെഞ്ചിൽ തളർന്നിരുന്നു. ചേതനയറ്റ് നിലത്ത് കിടന്ന നായയുടെ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു.മഴ നിലച്ചു.


നേരം വെളുത്തതും കറുമ്പൻ എഴുന്നേറ്റ് സ്കൂളിലെ പൈപ്പിൻ ചുവട്ടിലേക്ക് നടന്നു . കയ്യും മുഖവും കഴുകുന്നതിനിടയിൽ പ്യൂൺ രാജീവൻ സ്കൂൾ ഗേറ്റ് തുറന്ന് അവൻ്റെ അടുത്തേക്ക് നടന്ന് വരുന്നുണ്ടായിരുന്നു .

എന്താ കറുമ്പാ ജോലി തീർത്തോ? രാജീവൻ ചോദിച്ചു .

അവിടെ കിടക്കുന്നുണ്ട് , പേയ് ഉണ്ടായിരുന്നെന്ന് തോന്നി. കറുമ്പൻ തെക്കോട്ട് വിരൽ ചൂണ്ടി.

രാജീവൻ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് രണ്ട് 500 രുപ നോട്ടെടുത്ത് കറൂമ്പന് നേരെ നീട്ടി.

500 മതി ചേട്ടാ കറുമ്പൻ പറഞ്ഞു.

നീയിത് വെച്ചോ..., ഈ മഴയത്ത് നിനക്ക് എവിടെ പണി കിട്ടാനാ.

കറുമ്പൻ കാശ് പോക്കറ്റിലേക്കിട്ട് ക്ലാസ്സ് മുറിക്ക് നേരെ നടക്കുന്നത് രാജീവൻ നോക്കി നിന്നു.

ഇരുളടഞ്ഞ ക്ലാസ്സ് മുറിക്ക് അകത്ത് ഈച്ചയാർത്ത് ചത്ത് കിടക്കുന്ന പെൺ പട്ടിയെ കണ്ട് കറൂമ്പൻ്റെ ഹൃദയം ഒന്ന് പിടഞ്ഞു. മുറിയുടെ മൂലയിൽ അടുക്കി വെച്ചിരുന്ന ബെഞ്ചുകൾക്ക് അടിയിൽ നിന്ന് മോങ്ങി കൊണ്ട് പുറത്തേക്ക് വന്ന കണ്ണ് തുറക്കാത്ത രണ്ട് വെളുത്ത സുന്ദരൻ നായ്ക്കുട്ടികളെ കണ്ടപ്പോഴാണ് കറൂമ്പന് താൻ ചെയ്ത കൊടും പാതകത്തിൻ്റെ വ്യാപ്തി മനസ്സിലായത്.കുനിഞ്ഞ് നായക്കുട്ടികളെ രണ്ടിനെയും കയ്യിൽ എടുത്ത് സ്കൂൾ ഗേറ്റിന് അടുത്തേക്ക് നടക്കുമ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

എടാ കറുമ്പാ... , നിനക്ക് അതിനെ കൂടെ അങ്ങ് കൊന്നൂടായിരുന്നോടാ? മുറിക്ക് പുറത്തേക്ക് വന്ന ഹെഡ് മാസ്റ്റർ കറുമ്പൻ്റെ കയ്യിലെ നായക്കു ഞ്ഞുങ്ങളെ ചൂണ്ടി ചോദിച്ചു.

നായകൾക്കെ കണ്ണ് കാണാതെയുള്ളൂ സാറെ... എനിക്ക് കാണാം കുതറിക്കൊണ്ടിരുന്ന നായ ക്കുഞ്ഞുങ്ങളെ ഒരു കയ്യിൽ ഒതുക്കി നിർത്തി തൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ കിടന്നിരുന്ന ആയിരം രൂപയെടുത്ത് ഹെഡ് മാസ്റ്ററിൻ്റെ മുന്നിൽ വെച്ചിട്ട് കറുമ്പൻ സ്കൂളിന് പുറത്തേക്ക് നടന്നു.

                     < അവസാനിച്ചു >



Rate this content
Log in

Similar malayalam story from Drama