STORYMIRROR

" വിരുതൻ "

Horror Fantasy Thriller

3  

" വിരുതൻ "

Horror Fantasy Thriller

ഒത്തു ചേരൽ

ഒത്തു ചേരൽ

3 mins
30

നാല് സുഹൃത്തുക്കൾ ഒരു സന്ധ്യക്ക് അവരുടെ നാട്ടിലെ പ്രേത ഭവനത്തിൽ ഒത്തു ചേർന്നൂ.4 പേരും ഉയർന്ന വിദ്യാഭ്യാസം നേടി പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്നവർ .അവധിക്ക് നാട്ടിൽ വന്നപ്പോൾ അവർ ചുറ്റും കാട് പിടിച്ച് ഒറ്റപ്പെട്ടു കിടക്കുന്ന ആ വീട്ടിലെത്തി. വീടിൻ്റെ മര വാതിൽ തള്ളി തുറന്ന് അതിനകത്തേക്ക് ആദ്യം കയറിയത് രമേഷായിരുന്നു .ബാക്കി മൂവരും അവനെ അനുഗമിച്ചു.


ഇവിടെ ആരൊക്കെയോ വരാറുണ്ടെന്ന് തോന്നുന്നു...., അവർ നിൽക്കുന്ന മുറിയുടെ നടുവിൽ ഉരുകിയിരിക്കുന്ന മെഴുക് തിരിയിലേക്ക് ചൂണ്ടി ക്രിസ്റ്റി പറഞ്ഞു ചിലപ്പോൾ പ്രേതങ്ങൾ ചുടല നൃത്തം ചെയ്യാൻ വരുന്നതാകും , എന്ന് ആകാശ്.മനുഷ്യനെ ഓരോന്നു പറഞ്ഞ് പേടിപ്പിക്കാതെടേ ഒന്നാമതെ ഇരുട്ടി തുടങ്ങി അതിനിടക്കാണ് അവൻ്റെ പ്രേത പുരാണം കേശവ് മുറിക്ക് ചുറ്റിനും ജാഗ്രതയോടെ നോക്കി .


ഇവനിത് എന്ത് പറ്റി ?, മുറിക്ക് ചുറ്റും എന്തോ പരതി നടക്കുന്ന രമേഷിനെ നോക്കി ആകാശ് ക്രിസ്റ്റിയോടും കേശവിനോടും പതിയെ ചോദിച്ചു.ഞാനും ശ്രദ്ധിച്ചു ഇതിനകത്ത് കയറിയത് മുതൽ അവൻ ഒരു മാതിരി കേശവ് നിന്ന് തല ചൊറിഞ്ഞു.ചുവരിൽ തൂക്കിയിരുന്ന ഒരു മനോഹരമായ പെയിൻ്റിംഗിൻ്റെ പുറകിൽ നിന്നും രമേഷ് ഒരു തീപ്പെട്ടി തപ്പിയെടുത്ത് മുറിയുടെ മധ്യത്തിൽ ഇരിക്കുന്ന മെഴുക് തിരിക്ക് നേരെ നടന്നു.വേഗം കത്തിക്കെട ഇരുട്ടാകുന്നു കേശവ് നെറ്റിയിലെ വിയർപ്പ് തുടച്ചു മാറ്റി.


എടാ രമേഷേ, നിനക്ക് ഓർമ്മയുണ്ടോ... പണ്ട് നമുക്ക് ഈ വീടിന് മുൻപിലെ വഴിയിലൂടെ സ്കൂളിലേക്ക് പോകുവാൻ പേടിയായിരുന്നു ആകാശ് പറഞ്ഞു. ഓ എനിക്ക് പേടിയൊന്നുമില്ലായിരുന്നു....,  പേടിയുണ്ടായിരുന്നെങ്കിൽ ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിക്കുമായിരുന്നോ..., ആകാശ്??..., രമേഷ് തീപ്പെട്ടിയുരച്ച് മെഴുകുതിരി കൊളുത്തി . മെഴുകുതിരി വെളിച്ചം മുറിയിലാകെ പ്രകാശം പരത്തി. 


പിന്നെ... ഞങ്ങൾക്കായിരുന്നോ പേടി , നീ ആയിരുന്നു ഈ വീട്ടിൽ പ്രേതമുണ്ടെന്ന് പറഞ്ഞ് ഇവിടുത്തെ ചില്ല് ജനാലയിലേക്ക് കല്ലെടുത്തെറിഞ്ഞ് സ്കൂളിലേക്ക് ആദ്യം ഓടിയിരുന്നത്, ബാക്കി മൂവരും രമേഷിനെ നോക്കി പൊട്ടിച്ചിരിച്ചു. ദേ നോക്ക്....,  നീ പൊട്ടിച്ച ജനാലയുടെ ചില്ല് ഇപ്പോഴും ഇവിടെ കിടക്കുന്നുണ്ട് ക്രിസ്റ്റി പൊടി പിടിച്ചു കിടക്കുന്ന മുറിയുടെ മൂലയിലേക്ക് വിരൽ ചൂണ്ടി.രമേഷ് എഴുന്നേറ്റ് ജനാലക്ക് നേരെ നടന്നു.അത് പിന്നെ സ്കൂൾ കാലത്ത് ഒരിക്കൽ ഞാൻ ഇവിടെ പേരക്ക പറിക്കാൻ വന്നപ്പോൾ നല്ല ഉയരമുള്ള ഒരാളെ ഇവിടെ കണ്ടിരുന്നു രമേഷ് ഗ്ലാസ്സ് പൊട്ടിയ ജനാലയിലെ വിടവിലൂടെ ഇരുട്ടിലേക്ക് നോക്കി നിന്നു.


എന്നിട്ട് ...., രമേഷ് നീ അതിനെ പറ്റിയൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല...., ആരായിരുന്നു അയാൾ?!...., കേശവ് രമേഷിൻ്റെ പുറകിൽ നിന്ന് എത്തി നോക്കി ചോദിച്ചു.രമേഷ് ഒന്നും മിണ്ടിയില്ല....


ക്രിസ്റ്റിയും ആകാശും കേശവും എന്താണിത് എന്ന മട്ടിൽ പരസ്പരം നോക്കി നിന്നു . രമേഷ്... രമേഷ് അവർ രമേഷിനെ പതിഞ്ഞ സ്വരത്തിൽ പുറകിൽ നിന്ന് വിളിച്ചു.രമേഷ് അനങ്ങാതെ നിൽക്കുകയാണ്. മൂന്നു സുഹൃത്തുക്കളുടെയും മുഖത്ത് പരിഭ്രമവും ഭയവും നിഴലിച്ചിരുന്നു .  ജനാലയിലെ തകർന്ന ഗ്ലാസ്സിനിടയിലൂടെ വീശിയ തണുത്ത കാറ്റിൽ മുറിയുടെ നടുക്ക് വെച്ചിരുന്ന മെഴുകുതിരി ആളിക്കത്തി.


അയാൾ ഈ പൊട്ടിയ ജനാല ഗ്ലാസിലൂടെ പുറത്ത് പേരക്ക പറിക്കുന്ന എന്നെ നോക്കി നിൽക്കുമായിരുന്നു രമേഷ് തുടർന്നു.നിശ്ചലനായി നിന്നിരുന്ന അവൻ നിന്നിടത്ത് നിന്ന് നീങ്ങി, ജനാലയുടെ കർട്ടൻ ജനാലയിലെ പൊട്ടൽ മറയ്ക്കുന്ന വിധം നീക്കിയിട്ടു.എന്നിട്ട്??... ആകാശ് പുരികം ചുളിച്ച് ചോദിച്ചു.പിന്നീട് ഇന്നേ വരെ ഞാൻ അയാളെ ഇവിടെ കണ്ടിട്ടില്ല, രമേഷ് തിരിഞ്ഞു നിന്ന് കൂട്ടുകാരെ നോക്കി ചിരിച്ചു.


അയാളായിരുന്നോ നിൻ്റെ പ്രേതം??, ക്രിസ്റ്റി ചിരിയമർത്തി.അതേ.... ക്രിസ്റ്റി ... അയാളാണ് എൻ്റെ പ്രേതം രമേഷിൻ്റെ ഉറക്കെയുള്ള ശബ്ദം മുറിയിലാകെ പ്രതിധ്വനിച്ചു.അവൻ തൻ്റെ സുഹൃത്തുക്കളെ നോക്കി വികൃതമായി ചിരിച്ചു. രമേഷിൽ പെട്ടെന്നുണ്ടായ മാറ്റം കണ്ട് അവൻ്റെ സുഹൃത്തുക്കൾ പകച്ചു നിൽക്കുമ്പോൾ രമേഷിന് പെട്ടെന്ന് ഉയരം വെക്കാൻ തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ നിന്നിരുന്ന സുഹൃത്തുക്കളുടെ കൺമുന്നിൽ രമേഷിൻ്റെ ഉയരം മുറിയുടെ ഉത്തരത്തിൽ മുട്ടുന്ന വിധമായി.അവൻ്റെ മുഖത്തപ്പോൾ നിസംഗത മാത്രമായിരുന്നു. ആരുടെയോ ആജ്ഞ അനുസരിച്ച് പ്രവർത്തിക്കുന്ന താക്കോൽ കൊടുക്കുന്ന ഭീമാകാരമായ ഒരു പാവയെ പോലെ രമേഷ്. ഭീതിയുടെ അന്തരീക്ഷം കനപ്പിച്ചു കൊണ്ട് രമേഷിൻ്റെ രൂപം മറ്റൊരാളുടേതായി മാറി.വലിയ തലയും തടിച്ച ശരീരവും കൂർത്ത് നീണ്ട നഖങ്ങളും പല്ലുകളുമുള്ള കണ്ടാൽ അറപ്പും ഭയവും ഉളവാക്കുന്ന ഒരു ജീവി. അത് ആകാശിനെയും ക്രിസ്റ്റിയെയും കേശവിനെയും നോക്കി കണ്ണുരുട്ടി.പെട്ടെന്നത് നിലത്ത് കുനിഞ്ഞിരുന്നു.എന്നിട്ട് അതിൻ്റെ വലിയ വായ തുറന്ന് രമേഷിൻ്റെ മൃത ശരീരം പുറത്തേക്ക് തുപ്പിയിട്ടു. ആ ഭയങ്കര ദൃശ്യം കണ്ട സുഹൃത്തുക്കൾ ഭീകര സത്വത്തിൻ്റെ കരാള ഹസ്തങ്ങളിൽ നിന്ന് രക്ഷപ്പെടുവാൻ അലറി വിളിച്ച് പുറത്തേക്കുള്ള വാതിലിന് അടുത്തേക്ക് ഓടി.


പ്രേത ഭവനത്തിൻ്റെ വാതിലുകൾ ഒന്നൊന്നായി കൊട്ടിയടക്കപ്പെട്ടു അതിലെ ലോക്കുകൾ വീണു.മുറിയിലെ മെഴുകുതിരി അസാമാന്യമാം വിധം ജ്വലിച്ചു.പുറത്തേക്കുള്ള അടഞ്ഞ വാതിലിന് മുൻപിൽ രക്ഷപ്പെടാനാകാതെ അലറി കരഞ്ഞു നിന്നിരുന്ന ആകാശും ക്രിസ്റ്റിയും കേശവും വായുവിലേക്ക് എറിയപ്പെട്ടു, അവർ ബലൂണുകളെ പോലെ വായുവിൽ തങ്ങി നിൽക്കുകയാണ് .ഭീകര സത്വം തൻ്റെ കൈ വിരൽ ഒന്നു ഞൊടിച്ചതോടെ വായുവിൽ തങ്ങി നിന്നിരുന്ന മൂന്ന് സുഹൃത്തുക്കളും മരണ ചുഴിയിൽ പെട്ടത് പോലെ കത്തുന്ന മെഴുക് തിരിക്ക് ചുറ്റും വേഗത്തിൽ കറങ്ങാൻ തുടങ്ങി. രമേഷിൻ്റെ ചേതനയറ്റ ശരീരം തറയിൽ മരവിച്ചു കിടന്നിരുന്നു.വീടിന് അകത്തും പുറത്തും അന്ധകാരം കനക്കുമ്പോൾ ക്രിസ്റ്റിയുടെയും ആകാശീൻ്റെയും കേശവിൻ്റെയും നിലവിളികൾ വീടിൻ്റെ നാല് ചുവരുകൾക്ക് അകത്ത് അമർന്ന് ഇല്ലാതായി.


ചന്ദ്രൻ ഉദിച്ച അന്നത്തെ രാത്രി ചന്ദ്രൻ്റെ നിറം ചുവപ്പായിരുന്നു.ചന്ദ്ര പ്രഭയിൽ ആ പ്രേത ഭവനത്തിൻ്റെ ചില്ലിട്ട ജനാലക്ക് പുറകിൽ , പുറത്തേക്ക് നോക്കി നിൽക്കുന്ന തടിച്ച് നല്ല ഉയരമുള്ള ഒരാളെയും മറ്റ് മൂന്ന് പേരെയും കാണാമായിരുന്നു.


           < അവസാനിച്ചു >


            


                  



Rate this content
Log in

Similar malayalam story from Horror