Shibu SK Panicker

Drama Horror Thriller

4.0  

Shibu SK Panicker

Drama Horror Thriller

ലാലി

ലാലി

18 mins
389


ട്രെയിൻ നീലേശ്വരം സ്റ്റേഷൻ അടുക്കാറായി.അധികനേരത്തെ യാത്രാമുഷിച്ചിലിന്റെ പിടിയിൽ നിന്നും ചിന്തകളെ ബലമായി പിടിച്ചു മാറ്റി ഇരിപ്പിടത്തിൽ നിന്നും ബാഗുമായി വാതിലിനു അരികിലേക്ക് ചെന്നു നിന്നു... തികച്ചും അന്യമായ നാട്, ആദ്യമായി ഉള്ള സന്ദർശനം..

ഒരു പെൺകുട്ടിയെ തേടിയാണ് എന്റെ യാത്രയുടെ വരവ്. ഒരിക്കലും നേരിൽ കാണാത്ത, ഒരിക്കൽ പോലും ശബ്ദം കേൾക്കാത്ത ഒരു പ്രിയപ്പെട്ട പെൺകുട്ടി.. ലാലി,, കത്തിലൂടെ പരിചയപ്പെട്ടവൾ, തൂലിക സൗഹൃദം..


കഴിഞ്ഞ മൂന്ന് വർഷകാലമായി ഞങ്ങൾ കത്തിലൂടെ അന്യോന്യം ചിന്തകൾ പങ്കിടുന്നു, സന്തോഷവും സങ്കടവും ഒക്കെ പരസ്പ്പരം പറഞ്ഞു ആശ്വസിപ്പിച്ചും രസിപ്പിച്ചും എഴുത്തിലൂടെ ഒറ്റപെടലിന് ഞങ്ങൾ അകറ്റൽ നൽകി..

എങ്ങനെ എന്നു അറിയില്ല, അവൾ ജീവിതകാലം മുഴുവനും ഒപ്പം വേണം എന്ന് തോന്നിയത്.. ഞാൻ പോലും അറിയാതെ അവളോട്‌ എന്റെ ഉള്ളിൽ ഒരു പ്രേമം മുളച്ചു കയറുകയായിരുന്നു.. ഒരുപക്ഷേ അവൾക്കും... അവസാന കത്തിൽ അവളോട്‌ എന്റെ മനസ്സിൽ ഉള്ള ഇഷ്ടം മുഴുവനും തുറന്ന് എഴുതി...പക്ഷേ ആറു മാസകാലം ആയിട്ടും അവളുടെ മറുപടി കത്ത് എനിക്ക് കിട്ടിയില്ല... അവളെ എനിക്ക് നഷ്ടപ്പെടുന്നപോലെ.. വീണ്ടും ഒറ്റപെടലിലേക്ക് മനസ്സ് പെടഞ്ഞു നീങ്ങുന്നു....

ഞാൻ അവളോട്‌ എന്റെ ഇഷ്ടം പറഞ്ഞത് അവൾക്ക് ഇഷ്ടമായില്ല, അല്ലെങ്കിൽ അവൾക്ക് എന്തോ തടസമോ ആപത്തോ വന്നു, അതുമല്ലെങ്കിൽ ആരോ ഒരാൾ എന്നെ കബളിപ്പിക്കുകയായിരുന്നു..പക്ഷെ, കബളിപ്പിച്ചു എന്നു മനസ്സ് ഉറച്ചു പറയുന്നില്ല, കാരണം അവളുടെ ഓരോ വരികളിലും സ്വന്തം ജീവിതത്തിന്റെ ഹൃദയതുടിപ്പുകൾ ഉണ്ടായിരുന്നു.....


എന്തായാലും ഇന്നൊരു ഉത്തരം എനിക്ക് കിട്ടണം.. ഈ കാത്തിരിപ്പിന് വിരാമം ഇടണം.. അവൾ മുൻപ് നൽകിയ അവളുടെ ഒരു ഫോട്ടോയും അഡ്രസ്സും മാത്രമേ എന്റെ കയ്യ് വശം ഉള്ളൂ.. അത് വഴി അവളെ കണ്ടെത്തണം.... കൊന്നക്കാട് എന്ന മലയോര ഗ്രാമത്തിൽ ആണ് അവളുടെ വീട്...


ട്രെയിൻ നീലേശ്വരം സ്റ്റേഷനിലേക്ക് കയറുന്നു..ഉച്ചത്തിൽ ഉള്ള മണിയടി ശബ്ദം കേൾക്കാം.. യാത്രക്കാർ ഇറങ്ങാൻ ഉള്ള കോലാഹലത്തിൽ ആണ്..

പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി സ്റ്റേഷന്റെ മുൻവശത്തേക്ക് നടന്നു... മറ്റു റെയിൽവേ സ്റ്റേഷനുകളിൽ കാണുന്ന പോലെ റിക്ഷകൾ ഒന്നും തന്നെ മുൻവശത്ത് ഇല്ലായിരുന്നു.. റോഡിന്റെ മറുവശത്ത്‌ ഒരു ബസ് സ്റ്റോപ്പ് കാണാം. റോഡ് മുറിച്ചു ഇരുവശവും നോക്കി കാലിനു വേഗത കൂട്ടി നടന്നു ബസ് സ്റ്റോപ്പിൽ എത്തി.. ബസ്സ് കയറാൻ അധികം യാത്രക്കാർ ഒന്നും ഇല്ലായിരുന്നു.. കയ്യിൽ സഞ്ചി കെട്ടുമായി ഒരു വൃദ്ധൻ അവിടെ ബസ് കയറാൻ നിൽപ്പമുണ്ട്..അദ്ദേഹത്തിനോട് ഞാൻ കൊന്നക്കാട് പോകുന്ന ബസ് വിവരം തിരക്കി.. എന്നെ രൂക്ഷമായി ഒന്നു നോക്കിയിട്ട് വൃദ്ധൻ താടി ഉയർത്തി നേരെ നിന്നു, ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ഒടുവിൽ അയാൾ മറുപടി നൽകി..


" കൊന്നക്കാട് പോകാൻ ഈ സമയം ബസ് ഉണ്ടാവില്ല, പരപ്പ ബസ് ഇപ്പോൾ വരും.പരപ്പ ഇറങ്ങിയിട്ട് നിങ്ങൾക്ക് അവിടെ നിന്നും കൊന്നക്കാടിലേക്ക് ജീപ്പ് കയറി പോകാം. ഞാനും പരപ്പയ്ക്ക് ആണ്.. "


പരപ്പ ബസ്സ് വന്നു.. ഞങ്ങൾ അതിലേക്ക് കയറി.. ബസ്സിൽ അധികം ആളുണ്ടായിരുന്നില്ല. ഞാൻ ഇരുന്ന സീറ്റിന്റെ പിന്നിലായി ആ വൃദ്ധനും ഇരുന്നു... ബസ്സ് മുൻപിലേക്ക് ചലിച്ചു. കണ്ടക്ടർ വന്നു ടിക്കറ്റും നൽകി. കണ്ണു രണ്ടും വെളിയിലേക്ക് പാകി നീലേശ്വരത്തെ മനസ്സിൽ പതിച്ചുകൊണ്ടിരുന്നു. ആദ്യമായി കാണുന്ന സ്ഥലം, റോഡിന്റെ വശങ്ങളിൽ സായാഹ്ന കച്ചവടങ്ങൾ പൊടി പൊടിക്കുന്നു. കടകളുടെ ചുമരുകളിൽ നരസിംഹം സിനിമയുടെ പോസ്റ്ററുകൾ നിറഞ്ഞിട്ടുണ്ട്..


" അല്ല, ഇവിടുത്തുകാരൻ അല്ലെന്നു മനസ്സിലായി, എവിടെയാ തന്റെ നാട് ? "


എന്റെ പിന്നിലെ കമ്പിയിൽ തലയിട്ട് വൃദ്ധന്റെ ചോദ്യം എത്തി....


തല ചരിച്ചു പിന്നിലേക്ക് നോക്കി അദ്ദേഹത്തിന് മറുപടി നൽകി..


" കൊല്ലം"


"ആഹാ ,കൊല്ലത്ത് ആണോ വീട്, എന്റെ അച്ഛന്റെ നാട് കൊല്ലത്ത് വർക്കലയിൽ ആണ് , ഞങ്ങൾ പരപ്പയിൽ കുടിയേറ്റക്കാർ ആണ്, ഞങ്ങൾ മാത്രം അല്ല പരപ്പയിൽ ഉള്ളവരെല്ലാം പല പല നാടുകളിൽ നിന്നും വന്നു കൂടിയവർ ആണ്, തന്റെ വർത്താനം കേട്ടപ്പോഴേ മനസ്സിലായി കാസർഗോട്ടെ ആളല്ലെന്നു.... "


തല മുഴുവനായി തിരിച്ചു ഞാൻ അദ്ദേഹത്തോട് ചോദിച്ചു....


" അല്ല അമ്മാവാ ഈ വർക്കല തിരുവനന്തപുരം ആണല്ലോ, പിന്നെ കൊല്ലം എന്നു പറഞ്ഞത് എന്തിനാ... "


"താൻ ആണോ അത് തീരുമാനിക്കുന്നത്, എന്റെ അച്ഛന്റെ നാട് എനിക്ക് അറിഞ്ഞൂടെ, വർക്കല കൊല്ലത്ത് തന്നെയാ......"


അദ്ദേഹത്തിന്റെ ആ മറുപടിയിൽ ഞാൻ ഒന്നും മിണ്ടിയില്ല, കക്ഷിക്കാരൻ കുറച്ചു വാശിക്കാരൻ ആണെന്ന് തോന്നുന്നു....


" അല്ല, താൻ എന്തിനാ കൊന്നക്കാട് പോകുന്നത് ? "


വീണ്ടും ചോദ്യം എത്തി...


" എനിക്ക് അവിടെ ഒരാളെ കാണാൻ ഉണ്ട്, സുഹൃത്ത് ആണ്.. "


" ആരെ കാണാൻ ആയാലും താൻ നാളെ പോയാൽ മതി, ഇന്ന് പരപ്പയിൽ തങ്ങാൻ നോക്ക്.. "


അദ്ദേഹത്തിന്റെ ആ പറച്ചിൽ എനിക്ക് തീരെ ഇഷ്ടം ആയില്ല, ഞാൻ എപ്പോൾ പോകുമെന്ന് ഞാൻ തീരുമാനിക്കും, ഇന്ന് തന്നെ പോകും, ലാലിയെ എനിക്ക് ഇന്ന് തന്നെ കാണണം..... ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു പുറത്തെ കാഴ്ചകളെ നോക്കി... ആകാശം ചുവന്നു കൊണ്ടിരുന്നു.....


ബസ്സ് പരപ്പയിൽ എത്തി.. ബസ്സിൽ നിന്നും ഞാൻ മെല്ലെ ഇറങ്ങി എന്റെ ബാഗുമായി. നേരം നല്ല ഇരുട്ടി തുടങ്ങി.. മുന്നിലേക്ക് നടന്നു നീങ്ങവെ ആ വൃദ്ധൻ വേഗത്തിൽ നടന്നു എന്റെ അടുക്കൽ എത്തി...

"അതേ കൊച്ചനെ, കൊന്നക്കാടിലേക്ക് ഇന്ന് പോകാൻ നിൽക്കേണ്ട, അത്ര ശരിയുള്ള സ്ഥലം അല്ല,പല പല കഥകൾ ആണ് പലരും പറയുന്നത് "


"എന്റെ അമ്മാവാ, എന്നെ വിട്ടേക്ക്, പറ്റിയാൽ നമ്മക്ക് കൊല്ലത്തെ വർക്കലയിൽ കാണാം "


അദ്ദേഹത്തെ ഒഴുവാക്കി ഒരു ചെറു ചിരിയോടെ മുൻപിലേക്ക് നടന്നു. പരപ്പയിൽ വലിയ ആളും അനക്കവും ഒന്നും തന്നെ ഇല്ല, ഒരു തനി മലയോര ഗ്രാമ കവല. മുന്നിൽ നൂറടി മാറി കാണുന്ന പീടികയുടെ നേർക്ക് ഒരു ജീപ്പ് കിടക്കുന്നത് വഴിവിളക്കിൽ ദൃശ്യം ആകുന്നുണ്ട്.. അവിടേക്ക് നടന്നു...


ജീപ്പിന്റെ അടുക്കൽ എത്തി.. അതിന്റെ ഡ്രൈവർ അതിനോട് ചാരി ഒരു ബീഡി പുകയുമായി നിൽപ്പമുണ്ട്..

എന്റെ നോട്ടം കണ്ട് അയാൾ ചോദിച്ചു...


" എന്താ സാറെ, എവിടേക്ക് പോകാൻ ആണ്.... ? "


" കൊന്നക്കാട് "


എന്റെ മറുപടി കേട്ട് അയാൾ ബീഡി ചുണ്ടിൽ ആഞ്ഞു വലിച്ചിട്ട് താഴേക്ക് ഇട്ട് ചെരുപ്പ് കൊണ്ടു അതിൽ തിരുമി എന്നെ നോക്കാതെ മാറി നിന്നു....


" അതേ,.. എനിക്ക് കൊന്നക്കാട് ആണ് പോകേണ്ടത്, റേറ്റ് എത്രയായാലും പ്രശനം ഇല്ല... "


അയാൾ മുഖം എന്റെ നേർക്ക് ചരിച്ചു,


"കൊന്നക്കാട് സാർ എത്ര രൂപ തരാം എന്ന് പറഞ്ഞാലും പോകാൻ കഴിയില്ല, സമയം 7 കഴിഞ്ഞു, നാളെ രാവിലെ ഞാൻ കൊണ്ടു വിടാം... "


"അത് പറ്റില്ല, എനിക്ക് ഇന്ന് തന്നെ അവിടെ എത്തിചേരണം,തുക എത്ര ആണേലും നൽകാം എന്നു പറഞ്ഞില്ലേ.. "


" സാറേ, സാർ ഈ നാട്ടുകാരൻ അല്ലെന്നു മനസ്സിലായി, ഉള്ളത് പറയാലോ ,പേടിയാണ്..ഞാൻ എന്നല്ല ഒരാളും ഈ സമയം അവിടെ സാറിനെ കൊണ്ടു വിടാൻ വരില്ല, പണം അല്ലല്ലോ ജീവൻ അല്ലെ വലുത്... വേറെ എവിടേക്ക് വേണേലും സാർ ക്യാഷ് ഒന്നും തന്നില്ലേലും ഞാൻ കൊണ്ടു വിടാം ഇപ്പോൾ.. "


ഞാൻ നിശബ്ദനായി മാറി നിന്നു.. കൊന്നക്കാട് ഇത്ര പ്രശനം ഉള്ള സ്ഥലം ആണോ.. ഏയ്, എന്റെ ലാലിയുടെ നാടാണ്, ഞാൻ എന്തിനാ ഭയക്കുന്നത്.. അല്ലെങ്കിലും ഈ പരപ്പക്കാർ ഒക്കെ തെറ്റിച്ചു വിശ്വസിച്ചു വെച്ചേക്കുന്നതിന്റെ തെളിവ് ആണല്ലോ കൊല്ലത്തെ വർക്കല.....ഞാൻ വീണ്ടും അയാളുടെ അടുക്കലേക്ക് നീങ്ങി...


" ചേട്ടാ, നിങ്ങൾ അവിടം വരെ പകൽ പോകുന്നതിന്റെ നാലിരട്ടി പണം ഞാൻ നൽകാം.. എനിക്ക് ഇന്ന് തന്നെ അവിടെ എത്തിച്ചേരണം, എന്നിട്ട് തിരികെ നാളെ തന്നെ നാട്ടിലേക്ക് മടങ്ങണം... "


അയാൾ എന്റെ വാക്കുകൾക്ക് മറുപടി നൽകാതെ നിന്നു.. എന്തൊക്കെയോ മനസ്സിൽ ചിന്തിക്കുന്ന പോലെ, ഒരു പക്ഷെ എനിക്ക് അനുകൂലമായ ഒരു മറുപടി ആകാം അത്...


" ഒരു കാര്യം ചെയ്യാം സാറെ, കൊന്നാക്കാട് അടുക്കുമ്പോൾ അവിടെ ഫ്യൂരിടാൻ വളവ് എന്നൊരു റോഡ് വളവ് ഉണ്ട്, അവസാന വഴി വിളക്ക് അവിടെ ആണ്.. അവിടം വരെ ഞാൻ കൊണ്ടാകാം, അതിനു ശേഷം സാർ നടന്നു പോകണം, അങ്ങനെ എങ്കിൽ കയറിക്കോ... "


ഞാൻ ആഗ്രഹിച്ച മറുപടി. എന്റെ ഉള്ളിൽ സന്തോഷത്തിന്റെ തിരകൾ അലതല്ലി... ജീപ്പിലേക്ക് വേഗം കയറി ഞാൻ..... ജീപ്പ് അയാൾ സ്റ്റാർട്ട് ചെയ്തു മുൻപോട്ട് എടുത്തു....


"അല്ല സാറെ, ഈ രാത്രി തന്നെ അവിടേക്ക് പോകണം എന്ന് എന്താ ഇത്ര നിർബന്ധം, എന്തെങ്കിലും അത്യാവശ്യം ഉണ്ടോ... ? "


" അതേ, വളരെ അത്യാവശ്യമായ ഒരു കാര്യത്തിന് വേണ്ടിയാണ് പോകുന്നത്, ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം കേട്ടോ... "


ഞാൻ എന്റെ ബാഗ് തുറന്നു അവളുടെ അഡ്രസ്സ് എഴുതിയ പേപ്പർ എടുത്ത്..

" അകത്തെ ലൈറ്റ് ഒന്നു ഇടുമോ.. എന്നിട്ട് ഈ അഡ്രസ്സ് നിൽക്കുന്ന സ്ഥലം ഒന്നു പറഞ്ഞു തരാമോ കൊന്നക്കാട്.. "


അയാൾ ലൈറ്റ് ഇട്ടു..മങ്ങിയ വെളിച്ചത്തിൽ അത് വായിച്ചു....


" സാറെ, ഇത് അടുത്ത് തന്നെ ആണ്, ഫ്യൂരിടാൻ വളവ് കഴിഞ്ഞു കുറച്ചു നടക്കാൻ ഉള്ള ദൂരമേ ഉള്ളൂ , പക്ഷേ ഈ അഡ്രസ്സിൽ ഒക്കെ ഇപ്പോൾ അവിടെ ആളുണ്ടാകുമോ എന്നു സംശയം ആണ്, കാരണം അവിടെ ആകെ കുറച്ചു വീടുകളെ ഉള്ളൂ, ഉണ്ടായിരുന്നവർ ഒക്കെ ചത്തൊടുങ്ങി, ബാക്കി ഉള്ളവർ ഒക്കെ വർഷങ്ങൾക്ക് മുൻപ് തന്നെ നാട് വിട്ട്, വളരെ നിഗൂഢത ആണ് അവിടെ എല്ലാം.... പരപ്പ കവലയിൽ അടക്ക കച്ചവടത്തിന് വരുന്ന ഒരു വയസ്സൻ അവിടെ താമസിക്കുന്നുണ്ട് അറിയാം..... "


അയാൾ അകത്തെ ലൈറ്റ് ഓഫ് ചെയ്തു.. ജീപ്പിന്റെ മുൻവശത്തെ ലൈറ്റിൽ നിറഞ്ഞു നിൽക്കുന്ന മഞ്ഞു കാണാം,നല്ല കുലുക്കം ഉണ്ട് പോക്കിന്, കയറ്റം കയറുക ആണ്....


" അല്ലാ, ഈ കൊന്നക്കാടിനെ എന്താ ആളുകൾ ഇത്രമേൽ ഭയക്കുന്നത്... എന്താണ് രാത്രി പോകില്ല പറഞ്ഞത്.. ?


" കൊന്നക്കാടിനെ എല്ലാവർക്കും ഭയം ആണ് സാറെ, ഈ കൊന്നക്കാടിനു മറ്റൊരു പേര് കൂടി ഉണ്ട് " ആത്മാക്കളുടെ താഴ്വര " ,ഇതൊരു പ്രേത ഭൂമി ആണ്.. ആത്മാക്കൾ രാത്രികളിലെ ഇരുട്ടിൽ ഇവിടെ അലഞ്ഞു തിരിയും എന്നാണ് , പരപ്പയും കൊന്നക്കാടും ഒക്കെ പഴയ കുടിയേറ്റ കുടുംബങ്ങൾ ആണ്, കൊന്നക്കാട് ഇപ്പോൾ അധികം സഞ്ചാരികൾ ഇല്ല, മുൻപൊക്കെ അച്ഛൻപാറ വെള്ളച്ചാട്ടം കാണാൻ പുറത്തു നിന്നും ആളുകൾ നിരവധി എത്തുമായിരുന്നു... എന്നാൽ ഇപ്പോൾ വരുന്നത് ഒക്കെ മനസിന്‌ വൈകല്യവും ജീവിതം മടുത്ത് മരിക്കാനും ഒക്കെ ആണ്, ഞാൻ നേരത്തെ പറഞ്ഞ ഫ്യൂരിടാൻ വളവിലെ ഹൊക്കയിൽ നിരവധി പേരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്, അവരുടെ ഒക്കെ ആത്മാവ് ഇപ്പോഴും അവിടെ ഉണ്ടെന്നു ആണ് വിശ്വാസം, വിശ്വാസം മാത്രം അല്ല, നേരിൽ കണ്ട പലരും ഉണ്ട് , രാത്രികാലങ്ങളിൽ അവിടേക്ക് പോയവർ ആരും അങ്ങനെ തിരിച്ചു വന്നിട്ടില്ല.. അതാണ് ഞാൻ സാറിനോട് പോകേണ്ട എന്നു പറഞ്ഞത് "


അയാളുടെ ബഡായി കഥകൾ ഒക്കെ കേട്ട് മഞ്ഞിൽ ലയിച്ചു യാത്ര മുൻപോട്ട് തുടർന്ന്.. മനസ്സ് നിറയെ ലാലി മാത്രം ആയിരുന്നു. ഈ കഥകൾക്കൊന്നും അവളോടുള്ള എന്റെ പ്രണയ തീവ്രതയിൽ പേടി എന്നൊരു വികാരം കടന്നു വരുവാൻ അനുവാദം നൽകിയില്ല...ഞാൻ ഇന്ന് അങ്ങനെ എന്റെ ലാലിയെ ആദ്യമായി നേരിൽ കാണാൻ പോകുന്നു, അതിനിനി വളരെ കുറച്ചു സമയങ്ങൾ മാത്രം, കത്തിലൂടെ അവൾ എഴുതിയ വഴികളിൽ ഞാൻ ഇതാ എന്റെ ലാലിക്ക് അരികിലേക്ക്........


ജീപ്പ് നിന്നു...മുന്നിലേക്ക് വിരൽ ചൂണ്ടിയിട്ട് അയാൾ തുടർന്നു...


" സാറെ, ദോ അതാ കാണുന്നത് ആണ് അവസാന വഴി വിളക്ക്, ഇവിടെ ഇറങ്ങി ആ വഴിവിളക്ക് മുറിച്ചു കടന്നു ഇരുട്ടിലേക്ക് കയറുന്നത് ആണ് ഫ്യൂരിടാൻ വളവ്, വളവ് കഴിഞ്ഞു മുൻപിലേക്ക് പോകുമ്പോൾ ഇടത് വശത്ത് ഒരു മണൽ പാത കയറ്റം കാണാം, അതിലേക്ക് കയറി നേരെ നടക്കണം, അപ്പോൾ ഒരു വലിയ കാവും, കാവെന്നു പറഞ്ഞാൽ പഴയ കാടിന്റെ കുറച്ചു ബാക്കി വന്ന ഭാഗം, അവിടെ തന്നെ ഒരു വലിയ കരിങ്കൽ പാറ ഉണ്ടാകും, അതും കഴിഞ്ഞു നേരെ നടന്നു പോകുമ്പോൾ പാതയുടെ ഇടതുവശം ചേർന്നു ഇടിഞ്ഞു പൊളിയാറായ ഒരു പഴയ കിണർ കാണാം, ആ കിണർ ചേർന്നു നിൽക്കുന്നത് ആണ് ഞാൻ നേരത്തെ പറഞ്ഞ അടക്ക വിൽക്കുന്ന മൂപ്പിലാന്റെ വീട്, അദ്ദേഹത്തോട് ചോദിച്ചാൽ സാറിന് ഈ അഡ്രസ്സ് പറഞ്ഞു തരും, അതിന്റെ അയൽവക്കത്ത് എവിടെയോ ആണ് അഡ്രസ്സിൽ പറഞ്ഞ വീട്.... "


ഞാൻ ജീപ്പിൽ നിന്നും ഇറങ്ങി മുന്നിലൂടെ കറങ്ങി അയാളുടെ അരികത്ത് വന്നു...പോക്കറ്റിൽ നിന്നും ക്യാഷ് എടുത്ത് നൽകി..


" വളരെ ഉപകാരമുണ്ട് "


" സാറെ, പോകണം എന്ന് വാശി ആണോ, തിരിച്ചു ഞാൻ ഇപ്പോൾ തന്നെ സാറിനെ കൊണ്ടു വിടാം പരപ്പയിൽ, അല്ലെങ്കിൽ എന്റെ വീട്ടിൽ തങ്ങിയിട്ട് നാളെ രാവിലെ ഇവിടേക്ക് ഞാൻ കൊണ്ടു വിടാം.. "


" അതൊന്നും വേണ്ട, വളരെ നന്ദി ഉണ്ട് "


മുൻപിലേക്ക് നടന്നിട്ട് വീണ്ടും തിരികെ അയാളുടെ അടുക്കൽ വന്നു...


" അതേ, പരപ്പ മുതൽ എന്നെ സാറെ എന്നു വിളിക്കുവല്ലേ, ഇരുട്ടിലൂടെ അല്ലെ പോകേണ്ടത്, ഒരു ടോർച്ച് ഉണ്ടെങ്കിൽ തരാമോ വെളിച്ചത്തിന്... നാളെ രാവിലെ പരപ്പയിൽ എത്തുമ്പോൾ തിരികെ നൽകാം... "


അയാൾ ജീപ്പിൽ നിന്നും ടോർച്ച് എടുത്ത് എനിക്ക് നൽകി...


" വീണ്ടും വളരെ നന്ദി "


ഞാൻ മുൻപിലേക്ക് നടന്നു....


" അതേ സാറെ, പാന്റൊക്കെ ഇട്ട് നല്ല ചേലായി നമ്മടെ നാട്ടിലേക്ക് വന്നത് അല്ലെ അതാട്ട സാറെ എന്നു വിളിക്കുന്നെ... "


തിരിഞ്ഞു നിന്നു അയാളെ നോക്കി ചിരിച്ചു പറഞ്ഞു...

" കൊന്നക്കാട് പോകുന്നത് മനോരോഗം ഉള്ളത് കൊണ്ടല്ല കേട്ടോ,നാളെ കാണാം നമ്മക്ക് "


അയാൾ എനിക്ക് ഒരു ചെറു ചിരി മറുപടി നൽകി.. അയാളുടെ ചിരിയുടെ അറ്റത്ത് അത്ര സന്തോഷം അല്ലാത്ത രൂക്ഷമായ ഒരു നോട്ടം ഉണ്ടായിരുന്നു...


ഞാൻ വഴി വിളക്കിന്റെ അടുക്കൽ എത്തി.. പ്രകാശ വലയത്തിനു അപ്പുറത്തെ കൊടൂരമായ ഇരുട്ട് കാണാം... ഒന്നും നമ്മളിൽ മനസ്സിലാക്കിക്കാത്ത ആഴമേറിയ കരിമ്പടം... കാലുറച്ചു മുന്നിലേക്ക് നീങ്ങി... വഴി വിളക്കിന്റെ പ്രകാശ ശ്വസനം അവസാനിക്കുന്നു.. ഇരുട്ടിന്റെ ഒന്നാം പാതയിലേക്ക് കയ്യിലെ ടോർച്ച് വെളിച്ചം അടിച്ചു കാലടി വെച്ചു...


മഞ്ഞിൽ മുത്തമിട്ടു അരണ്ട ശോഭയിൽ എന്റെ ടോർച്ച് വെളിച്ചം മുൻപിലേക്ക് നീങ്ങി കൊണ്ടിരുന്നു..ഇടക്ക് ഇടക്ക് റോഡിന്റെ ഇരു വശങ്ങളിലേക്കും വെളിച്ചം പകർത്തു നൽകി... കറുത്ത തുണിയിട്ട് മൂടി ഒളിച്ച പോലെ ഉണ്ട് ആകാശം...റോഡിന്റെ ഇടതു വശത്ത് വലിയ താഴ്ച്ച ആണ്.. അപ്പോൾ ഇതാണ് ഫ്യൂരിടാൻ വളവ്, ഞാൻ മെല്ലെ കാലിന്റെ ദിശ മാറ്റി റോഡിന്റെ മധ്യഭാഗത്തു കൂടി നടന്നു... റോഡിന്റെ താഴ്ചയിൽ നിന്നും നേരിയ നിലവിളി ശബ്ദം എന്റെ കാതുകളിൽ പതിക്കുന്നുണ്ട്... ദൂരത്തിന്റെ ദൈർഖ്യം കാരണം ആകാം അത് നേരിയതായി എനിക്ക് അനുഭവപെടുന്നത്, അത് ഒന്നോ രണ്ടോ പേരുടെ അല്ല, അനേകം പേരുടെ കൂട്ട നിലവിളി ആണ് കേൾക്കുന്നത്, കുറച്ചു കൂടി മുൻപിലേക്ക് നടന്നപ്പോൾ ആ ശബ്ദം കാതുകളിൽ നിലച്ചു... എന്റെ പിന്നിൽ നിന്നും ആരോ നടന്നു വരുന്ന പോലെ... ഞാൻ നിന്നു.. വെളിച്ചം പിന്നിലേക്ക് കറക്കി... പിന്നിൽ ആരും ഇല്ല... വീണ്ടും വെളിച്ചം കറക്കി മുന്നിലേക്ക് വന്നു.. വേഗത്തിൽ നടന്നു... 


നീട്ടി അടിച്ച വെളിച്ചത്തിൽ മഞ്ഞിന്റെ വെളുപ്പിലൂടെ ഇടതു വശത്ത് കയറ്റം ഉള്ള മണൽ പാത കാണാം... വേഗത ഒന്നു കൂടി കൂട്ടി മണൽ പാതയിലേക്ക് കടന്നു... 


കാലിനു നല്ല വേദന തോന്നി തുടങ്ങി..നല്ല കയറ്റം ആണ്.. മണൽ പാതയോട് ചേർന്നു നിറയെ പുല്ലുകൾ ആണ്..വീടുകളോ ഒരു തരി വെളിച്ചമോ എവിടെയും കാണാൻ ഇല്ല, ചീവീടുകളുടെ ശബ്ദം മുറിച്ചു കടന്നു കാലൻ കോഴിയുടെ കൂവൽ എന്റെ കാതുകളിൽ പതിക്കുന്നുണ്ട്... മുന്നിൽ ഞാൻ നേരിടാൻ പോകുന്നത് എന്താണെന്ന് ഒരു പിടിയും ഇല്ല... എന്റെ ലാലി.... നിന്നെ ഒന്നു കാണാൻ ഞാൻ പെടുന്ന പാട് നീ അറിയുന്നുണ്ടോ എന്റെ പെണ്ണെ.... കയറ്റം കഴിഞ്ഞു.. ഇനി ഇറക്കം ആണ്.. ഇറക്കത്തിന് നല്ല സുഖം ഉണ്ട്..കാലുകൾക്ക് ചക്രം കെട്ടി വെച്ചപോലെ..

കാലൻ കോഴിയുടെ കൂവൽ വളരെ അടുത്ത് എത്തുന്നു.. ഇപ്പോൾ കാലൻ കോഴിയുടെ കൂവൽ മാത്രം അല്ല വവ്വാലുകളുടെ ചിറകടി ശബ്ദങ്ങളും..... ടോർച്ച് വശത്തേക്ക് നീട്ടി പിടിച്ചു... നിറയെ മരങ്ങൾ കറുപ്പ് അണിഞ്ഞു നിഴൽ രൂപമായി നിൽക്കുന്നു... അതിനു അരുകിൽ ഒരു വലിയ പാറ.... അതേ ,ഇത് മുൻപ് ലാലി കത്തിൽ എഴുതിയിട്ടുണ്ട്... ഇതാണ് യക്ഷി കാവ്, അതിനോട് ചേർന്നു നിൽക്കുന്നത് നരബലി പാറ, പണ്ട് ആദിവാസി ഗോത്രവർഗക്കാർ നരബലി നടത്തിയ സ്ഥലം.. ഉള്ളിൽ ഭയം കടന്നു കയറി, വേട്ട പട്ടികളുടെ ഓരിയിടൽ കേൾക്കാം... നെഞ്ചിടിപ്പ് കൂടി തുടങ്ങി.. വെച്ച കാൽ മുൻപോട്ട് തന്നെ.. മുൻപിലേക്ക് തന്നെ നടന്നു.. ആ നടത്തയിൽ ആണ് കാവിനുള്ളിലെ കരിയിലകളുടെ ശബ്ദം കാതുകളിൽ പതിഞ്ഞത്... എന്തോ കാവിനുള്ളിലൂടെ വേഗത്തിൽ ഓടുന്നു... എന്താകും അത്.. ആ ശബ്ദം എന്നോട് അടുത്ത് കൊണ്ടിരിക്കുന്നു... എന്റെ നടത്തയുടെ വേഗം കുറഞ്ഞു.... ടോർച്ച് വെളിച്ചത്തിൽ കാണാം, തിളങ്ങുന്ന കണ്ണുകൾ എന്റെ അരികിലേക്ക് ഓടി വരുന്നു... അവയുടെ രൂപം എനിക്ക് കാണാം.. വേട്ടപട്ടികൾ ആണ്... മൂന്ന് വേട്ടപട്ടികൾ... അവർ എന്റെ മുന്നിൽ ഇരുപതു അടിയോളം ദൂരത്തിൽ വന്നു നിന്നു.. അവരുടെ അമർച്ച രോഷം എനിക്ക് നന്നായി കേൾക്കാം, കൂർത്ത പല്ലുകളിൽ നിന്നും രക്ത തുള്ളികൾ ഇറ്റിറ്റ് വീഴുന്നു..എന്നെ കടിച്ചു കീറാൻ ആയി തുനിഞ്ഞാണ് അവരുടെ നിൽപ്പ്,കാലുകൾ കുതിക്കാൻ ആയി തയ്യാറായിട്ട് ആണ്.. എന്റെ നെഞ്ചിടിപ്പിന്റെ അതിർവരമ്പുകൾ പലകുറി മുറിഞ്ഞു കടന്നു.. എന്ത് ചെയ്യണം എന്ന് അറിയില്ല.. പിന്നിലേക്ക് ഓടാൻ കഴിയില്ല, കയറ്റം ആണ്, തിരിയുന്ന സമയത്തു അവർ എന്റെ മേലെ ചാടി വീഴും.. താഴെ കല്ല് കിടപ്പം ഉണ്ടാകും.. കുനിയുന്നത് അപകടം ആണ്.. വെളിച്ചം കയ്യിലെ വിറയൽ കാരണം നൃത്തം ചവിട്ടുകയാണ്... എന്റെ ആയുസ് ഒടുങ്ങും പോലെ...... അവർ കുരയ്ക്കാൻ തുടങ്ങി, ചോര നിറഞ്ഞ വായ മുഴുവനായും തുറന്നു ഉറക്കെ കുരയ്ക്കുക ആണ്, ചെന്നായയുടെ അത്രേം വലുപ്പം ഉണ്ട് അവരുടെ ശരീരം... അവർ കുരയ്ക്കുന്നത് ശ്രദ്ധിച്ചപ്പോൾ ആണ് ഒരു കാര്യം മനസ്സിലായത്..അവർ എന്റെ നേരെ അല്ല കുരയ്ക്കുന്നത്.. എന്റെ പിന്നിലേക്ക് നോക്കി ആണ്.. എന്താകാം എന്റെ പിന്നിൽ.. ആരാണ് എന്റെ പിന്നിൽ നിൽക്കുന്നത്, തിരിഞ്ഞു നോക്കാൻ കഴിയാത്ത അവസ്ഥയും...


വേട്ടപട്ടികൾ മൂന്നും കുരച്ചു കൊണ്ടു തിരിഞ്ഞു വേഗത്തിൽ കാട്ടിലേക്ക് തന്നെ ഓടി.. അവർ എന്തോ കണ്ടു ഭയപ്പെട്ട പോലെ..അങ്ങനെ ഭയക്കാൻ ഉള്ളത് എന്താകും എന്റെ പിന്നിൽ.. ഞാൻ മെല്ലെ മെല്ലെ വെളിച്ചം ഇടതു വശത്തൂടെ കറക്കി പിന്നിലേക്ക് കൊണ്ടു വന്നു.. പിന്നിൽ ഞാൻ ഇറങ്ങി വന്ന ഇറക്കം അല്ലാതെ മറ്റൊന്നും തന്നെ ഇല്ല...... ഞാൻ വേഗതയുടെ അവസാന ഗിയർ കാലിൽ നൽകി മുൻപിലേക്ക് നടന്നു.... യക്ഷിക്കാവ് താണ്ടി കഴിഞ്ഞു.. ഇനി പേടിക്കാൻ ഒന്നും ഇല്ല.. ആ ചിന്തയിൽ വെച്ചാണ് ടോർച്ച് വെളിച്ചം നിന്നത്.. ഇരുട്ടിന്റെ നടുവലയത്തിൽ അകപ്പെട്ട് എങ്ങോട്ടു നടക്കണം എന്നു നിശ്ചയം ഇല്ലാതെ ടോർച്ച് കയ്യിൽ ഇട്ട് അടിച്ചു.. ഭാഗ്യം.. വെളിച്ചം വന്നു.. നീട്ടി അടിച്ച ആ വെളിച്ചത്തിൽ ആണ് റോഡിന്റെ ഇടതു വശം ചേർന്ന പൊളിഞ്ഞ കിണർ കണ്ടത്.. വേഗം അവിടേക്ക് നടന്നു.. അതിനോട് ചേർന്നുള്ള വീട് കാണാം... വീടിന്റെ തിണ്ണമേൽ ഒരു മണ്ണെണ്ണ വിളക്ക് കത്തി നിൽപ്പുണ്ട്.. മുറ്റത്തേക്ക് കടന്നു ചെന്നു. ഒരു പഴകിയ ഓടിട്ട ഒറ്റ മുറി വീട്, നല്ല വീതിയുള്ള ഉമ്മറ തിണ്ണ ആണ്, ഉമ്മറ തിണ്ണയുടെ മേലെ കൂടി ചാക്ക് വലിച്ചു കെട്ടിയിട്ടുണ്ട് മഴ വെള്ളം വീഴാതിരിക്കാൻ... തിണ്ണയിൽ ഇരുന്നു മുറുക്കാൻ ഇടിക്കുന്ന മൂപ്പിലാനെ കണ്ടു..അദ്ദേഹത്തിന്റെ അടുക്കലേക്ക് ചെന്നു... 


" അതേ ചേട്ടാ, ഈ ലാലിയുടെ വീടേതാ.... "


അയാൾ ഞാൻ ചോദിച്ചതിന് ചെവി കൊടുക്കാതെ മുറുക്കാൻ ഇടിക്കുക ആണ്,എന്നെ കണ്ട മട്ട് പോലും അയാൾക്ക് ഇല്ല.. ഒരു ലുങ്കിയും ചാക്ക് കീറി തുന്നിയപോലെ ഉള്ള ഷർട്ടും ആണ് ആളുടെ വേഷം, നേരിയ നര വീണ താടിയുടെ ഇടയിൽ ഒരു വലിയ മുറിവേറ്റ പാട് കാണാം....

ബാഗിൽ നിന്നും ഞാൻ ലാലിയുടെ ഫോട്ടോ എടുത്ത് അയാളുടെ മുഖത്തോടു അടുപ്പിച്ചു ചോദിച്ചു...


" ചേട്ടാ, ഈ കുട്ടിയുടെ വീട് അറിയാമോ... ഇവിടെ അടുത്തുള്ളത് അല്ലെ.. "


അയാൾ ഫോട്ടോയിലേക്ക് തന്നെ സൂക്ഷ്മമായി നോക്കി... എന്റെ കയ്യിൽ നിന്നും ഫോട്ടോ വാങ്ങി...പുരികം ചുളിച്ചു ഫോട്ടോയിൽ നോക്കി പറഞ്ഞു...


" ഇത് ലാലി അല്ലേ, തനിക്ക് എവിടുന്നു കിട്ടി ഈ ഫോട്ടോ.. "


ഹാവൂ.. സമാധാനം ആയി.. എന്റെ മനസ്സിൽ ഒരു സന്തോഷം വിടർന്നു... 


" അതേ ലാലി ആണ്..ഞാൻ ലാലിയുടെ സുഹൃത്ത് ആണ്.. അവൾ അവൾക്കൊരു ജോലി കാര്യം കഴിഞ്ഞ മാസം എന്നോട് പറഞ്ഞിരുന്നു.. ഞാൻ ഇവിടെ അടുത്ത് വരെ വന്നതാ.. അപ്പോൾ ലാലിയെ കണ്ട് ജോലി വിവരം പറഞ്ഞിട്ട് പോകാം എന്ന് കരുതി.. ലാലിയുടെ വീട് ഒന്നു പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരിക്കും... "


" എന്ത് പ്രാന്താടോ താൻ പറയുന്നത്, മൂന്ന് വർഷം മുൻപ് മരിച്ച ലാലി തന്നോട് കഴിഞ്ഞ മാസം ജോലികാര്യം പറഞ്ഞെന്നോ.... "


അയാളുടെ ആ വാക്കുകൾ ഒരു കൊള്ളിമീൻ കണക്കേ എന്റെ നെഞ്ചിലൂടെ കടന്നു പോയി....


"ലാലി മരിച്ചെന്നോ...... ! ഏയ്,, താങ്കൾക്ക് ആള് മാറിയത് ആകും...... "


" എടോ കൊച്ചനെ, അവളുടെ അമ്മ ഭദ്ര അവളെ പെറ്റിട്ട നാള് മുതൽക്കേ ഞാൻ കണ്ടു തുടങ്ങിയതാ, ദേ ഈ തൊടിയിൽ ഓടി കളിച്ചു ആണ് അവൾ വളർന്നത്...

താൻ ഈ ഫോട്ടോയിൽ ഉള്ള വ്യക്തിയെ ആണ് അന്വേഷിക്കുന്നതെങ്കിൽ അത് ലാലി ആണ്.. ഈ ആളെ തന്നെ ആണോ തേടി വന്നത്..... "


അദ്ദേഹത്തിന്റെ വാക്കുകൾ തെല്ലുപോലും എന്റെ ഉള്ളിൽ ദഹിക്കാവുന്നത് ആയിരുന്നില്ല...ഞാൻ അവളുടെ ഫോട്ടോ തിരികെ വാങ്ങി...


" മറ്റൊന്നും പറയണ്ട, എനിക്ക് ലാലിയുടെ വീട് ഒന്നു പറഞ്ഞു തന്നാൽ മതി.... "


ആശയകുഴപ്പം നിറഞ്ഞ കണ്ണുകളിൽ ഭയം നിറച്ചു അദ്ദേഹം എന്നോട് പറഞ്ഞു...


" ഇവിടുന്നു ഇറങ്ങി നേരെ ഒരു നൂറടി നടന്നാൽ ഇടത് വശത്ത് വള്ളി പടർപ്പുകൾ നിറഞ്ഞ ഒരു വേലികെട്ട് കാണാം.. അതാണ് അവളുടെ വീട്.. വീടെന്നു പറയാൻ, ആകെ പൊളിഞ്ഞു തൂങ്ങിയ അവസ്ഥയിൽ ആണ്, തനിക്ക് അവിടെ ആരേം കാണാൻ കഴിയില്ല... "


ഞാൻ അവിടേക്ക് ഇറങ്ങാൻ ഒരുങ്ങിയപ്പോൾ അയാൾ പിന്നിൽ നിന്നും വിളിച്ചു...


" വീട്ടു മുറ്റത്ത് കല്ല് കെട്ടിയിട്ടുണ്ട്, അവിടെയാണ് ലാലിയെ അടക്കിയിരിക്കുന്നത്.. "


ആ വാക്കുകൾക്ക് ചെവി കൊടുക്കാത്ത രീതിയിൽ ഞാൻ അവിടെ നിന്നും ഇറങ്ങി മണൽപാതയിലൂടെ മുൻപോട്ട് ടോർച്ച് വെളിച്ചത്തിൽ നടന്നു...


എന്റെ മനസ്സ് വളരെ ആശയകുഴപ്പവും അസ്വസ്ഥവും ആണ്. ലാലി മരിച്ചെന്ന വാക്കുകൾ വിശ്വസിക്കാൻ കഴിയില്ല..കാരണം മൂന്ന് കൊല്ലം മുൻപ് മരിച്ച ലാലി എനിക്ക് എങ്ങനെ കഴിഞ്ഞ മൂന്ന് വർഷമായി കത്തുകൾ എഴുതുന്നു, എനിക്കുള്ള മറുപടികൾ നൽകുന്നു.....


വെളിച്ചത്തിന്റെ അങ്ങേതലപ്പിലെ ചുവരിൽ വള്ളി പടർപ്പുകൾ നിറഞ്ഞ വേലി തലപ്പ് എനിക്ക് കാണാം..അതെ, ലാലിയുടെ വീട് എത്തിയിരിക്കുന്നു. ഇങ്ങോട്ടുള്ള എന്റെ യാത്രയുടെ അവസാന കാൽ ചുവടുകൾ.. വേലി തലപ്പിനുള്ളിലൂടെ ഞാൻ അകത്തേക്ക് കടന്നു.. പാമ്പുകൾ ഇഴഞ്ഞു നീങ്ങുന്ന ശബ്ദം കേൾക്കാം..ചീനികെട്ടിന്റെ രൂക്ഷമായ ഗന്ധം നാസികയിലേക്ക് തുളഞ്ഞു കയറുന്നു.. വെളിച്ചം നിലത്ത് പരത്തി അടിച്ചു മുൻപോട്ട് ഉമ്മറത്തേക്ക് നടന്നു.. പാതിയോളം ഇടിഞ്ഞു തൂങ്ങിയ വീട്... അയാൾ പറഞ്ഞപോലെ ഉമ്മറത്ത് ഒരു കല്ല് കെട്ടിയത് കാണാം..ആ കൽ കെട്ടിലേക്ക് വള്ളി ചെടികൾ മത്സരിച്ചു പുണർന്നു കയറിയിരിക്കുന്നു...


ഒരുപക്ഷേ ലാലി മരിച്ചിട്ടുണ്ടാകുമോ..! അവളെ ഇവിടെ ആണോ അടക്കം ചെയ്തത്.. !

വീടിനുള്ളിൽ കയറി പരതിയാൽ എന്തെങ്കിലും സൂചന എനിക്ക് ലഭിക്കും.. പക്ഷെ ഈ രാത്രിയിൽ എനിക്ക് അതിന് കഴിയില്ല. നേരം വെളുക്കണം...

ലാലിയെ അടക്കി എന്നു പറഞ്ഞ കല്ല്കെട്ടിന്റെ അരികിലേക്ക് വന്നു നിന്നു ഞാൻ.....


" ലാലി... ഒരു പക്ഷെ അയാൾ പറഞ്ഞതൊക്കെ സത്യം ആണോ.. അതോ ആൾക്ക് മനോരോഗം വല്ലതും........ ഞാൻ നിന്നെ തേടി ആണ് ഇത്ര ദൂരം വന്നത്, എനിക്ക് ഉറപ്പാണ് നീ ജീവനോടെ ഉണ്ടെന്നു ഉള്ളത്.... "


നാളെ രാവിലെ തിരികെ എത്താം എന്നുള്ള ഉറപ്പിന്മേൽ ഞാൻ അവിടെ നിന്നും ഇറങ്ങി നേരെ ആ മൂപ്പിലാന്റെ വീട്ടിൽ വന്നു... തണുപ്പ് കൊണ്ടു ശരീരം ആകെ മരവിക്കുന്ന പോലെ.നല്ല മഞ്ഞിൽ പൊതിഞ്ഞ ഇരുട്ടാണ്.. മൂപ്പിലാന്റെ വീടിന്റെ ചെവിരുനോട് ചേർന്നു നിന്നു.. ഞാൻ അകത്തേക്ക് നോക്കി. ആയാൾ കിടക്കാൻ ഉള്ള പുറപ്പാടിൽ ആണ്.....


"ചേട്ടാ, കുറച്ചു വെള്ളം കിട്ടുമോ കുടിക്കാൻ... "


ഇവൻ ഇതുവരെ പോയില്ലേ എന്ന മട്ടിൽ അയാൾ എന്നെ നോക്കി...


"ദോ ആ മൊന്തയിൽ ഉണ്ട് വെള്ളം "

തിണ്ണയുടെ വരപ്പിന്മേൽ ഇരുന്ന മൊന്ത ചൂണ്ടി അയാൾ പറഞ്ഞു.....വെള്ളം എടുത്തു കുടിക്കവേ ഞാൻ തുടർന്നു...

"ചേട്ടാ, വിരോധം ഇല്ലെങ്കിൽ ഞാൻ ഇന്ന് ഇവിടെ തങ്ങിക്കോട്ടെ, തിരികെ പോകാൻ വാഹനം ലഭിക്കില്ല... "


അലമാരയിൽ ചുരുട്ടി വെച്ചിരുന്ന പുതപ്പ് അയാൾ എന്നിലേക്ക് എറിഞ്ഞു തന്നു... പുതപ്പ് പുതച്ചു ഞാൻ ബാഗ് മാറോടു ചേർത്ത് തിണ്ണയിലേക്ക് കയറി ഇരുന്നു..... അയാൾ മുറിയിൽ നിലത്ത് കിടന്നു....


"അതേ ചേട്ടാ.... "


"ഉം "


അയാൾ നിവർന്നു ഇരുന്നു...


" ശരിക്കും ലാലിക്ക് എന്താണ് പറ്റിയത്.... ? "


" ഈ സ്ഥലത്ത് വായിക്കാനും എഴുതാനും ഏക കഴിവുള്ളത് അവൾക്കായിരുന്നു. നല്ല മിടുക്കി ആയിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും.. എല്ലാവരോടും വാ തോരാതെ സംസാരിക്കും. നല്ല സ്നേഹം ഉള്ളവൾ... പത്താം തരം കഴിഞ്ഞു അവൾക്ക് പഠിക്കാൻ കഴിഞ്ഞിട്ടില്ല.. ആ വീടും ഇവിടവും ഒക്കെ ആയിരുന്നു അവളുടെ ലോകം.. പുറത്തേക്ക് അങ്ങനെ പോകാറില്ല.. എപ്പോഴും എന്തെങ്കിലും ഒക്കെ കുത്തികുറിച്ചു കൊണ്ടിരിക്കും....

അവൾക്ക് രണ്ട് വയസ്സ് ഉള്ളപ്പോൾ ആണ് ഫ്യൂരിടാൻ വളവിലെ രാത്രി അപകടത്തിൽ അവളുടെ അച്ഛനും അമ്മയും മരിച്ചത്.പിന്നെ അമ്മൂമ്മ തള്ള ആണ് അവളെ വളർത്തിയത്.. ലാലിയുടെ മരണ ശേഷം അവരും കിടപ്പിൽ ആയി..നോക്കാൻ ആളില്ലാതെ കഴിഞ്ഞ വർഷം അവരും പോയി... 

മുറ്റത്തു വെച്ചു പാമ്പ് കടിച്ചാണ് ലാലി മരണപ്പെട്ടത്.... ഞാൻ കവലയിൽ നിന്നും വരുന്നതും നോക്കി ദേ ഈ വേലി ചെവരിൽ അവൾ ഉണ്ടാകും സായാഹ്നങ്ങളിൽ ഞാൻ കൊണ്ടു വരുന്ന ചാന്തും കണ്മഷിയും വാങ്ങാൻ...ആ ഒരു മുഖം ആണ് അവളെ കുറിച്ചു ഓർക്കുമ്പോൾ എന്റെ മനസ്സിൽ വരിക.. എന്റെ കുട്ടി.. എന്തൊരു മനോഹരമായ ചിരി ആയിരുന്നു അവളുടെ...

എല്ലാ വർഷവും ഏകാദേശിക്ക് അവൾ അമ്മൂമ്മയും ആയി മൂകാംബിക പോകാറുണ്ടായിരുന്നു.. അവൾ ഈ പരിസരം വിട്ട് പോകുന്ന ഏക സ്ഥലം..... "


"അല്ല, ചേട്ടാ......ഒരു കാര്യം..... "


" എന്താ ഇനി അറിയേണ്ടത്...? "


"ഇല്ല, ഒന്നുമില്ല "


അയാൾ താഴേക്ക് മെല്ലെ ചാഞ്ഞു.. കുത്തി നോവിക്കുന്ന തണുപ്പിൽ,നിഗൂഢതകൾ നിറഞ്ഞ ആ ഇരുട്ടിനെ ആവാഹിച്ചു ലാലിയെ ഓർത്ത് ഞാൻ ഇരുന്നു... എന്താണ് സത്യം എന്നു മനസ്സിലാകുന്നില്ല... എനിക്ക് കത്ത് എഴുതിയത് ഈ ലാലി തന്നെ ആകുമോ....... 


എപ്പോഴോ വീണ നിദ്രയിൽ നിന്നും കണ്ണു തുറന്നു... കറുപ്പ് നിറം മാഞ്ഞു ഇളം വെയിൽ വെളുപ്പ് തൂകി എത്തി.. നേരം വെളുത്തു...ഞാൻ ചാടി എണീറ്റു അകത്തേക്ക് നോക്കി.അയാൾ നല്ല ഉറക്കം ആണ്... ഞാൻ പുതപ്പ് എടുത്ത് തിണ്ണമേൽ മടക്കി വെച്ചു, ടോർച്ച് എടുത്ത് ബാഗിലേക്ക് ഇട്ട് മുൻപോട്ട് നടന്നു.....


ലാലിയുടെ വീട്ടു മുറ്റത്ത് വീണ്ടും എത്തി.. ഇവിടെ ആകെ കാട് പിടിച്ചു കിടക്കുകയാണ്... അവളെ അടക്കി എന്നു പറഞ്ഞ കല്ല് കെട്ട് ഇപ്പോൾ വ്യക്തമായി കാണാം... ഇടിഞ്ഞു പൊളിയാറായ വീടിന്റെ വാതിലിൽ ഞാൻ മെല്ലെ തട്ടി, ഞാൻ സ്പർശിക്കാൻ എന്നോണം വാതിൽ തുറന്നു എനിക്ക് മുൻപിൽ... എപ്പോൾ വേണമെങ്കിലും ഈ വീട് പൂർണമായി നിലം പതിക്കാം...മാറാല വിസ്താരമായി ചിറകടിച്ചു പറന്നിരിക്കുക ആണ്.മാറാല തട്ടി മാറ്റി അതിലൂടെ നടന്നു. മുറിയാകെ അരണ്ട വെളിച്ചം മാത്രം..ടോർച്ച് ലൈറ്റ് ബാഗിൽ നിന്നും എടുത്ത് അടിച്ചു... നിവർന്ന പ്രകാശത്തിൽ ഒരു ഇരുമ്പ് പെട്ടി മാറാല പൊതിഞ്ഞു കാണാം. അതിനു പൂട്ടൊന്നും ഇല്ല.. അതിന്റെ അരികിലേക്ക് നടന്നു.. ഇരുമ്പ് പെട്ടി മാറാല മാറ്റി മെല്ലെ പൊക്കി എടുത്ത് ആയുസ് ഒടുങ്ങാറായ തിണ്ണമേൽ കൊണ്ടു വെച്ചു.. അത് തുറന്നു.....


അതിൽ കുറച്ചു തുണികൾ ആണ്.. ഒരുപക്ഷേ ലാലിയുടെ ആകാം, ചാന്തും കണ്മഷിയും ഒക്കെ ഉണങ്ങിപിടിച്ചിരിപ്പുണ്ട്... അതിൽ കുറച്ചു ബുക്കുകൾ കാണാം.ഞാൻ അതിലൊന്ന് എടുത്ത് തുറന്നു.. കടലാസുകൾ ഒക്കെ നിറം കെട്ടിരുന്നു, അവളുടേതായ ചിന്തകൾ ഒക്കെ അതിൽ എഴുതിയിട്ടുണ്ട്.... ഇത് എന്റെ ലാലി തന്നെ എന്നു മനസ്സ് പറയുന്നു.. കാരണം കത്തിലെ അതേ കൈയക്ഷരം, മാത്രമല്ല വാക്കുകൾ ഒക്കെ തന്നെ അവൾ കത്തിൽ എഴുതുന്ന ശൈലി... ആ നോട്ടത്തിൽ ആണ് കണ്ണ് ഒരു ഡയറിയിൽ തങ്ങിയത്.. തുണി മാറ്റി ഡയറി കയ്യിൽ എടുത്തു.. നല്ല പരിചയം തോന്നിക്കുന്ന ഡയറി.. ഞാൻ അത് മെല്ലെ തുറന്നു., ഇത് എന്റെ ഡയറി ആണ്.. മൂന്ന് വർഷങ്ങൾക്ക് മുൻപ് മൂകാംബിക ക്ഷേത്രത്തിൽ വെച്ചു എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടത്... അതേ, അത് തന്നെ.. അന്നൊരു ഏകാദേശി ദിവസം ആയിരുന്നു.. ആ ദിവസം ലാലി അവിടെ എത്തി ചേരും എന്നല്ലേ ആ മൂപ്പിലാൻ പറഞ്ഞത്....എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടത് ലാലിക്ക് ആണ് അപ്പോൾ കിട്ടിയത്... ഇത് എന്റെ സ്വകാര്യ ഡയറി ഒന്നും അല്ലാത്തൊണ്ട് ഇതിനെ കുറിച്ചു ഞാൻ പിന്നെ ഓർത്തതില്ല, എന്റെ ചില ചിന്തകൾ വരികൾ ആയി ഇതിൽ എഴുതി ഇടാറുണ്ട്.....

പേജുകൾ മുൻപിലേക്ക് മറിച്ചു....

അതിൽ ഒരു പേജ് അവൾ ചുവന്ന മഷിയാൽ വട്ടം ഇട്ട് വെച്ചിട്ടുണ്ട്, ഞാൻ പണ്ടെങ്ങോ കുത്തി കുറിച്ച "ആത്മാവിനെ പ്രണയിച്ചവൻ " എന്ന എന്റെ ഒരു കവിത ആയിരുന്നു അത്.........


ഇപ്പോൾ എനിക്ക് ഏകദേശം ഒക്കെ മനസ്സിലാകുന്നുണ്ട്.. ലാലിക്ക് എന്നെ എങ്ങനെ ആണ് പരിചയം എന്നു മനസ്സിലായി. ഞാൻ തേടി വന്നവൾ ഇവൾ തന്നെ ആണ്. ലാലി യഥാർത്ഥത്തിൽ ആരാണ് എന്നു ഇപ്പോൾ എനിക്ക് അറിയാൻ കഴിയുന്നു.....


എന്റെ കണ്ണിൽ നനവ് കുതിർന്നു തുടങ്ങിയിരുന്നു.. ഞാൻ മെല്ലെ അവിടെ നിന്നും അവളെ അടക്കിയ കല്ല് കെട്ടിന്റെ അരുകിൽ വന്നു.. അതിൽ നിന്നും വള്ളി പടർപ്പുകൾ അകറ്റി മാറ്റി.ഞാൻ അതിനോട് ചേർന്ന് ഇരുന്നു...വാക്കുകൾ ശൂന്യമായി പോകുന്ന മാത്ര.. ഞാൻ ചുറ്റും നോക്കി.. അവൾ കത്തിൽ എഴുതിയ അതേ സ്ഥലം. ചെമ്പകപൂവിന്റെ സുഗന്ധം നാസികയിലൂടെ കടന്നു പോകുന്നുണ്ട്...ഞാൻ ആ കല്ല് കെട്ടിൽ എന്റെ കയ്യ്കൾ വെച്ചു മുഖം ചേർത്തു മെല്ലെ പറഞ്ഞു.....


"ലാലി...ഞാൻ നിന്നെ തേടി ഇതാ നിന്റെ അരുകിൽ വന്നു... പക്ഷേ..... ഇതൊക്കെ സത്യമാണോ മിഥ്യയാണോ എന്നു എനിക്ക് അറിയാൻ കഴിയില്ല.. എന്റെ മനസ്സ് പറയുന്നു.. അത് നീ തന്നെ ആണ്.. എന്റെ ലാലി നീ ആരാണ് എനിക്ക്, ഞാൻ ഉറക്കത്തിൽ നിന്നും ഉണരും മുൻപേ ഞാനറിയാതെ പെയ്തൊഴിഞ്ഞ മഴയാണ് നീ.. നിന്നെ ഞാൻ കണ്ടിട്ടില്ല, നിന്നെ ഞാൻ സ്പർശിച്ചിട്ടില്ല, നിന്റെ ശബ്ദം പോലും ഞാൻ അറിഞ്ഞില്ല,, എങ്കിലും നിന്നിലെ നനവും തണുപ്പും എന്നെയാകെ പുണർന്നു പിടിക്കുന്നു..


വളരെ വേദനയോടെ ഞാൻ അവിടെ നിന്നും എണീറ്റു.. അവളുടെ പെട്ടിയിൽ നിന്നും തുണിയും ബുക്കുകളും ചാന്തും കണ്മഷി കുപ്പിയും ഒക്കെ എന്റെ ബാഗിലേക്ക് ആക്കി ഞാൻ അവിടെ നിന്നും നടന്നകന്നു.....


മൂപ്പിലാന്റെ വീട്ടിലേക്ക് വീണ്ടും എത്തി.. ബാഗ് തിണ്ണയിലേക്ക് വെച്ചു അകത്തേക്ക് കയറി മൂപ്പിലാനെ വിളിച്ചു...


" അതേ,, ചേട്ടാ.... ചേട്ടാ... ഞാൻ പോവുകയാണ്.. ഒരു കാര്യം അറിയാൻ ഉണ്ട്..... "


അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു നേരെ ഇരുന്നു..വായിൽ നിന്നും ഒലിച്ചിറങ്ങിയ തുപ്പൽ മുണ്ടിന്റെ കോന്തായിലേക്ക് തേച്ചു വീണ്ടും കിടന്നു.. ഞാൻ അയാളുടെ ചെവിയുടെ അടുക്കലേക്ക് കുനിഞ്ഞു വീണ്ടും ചോദിച്ചു...


"ചേട്ടാ, ഇവിടുത്തെ പോസ്റ്റ് ഓഫീസ് എവിടെ ആണ്... ? "


അയാൾ എന്തോ പിറുപിറുക്കുന്നു ഉണ്ട്..ഞാൻ ചെവി അയാളുടെ മുഖത്തോടു അടിപ്പിച്ചു....


"ഫ്യൂരിടാൻ വളവിൽ ചെന്നാൽ ജീപ്പ് കിട്ടും.. പോസ്റ്റ് ഓഫീസ് എന്നു പറഞ്ഞാൽ കൊണ്ടാക്കും... "


ഞാൻ അവിടെ നിന്നും എണീറ്റു...


" വളരെ ഉപകാരം ചേട്ടാ, ഞാൻ എന്നാൽ ഇറങ്ങുക ആണ്... "


അയാൾ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു പാതി ഉറക്കത്തിൽ.......


ഫ്യൂരിടാൻ വളവ് നടന്നെത്തി എനിക്ക് ജീപ്പ് കിട്ടി.. എന്റെ വിശ്വാസത്തെ കെട്ടുറപ്പിക്കേണ്ട ആവശ്യം എനിക്ക് ഉണ്ടായിരുന്നു.. അതാണ് പോസ്റ്റ് ഓഫീസിലേക്ക് ഉള്ള ഈ യാത്ര......


വണ്ടി പോസ്റ്റ് ഓഫീസ് വാതിലിൽ എത്തി..വണ്ടിക്കാരനു പണം നൽകി ഞാൻ അവിടേക്ക് ഇറങ്ങി... 

വളരെ പഴകിയ ഒരു തപാൽ ഓഫീസ്.. ഞാൻ അതിനുള്ളിലേക്ക് കയറി. ഒന്നോ രണ്ടോ ജീവനക്കാർ അതിൽ ഉണ്ട്. നിറയെ പത്ര കെട്ടുകൾ ഒക്കെ അതിൽ നിറഞ്ഞു കിടക്കുന്നു.. മാറാല പൊതിഞ്ഞ ഫാൻ മുകളിൽ എന്നെ സൂക്ഷ്മമായി നോക്കി ഇരുപ്പുണ്ട്... എന്നെ കണ്ട ഉടനെ ഒരു ജീവനക്കാരൻ അടുത്തേക്ക് ചെല്ലാൻ കയ്യ് കൊണ്ടു ആംഗ്യം കാട്ടി.. അദ്ദേഹം ആകാം പോസ്റ്റ് മാസ്റ്റർ....

ഞാൻ ബാഗിൽ നിന്നും അവൾ അയച്ച കത്ത് എടുത്ത് അയാൾക്ക് നേരെ നീട്ടി....


"ഇത് ഇവിടെ നിന്നും അയച്ച കത്ത് അല്ലെ, കത്തിൽ ഈ പോസ്റ്റ് ഓഫീസിലെ സീൽ കാണാം... "


"അതേലോ,ഇത് ഇവിടെ നിന്നും പോയ കത്താണ്... പക്ഷേ....... "


"എന്താണ് സാർ പക്ഷേ.... "


"സീൽ ഒക്കെ ഉള്ളത് ശരി തന്നെ, ഇങ്ങനെ ഒരു കത്ത് ഇവിടെ നിന്നും ഈ അഡ്രസ്സിലേക്ക് പോയതായി എന്റെ അറിവിൽ ഇല്ല... ആകെ വെല്ലോ ആണ്ടിലും ഒരു കത്ത് അങ്ങോട്ടു പോയാലും ആയി ഇങ്ങോട്ട് വന്നാലും ആയി.. "


" സാർ, മറ്റേത് എന്റെ അഡ്രസ്സ് ആണ്.. അതിൽ നിന്നും ഇവിടേക്ക് ആണ് അയച്ചത്.. അതിനുള്ള മറുപടി ഇവിടെ നിന്നും ആണ് അയക്കപ്പെട്ടതും.... "


"ക്ഷമിക്കണം... ഇങ്ങനെ ഒരു കത്ത് ഇവിടെ നിന്നും പോയിട്ടില്ല, നിങ്ങളുടെ അഡ്രസ്സിൽ നിന്നും ഒരു കത്ത് ഇവിടെ വന്നിട്ടും ഇല്ല.. മാത്രമല്ല ഈ അയച്ചു എന്നു പറയുന്ന അഡ്രസ്സ് എനിക്ക് നല്ല പരിചിതമാണ്.. ഇത് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട അങ്ങാടിയിൽ കട നടത്തിയ ലോവേശിന്റെ അഡ്രസ്സ് ആണ്.. അയാളുടെ മകൾ ആണ് ഈ ലാലി.. ഈ കുട്ടിയും മരിച്ചിട്ട് കൊറേ കൊല്ലം ആയെല്ലോ..പിന്നെ എങ്ങനെ ആണ് തനിക്ക് കത്ത് അയക്കുന്നത്.... "


അയാൾ കത്ത് എനിക്ക് തിരികെ നൽകി...


" സാറെ, നിങ്ങൾ ഒന്നുകൂടി ഓർത്തു നോക്കൂ... "


"ഓർക്കാൻ ഒന്നു ഇല്ല, താൻ ഒന്നു പോയേ..മരിച്ചയാൾ കത്തെഴുതി പോലും.. ഓരോരോ വട്ടന്മാരെ... "


അവിടെ ഉള്ള മറ്റു ജീവനക്കാർ പരിഹാസം എന്നോണം എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..ഞാൻ അവിടെ നിന്നും മെല്ലെ വെളിയിലേക്ക് ഇറങ്ങി.. എന്റെ മനസ്സിലെ ചോദ്യത്തിന് ആരായിരുന്നു ലാലി എന്നതിനുള്ള ഉത്തരം കിട്ടികൊണ്ടിരുന്നു.....


നേരം ഉച്ചയാകാറായി.. ഞാൻ പരപ്പയിൽ വണ്ടി ഇറങ്ങി.. ഇറങ്ങിയ പാടെ ഒരാൾ ഓടി എന്റെ അടുക്കൽ വന്നു. അത് ഇന്നലെ എന്നെ കൊണ്ടാക്കിയ ജീപ്പ് ഡ്രൈവർ ആയിരുന്നു....


"സാറെ, നിങ്ങൾ തിരിച്ചു വന്നല്ലേ... "


അയാൾ അതിശയോക്തിപരമായി എന്നെ നോക്കി...


" എന്നാലും സാർ ഒറ്റയ്ക്ക് കൊന്നക്കാട് രാത്രിയിൽ, ... ജീവനോടെ തിരിച്ചു എത്തിയല്ലേ, സാറിനെ ഓർത്ത് ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല... "


" അതിനു രാത്രിയിൽ ഞാൻ ഒറ്റയ്ക്ക് അല്ലല്ലോ കൊന്നക്കാട് മണൽ പാതയിൽ ഉണ്ടായിരുന്നത്.... "


"പിന്നെ കൂട്ടിന് ആരായിരുന്നു ഉണ്ടായിരുന്നത്... "


" അത് ഒരാൾ, എനിക്ക് പ്രിയപ്പെട്ട ഒരാൾ "


ഒരു ചെറു ചിരിയോടെ അയാളുടെ ടോർച്ച് ഞാൻ തിരികെ ഏല്പിച്ചു.... 


"തനിക്ക് ഒരു ഉപകാരം ചെയ്യാമോ.. എന്നെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഒന്നു കൊണ്ടാക്കാമോ....? "


"അതിനെന്താ സാറെ..ദേ കയറിക്കോ,ഇപ്പോൾ തന്നെ കൊണ്ടു വിടാം... "


വളരെ ആവേശത്തോടെ അയാൾ ജീപ്പിലേക്ക് ചാടി കയറി, തൊട്ടു പിന്നാലെ ഞാനും......


ഞാൻ തിരികെ വീട് എത്തി.. മഴപെയ്തൊഴിഞ്ഞ നനവുള്ള വെളുപ്പാൻ കാലം... നല്ല മഞ്ഞാണ്‌ ഇവിടെയും.. ഞാൻ വീടിന്റെ കാളിംഗ് ബെൽ അമർത്തി.. കുറെ നേരത്തെ നിർത്താതെ ഉള്ള ബെല്ലടിയുടെ ഒടുവിൽ അമ്മ വാതിൽ തുറന്നു.... ഞാൻ അകത്തേക്ക് കയറി....


"നീ രാത്രി വല്ലതും കഴിച്ചോണ്ട് ആയിരുന്നോ കയറിയത്.... ?"


"ഏയ്, എനിയിപ്പം കുറച്ചു കഴിഞ്ഞാൽ നേരം വെളുക്കും..പ്രാതൽ കഴിക്കാം.... "


പാതി ഉറക്ക ചെവയിൽ മുറിയിലേക്ക് നടന്ന അമ്മ വീണ്ടും തിരിഞ്ഞു നിന്നു...


"അതേ, ഇന്നലെ നിനക്ക് ഒരു കത്ത് വന്നിട്ടുണ്ടായിരുന്നു... "


"എനിക്കോ... !" 


എന്റെ ഉള്ളിൽ ആകാംഷ നിറതല്ലി....


" അതേ ,നിനക്ക് തന്നെ..നിനക്ക് ആരും പ്രേമ ലേഖനം എഴുതാൻ ഇല്ലാത്തോണ്ട് ഞാൻ അത് പൊട്ടിച്ചു.. അല്ല മകനുള്ള കത്ത് അമ്മയ്ക്ക് വായിക്കാലോ...

എടാ,, അതിൽ വെറും ഒരു കടലാസ് പേപ്പർ മാത്രം ആയിരുന്നു. ഒന്നും എഴുതിയിട്ടുണ്ടായിരുന്നില്ല.. പോസ്റ്റ് കവറിന്റെ മേലെ പെണ്ണിന്റെ പേര് കണ്ടപ്പോൾ വെറുതേ ഞാൻ ആവേശം കാണിച്ചു.... നിന്നെ ആരോ പറ്റിക്കാൻ വെറും കടലാസ് അയച്ചത് ആടാ പൊട്ടാ.... "


"എന്നിട്ട് അത് എവിടെ... ? "


"അത് നിന്റെ മേശപുറത്ത് വെച്ചിട്ടുണ്ട്.... "


ഞാൻ വേഗം എന്റെ മുറിയിലേക്ക് നടന്നു.. ബാഗ് കട്ടിലിലേക്ക് ഇട്ട് മേശപ്പുറത്ത് നിന്നും കത്ത് എടുത്തു...

ലാലിയുടെ കത്താണ്, ഞാൻ കവറിൽ നിന്നും കടലാസ് വെളിയിലേക്ക് എടുത്തു.. ഇത് വെറും കടലാസ് അല്ല ,അതിൽ ലാലിയുടെ അക്ഷരങ്ങൾ ആണ്.... പിന്നെ എന്താണ് അമ്മ കാണാഞ്ഞത്... എന്റെ ചുണ്ടിൽ ഒരു ചിരി വിടർത്തി ആകാംഷയോടെ വരികളിൽ കണ്ണോടിച്ചു.....


" ഇത് ഞാനാണ്,, ലാലി... നിങ്ങൾ എന്നെ തേടി വന്നിരുന്നു അല്ലേ.... ഒടുവിൽ നിങ്ങളുടെ സ്നേഹത്തിന്റെ ആഴം നിങ്ങൾ എന്നെ തെളിയിച്ചു..ശരിക്കും നിങ്ങൾ അവിടെ എത്തിയത് അല്ല, ഞാൻ എത്തിച്ചത് ആണ്.. എനിക്ക് നിങ്ങളുടെ അവസാന കത്ത് കിട്ടിയിരുന്നു, അതിനുള്ള മറുപടി വാക്കുകളിലൂടെ ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു... ഞാൻ ആരായിരുന്നു,ഞാൻ എന്തായിരുന്നു എന്നു എനിക്ക് നിങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു.... അതിനുള്ള കാത്തിരിപ്പ് ആയിരുന്നു കഴിഞ്ഞ ആറ് മാസമായുള്ള എന്റെ നിശബ്ദത..ഞാൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു, ഫ്യൂരിടാൻ വളവിലെ ആ ഇരുട്ടിലും, വേട്ട പട്ടികൾ നിങ്ങൾക്ക് നേരെ വന്ന ആ മാത്രകളിലും എല്ലാം നിങ്ങളുടെ തൊട്ടരുകത്ത് ഞാൻ ഉണ്ടായിരുന്നു...."


കത്തിൽ നിന്നും കണ്ണെടുത്ത് ഒരു നിമിഷം ചിന്തിച്ചു.... അപ്പോൾ ലാലി ഞാൻ കരുതുന്ന പോലെ.........


വീണ്ടും കത്ത് വായന തുടർന്നു.


"ഞാൻ ഒരിക്കലും നിങ്ങൾ അറിയാതെ പെയ്തൊഴിഞ്ഞ മഴ അല്ല, നിങ്ങൾ അറിയുന്നില്ല ഞാൻ നിങ്ങളുടെ തൊട്ടരുകത്ത് സദാസമയം ഉള്ളത്... ഇപ്പോൾ നിങ്ങൾക്ക് ഉത്തരം കിട്ടി കാണുമല്ലോ ഞാൻ ആരായിരുന്നു എന്ന്......"


കത്ത് വായിച്ചു കഴിഞ്ഞപ്പോൾ ജനൽ പാളിയുടെ ചിതലരിച്ചു പൊടിഞ്ഞ വിടവിൽ കൂടി ഒരു തണുത്ത കാറ്റ് എന്നിലേക്ക് വന്നു കൊണ്ടിരുന്നു... ഞാൻ മെല്ലെ എണീറ്റ് ജനൽ പാളി മലർക്കെ തുറന്നു.. മുറ്റത്ത് മഴ ചാറി തുടങ്ങുന്നു.. ജനൽ കമ്പിയിൽ കയ്യ് ചുരുട്ടി പിടിച്ചു വെളിയിലേക്ക് നോക്കി നിന്നു.. പെയ്തു വീഴുന്ന ഓരോ മഴനൂലുകളിലും എനിക്ക് നിന്റെ സ്പർശനം അറിയാൻ കഴിയുന്നുണ്ട്...

ഇതൊന്നും സ്വപ്നം അല്ല, ശാസ്ത്രം ഇല്ല എന്ന് സ്ഥാപിച്ചു പറയാത്ത ചില സത്യങ്ങൾ...ലാലി,, നീയൊരു ആത്മാവ് ആണെന്നുള്ള സത്യം ഞാൻ അറിയുന്നു.. ഞാൻ മാത്രമായ നിമിഷങ്ങൾ, എന്റെ ഉള്ളിൽ തോന്നിയ ചിന്തകൾ എല്ലാം നീ അറിയുന്നു.. ഈ കത്ത് ഇന്നലെ ആണ് വന്നത്, ഇന്നലെ നടന്ന സംഭവങ്ങൾ.... എന്റെ ചിന്തകൾക്ക് മുൻപേ നിന്റെ മറുപടി മുന്നേറുന്നു.. ഞാൻ ഓരോ തവണയും കത്ത് എഴുതുമ്പോൾ അതിനു മുൻപേ നിന്റെ മറുപടി എനിക്ക് വേണ്ടി നീ എഴുതി തീർക്കുന്നു എന്ന സത്യം.....


എനിക്ക് മാത്രം വായിക്കാൻ കഴിയുന്ന നിന്റെ അക്ഷരങ്ങൾ,, അത് നിന്റെ മനസ്സ് ആണ്.... ലാലി.., എനിക്ക് അറിയാം ദേ ഈ നിമിഷം പോലും എന്റെ അരുകത്ത് ശരീരം ഇല്ലാത്ത, രൂപം ഇല്ലാത്ത ഒരു മനസ്സുമായി നിൽപ്പുണ്ടെന്നു... ചെമ്പക പൂവിന്റെ മണം എന്റെ നാസികയെ വട്ടം കറക്കി നിൽക്കുന്നുണ്ട്.....


ഞാൻ കടലാസ് എടുത്ത് അവൾക്കുള്ള മറുപടി കത്ത് എഴുതാൻ ആരംഭിച്ചു.....


"എന്റെ പ്രിയപ്പെട്ട ലാലി... നീ ആരാണ് എന്ന് എനിക്ക് ഈ നിമിഷം മുതൽ അറിയാം, ഞാൻ എന്താണ് എഴുതാൻ പോകുന്നതും എന്നും നിനക്ക് അറിയാം... നിന്റെ കുറച്ചു വിലപ്പെട്ട വസ്തുക്കൾ നിന്റെ വീട്ടിൽ നിന്നും ഞാൻ കൊണ്ടു വന്നിട്ടുണ്ട്.അത് അവിടെ കിടന്നു നശിക്കരുത്.. മാത്രമല്ല,, നീ എവിടെ ആണോ ഉള്ളത് അവിടെ അല്ലെ ഇതെല്ലാം ഉണ്ടാവേണ്ടത്........

പിന്നെ.... "


എന്റെ തോളത്ത് ആരോ കയ്യ് വെക്കുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ട്.. ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി.......

______________


* ഈ കഥയുടെ ക്ലൈമാക്സ് ഏത് തലത്തിലേക്ക് വേണമെങ്കിലും മാറ്റി എഴുതാമായിരുന്നു.. പക്ഷേ, ലാലി എന്റെ പ്രിയപ്പെട്ട ആത്മാവ് മാത്രമായി തുടരട്ടെ......*

___________________



Rate this content
Log in

More malayalam story from Shibu SK Panicker

Similar malayalam story from Drama