STORYMIRROR

N N

Horror Tragedy Thriller

4  

N N

Horror Tragedy Thriller

വൈഗയുടെ 30 ദിവസങ്ങൾ - ഓജോബോർഡ്

വൈഗയുടെ 30 ദിവസങ്ങൾ - ഓജോബോർഡ്

3 mins
368


ദിനം 8: 9 ജൂലൈ 2020


"ചേച്ചി, ഞാൻ ഇന്നലെ ഒരു ഷോർട്ട് ഫിലിം കണ്ടു. അത് സത്യമാണോന്ന് എനിക്ക് പരീക്ഷിക്കണം. ഒരാൾ കൂടി ഉണ്ടെങ്കിൽ എനിക്ക് ധൈര്യമാ, നമുക്ക് ചെയ്യാം." ഗൗരി വൈഗയെ സോപ്പിട്ടു. 

"കാര്യം പറയെടീ... എന്തു പരീക്ഷണമാ ചെയ്യേണ്ടത്...? കൊറോണ മരുന്ന് കണ്ടുപിടിക്കാനാണോ?"

"പിന്നെ.....അതൊന്നുമല്ല, ഓജോബോർഡ്".


"ഒന്നു പോടി, വേണ്ടാത്ത പൊട്ടത്തരങ്ങൾക്ക് സമയം കളയാൻ ഞാനില്ല. ഞാൻ മാത്രമല്ല നീയും, അമ്മയോട് പറയേണ്ട എങ്കിൽ പോയിരുന്നു പഠിക്ക്. നീ വല്ല ശാസ്ത്രം കണ്ടുപിടിക്കാൻ വിളിക്ക്, അപ്പൊ നോക്കാം."

"അയ്യേ, പേടിയാണല്ലേ?"

"അതെ നല്ല പേടിയാ, തൽക്കാലം എന്റെ മോള് അകത്തേക്ക് ചെല്ല്."

"അല്ലെങ്കിലും ഈ ചേച്ചിയെ കൊണ്ട് ഒരു ഉപകാരവും ഇല്ല."

 ഗൗരി വൈഗയോട് പിണങ്ങി അകത്തേക്ക് പോയി. അവൾ ഒറ്റയ്ക്ക് ചെയ്യില്ലെന്ന് വൈഗക്ക് ഉറപ്പുണ്ടായിരുന്നു.


"ഓജോബോർഡ്."

 വൈഗ അസ്വസ്ഥയായി. മറക്കാൻ ശ്രമിക്കുന്ന ഹോസ്റ്റൽ നാളുകളിലേക്ക് അവളറിയാതെ സഞ്ചരിച്ചു. കോളേജ് വുമൺസ് ഹോസ്റ്റലിലെ 302 എന്ന റൂമിലെ റൂംമേറ്റുകൾ ആയിരുന്നു യാമിനി, ദേവി, വൈഗ. 2017 വർഷം. ഇന്നും ആ ദിവസം ഓർക്കുന്നു, സെപ്റ്റംബർ 14.


"വൈഗേ,നീ ഈ വീക്കേൻഡിൽ വീട്ടിൽ പോകുന്നുണ്ടോ?" യാമിനി അന്വേഷിച്ചു.

"ഇല്ലെടീ, പോകേണ്ടന്ന് വെച്ചു."

"നീയോ ദേവി?"

"ആദ്യം നീ കാര്യം പറയ്, എന്ത് ഉടായിപ്പാ ഇപ്രാവശ്യം?"

"ഉടായിപ്പ് അല്ല മക്കളെ ഹൊറർ ആണ് ഹൊറർ,"യാമിനി ത്രില്ലടിച്ചു.


"ഓ, നീ യക്ഷി വേഷംകെട്ടി പേടിപ്പിക്കാൻ പോവുകയാണോ?"വൈഗ കളിയാക്കി.

"വേഷംകെട്ടലിന്റെ ആവശ്യമൊന്നുമില്ല. ശരിക്കും യക്ഷിയെ വരുത്തി കാണിക്കും ഞാൻ."

"നിനക്കെന്താ ഭ്രാന്തുണ്ടോ യാമി?" ദേവി അവളെ ശാസിച്ചു.

"ഭ്രാന്ത് അല്ലെടി, കഴിഞ്ഞ വീക്കെൻഡിൽ ഞാൻ അമ്മയുടെ തറവാട്ടിൽ പോയപ്പോ മച്ചും പുറത്തു നിന്നു അടിച്ചെടുത്തതാ. ദാ നോക്ക്."

"ഇതെന്താ?"


"ഓജോബോർഡ്!"

"ഓജോബോർഡോ?"

"അതെ. നിങ്ങൾക്ക് സർപ്രൈസ് തരാനിരുന്നതാ, എങ്ങനെയുണ്ട്?"

"വളരെ നന്നായിട്ടുണ്ട്. നിനക്ക് ശരിക്കും വട്ടാണല്ലേ? ഞാനില്ല." ദേവി ഒഴിഞ്ഞു മാറി.

 വൈഗയും വലിയ താല്പര്യം കാണിച്ചില്ല. ഒടുവിൽ യാമിനി അവരോട് കെഞ്ചിയും കൊഞ്ചിയും സമ്മതം മൂളിച്ചു.


എന്നാൽ അവിചാരിതമായി ശാരദയ്ക്ക് സുഖമില്ലാതെ വന്നതു കൊണ്ടും, അച്ഛൻ സേലത്ത് ആയിരുന്നത് കൊണ്ടും വൈഗക്ക് വീട്ടിലേക്ക് പോകേണ്ടി വന്നു. എന്നാലും യാമിനി വിട്ടില്ല. 12 മണി കഴിഞ്ഞപ്പോൾ എല്ലാവരും ഉറങ്ങിയതിനു ശേഷം ദേവിയെയും കൂട്ടി അവൾ ടെറസ്സിന്റെ പുറകു വശത്തേക്ക് വന്നു. അവിടെ ഇരുന്നാൽ സെക്യൂരിറ്റിയുടെ കണ്ണിൽ പെടില്ല, തൊട്ടടുത്തുള്ള റബ്ബർതോട്ടത്തിന്റെ സഹായം മൂലം ആ ഭാഗം മറഞ്ഞിരുന്നു. ഒടുവിൽ ധൈര്യം സംഭരിച്ച് രണ്ടുപേരും മെഴുകുതിരി കത്തിച്ചു കോയിൻ എടുത്തു.


"good spirit, please come"


ഇരുവരും നാമം പോലെ ജപിക്കാൻ തുടങ്ങി. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ എന്തോ തട്ടും മുട്ടും ശബ്ദമൊക്കെ കേൾക്കാൻ തുടങ്ങി. എന്തൊക്കെയോ മടൽ വീഴുന്ന ഒച്ച. അവരൊന്ന് ഞെട്ടി. ദേവി തിരിഞ്ഞു നോക്കി. ഒന്നും കാണാൻ സാധിച്ചില്ല. അവൾക്ക് പേടിയായി തുടങ്ങി. യാമിനി സമ്മതിച്ചില്ല.അവൾ വീണ്ടും നാമം ജപിക്കാൻ തുടങ്ങി. മെഴുകുതിരി കെട്ടതോടെ ദേവി എഴുന്നേറ്റു.


"യാമി, വാ നമ്മുക്ക് പോകാം. എനിക്ക് പേടിയാകുന്നു. ഇത് ശരിക്കുള്ള ഓജോബോർഡ് ആണെന്ന് തോന്നുന്നു."

"അങ്ങനെയാണെങ്കിൽ നമുക്ക് സംസാരിക്കാം, നിൽക്ക്."

"ഞാൻ പോകുവാ."

ദേവി ടെറസിൽ നിന്നും താഴേക്ക് ഓടി. ടെറസിലേക്കുള്ള വാതിൽ വലിയൊരു ശബ്ദത്തിൽ കൊട്ടിയടച്ചു. യാമിനി ഞെട്ടിപ്പോയി, അതോടെ അവളുടെ ധൈര്യവും ചോർന്നു. ഓജോബോർഡ് എടുത്തു വാതിൽ വലിച്ചു തുറന്ന് യാമിനിയും താഴേക്കോടി.


 രണ്ടുപേരും വല്ലാതെ കിതച്ചു കൊണ്ടിരുന്നു.

"കതകടച്ചില്ലല്ലോ ദേവി."

യാമിനി അപ്പോഴാണത് ഓർത്തത് .

"എനിക്ക് പേടിയാ, ഞാനില്ല.അവിടെ കിടക്കട്ടെ."

 

അടുത്ത ദിവസം രാവിലെ അവർ ടെറസ്സിൽ ചെന്ന് നോക്കി. ഒരു മടൽ കഷ്ണം പോലും കണ്ടില്ല.

<

p>"നിനക്ക് തൃപ്തിയായില്ലേ ഇപ്പോ, കൊണ്ട് പോയി കള. വൃത്തികെട്ട ഒരു ബോർഡ്."

 ദേവി അവളോട് ചൂടായി. വീക്കെൻഡ് കഴിഞ്ഞെത്തിയ വൈഗ എല്ലാം കേട്ട് തരിച്ചിരുന്നു.

"എന്തായാലും ഞാൻ രക്ഷപ്പെട്ടു, ശോ എന്നാലും കാണാൻ പറ്റിയില്ലല്ലോ!"

 അവൾ നെടുവീർപ്പിട്ടു.


 രാത്രി ടോയ്‌ലറ്റിലേക്ക് പോയ ദേവി ഓടിക്കിതച്ചു വന്നു.

"എടി, ആരോ അവിടെ നിൽക്കുന്നുണ്ട്."

 വൈഗയും യാമിനിയും അന്തം വിട്ടു നോക്കി.

"നിനക്ക് തോന്നിയതായിരിക്കും."

"അല്ല, സത്യമാണ് ഞാൻ പറഞ്ഞത്. നിങ്ങൾ ഒന്നു വന്നേ."

 അവർക്ക് അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല. പിന്നീട് പലപ്പോഴും ദേവി ഇതുപോലെ പറഞ്ഞു കൊണ്ടിരുന്നു. അവൾക്ക് തട്ടിയ പേടി കൊണ്ട് തോന്നുന്നതാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു.


അങ്ങനെ ഫോർത്ത് സെം എക്സാം കഴിഞ്ഞ് എല്ലാവരും ഓണാവധിക്ക് നാട്ടിലേക്ക് പോന്നു. ഒരു ദിവസം ദേവി വൈഗയെ പരിഭ്രാന്തിയോടെ വിളിച്ചു.

"എടി, എന്നെയൊരു ചെറുപ്പക്കാരൻ ഫോളോ ചെയ്യുന്നുണ്ട്. ഇഷ്ടമാണെന്നൊക്കെ പറയുവാ..."

"ആഹാ ആളെങ്ങനാ...?"

"ഒന്ന് പോടീ, എനിക്ക് ഉറപ്പാ ഇത് മനുഷ്യനല്ല."

"മനുഷ്യനല്ലേ?"

 വൈഗ പൊട്ടിചിരിച്ചു.


"അതല്ലെടീ, ഞാൻ ഇയാളെ ഇവിടെങ്ങും കണ്ടിട്ടില്ല. പുതിയതായി വന്ന താമസക്കാരാണെന്നാ പറഞ്ഞത്. കുറച്ചു ദിവസം കഴിഞ്ഞപ്പോ എനിക്ക് സംശയം കൂടി കൂടി വന്നു. അങ്ങനെ ആ പറഞ്ഞ വീട്ടിൽ ചെന്ന് നോക്കിയപ്പോൾ അതടഞ്ഞു കിടക്കുവാ... അതോടെയാ എനിക്ക് ഉറപ്പായത്. യാമിനി ഇതൊന്നും വിശ്വസിക്കുന്നില്ല, ആരോടും ഇതൊന്നും പറയാനും പറ്റുന്നില്ല. ഞാൻ ഇഷ്ടമല്ല എന്ന് പറഞ്ഞ് ഒഴിവാക്കി. എന്നാലും എനിക്ക് പേടിയാവുന്നു, വൈഗ."

"നീ പേടിക്കണ്ട, എന്തായാലും നമുക്ക് നോക്കാം. നീ ധൈര്യമായിരിക്ക്. ഇനിയും വന്നാൽ വീട്ടിൽ പറയാം."

 

രണ്ടുദിവസം കഴിഞ്ഞ് യാമിനി വിളിച്ചു.

"ടീ, നീ അറിഞ്ഞോ? നമ്മുടെ ദേവി മരിച്ചു."

ഒരു നടുക്കം ആണുണ്ടായത്. ഇടിവെട്ടിയതുപോലെ തരിച്ചിരുന്നു.

"അവൾ പറഞ്ഞതൊന്നും... ഞാൻ വിശ്വസിച്ചില്ല..." യാമിനി കരയാൻ തുടങ്ങി.

അവളുടെ ശബ്ദത്തിൽ പരിഭ്രാന്തിയും സങ്കടവും കൂടിക്കലർന്നു വിക്കുന്നുണ്ടായിരുന്നു. വൈഗയ്ക്ക് ശബ്ദം പുറത്തേക്ക് വന്നില്ല.


"തറവാട്ടു കുളത്തിൽ മരിച്ചു കിടക്കുകയായിരുന്നു, ആത്മഹത്യയാണെന്നൊക്കെ പറയുന്നുണ്ട്. എനിക്കൊന്നും പറയാൻ പറ്റുന്നില്ല ആരോടും... എനിക്ക് പേടിയാവുന്നു... ഇനി ഞാനായിരിക്കും അടുത്തത്."

അൽപ്പസമയത്തിന് ശേഷം അവൾ ധൈര്യം വീണ്ടെടുത്തു. യാമിനിയെ കുറ്റപ്പെടുത്തിയില്ല, പകരം ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അവളാകെ തകർന്നിരിക്കുവാണെന്നു വൈഗക്ക് മനസ്സിലായി.

"നീ പേടിക്കാതെ, അങ്ങനെ ഒന്നുമില്ല. അങ്ങനെയാണെങ്കിൽ തന്നെ ദേവിയുടെ കൂടെയായിരിക്കും കൂടിയത്. നിനക്കിതു വരെ ഒന്നും തോന്നിയില്ലല്ലോ, ഇനി പേടിച്ചു നിനക്ക് തോന്നാതിരുന്നാൽ മതി. നീ ധൈര്യമായിട്ടിരിക്ക്... ഞാൻ ഇപ്പോ തന്നെ ഇറങ്ങാം... നീ കൊട്ടാരക്കര എത്തുമ്പോ എന്നെ വിളിക്ക്."


"അവിടന്ന് 25 മിനിട്ട് വീണ്ടും യാത്രയുണ്ട് ദേവുടെ വീട്ടിലേക്ക്, തിരിക്കുമ്പോൾ ഇരുട്ടും."

"നമ്മളിന്ന് പോരുന്നില്ല യാമി, അവളുടെ അമ്മയൊക്കെ തകർന്നിരിക്കുവായിരിക്കും. അവരെ സമാധാനിപ്പിച്ചെങ്കിലും 

ദേവൂന്നോട് ക്ഷമ ചോദിക്കാം." യാമി പൊട്ടികരഞ്ഞു.


ദേവി മരിച്ചു രണ്ടാഴ്ച കഴിഞ്ഞു. വൈഗയുടെ ആശ്വാസ വാക്കുകൾ മൂലം പതിയെപ്പതിയെ യാമിനിയുടെ പരിഭ്രാന്തി ഇല്ലാതെയായി.


അന്നൊരു ഞായറാഴ്ചയായിരുന്നു. വൈഗയുടെ ഉറക്കത്തെ തടസ്സപ്പെടുത്തി യാമിനിയുടെ ഫോൺ വന്നു.

"ചേച്ചി, ഞാൻ അമ്മുവാ"

യാമിയുടെ കസിനാണ്. അവളുടെ അടഞ്ഞ ശബ്ദം വൈഗയിൽ ഉദ്വേഗം വരുത്തി.

"ആ അമ്മു... എന്ത്‌ പറ്റി...?"

"യാമി ചേച്ചി ഇന്നലെ രാത്രി തൂങ്ങിമരിച്ചു..."

 വൈഗ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു. ഭൂമി പിളർന്ന പ്രതീതി പോലെ അനക്കമറ്റവൾ നിന്നു.


"ട്ടോ!"

 വൈഗ ഞെട്ടിപ്പോയി. ഗൗരിയാണ്.

"ഏതു ദിവാസ്വപ്നത്തിലാ... ചോറ് കഴിക്കാൻ അമ്മ വിളിക്കുന്നുണ്ട്."

"ആ.... വരാം"

 വൈഗ ദീർഘശ്വാസമെടുത്ത് എഴുന്നേറ്റു. 


Rate this content
Log in

Similar malayalam story from Horror