Sangeetha SJ

Drama Horror

4  

Sangeetha SJ

Drama Horror

മാലിനി

മാലിനി

3 mins
492


ഒരു വെളിമ്പ്രദേശത്താണ് ഞാൻ എത്തപ്പെട്ടിരിക്കുന്നത്. അവിടെ കുറേ കച്ചവടക്കാർ ഉണ്ട്. സമയമേറെ കഴിഞ്ഞപ്പോൾ കച്ചവടക്കാർ പിരിഞ്ഞു പോയി തുടങ്ങി. സന്ധ്യാ സമയം, ഇരുട്ട്പരക്കുന്നു.    

    

അങ്ങനെ ചുറ്റുപാടും നോക്കിയപ്പോൾ ഒരു നാടോടിയെ പോലെ തോന്നിക്കുന്ന ഒരു സ്ത്രീ ആ കുന്നിൻ പ്രദേശത്തിൽ നിർവ്വികാരമായ മുഖഭാവത്തോടെ കമ്പും കുത്തി നടക്കുന്നു. അവൾ ചവറിൽ നിന്നുമെന്തോ തിരയും പോലെ. ഞാൻ കുറച്ചു നേരം അവളെ നോക്കി നിന്നു .ജട പിടിച്ച മുടി, മലിനമായ വേഷം.മുഖം മാത്രം കണ്ടില്ല.പെട്ടെന്നവൾ തിരിഞ്ഞു.മുഖത്ത് ചെളിയും,കറുപ്പുമൊക്കെ ഇടകലർന്ന നിറം.മനസ്സിലെന്തൊ ചിന്തിച്ചു, ഞാനവളുടെ അരികിലെത്തി.


ഞാനവളോട് അന്വേഷിച്ചു.


"നീ ഏതാ? പേരെന്താ?, കുറെ നേരമായല്ലോ ഇവിടെ കറങ്ങുന്നു" .


അവൾ പറഞ്ഞു,


അവൾ തിരികെ ചോദിച്ചു .


"ഞാൻ മാലിനി, തകരം പെറുക്കൽ പണി. നിങ്ങളോ ?",


ഞാൻ: "ലക്ഷ്മി".


സന്ധ്യയായത്കൊണ്ടും പൊതുവെ പേടിക്കാരിയായതുകൊണ്ടും ഞാനവളോട് ചോദിച്ചു,


 "നീ എന്റെ വീട് വരെ പോകാൻ ഒന്ന് കൂട്ട് വരാമോ?".

"പിന്നെന്താ , നമുക്ക് പോകാം",അവൾ പറഞ്ഞു


ഒരുമിച്ചു നടക്കുമ്പോൾ അവൾ നിശബ്ദ ആയിരുന്നു. സന്ധ്യക്കു കനം കൂടി വരുന്നു.അവളുടെ പാറിപ്പറക്കുന്ന മുടിയും, ഭാവവും നോക്കി ഞാൻ നടന്നു. പെട്ടെന്ന് അവളെന്റെ കയ്യിൽ മുറുകെ പിടിച്ചു. എനിക്ക് എന്തെന്നില്ലാത്ത സുരക്ഷിതത്ത്വമപ്പോൾ അനുഭവപ്പെട്ടു , ഇരുട്ടിനെയും ഭയം തോന്നിയില്ല. വയൽ കുറുകെ കടന്നു,


അവൾ ചോദിച്ചു . "ലക്ഷ്മിയുടെ വീടെത്താറായി അല്ലെ? എന്നെ നിന്റെ വീട്ടിൽ കയറ്റില്ല. പക്ഷെ എനിക്ക് നിന്നോട് ചിലത് പറയാനുണ്ട് . നിന്റെ വീടിനു പിന്നിലെ ചായ്‌പിൽ ഒന്ന് വരാമോ?".

ഞാൻ: "പിന്നെന്താ".

അതിനുള്ളിൽ അവൾ എന്റെ കൂട്ടുകാരിയായി മാറിയിരുന്നു.

മാലിനി പെട്ടെന്നെന്നെ ആലിംഗനം ചെയ്തു. വളരെ ദൃഢമായി തന്നെ ഞാനൊട്ടും പ്രതീക്ഷിച്ചില്ല . ഒന്നും മിണ്ടാനാവാതെ ഞാൻ നിന്നു പോയി. പെട്ടെന്നവളുടെ ഭാവം മാറിയത് പോലെ .

ഞാൻ ചോദിച്ചു

"നീയാരാ മാലിനി? നിനക്കെന്താ പറയാനുള്ളത്?, നിന്റെയുള്ളിൽ എന്തൊക്കെയോ പറയാൻ ബാക്കി വച്ചത് പോലെ".

അവളൊന്ന് ഇരുത്തി മൂളി.


മാലിനി: "ഞാൻ നിന്നെ പോലെ സുഖസൗകര്യങ്ങളുടെ നടുവിൽ, ബന്ധങ്ങളുടെ ഉറപ്പിൽ, കരുതലിൽ, കഴിയുന്ന,അല്ലെങ്കിൽ കഴിഞ്ഞിട്ടുള്ള പെണ്ണല്ല. ജീവിതത്തിന്റെ ചെളിക്കുണ്ടിൽ എറിയപ്പെട്ടവളാണ് ഞാൻ. ആരോരുമില്ലാത്തഎന്റെ ജീവിതത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥികളായി ദിവസവുമോരോ ആണുങ്ങൾ. ജീവിതസ്വപ്നങ്ങൾ എരിഞ്ഞു തീർന്ന ഒരു പെണ്ണാണ് ഞാൻ”.


ഇത് കേട്ട് ഞാൻ തരിച്ചു നിന്നു. പെട്ടെന്നവൾ മെല്ലെ പറഞ്ഞു,

"ഇന്നല്ല, ഇന്നലെയല്ല, കുറെ വർഷങ്ങൾ ആയിട്ടല്ല, നൂറ്റാണ്ടുകളായി ഞാനിങ്ങനെയാണ്."


ഇത് കേട്ട് ഞാൻ നടുങ്ങിപ്പോയി . പെട്ടെന്നവൾ തിരികെ നടന്നു. ഞാൻ അവിടെ തന്നെ വിറങ്ങലിച്ചു നിന്നു. അവിടെയോരത്ത് വച്ചിരുന്ന ചെമ്പിലെ വെള്ളം അവൾ ദേഹത്തു കോരിയൊഴിച്ചു. ഞാൻ നോക്കിയപ്പോൾ നേരത്തെ കണ്ട മാലിനിയല്ല. ചെളിയൊക്കെ പോയി , അവൾ, സുന്ദരിയായ ഒരു പെണ്ണായി മാറിയിരിക്കുന്നു.


ഞാൻ പേടിയോടെ പറഞ്ഞു, "നീ മനുഷ്യ സ്ത്രീയാണോ? ഞാൻ നിന്റെ ലക്ഷ്മിയല്ലേ. എന്നെയൊന്നും ചെയ്യല്ലേ”.


അവൾ:"ഞാൻ വിലക്കപ്പെട്ടവൾ ഊരിലും .അലഞ്ഞു കുറെ കാതങ്ങൾ താണ്ടി ഇവിടെയെത്തി .ഇപ്പോൾ ചുടല മണ്ണിൻ കാവൽക്കാരി ഞാൻ.ഒന്നും എന്നെ ഭയപ്പെടുത്തുന്നില്ല.എന്നെ പോലൊരുവൾക്ക് ആറടി മണ്ണിന്നവകാശമില്ല.ഇപ്പോളെന്നെ തേടി വരാനാരുമില്ല .ഇനിയൊരു ജന്മം വേണ്ടെനിക്ക്.പേരറിയാത്തൊരമ്മയുടെ പേരിടാത്ത കുഞ്ഞായി കുപ്പയിൽ നിന്നാരോ എടുത്തു വളർത്തി, തെരുവോരങ്ങളിൽ ഉപേക്ഷിച്ചു.നായ തിന്ന എച്ചിലിൻ ബാക്കി വരെ ആർത്തിയോടെ കഴിച്ചിട്ടുണ്ട് ഞാൻ.പിന്നെപ്പോഴോ മദ്യവും , മദിരാക്ഷിയും ആണുങ്ങൾ തേടിയെത്തുന്ന ഒരു ചേരിയിൽ ഏകാകിയായി ഒരിരുണ്ട മുറിയിൽ അടയ്ക്കപ്പട്ടു.ഓരോ ദിവസവും കഴിയുന്തോറും ഞാനെന്നെ തന്നെ വെറുത്തു തുടങ്ങി.മലിനമായ ശരീരത്തിൽ പവിത്രമായ മനസ്സിന് അധിക കാലം നിലയുറപ്പിക്കാനായില്ല.ഞാനന്ന് മുതൽ ഒറ്റപ്പെട്ടവളായി.അതെ ഈ ശപ്ത ജന്മം പ്രതികാരത്തിൻ കാളിമയുടെ ആൾരൂപമായി മാറി.പ്രതികാരചിന്തകൾ മനസ്സിൽ വാരി വിതറി".


 ഉടനെ അവൾ കർണ്ണകഠോരമായ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് എന്റെ അരികിൽ ഓടിയടുക്കുവാൻ തുടങ്ങി. ഞാൻ തിരിഞ്ഞോടി മരണ വെപ്രാളത്തോടെ . എങ്ങനെയോ വീടിനടുത്തെത്തി . തിരിഞ്ഞു നോക്കുവാൻ മനസ്സനുവദിച്ചില്ല പക്ഷെ ആ രൗദ്രശബ്ദം പിന്തുടർന്ന് കൊണ്ടേയിരുന്നു. അവിടെ മുറ്റത്ത് വൃദ്ധരായ രണ്ടു പേരുണ്ടായിരുന്നു.


അവർ ചോദിച്ചു." ലക്ഷ്മിമോൾ എന്താ കിതയ്ക്കുന്നത്?." ഞാൻ ചുരുക്കി കാര്യം പറഞ്ഞു.

അവർ മൂക്കത്ത് വിരൽ വെച്ച് പറഞ്ഞു.


"അവൾ ഈ നാട്ടിലെ ഒരു ഒഴിയാ ബാധയാ. നല്ല വീട്ടിലെ പെണ്ണുങ്ങളെ കണ്ടാൽ അടുത്ത് കൂടി അവരെ ഇല്ലാതാക്കാൻ തുനിയും. മോൾ അകത്തു പൊയ്ക്കോളൂ. ഇനിയുള്ള കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം”. മന്ത്രം ചൊല്ലി ചില വസ്തുക്കൾ വച്ച്, അവളെ ഓടിക്കാനുള്ള കർമ്മമവർ തുടങ്ങുമ്പോൾ, ഞാൻ വീട്ടിലേക്കു ഓടിക്കയറി.


പെട്ടെന്ന് കട്ടിലിലേക്ക് ചായാനാണ് എനിക്ക് തോന്നിയത്. പലവിധ ചിന്തകൾ മനസ്സിലേക്കിരച്ചു കയറി. മാലിനിയോട് എനിക്ക് ഒരിക്കലും അരിശം തോന്നിയില്ല. ഇപ്പോഴും അവളെ നഷ്ടസ്വപ്നങ്ങളുടെ ബാക്കി പത്രമായിട്ടും, രക്തസാക്ഷിയായ ഒരു സ്ത്രീയായുമൊക്കെയാണ് എനിക്ക് കരുതാൻ തോന്നുന്നത്. എല്ലാമെന്റെ മനസ്സിന്റെ തന്നെ ഒരു ഭ്രമചിന്തയാകുമോ. എല്ലാ സ്ത്രീകളിലും മാലിനിയുടെ ഒരു പരിഛേദം ഉണ്ടാവും.എല്ലാം ഒരു നിമിത്തം പോലെ!. കാണാത്ത, കേൾക്കാത്ത, അറിയാത്ത , ഇരുട്ടിന്റെയേകാന്തതയിലൊരു ആലിംഗനം പോലും കിട്ടാതെ, ഒരു ബന്ധത്തിന്റെ ഊഷ്മളത അറിയാതെ, നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട് ജീവിച്ചിരുന്ന എത്രയോ മാലിനിമാർ ഉണ്ടായിരിക്കാം!.

 

പെട്ടെന്ന് ഞാൻ കണ്ണ് തുറന്നു, ലക്ഷ്മിയായി. അതെ, ഇത് ഒരു സ്വപ്നമാണ്. ജീവിതത്തിൽ മറക്കാനാവാത്ത ഒരു കഥാപാത്രമായി മാലിനി മാറിക്കഴിഞ്ഞിരുന്നു.


ആലോചിക്കുമ്പോൾ വളരെയേറെ പ്രത്യേകതയും, ഉദ്വേഗവുമൊക്കെ തോന്നുന്ന ഒരു പേര് മാത്രമാണ് മാലിനി. ഞാൻ കണ്ട സ്വപ്നം യഥാർത്ഥമെന്ന് തോന്നിക്കുന്നു. ഇപ്പോഴും ഓർക്കുമ്പോൾ ആ ഒരു ഞെട്ടലിൽ നിന്ന് ഞാൻ വിമുക്തയായിട്ടില്ല .


"ഇനി ഈ ലോകത്ത് മാലിനിമാർ ഉണ്ടാകാതിരിക്കട്ടെ “. നിറകണ്ണുകളോടെ ഞാൻ ചിന്തിച്ചു, പ്രാർത്ഥിച്ചു.


Rate this content
Log in

More malayalam story from Sangeetha SJ

Similar malayalam story from Drama