തങ്കവേൽ
തങ്കവേൽ
അയാളുടെ പേര്. 35 വയസ്സ് പ്രായം.
കന്യാകുമാരി ജില്ലയാണ് സ്വദേശം. ഒറ്റയാൻ. പത്താം തരം വരെ പഠിച്ചു. സാമാന്യ ബുദ്ധിയുള്ള ഒരുവനായിരുന്നു അയാൾ. സ്ഥിരമായി ജോലിയൊന്നുമില്ല. പലതും ചെയ്യും, ചിലപ്പോൾ ആശാരിപ്പണി, വർക്ക്‌ഷോപ്പ് മേസ്തിരിപ്പണി, ചെരുപ്പ്കുത്തി, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ തൂക്കി നടക്കുന്ന വില്പനക്കാരൻ, അങ്ങനെ തൂണിലും തുരുമ്പിലും തങ്കവേൽ. ഇങ്ങനെയൊക്കെ സ്വരൂപിക്കുന്ന കാശ് കൊണ്ട് തെരുവോര ജന്മങ്ങളെ സ്വന്തം കയ്യാൽ ഊട്ടുമായിരുന്നു. നാട്ടുകാർക്കൊക്കെ ഈ കാഴ്ച്ച പതിവാണ്. എന്ത് സംരംഭങ്ങൾ പുതുതായി തുടങ്ങുമ്പോഴും, വീട്ടിലെ പ്രധാനപ്പെട്ട ചടങ്ങൾക്കുമൊക്കെ ആൾക്കാരയാളെ ക്ഷണിച്ചു പോന്നു.
കന്യാകുമാരി ബീച്ചിൽ, സന്ധ്യ മറയുന്ന മനോഹര കാഴ്ച്ച കാണാൻ സമയം കിട്ടുമ്പോളൊക്കെ പോകും. സന്ധ്യയാണ് കൂടുതൽ സുന്ദരി, അയാൾ ചിന്തിച്ചു. സൂര്യൻ ഉദിച്ചതിനു ശേഷമുള്ള എല്ലാ ജൈവ വൈവിധ്യങ്ങളുടെയും ചൈതന്യം ഉൾക്കൊണ്ട്, മെല്ലെ മെല്ലെ യാഥാർഥ്യത്തിന്റെ പ്രതീകമായി മറയുന്ന സന്ധ്യ .
തെരുവോര കച്ചവടക്കാരോട്, പൊരി കടലയും കൊറിച്ചു കുറെ നേരം സൊള്ളി, അവരുടെ പച്ചയായ ജീവിതത്തെക്കുറിച്ചു സശ്രദ്ധം കേട്ട്, തന്നെ കൊണ്ടാവും വിധം വരെ സമാശ്വസിപ്പിക്കും. “നിങ്ങൾ ഭാഗ്യ വാന്മാരാണ്. ഈ മനോഹരിയായ കടലമ്മയെ തഴുകി വരുന്ന കാറ്റിന്റെ ഗന്ധമാണ് നിങ്ങൾക്ക്. ചൈതന്യവതിയായ കന്യാകുമാരി ദേവിയുടെ അനുഗ്രഹമെന്നും നിങ്ങളെ തുണയ്ക്കും”. ഈ വാക്കുകൾ കേൾക്കുമ്പോൾ അവരുടെ മനസ്സ് തണുക്കും. പിന്നെ മാരിയപ്പൻറെ കടയിൽ കയറി, ദോശയും കഴിച്ചു അയാൾ സ്വന്തം കൂടണയും.
മരുത്വാമല സമീപം വേലിന്റെ വീട്. എല്ലാ സാധന സാമഗ്രികളും അടുക്കും, ചിട്ടയുമായി സൂക്ഷിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട സങ്കേതം മരുത്വാമല. മഹായോഗികളുടെ തപത്താൽ ശ്രേഷ്‌ഠമായ, ഏറ്റവും ഉയരത്തിലുള്ള കിഴക്കു ദർശനമുള്ള പിള്ളത്തടം ഗുഹയിൽ വെള്ള മുത്തുകൾ ചിതറിയ പോലുള്ള മണലിൽ സ്‌ഥാനം പിടിച്ചു അയാൾ ധ്യാനിക്കുമായിരുന്നു. അപൂർവ്വമായ മരുന്ന് ചെടികളിൽ തലോടി വരുന്ന പരിമള കാറ്റ് ഏതു മുറിവിനേയും ഉണക്കുന്നതാണ്
ഒരു ദിവസം അയാൾ മല കയറി. കാട്ടിലെ വർണ്ണ വസന്തങ്ങൾ അയാളെ കാത്തിരുന്നു. പച്ചപ്പട്ടു പരവതാനി പോൽ അലംകൃതമായ മലഞ്ചരിവിലെ വർണ്ണ ശബളമായ പല കാഴ്ചകൾ. അൽപ്പ നേരം തങ്ങി, ഓരോ തളിരിന്റെയും, ഇലകളുടെയും മൃദു മർമ്മരം അറിഞ്ഞും വനശലഭങ്ങൾ, പുൽച്ചാടി, ഓണപ്പാറ്റ എന്നിവയുടെ സഞ്ചാര പഥങ്ങൾ കണ്ട് ഊറിച്ചിരിച്ചും യാത്ര തുടർന്നു. ഗൗരവം വിടാത്ത വൃക്ഷ മുത്തച്ഛന്മാരെ വണങ്ങിയും, വൃക്ഷവടങ്ങൾ പിണഞ്ഞുണ്ടായ ഊഞ്ഞാലകളിൽ കുട്ടികളെ പോലെ ആടിയും അയാൾ ഉല്ലസിച്ചു. മരങ്ങളിൽ വസിക്കുന്ന കിളികളുടെ ഇമ്പമാർന്ന സാധനകൾ കർണ്ണപുടങ്ങളിൽ തിരകൾ പോലെ ഇരമ്പി ക്കയറി. കണ്ണിനു കുളിർമ്മയേകുന്ന മഴവില്ലിന്റെ നിറങ്ങൾ ചാലിച്ച കുസുമങ്ങൾ, കിനാവ് കാണും മലർവള്ളികളുടെ ലജ്ജയും കാഴ്ച്ച. കാടിന്റെ ചൂളമടിക്കാരായ ചീവീടുകളുടെ ചെവി തുളയ്ക്കും ശബ്ദം അവിടെ മുഖരിതമായി. തേൻ കിനിയും തെളിനീരുറവകൾ ഉരുളൻ കല്ലുകളിലിലൂടെ ചിന്നിചിതറുന്നു. രാത്രികളിൽ വെട്ടം കാട്ടും പാവത്താ ന്മാരായ മിന്നാമിന്നി ചങ്ങാതികൾ മറഞ്ഞിരിക്കും കാട്. ജീവജാലങ്ങളെ ഒന്നാകെ സ്വീകരിച്ച്, ലാസ്യ നർത്തനമാടുന്ന കാനന കന്യകയെ അയാൾ സങ്കൽപ്പിച്ചു.
പെട്ടെന്ന് പുറകിൽ നിന്നൊരു പെൺകുട്ടിയുടെ സ്വരം. "ഹലോ, എന്നെ മലയുടെ മുകളിൽ എത്തിക്കാമോ?" പാശ്ചാത്യ പെൺകുട്ടിയാണ്. പച്ച മിഴിയാൾ, സ്വർഗ്ഗീയ സൗന്ദര്യം. പുറത്തു ഒരു ഭാണ്ഡക്കെട്ട് പോലൊരു ബാഗുമുണ്ട്. അവൾ ഓടിക്കിതച്ചു വേലിന്റെ അടുത്തെത്തി.
അയാൾക്കു ആംഗലേയ ഭാഷ കേട്ടാൽ മനസ്സിലാകുമായിരുന്നു. ഒപ്പിച്ചു സംസാരിക്കുവാനുമറിയാം. അയാളുടെ സഹായത്തോടെ ആ പെൺകുട്ടി മല മുകളിലെത്തി. ആ പ്രദേശത്തെ കുറിച്ചും മറ്റും അവൾ ചോദിച്ചു. അവൾ നവോമി, സ്വിറ്റ്സർലാൻഡിൽ വിദ്യാർഥിനിയത്രെ. മരുത്വാമലയെ കുറിച്ച് കുറെ വിവരം ശേഖരിച്ചിട്ടാണത്രെ അവളുടെ വരവ്. അവളുടെ കൂട്ടുകാരി കേരളമാണത്രെ സന്ദർശിക്കുന്നത്. തിരികെ രണ്ടു പേരും ഒരുമിച്ചു പോകും. ഇത്രയും വേലിന് മനസ്സിലായി .
അയാൾ പറഞ്ഞു "ഇതാണ് മരുന്തു വാഴും മലൈ". "പണ്ടെപ്പോഴോ കണ്ട സുന്ദര സ്വപ്നം പോലെ”, അതാണവൾ ആ പ്രദേശത്തെ വിശേഷിപ്പിച്ചത്. യാത്രാമദ്ധ്യേ ക്ഷീണിതയായ് കാണപ്പെട്ട അവൾക്ക് കായ്കനികൾ അയാൾ അടർത്തി കൊടുത്തു. അവൾ ഏറെ സന്തോഷവതിയായി. സന്ധ്യക്കു മുൻപ് അവർ തിരിച്ചു മലയിറങ്ങി.
തുടർന്നുള്ള ദിവസങ്ങളിൽ കന്യാകുമാരി ജില്ലയിലുള്ള പല സ്ഥലങ്ങളിലും, വേൽ അവളെ ഒപ്പം കൂട്ടി. നേരറിവുകൾ പകർന്നു നൽകി. സ്വന്തം സുഹൃത്തുക്കളെയും പരിചയപ്പെടുത്തി. അവർ അടക്കം പറഞ്ഞു "നമ്മ വേലിന് നല്ല കാലം വന്താച്ചോ, ഏതും തെരിയലയെ". ബുട്ടയും കടിച്ചു കൊണ്ടവൾ പൂമ്പാറ്റയെ പോലെ തെരുവോരങ്ങളിൽ പാറി നടന്നു. സന്തോഷഭരിതമായ ദിനരാത്രങ്ങൾ!
വേലിന്റെ ജോലിസ്‌ഥലങ്ങൾ കണ്ടു കൗതുകത്തോടെ അവൾ പറഞ്ഞു "വിസ്മയമാണ് താങ്കൾ". എന്തോ ആലോചിച്ച പോലെ അയാൾ ചിരിച്ചു. ചിലപ്പോൾ വൈകുന്നേരം, സൂര്യൻ മറയുന്ന കാഴ്ച്ച കാണാനവർ ബീച്ചിൽ പോകും. അവളാകട്ടെ അവളുടെ ഭാഷയിൽ കുപ്പിവള പൊട്ടുന്ന പോലെ ചിരിച്ചും, പറഞ്ഞുമിരിക്കും. അവളുടെ വിടരുന്ന പച്ച മിഴികളും, തുടുക്കുന്ന മുഖവും നോക്കി അയാളിരിക്കും.
ഒരു ദിവസം അവൾ വേലിനോട് ചോദിച്ചു. "വേലിന് ഒറ്റപ്പെടൽ അനുഭവപ്പെടുന്നില്ലേ. എന്താണ് ഇതുവരെ വിവാഹം കഴിക്കാത്തത്?''. വേൽ ഒന്നും മിണ്ടാതെ തിരികെ നടന്നു. അവൾ ക്ഷമ ചോദിച്ചയാളുടെ കരം ഗ്രഹിച്ചു. "ഇന്നെന്നെ താങ്കളുടെ വീട്ടിൽ കൊണ്ടു പോകാമോ?”. അയാൾ സമ്മതം മൂളി. അങ്ങനെ ഒരു സന്ധ്യ നേരം, നവോമി വേലിന്റെ വീട്ടിലെത്തി. അയാൾ അവൾക്കു മധുരമേറും കട്ടൻ കാപ്പി കൊടുത്തു, അവൾ: "വളരെ നന്നായിട്ടുണ്ട്, ഉഷാറായി“. ഒരു പുതുരുചിയായിരുന്നു അവൾക്കത്.
അധിക നേരം അവിടെ നിൽക്കണ്ട എന്ന് വേൽ പറഞ്ഞിട്ടും അവളതിന് സമ്മതിച്ചില്ല, അന്നവിടെ തങ്ങണം എന്നവൾ ശഠിച്ചു. കുറെ നേരം അയാൾ ശ്രമിച്ചു പിന്തിരിപ്പിക്കാൻ, പക്ഷെ നടന്നില്ല. അവൾ വേലിനെ തന്നെ കുറെ നേരം നോക്കിയിരുന്നു, എന്നിട്ടു പറഞ്ഞു "വേൽ നേരുള്ള മനുഷ്യനാണ്, സുതാര്യമായ മനസ്സാണ്. വേലിനെ ഞാൻ ആരാധിക്കുന്നു, പ്രണയിക്കുന്നു“.
ഈ വാക്കുകൾ പ്രതീക്ഷിച്ചത് പോലെ എന്ന മട്ടിൽ അയാൾ അർത്ഥഗർഭമായി ചിരിച്ചു.അവൾ ഇത്തിരി പിണക്കത്തോടെ മുഖം കുനിച്ചിരുന്നു. വേൽ മുറിക്കകത്തേക്കു പോയി ഒരു ഫയലുമായി വന്നു, നവോമിയെ ഏൽപ്പിച്ചു .
അവൾ ഒന്ന് നടുങ്ങി, ആ റിപ്പോർട്ട് പ്രകാരം തങ്കവേൽ ഒരു എയ്ഡ്സ് രോഗിയാണ്. അത് സംഭവിച്ചത്, ഒരു ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വഴിയാണ്. അവളുടെ പച്ച മിഴികൾ നിറഞ്ഞൊഴുകി .
അവൾ അയാളുടെ മുഖം തന്റെ കയ്യിലെടുത്തു പറഞ്ഞു, "ഞാൻ വേലിനെ ഉപേക്ഷിക്കില്ല. അത്രക്കേറെ നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു തടസ്സം നിൽക്കരുത്. ഇനിയുള്ള എന്റെ ജീവിതം നിങ്ങളെ ശുശ്രുഷി ക്കുന്നതിലാണ്. ഏതു ചികിത്സയും നമുക്ക് നോക്കാം. എന്നെ ഉപേക്ഷിക്കരുത്. ജീവിക്കുന്നെങ്കിൽ നമ്മൾ ഒരുമിച്ച്, മരിക്കുന്നെങ്കിലും ഒരുമിച്ച്".
“കന്യാകുമാരി ദേവിയെ വണങ്ങുമ്പോൾ, ആ വജ്ര മൂക്കുത്തിയുടെ വർണ്ണതിളക്കം എന്റെ മിഴിയിൽ പ്രതിഫലിക്കുമ്പോൾ, മൂക്കുത്തിയണിഞ്ഞു എന്നെ കാണാൻ വേൽ ആഗ്രഹിച്ചില്ലേ, നീലക്കടലിന്റെ ആഴം നോക്കിയിരുന്നപ്പോൾ, നമ്മുടെ മിഴികൾ ഉടക്കിയിരുന്നില്ലേ, എന്നെ മാത്രം നോക്കിയിരുന്നിട്ടില്ലേ. മല കയറുമ്പോൾ, തട്ടി വീഴാതെ, എന്റെ കൈകൾ വേൽ മുറുക്കി പിടിച്ചപ്പോൾ, തെരുവോരങ്ങളിൽ നടക്കുമ്പോൾ, കൂട്ടുകാരെ എന്നെ പരിചയപ്പെടുത്തുമ്പോഴെല്ലാം ആഗ്രഹിച്ചിരുന്നില്ലേ, ഞാൻ എന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്’’.
“ആ മനസ്സെനിക്കു വായിക്കാം., വേലിന് എന്റേതും."
അപ്പോൾ അയാളുടെ മനസ്സിലെ സങ്കടക്കടൽ അണ പൊട്ടിയൊഴുകാൻ തുടങ്ങി. അയാൾ അവളുടെ മടിയിൽ ഒരു കുട്ടിയെ പോലെ തല ചായ്ച്ചു കിടന്നു. സന്ധ്യ മയങ്ങിയിരുന്നു. അയാൾ എന്നും ഇഷ്ടപ്പെട്ടിരുന്ന മനോഹരിയായ സന്ധ്യ, ദൂരെ കടലിനപ്പുറത്തു നിന്നും വന്ന നവോമി ആയിരുന്നുവോ?
ഇനിയുള്ള ജീവിതത്തിലെ തന്റെ സന്ധ്യകൾ സുന്ദരമായിരിക്കും, ഒപ്പം ദൈർഘ്യമേറിയതും. അങ്ങ് ദൂരെ ചക്രവാള സീമയിൽ കാർമേഘ കൂട്ടങ്ങൾ ആർദ്രതയോടെ മഴയായ് പെയ്തിറങ്ങി.

