Dathan Shan

Horror Romance Fantasy

4.5  

Dathan Shan

Horror Romance Fantasy

ഗസൽ 1

ഗസൽ 1

4 mins
31


ദൈവത്തിന് സ്തുതി..

ഏറെകാലമായി മനസ്സിൽ ഒരു പൂക്കാലം തന്നുകൊണ്ട് എന്റെ സ്വപ്നങ്ങളിൽ വന്നു പോകുന്ന ഒരു പ്രണയ കഥയാണ് "ഗസൽ".. തീർത്തും ഫാന്റസി സ്റ്റോറി ആണ്.. മനോഹരമായ, തീവ്രമായ ഒരു പ്രണയം പറഞ്ഞു പോകുന്ന "ഗസൽ".. മനസ്സിൽ കണ്ടതുപോലെ എഴുതാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിൽ... ഇവിടെ തുടങ്ങുന്നു...


രണ്ടായിരത്തിന്റെ തുടക്കത്തിൽ....

  തലശ്ശേരിയിൽ നഗരത്തിന് തൊട്ടടുത്ത മൈതാനത്ത് മൂന്നുദിവസമായി നടന്നുവരുന്ന ഗസൽ സന്ധ്യയുടെ അവസാന രാത്രിയാണ് ഇന്ന്. അവിടെയിരിക്കുന്ന ആയിരക്കണക്കിന് കാണികൾ കാതോർക്കുന്നത് അവന്റെ ശബ്ദ മാധുര്യത്തിലാണ്. ഗസലിന്റെ രാജകുമാരൻ ഇജാസ് അഹമ്മദ് മരക്കാർ. പഴയ ഗസൽ ഗായകൻ സയ്യിദ് അഹമ്മദ് മരക്കാരുടെ ഏക മകൻ. ചിരിക്കുമ്പോൾ ഒരു കവിളിൽ മാത്രം നുണക്കുഴി വിരിയുന്ന സുന്ദരൻ. സുറുമ എഴുതിയ കണ്ണുകളിൽ ആരും മയങ്ങും തിളക്കം. കഴുത്തിലേക്ക് നീണ്ട മുടിയും കട്ടിയുള്ള താടിയും കണ്ടാൽ ബാപ്പയെ പോലെ തന്നെ തോന്നിക്കും. പാടുമ്പോൾ താളത്തിനൊത്ത് മേലേക്ക് ഉയർത്തുന്ന കൈ വിരലുകളിൽ പണ്ട് വാപ്പ സമ്മാനിച്ച ഇന്നും അമൂല്യങ്ങളായി സൂക്ഷിക്കുന്ന കല്ലു പതിച്ച വെള്ളിമോതിരങ്ങൾ. തൊട്ടു മുന്നിൽ വാപ്പ അരങ്ങൊഴിയുമ്പോൾ അനുഗ്രഹിച്ചു നൽകിയ ഹാർമോണിയം. തബല വായിക്കുന്നതാണ് വാപ്പയുടെ ജേഷ്ഠൻ..ഹമീദ് മരയ്ക്കാർ..പ്രായം തളർത്താത്ത മനസ്സും ശരീരവും.. 60 കഴിഞ്ഞിട്ടും ഒരു ഇരുപതുകാരന്റെ ചടുലതയോടെ തബലയെ തഴുകി ഉണർത്തുന്ന പ്രതിഭ.. ഇടതുഭാഗത്തായി പുല്ലാംകുഴലിനെ പ്രാണനോളം സ്നേഹിച്ച കലാകാരൻ മണികണ്ഠൻ..കേരളത്തിൽ എവിടെയും ഈ മൂവർ സംഘത്തിന്റെ ഗസൽ സന്ധ്യ നടക്കാത്ത സ്ഥലങ്ങളില്ല.. കാണികളെല്ലാം അവരുടെ സംഗീതത്തിൽ അലിഞ്ഞിരിക്കയാണ്..

ഇജാസ് പാടുന്നു....

"ആകാശ മേഘം.. കുങ്കുമം പൂക്കുന്ന..

വാസന്ത കാലത്ത് വന്നു....

ആഴം നിറഞ്ഞ.. കടലിനും നീ നൽകി 

കുങ്കുമത്തിൻ പാതി ചന്തം..

കടം തരുമോ ഇത്തിരി ചോപ്പെനിക്ക്..

കാമുകിതൻ കവിളിൽ നൽകാൻ..

എൻ ചുംബനം കൊണ്ട് ചായം പൂശാൻ...

ആകാശ മേഘം.. കുങ്കുമം പൂക്കുന്ന..

വാസന്ത കാലത്ത് വന്നു...."


എന്തു ഭംഗിയായാണ് ഇജാസ് പാടുന്നത്.. സദസ്സ് മുഴുവൻ അവന്റെ ശബ്ദത്തിൽ മയങ്ങി വേദിയിൽ നിന്ന് കണ്ണെടുക്കാതെ ഇരിക്കയാണ്. പാടുന്നതിനിടയ്ക്ക് കാണികളിലേക്ക് കണ്ണോടിച്ച ഇജാസിന്റെ കണ്ണുകൾ സദസ്സിന്റെ വലത് ഭാഗത്തു ഇത്തിരി പിന്നിലായി ഇരിക്കുന്ന ഒരു പെൺകുട്ടിയിൽ ഉടക്കി. ശരീരം മൂടുന്നൊരു വസ്ത്രം. കറുപ്പിച്ചെഴുതിയ വെള്ളാരം കണ്ണുകൾ മാത്രം കാണാം.. 

"എല്ലാവരെയും പോലെ അവളും എന്നെ തന്നെയല്ലേ നോക്കി നില്കുന്നത്.. പടച്ചോനേ എന്ത് ഭംഗിയാണ് ആ കണ്ണുകൾക്ക്.. ആ കണ്ണുകൾക്ക് ഇത്ര ഭംഗിയെങ്കിൽ ആ മുഖം കാണാൻ എത്രത്തോളം സുന്ദരം ആയിരിക്കും.. അവൾ എന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു അഭിമാനം ഉള്ളിൽ തോന്നുന്നുണ്ട്... ഒരുപക്ഷേ അവൾ എന്നേ മാത്രമല്ലല്ലോ നോക്കുന്നത് ഞങ്ങളിലെ സംഗീതത്തെ അല്ലേ.. എന്താണേലും ഇന്ന് ഇവിടുത്തെ അവസാന രാത്രി അല്ലേ..! പരിപാടി കഴിയുമ്പോൾ അവൾ ന്തായാലും സംസാരിക്കാൻ വരുമായിരിക്കും.. അപ്പോ ആ മുഖമൊന്നു കാണാൻ കഴിഞ്ഞെങ്കിൽ.. ആ ശബ്ദം ഒന്ന് കേൾക്കാൻ കഴിഞ്ഞെങ്കിൽ.."


പരിപാടി കഴിഞ്ഞ് നന്ദി പറഞ്ഞു വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ. ഇജാസ് ചുറ്റും ഒന്ന് കണ്ണോടിച്ചു. എവിടെ അവൾ,എല്ലാം കഴിഞ്ഞ് അവനെ കാണാനും പരിചയപ്പെടാനും അവൾ വരും എന്ന് വിചാരിച്ച അവനു തെറ്റി. ആളുകൾക്കിടയിലൂടെ ധൃതിയിൽ ദൂരേക്ക് നടന്നു മറയുന്ന അവളേ കണ്ട് അവന്റെ മുഖത്ത് നിരാശ നിറഞ്ഞു..

 "ഛേ.. ആദ്യായിട്ടാണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കിപോകുന്നത്.. ഇനി അവളേ കാണാൻ തന്നെ സാധ്യത ഇല്ലാ.. ആ കണ്ണുകൾ ഒന്നൂടെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.."

സ്വയം പറഞ്ഞു നിരാശ ഭാവത്തിൽ വണ്ടിയിലേക്ക് നടന്നടുത്ത ഇജാസിന്റെ മുഖം കണ്ട് മൂത്താപ്പ ചോദിച്ചു

"അല്ല മോനേ.. നീ ഏത് ലോകത്താ.. വേഗം വണ്ടീൽ കേറ്.. ഇവിടുന്ന് കൊച്ചിയിലേക്ക് ചില്ലറ ദൂരം ഒന്നുമല്ല.."

ഒന്ന് ചിരിക്ക മാത്രം ചെയ്ത് ഇജാസ് വണ്ടിയിൽ കേറി ഇരുന്നു. നീല ചായം പൂശിയ ഒരു വാനിൽ ആയിരുന്നു അവരുടെ യാത്ര എപ്പോഴും. യാത്രയ്ക്കിടയിൽ മൂത്താപ്പ ഇടക്കിടക്ക് ഏതോ ലോകത്തെന്നപോലെ തരിച്ചിരിക്കുന്ന ഇജാസിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

"ടാ.. ഞാൻ നേരത്തെ തൊട്ട് ശ്രദ്ധിക്കാ.. നീ ഏത് ലോകത്താണ്..?

ഒരു നല്ല കിനാവ് നഷ്ടപ്പെട്ടപോലെ ഇജാസ് മൂത്താപ്പാനെ നോക്കി.. ന്നിട്ട് ചെറു ചിരിയോടെ മൂത്താപ്പന്റെ അടുത്തേക്ക് ഇരുന്നു. ചേർത്ത് പിടിച്ചു..

"ഞാനൊരു രാക്കിനാവ് കണ്ടതല്ലേ ന്റെ മൂത്തൂ.."

"പിന്നേ.. പകൽകിനാവ് കാണാത്ത നീയാണ് രാക്കിനാവ് കാണുന്നെ.. നിന്റെ പ്രായം കഴിഞ്ഞല്ലേ മോനേ ഞാനും ഇവിടെ എത്തിയത്.. ഗസൽ പാടി നിന്റെ ബാപ്പ ആദ്യം എന്റെ കൂടെ നടന്നു.. പിന്നേ ദാ നീയും.. പണ്ട് അങ്ങാടിയിലെ പരിപാടിയിൽ വെച്ച് നിന്റെ ഉമ്മ ആയിഷനെ കണ്ട ശേഷമാണ് അഹമ്മദ് ഇതുപോലെ രാവും പകലും കിനാവ് കാണാൻ തുടങ്ങിയത്.. മോനേ തലശ്ശേരിയാണ്.. അടി ഏതു വഴിക്ക് വരുന്നേന്ന് പറയാൻ പറ്റൂല്ല ട്ടാ..(ചിരിച്ചോണ്ട്) മാത്രമല്ല ഇനി അടുത്തൊന്നും തലശ്ശേരിയിൽ നമുക്ക് പരിപാടി ഇല്ല.. ഹഹ.."

" അതൊന്നും എനിക്കറിയില്ല മൂത്താപ്പ.. ഞാൻ ഓളെ കണ്ണു മാത്രമേ കണ്ടിട്ടുള്ളൂ.. ഹോ എന്ത് രസാന്നോ.. മനുഷ്യന്മാർക്ക് ഇജ്ജാതി മൊഞ്ചുള്ള കണ്ണുണ്ടാവോ.."

അത് കേട്ട മൂത്താപ്പ ഒന്ന് കളിയാക്കികൊണ്ട്.

" എന്നാ അതു വല്ല ജിന്നോ മലക്കോ ആയിരിക്കും.. പറയാൻ പറ്റൂല്ല.. ഗസൽ കേൾക്കാൻ ജിന്നും മലക്കും ഓക്കേ ഭൂമിയിലേക്ക് ഇറങ്ങിവരൂന്ന് പണ്ട് പറയാറുണ്ട്.. അങ്ങനെ ഇറങ്ങി വന്ന ഒരു മാലാഖ അല്ലേ നിന്റെ ഉമ്മ ആയിഷ.. വടകര അങ്ങാടിയിലെ റസാക്കാജിന്റെ ഒരേ ഒരു മോള്.. നിന്റെ ബാപ്പാന്റെ ഗസലിനു മുന്നിലു മയങ്ങിയ ഓൾടെ ഒറ്റ വാശിന്റെ പുറത്താണ് റസാക്കാജി മംഗലം കയിച്ചു കൊടുത്തേ.. പിന്നെ മൂപ്പര് നമുക്ക് നേരത്തെ അറിയുന്ന ആളല്ലേ.. നമ്മളുടെ നാടും ആണ്.. പക്ഷേ മോനെ ഇജാസേ.. ഇത് തലശ്ശേരിയാ.. കുറെ ഗസലിന്റെ പരിപാടി ചെയ്തു എന്നല്ലാതെ ഇവിടെ നമുക്ക് വേറൊരു പരിചയവുമില്ല.."

" ന്റെ മൂത്താപ്പ ഞാൻ അതിനു മാത്രം ഒന്നും ചിന്തിച്ചിട്ടില്ല.. കണ്ണ് കാണാൻ നല്ല രസമുണ്ട്..പരിപാടി കഴിഞ്ഞാൽ ചിലപ്പോ പരിചയപ്പെടാൻ വന്നാ ആ ശബ്ദം കേൾക്കാമായിരുന്നു പറ്റുമെങ്കിൽ ആ മുഖം കൂടി ഒന്ന് കാണാമായിരുന്നു എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ..അതുണ്ടായില്ല.. ഓള് ഓളെ വഴിക്ക് പോയി.. നമ്മള് നമ്മളേം.."

"ഹാ അത്രേ ഉള്ളു.. എന്ന മോന് അപ്പുറത്തെ സീറ്റിൽ പോയി നന്നായി ഉറങ്ങിക്കോ ട്ടാ.. നാലഞ്ചു മണിക്കൂർ ഓട്ടം ഉണ്ട്.."

ഇജാസ് തൊട്ടടുത്ത സീറ്റിൽ പോയി തല ചായ്ച്ചു.. ന്നിട്ട് ഒരിക്കൽ കൂടി ആ മൊഞ്ചുള്ള കണ്ണുകൾ ഓർത്തു നിദ്രയെ പുൽകി...

വണ്ടിയോടിക്കുന്നത് മണികണ്ഠനാണ്. പിന്നേ ആ വണ്ടി എന്നുവച്ചാൽ മണികണ്ഠന് ജീവനാണ്. ഇജാസിന് വാനോ കാറോ പോയിട്ട് ഒരു ഗിയർ ബൈക്ക് പോലും ഓടിക്കാൻ അറിയില്ല. ഹാ സ്കൂട്ടർ ഓടിക്കാൻ അറിയാം. പക്ഷേ കാറിനും ബൈക്കിനു ലൈസൻസ് ഒപ്പിച്ചെടുത്തിട്ടുണ്ട്. അത് പിന്നെ ലൈസൻസ് ഉണ്ടായിട്ടും കാർ ഓടിക്കാൻ അറിയാത്ത എത്രയോ പേരുണ്ട്. നൂറ് കിലോമീറ്ററിന് അടുത്ത് ദൂരമുണ്ട് തലശ്ശേരിയിൽ നിന്ന് കൊച്ചിയിലേക്. ഒരു മണിയ്ക്കാണ് അവർ ഇറങ്ങിയത് എന്തായാലും നാലുമണി കഴിയും എത്തുമ്പോൾ. ഇടയ്ക്ക് തൃശൂർ ഹൈവേയിൽ നിർത്തി ചായ ഒക്കെ കുടിച്ചാണ് യാത്ര തുടർന്നത്. വളരെ മെല്ലെ ആണ് പോകുന്നത് കാരണം ആ പാതിരാ സമയത്ത് വലിയ വലിയ ആന വണ്ടികളും ലോറികളും ചരക്ക് വണ്ടികളും ഒക്കെ പോകുന്ന സമയമാണ്. നോക്കിയും കണ്ടും വണ്ടി ഓടിച്ചിട്ടില്ലേൽ അത് പണിയാകുമെന്ന് മണികണ്ഠന് അറിയാം. അതുകൊണ്ട് സമാധാനത്തിൽ മെല്ലെ ആണ് വണ്ടി പോയത്. കൊച്ചി എത്തിയപ്പോൾ സമയം അഞ്ചിനോട് അടുത്തു. സംഘാടകർ അവർക്കായ് ഒരുക്കിവെച്ച ഒരു ഒറ്റമുറീല് അവര്‌ മൂന്ന് പേരും തങ്ങി. നീണ്ട വിശ്രമം...

അങ്ങനെ നേരം വെളുത്തു. ആദ്യം എഴുന്നേറ്റത് മൂത്താപ്പയാണ്. മൂപ്പർക്ക് അത്രേ ഉറക്കുള്ളു. പതിയെ ഇജാസ് എഴുന്നേറ്റു.. മണികണ്ഠൻ നല്ല ഉറക്കമായിരുന്നു രാത്രി മുഴുവൻ വണ്ടി ഓടിച്ചതല്ലേ. അവർ അങ്ങനേ വൈകുന്നേരത്തേക്കുള്ള കാത്തിരുപ്പിലായ്..

          പരിപാടിക്കുള്ള സമയം അടുക്കുന്നു... ഏഴ് മണിക്കാണ് പരിപാടി. സ്റ്റേജ് ഒക്കെ തയ്യാറായികൊണ്ടിരിക്കുന്നു. പതിയെ പതിയെ ആളുകൾ വന്നുതുടങ്ങി. കൊച്ചി കടപ്പുറത്താണ് പരിപാടി. ഇതുപോലുള്ള കലാപരിപാടികൾ ഇടയ്ക്കിടെ നടത്തുന്ന ഒരിടമാണ് കൊച്ചി കടപ്പുറം. ഗസലുകളോട് പ്രത്യേക ആരാധനയുള്ള ആളുകളാണ് കൊച്ചിയിലുള്ളത്..

 അങ്ങനെ ഇരുട്ട് മൂടി.. ചുറ്റും അലങ്കാര വിളക്കുകളും വഴിവിളക്കുകളും കത്തി തുടങ്ങി.. വേദിയും പ്രകാശത്താൽ നിറഞ്ഞു.. അങ്ങനെ രണ്ട് ദിവസം നീളുന്ന കൊച്ചിയിലെ ഗസൽ രാവിന് തുടക്കമായി.. ഇജാസിന്റെ ഹൃദയം തൊട്ടുള്ള ആലാപനത്തിൽ സദസ്സ് ലയിച്ചിരിക്കുന്നു.. രണ്ടാമത്തെ ഗാനത്തിലേക്ക് കടക്കുമ്പോ പതിവ്പോലെ കാണികളോട് സ്നേഹത്തിൽ ഒന്ന് ആമുഖം നൽകിയ ശേഷം.. ഇജാസ് ഒന്ന് മൂളി...

"പാഠപുസ്തകത്തിൽ.. മയിൽ-

പീലി വെച്ച് കൊണ്ട്... പീലി പെറ്റ് കൂട്ടുമെന്ന്... നീ പറഞ്ഞു പണ്ട്.."

ആളുകൾ ആവേശത്തോടെ ആ ഗാനത്തെ വരവേറ്റു. പാടുന്നതിനിടയിൽ പതിവ് പോലെ കാണികളിലേക്ക് കണ്ണോടിച്ച ഇജാസിന്റെ ശബ്ദം അറിയാതെ ഒന്ന് പതറി. പടച്ചോനെ ദാ അവളല്ലേ അത്.. അതേ കണ്ണുകൾ.. റബ്ബേ.. എന്താ ഇത്. തലശ്ശേരിയിൽ ഇന്നലെ രാത്രി ഞാൻ കണ്ട അതേ കണ്ണുകൾ. എന്റെ ആലാപനത്തിൽ ലയിച്ചിരിക്കുന്നു. ഇനിയെന്റെ തോന്നലാണോ..

ഇജാസ് പല്ലവിയിലേക്ക് വന്നു..

"ഓത്തുപള്ളീലന്ന് നമ്മൾ.. പോയിരുന്ന കാലം...."

ആളുകൾ എണീറ്റ് നിന്ന് കയ്യടിച്ചു.. ആ കയ്യടികൾക്കിടയിൽ ആ മുഖം മാഞ്ഞുപോയി..

(തുടരും)


Rate this content
Log in

More malayalam story from Dathan Shan

Similar malayalam story from Horror