ഗസൽ 2
ഗസൽ 2
"ഓത്തുപള്ളീലന്ന് നമ്മൾ.. പോയിരുന്ന കാലം...."
ആളുകൾ എണീറ്റ് നിന്ന് കയ്യടിച്ചു.. ആ കയ്യടികൾക്കിടയിൽ ആ മുഖം മാഞ്ഞുപോയി..
ആളുകൾ എണീറ്റ് നിന്ന് കയ്യടിച്ചു. ആ കയ്യടികൾക്കിടയിൽ ആ മുഖം മാഞ്ഞുപോയി. ആ കാഴ്ച തന്റെ തോന്നൽ മാത്രം ആണെന്ന് വിശ്വസിച്ചുകൊണ്ട് ഇജാസ് പാട്ടിൽ മുഴുകി.
പക്ഷേ ശബ്ദം പതറിയത് കയ്യടികൾക്കിടയിൽ മാഞ്ഞുപോയെങ്കിലും മൂത്താപ്പയ്ക്ക് മനസ്സിലായിരുന്നു. ഇജാസ് പതിയെ ചരണത്തിലേക്ക് കടന്നു.
"ഞാൻ ഒരുത്തൻ നീ ഒരുത്തി..
നമ്മൾ തന്നിടയ്ക്ക്.. വേലി കെട്ടാൻ കാലത്തിന്നുണ്ടാകുമോ കരുത്ത്.."
മനസ്സിൽ കൊണ്ട് പാടുന്നത് പോലെ അവൻ വീണ്ടും അവളെ കണ്ട ഭാഗത്തേക്ക് നോക്കി. ഇത്തവണ പക്ഷേ അവനൊരുകാര്യം ഉറപ്പായി. ഇത് തന്റെ തോന്നലല്ല. ഇതവൾ തന്നെയാണ്.. ആ കണ്ണുകളവന് അങ്ങനെയൊന്നും മറക്കാൻ പറ്റില്ലല്ലോ. ഇതുവരെ ഇല്ലാത്ത ഉന്മേഷം അവന്റെ പാട്ടുകളിലേക്ക് വന്നു. വളരെ ആഹ്ലാദത്തോടെയാണ് അവൻ ഇന്നത്തെ പരിപാടി പാടി തീർത്തത്. ഇന്ന് അവളെ വിടുന്ന പ്രശ്നമില്ല. എത്ര റിസ്ക് എടുത്തിട്ടാണെങ്കിലും അവളോട് സംസാരിക്കണം. പാടിക്കഴിഞ്ഞ് നന്ദിയും പറഞ്ഞിട്ട് മറ്റൊന്നിനും കാത്തുനിൽക്കാതെ അവൻ സ്റ്റേജിൽ നിന്ന് ഇറങ്ങി അവളുടെ ഭാഗത്തേക്ക് വേഗത്തിൽ നടന്നു. അവളുടെ നടത്തവും വേഗത്തിലാണ്.
"എന്ത് ഉയരം ആണ് അവൾക്ക്.. ഹോ ആറടി എങ്കിലും കാണും.."
അവൻ നടത്തത്തിന്റെ വേഗത കൂട്ടി. അവൾ ഒരു ഇടവഴിയിലേക്ക് നടന്നു കയറി കൂടെ ആരും ഇല്ലാ..അവൾ നടന്നു പോകുന്ന വഴിയിലാകെ ഇതുവരെ ജീവിതത്തിൽ അവൻ കണ്ടുമുട്ടാത്ത ഒരു സുഗന്ധം ഉണ്ടായിരുന്നു..
"പടച്ചോനെ.. എന്ത് നല്ല മണമാണ് അവൾ പോകുന്ന വഴിക്ക്. ഇതെന്ത് അത്തറാണ് അവൾ പുരട്ടിയിരിക്കുന്നത്.. പരിചയപ്പെടുന്ന കൂട്ടത്തിൽ ആ അത്തറിനെ പറ്റിയും ചോദിക്കണം.. ഹോ പേടിയും ആവുന്നുണ്ട് ആരേലും കണ്ടാൽ ന്താ പറയാ.. അടി കിട്ടും മുൻപ് വേഗം പോയി ഒന്ന് പരിചയപ്പെട്ടാൽ മാത്രം മതി.. പിന്നേ ഇന്നലെ തലശ്ശേരിയിലും ഇന്ന് കൊച്ചിയിലും ഉണ്ടാകാനുള്ള കാരണവും ചോദിക്കണം.." ഇപ്പോഴും അവർക്കിടയിൽ നല്ല ദൂരം ഉണ്ട്.. നടന്നു നടന്നവൾ വലത്തോട്ടുള്ള ഒരു വഴിയിലേക്ക് കേറുന്നത് ദൂരെ നിന്നവൻ കണ്ടു.. പെട്ടെന്ന് അതിശക്തമായ് അവിടെ മിന്നലിന്റെ വെളിച്ചം ഇറങ്ങി വന്നു.. പെട്ടെന്നായതിനാൽ ഇജാസ് നന്നായി ഭയന്നു..
"പടച്ചോനെ മിന്നലാ.. ഇനി മഴയും കൂടി വന്നാൽ പെട്ടുപോകുമല്ലോ.."
അവൻ അവൾ കയറിയ വഴിയിലേക്ക് നോക്കി.. അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല..
"ശ്ശെ.. ഇവളിതെവിടെ പോയി.. മിന്നടിച്ചപ്പോ എന്നെപോലെ പേടിച്ചു അവളും ഓടിക്കാണും.. ഇന്നും മിസ്സായി. ആഹ് നാളെ കൂടി ഉണ്ടല്ലോ പരിപാടി. നാളെ എന്ത് വന്നാലും സംസാരിക്കണം."
ഇജാസ് വേഗം സ്റ്റേജിനടുത്തേക്ക് തിരിച്ചോടി. ഓടി കിതച്ചു അവിടെ എത്തിയപ്പോ തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന മൂത്താപ്പാനെയാണ് ഇജാസ് കണ്ടത്.
"നീയെവിടെയായിരുന്നു..?
"അത്.. മൂത്തൂ.. ഞാൻ.. ദാ നല്ല മഴയ്ക്ക് ചാൻസ് ഉണ്ട്.. മിന്നലൊക്കെ അടിക്കുന്നുണ്ട്.. വേഗം സാധനങ്ങൾ എടുത്ത് റൂമിലോട്ടു പോകാം.."
"മിന്നലോ.. നീ ഏത് ലോകത്താണ് മോനേ.. ഞങ്ങളൊന്നും കാണാതെ നിനക്ക് മാത്രം ഒരു മിന്നലടി.. നീ ആകാശത്തു നക്ഷത്രം നിറഞ്ഞു നില്കുന്നത് കണ്ട.. തെളിഞ്ഞ മാനം ആണ്.. ഒരു ചാറ്റൽ മഴയ്ക്ക് പോലും സാധ്യത ഇല്ലാ.. അവന്റെ ഒരു മിന്നലും മഴയും.. പാടുന്നതിനിടയ്ക്ക് നിന്റെ ശബ്ദം പതറിയത് ആർക്കും മനസ്സിലായില്ലന്ന് കരുതണ്ട.. അത് അറിയാതെ വന്നതാണെന്നും പറയണ്ട.."
ഇത്തിരി ഗൗരവത്തോടെ മൂത്താപ്പ തന്റെ സ്ഥിരം പുകയില ചുരുട്ട് ചുണ്ടിൽ വലതു ഭാഗത്തായി ചേർത്ത് വെച്ച് കത്തിച്ചു ഒന്ന് പുകച്ചു വിട്ടു..
"നിനക്കെപ്പോഴാടാ ഈ കോഴിത്തരം തുടങ്ങിയത്.. ഇന്നലെ തലശ്ശേരിയില് ഒന്നിനെ കണ്ടിട്ട് എന്ത് കിനാവ് കാണൽ ആയിരുന്നു.. ഇപ്പോൾ കൊച്ചിയിൽ എത്തി വേറൊരാളെ കണ്ടപ്പോ ഇന്നലത്തെ മറന്നു ഓളെ പിന്നാലെ പോയിരിക്കുന്നു.. എനിക്കിതൊന്നും മനസ്സിലാവൂല്ലാന്നാണോ.."
"എന്റെ മൂത്തൂ.. ഞാൻ ഒരു പെണ്ണിന്റെ പുറകെ പോയത് തന്നെയാ.. സമ്മതിച്ചു.. പക്ഷേ അത് വേറെ ആരും അല്ല ഇന്നലെ ഞാൻ തലശ്ശേരിയിൽ കണ്ട പെണ്ണാ.. അതേ വെള്ളാരം കണ്ണുകൾ ഉള്ള പെണ്ണ്.."
"മോനേ നീ എന്ത് പൊട്ടത്തരം ആണ് പറയുന്നേ.. അത് തലശ്ശേരി.. ഇത് കൊച്ചി.. ചില്ലറ ദൂരം ഒന്നുമല്ല അവിടുന്ന് ഇവിടെ വന്നു ഒരു പെണ്ണിന് ഗസൽ കേൾക്കാൻ.."
"അള്ളോഹ് ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.. ഇതോള് തന്നെയാ മൂത്തൂ..ഓളെങ്ങനെ ഇവിടെ എത്തീന്ന് എനക്കറിയില്ല.. അതും കൂടി ചോദിക്കാനാണ് ഞാൻ വേഗം അവൾടെ പിന്നാലെ പോയത്.."
"ന്നിട്ട് ചോദിച്ചോ?"
"എവടെ.. അയിന് ഓളെ ഒന്ന് നിന്ന് കിട്ടണ്ടേ.. ന്താ സ്പീഡ്.. അങ്ങോട്ട് ഒരു ഇടവഴി വെച്ച് അടുത്ത് കിട്ടിയതാ.. അവളൊന്ന് ആ വളവ് തിരിഞ്ഞതും നല്ല മിന്നലടിച്ചു. ഞാൻ ഓടി ചെന്ന് നോക്കുമ്പോ ഓളെ കാണുന്നില്ല.. പേടിച്ചു ഓടി കാണും.. അപ്പോ ഞാൻ തിരിച്ചും പോന്നു.. പിന്നേ മൂത്തൂ.. ഓള് പോകുന്ന വഴിക്ക് ആകെ ഒരു പ്രത്യേക മണമുള്ള അത്തറിന്റെ മണം ഇങ്ങനെ കിടക്കുന്നുണ്ടെനും.."
ഇതൊക്കെ കേട്ട മൂത്താപ്പ മേലോട്ട് നോക്കീട്ട്
"പടച്ചോനെ.. എന്ത് നല്ല മോനേനും.. ഒരു പെണ്ണിനെ കാണുമ്പോഴേക്ക് പിരാന്തായി പോയിക്ക്.."
ഈതൊക്കെ കേട്ട് അവിടെ ഉണ്ടായിരുന്ന മണികണ്ഠൻ ഇടയ്ക്ക് ഒന്നിടപ്പെട്ടു..
"ഹമീക്കാ.. ഇങ്ങളെന്താണ് ഇങ്ങനെ ചെക്കനെ കളിയാക്കുന്നെ.. ഇത്രയും കാലത്തിനിടയ്ക്ക് ഇപ്പോൾ അല്ലേ ഓനിങ്ങനെ പറയണേ.. ന്തേലും കാര്യം ഉണ്ടാവൂന്ന്..(ഇജാസിന്റെ തോളിൽ തട്ടിക്കൊണ്ട്) നാളേം കൂടി പരിപാടി ഇല്ലേ.. ഓള് വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ??"
"വരൂന്നാണ് ന്റെ മനസ്സ് പറയണേ.."
"എന്നാ നമുക്ക് ഓളെ നാളെ പൊക്കാം.. ഞങ്ങളും വരാം.. ല്ലേ ഹമീക്കാ.. ഇവന്റെ ഈ പിരാന്തിന് കാര്യം ഉണ്ടോന്ന് നമ്മക്കും കാണാല്ലോ.. ന്താ.."
മണികണ്ഠനും ഇജാസും നേരെ ഹമീദ്ക്കാന്റെ മുഖത്തേക്ക് നോക്കി നിന്നു.. മൂപ്പര് നീട്ടിയൊന്ന് പുക വിട്ടു.. ന്നിട്ട് പറഞ്ഞു..
"വയസ്സാം കാലത്ത് കൊച്ചീന്ന് അടിമേടിക്കാനാ പടച്ചോൻ തലേൽ എഴുതിയെങ്കിൽ നടന്നല്ലേ പറ്റൂ.."
സന്തോഷം കൊണ്ട് ഇജാസ് മൂത്താപ്പാനെ കെട്ടിപിടിച്ചു..
"മൂത്തു മുത്താണ്.. അല്ലേ മണിയേട്ടാ.."
"പിന്നല്ല "
പരിപാടിയുടെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് അവർ നേരെ റൂമിലേക്ക് വെച്ചുപിടിച്ചു.. ഉറങ്ങാൻ കിടന്ന ഇജാസിന് കണ്ണടയ്ക്കാൻ തന്നെ പറ്റുന്നില്ലാരുന്നു..
"പടച്ചോനെ.. എങ്ങനേലും ഒന്ന് നാളെ വൈകുന്നേരം ആയാൽ മതിയായിരുന്നു.."
(തുടരും )

