ദൃഷ്ടി ദോഷം
ദൃഷ്ടി ദോഷം
പൊരി വെയിലത്ത് കാർ മേമന മനയുടെ വളവിലേക്ക് തിരിക്കുമ്പോൾ അയാൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു.ഗൾഫിൽ നിന്നും നാട്ടിൽ എത്തിയിട്ട് നിന്ന് തിരിയാൻ സമയം ഉണ്ടായിട്ടില്ല.കാറിലെ എസിയുടെ തണുപ്പിൽ അയാളുടെ കണ്ണടയിൽ ആവി കേറി മൂടി. ബ്രോക്കർ കുട്ടൻ പറഞ്ഞത് പ്രകാരം ഇത് തന്നെയാണ് സ്ഥലം.കാർ നിർത്തി പുറത്തേക്കിറങ്ങുമ്പോൾ കണ്ണട എടുത്ത് തുടക്കാൻ അയാൾ മറന്നില്ല. ചുറ്റിനും ഒന്ന് കണ്ണോടിച്ച് അയാൾ മുന്നോട്ട് നടന്നു. കുറഞ്ഞത് 50 സെൻ്റിൽ ഒരു പഴയ മന.ഒരു ചെറിയ കാറ്റ് അയാളെ തണുപ്പിച്ച് കടന്നു പോയി.പ്രതാപം ലേശം നഷ്ടപ്പെടാത്ത ആ വലിയ മനയുടെ തിരുമുറ്റത്തേക്ക് അയാൾ കടന്നു ചെന്നു.
"ആരാ?" ഒരു ആജാനബാഹുവായ മനുഷ്യൻ , 55 വയസ്സിൽ കൂടില്ല, തീഷ്ണമായ കണ്ണുകൾ.ഞാൻ ജെയിംസ്, കുട്ടൻ പറഞ്ഞിട്ട് വന്നതാണ്... സഹായിക്കണം. കോലായിലേക്ക് കേറി ഇരുന്നോളു. അങ്ങ് തന്നെയല്ലേ, പ്രഭാകര വർമ? പടികൾ കയറുമ്പോൾ ഞാൻ ചോദിച്ചു. ഇരിക്ക്യ ,നോം തന്നെയാണ് ആ വിദ്വാൻ. ദൃഷ്ടിയാണ് പ്രശ്നം അല്ലേ?, നിങ്ങളുടെ ഭാഷയിൽ വിഷൻ, ചിരിച്ച് കൊണ്ട് ചാരു കസേരയിലേക്ക് ഇരിക്കുമ്പോൾ അദ്ദേഹം ചോദിച്ചു. "അതെ എങ്ങിനെ മനസിലായി!" എനിക്ക് ആശ്ചര്യം അടക്കാനായില്ല. അവിടെ ഇരിക്ക്യ, കുടിക്കാൻ സംഭാരം ആവാം...അല്ലെ?. ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് പഴയ രണ്ട് സ്റ്റീൽ ഗ്ലാസ്സുമായി ഒരു സ്ത്രീ കടന്നു വന്നു. അവിടെ വെച്ചിട്ട് പൊക്കോളൂ നാണ്യേ. കുടിക്ക്യ... ഒരു ഗ്ലാസ്സ് എടുത്ത് ചുണ്ടോട് അടുപ്പിച്ച് പ്രഭാകര വർമ തമ്പുരാൻ പറഞ്ഞു.അച്ഛൻ അപ്പൂപ്പൻമാർ ആയിട്ട് സിദ്ധിച്ച കഴിവുകൾ ,അത് ഇനി എൻ്റെ കാലത്തോടെ അവസാനിക്കുമല്ലോ, എന്നോർക്കുമ്പൾ ഒരു വിഷമം.... . സത്യം പറയാല്ലോ തമ്പുരാൻ, വിശ്വാസം ഉണ്ടായിട്ടല്ല, ഒരു പരിഹാരം കിട്ടുന്നില്ല. പുതിയ ജനറേഷന് ഇതിലൊന്നും വിശ്വാസം കാണില്ല്യ , കാണുന്നതേ വിശ്വസിക്കൂ... അതാണല്ലോ ട്രെൻഡ് പ്രഭാകര തമ്പുരാൻ കസേരയിലേക്ക് ചാഞ്ഞിരുന്നു.കുട്ടനോട് ഞാൻ വേണ്ടാ എന്ന് പറഞ്ഞതാ , പിന്നെ കാര്യങ്ങൾ കേട്ടപ്പോൾ അങ്ങിനെ ഒഴിവാക്കാനും തോന്നിയില്ല. തമ്പുരാൻ ഒന്ന് വന്നാൽ ഉപകാരമാകും, ഞാൻ പറഞ്ഞു. വിഷമിക്കേണ്ട... എല്ലാം ശരിയാകും, ജെയിംസ് . കാര്യങ്ങൾ അങ്ങുന്നിന് അറിയാല്ലോ, എന്നാലും പറയാം ഒരു കൊല്ലത്തിൽ കൂടുതൽ ആയി പുതിയ വീട് വെച്ചിട്ട്. ഭാര്യേം കുട്ടികളെയും തനിച്ചാക്കി ഞാൻ ഗൾഫിലേക്ക് പറന്നു, അന്ന് തുടങ്ങി പ്രശ്നങ്ങൾ.അവൾക്ക് ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ കൂടെ പേടി, പുറത്ത് നിന്നാൽ അവളുടെ ഫോണിലേക്ക് ഓരോ മെസ്സേജ് വരാൻ തുടങ്ങും , എന്താ പുറത്ത് നിൽക്കുന്നത്... രാത്രി ആയാൽ, എന്താ ഉറങ്ങാത്തത്... എന്നാകും ചോദ്യം. ശല്യം സഹിക്ക വയ്യാതെ പോലീസിൽ പരാതി കൊടുത്തു എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല... . കൗമാരക്കാരൻ്റെ കുസൃതികൾ അത്രേം വിചാരിച്ചാൽ മതി , വീട്ടിൽ വന്നാൽ ഒന്ന് ശാസിച്ച് വിട്ടേക്ക്, തമ്പുരാൻ പറഞ്ഞു.ഞാൻ എന്താ പറയേണ്ടത് എന്നറിയാതെ കുഴങ്ങി.നല്ല മഴക്കുള്ള കോളുണ്ട്, ജെയിംസ് മടങ്ങിക്കോളൂ. ശരി തമ്പുരാൻ.., വിഷണ്ണനായി ഞാൻ പടിയിറങ്ങി. കാറിൻ്റെ ഡോർ തുറന്ന് തിരിഞ്ഞു നോക്കുമ്പോൾ മനയുടെ വരാന്ത വിജനമായിരുന്നു.
ഒരുപാട് വൈകിയാണ് വീട്ടിലെത്തിയത്, വണ്ടി കാർ പോർച്ചിലേക്ക് കയറ്റി പുറത്ത് ഇറങ്ങിയപ്പോഴേക്കും ഭാര്യ വാതിൽക്കൽ എത്തി. എന്തായി എന്ന അവളുടെ ചോദ്യത്തിന് , എല്ലാം ശരിയാകും, എന്ന് പിറുപിറുത്തു കൊണ്ട് ഞാൻ വീടിനകത്തേക്ക് കയറി. ദീർഘദൂര യാത്രയുടെ ക്ഷീണം മുഖത്ത് ഉണ്ടായിരുന്നത് കൊണ്ട് അവൾ കൂടുതൽ ഒന്നും ചോദിച്ചില്ല.രാത്രി ഉറങ്ങാൻ കിടക്കുമ്പോഴേക്കും പുറത്ത് കോരിച്ചൊരിയുന്ന മഴ തുടങ്ങിയിരുന്നു.എന്താ പതിവില്ലാത്ത മഴ എന്ന ഭാര്യയുടെ ചോദ്യത്തിന് ഉം...., എന്ന് മൂളിയത് മാത്രമേ ഓർമയുള്ളു , അഗാധമായ ഉറക്കത്തിലേക്ക് ഞാൻ വഴുതി വീണു.ഉറക്കത്തിൽ എപ്പോഴോ മേമന മനയും, അവിടത്തെ തമ്പുരാനും കടന്നു വന്നു, അദ്ദേഹത്തിൻ്റെ തീക്ഷ്ണമായ കണ്ണുകൾക്ക് എന്തിനെയും വരുതിയിൽ കൊണ്ട് വരാനുള്ള ആഞ്ഞാശക്തി ഉണ്ടായിരുന്നു. എല്ലാം ശരിയാകും തമ്പുരാൻ്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി. ദേ... ഒന്ന് എണീക്ക്... . സ്വപ്നം മുറിഞ്ഞതിൻ്റെ അരിശത്തിൽ ഞാൻ ഞെട്ടി എഴുന്നേറ്റു എന്താടി?!. നേരം വെളുത്ത്, പുറത്ത് ഒന്ന് പോയി നോക്കിയേ.... , ഭാര്യ പറഞ്ഞു. കണ്ണട തപ്പിയെടുത്ത് ഞാൻ ഡ്രോയിങ് റൂമിലേക്ക് നടന്നു.
ഉമ്മറ വാതിൽ തുറന്നപ്പോഴേക്കും ഭാര്യ ചായയുമായി എത്തി. ഭാഗ്യത്തിന് വീടിന് മീതെ വീണില്ല ,മുറ്റത്ത് കട പുഴകി വീണ മാവിലേക്ക് ചൂണ്ടി അവൾ പറഞ്ഞു. അപ്പുറത്തേക്ക് വീണിരുന്നെങ്കിൽ അവരോട് സമാധാനം പറയേണ്ടി വന്നെനെ.. ഞാൻ പറഞ്ഞു .അയൽപക്കത്ത് ഒരു റിട്ടയർഡ് പട്ടാളക്കാരനും കുടുംബവും ആണ് താമസിക്കുന്നത്. ചായ കുടിക്കുമ്പോൾ പത്രക്കാരൻ പത്രം ഗേറ്റിനു മുകളിലൂടെ എറിഞ്ഞിട്ടേച്ചു പോയി.
ഞാൻ മുറ്റത്തേക്ക് ഇറങ്ങി. മറിഞ്ഞ് വീണ മാവിൻ്റെ ചില്ലകൾ മുറ്റമാകെ പരന്നു കിടക്കുകയാണ് .അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് , മരചില്ലക്ക് ഇടയിൽ തൂങ്ങിക്കിടക്കുന്ന, ചിറക് ഒടിഞ്ഞ ഒരു ഡ്രോൺ! . ഞാൻ അത് കയ്യിൽ എടുത്തു, അതിപ്പോഴും പ്രവർത്തിക്കുന്നുണ്ട് ,അതിന് മുൻപിലായി ഒരു ക്യാമറയും.
ചേട്ടാ....ചേട്ടാ...... . വിളി കേട്ട് ഞാൻ തിരിഞ്ഞ് നോക്കി, ഗേറ്റിൽ ഒരു പയ്യൻ. ഇവനെ ഞാൻ ഒരു തവണ കണ്ടിട്ടുണ്ട്... പട്ടാളക്കാരൻ്റെ മകൻ.എന്തേ?, ഞാൻ ചോദിച്ചു. അതെൻ്റ്യ... , ഡ്രോണിലേക്ക് വിരൽ ചൂണ്ടി അവൻ പറഞ്ഞു. തമ്പുരാൻ പറഞ്ഞ കൗമാരക്കാരൻ!! , ഞാൻ ഡ്രോൺ അവന് നേരെ നീട്ടി.
അകത്ത് ഭാര്യ ദോശ ചുടുന്ന തിരക്കിൽ ആയിരുന്നു, എന്താ പുറത്ത് ഒരു ശബ്ദം കേട്ടത്?? അവൾ ചോദിച്ചു.ദൃഷ്ടി ദോഷം..., അവളുടെ അങ്കലാപ്പ് കണ്ട് ഞാൻ മന്ത്രിച്ചു .ചോദ്യ ഭാവത്തിൽ നിന്ന അവളോട് അല്ല വളർത്തു ദോഷം എന്ന് പറഞ്ഞ് ഒപ്പിച്ചപ്പോഴേക്കും എനിക്ക് ചിരി പൊട്ടി.
അന്ന് രാത്രി കിടപ്പറയിൽ വെച്ച് ഭാര്യ മുടി ചീകി കൊണ്ടിരിക്കുമ്പോൾ ചോദിച്ചു, ആർക്കാ വളർത്തു ദോഷം?, പിന്നെ, ഇന്ന് മൊബൈലിൽ മെസ്സേജിന്റെ ശല്യം ഉണ്ടായില്ല, അല്ലെങ്കിൽ രാത്രി ആകുമ്പോഴേക്കും 50 മെസ്സേജ് എങ്കിലും വന്നിട്ടുണ്ടാകും. മെസ്സേജ് ചെയ്യുന്നവനെ രാവിലെ തന്നെ കൈകാര്യം ചെയ്തു, അവനാണ് വളർത്തു ദോഷം, ഞാൻ പറഞ്ഞു. ഭാര്യ ഒരു നിമിഷം ചീകൽ നിർത്തി കണ്ണുരുട്ടി എന്നോട് ചോദിച്ചു ആരായിരുന്നു അവൻ?!.
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അയൽപക്കത്തെ കൗമാരക്കാരൻ... . ആര്? അപ്പുവോ?! എന്റെ ദൈവമേ... ഞാൻ എന്തോരം തീ തിന്ന്... . അപ്പുവിന്റെ ഡ്രോൺ നമ്മുടെ മാവിന് മേലെ കുരുങ്ങി, അവന് വീട്ടിൽ ഇരുന്ന് നമ്മുടെ വീട്ടിൽ നടക്കുന്നത് എല്ലാം കാണാമായിരുന്നു. നീ എപ്പൊ പുറത്തിറങ്ങുന്നു, ഉറങ്ങുന്നു ആരൊക്കെ വീട്ടിൽ വരുന്നു എല്ലാം അവൻ കാണുന്നുണ്ടായിരുന്നു. വൃത്തികെട്ട ചെക്കൻ... ഭാര്യക്ക് ശരിക്കും ദേഷ്യം വന്നു. അപ്പു അവന്റെ അമ്മയുടെ മൊബൈലിൽ നിന്ന് നിന്റെ നമ്പർ തേടി പിടിച്ച് നിന്നെ മെസ്സേജ് ചെയ്യാൻ തുടങ്ങിയപ്പോൾ അവന് വീണ്ടും രസം കൂടി. അല്ല നിങ്ങൾക്ക് ഇതൊക്കെ എങ്ങിനെ മനസ്സിലായി?!. തമ്പുരാൻ തന്ന മാർഗ്ഗ നിർദേശങ്ങൾ, എല്ലാം ഒത്തു വന്നപ്പോൾ എനിക്ക് മുഴുവൻ ചിത്രവും കിട്ടി, ഞാൻ പറഞ്ഞു.
നിങ്ങൾ ആളൊരു ഭയങ്കരൻ തന്നെ!, നിങ്ങടെ തമ്പുരാനും, എന്നിട്ട് എന്നോട് ഒരക്ഷരം പറഞ്ഞില്ല ഭാര്യ പരിഭവിച്ചു. എല്ലാത്തിനും വ്യക്തത വന്നിട്ട് പറയാമെന്നു കരുതി, എന്തായാലും ഇതിവിടെ നിർത്താം, അവൻ ഇനി ഒന്നിനും മുതിരില്ല. എന്നാൽ അവനു കൊള്ളാം, ഭാര്യ പറഞ്ഞു.
അങ്ങിനെ അപ്പുവിന്റെ ദൃഷ്ടി ദോഷം മാറിക്കിട്ടി, ലൈറ്റ് ഓഫ് ചെയ്ത് കിടക്കുമ്പോൾ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു. നമ്മുടെയും ഭാര്യയുടെ പറച്ചിൽ കേട്ട് എനിക്ക് ചിരിക്കാതിരിക്കാൻ തോന്നിയില്ല.
< അവസാനിച്ചു >

