ആ മുഖം
ആ മുഖം
ബസ്സിൽ പരിചിതമായ ആ മുഖം വീണ്ടും കണ്ട് ഞാൻ ഒന്ന് വിളറി.
ആരെയും കൂസാത്ത അതേ ഭാവം, അതേ കണ്ണുകൾ.പിന്നെ അവളുടെ കഴുത്തിലെ സ്വർണ്ണ മാല അതാണ് ഞാൻ ഏറ്റവുമധികം ശ്രദ്ധിച്ചത്. അവളുടെ വെളുത്ത കഴുത്തിൽ നിന്നും ഞാന്ന് കിടന്ന് തൂങ്ങിയാടുന്ന അവളുടെ മാല.
ബസ്സ് ഏതോ സ്റ്റോപ്പിൽ നിർത്തിയപ്പോൾ അവൾ എന്നെ തിരിഞ്ഞ് നോക്കി ഒന്ന് പുഞ്ചിരിച്ചെന്ന് തോന്നി.
അവൾക്ക് മുഖം കൊടുക്കാതെ ഞാൻ തിരക്കിൽ തല താഴ്ത്തി നിന്നു.
എനിക്ക് ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലൂടെ എൻ്റെ കണ്ണുകൾ അവൾക്ക് നേരെ വീണ്ടും നീണ്ടു.
കാണാതായ ആ പെൺകുട്ടിയെക്കൂറിച്ച് വല്ല വിവരവുമുണ്ടോ? ഒരാൾ സീറ്റിലിരുന്ന് കണ്ടക്ടറോട് ചോദിക്കുന്നു.
ഞാൻ അവരുടെ സംഭാഷണം കേൾക്കുവാനായി നീങ്ങി നിന്നു.
പോലിസ് അന്വേഷിക്കുന്നുണ്ടെന്നാ കേട്ടത്, മിക്കവാറും ഒളിച്ചോട്ടമായിരിക്കും കണ്ടക്ടർ ബാഗിലെ ടിക്കറ്റ് കെട്ടുകൾ പരിശോധിക്കുന്നതിനിടയിൽ പറഞ്ഞു.
ഇപ്പോഴത്തെ പെൺകുട്ടികളുടെ ഒരു ധൈര്യം സീറ്റിലിരിക്കുന്ന മധ്യവയസ്ക്കൻ.
അവർക്കിപ്പോൾ മൊബൈലും ഇൻ്റർനെറ്റും അല്ലെ വലുത് , ഒരാഴ്ച്ചത്തെ പരിചയം മതി ഏതെങ്കിലും ഒരുത്തനെ വിശ്വസിച്ച് വീട് വിട്ടിറങ്ങാൻ. കണ്ടക്ടർ
ശരിയാ , തന്തയും തള്ളയും പറയുന്നതിലും വിശ്വാസം ഇന്നലെ മൊബൈലിൽ പരിചയപ്പെട്ട കൂട്ടുകാരനിലാ. മധ്യവയസ്ക്കൻ
ചേട്ടൻ ടിക്കറ്റ് എടുത്തായിരുന്നോ ? കണ്ടക്ടർ എന്നെ തോണ്ടി വിളിച്ചു.
എടുത്തു ഞാൻ പോക്കറ്റിൽ കയ്യിട്ട് ടിക്കറ്റ് എടുത്ത് അയാൾക്ക് നേരെ നീട്ടി.
കണ്ടക്ടർ എന്നെ സംശയത്തോടെ നോക്കി. എൻ്റെ കയ്യിൽ നിന്ന് ടിക്കറ്റ് വാങ്ങി പരിശോധിച്ചു .
ഇത്തിരി അങ്ങോട്ട് മാറിക്കെ അയാൾ എന്നെ തള്ളി മാറ്റി ടിക്കറ്റുമായി തിരക്കിലൂടെ ബസ്സിൻ്റെ പുറകിലേക്ക് നടന്നു.
മധ്യവയസ്ക്കൻ്റെ അടുത്തെ സീറ്റ് ഒഴിഞ്ഞതും ഞാൻ അയാളുടെ അടുത്തേക്കിരുന്നു.
ആരെയോ കാണാതെ പോയെന്ന് പറയുന്നത് കേട്ടു ഞാൻ അയാളോട് പതുക്കെ ചോദിച്ചു.
ഓ അതോ അതിവിടെ അടുത്തുള്ള വീട്ടിലെ പെൺകുട്ടി , ട്യൂഷൻ ക്ലാസ്സിൽ പോയതാ സന്ധ്യയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല ഒളിച്ചൊടിയെന്ന് പറയുന്നു. മധ്യവയസ്ക്കൻ
പിള്ളേരെ തല്ലി വളർത്താത്തതിൻ്റെ കുഴപ്പമാണ് .ഞാൻ നെടുവീർപ്പിട്ടു.
എൻ്റെ അയൽവക്കത്തുള്ള കുട്ടിയായിരുന്നു .ഞാൻ കാണുമ്പോഴെല്ലാം പാട്ടും കേട്ട് മൊബൈലിൽ നോക്കി നടന്ന് പോകുന്നത് കാണാം. അവളുടെ അച്ഛൻ്റെയും അമ്മയുടെയും വിഷമം കണ്ട് നിൽക്കാൻ പറ്റില്ല, ഒരു മാസമായി ഒരു വിവരവുമില്ല മധ്യവയസ്ക്കൻ തുടർന്നു.
ഇതിനിടയിൽ എൻ്റെ നോട്ടം വീണ്ടും കമ്പിയിൽ തൂങ്ങി അലസമായി മുന്നോട്ട് നോക്കി നിൽക്കുന്ന അവളുടെ നേരെ പോയി .
ഇവിടെ അടുത്താണോ താമസിക്കുന്നത്, മുൻപ് കണ്ട് പരിചയമില്ല അയാൾ എന്നെ നോക്കി ചോദിച്ചു.
അ.. അതെ ഈ നാട്ടുകാരനാ ഞാനും. ഞാൻ ചിരിച്ചു.
അടുത്ത സ്റ്റോപ്പ് ഇറങ്ങണം. അയാൾ പുറത്തെ ഇരുട്ടിലേക്ക് നോക്കി പിറുപിറുത്തു.
സന്ധ്യയായിരിക്കുന്നു .
ബസ്സിലെ ലൈറ്റുകൾ തെളിഞ്ഞു.
ഇതന്ന് കണ്ടവൾ തന്നെ ആയിരിക്കുമോ? ഇരുട്ടത്ത് കണ്ട മുഖമായത് കൊണ്ട് ഓർത്തെടുക്കുവാൻ കഴിയുന്നില്ല.
എന്തായാലും അവൾ എന്നെ തിരിച്ചറിയുവാൻ ഒരു സാധ്യതയുമില്ല.
അവൾ ബസ്സിൻ്റെ മുന്നിലേക്ക് നടക്കുന്നത് കണ്ട് ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റു.
ഉടുമ്പൻ ചോല...ഉടുമ്പൻ ചോല കണ്ടക്ടർ ബസ്സിന് പുറകിൽ നിന്ന് ആവർത്തിച്ച് വിളിച്ച് പറഞ്ഞു.
ആളുണ്ടെ മധ്യവയസ്ക്കൻ ആയാസപ്പെട്ട് സീറ്റിൽ നിന്നെഴുന്നേറ്റു.
അയാൾ ബസ്സിൻ്റെ പിൻ വാതിലിന് അടുത്തേക്ക് നടന്നു.ഞാൻ അയാളുടെ പുറകെയും.
ഉടുമ്പൻ ചോല സ്റ്റോപ്പ് എത്തിയതും കണ്ടക്ടർ ബെല്ലടിച്ച് ബസ്സ് നിർത്തിച്ചു.
അവസാനത്തെ ഓട്ടമാ മധ്യവയസ്ക്കൻ്റെ ഒപ്പം ബാഗ് കഷത്തിൽ വെച്ച് പടികൾ ഇറങ്ങുന്നതിനിടയിൽ കണ്ടക്ടർ പറയുന്നുണ്ടായിരുന്നു.
മുൻപിൽ നിന്നിരുന്നവൾ ബസ്സിൽ നിന്ന് ഇറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ഞാനും ബസ്സിൻ്റെ പടികൾ ചാടിയിറങ്ങി.
ഒന്ന് വേഗം ഇറങ്ങ് ചേട്ടാ പോയിട്ട് വേറെ പണിയുണ്ട്. ഞാൻ ഇറങ്ങിയതും കണ്ടക്ടർ ബസ്സിൻ്റെ ഡോർ വലിച്ചടച്ചു.
ഡോറിൽ ആഞ്ഞടിച്ച് അയാൾ ബസ്സ് എടുത്തോളുവാൻ സിഗ്നൽ കൊടുത്തു.
സ്റ്റോപ്പിലിറങ്ങിയ എല്ലാവരെയും ഇരുട്ടിലാഴ്ത്തി ബസ്സ് പാഞ്ഞ് പോയി.
കണ്ടക്ടറും, മധ്യവയസ്ക്കനും അടുത്തുള്ള റബ്ബർ തോട്ടത്തിനിടയിലുള്ള പാതയിലേക്ക് നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അവർ പോയിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഞാൻ ഇരുട്ടിൽ റോഡരികിലൂടെ വേഗത്തിൽ നടന്ന് പോവുകയായിരുന്ന അവളുടെ പുറകെ വെച്ച് പിടിച്ചു.
അവളുടെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണ മാലയുടെ തിളക്കം അത്രമേൽ എന്നെ അന്ധനാക്കിയിരുന്നു.
അവളുടെയടുത്ത് ഞാൻ എത്താറായപ്പോഴേക്കും അവൾക്ക് തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് മനസ്സിലായിട്ടുണ്ടാകണം .
അവളുടെ നടത്തം ഓട്ടത്തിലേക്ക് മാറി.
ഞാനും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.
അതിവേഗത്തിൽ അവൾക്ക് പുറകെ ഓടുമ്പോൾ എൻ്റെ മനസ്സിൽ അവളുടെ മാലയുടെ തിളക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വിജനമായ റോഡരികിലൂടെ അവൾക്ക് പുറകെ പാഞ്ഞ എന്നെക്കടന്ന് ഒന്ന് രണ്ട് വണ്ടികൾ റോഡിലൂടെ ചീറിപ്പാഞ്ഞ് പോയി.
ഞാൻ അവളെ തൊട്ടു തൊട്ടില്ല എന്നായപ്പോൾ അവൾ എന്നെ അമ്പരപ്പിച്ചു കൊണ്ട് പെട്ടെന്ന് തിരിഞ്ഞ് നിന്നു.
അവളുടെ പുറകിൽ നിന്നും വന്ന ശക്തമായ വെളിച്ചത്തിൽ എൻ്റെ കണ്ണ് മഞ്ഞളിച്ചു.ഒരു നിമിഷത്തേക്ക് ഞാൻ നിന്ന നിൽപ്പിൽ സ്തംഭിച്ചു.
കൈകൾ കൊണ്ട് മുഖം മറയ്ക്കുമ്പോൾ കോളറിൽ ഒരു പിടുത്തം വീണത് ഞാൻ അറിഞ്ഞു.
വെളിച്ചത്തിൽ കുളിച്ച് അന്തിച്ചു നിന്ന എൻ്റെ പള്ളയിലാണ് അവളുടെ ലക്ഷ്യം തെറ്റാതെയുള്ള ഊക്കൻ തൊഴി കിട്ടിയത്.
ഞാൻ വേദന കൊണ്ട് പുളഞ്ഞു.
എൻ്റെ കോളറിൽ പിടിച്ചയാളെ ഞാൻ തിരിച്ചറിഞ്ഞു .
ബസ്സിൽ കണ്ട അതേ കണ്ടക്ടറും മധ്യ വയസ്‌ക്കനും.
നീ പോലീസുകാരിയുടെ മാല പിടിച്ച് പറിക്കും അല്ലേടാ അതും രണ്ട് തവണ!!
പുറകിൽ നിന്നിരുന്ന ഒരുത്തൻ്റെ കാൽമുട്ട് എൻ്റെ നട്ടെല്ലിലാണ് കൊണ്ടത്. ഞാൻ നിലത്തിരുന്ന് പോയി.
ഇതാ മാഡം ഇവൻ മാഡത്തിൻ്റെ മാല വിറ്റതിൻ്റെ റെസീപ്റ്റ് , ബസ്സ് ടിക്കറ്റ് ആണെന്ന് കരുതി പോക്കറ്റിൽ നിന്നെടുത്ത് എനിക്ക് തന്നു.
അപ്പോഴാണ് എനിക്ക് ഞാൻ ചെയ്ത അബദ്ധം മനസ്സിലായത്.
ഇതിനകം എന്നെ അവർ കയ്യാമം വെച്ച് പോലിസ് ജീപ്പിലേക്ക് വലിച്ചു കയറ്റി.
ജീപ്പ് മുന്നോട്ട് ചലിക്കുന്നതിനിടയിൽ മുൻ സീറ്റിൽ ഇരുന്നിരുന്ന അവൾ ജീപ്പിന് പുറകിലിരുന്നിരുന്ന എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാൻ ബസ്സിൽ കണ്ട അതേ മുഖം.
< END >
