Binu R

Drama Thriller

4.3  

Binu R

Drama Thriller

ചെറുകഥ:- 51വെട്ട്.

ചെറുകഥ:- 51വെട്ട്.

3 mins
349


കാത്തിരിക്കാനൊടുവിൽ ആരുമില്ലാതെ ദേവകി തേങ്ങി. ഇരുട്ട് വോൾടേജ് ഇല്ലാത്ത ഒരു ബൾബിനു ചുറ്റും തത്തിക്കളിച്ചു.മഴയുടെ ഒരു ആരവവുമില്ലാതെ ഇടിമിന്നലുകൾ മാത്രം ദേവകിക്കുചുറ്റും അറിഞ്ഞാടി.


ദേവകി ഒരു സംഘടനക്കുവേണ്ടി രാവും പകലും കളഞ്ഞ ദിവാകരേട്ടന്റെ ഭാര്യയാണ്. നാൽപതുകളിൽ ഗ്രാമത്തിലെ സന്ധ്യകളിൽ ആൽത്തറയിൽ കൂടുന്ന യുവതലമുറയ്ക്കൊപ്പം ദിവാകരേട്ടനും ഉണ്ടാകും. അന്നൊക്കെ പട്ടിണിയും പരിവട്ടവും ഇടത്തട്ടുകാരുടെ വീടുകളിൽ സർവ്വസാധാരണമായിരുന്നു.എങ്കിലും യുവതലമുറകളിൽപ്പെട്ട വളരെച്ചുരുക്കം പേർ അകലെയുള്ള കോളേജുകളിൽ മേൽവിദ്യക്കായിട്ട് ചേർന്നിട്ടുണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു ദിവാകരേട്ടൻ. ദിവാകരേട്ടന്റെ മാതാപിതാക്കൾ അന്നത്തെക്കാലത്ത് സാമാന്യം നന്നായി ജീവിക്കുന്ന കുടുംബമായിരുന്നു.


ദൂരെയുള്ള കോളേജിൽ നിന്നും ആഴ്ചയവസാനം കൂട്ടുകാരായ രാജനും ബേബിക്കും ചന്ദ്രനും മൊയ്‌തീനുമൊപ്പം സൈക്കിൾ വാടകയ്‌ക്കെടുത്ത് പാതിരാത്രിയിൽ വന്നു ചേരുമായിരുന്നു. കോളേജിലെ കൂട്ടായ്മകളിൽ നിന്നാണ് അസംഘടിതരായവരെ സംഘടിതരാക്കണമെന്ന് ഒരറിവ് പകർന്നു കിട്ടിയത്.


ദിവാകരേട്ടൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. വിദ്യയുടെ അഹംഭാവമോ മറ്റുള്ളവർ സാമൂഹികമായി തന്നെക്കാൾ താഴ്ന്നവരെന്നുള്ള അഹങ്കാരമോയില്ലാതെ, എല്ലാവരോടും സമത്വത്തോടെ പെരുമാറിയിരുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനായി എന്തൊക്കെ ചെയ്യാംപറ്റുമെന്നുള്ള ചിന്തകളും ഉയർന്ന വായനയുമായി വേറിട്ടൊരു രീതിയായിരുന്നു ദിവാകരേട്ടന്റേത്. ചെറുപ്പത്തിന്റെ യാതൊരു ഇളക്കങ്ങളുമില്ലാതെ ജീവിതം ഒരു താളമിട്ടു പൊയ്ക്കൊണ്ടിരുന്നു.


വിദ്യാഭ്യാസകാലഘട്ടം കഴിഞ്ഞ് സംഘടനയുടെ ആവശ്യപ്രകാരം മലയോരമേഖലകളിൽ പോയി ക്ലാസുകളെടുക്കുകയും സംഘടനയിൽ കൂടുതൽ വിദ്യാസമ്പന്നരെ ചേർക്കുന്നതിനും, പാവപ്പെട്ട പട്ടിണിക്കാരുടെ ദുരവസ്ഥയ്ക്ക് പരിഹാരം തേടുന്നതിനും ഒരു പരിധിവരെ സഹായകരമായിട്ടുണ്ട്.


സ്വാതന്ത്ര്യ സമരക്കാലത്തെ അധികാരത്തിന്റെ ബൂട്ടുകൾക്കിടയിൽ പലപ്പോഴും ജീവിതം ചതഞ്ഞരഞ്ഞിട്ടുണ്ട്. അതിന്റെ ബാക്കിപത്രങ്ങൾ പിന്നെ ശരീരത്തിൽ ആരോഗ്യപരമായി ഉണ്ടായിട്ടുണ്ട്.


എങ്കിലും ആ ഗ്രാമത്തിന്റെ ഉന്നമനത്തിനായി അഹോരാത്രം പണിപ്പെട്ടു. പിന്നീട് സ്വാതന്ത്ര്യം നേടിയതിനു ശേഷം സംഘടനയുടെ വിലപ്പെട്ട അംഗമായി.കേന്ദ്രനേതാക്കളെല്ലാം വന്നു കണ്ടു ബഹുമാനിതനായി. അതിനിടയിലെപ്പോഴോ ആണ് ദേവകിയെ കല്യാണം കഴിച്ചത്. പോലീസ് നരനായാട്ടിനിടയിൽ ഒളിച്ചു താമസിച്ചിരുന്ന ഒരു വീട്ടിൽ നിന്നാണ് ദേവകിയെ കണ്ടെത്തിയത്. ചില അഭിപ്രായങ്ങളിൽ ഒത്തൊരുമ കണ്ടതോടെയാണ് ദേവകിയോട് ഒരഭിനിവേശം തോന്നിയത്. അങ്ങിനെയാണ് ദേവകി സന്തതസഹചാരി ആയത്.അതിലൊരു ഉണ്ണിയും പിറന്നു.


അച്ഛനെപോലെ തന്നെ മകൻ രാമചന്ദ്രനും ജനഹിതനായി വളർന്നു. അവന്റെ വളർച്ചയുടെ പടവുകളിൽ സംഘടന അവന്റെ അച്ഛനെ പലകാര്യങ്ങളിലും തളർത്തുന്നത് അവൻ അറിഞ്ഞു കൊണ്ടേയിരുന്നു. കാര്യഗൗരവമുള്ള കൂടിക്കാഴ്ചകളിൽ മനപ്പൂർവം മറക്കുക എന്നത് സംഘടനയുടെ കീഴ്‌വഴക്കങ്ങളിൽ ഒന്നായി മാറുന്നതും അച്ഛൻ തഴയപ്പെടുന്നതും രാമചന്ദ്രൻ അറിഞ്ഞു കൊണ്ടേയിരുന്നു.എങ്കിലും രാമചന്ദ്രൻ സംഘടനയിൽ വളർന്നുകൊണ്ടേയിരുന്നു.


പെട്ടെന്ന് ഒരു ദിവസം ദിവാകരേട്ടൻ ഒരു ആക്സിഡന്റിൽ കൊല്ലപ്പെട്ടു. ഒരു ഔദ്യോഗിക കൂടിക്കാഴ്ചക്കായി പോകുമ്പോൾ എതിരെ വന്ന ലോറിയുടെ അനുസരണക്കേടിൽ കയറിയിറങ്ങിപ്പോയി.സംഘടന വീരോചിതമായ യാത്രയയപ്പും നൽകി.അന്വേഷണങ്ങളെല്ലാം പാതിവഴിക്കു നിലച്ചു.എല്ലാവരും എല്ലാക്കാര്യങ്ങളും മറന്നു. രാമചന്ദ്രൻ ഗ്രാമത്തിലെ അനിഷേധ്യനായി. എപ്പോഴും നന്മകളുടെ കൂടെ നിൽക്കാൻ പ്രാപ്തനുമായി.പ്രധാനകാര്യങ്ങളിലെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടായി.സംഘടന പാവങ്ങളിൽ നിന്നുമകന്നു. കള്ളക്കടത്തുകാരും കൊള്ളിവയ്പ്പുകരും സഹകാരികളായി. അവരുടെ നേട്ടങ്ങൾക്കായി പണിയെടുക്കുന്നവരുടെ നേട്ടങ്ങൾക്കായി വാദിക്കുന്നത് മറന്നു. അതുചൂണ്ടിക്കാണിച്ചപ്പോൾ നേതാക്കൾക്കിടയിൽ കല്ലുകടിയുമായി.


അതിനിടയിലാണ്, അന്ത്രോസ് പറഞ്ഞൊരു കാര്യം രാമചന്ദ്രന്റെ മനസ്സിനെ മഥിച്ചു കളഞ്ഞത്. പുതുതലമുറകൾ പഴംതലമുറയെ ഇല്ലാതാക്കിയ കഥകൾ.അപകടമരണങ്ങൾ...മൂല്യങ്ങളുള്ളവരെ മൂലക്കിരുത്തിയകഥകൾ.ഒരുതരത്തിലുംവഴങ്ങാത്തവരെ യാത്രക്കിടയിൽ ഗുണ്ടാ ആക്രമണം നടത്തിയും വാഹനാപകടങ്ങൾ ഉണ്ടാക്കിയും വകവരുത്തിയ കഥകൾ. അഴിമതികൾ നടത്തി കോടികൾ നേടിയ കഥകൾ.


കഥകളെല്ലാം കേട്ടപ്പോൾ ശരിയാണെന്നു രാമചന്ദ്രന് തോന്നിത്തുടങ്ങിയിരുന്നു. അവരെ മേയ്ക്കാൻ സ്വാർത്ഥതൽപ്പരരായ ഒരു കൂട്ടം ചൊൽവിളിയില്ലാത്ത നേതാക്കൾ.പഴയ മൂല്യങ്ങളറിയാത്തവർ.ജീവിതത്തിന്റെ മൂലധനമറിയാത്തവർ.ചോരത്തിളപ്പുകൾ അറിയാത്തവർ.ബൂട്ടിന്റെ ഞെരിച്ചമർത്തലുകൾ അറിയാത്തവർ. മേടയിലിരുന്നു പാൽക്കഞ്ഞികുടിച്ചു വളർന്നവർ. സാധാരണക്കാരുടെ വിചാരവികാരങ്ങൾ അറിയാത്തവർ. അച്ഛന്മാരെയും മക്കളേയും തിരിച്ചറിയാത്തവർ. ബന്ധങ്ങൾ മനസ്സിലാകാത്തവർ. സാധാരണ കുടുംബത്തിൽ ആണ്മക്കളെ അരിയിട്ടുവാഴിക്കാത്തവർ.എല്ലാത്തരത്തിലും സ്വന്തം നേട്ടങ്ങൾക്കായി മൃഗത്തുല്യം ജീവിക്കുന്നവർ.


രാമചന്ദ്രൻ പല മീറ്റിങ്ങുകളിലും സംഘടനയുടെ അപചയത്തേക്കുറിച്ച് സംസാരിച്ചു. സംഘടനയെ ഉത്തേജിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിച്ചു.താഴെത്തട്ടിൽ നിന്നുള്ള ശക്തമായ ഉയിർത്തെഴുന്നേപ്പിനെക്കുറിച്ചു സംസാരിച്ചു. സാധാരണക്കാർക്കൊപ്പം നിൽക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. വോട്ടൂബാങ്കല്ല ജനസേവനം എന്നതിനെക്കുറിച്ചുസംസാരിച്ചു. അഴിമതികളിൽ നിന്നും സാധാരണജനങ്ങളുടെ നികുതിപ്പണം അടിച്ചുമാറ്റുന്ന നെറികേടിനെക്കുറിച്ച് സംസാരിച്ചു.


സംഘടനയുടെ അങ്ങെത്തലക്കലും ഇങ്ങെത്തലയ്ക്കലും രാമചന്ദ്രനെക്കുറിച്ച് വിമർശനങ്ങളുണ്ടായി.ഇടത്തട്ടിലുള്ളവരിൽ രാമചന്ദ്രന്റെ നല്ല ചെയ്തികളിൽ പരാമർശ്ശങ്ങളുണ്ടായി.നാട്ടിൽ അങ്ങോളമിങ്ങോളം പലരും ഒപ്പമുണ്ടെന്ന് പരസ്യപ്രഖ്യാപനങ്ങളുണ്ടായി.


എന്നിട്ടും,ഒടുവിൽ തെരുവിൽ ആരും കാണാത്തൊരിടത്ത് ചോരയിൽ കുളിച്ചു കിടന്നു. പോസ്റ്റുമാർട്ടം റപ്പോർട്ടിൽ മാത്രം അവർ അടിവരയിട്ട് പറഞ്ഞു, അമ്പത്തൊന്നു വെട്ട്.

   

തുന്നിച്ചേർത്ത ജീവനില്ലാത്ത ശരീരം കണ്ടു ദേവകി തേങ്ങി. അരിയിട്ടുവാഴിച്ചു ഒപ്പം നിന്നവരെല്ലാം തേങ്ങി. ഒരു ഗ്രാമത്തിലെ നല്ലവരെല്ലാം തേങ്ങി.


നേതാക്കന്മാരെല്ലാം ഉള്ളാലേ ചിരിച്ചുകൊണ്ട് റീത്തുമായി വന്നു നിന്നു.തിങ്ങിക്കൂടിയിരിക്കുന്ന തേങ്ങുന്നമിഴികൾ, ചുറ്റുപാടും കണ്ണോടിച്ചു കണ്ട് സമാധാനമായി മടങ്ങി.ഇനി അലോസരപ്പെടുത്തുന്ന എല്ലാ ചിന്തകൾക്കും തല്ക്കാലം വിടയെന്ന് മനസ്സിൽ കുറിച്ചിട്ടു മടങ്ങി. സംഘടനക്ക് ഒരു ഒഴുമുറിപോലെ അനേകം ഓർമപ്പെടുത്തൽ സ്വന്തമായി കിട്ടിയല്ലോ എന്ന ട്രോഫിയുമായി മടങ്ങി. അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൻ വോട്ടെന്ന സാന്ത്വനവുമായി മടങ്ങി.


ആ വീടിന്റെ തെക്കെപ്പറമ്പിൽ ജഡം എരിഞ്ഞടങ്ങിയപ്പോൾ സ്വന്തമായൊരാൾ പോയല്ലോയെന്ന തിരിച്ചറിവിൽ സന്തതസഹചാരിയായ കുട്ടൻ എന്ന നായ ആരെയും കാണാതെ ഓരിയിട്ടു തളർന്നു, വാതിലിനു താഴെ പടിയിൽ കിടന്നു.അകത്ത് ഒരുപിടി പെണ്ണുങ്ങളുടെ നടുവിൽ ദേവകി എന്ന അമ്മ കണ്ണീരുവറ്റി കിടന്നു.തേങ്ങൽ മാത്രം ബാക്കിയായി.

  


Rate this content
Log in

Similar malayalam story from Drama