Binu R

Drama Thriller

4  

Binu R

Drama Thriller

മറുപുറം

മറുപുറം

4 mins
349



2.


ചോലയുടെ ഇരമ്പം കൂടിയിരിക്കുന്നു. ചോലയിലേക്ക് ചെന്നുചേരുകയായിരുന്നു , ദാഹത്തിന്റെ അടങ്ങാത്ത ആവേശം. ഒരു ചെറിയ കാട്ടുചോല. ചെറിയ ചരിവുള്ള ഭൂമിയിലൂടെ അനേകകാലമായി ഒഴുകിവരുന്നതുകൊണ്ടാവും ഉരുണ്ട പാറകളെല്ലാം തെളിഞ്ഞ് അതിലെല്ലാം  പായലുകളും നിറഞ്ഞ്... 


പ്രകാശൻ ചുറ്റും ഒന്നു തലതിരിച്ചൊക്കെ നോക്കിയിട്ട്, പതുക്കെ തോട്ടിലേക്കിറങ്ങി. ചൂടുകാലമായിട്ടും അത് നിറഞ്ഞൊഴുകുകയാണ്. നല്ല തണുത്ത വെള്ളം , കണ്ണുനീർതുള്ളിപോലെ തെളിഞ്, ഒഴുക്ക് തെളിനീരിനെ വകയുന്നതുപോലെ. കാൽമുട്ടു നനയുവോളം ഇറങ്ങിനിന്നു. ഒന്നുമുങ്ങിനിവർന്നാലോ എന്നൊന്ന് ആലോചിച്ചു. പിന്നെ കൈക്കുമ്പിൾ നിറയേ വെള്ളമെടുത്തു മുഖത്തേക്കൊഴിച്ചു. നിറഞ്ഞുനിന്ന ക്ഷീണം അകന്നു പോകുന്നതറിഞ്ഞു. വിങ്ങിയ കണ്ണിൽ നീറ്റൽ. രണ്ടുമൂന്നാവർത്തി വെള്ളമെടുത്തു മുഖം കഴുകി. കൂടുതൽ ആശ്വാസമായി. കുറച്ചുകൂടി ചോലയുടെ മുകളിലേക്ക്‌ കയറി ഒരുകൈക്കുടന്ന വെള്ളം എടുത്തു കുടിച്ചു. എല്ലാ ക്ഷീണവും ഒഴുകിയിറങ്ങിപ്പോയി. ഉടുത്തിരുന്ന മുണ്ടഴിച്ചു കരയിലേക്കിട്ടു. ആ തണുത്തവെള്ളത്തിൽ ഒന്നുമുങ്ങിനിവർന്നു. ചൂടും വിയർപ്പും ബാക്കി നിന്ന ക്ഷീണവും വെള്ളത്തിലലിഞ്ഞൊഴുകിപ്പോയി. ഒന്നുകൂടി മുങ്ങി നിവർന്നു. 


ആരോ ഒരാൾ വഴിച്ചാലിലൂടെ നടന്നടുക്കുന്ന പാദചലനം, അടുത്തടുത്തേക്ക് വരുന്നത് ശ്രദ്ധിച്ചു. കഴുത്തറ്റം വെള്ളത്തിൽ കിടന്നു തന്നെ നോക്കി. ഏതോ ആദിവാസിയാണ്. കറുത്ത കരിവീട്ടിപോലെ. ഒറ്റമുണ്ട് മാത്രമാണ് വേഷം തോളത്തൊരു തുണിയുമുണ്ട്. രണ്ടും ചെളിയിൽ മുക്കിയെടുത്തപോലെ, ഇരുണ്ട്. തോളിൽ പിടിച്ചിരിക്കുന്ന മുളന്തണ്ടിന്നറ്റത്തു തൂങ്ങിയാടുന്ന ഒരു ഭാണ്ഡം. നടപ്പിന്റെ താളത്തിനനുസരിച്ച് അതു കിടന്നാടുന്നു. 


അയാൾ അടുത്തുവന്നു. അപ്പോഴാണ് തന്നെ കണ്ടതെന്നുതോന്നി. അയാൾ ഒന്നു പകച്ചു നിന്നു. പിന്നെ പറഞ്ഞു , 


 --ഇപ്പോളാനറെങേൻ.... (ആന ഇറങ്ങുമെന്ന് )


ഒന്നും മനസ്സിലായില്ല. എന്താ പറഞ്ഞതെന്ന് തിരിച്ചു ചോദിച്ചു.വളരേ ഗൗരവത്തോടെ അയാൾ പ്രതിവചിച്ചു, ഒരു ആംഗ്യത്തോടെ, 


 -- ഇപ്പൊ ആനറിങ്ങെൻ, ഒറ്റാനാണേ.. 


അയാൾ പറയുന്നത് കേട്ട് വെള്ളത്തിൽ തന്നെ കിടന്നു. പിന്നെ കുറച്ചുച്ചത്തിൽ ചോദിച്ചു. 


 --ഇതേതാ സ്ഥലം..? 


കുറച്ചുനേരം അയാൾ നോക്കി നിന്നു. പിന്നെ തോടിന്റെ കരയിലൂടെയുള്ള വഴിത്താരയിലൂടെ, ഒരു മറുപടി പോലും പറയാതെ,അയാൾ നടന്നുപോയി. ആനയിറങ്ങുമെന്നാണയാൾ പറഞ്ഞതെന്ന് തന്റെ ഉപബോധമനസ്സിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, തോട്ടിൽനിന്ന് കയറി, മുണ്ടും വാരിച്ചുറ്റിയുടുത്തും കൊണ്ട്, അയാൾ പോയ വഴിത്താരയിലൂടെ നടന്നു. 


വെയിൽ താണിരിക്കുന്നു. ഏതെങ്കിലും നടപ്പാതയിൽ എത്തുന്നത് വരെ നടക്കുക തന്നെയെന്ന് നിരീച്ചു നടന്നു. കുറച്ചു നടന്നപ്പോൾ ഓർത്തു, വിശപ്പു ശമിപ്പിക്കണം. ഒരു വീതികൂടിയ നടപ്പാതയിൽ എത്തി. എങ്ങോട്ടാണ് പോകുന്നതെന്നറിയില്ല. ആൾതാമസമുള്ളിടത്തേക്കാണോ എന്തോ. ! തന്റെ നിഴൽ മുമ്പിൽ നടന്നുപോകുന്നു, നീളത്തിൽ. കിഴക്കോട്ടാണ് നടക്കുന്നതെന്ന് വ്യക്തമായി. 


വിശപ്പ് അധീകരിച്ചിരിക്കുന്നു. ഒട്ടും നടക്കാനാകുന്നില്ല. ഈ കൊടുംകാട്ടിനുള്ളിലാവും ചിലപ്പോൾ തന്റെ അവസാനവും. പന്തലിച്ചു നിന്ന ഒരു മരച്ചോട്ടിൽ ഇരുന്നു. പിന്നെ കൈത്തണ്ടകൾ തലയിണയാക്കി കിടന്നു. മരച്ചില്ലകളിൽ ഏതൊക്കെയോ പക്ഷികൾ അങ്ങോട്ടുമിങ്ങോട്ടും ചാടിയും മറ്റും കലപിലാരവം കൂട്ടുന്നു. ഏതായാലും ഒരു വഴിത്താരയാണല്ലോ. ! ആരെങ്കിലും വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുക തന്നെ. 


ജയിലു ചാടിയ വിവരം എല്ലാവരും അറിഞ്ഞു കാണും, ജോണിയും. മത്തായിച്ചായന്റെ മൂത്തമകനായി അയാൾ ജനിച്ചുപോയല്ലോ !.

അയാളെക്കുറിച്ചാലോചിക്കുമ്പോൾ ഇപ്പോൾ പുച്ഛമാണ്. മത്തായിച്ചായൻ റോസുമുണ്ടായിരുന്ന അടുപ്പം അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. 


ഇടയ്ക്കിടെ താൻ ആ വീട്ടിൽ ചെല്ലുമ്പോൾ മത്തായിച്ചായൻ വിശാലമായ, നീണ്ടുകിടക്കുന്ന ഉമ്മറത്തെ തെക്കേവശത്തിട്ടിരിക്കുന്ന വട്ടത്തിൽ ചൂരൽ പാകിയ വലിയ ചാരുകസേരയിൽ കിടപ്പുണ്ടാവും. ഒരു പത്രമോ ഏതെങ്കിലും മാസികയോ വയറിൽ വിശ്രമിക്കുന്നുണ്ടാവും. താന്നിരിക്കുന്ന മൂക്കുകണ്ണടയുടെ മുകളിലൂടെ മുറ്റത്തേക്കും തൊടികളിലേക്കും കണ്ണുകൾ പായിച്ചിട്ടുണ്ടാവും. കടന്നുമുറ്റത്തുചെല്ലുമ്പോൾ, എഴുന്നേറ്റിരിക്കും, പിന്നെ, കൗതുകത്തോടെ ചോദിക്കും ;


 -- എന്താടോ, ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ താൻ മറന്നുപോയോ.. !.


അകത്തേക്ക് കയറി, ആരെങ്കിലും വന്നുവെങ്കിൽ ഇരിക്കാനായി എന്നപോലെ ഒരു കസേര ഉമ്മറത്തെ തൂണിന്റടുത്ത് ഇട്ടിട്ടുണ്ടാകും. ആ കസേര വലിച്ചു മത്തായിച്ചായന്റെ നോട്ടത്തിൽ ഇരിപ്പുറപ്പിക്കും... ഒരു നിറഞ്ഞ ചിരി മത്തായിച്ചായന്റെ മുഖത്തും, ഒരു നനഞ്ഞ ചിരി തന്റെ മുഖത്തുമുണ്ടാവും. 


എന്നിട്ട് അകത്തേക്ക് നോക്കിപ്പറയും ;


 -- മോളേ, ഒരു ചായ, നല്ല കടുപ്പത്തിൽ. 


അതുകേൾക്കുമ്പോൾ അവൾക്കറിയാം, അതിഥി ആരെന്ന്. ചിലപ്പോൾ വാതിൽപ്പാളിയുടെ മറവിൽ വന്നൊന്നു നിൽക്കും, വാതിൽ പതിയേ ചാരും. അപ്പോൾ അറിയാം, ആൾ അവിടെ വന്നിട്ടുണ്ടെന്ന്. അപ്പൻ കാണാതെ ആ മുഖമൊന്നു പുറത്തേക്കു കാണിക്കും. ഒരു നേരിയ ചിരി ആ ചുണ്ടുകളിൽ എവിടെയെങ്കിലും കാണും, കണ്ണുകളിൽ ഒരു ഔത്സുക്യവും. 


അപ്പോഴായിരിക്കും വിശാലമായ വരാന്തയുടെ ഏതെങ്കിലും അറ്റത്തുനിന്ന് ജോണിന്റെ വരവ്. അടുത്തുവന്നു പറയും ;


 -- എവിടെ നിന്നെങ്കിലും തന്നെ തപ്പിക്കൊണ്ടുവരാമെന്ന്, ഞാൻ ഇന്നലെ അപ്പച്ചനോട് പറഞ്ഞിരുന്നു. താൻ വന്നത് നന്നായി. 


ജോണി വന്ന് മത്തായിച്ചായന്റെ പിറകിലുള്ള അലൂമിനിയം റയിലിൽ ചാരി നിന്നു. 


 --ഇപ്പോളും ഇയ്യാൾ പോയിവരവ് തന്നാണോ.. !

അവിടെങ്ങാനും താങ്ങാൻ നോക്കായിരുന്നില്ലേ..? നിത്യവും യാത്രയെന്നത് ദുരിതമല്ലെടോ? 


ജോണിനാണു എപ്പോഴും തന്റെ കാര്യത്തിൽ വിഷമം. ജോലിഭാരക്കൂടുതലുണ്ടെങ്കിലും എന്നും വീട്ടിൽ വരാതെ തനിക്ക് പറ്റില്ല. അത് ജോണിനുമറിയാം. 


 -- അതാണ് താനിങ്ങനെ ഒണങ്ങിയുണങ്ങി വരുന്നതും, അല്ലിയോ.? 


ചെറുതായി ഒച്ചയിട്ട് ഒന്നു ചിരിച്ചുയെന്നു വരുത്തും. അപ്പോൾ വീണ്ടും അകത്തെ വാതിൽപ്പാളി ചാരുന്നതറിയാം. 


 ദൂരെന്ന് ആരോ നടന്നു വരുന്നുണ്ട്. അതും ഒരാദിവാസിതന്നെ. വെളുത്ത നിറമുള്ള ആദിവാസി. വസ്ത്രധാരണവും അതുപോലെ തന്നെ. നഗരത്തിലുള്ള ആരാനും സമ്മാനിച്ചതായിരിക്കും ജന്മം. അയാൾ നടന്നടുത്തെത്തിയപ്പോൾ എഴുന്നേറ്റിരുന്നു. അതുകൊണ്ടാവും അയാളൊന്നു പകച്ചു, അവിടെ നിന്നു. പതിയേ അടുത്തുവന്നു. അയാൾ അരയിൽ നിന്നും ഒരു പിച്ചാത്തി എടുത്തു. അതിന്റെ വായ്ത്തല അന്തിപ്രകാശത്തിൽ മിന്നി. 


പ്രകാശൻ ചിരിച്ചു. അയാൾ മടിയോടെങ്കിലും അടുത്തുവന്നു. 


 -- ഇതേതാ സ്ഥലം..? 


 -- മാങ്കുന്നു. 


അങ്ങനെയും സ്ഥലമുണ്ടാവും !.ഇതുവരെ കേട്ടിട്ടില്ല. അയാൾ ചോദിച്ചു, 


-- എവിടുന്നിനി...? 


ഒന്നും മനസ്സിലായില്ല. 

കഴിക്കാൻ എന്തെങ്കിലും ഉണ്ടോയെന്നു ആംഗ്യത്തിൽ ചോദിച്ചു. അയാളുടെ മുഖം വക്രിക്കുന്നത് കണ്ടു. അയാൾ മുണ്ടിനിടയിൽ നിന്നും ഒരു കുപ്പി വലിച്ചെടുത്തു. മുമ്പിൽ വച്ചു. പിന്നെ, താൻ കുപ്പിയുടെ പേപ്പർ കൊർക് വലിച്ചൂരുന്നത് കണ്ട് അയാൾ തിരിഞ്ഞു നടന്നു. 


 -- ആരോടും പറയണ്ട. 


വാക്കിലെ ഗൗരവം അയാൾ തിരിച്ചറിഞ്ഞതുപോലെ, ഒന്നു നിന്നു തിരിഞ്ഞു നോക്കി. കണ്ണുകൊണ്ടില്ലെന്നു പറഞ്ഞു വേഗം നടന്നുപോയി. 


താൻ ആ കുപ്പിയിലെ ദ്രാവകം ഒന്നു മണത്തുനോക്കി. നല്ല റാക്കിന്റെ മണം. നല്ല ശൂരൻ. 


വല്ലപ്പോഴും ജോണിന്റെയും സഹോദന്മാരുടെയും കൂടെ ഒരു കമ്പനിക്കായി കുറേശ്ശേ രുചിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ, ഒരിക്കലും ശീലമാക്കിയിട്ടില്ല. ജോണിന്റെ അനിയൻ ജാക്സൺ ഒരു മന്ദനെന്നാണ് പലപ്പോഴും കരുതിയിട്ടുള്ളത്. പക്ഷേ, സ്വൽപ്പം ഉള്ളിൽ ചെന്നാൽ, അവനോളം അറിവുള്ളവർ ഇനി വേറെ ജനിക്കണമെന്നുതോന്നും. മത്തായിച്ചായൻ സുഖമില്ലാതായതിൽ പിന്നെ റബർക്കടയും അല്പസ്വൽപ്പമുള്ള ബ്ലെയ്ഡ് ബിസിനസ്സും അവനാണ് നോക്കി നടത്തുന്നത്. ജോൺ എപ്പോഴും വീട്ടിൽ തന്നെയുണ്ടാവും. മത്തായിച്ചായന്, മൂന്നാമത്തെ അറ്റാക്കും കഴിഞ്ഞിരുന്നു. അതുകൊണ്ട് നല്ല ശ്രദ്ധയിലാണ് എപ്പോഴും. ഗ്രെസിയേടത്തി,മത്തായിച്ചായന്റെ ഭാര്യ,റോസിന്റെ പതിനഞ്ചാമത്തെ വയസ്സിൽ മരിച്ചു പോയി. 


കുപ്പിയിൽ നിന്നും കുറച്ച് ഉള്ളം കൈയ്യിൽ ഒഴിച്ച് ഒന്നുരുചിച്ചു. കൊള്ളാം, വമ്പൻ തന്നെ. വായിലേക്ക് ചെറുതായൊന്നിറ്റിച്ചു. വായും തൊണ്ടയും ഉള്ളും പിന്നെ വയറും എരിഞ്ഞു. ഒരു തീക്കനൽ ഉരുണ്ടിറങ്ങിപ്പോയതുപോലെ. തലയിലേക്ക് ഒരു ചുടുകാറ്റ് അടിച്ചുകയറുന്നതുപോലെ. വയറിൽ നിന്നെന്തോ മേലേക്ക് ഉരുണ്ടുകയറുന്നതുപോലെ, ഓക്കാനിച്ചുപോയി. എങ്കിലും അതൊന്നൊതുക്കി, വീണ്ടും കുപ്പി വായിലേക്ക് കമഴ്ത്തി. കുപ്പി പകുതി കാലിയായപ്പോൾ വായും കാലിയായി. കുപ്പി മാറ്റിവച്ചു, മറിഞ്ഞുപോവാതെ. വായ് കാലിയായപ്പോൾ ഉള്ളും കാലിയായി. വയറിൽ മാത്രം അതു തടഞ്ഞു നിന്നു. അതിൽ നിന്നും ആവിപൊങ്ങുന്നതറിഞ്ഞു, വിശപ്പിന്റെ , ലഹരിയുടെ. അത് സിരകളിലൂടെ തലയിലേക്ക് പോകുന്നതുമറിഞ്ഞു. അതുപോകുന്ന വഴിയെല്ലാം മരവിക്കുന്നതുമറിഞ്ഞു. 


ഇപ്പോൾ എത്രവേണമെങ്കിലും നടക്കാമെന്നായി. ഇവർ ആദിവാസികൾ അറിയാത്ത കുത്തിമലവരേയും നടക്കാമെന്നായി. അതെവിടെയാണാസ്ഥലം.. ! നടക്കാനായി എഴുന്നേറ്റു. കുപ്പിയെടുത്തു കരിയിലകൾകൊണ്ട് കോർക്കുണ്ടാക്കി അടച്ചു. അതുകക്ഷത്തിലും വച്ചു. 


അപ്പോഴാണ് ഭക്ഷണം തേടിപ്പോയ ആദിവാസിയെ കുറിച്ചോർത്തത്. അവൻ തിരിച്ചുവരട്ടെ , അവനറിയാമായിരിക്കാം കുത്തിമല. വീണ്ടും ആ മരച്ചോട്ടിൽ തന്നെ ഇരുന്നു. 


സന്ധ്യ ഇരുളിലേക്ക് കടക്കുന്നു. കാട്ടിലെ രാക്കിളികൾ ചിലമ്പിട്ടാർത്തുതുടങ്ങി. ദൂരെനിന്ന് ആരോ നടന്നുവരുന്നു, ഒരു നിഴലുപോലെ. അത് ആ വെളുത്ത ആദിവാസി തന്നെയാണ് . അയാൾ അടുത്തുവന്ന് ഒരു പൊതി തുറന്നു വച്ചു. കപ്പയും അതിനു മുകളിലൊഴിച്ച മീൻകറിയും. 


വിശപ്പ് കണ്ണുകളിലൂടെയും മൂക്കിലൂടെയും തൊണ്ടയിലൂടെയും പാഞ്ഞുവന്നു.  


ഇരുട്ട് കട്ടപിടിച്ചു തുടങ്ങി. വെളുത്ത ആദിവാസി വിറകുകൾ പെറുക്കിയടുക്കി തീകൂട്ടി. അയാൾ പറഞ്ഞു, 


 -- ആനേണ്ടെയ്, ഒറ്റാനാണേ. 


മനസ്സിൽ ഭയം തോന്നി, എങ്കിലും പറഞ്ഞു, 


 -- തീക്കടുത്തുവരില്ല. 


അയാൾ ചിരിച്ചു, ഒരു വികൃതമായ ചിരി. 


കുത്തിമല എന്നുപറഞ്ഞപ്പോൾ, കേട്ടിട്ടില്ല എന്ന ഭാവമായിരുന്നു അയാൾക്ക്. 


 --പട്ടണത്തിൽ ചെന്നാ വണ്ടികിട്ടും. 


 -- പട്ടണത്തിന്റെ പേരെന്താ? 


 -- വടയമ്പാടി. 


കേട്ടിട്ടുപോലുമില്ല. 


 -- പട്ടണത്തിലേക്കെന്തുദൂരം വരും.?. 


 -- ഒരു മണിക്കൂറു നടക്കണം. 


പട്ടണത്തിൽ പോയാൽ അപകടമാകും. കാട്ടിൽക്കൂടെത്തന്നെ നടന്നെത്താൻ കഴിയുമോ എന്നാരായണം. പോകുവാനുള്ള സ്ഥലത്തിന്റെ പേര് അവനോട് പറഞ്ഞു. കാട്ടിലൂടെ വഴിയുണ്ടാകുമല്ലോ.. ! എങ്ങോട്ട് നടക്കണം എന്നൊക്കെയാരാഞ്ഞു. ഇരുട്ടത്താണെങ്കിലും ഇരുന്നതിന്റെ വലത്തേക്കവൻ ചൂണ്ടിക്കാണിച്ചു. മൃഗങ്ങളുണ്ടാവും സൂക്ഷിക്കണമെന്നവൻ പറഞ്ഞു. 


നഗരത്തിൽ ക്രൂരരായ മനുഷ്യമൃഗങ്ങൾ കാത്തിരിക്കുന്നു. കാട്ടിലെ മൃഗങ്ങളെ മയക്കാം... അല്ലെങ്കിൽ ഓടി മരത്തിലെങ്കിലും കയറി രക്ഷപ്പെടാം. 


സൂര്യനുദിക്കുന്നതിനുമുമ്പേ വെളുത്ത ആദിവാസിയോട് യാത്രപറഞ്ഞു. 


നല്ലവരായ ആദിവാസികളിൽ നിന്നുമറിഞ്ഞു, അടുത്തിരിക്കുന്നു. അരമണിക്കൂറുനടന്നാൽ ഒരു കാട്ടാറുകാണാം. അതുകടന്നാൽ, കുറച്ചുകൂടി നടന്നാൽ..... തുടരും... 

               


Rate this content
Log in

Similar malayalam story from Drama