Pramod Poduval

Drama Thriller

4.7  

Pramod Poduval

Drama Thriller

കുഞ്ഞിരാമേട്ടൻ്റെ ചാമുണ്ഡി

കുഞ്ഞിരാമേട്ടൻ്റെ ചാമുണ്ഡി

4 mins
23.1K


എല്ലാ സമുദായക്കാരും ആരാധിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന അനുഷ്ഠാന കലയാണു തെയ്യം. താഴെതട്ടിലുള്ളവര്‍ക്കുവേണ്ടിയുള്ള ദൈവമായതുകൊണ്ടാവണം അതു ‘തെയ്യ’മായി മാറിയത്. കേള്‍ക്കാന്‍ ഇമ്പമുള്ള ദൈവങ്ങളുടെ നാമങ്ങളെല്ലാം താഴെക്കിടയിലുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ അതിനു ശബ്ദഭേതമുണ്ടാകുന്നത് തിരിച്ചറിവിന്നുവേണ്ടിയുള്ള നാട്ടുനടപ്പാണല്ലോ?


അവൻ്റെ തറവാടിനും സ്വന്തമായൊരു തെയ്യത്തിൻ്റെ അറയുണ്ട്; പിന്നെ അവിടെ വര്‍ഷത്തിലൊരിക്കല്‍ തെയ്യങ്ങള്‍ കെട്ടിയാടാറുമുണ്ട്. അവൻ്റെ തറവാട്ടിലെ പ്രധാന തെയ്യമാണു, അവൻ ചെറുപ്പത്തില്‍ വളരെ അഭിമാനത്തോടെ കണ്ടിരുന്ന, മടയില്‍ ചാമുണ്ഡി. നൃത്തചുവടുകളോടെയുള്ള മയിലിനെ ഓര്‍മ്മിപ്പിക്കുന്ന ‘തിരുമുടി’യുള്ള ചാമുണ്ഡി ഏറ്റവും സുന്ദരിയാവുന്നതു അവൻ്റെ തറവാടില്‍ അരങ്ങേറുമ്പോഴാണെന്ന് അവന് തോന്നാറുണ്ട്. അതിന്നു കാരണം മറ്റൊന്നല്ല, സുന്ദരനായ കുഞ്ഞിരാമേട്ടനാണു കോലാധാരിയെന്നതു തന്നെ. അനുഷ്ടാനങ്ങളില്‍ വളരെ ശ്രദ്ധയും വിശ്വാസവും അര്‍പ്പിച്ചിരുന്ന കുഞ്ഞിരാമേട്ടന്‍ ചെറിയ കുട്ടികളോടുപോലും ആവശ്യത്തിലധികം വിനീതനായിരുന്നു. തലമുറകളായി കാരണവന്‍മാര്‍ കൈമാറിവന്ന യജമാന ഭാവമായിരിക്കണം അതിനു കാരണം. ഏതായാലും അതു കാണുമ്പോഴവന് ജാള്യത തോന്നാറുണ്ടായിരുന്നു. കാരണം അവൻ്റെയും മറ്റു സുഹ്രുത്തുക്കളുടെയുമൊക്കെ ബാല്യകാല നായക സങ്കല്പമായിരുന്നു അയാളിലൂടെ പൂര്‍ത്തീകരിച്ചിരുന്നത്. അയാള്‍ അവൻ്റെ മുന്നില്‍ ഒരു വിധേയനെപ്പോലെ പെരുമാറുന്നത് മനസ്സിനു അംഗീകരിക്കാന്‍ പറ്റാറില്ലായിരുന്നു. അങ്ങിനെയൊക്കെ ആയിരുന്നാലും ചാമുണ്ഡിയുടെ വേഷമണിഞ്ഞാല്‍ പിന്നെ അവിടെ വിധേയത്വം മാറി ദൈവികമായ വിവേകം കടന്നുവരും. ചാരുകസേരയില്‍ കാലുനീട്ടിയിരിക്കുന്ന തറവാട്ടു കാര്‍ണ്ണോരായിരുന്നാലും ഒരുപ്രാവശ്യം ഞെട്ടിപ്പിടഞ്ഞെഴുന്നേല്‍പ്പിച്ചിട്ടേ കുഞ്ഞിരാമേട്ടൻ്റെ ചാമുണ്ഡി ശാന്തയാവുമായിരുന്നുള്ളു! അങ്ങിനെയുള്ള രുദ്രരൂപിണിയായ ചാമുണ്ഡി, അവൻ വളരെ ശ്രദ്ധയോടെ വളര്‍ത്തിയ കറുത്തകോഴിക്കുഞ്ഞിനെ കാലിനടിയില്‍ വച്ചു ചതച്ചരച്ചു കൊന്നപ്പോള്‍ അവനിലെ ഭയഭക്തിബഹുമാനമെല്ലാം മറഞ്ഞു പകരം ദ്വേഷ്യവും വാശിയും മനസ്സിനെ കീഴടക്കി.


***


കുട്ടിക്കാലത്ത് അവനെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുള്ള, ഒരന്ന്യനെപ്പോലെ അകത്ത് പ്രവേശിക്കാറുള്ള, അവൻ്റെ തറവാടും അവനും തമ്മിലുള്ള ബന്ധത്തിനോ ബന്ധമില്ലായ്മക്കോ പിറകില്‍ സംഭവ ബഹുലമായ ഒരു ചരിത്രമുണ്ടെന്നറിഞ്ഞത് അമ്മയുടെ മരണത്തിനുശേഷമുള്ള ബന്ധുക്കാരുടെ ഒത്തുചേരലും തുടര്‍ന്നുള്ള ചര്‍ച്ചകളില്‍നിന്നുമായിരുന്നു. വളരെ ബൃഹത്തും രഹസ്യങ്ങളുടെ കലവറയെന്നു തോന്നിപ്പിക്കുന്നതുമായ തറവാടിനു ചുറ്റും അത്പോലെതന്നെ നിഗൂഢതകള്‍ നിറഞ്ഞതുമായ വിശാലമായ പറമ്പുമുണ്ടായിരുന്നു. പറമ്പിൻ്റെ കിഴക്കുതെക്കായി പഴയ ‘അമ്പിളിമാമ’നിലെ വേതാളം തൂങ്ങിക്കിടക്കുന്ന ശ്മശാനത്തെപ്പോലൊരു തറവാട്ടു ശ്മശാനമുണ്ടായിരുന്നു. അവൻ്റെ ചെറുപ്പകാലത്ത് അവിടെ രക്തമൂറ്റികുടിച്ചിരുന്ന യക്ഷികളുണ്ടായിരുന്നു. പിന്നിട് സ്ഥലം വിഭജിച്ചപ്പോള്‍ ശ്മശാനത്തിലെ ഭീകരാന്തരീക്ഷമെല്ലാംമാറി കുട്ടികള്‍ക്ക് ഓടികളിക്കുവാന്‍ പാകത്തിലുള്ള ഒരു പൂന്തോട്ടമായതുമാറി. അവിടെയുണ്ടായിരുന്ന യക്ഷികളുടെ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും പറ്റിയൊരു സ്ഥലം പിന്നിട് നാട്ടില്‍തന്നെ ഇല്ലാതിരുന്നതിനാല്‍ അവരും മറുനാടന്‍ മലയാളി യക്ഷികളായി കൊല്ലത്തിലൊരിക്കല്‍ ഓണാഘോഷമോ മറ്റൊ നടത്തുന്നുണ്ടാവണം.


ഇടതൂര്‍ന്ന് മരങ്ങളും ചെടികളും നിറഞ്ഞ പറമ്പു കുട്ടികളെ സംബന്ധിച്ചിടത്തോളം വലിയൊരു കാടിനു തുല്യമായിരുന്നു. തറവാടിൻ്റെ കിഴക്കു ഭാഗത്താണു ‘മീനക്കൊട്ടില്‍’ (അടുക്കള) എന്നറിയപ്പെടുന്ന (അമ്പലവുമായി എന്തോ ബന്ധമുണ്ടെങ്കിലും വെളുത്ത നൂലു ചുറ്റാത്ത, മീനും കോഴിയും ഒഫീഷ്യലായി കഴിക്കാനനുവാദമുള്ള സമുദായമാണു അവൻെറത്) തെയ്യങ്ങളുടെ ഇരിപ്പിടമായ പള്ളിയറ. മറ്റുചില തെയ്യങ്ങളുണ്ടെങ്കിലും ‘മടയില്‍ ചാമുണ്ഡിയെന്ന’ തറവാടിൻ്റെ ആസ്ഥാന ദേവതയുടെ പുറപ്പാടു കാണുവാനായിരുന്നു ആളുകള്‍ കൂടുതലും എത്തിച്ചേര്‍ന്നിരുന്നത്. അവൻ്റെ കൂട്ടുകാരില്‍ മൂന്നുപേര്‍ തെയ്യത്തിൻ്റെ പരമ ഭക്തരും തെയ്യംകലയുടെ വലിയ നിരൂപകരും ആയിരുന്നു. അവൻ സ്വയം കാഴ്ചക്കാരനായിരുന്ന പല തെയ്യക്കോലങ്ങളെയും അവൻ കണ്ടതിനെക്കാളും അധികം കാണാനുണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയിരുന്നത് അവരുടെ വിവരണങ്ങളില്‍നിന്നായിരുന്നു.


മടയില്‍ ചാമുണ്ഡിയോടുള്ള ഇഷ്ടവും കുഞ്ഞിരാമനെന്ന തെയ്യം കലാകാരനോടുള്ള ആരാധനയും കാരണം കുട്ടികള്‍ ചേര്‍ന്ന് തെയ്യത്തിനണിയാന്‍ എരിക്കിന്‍ പൂവുകൊണ്ടൊരു മാലയുണ്ടാക്കി. എരിക്കിന്‍ പൂവ് ഉപയോഗിക്കാമൊയെന്ന് അവരിലെ തെയ്യം പണ്ഡിതന്മാര്‍ക്കിടയില്‍ ഒരു തര്‍ക്കമുണ്ടായെങ്കിലും കുഞ്ഞിരാമേട്ടന്‍ അതിനു ഉത്തരംതരുമെന്നവിശ്വാസത്താല്‍ അവർ മാലയുമായി അയാളുടെ അടുത്തെത്തി. കുഞ്ഞിരാമേട്ടന്‍ അവരെന്തെങ്കിലും പറയ്യുന്നതിനുമുമ്പെ മാലവാങ്ങി തെയ്യത്തിൻ്റെ ആഭരണപ്പെട്ടിയിലിട്ടുപൂട്ടിവെച്ചു. അയാള്‍ അവർക്കു കൊടുത്തിരുന്ന പ്രധാന്യമെത്രയെന്നറിയണമെങ്കില്‍ തെയ്യമായതിനുശേഷം ഒരു പ്രശസ്ത ഫോട്ടോഗ്രാഫറെ അയാളെങ്ങിനെ നാണംകെടുത്തിയ്യെന്ന് നോക്കിയാല്‍ മാത്രം മതിയാകും. മൊബൈലും സെല്‍ഫിയൊന്നുമില്ലാതിരുന്നകാലത്ത് വിലപിടിപ്പുള്ള ഒരു ക്യാമറ കൈയിലുണ്ടാവുന്നത് കുറച്ച് അഹങ്കരിക്കാന്‍ മാത്രമുള്ള കാര്യമായിരുന്നു. ഫോട്ടോഗ്രാഫര്‍ തെയ്യത്തിൻ്റെ സഞ്ചാര ദിശയ്ക്കു വിഘ്‌നമായി ക്യാമറ ഫോക്കസ് ചെയ്യാനും പൊസിഷന്‍ ചെയ്യാനുമൊക്കെതുടങ്ങി. പക്ഷെ ഓരോ പ്രാവശ്യം ഫോക്കസ് ചെയ്യുമ്പോഴും തെയ്യം മറ്റൊരു ദിശയിലേക്കുമാറി അയാളെ വിഡ്ഢിയാക്കികൊണ്ടിരുന്നു. അവസാനം അയാള്‍ക്ക് കാര്യംമനസ്സിലാവുന്നില്ലെന്നു കണ്ടപ്പോള്‍ തെയ്യം സ്വന്തം വൃത്താകൃതിയിലുള്ള മുടി(അലങ്കാര വേഷവിധാനം)കൊണ്ട് ക്യാമറക്കൊരു തട്ടുകൊടുത്തു. ഒരുനിമിഷത്തേക്കു അയാളുടെ കണ്ണില്‍ ഇരുട്ടുകയറിക്കാണും. പിന്നീട് അയാളെ ആ വഴിയിലെങ്ങും കണ്ടില്ല. അപ്പോഴെല്ലാം അവർ കുട്ടികളുണ്ടാക്കിക്കൊടുത്തമാല തെയ്യത്തിൻ്റെ നഗ്‌നമായ മാറിടത്തില്‍ ഉയര്‍ന്നും താഴ്ന്നും കൊണ്ടിരുന്നു.

തെയ്യമായിക്കഴിഞ്ഞാല്‍ ദേവതയെ മനസ്സിലും ശരീരത്തിലും ആവാഹിച്ചിരുന്ന കുഞ്ഞിരാമേട്ടന്റെ ആട്ടത്തിനും കണ്ണുരുട്ടലിനും മുന്‍പില്‍ ആള്‍ക്കൂട്ടങ്ങള്‍ ചിതറിയോടിയിരുന്നു. എന്നിരുന്നാലും കോലമഴിച്ചുകഴിഞ്ഞാല്‍ അടുത്ത നിമിഷം അയാള്‍ വീണ്ടും പഴയ ‘വിധേയനാ’യിമാറുമായിരുന്നു.


തെയ്യംകെട്ടിൻ്റെ തുടക്കമായ മുഖത്തെഴുത്ത് കുട്ടികളായ അവർക്ക് വളരെ ക്ഷമ പരീക്ഷിക്കപ്പെടുന്ന കാര്യമായിരുന്നു. മുഖത്തെഴുത്തു തീര്‍ന്നുകിട്ടാനുള്ള സമയക്കൂടുതല്‍ തന്നെ അതിനു കാരണം. സത്യത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച വിധം സമയത്തു തന്നെ തെയ്യപുറപ്പാട് നടക്കാറുണ്ടായിരുന്നുവെന്ന് അന്ന് അവർക്കു അറിയില്ലായിരുന്നു. അങ്ങിനെയുള്ള അക്ഷമപൂണ്ട ഒരു നിമിഷത്തില്‍ അവൻ തറവാടിനടുത്തുള്ള സ്വന്തം വീട്ടിലേക്കോടിപ്പോയി. തീർച്ചയായും യാതൊരു ഉദ്ധേശ്യവുമില്ലാത്ത ഒരു സന്ദര്‍ശനം. പൊതുവെ പക്ഷികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അവന്‌  കോഴിക്കുഞ്ഞുങ്ങളോടും ഉണ്ടായിരുന്നു ഒരിഷ്ടം. പലപ്പോഴും പരുന്തും കീരിയും അടിച്ചെടുത്തിരുന്ന കോഴിക്കുഞ്ഞുങ്ങളില്‍ രണ്ടെണ്ണം മാത്രമേ വീട്ടിൽ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിലൊന്ന് കറുത്ത നിറത്തിലൊരു പൂവന്‍കോഴിയും പിന്നെയൊരു വെളുത്ത പിടക്കോഴിയും. അവ രണ്ടും ജീവനോടെ ഇരിപ്പുണ്ടെന്ന് ഉറപ്പുവരുത്താന്‍ അവൻ പറമ്പിലൂടെയൊന്നു കണ്ണോടിച്ചു. വെളുത്തകോഴി ഒറ്റപ്പെട്ടവളെപ്പോലെ തലപൊക്കി അവിടെയുമിവിടെയുമൊക്കെ നോക്കി നില്പുണ്ട്. കറുത്തവനെ അവിടെയൊന്നും കാണാനില്ല. ഒരു പരുന്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെടുവാനുള്ള കരുത്തൊക്കെയുള്ളതിനാൽ പിന്നെ കീരിപിടിക്കുമെന്ന ഭയം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവൻ അവിടെയൊക്കെ ചിതറിയ തൂവലെങ്ങാനുമുണ്ടോയെന്നുനോക്കി. തൂവലൊന്നും കാണാതിരുന്നത് ഒരാശ്വാസമായിരുന്നെങ്കിലും, ദു:ഖത്തോടെ അവൻ അമ്മയുടെ അടുത്ത് ചെന്ന് കോഴി നഷ്ടപ്പെട്ട വിവരം പറഞ്ഞു. അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മ വളരെ നിര്‍വികാരത്തോടെ അതു ചിരിച്ചു തള്ളി. പെട്ടെന്നെവന് കാര്യം പിടിക്കിട്ടി.


“തെയ്യത്തിനു അറുക്കാന്‍ കൊടുത്തുവല്ലേ!?”


“അവര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നു പറയാന്‍ കഴിഞ്ഞില്ല.” അമ്മയ്ക്ക് ചെറുതായൊരു മനസ്സില്‍കുത്തനുഭവപ്പെട്ടതുപോലെ തോന്നി.


ദ്വേഷ്യവും സങ്കടവും വലിയ അളവില്‍ വന്നുവെങ്കിലും അമ്മയോട് സംസാരിച്ചിട്ട് കാര്യമില്ലെന്നുമനസ്സിലാക്കി അവൻ വീണ്ടും ഉല്‍സവപ്പറമ്പിലേക്ക് യാത്ര തിരിച്ചു.


ചിലമ്പിട്ട കാലുകള്‍ കുലുക്കി, മയില്‍പ്പീലികോര്‍ത്ത വട്ടമുടി വലിച്ചുകെട്ടിയിരുന്ന കയർ ചുമലിലൂടെയെടുത്ത് മാറിന്നുമുകളിൽ വരിഞ്ഞുമുറുക്കി, ഒരല്പം പീഠത്തില്‍നിന്നെഴുന്നേറ്റ് പിന്നെയൊന്നിരുന്ന് പിന്നെയുമെഴുന്നേറ്റ്, കണ്ണുകള്‍ മിഴിച്ച് രൗദ്രഭാവത്തില്‍ മടയില്‍ ചാമുണ്ഡി അലറി.


“ദര്‍പ്പണമെവിടേ!?”


ദേവതയെ അലങ്കരിച്ചു കൊണ്ടിരുന്നവര്‍ തിടുക്കം ഭാവിച്ച് ഒരു കണ്ണാടി തെയ്യത്തിന്റെ കയ്യില്‍ വെച്ചുകൊടുത്തു. കണ്ണാടിയില്‍ നോക്കിയും നോക്കാതെയും, ഉയര്‍ന്നുവന്ന ചെണ്ടമേളത്തിന്റെ താളത്തില്‍, ചാമുണ്ഡിയൊരു സിംഹത്തെപോലെ ഗർജ്ജിച്ച് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. ശാന്തനായിരുന്ന തെയ്യം കലാകാരന്‍ താണ്ഡവമാടുന്ന മഹാശിവനെയും പോന്ന രുദ്രദേവതയായ് മാറി. കാഴ്ചക്കാരൊക്കെ തലങ്ങും വിലങ്ങുമോടി.


പടിപ്പുരയില്‍ ഒരുവിധം മുന്നില്‍ തന്നെ അവൻ സ്ഥലം കണ്ടെത്തിയിരുന്നു. ചെണ്ടയുടെ താളത്തില്‍ നര്‍ത്തനം ചെയ്തും ഇടയ്ക്ക് ആള്‍ക്കൂട്ടത്തിലേക്കൊന്നു ഓടിച്ചെന്നും മടയില്‍ ചാമുണ്ഡി എല്ലാവരെയും ഭയ-ഭക്തിയുടെ നിര്‍വൃതിയിലാക്കി. കുറച്ചു കഴിഞ്ഞപ്പോഴേക്കും കാനക്കര ഭഗവതിയുടെ പുറപ്പാടിനുള്ള സമയമായി. കാനക്കര ഭഗവതിയുടെ തിരുമുടിചാര്‍ത്തിന്റെ സമയത്ത് അവൻ തെയ്യം-ചരിത്ര-പണ്ഡിതനായ സുഹൃത്തു പറഞ്ഞുതന്ന കഥയോര്‍മ്മിച്ചു.


കഥയിതാണ്, തറവാട്ടിലെ കാരണവരും മറ്റൊരു സമുദായത്തിലെ ഒരു ചങ്ങാതിയുംകൂടി കാട്ടില്‍ വേട്ടക്ക് പോയി. മൃഗങ്ങളെയൊന്നും കിട്ടാതെ വിഷമിച്ചു നടന്ന അവര്‍ പീലികള്‍ വീശി ആടിക്കൊണ്ടിരുന്ന ഒരു മയിലിനെ കണ്ടു . മയിലിനെ പിടിക്കുവാന്‍ തുനിഞ്ഞ അവര്‍ ഓടിയകലുന്ന മയിലിൻ്റെ പിറകേകൂടി. മയില്‍ പെട്ടെന്നൊരു മടയിൽചെന്നഭയം പ്രാപിച്ചു. മടയ്ക്കുള്ളിൽ  കാലെടുത്തു വച്ച അവരെ എതിരേറ്റത് ഉഗ്രരൂപിണിയായ ചാമുണ്ഡിയായിരുന്നു. തുടര്‍ന്നു തിരിഞ്ഞോടിയ അവര്‍ക്കുപിന്നാലെ തിളങ്ങുന്ന ഘഡ്ഗവുമായി ചാമുണ്ഡിയും. കാരണവര്‍ ഓടിച്ചെന്ന് കുലദേവതയായ കാനക്കര ഭഗവതിയുടെ കാല്‍ക്കല്‍ വീണു സഹായമഭ്യര്‍ത്ഥിച്ചു. കാനക്കര ഭഗവതിയും ചാമുണ്ഡിയും തമ്മില്‍ ഭയങ്കര യുദ്ധമാരംഭിച്ചു. തുടര്‍ന്ന് തോല്‍വി അംഗീകരിച്ച കാനക്കര ഭഗവതി കാരണവരുടെ ജീവനുപകരമായി തൻ്റെ ‘കുലദേവത’ സ്ഥാനം ചാമുണ്ഡിക്ക് നല്കി.


ഒപ്പമുണ്ടായിരുന്ന മറ്റൊരു സമുദായത്തില്‍പ്പെട്ട ചങ്ങാതി ഒരു കറുത്ത കോഴിയുടെ രൂപത്തില്‍ ചാമുണ്ഡിയുടെ കാലിന്നടിയില്‍ ചതഞ്ഞരഞ്ഞതു കണ്ടപ്പോള്‍ അവൻ കഥയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ഒരു കാലത്ത് കോഴിക്കുപകരം ഏതെങ്കിലും നിര്‍ഭാഗ്യവാനായ മനുഷ്യനായിരുന്നിട്ടുണ്ടാകില്ലെ ചതഞ്ഞരഞ്ഞ് മരിച്ചിട്ടുണ്ടാവുകയെന്ന ചിന്ത അവൻ്റെ കാലിന്നടിയിലൊരു തരിപ്പു ശ്രുഷ്ടിച്ചു. ആ അശുഭ ചിന്തയില്‍നിന്നു അവൻ സ്വയം തട്ടിമാറ്റി മുഖമൊന്നുയര്‍ത്തിനോക്കുമ്പോഴതാ കണ്ണുരുട്ടി തിളങ്ങുന്ന ഘട്‌ഗവുമായി ചാമുണ്ടി ഒരു കൊടുങ്കാറ്റുപോലെ മുന്നില്‍. ആളുകളെല്ലാം പലദിക്കിലേക്കുമാറി. ദേഷ്യവും വാശിയും നിറഞ്ഞ അവൻ്റെ മനസ്സിനെ പക്ഷെ ആ കൊടുങ്കാറ്റിനു ഇളക്കാനായില്ല. അവനൊരു തൂണുപോലെ അവിടെ തന്നെ നിന്നതേയുള്ളൂ. ദേവതയാണെങ്കിലും കുഞ്ഞിരാമേട്ടന്‍ ആരെയും ഒരിക്കലും ഉപദ്രവിച്ചിട്ടില്ലാത്തതിനാല്‍, ഇനിയെന്തു  എന്ന രൂപത്തില്‍ ഒരു നിമിഷം അവിടെ തന്നെ നിന്നു. എങ്കിലും അയാളുടെ ‘ഈഗോ’യില്‍ ചെറിയൊരു പോറലേല്പിച്ചെന്നെവന് തോന്നി. മറ്റൊരു ദിശയിലേക്ക് ഓടിമറഞ്ഞ ചാമുണ്ഡി ഒരാവര്‍ത്തികൂടി നേരെ വരുമെന്നെവന്നുറപ്പുണ്ടായിരുന്നു. വിചാരിച്ചതുപോലെ പടിപ്പുര ചുറ്റി തിരിച്ചു വന്ന ചാമുണ്ഡി ഒരുവട്ടം നോട്ടമിട്ടെന്നെവനു മനസ്സിലായി. അപ്പോഴേക്കും മുതിര്‍ന്ന ആളുകള്‍ അഹങ്കാരിയെന്നു വിളിക്കുമോയെന്ന ഭയം അവനിലുടലെടുത്തു. ചെണ്ടമേളത്തിനനുസരിച്ച് പാദങ്ങള്‍ പിണച്ചുവെച്ച് ഒരു മന്ദമാരുതനെപ്പോലെ തെയ്യം മെല്ലെ പള്ളിയറയ്ക്കു നേരെ നീങ്ങിക്കൊണ്ടിരുന്നു. പെട്ടെന്നൊരു ചുഴലിക്കാറ്റെന്നപോലെ വട്ടംകറങ്ങി, കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ഘഡ്ഗവുമായി ശക്തമായൊരു താക്കീതുമായി അതാ നില്‍ക്കുന്നു മടയില്‍ ചാമുണ്ഡി മുന്നില്‍. ഇത്തവണ ശ്വാസംപോലും കഴിക്കാനാവാത്ത വിധത്തില്‍ തെയ്യത്തിന്റെ തിരുമുടി അവൻ്റെ മുഖത്തേക്കമര്‍ന്നു.


***


തെയ്യംകഴിഞ്ഞ് മുഖമെല്ലാം തുടച്ച് പോകാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്ന കുഞ്ഞിരാമേട്ടന്റെ ശ്രദ്ധ പിടിച്ചു പറ്റാനായി അവനൊരു ശ്രമം നടത്തി. അയാളുടെ മനസ്സില്‍ അവനെ പറ്റിയുള്ള അഭിപ്രായമെങ്ങിനെയെന്നു മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. കുറച്ചൊന്നു മുതുക്‌ വളച്ച്, ചെറുതായിവെട്ടിയ തലമുടിയില്‍ നടുവിരലുകൊണ്ടു ചൊറിഞ്ഞ്, നിഷ്കളങ്കമായൊരു ചിരിചിരിച്ച്, കുഞ്ഞിരാമേട്ടന്‍ പറഞ്ഞു: “ങ്ഹാ”. ആ ചിരിയില്‍ അവിടെയൊരധിക്രമം നടന്നതിന്റെ ലക്ഷണമേയില്ലായിരുന്നു.


Rate this content
Log in

Similar malayalam story from Drama