Hibon Chacko

Drama Romance Thriller

2.6  

Hibon Chacko

Drama Romance Thriller

ബോൺ (Part 4)

ബോൺ (Part 4)

3 mins
339



ഏതോ ഒരു ചെറു ഊർജ്ജത്തിൻ പുറത്ത് അവളിങ്ങനെ പുലമ്പി പഴയപടിയിരുന്നു. അതിന്റെ അർത്ഥം, അങ്ങനെ നിന്ന് അവൻ മനസ്സിലാക്കിയപ്പോഴേക്കും അവർ വന്നവഴി വെളുത്തൊരു വാഹനം എത്തിനിൽക്കുന്നതവൻ ശ്രദ്ധിച്ചു. ‘നീയിങ്ങ് എഴുന്നേറ്റേ, ഇവിടെ നിന്നാലിനി ശരിയാകില്ല...’ എന്ന് പറഞ്ഞു ഹണിയെ വലിച്ചെഴുന്നേൽപ്പിച്ച് ഹിബോൺ അവിടെനിന്നും മുന്നോട്ട് വേഗത്തിൽ നടന്നുതുടങ്ങി, മറ്റൊന്നും ശ്രദ്ധിക്കാതെ.

5

   ഹിബോണും ഹണിയും വേഗത്തിൽ നടക്കുകയാണ്, അവൾക്ക് കൃത്യമായി നടക്കുവാൻ സാധിക്കാത്തത് കാണാം. അവനാകട്ടെ കിതപ്പടക്കി മുന്നോട്ട് പോകുന്നു. മുന്നിലായി വഴിവിളക്കുകളുടെ നടുവിൽ ഒരു തട്ടുകട കാണാമെന്നായി ഒരുമിച്ച് നടന്നിരുന്ന ഇരുവർക്കും. അവർ അതിനടുത്തേക്ക് അടുക്കുന്തോറും അവൾക്ക് അവശത കൂടുതൽ തോന്നിത്തുടങ്ങി -പിടിച്ചുവെച്ചവയെല്ലാം ചോർന്നുപോയതുപോലെ. മഞ്ഞവെളിച്ചത്തിൽ പ്രവർത്തിച്ചിരുന്ന ആ തട്ടുകടയുടെ അടുത്തായി ഇരുവരും എത്തിയപ്പോൾ ഒരുകൂട്ടർ ഭക്ഷണം കഴിച്ചശേഷം കാറിൽ കയറി പോകുവാൻ തുടങ്ങുകയായിരുന്നു. വിജനമായ ആ തട്ടുകട കടന്ന് ഇരുവരും പോകുമ്പോൾ അവനവിടേക്കൊന്ന് നോക്കി. അല്പംകൂടി മുന്നിലേക്ക് പോയതോടെ അവൾ അവശതമൂലം വീണ്ടും നിന്നുപോയി. അതുശ്രദ്ധിച്ച അവൻ, അവളോട്‌ ചോദിച്ചു;

“എന്തുപറ്റി... ഭക്ഷണം എന്തെങ്കിലും കഴിക്കണോ...”

   നിശ്വാസം തുടങ്ങിവെച്ചത് പൂർത്തിയാക്കാതെ അവൾ കുനിഞ്ഞുപോയി ഇരുകൈകളും മുട്ടുകളിൽ ഊന്നിനിന്ന് പറഞ്ഞു;

“... എന്തെങ്കിലും കഴിക്കണം...”

‘വാ ‘ എന്ന ആംഗ്യം പ്രകടമാക്കി അവൻ അവളെ തിരിച്ച് നയിച്ചുകൊണ്ട് പറഞ്ഞു;

“ദേഹമൊക്കെയൊന്ന് റെഡിയാക്കിക്കോ...”

   ഇതോടൊപ്പം തന്റെ ദേഹത്തെ പൊടിയും മറ്റുമൊക്കെ ചെറുതായൊന്ന് കുടഞ്ഞുകളഞ്ഞു അവൻ മെല്ലെ നടന്നു. അവളും ആ പ്രവർത്തി അനുകരിച്ചു, മുറിവുകളുടെ കാര്യംകൂടി.

“ചേട്ടാ എന്തെങ്കിലും കഴിക്കാൻ ഉണ്ടാകുമോ...

രണ്ടുപേർക്ക്..”

   തട്ടുകടയിലെ രണ്ട് യുവാക്കളിൽ പ്രധാനിയോട് ഹിബോണിങ്ങനെ ചോദിച്ചു, അവിടെയെത്തി. പ്രധാനി ഇരുവരെയുമൊന്ന് നോക്കി, കൂടെയുള്ളവനും. പെട്ടെന്നുതന്നെ തങ്ങളുടെ ജോലി തുടർന്നുകൊണ്ട് പറഞ്ഞു;

“ഞങ്ങള് അടക്കാൻ പോകുകയായിരുന്നു...

അവിടിരുന്നോ, ഉള്ളത് തരാം.”

   മറുപടിയൊന്നും പറയാതെ ശബ്ദരഹിതമായി ശ്വാസം വായിൽ വീർപ്പിച്ച് വിട്ടശേഷം ഹിബോൺ തിരിഞ്ഞു. രംഗം മാനിച്ച് ഹണിയും. അവിടെയുണ്ടായിരുന്ന ഇരിപ്പിടങ്ങളിൽ റോഡിൽ നിന്നും പരമാവധി ശ്രദ്ധ ലഭിക്കാത്ത ഒരിടം പെട്ടെന്നുള്ള നോട്ടത്തിൽ അവൻ കണ്ടെത്തി, ഇരുവരും അവിടെയിരുന്നു.

   മൂന്നുവീതം ദോശയും ചമ്മന്തിയും, അവസാനം വന്നതെന്ന് തോന്നിക്കുംവിധമുള്ളത് അവർക്ക് കഴിക്കുവാനായി ലഭിച്ചു. പരസ്പരമൊന്നും സംസാരിക്കുവാനാകാത്ത ആ സാഹചര്യത്തിൽ വേഗത്തിൽ അവ കഴിച്ചെഴുന്നേറ്റശേഷം ഹിബോൺ തന്റെ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്ത് ബിൽ നൽകി. ഭക്ഷണം കഴിച്ചതിന്റെ ഒരു ഭാവം അവൾക്കുണ്ടായിരുന്നു അപ്പോൾ.

   പിന്നിലേക്കും മറ്റുമൊക്കെ നോക്കി അവൻ, അവളെ മുന്നിലേക്ക് വീണ്ടും നയിച്ചു. തട്ടുകടയിലെ പ്രധാനി ഒരുനിമിഷം അവരുടെ പോക്കൊന്ന് നോക്കിയശേഷം തന്റെ ജോലി തുടർന്നു, കൂടെയുള്ളയാൾ കട അടയ്ക്കുവാനുള്ള പണിയിലായിരുന്നു.

   വെളുത്തവെളിച്ചം പ്രവഹിച്ച് നിൽക്കുന്ന വഴിവിളക്കുകളെ കടന്ന്-കടന്ന് ഇരുവരും മുന്നോട്ട് മെല്ലെ നടന്നുകൊണ്ടിരിക്കുകയാണ്. വളരെ-വളരെ നേർത്തൊരു കയറ്റമായി. അത് തുടങ്ങിയെന്നറിഞ്ഞതോടെ ഹണിയുടെ കണ്ണുകൾ പാതിയടഞ്ഞുതുടങ്ങി, അവൾ തീർത്തും അവശത ഭാവിച്ചുവന്നു. ഇതുശ്രദ്ധിച്ച്, അല്പം ഗൗരവമായെടുത്ത് ഹിബോൺ പറഞ്ഞു;

“ഇനി അധികദൂരമില്ല...

 ബസ് സ്റ്റാൻഡിൽ ചെന്നാൽ നമുക്ക് കാര്യങ്ങൾക്ക് തീരുമാനമാക്കാം..”

   ഇതവൻ പറഞ്ഞുതുടങ്ങിയതോടെ അവൾ അവശത തീർപ്പാക്കിയവിധം നടത്തം അവസാനിപ്പിച്ച് നിന്നു. ഒപ്പം പറഞ്ഞുതീരവേ അവനും. ഒരുനിമിഷം അവനവളെ നോക്കി ഉദ്ദേശം തിരിഞ്ഞവിധം നിന്നശേഷം തുടർന്നു പറഞ്ഞു;

“ഇവിടെ ഉള്ളതിൽ പരമാവധി ഒതുങ്ങിയ വഴിയാ ഇതൊക്കെ.

നമുക്ക്.. അവിടെ എത്താൻ പറ്റിയാൽ...”

   ഇത്രയുമവൻ പറഞ്ഞപ്പോഴേക്കും ഹണി ആടിയാടി ഒരുവിധം റോഡിന്റെ വശത്തായി ഒരു അളവുകുറ്റിയിൽ ഇരുന്നുപോയി. അതുശ്രദ്ധിച്ച് അവനവിടേക്ക് തിരിഞ്ഞുനിന്നു. അർത്ഥരഹിതമെന്ന് തോന്നിപ്പിക്കുംവിധം, തലകുനിച്ചിരിക്കുന്ന ഹണി ഇടയ്ക്കിടെ തലയാട്ടിക്കൊണ്ടിരുന്നു. രണ്ടുമൂന്നുനിമിഷങ്ങൾ ഇതുതന്നെ നോക്കിക്കൊണ്ടിരുന്ന ഹിബോണിന് എന്തുചെയ്യണമെന്ന സംശയമായി. അവൻ ഇരുകൈകളും അരയ്ക്കുകൊടുത്ത് തന്റെ ചുറ്റുമൊന്ന് മെല്ലെ നോക്കി, ദൂരത്തിലും. സഹായംചൊരിഞ്ഞു വഴിവിളക്കുകളല്ലാതെ മറ്റൊന്നും ആ വിജനമായ ചെറിയ റോഡിൽ ഇല്ലായിരുന്നു. ചുറ്റുപാടും ഉയർന്നും താണുമുള്ള വലിയ പറമ്പുകളാണ്. വീടുകളൊക്കെ അതിന് ഒരുപാട് അപ്പുറത്ത് മാത്രമായിരുന്നു.

   ഇത്തരം കാര്യങ്ങളൊക്കെ ആലോചിച്ച് കറങ്ങി ഹിബോൺ വീണ്ടും ഹണിയെ നോക്കി. അവൾ പഴയപടി, എന്നാൽ തലയാട്ടൽ നിർത്തി ഇരിക്കുകയാണ്. അവൻ തിരിഞ്ഞ് നിന്നൊന്ന് നിശ്വസിച്ചു. രണ്ടുനിമിഷം ആ സന്ദർഭത്തിന്റെ, അവസ്ഥയുടെ ഉൾപ്പെടെ ഇടയിലെ തെല്ലുനേരത്തിന്റെ സുഖത്തിലമർന്ന് അവനങ്ങനെ നിന്നുപോയി. അല്പനിമിഷം കഴിഞ്ഞില്ല അവർ വന്നവഴി ഒരു വാഹനത്തിന്റെ വെളിച്ചം പ്രത്യക്ഷമായി. അതേ നിമിഷമത് കണ്ട് അവനൊന്നുണർന്നു. വാഹനം വേഗത്തിലായിരുന്നതിനാൽ അതിന്റെ മുകളിൽ ശബ്ദരഹിതമായി പോലീസ് വാഹനത്തിന്റെ ലൈറ്റുകൾ മിന്നുന്നത് അവന് കാണാനായി. അല്പംകൂടിയത് അടുത്തെത്തിയതോടെ അപ്രതീക്ഷിതമായ സന്തോഷഭാവത്തിലവൻ ആ പോലീസ് വാഹനത്തിന് കൈനീട്ടി.

   വേഗത്തിൽ വാഹനം അവനുമുന്നിലെത്തി നിന്നു. ഹിബോൺ വാഹനത്തിന്റെ ഇടതുവശത്തേക്ക് വേഗം ചെന്നപ്പോളവിടെ ഒരു കോൺസ്റ്റബിൾ യുവതി ആയിരുന്നു. അവൻ വേഗം ഡ്രൈവ് ചെയ്തിരുന്ന, സി. ഐ. എന്ന് യൂണിഫോമിനാൽ തോന്നിക്കുന്ന ആണിനോട് പറഞ്ഞു;

“സർ, ഞങ്ങളെയൊന്ന് രക്ഷിക്കണം...

ആ കുട്ടി...”

തുടരും...



Rate this content
Log in

Similar malayalam story from Drama