ദി ഓപ്പറേറ്റർ (ഭാഗം - 2)
ദി ഓപ്പറേറ്റർ (ഭാഗം - 2)
അപ്പോഴേക്കും ശരവേഗത്തിൽ ആ ബൂട്ടുകളുടെ ഉടമ അവളുടെ മുന്നിലെത്തിയിരുന്നു. ഇരുട്ടിൽ ആ വ്യക്തിയുടെ അവ്യക്തമായ മുഖം അവളുടെ തലച്ചോറിലേക്ക് എത്തിയതും അയാളുടെ വലതുകരം അവളുടെ കരണത്ത് ആഞ്ഞു പതിച്ചു. ആ നിമിഷം തന്നെ ഫോൺ നിലത്തുവീഴ്ത്തി ബോധരഹിതയായി അവൾ വീണു. ഫോൺ എടുത്ത് തന്റെ കറുത്ത ജാക്കറ്റിലേക്കിട്ട്, ലാഘവത്തോടെ അവളെ സ്വന്തം തോളിലെടുത്തിട്ട ശേഷം ഇരുട്ടിനെ ഭേദിച്ചു വന്നവഴി തിരികെ നടന്നു തുടങ്ങി അയാൾ. ബൂട്ടിന്റെ ശബ്ദം ബേസ്മെന്റിലാകെ ഭീതിപരത്തും വിധം ഉയർന്നു നിന്നു.
സമയം പകൽ 11 മണി
അരാമി മെല്ലെ തന്റെ കണ്ണുകൾ തുറന്നു. അപ്പോഴേക്കും ഡ്യൂട്ടിക്ക് പോകുവാൻ റെഡി ആയി ആരാധന, ഒരു ചെയറിൽ ഇരുന്ന് തന്റെ സുഹത്ത്-കം-റൂം മേറ്റിനെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. തലയ്ക്കും മുഖത്തിനുമാകെ ഒരു പിരുപിരിപ്പ് അനുഭവപ്പെടുന്നത് തിരിച്ചറിഞ്ഞ അരാമിയോടായി ആരാധന സമ്മർദ്ദം കലർന്ന ആകാംഷയോടെ ചോദിച്ചു;
“ഇതെന്താ... നിന്റെ മുഖം ഇരിക്കുന്നത് കണ്ടോ!? എന്താ...? എന്താ ഞാൻ ചോദിക്കുക, പറയുക...?”
ഇവിടെ വെച്ചു, തന്റെ ബെഡ്‌ഡിൽ കിടക്കെത്തന്നെ അരാമി ചോദിച്ചു;
“ഞാനെങ്ങനെയാ ഇവിടെ തിരിച്ചെത്തിയത്!? എന്താ സംഭവിച്ചത്!?”
മുഖമൊന്നു ഉള്ളിലേക്ക് വലിച്ച് ആരാധന ഉടനെ ചോദിച്ചു;
“അതിന് നീ എവിടെക്കാ പോയത്...? എനിക്കറിയാമോ നീ എവിടേക്കാ പോയതെന്ന്, മുഖത്ത് നല്ലൊരെണ്ണം കിട്ടിയതിന്റെ എല്ലാ ലക്ഷണവും ഉണ്ട്!”
ഒന്ന് നിർത്തിയ ശേഷം, അല്പം ഭാവമാറ്റം വരുത്തി അവൾ താഴ്മയോടെ ചോദിച്ചു;
“എന്താടീ പറ്റിയത്...? പറ.”
മുഖത്തേറ്റ പ്രഹരത്തിന്റെ തളർച്ച പേറിയെന്ന പോലെ അരാമി ചോദിച്ചു;
“ഞാനെങ്ങനെ ഇവിടെത്തിയെന്ന് ഒന്ന് പറ...”
ആരാധന താനിരിക്കുന്ന ചെയറോടെ, അരാമിയിലേക്ക് അല്പംകൂടി അടുത്തിരുന്ന ശേഷം മെല്ലെ പറഞ്ഞു;
“എനിക്കും ഒന്നും പിടികിട്ടുന്നില്ല, നീയിപ്പോളിവിടെ ഉണ്ടെന്നുള്ളതു കൊണ്ട് എന്റെ സമനില ശരിയാണെന്ന് ഞാനുറപ്പിക്കുന്നു. ഇന്നലെ രാത്രി ഞാൻ നല്ല ഉറക്കത്തിലായിരുന്നു, ഡോറിൽ സാമാന്യം വലിയ തട്ടുകേട്ട് എഴുന്നേൽക്കേണ്ടി വന്നു എനിക്ക്. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ നിന്നെ അപ്പോൾ മറന്നു ഞാൻ. ധൃതിയിൽ ഡോർ തുറന്നപ്പോഴേക്കും നീയതാ ഡോറിനു മുന്നിൽ കിടക്കുന്നു! ഞാൻ നോക്കിയപ്പോൾ ബോധമില്ലായിരുന്നു. ഞാൻ അവിടെയാകെയൊന്ന് നോക്കിയിട്ടും ആരേയും കണ്ടുമില്ല, പിന്നെ, ഇരുട്ടായിരുന്നല്ലോ!”
അരാമി അല്പം ജീവൻ വെച്ചതു പോലെ ഇടയ്ക്കു കയറി;
“എന്നിട്ട്!?”
ആരാധന തുടർന്നു;
“ഈ ഹോസ്റ്റലിൽ എന്താ നടക്കാത്തത്...? ഒരു വിധം നിന്നെ ഞാൻ വലിച്ചു വന്നു ബെഡ്‌ഡിലിട്ടു. അപ്പോഴാ ഞാൻ ശ്രദ്ധിച്ചത്, നിന്റെ വലത്തേ കയ്യിൽ ചെറിയൊരു ടാഗ് കെട്ടിയിരുന്നത്, പിന്നെ പോക്കറ്റിലായി ഫോണും! ‘ഷി നീഡ്‌സ് റസ്റ്റ്’ എന്നാ ടാഗിൽ എഴുതിയിരുന്നു.”
ഇതോടൊപ്പം, അരാമിയുടെ തലയ്ക്കൽ മാറ്റിവെച്ചിരുന്ന ആ ടാഗ് ആരാധന എടുത്തു കാട്ടി. നന്നായി അതൊന്ന് ശ്രദ്ധിച്ച ശേഷം പ്രത്യേകിച്ചൊരു താല്പര്യമില്ലായ്മ കലർത്തിയ ഭാവവ്യത്യാസവും പേറി അരാമി അത് മാറ്റി ബെഡ്‌ഡിൽ വെച്ചു.
അല്പം കുനിഞ്ഞു, ഇരുകൈപ്പത്തികളും പിണച്ച്, നീണ്ടിരുന്ന് ആരാധന ചോദിച്ചു;
“പറ... എന്ത് കുരുത്തക്കേട് ഒപ്പിക്കാനാ പുറപ്പെട്ടത് ഇന്നലെ, അല്ല... നമ്മടെ ഭാവി എനിക്ക് ഊഹിച്ചാൽ മതിയല്ലോ! ജോലിക്ക് കേറിയില്ല, അപ്പോഴേക്കും ഒരു മാസം സസ്‌പെൻഷൻ... വട്ടിയെന്ന വിളിപ്പേരും.
പോട്ടെ, പറ... കൂട്ടുകാരിയായിപ്പോയില്ലേ...!”
കിടന്ന കിടപ്പിൽത്തന്നെ കണ്ണുകൾ മുകളിലേക്കാക്കി അരാമി പറഞ്ഞു;
“ഞാൻ ഡോക്ടർ അനുപം ശർമ്മയെ തേടിപ്പോയതാ.”
ഒന്നു ഞെട്ടിയ കൂടെ ആരാധന ചോദിച്ചു;
“ഹേ... എന്തിന്!”
അരാമി ഭാവഭേദമന്യേ തുടർന്നു;
“എനിക്കവനോടൊത്ത് ഒരു നൈറ്റ് ചിലവഴിക്കാൻ, ബെഡ്‌ഡിൽ!”
ഇതു കേട്ട് ആരാധന, ഉച്ചയാകുവാൻ പോകുന്ന ആ നേരം, കാറ്റു പോയ ബലൂൺപോലെയായി. ഒന്നു രണ്ടു നിമിഷം സ്തംഭിച്ചിരുന്ന ശേഷം അവൾ ചോദിച്ചു;
“എടീ, എന്താ നിന്നെ ഞാൻ വിളിക്കേണ്ടത്...? എടീ, അവന് പെണ്ണുകെട്ടി ഒരു കൊച്ചുമുണ്ട്... രണ്ടു ദിവസം മുൻപ് എല്ലാത്തിനെയും എഴുന്നെള്ളിച്ചോണ്ട് വരുന്നത് ഞാൻ കണ്ടതാ! അവൻ പിടിച്ച് പൊട്ടിച്ചതായിരിക്കും ഈ കവിളത്ത് കാണുന്നത്!”
ഉടനെ അരാമി ഇടയ്ക്കു കയറി;
“ഓ പിന്നെ... അവൻ പൊട്ടിക്കും! എടീ, ഒരു പെണ്ണിനെ കാണേണ്ട പോലെ കണ്ടാൽ ഏതൊരു ആണും നിൽക്കും വടി പോലെ! അതിനൊക്കെപ്പോന്ന വേലത്തരം എന്റെ കൈയ്യിലുണ്ട്. ഇത്ര കഷ്ടപ്പെട്ട് റിസ്കെടുത്ത് ഞാൻ, സ്വന്തം കിടപ്പറയിലേക്ക് കയറിച്ചെല്ലുമ്പോൾ ഒരാണും ‘നോ’ പറയില്ല. ഞാൻ പറയിപ്പിക്കില്ല എന്നതാണ് ശരി.”
ആരാധന എടുത്തടിച്ച പോലെ ചോദിച്ചു;
“എന്നിട്ട് പോയ കാര്യം നിന്റെ കരണത്താണല്ലോ നടന്നത്!?”
തെല്ലൊരു മുറുമുറുത്ത ദേഷ്യത്തോടെ അരാമി പറഞ്ഞു;
“അതിനിടക്കല്ലേ ഏതോ ഒരു തെണ്ടി വന്നത്... കരണം പുകഞ്ഞു ഞാൻ ബോധംകെട്ടു പോയി.”
പെട്ടെന്നുണ്ടായ ആകാംക്ഷയുടെ പുറത്ത് ഉടനെ ആരാധന ചോദിച്ചു;
“എനിക്കു പോലുമറിയാത്ത, നിന്റെ മനസ്സിൽ മാത്രമുള്ള പ്ലാൻ
എങ്ങനെ മറ്റൊരാൾ അറിയും! എല്ലാംകൂടി ചേർത്തു വായിക്കുമ്പോൾ നിന്നെ കൈകാര്യം ചെയ്തയാൾക്ക് നിന്നെ നല്ല കൃത്യമായി അറിയാവുന്നമട്ടാ.”
വളരെ ലാഘവം ഭാവിച്ചു അരാമി പെട്ടെന്ന് പറഞ്ഞു;
“ആ... എനിക്കെങ്ങും അറിയില്ല. അതൊന്നുമൊരു വിഷയമേയല്ല ഇപ്പോൾ!”
ചെയറിൽ നിന്നും എഴുന്നേറ്റുകൊണ്ട് ആരാധന പറഞ്ഞു;
“അതെനിക്കിപ്പോൾ ബോധ്യമായി. അവള് മെഡിസിൻ പഠിച്ചു ഡോക്ടർ ആയി ജോലി തുടങ്ങിയപ്പോൾ കൃത്യമായി ജോലിയും ചെയ്യാതെ, ഒരു ഡോക്ടറാണെന്ന വിചാരം കൂടാതെ... ഓരോ സമയത്തെ വട്ടിന്
പേഷ്യന്റ്‌സുമായി അടിയും ഉണ്ടാക്കി മാനേജ്‌മെന്റിന് തലവേദനയാക്കി. എല്ലാം കൂട്ടിവായിച്ച പലരും നീയൊരു അര-വട്ടിയാണെന്ന അഭിപ്രായത്തിൽ എത്തിയില്ലായിരുന്നേൽ നിന്റെ പേരിൽ മാനേജ്‌മെന്റ് ചിലപ്പോൾ കേസും കൊടുത്തേനെ... ഒരു ജാതി നോട്ടമാ എല്ലാവർക്കും എന്നെയിപ്പോൾ, നിന്റെ കൂട്ടത്തീന്ന് വരുന്നത് കാണുമ്പോൾ, എന്റെ പ്രിയേ...”
ഇത്രയും പറഞ്ഞു കൊണ്ട് അവൾ അരാമിക്കു നേരെ കൈകൾ കൂപ്പി. അരാമിയാകട്ടെ, കൂസലില്ലായ്മയിൽ ലയിച്ചു കിടന്നു. ഡ്യൂട്ടിക്ക് പോകുവാനുള്ള തയ്യാറെടുപ്പുകളുടെ അവസാനഘട്ട ലഖുപരിശ്രമങ്ങളിലേക്ക് മുഴുകിക്കൊണ്ട് ആരാധന തുടർന്നു;
“ഈ കെട്ടിടത്തിൽ എല്ലാം വിളയും! അതൊക്കെത്തന്നെയാ സസ്പെൻഷനും തന്നു നിന്നെയിവിടെ ഡ്രിപ്പിട്ട് ഇട്ടിരിക്കുന്നത്...
എത്രയും വേഗം ഡ്യൂട്ടിക്ക് കയറുവാനുള്ള പണി നോക്കാനുള്ളതിന് പകരം നീ ശയ്യാവലംബയാകുവാനുള്ള പുറപ്പാടാണെന്നെനിക്ക് ബോധ്യമായി.”
ഒന്ന് നിർത്തിയ ശേഷം അവൾ അരാമിക്കു നേരെ നോക്കി നിന്നു തുടർന്നു;
“നിന്നെയല്ല, നിനക്ക് വളംവെക്കാൻ നിൽക്കുന്ന... അല്ല, എന്തിനിങ്ങനെ പറയണം! നിന്നെ താലോലിച്ചു വളർത്തി ഡോക്ടറാക്കി നോക്കിയിരിക്കുന്ന ഒരു പാവം സന്യാസിനിയുണ്ട്... ആ കർത്താവിന്റെ മണവാട്ടി ഇതൊക്കെയൊന്ന് അറിഞ്ഞാലുണ്ടല്ലോ! എന്റെ ഈശ്വരാ,
ഇവളോട് പൊറുക്കേണമേ!”
ഇരുകൈകളും കൂപ്പി അഭിനയമെന്ന മട്ടിൽ മുകളിലേക്ക് നോക്കിക്കൊണ്ട് ആരാധന വാചകം അവസാനിപ്പിച്ചു. അപ്പോഴും കൂസലില്ലാതെ കണ്ണുകളുമടച്ചു എല്ലാം ശ്രവിച്ചു കിടന്നിരുന്ന അരാമിയെ, ഒരിക്കൽക്കൂടി നോക്കി നിന്നു കൂട്ടുകാരി പറഞ്ഞു;
“ഞാൻ ഡ്യൂട്ടിക്ക് പോകുവാ, ഇന്നു തൊട്ട് ഷിഫ്റ്റ് ചേഞ്ച് ആവും. ലേറ്റ് ആയാൽ ആ മരത്തലയൻ ജോർജ്ജ് എല്ലാവരുടെയും മുന്നിൽവെച്ചെന്നെ ചീത്ത വിളിച്ചു കൊല്ലും. ഞാൻ പോകുവാ...”
ഒന്നു നിർത്തി അല്പം ഗൗരവത്തിൽ അവൾ തുടർന്നു;
“ഷി നീഡ്‌സ് റസ്റ്റ്... നീ തല്ക്കാലം നന്നായി റസ്റ്റ് എടുക്ക്! അടങ്ങി ഒതുങ്ങി കിടക്കണം, ഞാൻ വരുന്നവരെയെങ്കിലും... പ്ലീസ്!”
നിർത്തി, യുവ ഡോക്ടർ ആരാധന വേഗം റൂമിൽ നിന്നും പോയി. ലക്ഷ്യമില്ലാതെ, ഭാരവുംപേറി നിൽക്കുന്നവളെപ്പോലെ അരാമി ഇരുകണ്ണുകളും മിഴിച്ചു പിടിച്ച് കിടന്നു. ഒരു നിമിഷം തന്റെ ഫോൺ റിങ് ചെയ്തു കൊണ്ടിരിക്കുന്നത് അവൾ ശ്രദ്ധിക്കുവാനിടയായി-ഭാവഭേദമന്യേ അവൾ കോൾ എടുത്തു;
“ഇന്നലെ നൈറ്റ് വിളിക്കാതിരുന്നതും കോൾ എടുക്കാതിരുന്നതും
എനിക്ക് സൗകര്യമില്ലാത്തതു കൊണ്ട്...”
ചെവിയിലേക്കെത്തിയ വാചകങ്ങൾക്ക് നൽകിയ ഈ മറുപടി അവളൊന്ന് നിർത്തിയ ശേഷം തുടർന്നു;
“... എനിക്ക് സൗകര്യപ്പെടുമ്പോഴേ വിളിക്കൂ എന്ന് പറഞ്ഞിട്ടുള്ളതല്ലേ ഞാൻ...? ഞാനിങ്ങനെയാണ്, സൗകര്യമുണ്ടേൽ പിറകെ നടന്നാൽ മതി.
ഹല്ല, പിന്നെ...”
മറുപടി വീണ്ടും ചെവിയിലേക്കെത്തിയതോടെ അവൾ അല്പം രോക്ഷം ഭാവിച്ചു തുടർന്നു;
“ഇന്നലെ രാത്രിയോ, ഹ... ഹ..., ഞാൻ പറഞ്ഞില്ലേ, ഒരുത്തന്റെ കൂടെ കിടക്കാൻ പോയി... സമാധാനമായോ! എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്...”
വീണ്ടും വന്ന മറുപടിയ്ക്ക് അവൾ ഭാവം വിടാതെ പ്രതികരിച്ചു;
“വേണ്ട... പിണങ്ങിക്കോ... വീണ്ടും വിളിച്ചു ശല്യം ചെയ്യുമെന്നു
എനിക്കറിയാം...”
ഇത്രയുമായപ്പോഴേക്കും കോൾ കട്ട് ആയി. ചെറുപുഞ്ചിരി മറച്ചുപിടിച്ചു ഫോൺ ബെഡ്‌ഡിലേക്ക് മാറ്റിവെച്ചശേഷം പുതച്ചുമൂടി കിടന്നുറങ്ങുവാൻ തീരുമാനിച്ചു അരാമി- ക്ഷീണം എ.സി.യുടെ ആധിക്യത്തിൽ ഉയർന്നു വന്നതിനാൽക്കൂടി.
തുടരും...

