Antony Lixon

Drama Thriller

4.1  

Antony Lixon

Drama Thriller

സൈക്കോ

സൈക്കോ

6 mins
347


ദിയ വിൻഡോയിലൂടെ പുറത്തേക്കു നോക്കി. മഴയുടെ കാഠിന്യം കൂടിയിട്ടുണ്ട്. അവളുടെ ശ്രദ്ധ പുറത്തേക്കാണെന്നു മനസ്സിലാക്കി ജിതിൻ പുറകിലൂടെ വന്നു അവളെ പുണർന്നു. അവൾ അവനു അഭിമുഖമായി നിന്നു പറഞ്ഞു.


"നല്ല മഴ അല്ലേ?"


"ഉം. നല്ലതല്ലേ?."


"അരുൺ ഇതു വരെ വന്നില്ലല്ലോ?"


"എന്തെങ്കിലും തിരക്ക് കാണും. ഇനിയും വൈകിക്കേണ്ട നമുക്ക് ഭക്ഷണം കഴിക്കാം. അരുൺ വരുമ്പോൾ എടുത്തു കഴിച്ചോളും."


"വല്ലപ്പോഴുമല്ലേ ചേട്ടനും അനിയനും ഒന്നിച്ചിരുന്നു കഴിക്കാൻ പറ്റുന്നത്. ഒന്നു ഫോൺ ചെയ്തു നോക്കാമായിരുന്നില്ലേ?"


"വേണ്ട. ചിലപ്പോൾ ഡ്രൈവിങ്ങിൽ ആയിരിക്കും. ഭക്ഷണത്തിൻ്റെ കാര്യത്തിൽ അവനു അത്ര ഫോർമാലിറ്റി ഒന്നുമില്ല ദിയ. ചിലപ്പോൾ അവൻ പുറത്തു നിന്നു കഴിച്ചിട്ടാവും വരുന്നത്. അപ്പോൾ നമ്മൾ കാത്തിരുന്നത് വെറുതെയാവും. അതു പോട്ടെ അച്ചു കഴിച്ചോ?."


"അവൻ കഴിച്ചിട്ടു ഉറങ്ങി."


"അവനും ഫോർമാലിറ്റി ഒന്നുമില്ല അല്ലേ?"


ദിയ ചിരിച്ചു കൊണ്ടു ജിതിൻ്റെ തോളിൽ തട്ടി.


"വാ ഭക്ഷണം എടുക്കാം"


ഡൈനിംഗ് റൂമിൽ ഇരുവരും നിശബ്ദരായിരുന്നെങ്കിലും പശ്ചാത്തലത്തിൽ ടി വി ശബ്ദിച്ചു കൊണ്ടേയിരുന്നു. അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്. ജിതിൻ കഴിക്കുന്നിടത്തു നിന്നു എഴുന്നേറ്റു.


"അരുൺ ആയിരിക്കും."


"ഞാൻ നോക്കണോ?"


"വേണ്ട. ഞാൻ കഴിച്ചു കഴിഞ്ഞു. ഞാൻ നോക്കിക്കോളാം"


ജിതിൻ വാതിൽ തുറന്നു. പുറത്തു മഴയിൽ കുതിർന്നു നിന്ന ഒരാൾ സ്വയം പരിചയപ്പെടുത്തി.


"സർ. ഞാൻ വിശാൽ. എന്റെ കാർ ഇവിടെ വച്ചു കേടായി. ഒന്നു ഇറങ്ങി നോക്കാമെന്നു വച്ചപ്പോൾ നല്ല മഴ. എന്റെ കൈയിൽ കുട ഒന്നുമില്ല. ഒരു കുട കിട്ടുവാണെങ്കിൽ?"


ജിതിൻ പുറത്തേക്കു എത്തിവലിഞ്ഞു നോക്കി. പുറത്തു കാർ കിടപ്പുണ്ട്. മഴ അതിന്റെ ശക്തി മുഴുവനുമെടുത്ത് പെയ്യുന്നുമുണ്ട്.


"നിങ്ങൾ അകത്തേക്ക് ഇരിക്ക്. മഴ കുറച്ചു കുറഞ്ഞിട്ടു കാർ നോക്കുന്നതാവും നല്ലത്."


"ഏയ്. അതൊന്നും വേണ്ട അതു നിങ്ങൾക്ക് ബുദ്ധിമുട്ടാവും."


"എന്ത് ബുദ്ധിമുട്ട്. കയറി ഇരിക്ക് ഞാൻ ഒന്നു കൈ കഴുകിയിട്ട് വരാം."


വിശാൽ അകത്തേക്ക് കയറി ആദ്യം കണ്ട ഫോട്ടോയിൽ തന്നെ അയാളുടെ കണ്ണുകൾ ഉടക്കി. അതേ സമയത്താണ് ഒരു തോർത്തുമായി ദിയ അവിടേക്കു വന്നത്.


"ഇതാ തോർത്ത്."


അവളുടെ ശബ്ദം അയാൾക്കു പരിചിതമായിരുന്നു. അതു കേട്ടയുടൻ അയാൾ അവളിലേക്കു തിരിഞ്ഞു.


"ഇതു നിന്റെ വീടായിരുന്നോ?"


വിറയാർന്ന ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു.


"അതെ…"


"വാതിൽ തുറന്നത് ഹസ്ബൻഡ് അല്ലേ?"


അവൾ അതിനു മറുപടി പറഞ്ഞില്ല. പക്ഷേ അയാൾ നോക്കി നിന്നിരുന്ന ഫോട്ടോയിലേക്കു അവൾ നോക്കി. ഒരു വന്യമായ ചിരിയോടെ അയാൾ അടുത്ത ചോദ്യമെറിഞ്ഞു.


"എന്നെ എങ്ങനെയാണു നിന്റെ ഭർത്താവിന് പരിചയപ്പെടുത്താൻ പോവുന്നത്‌?"


ആ ചോദ്യത്തിനു മുന്നിൽ അവൾ പകച്ചു നിൽക്കവേ ജിതിൻ അവിടേക്ക് കടന്നു വന്നു. 


"നിങ്ങൾ പരിചയക്കാരാണോ?"


കൂടുതൽ ഒന്നും ചിന്തിക്കാൻ നിൽക്കാതെ ദിയ അതിനു മറുപടി പറഞ്ഞു.


"അതേ. ഫ്രണ്ട് ആണു ഒരുമിച്ചു പഠിച്ചതാണ്."


ഒറ്റ ശ്വാസത്തിൽ ഇതു പറഞ്ഞു തീർത്ത ശേഷം ദിയ വിശാലിന്റെ മുഖത്തേക്ക് നോക്കി. ആ ഉത്തരം അയാളെ തൃപ്തിപ്പെടുത്തിയില്ല എന്നു അവൾക്കു തോന്നി. അവൾ അവരെ കാണാവുന്ന രീതിയിൽ കുറച്ചു മാറി ഒരു കസേരയിലിരുന്നു. ദിയയിലെ താൽപ്പര്യക്കുറവു വകവയ്ക്കാതെ ജിതിൻ സംസാരിച്ചു തുടങ്ങി.


"ഇപ്പോ ഈ രാത്രി എവിടെ പോയതായിരുന്നു?"


"ഞാൻ വൈഫിനെ ഒന്നു യാത്രയാക്കാൻ പോയതാ."


"ഈ രാത്രിയിൽ. യാത്രയ്ക്ക് തനിച്ചാക്കിയിട്ടു പോന്നോ?"


"അവൾ അൽപ്പം സ്പിരിച്ച്വലാണ്. ഞാൻ നേരെ തിരിച്ചും. അതു കൊണ്ട് അവൾ പോവുന്നിടങ്ങളിലൊന്നും പോവാൻ എനിക്കു തോന്നാറില്ല."


"അതു കൊള്ളാം."


സംസാരത്തിനിടയിൽ ടീപ്പോയിൽ കണ്ട ഒരു ഗ്ലാസ്‌ പിരമിഡിൽ വിശാലിന്റെ ശ്രദ്ധ പതിഞ്ഞു.


"ഇതു കൊള്ളാമല്ലോ."


"ഞാൻ ഒരു ടൂർ കഴിഞ്ഞു വന്നതേയുള്ളു. ഈജിപ്തിൽ വച്ചു ഇത് കണ്ടപ്പോൾ ഒരു കൗതുകം തോന്നി വാങ്ങിയതാണ്. ആൻ്റിക് ഒന്നുമല്ലാട്ടോ ഒരു ഷോ പീസ് അത്രേയുള്ളു."


"പക്ഷേ നല്ല ഷാർപ് ആണു. ഇവിടെ കുട്ടികളൊക്കെയുള്ളതല്ലേ അപ്പോ ഈ ടീപ്പോയിൽ വെയ്ക്കുന്നതിലും സേഫ് ആ ഷോ കേസിൽ വെക്കുന്നതാ."


"ഉം. ശരിയാ."


പുറത്തു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു വിശാൽ അവിടേക്കു ശ്രദ്ധിച്ചു. 


"അത് അരുണായിരിക്കും. എൻ്റെ അനിയനാണ്. അവൻ പോലീസിലാ."


ജിതിൻ്റെ ആ വാക്കുകൾ അയാളുടെ മുഖത്ത് ഒരു പകപ്പുണ്ടാക്കിയത് ദിയ ശ്രദ്ധിച്ചു. ആ സമയം കൊണ്ടു അരുണ്‍ അവിടേക്കു കടന്നു വന്നു. സംശയഭാവത്തിൽ അവൻ വിശാലിനെ ഒന്നു നോക്കി.


"ഇതു വിശാൽ. ആളുടെ വണ്ടി കേടായിട്ടു മഴ ഒന്നു കുറയുന്ന വരെ കേറി നിന്നതാ. ദിയയുടെ ഫ്രണ്ടും ആണു. എന്തായാലും നീ ചെന്ന് ഭക്ഷണം കഴിക്ക്."


അരുൺ അകത്തെ മുറിയിലേക്ക് തിരിഞ്ഞു. ജിതിൻ എന്തോ ഓർത്തതു പോലെ വിശാലിലേക്കു തന്നെ തിരിഞ്ഞു.


"നിങ്ങൾ എന്തെങ്കിലും കഴിച്ചോ?"


"ഓ, ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത്."


ദിയ അരുണിന് ഭക്ഷണം എടുക്കാൻ അകത്തേക്ക് പോവുമ്പോഴും അവർ തമ്മിൽ സംസാരം തുടർന്ന് കൊണ്ടേയിരുന്നു. ഇതൊന്നും ഗൗനിക്കാതെ മഴ പെയ്തു കൊണ്ടുമിരുന്നു.


ഭക്ഷണം കഴിക്കുന്നതിനിടയിൽ അരുണിന്റെ ശ്രദ്ധ ഫോണിലേക്കു തന്നെയായിരുന്നു. മെസ്സേജ് ടോണുകൾ തുടരെത്തുടരെ വന്നതോടെ അവൻ കൈ കഴുകി അവർ ഇരിക്കുന്ന ഹാളിന്റെ വാതിലും കടന്നു പുറത്തേക്കു നടന്നു. ജീപ്പിൽ നിന്നും തോക്കെടുത്തു അവൻ അരയിൽ തിരുകി. കൈ വിലങ്ങുമായി അവൻ തിരിച്ചു ഹാളിലെത്തി. വിശാലിനു നേരെ തിരിഞ്ഞു ആദ്യത്തെ ചോദ്യമെറിഞ്ഞു.


"അപ്പോ എങ്ങനെയാ പോവുകയല്ലേ?"


വിശാലിൻ്റെ കണ്ണുകൾ ചെന്നായയെപ്പോലെ ആയിരുന്നെങ്കിലും അയാളിലെ വേഗവും കൃത്യതയും ഒരു ചീറ്റപ്പുലിയെ അനുസ്മരിപ്പിച്ചു. ക്ഷണനേരത്തിൽ ആ ഗ്ലാസ് പിരമിഡ് അരുണിൻ്റെ കഴുത്തിൽ തറഞ്ഞു നിന്നു. അവിടെ നിന്നും ധാര കണക്കെ രക്തത്തുള്ളികൾ പൊഴിഞ്ഞു വെളുത്ത ഗ്രാനൈറ്റു തറയാകെ ചുവന്ന നിറം പിടിപ്പിച്ചു. സ്തബ്ദരായി നിന്ന ജിതിനെയും ദിയയെയും നോക്കി വിശാൽ പറഞ്ഞു.


"ഞാൻ പറഞ്ഞതല്ലേ ഈ സാധനം അപകടം ആണെന്ന്."



ടി വിയിലെ ഫ്ലാഷ് ന്യൂസുകളോടൊപ്പം കാണിക്കുന്ന മുഖത്തിന് വിശാലിനോടുള്ള സാമ്യം ദിയ തിരിച്ചറിഞ്ഞു. മുന്നിൽ ഇരുന്നു സൗമ്യമായ ഭാഷയിൽ സംസാരിച്ച ആൾ ക്രൂരമായ ഒരു കൊലപാതകം കഴിഞ്ഞു വന്നതാണെന്ന് വിശ്വസിക്കാൻ അവൾ ബുദ്ധിമുട്ടി. കൊല്ലപ്പെട്ടതാവട്ടെ അയാളുടെ സ്വന്തം ഭാര്യയും. മുന്നിൽ ജീവനായി പിടയുന്ന അനിയനെ രക്ഷിക്കാൻ പോലും ശ്രമിക്കാൻ പറ്റാത്ത വിധം തളർന്നു പോയിരുന്നു ജിതിൻ അപ്പോഴേക്കും. അയാളുടെ കണ്ണുകൾ മാത്രം ജലം പുറപ്പെടുവിച്ചു ആ ശരീരത്തിനുള്ളിൽ ഇനിയും ജീവനുണ്ടെന്നു ബോധിപ്പിച്ചു കൊണ്ടേയിരുന്നു. വിലങ്ങിനാൽ ബന്ധിക്കപ്പെട്ട ദിയ വിശാലിലേക്കു മുഖം തിരിക്കാൻ ആഗ്രഹിച്ചുമില്ല. ന്യൂസിൻ്റെ കോലാഹലങ്ങൾ അവളെ വല്ലാതെ വീർപ്പുമുട്ടിച്ചതിനാലാവാം, ഒടുവിൽ ദിയ സംസാരിച്ചു തുടങ്ങി.


"വിശാൽ നിങ്ങളല്ലേ പറഞ്ഞത് ഭാര്യയെ യാത്രയാക്കാൻ പോയതാണെന്ന്?"


"അതെ. ഞാൻ ഇപ്പോഴും പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നു. അവൾ ഒരു യാത്രയിലാണ്. ശരീരം വിട്ടു ആത്മാവായി ദൂരെ എവിടേക്കോ ഉള്ള യാത്രയിൽ."


"വിശാൽ നിനക്കെന്താണ് പറ്റിയത്. നീ എന്തിനാണ് അവരെ കൊന്നത്? ഇപ്പോ എന്തിനാണ് ഇവിടെ വന്നു ഇങ്ങനെയൊക്കെ ചെയ്യുന്നത്?"


"8 വർഷങ്ങൾക്കു മുമ്പ് ഒരു വിശാൽ ഉണ്ടായിരുന്നു. ദിയയുടെ വിശാൽ എന്നു ദിയ അവകാശപ്പെട്ടിരുന്ന ഒരു വിശാൽ. നിനക്കറിയാം ഞാൻ അതിൽ സന്തോഷിച്ചിരുന്നുവെന്നു. എന്നിട്ടും വീട്ടുകാരുടെ പേരു പറഞ്ഞു നീ എന്നെ ഒഴിവാക്കി. നമ്മൾ അവസാനമായി കണ്ട ആ ദിവസം നീ ഒരു കത്തുമായി വന്നു അതു നിന്റെ ഹൃദയം ആണെന്നു പറഞ്ഞു. അതിൽ നീ എഴുതിയിരുന്നു നീ നിൻ്റെ ഹൃദയം എനിക്കു തരുകയാണ്, മറ്റാരു നിന്നെ സ്വന്തമാക്കിയാലും അത് നിൻ്റെ മനസ്സിനു ഉൾക്കൊള്ളാനാവില്ല എന്നുമൊക്കെ. പൊള്ളയായ വാക്കുകൾക്കപ്പുറം ആത്മാർത്ഥമല്ലാത്ത, അർത്ഥമില്ലാത്ത വരികളായിരുന്നു അതെങ്കിലും നിൻ്റെ ആ ഹൃദയം ഞാന്‍ സൂക്ഷിച്ചു വച്ചു. നീ മറ്റൊരു ജീവിതത്തിലേക്കു കടന്നപ്പോഴും അതിൻ്റെ വേദന മറക്കാൻ 6 വർഷങ്ങൾ വേണ്ടി വന്നു എനിക്ക്‌. ഞാൻ നിന്നെ മറന്നു എന്നു പറഞ്ഞാൽ അതൊരു നുണയാണ്. ഞാൻ നിന്നെ മറക്കാൻ ശ്രമിച്ചു എന്നു പറയുന്നതാണ് ശരി. എന്നോ നഷ്ടപ്പെട്ടുവെന്നു കരുതിയ സന്തോഷം തിരിച്ചു കിട്ടിയെന്നു വിശ്വസിച്ചു ജീവിച്ചു തുടങ്ങിയ നാളുകളിലൊന്നിൽ ഞാൻ കണ്ടു നിന്റെ ഹൃദയം അവളുടെ കൈകളിൽ ഇരുന്നു ഞെരുങ്ങുന്നത്. അതിലും നൂറിരട്ടിയായി പോസ്സസീവ് ആയ അവളുടെ ചിന്താഗതികൾ എന്നെ വരിഞ്ഞുമുറുക്കി. ആ കെട്ടുപാടുകളിൽ നിന്നു എനിക്ക്‌ മോചനം വേണമായിരുന്നു. വിവേകം വികാരങ്ങൾക്ക് വഴിമാറിയ ഒരു സെക്കൻഡിൽ മേശപ്പുറത്തിരുന്ന സെറാമിക് ഫ്ലവർ വേസ് മാരകായുധമായി. ചിന്നിച്ചിതറും മുമ്പ് അത് അവളുടെ തലയോടിനെ തകർത്തു കളഞ്ഞിരുന്നു. തിരിച്ചറിവെത്തും മുന്നേ ചോര ഒഴുകി ആ മുറിയിലെ റെഡ് ഓക്സൈഡ് തറയ്ക്കു മാറ്റു കൂട്ടി. അപ്പോൾ ആദ്യം തോന്നിയത് ഹൃദയമില്ലാതെ ജീവിക്കുന്ന നിന്നെ കാണാനാണ്. ഹൃദയമില്ലാതെ ജീവിക്കുന്ന നിൻ്റെ വീടിനു മുന്നിൽ ഒരു കേടുപാടുമില്ലാത്ത എൻ്റെ കാർ കേടായി നിന്നു പോവുന്നു. മനുഷ്യത്വം കൊണ്ട് ഈ മനുഷ്യൻ എന്നെ വിളിച്ചു വീട്ടിൽ കേറ്റുന്നു. ആൻ്റ് ദി റെസ്റ്റ് ഈസ് ഹിസ്റ്ററി."


"യൂ ആർ എ സൈക്കോ."


"ഞാൻ തിരുത്തുന്നില്ല. അതിനു കാരണം നീയുമാണ്. പിന്നെ ഒരു കാര്യം കൂടെ പറയാം. ഇന്നിവിടെ നിന്നു ജീവനോടെ പോവുന്ന ഒരേ ഒരാൾ അതു ഞാൻ മാത്രമായിരിക്കും."


അയാൾ തണുത്തു തുടങ്ങിയ അരുണിൻ്റെ ശരീരത്തിലാകെ പരതി അരയിലൊളിപ്പിച്ച തോക്ക് കണ്ടെത്തി. ശേഷം മരവിച്ച മനസ്സുമായി ഇരുന്ന ജിതിന്റെ നെറ്റിയോടു ചേർത്ത് കാഞ്ചി വലിച്ചു. ഒറ്റ ബുള്ളറ്റു കൊണ്ടു വിശാൽ അയാളുടെ ശരീരത്തിൽ നിന്നും ആത്മാവിനെ സ്വതന്ത്രമാക്കി. മുകളിലെ മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന അച്ചുവിനെ ഉണർത്താതെ തന്നെ അയാൾ താഴേക്ക് കൊണ്ടു വന്നു. നിലത്തു കിടന്നിരുന്ന ഗ്ലാസ് പിരമിഡിന്റെ കൂർത്ത ഭാഗത്തു വീണു ഉറക്കമുണർന്നുവെങ്കിലും താമസിയാതെ ആ കൊച്ചു കണ്ണുകൾ അടഞ്ഞു പോയിരുന്നു.


അയാൾ ദിയയിലേക്കു നടന്നടുത്തു. മരണം അതിന്റെ വന്യമായ മുഖത്തോടെ തന്റെ നേർക്ക് വന്നണയുന്ന കാഴ്ച അവളെ നിസ്സംഗമായ ഒരു അവസ്ഥയിലെത്തിച്ചു. ആ കണ്ണുകളിലെ തീ അവളുടെ കണ്ണിനു മുന്നിൽ വന്നു ചിരിച്ചു കൊണ്ടു ചോദിച്ചു.


"എന്നെ എങ്ങനെയാണു നിന്റെ ഭർത്താവിനു പരിചയപ്പെടുത്താൻ പോവുന്നത്?"


ഭക്ഷണം കഴിക്കുന്നതിനിടയിൽ ടീവിയിൽ വന്ന ഫ്ലാഷ് ന്യൂസുകളോടൊപ്പം കണ്ട വിഡിയോയിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കൊലയാളിയുടെ മുഖത്തിൽ പരിചയം കണ്ടെത്തുവായിരുന്നു ദിയ അപ്പോൾ. ആ മുഖം, ആ കണ്ണുകൾ വന്യമായ രീതിയിൽ അവളോട് ആ ചോദ്യം ആവർത്തിക്കുന്നത് പോലെ അവൾക്കു തോന്നി.


ഉടൻ കാളിങ് ബെൽ മുഴങ്ങി. ജിതിൻ കഴിക്കുന്നിടത്ത് നിന്നും എഴുന്നേറ്റു പോവും മുന്നേ ദിയ ജിതിനെ ചുറ്റിപ്പിടിച്ചു കരഞ്ഞു. ജിതിൻ അവളെ അത്ഭുതത്തോടെ നോക്കി നിൽക്കവെ ചില ഇടറിയ വാക്കുകൾ അവൾ പുറപ്പെടുവിച്ചു.


"അയാൾ... എൻ്റെ കാമുകനായിരുന്നു..."


അത്രയും നേരം ടിവിയിൽ ശ്രദ്ധിക്കാതിരുന്ന ജിതിൻ ടീവിയിലേക്ക് ഉറ്റു നോക്കി നിന്നു. ആ സമയം അത്രയും കാളിങ് ബെൽ മുഴങ്ങിക്കൊണ്ടേയിരുന്നു.



Rate this content
Log in

More malayalam story from Antony Lixon

Similar malayalam story from Drama