Hibon Chacko

Drama Action Thriller

4  

Hibon Chacko

Drama Action Thriller

അന്വേഷകൻ (ഭാഗം---2)

അന്വേഷകൻ (ഭാഗം---2)

10 mins
203


രാത്രിയുടെ വാതിൽ ലക്ഷ്യമാക്കി സായാഹ്നം മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നൊരു സമയം. സാമാന്യം തിരക്കേറിയ റോഡിലൂടെ ലീനയും കൂട്ടുകാരിയും ഒരുമിച്ചു സ്കൂട്ടറിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്, കോളേജ് വിട്ടശേഷം.

“എടീ, നമുക്കൊരു കോഫി കുടിച്ചാലോ!?”

നേരെയിരുന്നുതന്നെ അല്പം ഉറക്കെ ലീന ചോദിച്ചു.

കൂട്ടുകാരി പിറകിൽ ഇരിക്കെ തന്റെ വലതുവശത്തേക്ക് മുന്നോട്ടായി നോക്കിയശേഷം എന്തോ കണ്ടെന്നപോലെ ചിരിയോടെ മറുപടി പറഞ്ഞു:

“ഊമ്... സ്ഥിരം സ്ഥലം എത്തി! ഇതാണപ്പോൾ നീയും അരുണും മീറ്റ് ചെയ്യുന്ന സ്ഥലം, അല്ലേടീ!?”

   കുസൃതികലർന്ന ഈ വാചകങ്ങൾക്ക് മറുപടിയായി ‘പോടീ’ എന്ന് സമാനഭാവത്തോടെ ലീന പ്രതികരിച്ചശേഷം സ്കൂട്ടർ വലതുവശത്തേക്ക് ഇൻഡിക്കേറ്റർ ഇട്ട് വളച്ച് കോഫി-ഷോപ്പിന്റെ മുൻപിൽ പാർക്ക്‌ ചെയ്തു. കൂട്ടുകാരിക്ക് ആകെയൊരു അപരിചിത്വം തോന്നിയെങ്കിലും അത്തരത്തിലുള്ളൊരു ഭാവങ്ങളും എശാത്തവണ്ണം സ്കൂട്ടർ വെച്ച് ലീന നടന്നു.

   

കോഫി ഷോപ്പിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. വളരെ വൈഭവത്തോടെ, എന്നാൽ സ്ഥിരം സന്ദർശകയുടെ പരിചയസമ്പത്തിന്റെകൂടി പുറത്ത് ഒരു കോർണ്ണറിൽ ഒതുക്കത്തിലൊരു ഫോർ-കവർ ടേബിൾ അവൾ സ്വന്തമാക്കി ഇരുന്നു, കൂടെയായി കൂട്ടുകാരിയും. ലീന വെയ്റ്ററോഡ് കോഫി ഓർഡർ ചെയ്യുന്നതൊക്കെ വളരെ കൗതുകഭാവത്തോടെ കൂട്ടുകാരി നോക്കിയിരുന്ന് കാണുകയായിരുന്നു. എല്ലാമൊന്ന് ഒതുങ്ങിയെന്നായപ്പോൾ ഒരു ചെറുചിരിയുടെ അകമ്പടിയോടെ കൂട്ടുകാരി ലീനയോടായി പറഞ്ഞു:

“എടീ കേമി... എല്ലാം എനിക്ക് മനസ്സിലായി. ഇന്നെനിക്ക് നിന്റെ കൂടെ വരാൻ തോന്നിയത് ഒരു ഭാഗ്യം! ഇതെല്ലാമൊന്ന് നേരിൽ കാണുവാൻ പറ്റിയല്ലോ!?”

ഒന്നുനിർത്തിയശേഷം അവൾ തുടർന്നുചോദിച്ചു:

“പറ... ഇപ്പോൾ വരുമോ നിന്റെ മാരൻ അരുൺ!?”

മറുപടിയായി, ചെറുതായി കുസൃതികലർത്തി സ്വന്തം കണ്ണുകൾ മിഴിപ്പിച്ച് ലീന പറഞ്ഞു:

“ഹഹ്... ധൃതി പിടിക്കാതെടി...”

പ്രതീക്ഷിച്ചിരുന്നെന്ന വാചകത്തോടെന്നപോലെ കൂട്ടുകാരി പ്രതികരിച്ചു ഉടനെ:

“ഹുമ്... കൊള്ളാം നടക്കട്ടെ...”

ഇങ്ങനെപറഞ്ഞുകൊണ്ട് അവൾ ഒരുവശത്തേക്ക് അറിയാതെ നോക്കിപ്പോയതും അവിടെ കുറച്ചു ‘ഇണക്കുരുവികൾ’ വളരെ കാര്യമായ ഭാവത്തോടെ കോഫി നുകരുന്നത് ശ്രദ്ദിച്ചയുടൻ, അവൾ ചോദിച്ചു: 

“എടീ, എന്റെ കെട്ടിക്കാറായ ചേച്ചിയുടെ കാര്യം എന്തായി...? നീയിനി എന്നാ ഒരു തീരുമാനമുണ്ടാക്കുക!”

   

ഇതിനിടയിൽ കോഫി ഉൾപ്പെടെ മൂന്നാൾക്കുള്ളവ ടേബിളിലേക്ക് എത്തിയിരുന്നു. ‘ഒരുനിമിഷം’എന്ന് ആംഗ്യം കാണിച്ചശേഷം ലീന തന്റെ ഫോണിൽ ഒരു കോൾ ചെയ്തു. റിങ്ങ് നീണ്ടതോടെ അവൾ ആ ശ്രമം ഉപേക്ഷിച്ച് തന്റെ സുഹൃത്തിനെ മാനിച്ചു.

“അരുൺ വന്നുകൊണ്ടിരിക്കുകയാകും... അതാണ് കോൾ എടുക്കാത്തത്! കഴിക്ക്...”

 ഇത്രയും പറഞ്ഞുകൊണ്ടിരിക്കെ അവൾ സ്നാക്ക്സ് എടുത്ത് അൽപ്പാൽപ്പമായി കഴിച്ചുതുടങ്ങിയിരുന്നു. കൂട്ടുകാരിയാകട്ടെ മറുപടിയ്ക്കെന്നവണ്ണം ചലനമറ്റതുപോലെ ലീനയെത്തന്നെ നോക്കിയിരുന്നു.

“എടീ, ചേട്ടന്റെ കണ്ടീഷൻ നീ കാണുന്നതാണല്ലോ!? കാര്യം പറഞ്ഞാൽ, ഞാൻ വെറുതെയങ്ങു എറിച്ചു നിൽക്കുന്നെന്നേയുള്ളൂ. ചേട്ടന്റെ കാര്യത്തിൽ തലയിടാൻ എനിക്ക് നല്ല പേടിയുണ്ട്. പിന്നെ, ചേട്ടന്റെ ലൈഫിൽ നടന്ന ട്രാജടിയും ഞാൻ പറഞ്ഞിട്ടുണ്ടല്ലോ!?”

ഒന്ന് നിർത്തി, ഒരു സിപ് കോഫി നുണഞ്ഞ് ലീന തുടർന്നു;

“പുറമേനിന്ന് നോക്കുമ്പോൾ ഇതിലൊന്നും കാര്യമില്ലെങ്കിലും ചേട്ടനെ സംബന്ധിച്ച് അന്നുണ്ടായ മുറിവ്, അത് വളരെ വലുതാണ്. എല്ലാവർക്കും ഇതറിയാം. അതാണ് ചേട്ടനോട് ആരും ഒന്നും പറയാതിരിക്കുന്നത്.”

 

കോഫി കുടിച്ചിറക്കിയശേഷം മറുപടിയായി കൂട്ടുകാരി പറഞ്ഞു;

“ഇങ്ങനെ ഇതെവിടെവരെ പോകും!? ആരും നിയന്ത്രിക്കാൻ ഇല്ലാതായാൽ... സത്യം പറയാമല്ലോ! ഞാൻ നോക്കിയിട്ട് എന്റെ ചേച്ചിക്ക് നല്ല ചേർച്ചയാ ബഞ്ചമിൻ ചേട്ടൻ. ഈ വക്കീലാണെന്നുംപറഞ്ഞുള്ള ഗമമാത്രമേ ഉള്ളൂ ചേച്ചിക്ക്... മനസ്സിൽ ഒരു ‘കുറുമ്പി’ ഒളിഞ്ഞിരിപ്പുണ്ട്. ചേച്ചിയിങ്ങനെ ആർക്കും പിടികൊടുക്കാതെ നടപ്പാ... വീട്ടുകാര് മടുത്തു.”

മറുപടിയായി, തല ചെറുതായൊന്നു സമ്മതഭാവത്തിലാക്കിയശേഷം ലീന പറഞ്ഞു;

“കുറച്ചു സമയം താ എനിക്ക്. എന്തേലും വഴിയുണ്ടോ എന്ന് നോക്കാം ഞാൻ. ഒന്നാമത് ഞങ്ങൾക്ക് ഞങ്ങൾ മാത്രമേയുള്ളൂ...

ചേട്ടന് ഒരു കൂട്ട് അല്ലേൽത്തന്നെ അത്യാവശ്യം ആണ്.”

ഒരു ഊറിയ ചിരിയ്ക്കായെന്നപോലെ നിർത്തിയശേഷം അവൾ തുടർന്നുപറഞ്ഞു;

“... എനിക്കൊന്ന് സ്വസ്ഥമാകണം.”

‘മനസ്സിലായി’ എന്ന പരിഹാസഭാവത്തിലൂടെ മറുപടിയായി കൂട്ടുകാരി തലയാട്ടി. അപ്പോഴേക്കും തേടിപ്പിടിച്ചെന്നപോലെ അരുൺ ഒരു പുഞ്ചിരിയോടെ അവരുടെ അടുക്കലേക്കെത്തി.

 

“വീട്ടിൽ ചെന്നുപോയില്ലേ, അതാ ലേറ്റ് ആയത്.”

സൗമ്യമായി ഇത്രയും പറഞ്ഞുകൊണ്ട് അവൻ ഒരു ചെയറിൽ ഇരുന്നു. മറുപടിയായി, തങ്ങളുടെ മുന്നിലുള്ള കാലിയായ കോഫി കപ്പും പ്ലേറ്റുകളും മുൻനിറുത്തി ലീന പറഞ്ഞു;

“ഞങ്ങൾ കഴിച്ചു കഴിഞ്ഞു. ഇതാ കഴിക്ക്...”

ഇതുകേട്ടതാമസം, അതുവഴിപോയ വെയ്റ്ററെ പിടിച്ചുനിർത്തി സ്ഥിരമെന്നതുപോലെ എന്തോ പിറുപിറുത്തശേഷം അരുൺ നിവർന്നിരുന്നു.

“എന്നത്തേയുംപോലെ, ഇനിയും കഴിപ്പിക്കുവാൻ ആണെങ്കിൽ ഞാൻ പൊതിഞ്ഞെല്ലാം വീട്ടിലേക്കങ്ങു തന്നുവിടും.”

 അരുണിനെ നോക്കി ഗൗരവം ഭാവിച്ചിങ്ങനെ പറഞ്ഞശേഷം ലീന തന്റെ കൂട്ടുകാരിയോടായി തുടർന്നു;

“സ്ഥിരമുള്ള പണിയാടീ ഇത്. നോക്കിക്കോ, ഈ കട മുഴുവൻ താമസിയാതെ നമ്മുടെ ടേബിളിൽ കാണാം.”

അരുണും കൂട്ടുകാരിയും മറുപടിയെന്നപോലെ ചെറുതായി മന്ദഹസിച്ചു.

ഈ സമയം അവരുടെ അടുത്തായി മറ്റൊരു ടേബിളിൽ ഇരുന്നിരുന്ന ഒരുകൂട്ടം വിദ്യാർത്ഥികളിൽ ഒരാൾ തന്റെ ഫോണിൽ ‘മാർ ഇവാനിയാസ്’ കോളേജും, ഒറ്റപ്പെട്ടുകിടന്ന പാലസിൽ നടന്ന മരണത്തിന്റെയും ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വാർത്ത കാണുകയായിരുന്നു.

 

6

   

സായാഹ്നം ഒരു ക്ഷീണിതനെപ്പോലെ മെല്ലെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, പരിഭവം പ്രകടമാക്കിയെന്ന വണ്ണം ആകാശം വലിയൊരു മഴയെ ഒരുക്കിക്കൊണ്ടിരുന്നു. ഇതൊന്നുമറിയാതെ ചെറിയ തണുപ്പ് നൽകുന്ന സുഖത്തിന്മേൽ പുതച്ചുകിടന്ന് തന്റെ റൂമിൽ ഉറങ്ങുകയായിരുന്നു ലീന. ബെഡ്ഡിൽ ഒരുഭാഗത്തായി വെച്ചിരുന്ന അവളുടെ ഫോൺ മെല്ലെ റിങ്ങ് ചെയ്തു തുടങ്ങി. അധികം താമസിയാതെ വളരെ ബുദ്ധിമുട്ട് പ്രകടമാക്കി അവൾ തന്റെ കണ്ണുകൾ തുറന്നു, ഉറക്കക്ഷീണത്തിന്റെ പിടിയിൽനിന്നും ബലമായി മുക്തി കൈവരിച്ചുകൊണ്ട്. ‘അഞ്ജലി തോമസ്’ എന്ന് സ്‌ക്രീനിൽ കണ്ടതോടെ അവൾക്കല്പം ‘ജീവൻ’ വെച്ചതുപോലെയായി.

“ആ... ഹലോ, എടീ...”

ഉറക്കമുണരുമ്പോഴുള്ള രക്തസമ്മർദ്ദത്തെ വകവെയ്ക്കാതെ ലീന കോൾ ഓൺ ചെയ്ത് തന്റെ ചെവിയോട് ചേർത്തു കൊണ്ട് പറഞ്ഞു.

“നീയെന്താ, ഉറക്കത്തിലാണോ? പറഞ്ഞകാര്യം എന്തായി... ഞാനെത്രതവണ മെസ്സേജ് അയച്ചു!”

ധൃതികലർന്ന ഈ വാചകങ്ങൾ കൂട്ടുകാരി-അഞ്ജലിയിൽനിന്നും അവളുടെ ചെവിയിലേക്കെത്തി.

“അയ്യോടീ... ഞാനങ്ങു ഉറങ്ങിപ്പോയി. നല്ല തണുപ്പല്ലേ, ഏതായാലും നീ വിളിച്ചത് നന്നായി, കൃത്യസമയത്താ!”

ഇത്രയും പറയുന്നതിനിടയിൽ ഫോണിലേക്കൊന്ന് നോക്കി സമയംകണ്ട് സ്വയം തൃപ്തയായി ലീന തുടർന്നു;

“പറഞ്ഞുവെച്ചതുപോലെ എല്ലാം ഓക്കെയ് ആണ്... വലിയ അത്ഭുതമൊന്നും സംഭവിച്ചില്ലേൽ ചേട്ടൻ അപ്പുറത്തെങ്ങാനും 

സോഫയിൽ കിടന്ന് ഉറങ്ങുന്നുണ്ടാകും! ഇന്നലെ രാത്രി മുഴുവനും ഏതാണ്ടെല്ലാം ആലോചിച്ച് ഇരിക്കുകയായിരുന്നു...”

ഇത്രയും ലീന പറഞ്ഞുവന്നപ്പോഴേക്കും ‘ഊമ്’ എന്ന് അഞ്ജലി മറുപടിയായി മൂളി.

“... ഇന്ന് രാവിലെ ബ്രേക്ഫാസ്റ് ഉണ്ടാക്കിയതല്ലാതെ മറ്റൊന്നും പിന്നെ ഞാൻ ഉണ്ടാക്കിയില്ല. ഞാനൊന്നിപ്പോൾ എണീറ്റു ചെന്ന് ‘ക്രൈം സീൻ’ പരിശോധിക്കട്ടെ. എന്നിട്ട് വിവരം പറയാം. പറഞ്ഞതുപോലെ അഞ്ജന ചേച്ചിയെ കോടതി കഴിയുമ്പോൾ നീ പിക് ചെയ്ത് കൊണ്ടുവന്നാൽ മതി. ഓക്കെയ്!?”

ഇത്രയും പറയുന്നതിനിടയിൽ ലീന എഴുന്നേറ്റ് റൂമിലെ കണ്ണാടിയിൽ തന്റെ മുടിയും മുഖവുമൊക്കെയൊന്ന് പരിശോധിച്ച് തൃപ്തി കൈവരുത്തി.

“ചേച്ചി വലിയ താമസംകൂടാതെ ഇറങ്ങും. എന്നെ വിളിക്കാമെന്നു പറഞ്ഞ സമയം ആകാറായി. എന്നാൽ ശരി, നീ മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യ് കാര്യങ്ങൾ...ബായ്.”

ലീനയുടെ വാചകങ്ങൾ കാക്കാതെ, ഇത്രയും മറുപടിയായി പറഞ്ഞ് അഞ്ജലി കോൾ അവസാനിപ്പിച്ചു.

   

ലീന, തന്റെ റൂമിന്റെ ഡോർ ഒന്നു തുറന്നിറങ്ങി ഹാളിലേക്ക് ചെന്നുനോക്കി. ബഞ്ചമിൻ പതിവുപോലെ സോഫയിൽ പുതച്ചു ഉറങ്ങുകയായിരുന്നു. ഈ രംഗംകണ്ട്, ഒരു അന്വേഷകയുടെ മുഖത്തുവരുന്ന ഭാവങ്ങളുടെ കരിക്കേച്ചർ രൂപം പ്രകടമാക്കി അവൾ തിരികെ റൂമിലെത്തി ഡോറടച്ചു. വേഗം ഫ്രഷായിവന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തശേഷം വന്നതുപോലെ തന്റെ ഫോണുമെടുത്ത് അവൾ തന്റെ ചേട്ടനടുത്തേക്ക് നടന്നുചെന്നു. അപ്പോഴേക്കും, അവൻ സോഫയിൽ ഉറക്കച്ചടവോടെ എഴുന്നേറ്റിരിക്കുകയായിരുന്നു, അവളെ തെല്ലോന്ന് അതിശയിപ്പിക്കും വിധം.

   

പുറത്തുപോകുവാൻ തക്കവിധം ഒരുങ്ങി വന്നിരിക്കുന്ന തന്റെ പെങ്ങളെ കണ്ടതോടെ അവൻ ഒരു ചോദ്യകർത്താവിനെപ്പോലെ നോക്കിയിരുന്നു.

“ഇന്ന് സാറ്റർഡേ അല്ലേ,

ഇവിടൊന്നും ഉണ്ടാക്കാൻ പറ്റിയുമില്ല.

വാ, നമുക്ക് പുറത്തുപോയി വല്ലതും കഴിക്കാം.

വേഗം ഒരുങ്ങ്...”

അവൾക്ക് മറുപടിയായി അവനൊരു കോട്ടുവായ ഇട്ടതേയുള്ളൂ 

“എനിക്ക് വിശക്കുന്നുണ്ട് നന്നായിട്ട്.

വേഗം വാ...”

മടിയിലേക്കുള്ള തന്റെ ചേട്ടന്റെ പ്രയാണത്തെ തടഞ്ഞുകൊണ്ട് അവൾ തുടർന്നിങ്ങനെ പറഞ്ഞു. ഒരുനിമിഷം കണ്ണുകൾ അടച്ചിരുന്നശേഷം അവൻ മെല്ലെ എഴുന്നേറ്റ് ലക്ഷ്യമില്ലാതെ നടന്നു. അവന്റെ സഞ്ചാരം വീക്ഷിച്ചെന്നവണ്ണം അവളല്പം സ്വരത്തിൽ പറഞ്ഞു;

“അതേയ്, കുളിച്ചിട്ടേ വരാവൂ.”

തന്റെ സ്വരം ചേട്ടന്റെ അടുത്ത് സഞ്ചരിച്ചു എത്തിയോ എന്നുറപ്പിക്കും വിധം ഒരു നോട്ടം ഭാവിച്ച് അവൾ നിലയുറപ്പിച്ചു. മറുപടിയെന്നവണ്ണം താൻ ധരിച്ചിരുന്ന നിക്കർ അല്പംകൂടി മുകളിലേക്ക് വലിച്ച് അവൻ നടന്നു.

   

പകുതി ആശ്വാസമായതിൻപുറത്ത് ശ്വാസം ചെറിയൊരു കുഴലിലൂടെയെന്നപോലെ സ്വന്തമാക്കിക്കൊണ്ട്, മുഖത്തുവന്ന ഇളംപുഞ്ചിരിയുടെ കരുത്തോടെ അവൾ സ്വന്തം വാട്സ്ആപ്പ് ഓപ്പൺ ചെയ്ത്, അഞ്ജലിയുടെ വായിക്കാതെകിടന്ന മെസ്സേജുകളിൽ വിരലമർത്തി.

 

7

   

ടൗണിലൂടെ ‘താറിൽ’ ബഞ്ചമിനും ലീനയും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. സായാഹ്നത്തെ വെല്ലുവിളിച്ചെന്നവണ്ണം മാനം മുഖം കറുപ്പിച്ച് മഴയെ സ്വതന്ത്രമാക്കുവാൻ ഒരുങ്ങിനിൽക്കുന്നു. പെട്ടെന്നൊരുവേള അല്പം തിരക്കുള്ള ഒരു ഏരിയയിൽത്തന്നെ താർ ബഞ്ചമിൻ നിർത്തി, ഒതുക്കി. വശത്തായുള്ള കടകണ്ട് ലീന ആരോടെന്നില്ലാതെ പറഞ്ഞു;

“ബ്രെഡും പാലും!”

ഉടനെ മറുപടിപോലെ അവൻ പറഞ്ഞു;

“ഞാൻ വാങ്ങിച്ചിട്ട് വരാം. എന്നിട്ട് നമുക്ക് റെസ്റ്റോറന്റിൽ പോയി കഴിക്കാം”

   

തിടുക്കം കലർത്തി ചുണ്ടുകൾ പരസ്പരം അകത്തേക്ക് മടക്കി അവൾ സമ്മതം ഭാവിച്ചു, തന്റെ ചേട്ടന്റെ അവകാശമെന്നവണ്ണം. അപ്പോഴേക്കും മഴ നന്നായി ചാറിയെത്തി. അതിൽ നനഞ്ഞുകൊണ്ട് അവൻ കടയിലേക്ക് കയറിയതും മഴ കനത്തുവന്നു. ഒരു പായ്ക്കറ്റ് ബ്രെഡും ഒരു കവർ പാലുമായി ബഞ്ചമിൻ തന്റെ താറിലേക്ക് തിരികെ കയറുവാൻ വന്നതും ഒരു ‘ഡ്യൂക്ക്’ പാഞ്ഞു വന്നു -അത് ബഞ്ചമിനെ തട്ടാതിരിക്കുവാൻ വെട്ടിച്ചതിൻ പുറത്ത് അവനെ ചെറുതായൊന്നു തലോടിയ ശേഷം അല്പം മുന്നിൽ റോഡിൽ മറിഞ്ഞു. ഈ സംഭവത്തിന്റെ ആകെയുള്ള ആഘാതത്തിൽ അവന്റെ കൈയ്യിലിരുന്നവ റോഡിൽ വീണിരുന്നു. അപ്പോഴേക്കും ‘താർ’ കിടക്കുന്നതുകണ്ട്, പച്ച മാരുതി സെന്നിൽ തന്റെ ചേച്ചിയുമായി വന്ന അഞ്ജലി അതിനല്പം മുന്നിലായി അതേ വശത്തായി ഒതുക്കി നിർത്തി. കനത്തു പെയ്യുന്ന മഴമൂലം ഒരുപരിധിയിലധികം കാഴ്ചകൾ വ്യക്തമാകാൻ ബുദ്ധിമുട്ടുള്ള സാഹചര്യം! മഴമൂലവും വാഹനങ്ങൾ റോഡിന്റെ ഒരു ഭാഗത്തുകൂടിയാക്കി അവിടെ സഞ്ചാരം. പരിക്ക് വകവെക്കാതെ യുവാവ് റോഡിൽ നിന്നും ചാടിയെഴുന്നേറ്റ് തന്റെ ഡ്യൂക്ക് ഉയർത്തിയെടുത്തു- ബഞ്ചമിൻ അവിടേക്ക് നോക്കി- ഇരുചക്രവാഹനങ്ങളിൽ കുറച്ചുപേർ വെറിയോടെ പാഞ്ഞെത്തി, നിമിഷങ്ങൾക്കുള്ളിൽ.

   

പിറകെ പാഞ്ഞെത്തിയവരിൽ ആദ്യം വന്നവൻ ബൈക്കിൽ പോകെത്തന്നെ തന്റെ കൈവശമുണ്ടായിരുന്ന റോഡുകൊണ്ട്, ഡ്യൂക്ക് ഉയർത്തി പോകുവാൻ തുടങ്ങിയ യുവാവിനെ അടിച്ചു വീഴ്ത്തി. ബഞ്ചമിൻ ചുറ്റുപാടും വേഗം ആകെയൊന്ന് നോക്കി. മഴ നന്നായി സ്വന്തം കർത്തവ്യം നിർവ്വഹിക്കുന്നതല്ലാതെ മറ്റൊരു പ്രതികരണഭാവവും കാണുന്നില്ല. ആളുകളിൽ ഭൂരിഭാഗവും രംഗം മനസ്സിലാക്കി വരുന്നതേയുള്ളൂ. അവൻ വേഗം തന്റെ കൈയ്യിലെ ഫോൺ തപ്പി. എന്നാൽ പോക്കറ്റുകളിലൊന്നും അതില്ലായിരുന്നു. അപ്പോഴേക്കും വെറി പൂണ്ടു തന്നെ മറ്റുരണ്ട് ബൈക്കുകളിൽ നിന്നും ഓരോ ആളുകൾ ചാടിയിറങ്ങി അടിയേറ്റ് വീണു കിടക്കുന്ന യുവാവിനെ പിടിച്ചെഴുന്നേൽപ്പിച്ച് മർദ്ദിക്കുവാൻ തുടങ്ങി. ലീനയാകട്ടെ തന്റെ ചേട്ടന്റെ ഭാവങ്ങളും രംഗവും മാറി -മാറി വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം തങ്ങളുടെ കാറിൽ ഇരുന്ന് മുന്നിൽ നടക്കുന്ന ഈ അക്രമത്തോട് എങ്ങനെ പ്രതികരിക്കണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു അഞ്‌ജലിയും ചേച്ചിയും.

   

ബഞ്ചമിൻ വേഗം അവിടേക്ക് ഓടിച്ചെന്നു. ഞൊടിയിടയിൽ രണ്ടു മർദ്ദകരേയും തള്ളിമാറ്റി അവശനായ യുവാവിനെ ചേർത്തെടുത്തു പിടിച്ചു നിന്നു. ശേഷം, മഴയിൽ കുതിർന്നു കൊണ്ടു തന്നെ തന്റെ കൈയ്യും തലയും ഉപയോഗിച്ച് ആക്രമികളോട്, ‘യുവാവ് അവശനാണ്... പിരിഞ്ഞുപോകണം’ എന്ന് കാണിച്ചു. എന്നാൽ അടുത്ത നിമിഷം, ജീവൻ വെച്ചെന്ന കണക്കെയുള്ള യുവാവിന്റെ ചുമയും കൂടെയുള്ള ഓക്കാനാവും കണ്ട് ഒരുവൻ മറ്റുള്ളവരെ ഒന്നു നോക്കിയ ശേഷം വേഗത്തിൽ ബഞ്ചമിനെ തള്ളിമാറ്റി യുവാവിനെ കൈയ്യാൽ അടിച്ചു താഴെയിട്ടു. ശേഷം, ബഞ്ചമിനോടെന്ന പോലെ ഉറക്കെ പറഞ്ഞു;

“ഇത് ഞങ്ങള് തമ്മിലുള്ള പ്രശ്നമാ... വെറുതേ കേറി തടി കേടാക്കാൻ നോക്കേണ്ട ആശാനേ...!”

കൂടെ അവൻ തന്റെ കൂട്ടാളികൾക്ക് നിർദ്ദേശം നൽകി, അതേ മോഡിൽ;

“ഇവനെ പിടിച്ചോണ്ട് വേഗം വാടാ.”

   

ആജ്ഞ അനുസരിക്കും വിധം ഒരുവൻ യുവാവിനെ പിടിച്ചെടുക്കുവാൻ വന്നതും ബഞ്ചമിൻ ചാടിയെഴുന്നേറ്റു വന്ന് അവനെ അടിച്ചു താഴെയിട്ടു. ശേഷം വേഗത്തിൽ, താഴെ വീണിരുന്ന യുവാവിനെ താങ്ങിയെഴുന്നേൽപ്പിച്ച് അവിടെയൊരു കടയുടെ വരാന്തയിൽ ചാരിയിരുത്തി. അപ്പോഴേക്കും കൈയ്യിൽ റോഡുമായി ഒരുവൻ പാഞ്ഞെത്തി. അവനെപ്പിടിച്ചു ബഞ്ചമിൻ അടുത്തു കണ്ട പച്ച സെൻ കാറിലേക്ക് എടുത്തെറിഞ്ഞു പോയി. അവൻ ചെന്നിടിച്ചു വീണതിൻപുറത്ത് അഞ്ജന ഇരുന്നിരുന്ന സീറ്റിന്റെ മുൻഭാഗത്തുള്ള ഗ്ലാസിൽ കാര്യമായ വിള്ളൽ വീണു. കാറിലിരുന്ന ഇരുവരും ഭയത്തോടെ ഒരു ചെറുത്തുനിൽപ്പിനെന്നപോലെയായിപ്പോയി. ഇതേസമയം മറ്റു രണ്ടാളുകളെ തന്റെ ഇരുകൈകളാലും ഒരുമിച്ചു പിടിച്ചു കൈകാര്യം ചെയ്യുകയായിരുന്നു ബഞ്ചമിൻ. ചുറ്റും പല ഭാഗത്തായി ആളുകൾ കുടയുടെ അകമ്പടിയോടെയും അല്ലാതെയും ഒരകലം പാലിച്ചുകൊണ്ട് നിലകൊണ്ടു തുടങ്ങി. പ്രധാനി വീശിയ റോഡ് പിടിച്ചു കൊണ്ടു അവനെ ഒരു പരുവമാക്കി ബഞ്ചമിൻ. അപ്പോഴേക്കും മിച്ചമുണ്ടായിരുന്ന നാലുപേർ ചേർന്ന് അവനെ പിടിച്ചുകെട്ടുവാനായി ശ്രമം. എന്നാൽ അകാരണമായ അവന്റെ ശൗര്യത്തിന് മുൻപിൽ അവർക്ക് പിടിച്ചു നിൽക്കുവാനായില്ല. രംഗം തീർത്തും വഷളായെന്ന് മനസ്സിലാക്കിയ ലീന മറ്റൊന്നും നോക്കാതെ താറിൽനിന്നും ചാടിയിറങ്ങി ചേട്ടന്റെ അടുത്തേക്ക് ഭയത്തോടെ ഓടിച്ചെന്നു.

   

ഒരുവൻ കത്തിയെടുത്ത് വീശിക്കൊണ്ട് ബഞ്ചമിന് അടുത്തേക്കെത്തി. ലീനയെ കണ്ടതും കാറിൽനിന്നും അഞ്ജലി ചാടിയിറങ്ങി കൂടെ അഞ്ജനയും. മഴയുടെ ശക്തി അതിന്റെ പാരമ്യത്തിൽത്തന്നെ നിലനിൽക്കുന്ന ആ സമയം അക്രമിയുടെ വിലങ്ങനെയുള്ള കത്തിവീശിൽ ബഞ്ചമിന്റെ കൈത്തണ്ടയിൽ മുറിവേറ്റു. ആ നിമിഷം മൂന്ന് പോലീസ്‌വണ്ടി അവിടേക്ക് പാഞ്ഞെത്തി. പോലീസുകാർ ചാടിയിറങ്ങിയപ്പോഴേക്കും അവൻ കലിപൂണ്ട് ആ അക്രമിയെ മർദ്ദിച്ചിട്ടു, തന്റെ മുറിവ് വകവെക്കാതെ. മറ്റുള്ള അക്രമികളെ പോലീസുകാർ ആ സമയം പിടിയിലാക്കി, ബഞ്ചമിനെ മുറിവേൽപ്പിച്ചവനെയും. സി. ഐ. വന്ന് അവശനായ യുവാവിനെ താങ്ങിയെടുത്തശേഷം ബഞ്ചമിനെയും മുറിവിനെയും ഒന്ന്‌ നോക്കി.


“ഇത് ഞാൻ നോക്കിക്കോളാം. നിങ്ങള് പൊയ്ക്കോ...”

കൈയ്യിൽ ഒലിച്ചിറങ്ങുന്ന രക്തം തുടച്ചുകൊണ്ട് ബഞ്ചമിൻ ഇങ്ങനെ മറുപടി പറഞ്ഞു.

   

ചുറ്റുപാടും വേഗത്തിലൊന്ന് നോക്കി രംഗം പ്രശ്നബാധിതമല്ലെന്ന് ഉറപ്പുവരുത്തിയശേഷം ബഞ്ചമിനെ ഒരിക്കൽക്കൂടി മാനിച്ച് സി. ഐ. നടന്നു. രണ്ടു പോലീസുകാർ ഓടിവന്ന് യുവാവിനെ അയാളുടെ കൈയ്യിൽ നിന്നും വാങ്ങിച്ചു. പോലീസ്‌ വാഹനങ്ങൾ അപ്രത്യക്ഷമായപ്പോഴും കനത്ത മഴയെ വകവെക്കാതെ അഞ്ജന, ഒന്നും ചിന്തിക്കുവാനാകാതെ ബഞ്ചമിനെ നോക്കി നിൽക്കുകയായിരുന്നു. അഞ്ജലി തന്റെ കൂട്ടുകാരിയെ ചേർത്തുപിടിച്ച് ആശ്വാസം പങ്കിടുന്ന ആ വേളയിൽ, തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്ന കണക്കെ ബഞ്ചമിൻ സ്വന്തം സഹോദരിയിലേക്ക് ഒരുനോക്ക് കണ്ണെത്തിച്ചെടുത്തശേഷം തന്റെ കൈയ്യിൽനിന്നും മഴയോടൊപ്പം ഒലിച്ചു റോഡിലേക്ക് ഇറങ്ങുന്ന രക്തവുമായി കുറച്ചുസമയം നിന്നു പോയി.

 

8

   

വിരിവ് പൂർത്തീകരിച്ച പ്രഭാതത്തിൽ സൂര്യൻ സ്വന്തം പ്രസന്നത പ്രകടമാക്കിത്തുടങ്ങിയ സമയം, ലീന കിച്ചണിൽ ബ്രേക്ഫാസ്റ് ധൃതിയിൽ തയ്യാറാക്കുകയായിരുന്നു. അപ്പോഴാണ് കോളിങ് ബെൽ മുഴങ്ങിയത്. ആരാണെന്നറിയാൻ ധൃതി വിടാതെ അവൾ ഹാളിലേക്ക് ചെന്നതും കുളികഴിഞ്ഞു ഇറങ്ങിയ ബഞ്ചമിൻ മെയിൻ ഡോർ തുറക്കുവാൻ തുനിയുകയായിരുന്നു.

   

പ്രസന്നമുഖത്തോടെ യൂണിഫോമിൽ, തൊപ്പി കൈയ്യിലേന്തി നിൽക്കുന്ന ഡി. ഐ. ജി. യെ കണ്ടതോടെ തന്റെ ചേട്ടന്റെ തണുപ്പൻ നയം അറിയാമായിരുന്ന ലീന ഇടയ്ക്കുകയറിച്ചെന്ന് അയാളെ സ്വാഗതം ചെയ്തു. ചലനമറ്റതുപോലെ നിൽക്കുന്ന ബഞ്ചമിനെ ഒരു ചെറുചിരിയോടെ നോക്കിയശേഷം അയാൾ സ്വാഗതം സ്വീകരിച്ച് അകത്തേക്ക് കയറി. അവൻ തിടുക്കംകൂടാതെ സോഫയിൽ ഒരുഭാഗം പൊടിതട്ടിക്കൊടുത്തു. അവിടെ ഡി. ഐ. ജി. ഇരുന്നു.


“അങ്കിൾ, ബ്രേക്ഫാസ്റ് എടുക്കട്ടെ?”

അയാൾ ഇരിക്കുവാൻ നോക്കിനിന്നെന്നവണ്ണം സ്വാഗതച്ചിരി വിടാതെ ലീന ചോദിച്ചു.

“മോളേ വേണ്ട! ഇനി നിർബന്ധം ആണെങ്കിൽ ഒരു ചായയാകാം”

ഇങ്ങനെ പറഞ്ഞൊന്ന് നിർത്തി തന്റെ മുന്നിൽ ഇരിക്കുവാൻ തുനിഞ്ഞ ബഞ്ചമിനെ നോക്കി അയാൾ തുടർന്നു പറഞ്ഞു;

“ദേ, ഇവനുംകൂടി ഒരെണ്ണം എടുത്തോ മോള്...”

   

മറുപടിയായി ചിരിയോടെ തലയാട്ടി അവൾ കിച്ചണിലേക്ക് ധൃതിയിൽ പോയി. തനിക്കെതിരെ ഇരുന്നിരുന്ന ബഞ്ചമിനെനോക്കി ഒരു മുഖവുരയ്ക്കു നിൽക്കാതെ അയാൾ തുടങ്ങി;

“കാക്കിക്ക് ഞായറാഴ്ച എന്നൊന്ന് ഇല്ലല്ലോ! നിന്നുതിരിയാൻ സമയമില്ലെടാ... ആ സോമശേഖരന്റെ പെങ്കൊച്ചിന്റെ കാര്യം ഒന്നുമായിട്ടില്ല. ഇനി അതിന്റെ പേരിൽ കേൾക്കാൻ ബാക്കിയൊന്നുമില്ല. കാമുകൻ ഒരുത്തൻ റിമാൻഡിൽ ഉള്ളതു കൊണ്ടാ ഇപ്പോൾ തലപോകാതെ പിടിച്ചുനിൽക്കുന്നത്. ഇതിന്റെ തന്നെയൊരു മീറ്റിങ്ങിലേക്ക് പോകുന്നവഴിയാ ഞാൻ...

മന്ത്രിമാരുടെയും മറ്റു തലപ്പത്തിരിക്കുന്നവരുടെയും വായിലിരിക്കുന്നതുൾപ്പെടെ ചെന്നിന്നു മേടിക്കണം ഇനി. അപ്പോൾ...

നിന്നെയൊന്നു കാണാമെന്നു വിചാരിച്ചു. ഹോസ്പിറ്റലിലോ ഇവിടെ വീട്ടിലോ ഒന്നും വരാൻ പറ്റിയില്ലല്ലോ! മനഃപൂർവം അല്ല, നിനക്കറിയാം... എന്നാലും ഞാൻ...”

   

ഡി. ഐ. ജി. മുഴുമിപ്പിക്കാൻ ശ്രമിച്ചതും മറുപടിയെന്നവണ്ണം ബഞ്ചമിൻ തലയാട്ടി. അതുമൂലം മുഴുമിപ്പിക്കലിന് മുതിരാതെ അയാൾ നിർത്തി. അവനും ആയാളും ഒരുപോലെ അടുത്ത ഒരുനിമിഷം അവന്റെ കൈത്തണ്ടയിലെ തുന്നിക്കെട്ടിയ മുറുവിലേക്ക് നോക്കി. അപ്പോഴേക്കും ഇരുവർക്കും ചായയുമായി ലീന കിച്ചണിൽ നിന്നും എത്തി.

ഡി. ഐ. ജി. ചായ ഒരുസിപ് കുടിച്ചിറക്കിയശേഷം പറഞ്ഞു;

“നന്നായിട്ടുണ്ട് മോളേ, അങ്കിളിത് പ്രത്യേകം പറയേണ്ടതില്ല, എന്നാലും...”

ചെറുചിരിയോടെ അവസാനിപ്പിക്കുവാൻ വെമ്പൽ കൊണ്ട ഈ വാചകങ്ങൾക്ക് മറുപടിയായി ‘താങ്ക് യൂ അങ്കിൾ’ എന്നുപറഞ്ഞശേഷം പൂർത്തിയാക്കുവാൻ എന്തോ ബാക്കിയുണ്ടെന്ന ഭാവത്തോടെ തിരികെ കിച്ചണിലേക്ക് അവൾ പോയി.


“അന്നത്തെ ആ പിള്ളേർ മുഴുവൻ ഇവിടെ പുകയും മരുന്നുമൊക്കെയായി നടക്കുന്നവരാ... സകലതിനെയും പിടിച്ചൊന്ന് വിരട്ടി നാലെണ്ണം വീതം കൊടുത്താ വിട്ടത്. കംപ്ലയിന്റ് പിന്നെ നിന്റെ ഭാഗത്തിനിന്നും ഇല്ലല്ലോ! രണ്ടും ഒരേ ഗാങ് ആണ്, എന്തോ പരസ്പര കശപ്പിശ!”

ഡി. ഐ. ജി. യുടെ ഈ വാചകങ്ങൾക്ക് മറുപടിയായി തന്നെപ്പോലെയെന്നവണ്ണം മുന്നിലെ ടേബിളിൽ ചലനമില്ലാതെയിരിക്കുന്ന തന്റെ ചായക്കപ്പിലേക്ക് നോക്കി ബഞ്ചമിൻ ഇരുന്നു. അയാൾ തുടർന്നു പറഞ്ഞു;

“പിന്നേയ്... എടാ, ഏതാണ്ടൊക്കെ തെളിവ്, ആ പെങ്കൊച്ചിന്റെ, അത് അവളുടെ കാമുകനിലേക്ക് എത്തി നോക്കാമെന്നല്ലാതെ മറ്റൊന്നുമില്ല. കോളേജിൽ അന്നുണ്ടായിരുന്ന ചോദ്യം ചെയ്യലിൽ നീയും ഉണ്ടായിരുന്നല്ലോ..!”

ഉടനെയൊന്ന് ശ്വാസം വലിച്ചു വിട്ട് ഊർജ്ജം സംഭരിച്ചെന്നവണ്ണം മറുപടിയായി ബഞ്ചമിൻ പറഞ്ഞു;

“അവനെ നിങ്ങൾ എന്തിനാ വെറുതെ പിടിച്ചുവെച്ചിരിക്കുന്നത്...? എനിക്ക് തോന്നുന്നില്ല... പിന്നെ,” ചായക്കപ്പിൽ നിന്നും തലയെടുത്ത് ഡി.ഐ.ജി.ക്ക് നേരെ നോക്കിയശേഷം അവൻ തുടർന്നു;

“ആധികാരികമായി പറയാൻ ഞാൻ ആളുമല്ല. ആ വക സമയവും മനസ്സുമെല്ലാം... എല്ലാം പോയി. ഇപ്പോൾ... ഇപ്പോൾ ഒന്നുമില്ല ഞാൻ...”

   

വളരെ പതിയെ ഇങ്ങനെ പറഞ്ഞുനിർത്തുന്നതിനിടയിൽ അവൻ തന്റെ മുറുവിൽ മറ്റേ കൈവിരലുകൾക്കൊണ്ട് തലോടി. ചെറിയൊരു നിരാശ ഈ സമയത്ത് ഡി. ഐ. ജി. യുടെ മുഖത്ത് മിന്നിമറഞ്ഞു. കുറച്ചുനിമിഷങ്ങൾ ഇടവേളയായി പരിണമിച്ചപ്പോൾ അയാൾ തുടർന്നു, ചായ മുഴുമിപ്പിച്ചുകൊണ്ട്;

“എനിക്കും അങ്ങനെയാ തോന്നുന്നത്, ആ പയ്യൻ നിരപരാധിയാ. പക്ഷെ, ഒരു ലീഡ് ഉടനെ വേണം. ഇല്ലേലിപ്പോൾ എന്താ ചെയ്യുക...”

തന്റെ മൂക്കത്തേക്ക് ഒരുവിരൽ വെച്ച് മുഖത്താകെ തിരച്ചിലിന്റെ ഭാവം വരുത്തി അയാളിങ്ങനെ നിർത്തി.

തന്റെ കൈയ്യിലെ മുറുവിൽ മെല്ലെ തലോടിക്കൊണ്ടിരുന്ന കൂട്ടത്തിൽ അവിടേക്കുതന്നെ ഒരു വല്ലാത്തനോട്ടം നോക്കി അവൻ ചോദിച്ചു;

“ഒരു ലീഡ് തന്നാൽ അവനെ വിടാം... അല്ലേ!”

ഒരു നിമിഷം ഡി. ഐ. ജി. അവനെ നോക്കി സ്തംഭിച്ചിരുന്നു പോയി. എന്നാൽ അടുത്തനിമിഷം മറുപടിയെന്നവണ്ണം ഒരുത്സാഹം പ്രകടമാക്കി പറഞ്ഞു;

“എനിക്കവനെ ഉടനെ വിട്ടയയ്ക്കണമെന്നാ...”

   

മുറുവിലുള്ള തലോടൽ നിർത്തി സോഫയിലേക്ക് ചാരിയിരുന്ന് കണ്ണുകൾ അടച്ച് ഇടതുകൈ മടക്കി, അതുകൊണ്ട് അടച്ച കണ്ണുകളെ മൂടിയ ശേഷം അവൻ പറഞ്ഞു;

“കൊലയാളിക്ക് എല്ലാം ചെയ്യാൻ സമയം കിട്ടിയിട്ടുണ്ട്. ഒരുതെളിവും കൂടാതെ കൃത്യമായി ഇരയെ സ്ഥലത്തെത്തിച്ച് 

കൊലപ്പെടുത്തി, കത്തിച്ചിട്ടിരിക്കുന്നു. സമയം... അതിന് ഒരുപാട് ഭാവങ്ങളും അർത്ഥങ്ങളും ഉണ്ട്. പിന്നെ, അവിടുന്ന് കിട്ടിയിരിക്കുന്ന മറ്റു തെളിവുകൾകൊണ്ടൊന്നും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല, സർ...”

അവൻ ഇങ്ങനെ അവസാനിപ്പിച്ചതോടെ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവൻ എന്നാൽ തുടർന്നുപറഞ്ഞു;

 “ഇതൊക്കെ എനിക്ക് തോന്നിയ കാര്യങ്ങൾ ആണ്. എന്റെ മനസ്സിൽ നിന്നും ഉരുത്തിരിഞ്ഞ കാര്യങ്ങൾ... എന്റെ ഇപ്പോഴത്തെ ജീവിതം തന്നെ അർത്ഥരഹിതമായ ഒന്നാണെന്നു വിലയിരുത്തുന്ന നിങ്ങളെപ്പോലുള്ളവർക്ക്, എനിക്കറിയില്ല,... എന്റെ തോന്നലുകളുടെ നിലവാരം! ഇവയെ തിരിച്ചറിയുവാൻപോലും ഇപ്പോഴെനിക്ക് മിനക്കെടുവാൻ 

തോന്നുന്നില്ല, കഴിയുന്നില്ല എന്നതാണ് സത്യം...”

ഇത്രയുംപറഞ്ഞു അവൻ മൗനം പാലിച്ചിരുന്നു. അവന്റെ ചായ അപ്പോഴും നിശ്ചലമായിത്തന്നെ ടേബിളിൽ ഇരുന്നു. എഴുന്നേറ്റശേഷം ഡി. ഐ. ജി. പറഞ്ഞു;

“ഇത്രയും പോലും പ്രതീക്ഷിച്ചല്ല ഞാനിവിടെ വന്നത്... എനിക്കറിയാം...”

ഇങ്ങനെയെത്തിച്ച് നിർത്തിയശേഷം അയാൾ തുടർന്നു;

“ഞാൻ എന്നാൽ ഇറങ്ങട്ടെ, സമയം വൈകി. അവളോടും പറഞ്ഞേക്ക്.”

   

പിന്നെ ഒരുനിമിഷം അവന്റെ കൈയ്യിലെ മുറുവിലേക്ക് നോക്കി ഒന്നു നിന്നശേഷം അയാൾ ചോദിച്ചു;

“എങ്ങനെയുണ്ട്?”

ഒന്നുചിരിച്ചുകൊണ്ട് മറുപടിയായി അവൻ പറഞ്ഞു;

“ആഴ്ച്ച ഒന്നായല്ലോ... ഭേദം ഉണ്ട്.”

തലയാട്ടിയശേഷം അയാൾ പോകാനൊരുങ്ങി. അപ്പോഴേക്കും കിച്ചണിൽനിന്നും ലീന എത്തി പറഞ്ഞു;

“ഈ അങ്കിളിനു ബ്രേക്ഫാസ്റ് കഴിച്ചിട്ട് പൊയ്ക്കൂടെ!?”

ഒരു മന്ദഹാസത്തോടെ തിരിഞ്ഞു നിന്ന് അവർ ഇരുവരെയും നോക്കിക്കൊണ്ട് അയാൾ പറഞ്ഞു;

“എനിക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വന്നുകൂടെ മോളേ, പിന്നൊരിക്കലാവട്ടെ.”

   

ശേഷം അയാൾ പുറത്തേക്കെന്ന ഭാവത്തിൽ അവളെ വിളിച്ചു. ബഞ്ചമിനെ കണ്ണുകൾ മിഴിപ്പിച്ചുകാണിച്ചുകൊണ്ട് അയാളെ പിന്തുടർന്ന് അവൾ മുറ്റത്തേക്കിറങ്ങി.

“ആ മോളേ, എനിക്ക് നല്ല തിരക്കായിരുന്നു. ഇവന്റെ വിശേഷങ്ങളെല്ലാം കാണുന്നവരിൽനിന്നും മറ്റും ഞാൻ 

അറിഞ്ഞു കൊണ്ടാ ഇരുന്നത്.” ഒന്നുനിർത്തി ധൃതിയിൽ അയാൾ തുടർന്നു; “ഇപ്പോൾ അവന്റെ മുൻപിൽ എനിക്കാകെ ചമ്മലായിപ്പോയി. മോളൊന്ന്...”

 ഒരു അപേക്ഷയുടെ മുഖഭാവം ഡി. ഐ. ജി. യിൽനിന്നും കണ്ടതോടെ അവൾ ലാഘവത്തോടെ പറഞ്ഞു;

“അയ്യോ അങ്കിൾ, ചേട്ടന് അതൊന്നുമല്ല പ്രശ്നം, ചേട്ടന് എല്ലാം അറിയാം. ഞാൻ പറഞ്ഞോളാം കൂടെ.”

   

‘ആഹ്’ എന്ന് മൂളിയശേഷം താൻ വന്ന സർവീസ് വക ഇന്നോവയിൽ കയറി യാത്രപറഞ്ഞു ഡി. ഐ. ജി. പോയി. ഈ രംഗം ആദ്യംമുതൽ അവസാനത്തെ ഈ നിമിഷംവരെ കൈകാര്യംചെയ്‌തെന്ന ഭാവത്തിന്റെ ബാക്കിപത്രമായ ആശ്വാസഭാവത്തോടെ ലീന തിരികെ വീട്ടിലേക്കു കയറി.

 

9

   

രാത്രിയുടെ അന്ധതയെ മറികടക്കും വിധം ചന്ദ്രൻ മാനത്ത് പൂർണ്ണത പ്രാപിച്ച് തിളങ്ങി നിന്നു. ഇതേ ഭാവത്തിൽ തന്റെ റൂമിലിരുന്ന് ചില നിയമപുസ്തകങ്ങൾ മറിച്ചു നോക്കുകയായിരുന്നു അഞ്ജന തോമസ്. ഒരിളം മന്ദഹാസം മുഖത്തേന്തി അപ്പോഴേക്കും അവളുടെ ഇളയ അനിയത്തി അഞ്ജലി ഡോർ തുറന്ന് അവിടേക്ക് മെല്ലെ എത്തി.

“ജോസഫ് ചേട്ടനും അന്നമ്മേടത്തിയും ജോലിയെല്ലാം തീർത്ത് ഡിന്നറും കഴിച്ചു കിടന്നു. പിന്നെ, ഇന്നിതാ ഇപ്പോൾ സമയം പതിനൊന്ന് ആകാറായില്ലേ, പപ്പയും മമ്മിയും അവളും ഒന്നും വിളിക്കുമെന്ന് തോന്നുന്നില്ല. അവിടെ ഇപ്പോൾ നല്ല കട്ട പകലല്ലേ... യൂ. എസ്. ല്.”

ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ മന്തം-മന്തം തന്റെ ചേച്ചിയുടെ അടുത്തേക്ക് വന്നു.

“എന്താണ്, ആളെ വഴിതെറ്റിക്കുംവിധം ഒരു സംസാരം!”

ചലനകൂടാതെ ഇരുന്ന ഇരുപ്പിൽത്തന്നെ അഞ്ജന മറുപടിയായി ചോദിച്ചു.

“അല്ലാ, നമുക്കേയ്... ആ... ആ... ബഞ്ചമിൻ ചേട്ടനെ ഒന്ന്‌ കാണാൻ പോകേണ്ടേ...ഇല്ലേൽ മോശമല്ലേ...”

   

അനിയത്തിയുടെ മുനവെച്ചുള്ള ചോദ്യത്തിന് തലമാത്രം തിരിച്ച് ചേച്ചി ഉത്തരം നൽകി;

“നീയല്ലേ പറഞ്ഞത് വേണ്ട പോകേണ്ട എന്ന്, പിന്നെ ഇപ്പോൾ എന്താ!? അല്ലേൽത്തന്നെ ഇത്രയും ദിവസം കഴിഞ്ഞാണോ പോകുന്നത്!”

തലയൊന്ന് താഴ്ത്തി ഒരു കാലിൽനിന്ന്, മറ്റേ കാല് ആട്ടിക്കൊണ്ട് അഞ്ജലി പറഞ്ഞു;

“അതുപിന്നെ, പെട്ടെന്നെങ്ങനെയാ എല്ലാം... ഒന്ന്‌ ഡൈല്യൂട്ട് ആകേണ്ടേ...”

ഉടനെവന്നു മറുപടി;

“ഓ... അങ്ങനെയാണോ!?”

ശേഷം ചെയറിൽനിന്നും എഴുന്നേറ്റുനിന്നുകൊണ്ട് അവൾ തുടർന്നുപറഞ്ഞു;

“എനിക്ക് വിശക്കുന്നുണ്ട്. നീ കഴിച്ചില്ലേൽ വേഗം വാ...”

അപ്പോഴാണ് അനിയത്തിയുടെ ശ്രദ്ധ താനിട്ടിരിക്കുന്ന നിക്കറിന്മേലാണ് എന്നവൾ ശ്രദ്ധിച്ചത്.

“എന്താടീ, നിന്റെ ആരെങ്കിലും ഇവിടെ ഉണ്ടോ!? വല്ലാത്ത ഒരു നോട്ടം നോക്കുന്നു...”

   

ചേച്ചിയുടെ ഈ ധൃതികലർന്ന വാചകങ്ങൾക്ക് മറുപടിയായി അഞ്ജലി ഒന്ന്‌ ചിരിച്ചതേയുള്ളൂ. ഡൈനിങ്ങിലേക്കെന്ന വണ്ണം പോകുവാൻ തുനിഞ്ഞ അഞ്ജന എന്തോ ആലോചിച്ചശേഷം പെട്ടെന്ന് നിന്നുകൊണ്ട് അനിയത്തിയുടെ മുഖത്തുനോക്കി പറഞ്ഞു;

“നിനക്ക് ആരെയേലും വിളിച്ചിവിടേക്ക് കൊണ്ടുവരണം എന്നുണ്ടേൽ നേരെ പപ്പയോടോ മമ്മിയോടോ വിളിച്ചങ്ങു പറഞ്ഞേച്ചാൽ മതി. എന്റെ കാര്യമോർത്ത് നീ പേടിക്കേണ്ട, ഇരുപത്തെട്ടല്ല ഇരുന്നൂട്ടെൻപത് ആയാലും ഞാൻ ആർക്കുമൊരു തടസ്സവുമാകില്ല.”

ഒന്നുനിർത്തി അവൾ തുടർന്നുചോദിച്ചു;

“എന്താ, അങ്ങനെ വല്ല ആഗ്രഹവും ഉണ്ടേൽ ഞാൻ പപ്പയോടു വിളിച്ച് ഇപ്പോൾത്തന്നെ സംസാരിച്ചു ശരിയാക്കിത്തരാം.”

മറുപടിയായി ഒരു തണുപ്പൻ പ്രതികരണം എത്തി;

“ഓ... എനിക്കെങ്ങും വേണ്ട ആരെയും.”

അവളിങ്ങനെ നിർത്തുന്നതിനു മുന്പേ ചേച്ചിയുടെ വാചകങ്ങൾ എത്തി;

“ആ.. എന്നാൽ വാ, വല്ലതും കഴിച്ചേച്ച് കിടക്കാൻ നോക്ക് മോളേ.”

   

ഭക്ഷണം ഡൈനിങ്ടേബിളിൽ വിളമ്പുവാൻ തുടങ്ങിയ അഞ്ജനയെ മറികടന്നു അനിയത്തി ഇരുവർക്കുമായി വിളമ്പി. കഴിക്കുന്നതിനിടയിൽ പലതവണ ചേച്ചിയുടെ മുഖത്തേക്ക് അഞ്ജലി നോക്കിക്കൊണ്ടിരുന്നു. നിരാശ തോന്നിത്തുടങ്ങിയപ്പോൾ അവൾ ശബ്ദിച്ചു;

“അതേയ്... എന്നെ ലീന വിളിച്ചായിരുന്നു. ചെല്ലാൻ പറഞ്ഞിട്ടുണ്ട്. പോയില്ലേൽ മോശമാ...”

കേട്ടയുടൻ അഞ്ജന തന്റെ അനിയത്തിയെ രൗദ്രഭാവത്തിൽ ചാലിച്ച മുഖത്തോടെ നോക്കിയശേഷം പറഞ്ഞു;

“ഇവളെക്കൊണ്ട്... എടീ, പോകാം. ഏതായാലും ഇപ്പോൾ, ഈ രാത്രി പറ്റില്ലല്ലോ! നീയൊന്ന് സമാധാനപ്പെട്.”

അഞ്ജലി മറുപടിയായി മുഖം താഴ്ത്തി, സമ്മതഭാവത്തിൽ. ചേച്ചിയുടെ ശ്രദ്ധ ഭക്ഷണത്തിലേക്കായെന്നായപ്പോൾ ഒരു നേർത്ത പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

   

ഡിന്നറിനുശേഷം ഇരുവരും താന്താങ്ങളുടെ റൂമുകളിലേക്ക് പിരിഞ്ഞു. പതിവിന് വിപരീതമായി തോന്നിക്കും വിധം തന്റെ റൂമിന് എന്തോ പ്രത്യേകതയുണ്ടെന്ന് ബെഡ്ഡിൽ ഇരുന്നപ്പോൾ അഞ്ജനയ്ക്ക് തോന്നി. അവൾ റൂമാകെ ഒന്ന്‌ നോക്കി. കണ്ണുകൾ കറങ്ങി വന്നപ്പോഴാണ് തന്റെ മുന്നിലെ ചെറിയ ഷെൽഫിൽ ഏറ്റവും താഴെഭാഗത്തായിരിക്കുന്നൊരു പുസ്കം അവളെയാകെ ഉടക്കിനിർത്തിച്ചത്. ഒരുനിമിഷത്തെ ഇടവേളക്കുശേഷം അവൾ വേഗം ആ പുസ്തകം വലിച്ചെടുത്ത് പൊടിതട്ടിപ്പോയി. അല്പം പഴക്കംചെന്ന ആ പുസ്തകത്തെയാകെയൊന്ന് ഊതിയശേഷം ഒരിക്കൽക്കൂടി പൊടിതട്ടിക്കൊണ്ട് അവൾ അതിലിരുന്നൊരു അടയാളം തുറന്നു. ഒരു യുവാവിന്റെ ഫോട്ടോ ആയിരുന്നു ആ അടയാളം!


[തുടരും...]


Rate this content
Log in

Similar malayalam story from Drama