Binu R

Romance Thriller

4  

Binu R

Romance Thriller

മറുപുറം

മറുപുറം

4 mins
1.0K



3.


-- ആന്റണീ.... ദേവസ്യേ..... 


വാതിലടച്ചിരിക്കുന്നു. ഇരുട്ട് നിലാവിന്റെ വെട്ടത്തിൽ മാത്രം മാറി നിന്നു. അകത്ത് ആരുമുള്ള ലക്ഷണമില്ല. ഈ മലയോരം മുഴുവൻ നടന്നുതളർന്നു അവിടെയെത്തിയപ്പോൾ... അവർ നാട്ടിൽ പോയിട്ടുണ്ടാവുമോ.. ! ക്ഷീണിച്ചവശനായതുകൊണ്ടും, വിശന്നുപൊരിഞ്ഞിരുന്നതുകൊണ്ടും, രാത്രിയായതുകൊണ്ടും, വീതിയുള്ള ഇളംതിണ്ണ പോലുള്ള ആ പടിക്കെട്ടിൽ തളർന്നിരുന്നുപോയി, അവിടെക്കിടന്നു, ഉറങ്ങിപ്പോയി. 


--ആരെടാ അവിടെക്കിടന്നുറങ്ങുന്നത്..? 


ആരോ ചവിട്ടുന്നു. ആന്റണിയുടെ ശബ്ദം, കാതിൽ വീണു. ഒരു ടോർച്ചിന്റെ വെട്ടം മുഖത്തേക്ക് നീങ്ങുന്നു. 


താനാണെന്ന് പറയുവാനാഞ്ഞു. വാക്കുകൾ പുറത്തേക്ക് വരുന്നില്ല. ആരോ ഒരാൾ ടോർച്ചു വാങ്ങി മുഖത്തേക്കടുപ്പിച്ചു നോക്കി. ടോർച്ചണഞ്ഞു. 


--പ്രകാശചന്ദ്രനല്ലേ അത്. 


ഒരു പിറുപിറുപ്പുപോലെ. ദേവസ്യയുടെ ശബ്ദം. 


-- പ്രകാശചന്ദ്രനോ..!


അവിശ്വസനീയതയുടെ മറുശബ്ദം. അത് ആന്റണിയുടേതും. ടോർച്ചിന്റെ പ്രകാശം ഒന്നുകൂടി അടുത്തുവന്നു. അയാൾ അടുത്തിരുന്നു. 


-- നീയെങ്ങനെ... ! ഇവിടെ വന്നു.. !.എഴുന്നേൽക്ക്. 


അവർ രണ്ടുപേരും കൂടി പിടിച്ച് എഴുന്നേൽപ്പിച്ചു. അപ്പോഴറിഞ്ഞു, വേയ്ക്കുന്നു. ആന്റണി വാതിൽ തുറന്നു. അവർ താങ്ങിയെന്നതുപോലെ അകത്തേക്കാനയിച്ചു. ഒരു സെറ്റിയിൽ പിടിച്ചിരുത്തി. ദേവസ്യ അകത്തേക്കുപോയി. ആന്റണി, അവിശ്വസനീയതയോടെ ചോദിച്ചു. 


-- നീ ചാടിയോ.. ! ജയിൽ.. !.


ശബ്ദിക്കാനാകുന്നില്ല. ഞാൻ കണ്ണടച്ചിരുന്നു. ഒന്നു മുഖം കഴുകാനായെങ്കിൽ എന്നു തോന്നി. കണ്ണു പതുക്കെ തുറന്നു. വെള്ളം കിട്ടിയിരുന്നെങ്കിൽ, മുഖം കഴുകാൻ എന്ന് ആംഗ്യം കൊണ്ടു പറഞ്ഞു. ആന്റണി മേശപ്പുറത്തിരുന്ന കൂജ എടുത്തുകൊണ്ടുവന്നു. 


മുഖം കഴുകിക്കഴിഞ്ഞപ്പോൾ ഒരു വെളിവൊക്കെ വന്നു. ദേവസ്യ ഒരു കുഴിപ്പിഞ്ഞാണത്തിൽ ചോറുമായിവന്നു. അതിനൊരരുകിൽ ഒരു കണ്ണിമാങ്ങയും കുറേ കറിയും മാത്രം. 


-- നീ ഇത് കഴിക്ക്. 


ആ ചോറിനോട് പോരാടുക തന്നെ ചെയ്തു. 

കൈകഴുകി വന്നിരിക്കുമ്പോൾ പറഞ്ഞു , 


- എന്തെങ്കിലും കഴിച്ചിട്ട്, ഒരു രാത്രിയും പകലും കഴിഞ്ഞിരിക്കുന്നു. 


ആ ആദിവാസിയെ കണ്ട കഥയും, അയാൾ തന്ന റാക്കിന്റെയും കിഴങ്ങിന്റെയും കഥപറഞ്ഞു , രാത്രി വിറകുകൂട്ടി കാട്ടിൽ കിടന്നുറങ്ങിയതും. 


അവർ അമ്പരന്നിരുന്നതേയുള്ളൂ. രണ്ടുപേരും ഇടയ്ക്കിടെ മുഖത്തോടുമുഖം നോക്കി. പിന്നെ, ഒരാശ്വാസത്തോടെ  ദേവസ്യ പറഞ്ഞു :


-- നന്നായി, നിനക്ക് ഇങ്ങോട്ടേക്കു തന്നെ വരാൻ തോന്നിയല്ലോ. രാഷ്ട്രപതിക്ക് ദയാഹർജി അയച്ചിട്ടുണ്ട്. നിന്റെ അച്ഛനും സൂര്യചന്ദ്രനും ആവതും ശ്രമിക്കുന്നുണ്ട്. 


-- എന്നിട്ടും രക്ഷയില്ലാതെ വന്നാൽ, ഇവിടുത്തെ നീതിയെയും നിയമത്തെയും പറ്റി പരാമർശിക്കാൻ പല പത്രസംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്. 


ആന്റണിയിൽ ഉയരുന്ന രോഷം.അയാൾ മേശപ്പുറത്തിരുന്ന ഒരു ബാഗിൽ നിന്നും ഒരു പത്രം വലിച്ചെടുത്തു നിവർത്തിക്കാണിച്ചു. 


-- കുറ്റം ചെയ്യാത്തവന് തൂക്കുദണ്ഡന, കുറ്റം ചെയ്തവൻ ഊഞ്ഞാലിലാടുന്നു. 


ഒരു പിറുപിറുപ്പുപോലെ മാത്രമേ അതുവായിക്കാൻ കഴിഞ്ഞുള്ളു. തിരിച്ചവരോട് ചോദിച്ചു. 


--ഇപ്പോഴേ പരാമർശം തുടങ്ങിയാൽ അത് നിയമ ലംഘനമാവില്ലേ ?. 


-- നീ  തന്നെ നിയമം ലംഘിച്ചില്ലേ.?  


അതും പറഞ്ഞ് ആന്റണി ഒന്നു ചിരിച്ചു. 


-- എന്തോന്ന് നിയമ ലംഘനം, പണമുള്ളവന് മാത്രം മതിയോ, നീതിയും നിയമവും?. 


-- എങ്കിലും... 


 -- ഇത്രയൊക്കെയായിട്ടും, നീ തന്നെയിതു പറയുന്നുണ്ടല്ലോ.. 


ദേവസ്യ മൗനം ഭഞ്ജിച്ചു. 

കിടന്നതും ഉറങ്ങിയതും അറിഞ്ഞില്ല. ഉണർന്നപ്പോൾ വെയിലിന് ആരോ മറപിടിക്കുന്നതുപോലെ, തെളിഞ്ഞും മറഞ്ഞും മുഖത്തേക്കടിക്കുന്നു. ചില്ലുജനാല അടച്ചിട്ടിരിക്കുകയാണെങ്കിലും, ചില്ലിൽ പ്രകാശം താളം കൊട്ടുന്നു, ശബ്ദമില്ലെന്നുമാത്രം. എങ്കിലും ആ താളം തന്റെ മനസ്സിനും ശരീരത്തിനും താളമായി. 


   --  പ്രകാശാ, നീ ഉറങ്ങുകയാണോ ?. മത്തായി സാറും മകളും വന്നിരിക്കുന്നു. സാറിന് നിന്നെ ഒന്നു കാണണമെന്ന്. 


ഇന്ന് ഞായറാഴ്ച്ചയാണ് , ഉച്ചക്ക് സുഖമായി ഒന്നു കിടന്നുറങ്ങാമെന്നു കരുതി കിടന്നതാണ്, ഉറങ്ങിപ്പോയി, നല്ല ഉറക്കം. അച്ഛനും അമ്മയും എപ്പോഴാണാവോ വന്നത്. രണ്ടുപേരും കൂടി ഒരു കല്യാണത്തിന് പോയിരിക്കുകയായിരുന്നു. ഏതായാലും എഴുന്നേറ്റു മുൻവശത്തേക്ക് ചെന്നു. അമ്മയുടെ കൂടെ, തളത്തിലേക്കുള്ള വാതിൽക്കൽ റോസും നിൽക്കുന്നു. അച്ഛനും മത്തായി സാറും വർത്തമാനത്തിരക്കിലാണ്. തന്നെ കണ്ടതും മത്തായിച്ചായൻ ഒന്ന് നിവർന്നിരുന്നു. ഒരു ചെറിയ ചിരിയോടെ, മുഖത്ത് ഒരത്സുക്യം നിറച്ച് ചോദിച്ചു. 


-- കിടന്നുറങ്ങുകയായിരുന്നു അല്ലേ.. ശല്യപ്പെടുത്തിയോ !


വെറുതെ ചിരിച്ചു നിന്നു, കൈയുംകെട്ടി. 


-- തന്റെ നഗരത്തിൽ നിന്ന് ജോണിന് ഒരാലോചന വന്നിട്ടുണ്ട്. താൻ ജോലിചെയ്യുന്ന ആ സ്ഥാപനത്തിലെ റീജിയണൽ ഓഫിസിലാണ് ആയമ്മക്കും ജോലി. ഒരു , വത്സമ്മ. അറിയുമോ....? 


വെറുതെയോർത്തു. ഒന്നോ രണ്ടോ തവണയേ റീജിയണൽ ഓഫീസിൽ പോകേണ്ടി വന്നിട്ടുള്ളൂ. കണ്ടിട്ടുണ്ടാവും.. ഓ, ഓർക്കുന്നു. എന്തു പറയേണ്ടൂ എന്നൊന്നാലോചിച്ചു, എന്താണ്, മത്തായിച്ചായന്റെ ഭാവം എന്ന് ആ മുഖമാകെയൊന്നോടിച്ചു നോക്കി. ആ കുട്ടിയുടെ സ്വഭാവം തിരക്കണോ... ഒരു ദല്ലാൾപണി.. മനസ്സിൽ ഗൂഢമായി ചിരിച്ചു. 


-- അറിയില്ല ... കണ്ടിട്ടുണ്ടാവും... ഓർക്കുന്നില്ല.... 


എന്ന് ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു . മത്തായിച്ചായൻ ഒന്ന് ചരിച്ചു കൊണ്ടുതന്നെ പറഞ്ഞു. 


 -- അതെയോ, തന്നെ അറിയുമെന്നാണല്ലോ പറഞ്ഞേ , നന്നായിട്ടറിയുമെന്ന്. ങ്‌ അതു പോട്ടെ, തന്നെ കൂടുതൽ വിഷമിപ്പിക്കുന്നില്ല. ജോണിന്റെ മനസമ്മതമാണ് അടുത്ത ഞായറാഴ്ച. ആദ്യം മുതൽ അവസാനം വരെ താനവിടെ വേണം. 


 -- വരാം. 


ആന്റണി വന്ന് കട്ടിലിൽ ഇരുന്നു. 


-- നീ ഉണർന്നു കിടക്കുകയായിരുന്നോ. എന്താ എഴുന്നേൽക്കാത്തത്. വേണമെങ്കിൽ ഒന്നുകൂടി ഉറങ്ങിക്കോ. ദേവസ്യ മാത്തുക്കുട്ടിയുടെ വീടുവരെ പോയിരിക്കുന്നു. നമ്മുടെ മുകളിലത്തെ തോട്ടത്തിൽ പന്നിയിറങ്ങുന്നുണ്ട്. നീ വന്നതല്ലേ, നിന്നെ ഒന്ന് സത്‌കരിച്ചേക്കാം. രണ്ടാഴ്ച കാട്ടെറച്ചിയൊക്കെ കഴിച്ചുകഴിയുമ്പോൾ ജയിലിൽ നഷ്ടപ്പെട്ട ആരോഗ്യമൊക്കെ തിരിച്ചെടുക്കാം. 


എഴുന്നേറ്റ് ആന്റണിയുടെ ഒപ്പം പുറത്തിറങ്ങി. മുറ്റത്തൊക്കെയൊക്കെയൊന്നു ചുറ്റിനടന്നു. നേരത്തെയൊരിക്കൽ ഇവിടെ വന്നിട്ടുണ്ട്. ഏക്കറുകണക്കിൽക്കിടക്കുന്ന കുറേ സ്ഥലങ്ങളുടെ ഇടയിലെ ഏക മനുഷ്യവാസസ്ഥലം. മറ്റുള്ളത്തോട്ടങ്ങളിലുള്ളവരെല്ലാം മാസത്തിലൊരിക്കൽ വന്നുപോകുന്നവരാണ്. അവർ രണ്ടുപേർ മാത്രം തോട്ടത്തിൽ തന്നെ മദിച്ചുവസിക്കുന്നു. വളരേ അപൂർവമായി മാത്രമേ നാട്ടിലേക്കുപോലും പോകാറുള്ളൂ. 


അന്നും ഇവരോടൊപ്പം കാട്ടിൽ വേട്ടയ്ക്ക് പോയിട്ടുണ്ട്. കിലൊമീറ്ററോളം ഇരുട്ടത്തു കാട്ടിൽ അലഞ്ഞിട്ടുണ്ട്, ദേവസ്യയുടെ പഴയ വേട്ടക്കഥകളും കേട്ട്. ദേവസ്യയുടെ അപ്പൻ ഹൈറേഞ്ചിലെ നല്ലൊന്നാന്തരം വെടിക്കാരനായിരുന്നു. കാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ വനം വകുപ്പിന്റെ ആവശ്യപ്രകാരവും അല്ലാതേയും വെടിവച്ചു വീഴ്ത്തുവാനുള്ള അധികാരം കൈപ്പറ്റിയിരുന്നു. വേട്ടക്കാരൻ മാത്തുണ്ണി. അവസാനം ഒരൊറ്റയാന്റെ മുമ്പിൽ ജീവനും അടിയറവുവച്ചു. മുന്നോട്ട് വരുന്നത്, ഒറ്റയാനാണെങ്കിലും നേരെനിന്ന് വെടിവയ്‌ക്കും. മാത്തുണ്ണിയുടെ ഇരട്ടക്കുഴൽ തോക്കിന്നൊരിക്കലും ഉന്നം പിഴക്കില്ല. ആരെങ്കിലും അത് നോക്കിനിൽക്കുകയാണെങ്കിൽ അവന്റെ ഊർദ്ധ്വം അപ്പോൾ തന്നെ പോകും !.ആന ചെരിഞ്ഞു കഴിയുമ്പോൾ ഊർദ്ധ്വം വന്നു ജഡത്തിൽ കയറും. പിന്നെ അയാൾ നാട്ടിൽ വന്നു വമ്പുപറയും. ഒടുവിൽ, സ്ഥിരം കൃഷി നശിപ്പിക്കുന്ന ഒറ്റയാന്റെ മുമ്പിൽ മാത്തുണ്ണിയെ ദൈവം ചതിച്ചു. ആദ്യ വെടി പൊട്ടിയില്ല. രണ്ടാമത്തെ വെടി തൊട്ടുതൊട്ടില്ലെന്ന മട്ടിൽ കടന്നുപോയി. അന്ന് ദേവസ്യക്ക് പതിനെട്ടുവയസ്സ്. 


പിന്നെ ദേവസ്യ ചുരമിറങ്ങി നാട്ടിൽ വന്നു. ആന്റണിയുമായി ചേർന്ന് ബിസ്സിനെസ്സ് തുടങ്ങി. ഒടുവിൽ അവർ തന്റെ സുഹൃത്തുക്കളായി. 


 -- നേരം സന്ധ്യയായി. നീയെന്താ ആലോചിക്കുന്നത്. ? 


ദേവസ്യയാണ്. വേർത്തിരുന്ന ദേഹം ഒരു തോർത്തുകൊണ്ട് തുടച്ച് പ്രകാശന്റെ അടുത്തുവന്നു. കാട്ടിറച്ചിയും മദ്യവും ദേവസ്യക്ക് കുടവയറും കൊടുത്തിരിക്കുന്നു. ദേവസ്യ നല്ല വേട്ടക്കാരനാണ്, പക്ഷേ, അവൻ പറയുന്നത്, ആനയെകണ്ടാൽ മുട്ടിടിക്കുമത്രേ. 


 അവരുടെ താഴത്തെ അതിരിൽക്കൂടിയൊഴുകുന്ന കാട്ടാറിൽ മുങ്ങിക്കുളിക്കുമ്പോൾ, ഓർത്തു.... 


 -- പ്രകാശനെന്തേ നീന്തൽ പഠിക്കാത്തെ..? 


--എന്തിന് ! എപ്പോഴും നീയുണ്ടാവില്ലേ കൂടെ. 


റോസിനൊപ്പം ഒരുകുളക്കരയിൽ മീനുകളുടെ വിളയാട്ടം കണ്ടുനിൽക്കുമ്പോളൊരിക്കലാണ് അവളിങ്ങനെ ചോദിച്ചത്. പിന്നെ അവളെയൊന്നരിശംപിടിപ്പിക്കയുവാനായി പറഞ്ഞു. 


 -- ഓ, നീയൊരു ക്രിസ്ത്യൻ പെൺകുട്ടി. വീട്ടുകാർ നിശ്ചയിക്കുന്ന ഒരു ക്രിസ്ത്യൻ ചെറുപ്പക്കാരൻ നിന്റെ കഴുത്തിൽ മിന്നുകെട്ടും. പിന്നെ മിട്ടായിത്തെരുവിൽക്കണ്ട പരിചയം പോലുമുണ്ടാവില്ല. അല്ലേ..? 


അവളുടെ കണ്ണിൽ പെട്ടെന്ന് കുറേ കണ്ണുനീർത്തുള്ളികൾ ഉരുണ്ടു കൂടി. 


-- അങ്ങനെയൊന്നുണ്ടാവില്ല. 


--പിന്നെ സന്യസിക്കാനാ ഭാവം.. !.ജോൺ നിന്റെ കഴുത്തറക്കും. 


റോസിന്റെ കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണുനീർ ഉരുണ്ടുതാഴോട്ടുവീണു. അത് താൻ തീരെ പ്രതീക്ഷിച്ചിരുന്നതല്ല. ആ കരച്ചിൽ മാത്രം ബാക്കിയായി. ഇപ്പോൾ അവൾ ചിരിക്കുകയാവുമോ.. ഇപ്പോൾ അവളും അറിഞ്ഞുകാണും, പ്രകാശചന്ദ്രൻ ജയില്ച്ചാടി. പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്നു..... 

                      തുടരും. 

          


Rate this content
Log in

Similar malayalam story from Romance