Shareef Ali

Romance Action Thriller

3.0  

Shareef Ali

Romance Action Thriller

ഖുറൈഷി പരിയേയിച്ചി

ഖുറൈഷി പരിയേയിച്ചി

7 mins
401


ചില തലതിരിഞ്ഞവരുടെ പ്രവർത്തനങ്ങൾ ചരിത്രമാവും. ആരോ വരച്ച വരയിലൂടെ നടക്കാൻ ആർക്കും പറ്റും. സ്വന്തമായി വരഞ്ഞ ഒരു വരയിലൂടെ നടന്ന ഒരു തല തിരിഞ്ഞ ബ്രാഹ്മണനാണീ കഥയിലെ നായകൻ.


കിഴക്കൻ പേരാമ്പ്രയിലെ പ്രശസ്തമായ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ച സമർത്ഥനായ ആ കുട്ടി വേദങ്ങളും മന്ത്രങ്ങളുംആയോധനകലകളും പഠിച്ച് വളർന്നെങ്കിലും താൻ നിൽക്കുന്ന ജന്മിത്വവ്യവസ്ഥിതിയോടും ചാതുർവർണ്യത്തോടും ശക്തമായി വിയോചിക്കപ്പെട്ട് തന്റെ അന്വേഷണത്തിലൂടെ നീങ്ങിയ ആ യുവാവ് അവസാനം എത്തിപ്പെട്ടത് ജ്ഞാനിയായ ഒരു സൂഫി വര്യന്റെ മുൻപിലായിരുന്നു.


അദ്ദേഹത്തിൽ നിന്ന് ആത്മാന്വേഷണത്തിന്റെ പൊരുളും വൈദ്യവും ഖുർആനിന്റെ സമഭാവനയും ഉൾകൊണ്ടു. പിന്നീട് ആ യുവാവ് തന്റെ സൃഷ്ടാവിനെ തിരിച്ചറിഞ്ഞ് അവനുമായുള്ള ഇശ്കിൽ താനില്ലാതാവുന്നതും, അവൻ മാത്രം അവശേഷിക്കുന്നതും തിരിച്ചറിഞ്ഞ് ആത്മീയതയുടെ സുല്ലമിലൂടെ കയറിപ്പോയി മുസ്ലിമായി. സൂഫിസത്തിന്റെ ഗുരുവര്യനായ മൊയ്തീൻ ഷേക്കിന്റെ പേര് സ്വയം സ്വീകരിക്കുകയും ചെയ്തു. കലിയിളകിയ ബ്രാഹ്മണ കുടുബം മൊയ്തീനെ പടിയടച്ച് പിണ്ഡം വെച്ചു. ആ ബ്രാഹ്മണ കുടുംബത്തിന്റെ ജന്മസ്വത്തായിരുന്ന ഊരത്ത് പ്രദേശത്തെ ഇടവലത്ത് പറമ്പിൽ ഒരു ചെറിയ കൂര കുത്തി മൊയ്തീൻ താമസം തുടങ്ങി. ആ പ്രദേശത്ത് താമസമാക്കുമ്പോൾ അവിടുത്തെ ജന്മി കുടുംബമായിരുന്ന കോവുമ്മൽ ജന്മി അമ്മദ് സാഹിബിനോട് സമ്മതം ചോദിക്കണമെന്ന കീഴ്വഴക്കം തെറ്റിച്ച മൊയ്തീനോട് അദ്ദേഹത്തിന് അനിഷ്ടമുണ്ടാവുകയും, അത് ഒരു ശത്രുതയിലേക്ക് കാര്യങ്ങളെ നയിക്കുകയും ചെയ്തു.


തന്റെ കൂരക്ക് ചുറ്റുമുള്ള കാട്ടിൽ നിന്ന് മരം മുറിച്ച് കല്ലായിയിൽ എത്തിച്ച് വിൽക്കുകയും, മരം മുറിച്ച സ്ഥലത്ത് തെങ്ങിൻ തൈകൾ വെക്കുകയും, താഴ്ന്ന സ്ഥലങ്ങളിൽ നെല്ല്നട്ടും മൊയ്തീൻ അൽപ്പാൽപ്പമായി പച്ച പിടിക്കാൻ തുടങ്ങി സ്വാഭാവികമായും കുടുംബത്തിന്റെ ശത്രുത കൂടി വരികയും, മൊയ്തീനെ അവിടുന്ന് കുടി ഒഴിപ്പിക്കാൻ വടകര കച്ചേരിയിൽ കേസ് കൊടുക്കുകയും ചെയ്തു. മൊയ്തീനും വക്കീലിനെ ഏർപ്പാടാക്കി, കൃഷി പോലെ തന്നെ വ്യവഹാരവും ജീവി തത്തിന്റെ ഒരു ഭാഗമായി മാറി. മാസത്തിലൊരിക്കൽ കേസ് നടത്താൻ വടകരയിലേക്കുള്ള ഒരു കാൽ നട യാത്രയിലാണ് മൊയ്തീൻ പരിയേയിച്ചിയെ കണ്ടു മുട്ടുന്നത്.


വടകരയിൽ നിന്ന് നടന്ന് വില്യാപ്പള്ളിയിൽ എത്തിയപ്പോൾ മൊയ്തീനും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ആലിയും അവിടെ ഉള്ള ഒരു സ്രാമ്പിയിൽ കയറി നിസ്കരിച്ചു. നല്ല കാറ്റുള്ള സ്രാമ്പിയിൽ അൽപ്പം വിശ്രമിക്കാൻ ഇരുവരും തീരുമാനിച്ചു. അതേ സമയം അതിന് അടുത്തുള്ള വില്യാപ്പള്ളി പറമ്പിൽ ചിറ്റക്കോത്ത് തറവാട്ടിൽ വലിയ ഒരു പ്രശ്നം നടക്കുന്നുണ്ടായിരുന്നു.


ചിറ്റക്കോത്ത് പരിയിച്ചി അതി സുന്ദരിയായിരുന്നു. ചെറുപ്രായത്തിൽ തന്നെ പാനൂരിലെ മൊയാരക്കണ്ടി വാവാച്ചിയുമായുള്ള കല്യാണം കഴിഞ്ഞു. സന്തോഷപരമായ ദാമ്പത്യത്തിൽ ഒരു ആൺകുട്ടി പിറന്നു. അവന് അമ്മദ് എന്ന് പേരു വിളിച്ചു. കാലത്തിനു തന്നെ അസൂയ മൂത്തപ്പോൾ വാവാച്ചി അകാലത്തിൽ മരിച്ചുപോയി. ബാപ്പയുടെ നിർബന്ധത്തിനു വഴങ്ങിയാണ് രണ്ടാം കല്യാണത്തിന് പരിയേയിച്ചി സമ്മതിച്ചത്. ഒന്നര വയസ്സുള്ള അമ്മദിനെ ഒക്കത്ത് വച്ചു കൊണ്ട് പരിയേയിച്ചി തന്റെ കാനോത്ത് ഓതുന്നത് അകത്തു നിന്ന്ന് കേട്ടു മാഹിക്കാരൻ പുയ്യാപ്ലയുമായി സന്തോഷമായി തന്നെയായിരുന്നു അവൾ പിന്നീടും ജീവിച്ചിരുന്നത്. മുൻകോപിയായിരുന്ന ഭർത്താവ് ഇടക്കിടക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ മാത്രമായിരുന്നു ഒരു തലവേദന. കാലം കടന്നുപോയി. പുതിയാപ്ലയുടെ മുൻ കോപം കൂടി വന്നു കൊണ്ടിരുന്നു. ഏതിനും എന്തിനും ദേഷ്യം പിടിക്കുന്ന ഭർത്താവ് പരിയേയിച്ചിയുടെ പേടിസ്വപ്നമാവാൻ തുടങ്ങി. അമ്മദിനെ അവഗണിക്കുന്നു എന്ന തോന്നൽ പരിയേയിച്ചിയുടെ ഉള്ളിൽ ഒരു നീറ്റലായി നിറഞ്ഞു. ഒരു ദിവസം ദേഷ്യം മൂത്ത പുയ്യാപ്ല അറിയാതെ പരിയേയിച്ചിയെ മുത്തലാക്ക് ചൊല്ലിപ്പോയി. മൂന്ന് ത്വലാക്കും സാക്ഷികൾ മുമ്പാകെ ചൊല്ലിക്കഴിഞ്ഞാണ് തന്റെ വെറുപ്പിൽ ചെയ്തു പോയ മണ്ടത്തരം പുതിയാപ്ലക്ക് മനസിലാവുന്നത്. രണ്ടാമത് നിക്കാഹ് കഴിക്കാതെ പരിയേയിച്ചിയെ കാണാൻ കഴിയില്ല എന്ന് അവളുടെ വാപ്പ പ്രഖ്യാപിച്ചു. കാളിയാരെ വിളിക്കാൻ മാഹിക്കാരൻ പള്ളിയിലേക്ക് ഓടി.


വിവരം കേട്ട കാളിയാർ അങ്കലാപ്പിലായി.വടകര ഖാളിയെ കണ്ട് മസ്അല ചോദിക്കാൻ ആളെ വിട്ടു. എല്ലാരും ഒരു കാര്യത്തിൽ യോജിച്ചു. മൊഴി ചൊല്ലിയയാൾക്ക് രണ്ടാമത് നിക്കാഹ് ചെയ്തു കൊടുത്താൽ അത് സ്വഹീഹാവുകയില്ല. നിക്കാഹ് ചെയ്യണമെന്ന് നിർബന്ധമാണങ്കിൽ മറ്റൊരാൾ നിക്കാഹ് ചെയ്ത് മൊഴി ചൊല്ലണം. (ഇങ്ങനെ പേരിനുള്ള കല്യാണത്തിനാണ് ഇടക്കെട്ട് എന്ന് പറയുന്നത്).


ഇടക്കെട്ട് കെട്ടാൻ ആള് വേണം. പലരും പലരേയും നോക്കി പുറപ്പെട്ടു. ആരെ കൊണ്ട് ഇടക്കെട്ട് കെട്ടിക്കും എന്ന വേവലാതിയോടെ മൊല്ലാക്ക അസർ ബാങ്ക് കൊടുക്കാൻ സാമ്പിയിലേക്ക് ഓടിക്കയറിയപ്പോൾ തന്നെ മൂലക്ക് ചുരുണ്ട് കിടന്നുറങ്ങുന്ന മെലിഞ്ഞ മൊയ്തീനെ കണ്ടു. മൊല്ലാക്ക വുളുവെടുത്ത് ബാങ്ക് കൊടുക്കാൻ തുടങ്ങി. ബാങ്കിന്റെ ശബ്ദം കേട്ട മൊയ്തീനും ആലിയും എഴുനേറ്റ് വുളു എടുക്കാനായി കിണറ്റിൻ കരയിലേക്ക് നീങ്ങി.


നിസ്കാരം കഴിഞ്ഞപ്പോൾ മൊല്ലാക്ക മൊയ്തീനെയും കൂട്ടി ഒരു മൂലയിൽ ഇരുന്നു കാര്യം കേട്ട മൊയ്തീന് വല്ലാത്ത അമർഷം തോന്നി. ഒരു പെണ്ണിനെ കൊണ്ട് കോലം കെട്ടിക്കുന്നതിന്നും ഇല്ലേ ഒരു അതിര്? മൊയ്തീൻ പുറത്ത് ഒരു ഭാവ വ്യത്യാസവും കാണിച്ചില്ല. മൊല്ലാക്ക രാത്രിയിൽ കിട്ടുന്ന നെയ്ച്ചോറിനെ കുറിച്ചും പിറ്റേന്ന് മൊഴി ചൊല്ലുമ്പോൾ വലിയ പണം തരുന്നതിനെ കുറിച്ചും വാക്ക് മുറിയാതെ സംസാരിക്കാൻ തുടങ്ങി.


“നമുക്കാ പുര വരെ പോകാം”


മൊയ്തീൻ പറഞ്ഞു.


ഇടക്കെട്ടിന് ആളെ കിട്ടിയ സന്തോഷത്തോടെ മൊല്ലാക്ക ഏറ്റവും മുന്നിലും അതിന്റെ പിന്നിൽ ആലിയും ഏറ്റവും പിറകിലായി മൊയ്തീനും ആ ഒറ്റയടി പാതയിലൂടെ നടന്ന് നീങ്ങി. ആ പാത ചെന്ന് അവസാനിച്ചത് ഒരു വലിയ തറവാട്ടിന്ന് മുൻപിലായിരുന്നു. പനയോല മേഞ്ഞ, മണ്ണു കൊണ്ടും തടി കൊണ്ടും ചിത്രപ്പണി നടത്തിയ ആ തറവാട്ടിന്റെ മുറ്റത്ത് എത്തിയപ്പോൾ അകത്ത് നിന്ന് കുറച്ച് പെണ്ണുങ്ങൾ എത്തി നോക്കുന്നത് മൊയ്തീൻ കണ്ടു.


മൊല്ലാക്കയെ പിന്നിൽ നിന്ന് ചൊട്ടി മൊയ്തീൻ ചോദിച്ചു.


“അതിൽ പെണ്ണേതാ?'


“ആ പച്ച തട്ടം”


സുന്ദരമായ ആ മുഖത്തെ ദൈന്യത മൊയ്തീൻ തിരിച്ചറിഞ്ഞു. മൊയ്തീൻ മെല്ലെ വിളിച്ചു.


"ആലീ"


ആലി മറുപടി ഒന്നും പറയാതെ ചെവി മെയ്തീനോട് അടുപ്പിച്ചു.


പിന്നീട് ഒന്നും പറയാതെ തിരിഞ്ഞ് നടന്നു.


അത് വകവെക്കാതെ മൊയ്തീൻ മൊല്ലാക്കയോട് ചോദിച്ചു


“നിന്നാൽ എന്ത് തരും?'


നെയ്ച്ചോറ് തിന്ന് വട്ടയിൽ നിന്ന് വെള്ളം കോരിക്കുടിക്കുമ്പോൾ പടിപ്പുരയിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ട മൊയ്തീൻ അങ്ങോട്ട് നടന്നു. പടിപ്പുരയുടെ ഇരുട്ടിന്നപ്പുറത്ത് ചെറിയ ഒരു കൂട്ടം .


“ആരാ ?"


“എന്റെ പെണ്ണിന്റെ മേലെങ്ങാനും തൊട്ടാൽ ..." 


മൊയ്തീന് ആളെ മനസ്സിലായി .മാഹിക്കാരന്റെ കൂടെ ഉണ്ടായിരുന്ന ആരോ മൊയ്തീനെ ഒന്ന് പിടിച്ച് തള്ളി.


അറയുടെ വാതിലടക്കാൻ പാടില്ല. അടച്ചാൽ മയ്യത്താവും, മൊല്ലാക്ക പേടിപ്പിച്ച് കൊണ്ടിരുന്നു. രണ്ട് ഭാഗത്തും പത്തായമിട്ട് ഒരു ഇടനാഴി ആയിരുന്നു മൊയ്തീന്റെയും പരിയേച്ചിയുടെയും അറ. രണ്ട് ഭാഗത്തും വാതിൽ ഉണ്ടായിരുന്നത് കൊണ്ട് രണ്ട് ഭാഗത്തും കാവൽക്കാർ ഉണ്ടായിരുന്നു. മൊയ്തീൻ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കൻ തുടങ്ങി. അക്ഷര ശുദ്ധിയുള്ള മലയാളം അത് വരെ കേട്ടിട്ടില്ലാത്ത മൊയ്തീന്റെ ഗാംഭീര്യമേറിയ ശബ്ദം പരിയേച്ചിയെ വല്ലാതെ ആകർഷിച്ചു. മൊയ്തീൻ പരിയേയിച്ചിയുടെ വിഷയങ്ങൾ ചോദിച്ചറിഞ്ഞു. പരിയേയിച്ചി തിരിച്ചും.


രണ്ടാളും പരസ്പരം മനസ്സിലാക്കാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല. കാവൽക്കാർ ഉറക്കമായപ്പോൾ മാഹിക്കാരനും കൂട്ടുകാരും ശബ്ദമുണ്ടാക്കാതെ മുറിയിൽ കയറി ഇരുവരെയും പുലയാട്ട് വിളിച്ചു. അതിനിടയിൽ പരിയേയിച്ചിയുടെ മുഖത്ത് ഒന്ന് അടിക്കുകയും ചെയ്തു. മൊയ്തീൻ ഒന്നും മിണ്ടിയില്ല. അവർ പരിയേയിച്ചിഉമ്മയുടെ ഉപ്പ ഉറക്കം തെളിയുമെന്ന് പേടിച്ച് പെട്ടെന്ന് പുറത്തേക്ക് പോയി.


“എന്റെ കൂടെ വരുന്നോ നീ ?


“ഇങ്ങക്ക് എന്നെ ഈടുന്ന് കൊണ്ടോകാനാവ്വോ?'


“ആവുമെങ്കിൽ? “


“പോരാം''


പരിയേയിച്ചി കലങ്ങിയ കണ്ണോടെ ആ തമാശ പറഞ്ഞ് ചിരിച്ചു. 

"നിന്റെ ഉപ്പ എന്നോട് മഹർ ചോദിച്ചില്ല. നിനക്ക് ചോദിക്കാം" 


'ഇങ്ങളെ ഇഷ്ടം"


മൊയ്തീൻ അരയിൽ നിന്നും പത്ത് പൊൻ പണം എടുത്തു. നിലത്ത് അട്ടിയിൽ വെച്ച് പരീയേയിച്ചിയുടെ നേരെ നീക്കി. പരിയേയിച്ചിക്ക് ആദ്യമായി അപ്പോഴാണ് മൊയ്തീൻ ഒരു അത്ഭുതമായി മാറുന്നത്. അവൾ മൊയ്തീന്റെ കണ്ണുകളിലേക്ക് നോക്കി. നല്ല ആജ്ഞാശക്തിയും കാഠിന്യവുമുള്ള കണ്ണുകൾ.


അവൾ അറിയാതെ ചോദിച്ചു പോയി


“ഇങ്ങള് വെറും മൊയ്തീനോ അല്ല മൊയ്തീൻ ശേക്കോ ??'' 

മൊയ്തീൻ ചിരിച്ചു. അവൾ വീണ്ടും അവളുടെ ആവശ്യം വെറുതേ പറഞ്ഞു.


“എന്റെ മോനെ കൂടെ കൂട്ടണം'


“പിന്നെ അവനെ ഒറ്റക്ക് ഇവിടെ നിർത്താൻ പറ്റുമോ?''


നേരം 4 മണിയായി.


വാതിലുകൾക്ക് കുറ്റിയില്ല എന്നത് ആദ്യമെ മൊയ്തീൻ മനസ്സിലാക്കിയിരുന്നു. രണ്ട് പത്തായവും ഇരുവശത്തേക്ക് നീക്കി മൊയ്തീൻ വാതിലുകൾക്ക് കുറ്റി തീർത്തു. മൊയ്തീന്റെ കൈകരുത്ത് കണ്ട് പരിയേയിച്ചിയുടെ കണ്ണ് മിഴിച്ച് പോയി.


വില്യപ്പള്ളിക്കാരും മാഹിക്കാരനും സുഹൃത്തുക്കളും വാതിൽ പൊളിക്കാൻ ശ്രമം തുടങ്ങി. എന്നാൽ കൊള്ളക്കാരെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ വാതിലുകൾ പൊളിക്കാൻ പ്രയാസമായിരുന്നു.


കൃത്യം 5 മണിക്ക് ദൂരെ നിന്നും ഇതു വരെ കേൾക്കാത്ത ഒരു പക്ഷിയുടെ ശബ്ദം പരിയേയിച്ചിയും മൊയ്തീനും കേട്ടു. മൊയ്തീൻ മെല്ലെ എഴുന്നേറ്റു. മുൻഭാഗത്ത് മുട്ടിച്ച പത്തായം മെല്ലെ നീക്കി. ആരൊക്കെയോ തിക്കിതിരക്കി മുറിയിലേക്ക് കടക്കാൻ ശ്രമിച്ചു. ആദ്യം കടന്ന മാഹിക്കാർ മൊയ്തീന്റെ ചവിട്ട് കൊണ്ട് പുറത്തേക്ക് തെറിച്ചു വീണു. പിന്നാലെ മൊയ്തീനും പുറത്തേക്ക് ചാടി. മെലിഞ്ഞ മൊയ്തീന്റെ കളരി ചുവടുകൾ അന്ന് വില്യാപ്പള്ളിക്കാർ ശരിക്കും കണ്ടു. കുറച്ച് നേരത്തെ അടി തടവിൽ തെറിച്ച് വീണവർ കത്തിയുമായി മുന്നോട്ട് കുതിക്കുന്നത് കണ്ട് മൊയ്തീൻ അരയിൽ കെട്ടിയ ഉറുമി എടുത്ത് ചുറ്റും ചുഴറ്റി. അതേ സമയം തന്നെ സുഹൃത്ത് ആലിയും പത്ത് പേരടങ്ങുന്ന സംഘവും വാളുകൾ ചുഴറ്റിക്കൊണ്ട് എങ്ങ് നിന്നെന്നറിയാതെ പ്രത്യക്ഷപ്പെട്ടു.


വില്യാപ്പള്ളിക്കാരും മാഹിക്കാരും നാലു പാടും ചിതറിയോടി


എല്ലാം കഴിഞ്ഞപ്പോൾ പരിയേയിച്ചി പുറത്തിറങ്ങി ഉറക്കെ വിളിച്ചു. "


“അമ്മദേ.." 


അഞ്ച് വയസ്സ് മാത്രം പ്രായമുള്ള അമ്മദ് ഓടി വന്ന് ഉമ്മയുടെ കൈപിടിച്ചു..


മൊയ്തീന്റെ ഒരു കൈ പരിയേയിച്ചിയും മറ്റേ കൈ അമ്മദും പിടിച്ചു കൊണ്ട് ആലിയും സംഘവും കൊണ്ട് വന്ന ചിത്ര പണികളുള്ള മഞ്ചലിലേക്ക് ആത്മാഭിമാനത്തോടെ അവർ നടന്ന് കയറി. അന്ന് അവർ നടന്ന് കയറിയത് ഇടവലത്ത് കുടുംബത്തിന്റെ തുടക്കത്തിലേക്കായിരുന്നു.


മഞ്ചൽ നീങ്ങാൻ തുടങ്ങിയപ്പോൾ അതു വരെ കേൾക്കാത്ത ആ പക്ഷിയുടെ ശബ്ദം പരിയേയിച്ചി വീണ്ടും വ്യക്തമായി കേട്ടു. അവൾ തിരിഞ്ഞ് നോക്കിയപ്പോൾ അത് ആലിയുടെ ചുണ്ടിൽ നിന്നാണെന്ന് മനസ്സിലായി. അവർ ഇരുവരും ചിരിച്ചു. കൂടെ മൊയ്തീനും.


അന്ന് മൊയ്തീന്റെ കൈ പിടിച്ചിറങ്ങിയ ആ അഞ്ച് വയസുകാരനാണ് പിന്നീട് എടവലത്ത് സഹോദരങ്ങളുടെ നെടും തൂണായി മാറിയ എടവലത്ത് അമ്മദ് -


കാലം കടന്ന് പോയി. സ്നേഹ സമൃദ്ധമായ ദാമ്പത്യത്തിൽ മൊയ്തീനും പരിയേച്ചിക്കും മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ടായി. മൂന്ന് ആൺ മക്കളുടെയും സുന്നത്ത് കല്യാണം വിപുലമായ ആഘോഷമാക്കാൻ മൊയ്തീൻ തീർച്ചയാക്കി. പരിയേയിച്ചിയുടെ കുടുംബത്തിനേയും, തന്നോട് അനിഷ്ടമുള്ള ജന്മിയേയും ക്ഷണിക്കാനും തീരുമാനിച്ചു.


ആ ദിവസമെത്തി. അതിഥിയായി ആദ്യമെത്തിയത് പരിയേയിച്ചിയുടെ ഉപ്പയും, ഉമ്മയും ആങ്ങളമാരുമായിരുന്നു. പിന്നെയും ആളുകൾ വന്നുകൊണ്ടിരുന്നു. മൊയ്തീൻ മെല്ലെ ഊട്ടുപുരയിലേക്ക് ചെന്നു.


“നെയ്ച്ചോറിന്റെ അരി വെച്ചില്ലേ ഇതു വരെ ?''


വെപ്പുകാരിലെ മൂപ്പൻ പറഞ്ഞു. “അയിന് തമ്പായി വെരണ്ടോളീ?" 


ജന്മി വന്നാലേ ചോറിന്റെ അരി അടുപ്പത്ത് വെക്കാൻ പറ്റൂ എന്ന നാട്ട് നിയമം മൊയ്തീനെ അസ്വസ്ഥനാക്കി. ജന്മി പിന്നെയും വൈകിയപ്പോൾ മൊയ്തീൻ തന്നെ അരി അടുപ്പത്തേക്ക് വച്ചു. മൊയ്തീന്റെ ആ തലതിരിഞ്ഞ പ്രവർത്തി ഒരു വലിയ ശത്രുതയുടെ തുടക്കമായിരുന്നു.


താനെത്താതെ അരി അടുപ്പത്ത് വെച്ച് മൊയ്തീനെതിരെ ജന്മി തിരിഞ്ഞു. പേരാമ്പ്രയിലെ ബ്രാഹ്മണരെ മൊയ്തീനെതിരായ കേസിൽ സഹായിക്കാൻ തുടങ്ങി. മൊയ്തീനെ വീട്ടിൽ നിന്നും ഇറക്കി വിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മൊയ്തീൻ കേസും കൃഷിയും കച്ചവടവുമായി ജീവിതം തുടർന്നു. കാലം കടന്ന് പോയപ്പോൾ കേസ് മൊയ്തീന് അനുകൂലമായി വിധി പറഞ്ഞു. അത് ജന്മിക്ക് വലിയ കുറച്ചിലായി. അതു പോലെ ശത്രുതയും കൂട്ടി.


മൊയ്തീൻ ഒരു ദിവസം നെഞ്ച് അമർത്തി പിടിച്ചാണ് വീട്ടിലേക്ക് കയറി വന്നത്. വിയർത്തൊലിച്ച് അയാൾ കുപ്പായവും ബനിയനും അഴിച്ചിട്ട് ബടാപ്പുറത്ത് കയറി കിടന്നു. ദൂരെ നിന്ന മൊയ്തീനെ കണ്ട പരിയേയിച്ചി മോരുംവെള്ളവുമായി പുറത്തെത്തിയപ്പോൾ ബടാ പുറത്ത് കിടക്കുന്ന മൊയ്തീനെയാണ് കണ്ടത്. ആ കിടപ്പ് ഒരിക്കലും എഴുനേൽക്കാത്ത കിടപ്പാണെന്നറിഞതോടെ ഒന്നും മിണ്ടാതെ അവർ അകത്തേക്ക് പോയി. അവൾക്കന്ന് ഒരു തരം മരവിപ്പ് മാത്രമാണ് തോന്നിയത് .


മൊയ്തീൻ മരിച്ചന്ന് കരയാതിരുന്ന പരിയേയിച്ചി പിന്നീട് ഒരിക്കലും കരഞ്ഞിട്ടില്ല. മയ്യത്ത് കട്ടിലെടുക്കാൻ ആളുകൾ പള്ളിയിലേക്ക് പോയി. പോയവർ വെറും കൈയ്യോടെ തിരിച്ചു വന്നു. ജന്മിയുടെ പള്ളിയിൽ മൊയ്തീനെ കബറടക്കാൻ പറ്റില്ല.


ജന്മിയോട് സംസാരിക്കാൻ ചിലർ പോവാൻ എഴുന്നേറ്റു അപ്പോൾ അകത്ത് നിന്ന് ഒരു ഉറച്ച ശബ്ദം പുറത്തേക്ക് കേട്ടു.


“മൊയ്തീനിക്ക ജീവിതത്തിൽ ആരോടും കെഞ്ചിയിട്ടില്ല. മൊയ്തീനിക്കാക്ക് വേണ്ടി ഇനിയാരും കെഞ്ചുകയും ചെയ്യണ്ട . മയ്യത്ത് കട്ടിൽ വില്യാപ്പള്ളി പോയെടുത്തോ." 


അത് പരിയേയിച്ചിയുടെ ഉറച്ച തീരുമാനമായിരുന്നു. വില്യാപ്പള്ളി വലിയ പള്ളിയിലാണ് മൌതിനുപ്പാപ്പയുടെ ഖബർ.


കുട്ടികൾ കരുത്തരായി വളർന്നു. പരിയേയിച്ചിയുടെ ശരീര സൗന്ദര്യവും. മൊയ്തീന്റെ കരുത്തും കരളുറപ്പും കിട്ടിയവരായി തന്നെ. കാലം പിന്നെയും കടന്നുപോയി. ഒരു ദിവസം മക്കളെ നാലു പേരേയും വിളിച്ച് പരിയേയിച്ചി പറഞ്ഞു. 


"എനക്ക് പൊയമീൻ കൂട്ടാൻ പൂതിയാന്ന്"


പുഴയിൽ നിന്ന് മീൻ പിടിക്കാൻ ജന്മിയുടെ സമ്മതം വേണമെന്ന് അറിയാതെയല്ല പരിയേയിച്ചി അത് പറഞ്ഞത്. നാല് പേരും അകത്തേക്ക് പോയി തിരിച്ചെത്തി. പുഴയിലേക്ക് നടക്കാൻ തുടങ്ങി. അവരുടെ കരുത്തുറ്റ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന യുദ്ധ ചമയങ്ങൾ പരിയേയിച്ചിക്ക് തിരിച്ചറിയാമായിരുന്നു.


മുന്നിൽ അമ്മദ്. അതിന്റെ പിന്നിൽ കുഞ്ഞബ്ദുല്ല, അതിന് പിന്നിലായി കുഞ്ഞിക്കലന്തൻ ഏറ്റവും പുറകിലായി കുഞ്ഞറ്റി. യുദ്ധഭൂമിയിലേക്കാണ് നടക്കുന്നത് എന്ന തികഞ്ഞ ബോധ്യത്തോടെ അവർ ഉറച്ച കാൽ വെപ്പുകളോടെ നടന്ന് നീങ്ങി.


മൊയ്തീന്റെ മക്കൾ ജന്മിയുടെ പുഴയിൽ നിന്നും മീൻ പിടിക്കുന്നു. ഇതറിഞ്ഞ ജന്മി ചുമരിൽ തൂക്കിയിട്ട് വാളെടുത്തിറങ്ങി. പിന്നാലെ ആയുധങ്ങളുമായി ഇരുപതോളം വരുന്ന സൈന്യവും. കുരുത്തോല കയറിൽ കെട്ടി പുഴയിലിറങ്ങി മീൻ പിടിക്കുന്ന അമ്മദിനേയാണ് ജന്മി കണ്ടത്. ജന്മി വാളുകൊണ്ട് ഓല അറ്റിച്ചിടാൻ തുടങ്ങി. അമ്മദ് വെള്ളത്തിൽ നിന്നും കരയിലേക്ക് കയറി ഉറക്കെ പറഞ്ഞു


“ഓല അറ്റിക്കറ്"


മറുപടിയായി അമ്മദിന് നേരെ വാള് വീശിയ ജന്മിയുടെ പിരടിയിൽ കാട്ടിൽ നിന്ന് പുറത്തേക്ക് ചാടിയ കുഞ്ഞറ്റിയുടെ പുറം കാൽ പതിച്ചു. വാള് വേറെയും ജന്മി വേറെയുമായി പുഴയിൽ വീണു. അതേ സമയം തന്നെ കുഞ്ഞബ്ദുള്ളയും കുഞ്ഞിക്കലന്തനും ഉറുമിയുമായി ജന്മിയുടെ ആളുകളെ നേരിട്ടു. രണ്ടാൾ വീണപ്പോൾ ബാക്കിയുള്ളവർ തിരിഞ്ഞോടി. പുഴയിൽ നിന്നും കയറി വന്ന ജന്മിയെ നാല് പേരും കൂടി പൊതിരെ തല്ലി. അവസാനം വെട്ടാനായി കുഞ്ഞി കലന്തൻ വാളെടുത്തപ്പോഴാണ് കുതിരപ്പുറത്തിരുന്ന് എല്ലാം വീക്ഷിച്ചിരുന്ന പരിയേയിച്ചിയുടെ ശബ്ദം കേട്ടത്.


"കൊല്ലണ്ട വിട്ടേക്ക്" 


അതും പറഞ്ഞ് അവൾ എടവലത്തേക്ക് ഒരു കാറ്റു പോലെ തന്റെ കുതിര പുറത്ത് യാത്രയായി.' 

അർദ്ധ പ്രാണനായി പുഴള്ളയിൽ കിടക്കുന്ന ജന്മിയോട് വാള് താഴെയിട്ട് കുഞ്ഞിക്കലന്തൻ പറഞ്ഞു.


“ഇന്നെ ഞാള് പുഴവക്കത്തെ വള്ള് പോലാക്കുമെടാ"


ജന്മിയുടെ പട്ടാളം സ്വയം പിരിഞ്ഞ് പോയി . ജന്മിക്ക് പുറത്തിറങ്ങാൻ പറ്റാതായി. ജന്മിയുടെ സ്വത്തുക്കൾ ഓരോന്നായി ഇടവലത്തുകാർ പിടിച്ചടക്കി. അവരോട് ചോദിക്കാനും പറയാനും ആരുമില്ലാതായപ്പോൾ മൊയ്തീൻ തന്റെ ജീവിതം കൊണ്ട് എന്തിനെതിരായാണോ കലഹിച്ചത് അതിന്റെ വക്താക്കളായി തന്നെ മൊയ്തീന്റെ മക്കളും മാറി. 


ജന്മിത്വത്തിന്റെ എല്ലാ ദുർഗന്ധങ്ങളും പേറി അവർ ജീവിതം തുടർന്നു.


ഒരു ദിവസം പരിയേയിച്ചി അമ്മദിനെ വിളിപ്പിച്ചു.


“എന്താ ജന്മിയുടെ സ്ഥിതി?"


“മരിക്കാറായിക്ക്"


“എന്നാ മൊയ്തീനിക്കാനെ വെക്കാത്ത പള്ളില് ഓനേയും വെക്കണ്ട."


അവർ നാല് പേരും കൂട്ടായി ആലോചിച്ചു. ഇനിയങ്ങോട്ട് കൈയ്യൂക്ക് പോര, നിയമ സംരക്ഷണം ആവശ്യമാണ് എന്ന അഭിപ്രായം ശരിവെച്ച് പിരിഞ്ഞു.


അമ്മദ് നേരെ പയ്യോളിയിലുള്ള വക്കീലിനെ കാണാൻ പുറപ്പെട്ടു. “പള്ളിക്ക് ഇങ്ങക്ക് എന്താ അവകാശം?


“ഒന്നുമില്ല"


“പിന്നെ എന്ത് പറഞ്ഞ് കേസ് കൊടുക്കും?"


വക്കീൽ ഊറി ചിരിക്കാൻ തുടങ്ങി.


അമ്മദ് ഒരു കിഴിയെടുത്ത് വക്കീലിന്റെ മേശപ്പുറത്ത് വച്ചു. വക്കീൽ പൊക്കി ഭാരം നോക്കി കൊണ്ട് ചോദിച്ചു.


“പൊന്നാണോ ?


 " ആണ് "


“അവകാശമുണ്ടാക്കാം"


പള്ളി ഭരിക്കുന്നത് ഖാളിയാരാണ്. പള്ളിയുടെ അവകാശി അയാളാണ്. അയാൾ കേസ് കൊടുക്കട്ടെ. കോടതി കമ്മീഷനെ വെക്കും. ജന്മിയുടെ പക്ഷത്തുള്ള ഒരാൾ പോലും അന്ന് പള്ളിയുടെ പരിസരത്ത് പോലും പാടില്ല.


വക്കീൽ പറഞ്ഞത് അക്ഷരാർത്ഥത്തിൽ നടപ്പിൽ വന്നു. പള്ളിയുടെ അവകാശം ഖാളിയാരിൽ നിക്ഷിപ്തമായി. അതായത് എടവലത്ത്കാരിൽ തന്നെ.


പരിയേയിച്ചി ഉമ്മ കാത്തിരുന്ന ആ ദിവസം വന്നു. ജന്മി മരിച്ചു. ബന്ധുക്കൾ മയ്യത്ത് കട്ടിലെടുക്കാൻ പള്ളിയിലേക്ക് ചെന്നപ്പോൾ അവർ അവിടെ കണ്ടത് എടവലത്ത്കാർ നാല് പേരേയുമായിരുന്നു. അവർക്ക് കാര്യം മനസ്സലായി. ഒന്നും ചോദിക്കാതെ തിരിച്ച് പോന്നു. നേരെ അടുക്കത്ത് നെരയങ്കോട്ട് പള്ളിയിൽ നിന്നും മയ്യത്ത് കട്ടിൽ എടുത്തു കൊണ്ട് വന്നു.


അന്ന് പരിയേയിച്ചി ഉമ്മ നന്നായി മുറുക്കി . ചുവന്ന പല്ലുകൾ കാട്ടി നീറാലിയിൽ നിന്നും പുറത്തിറങ്ങി ചിരിച്ചു. എന്നിട്ട് മുറ്റത്തേക്ക് നീട്ടി തുപ്പി, വാക്കലേക്ക് തിരിച്ച് നടക്കുമ്പോൾ പിന്നിലെ വയലിൽ നിന്നും നെല്ല് മൂരുന്ന പെണ്ണുങ്ങൾ പാടുന്നത് അവർക്ക് കേൾക്കാമായിരുന്നു.


“ചിറ്റക്കോത്തുമ്മ പരിയിച്ചിന്റെ“


“നീറാലിക്കൂടി വലിക്കുന്നല്ലോ'


“ചിറ്റക്കോത്തുമ്മ പരിയിച്ചി “


"ആനക്ക് പൊമ്പട്ടം കൊടുക്കുന്നല്ലോ"


(ഈ എഴുതിയത് മുഴുവൻ എന്റെ അന്വേഷണത്തിൽ എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്. പലതും വാമൊഴികളാണ്. എന്റെ അറിവുകൾ ഞാൻ ഇവിടെ പങ്കുവെക്കുന്നു.)


Rate this content
Log in

Similar malayalam story from Romance