Dileep Perumpidi

Thriller

4.2  

Dileep Perumpidi

Thriller

പ്രതിയോഗി

പ്രതിയോഗി

6 mins
722


എന്തോ ഒരു ശബ്ദം കേട്ട് പാതിമയക്കത്തിൽ നിന്ന് അയാൾ ഞെട്ടി ഉണർന്നു. വിറയ്ക്കുന്ന കൈകൾ നീട്ടി കസേരക്ക് മുന്നിലെ ഗ്ലാസിൽ ഇരുന്ന ബാക്കി ഒറ്റ വലിക്കു കുടിച്ചു തീർത്തു. ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു. എന്നിട്ടു ലൈറ്റർനായി തിരഞ്ഞു. അടുത്തുള്ള ആഷ്‌ട്രേയിൽ കിടന്ന ലൈറ്റർ എടുത്ത് സിഗരറ്റ് കത്തിച്ചു. മദ്യകുപ്പികളും പത്രപേജുകളും പിന്നെന്തൊക്കെയോ വാരിവലിച്ചിട്ട ആ റൂമിലൂടെ അയാൾ സിഗരറ്റ് വലിച്ചു ബാല്കണിയിലേക്കു നീങ്ങി. കുറച്ചുനേരം ഗേറ്റിനു മുന്നിലെ ഇരുട്ടുനിറഞ്ഞ പാതയിലേക് നോക്കി നിന്നു. 

 

മൂന്ന് നാളായി ഒതുങ്ങിക്കൂടി ആരെയും ഫേസ് ചെയ്യാതെയുള്ള ജീവിതം. കുടിച്ച കള്ളിനും വലിച്ച സിഗററ്റിനും കൈയും കണക്കും ഇല്ല. ഒരിക്കലും ഇതുവരെ ജീവിതത്തിൽ അനുഭവിക്കാത്തത്രയും സമ്മർദ്ദം ആണ് കഴിഞ്ഞ മൂന്നു ദിവസം അനുഭവിച്ചത്‌. ഒരു പക്ഷെ അവൾ പിരിഞ്ഞുപോയപ്പോൾ പോലും ഇത്രമേൽ സമ്മർദം അനുഭവിച്ചിട്ടില്ല. അയാൾ കൈയിലിരുന്ന ഫോണിൽ അവളുടെ നമ്പർ ഡയല് ചെയ്യാൻ ഓങ്ങി, പിന്നെ വേണ്ടന്നുവെച്ചു. അവൾ അറിഞ്ഞുകാണുമോ? അറിയാതിരിക്കാൻ തരമില്ല. ന്യൂസിലും പേപ്പറിലും എല്ലാം തന്നെ വന്നതാണലോ. എന്നിട്ടും അവൾ വിളിച്ചില്ല, സമാധാനിപ്പിച്ചില്ല. ഒരുപക്ഷെ എന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിക്കാണും. അല്ലെങ്കിൽ ഇത് അവളെ ബാധിക്കുന്ന ഒരു കാര്യമേയല്ല എന്ന് വിചാരിച്ചുകാണും. മുൻഭാര്യ എന്ന നിലയിൽ അല്ല, ഒരു സുഹൃത്തെന്ന നിലയിൽ അവളുടെ കാൾ പ്രതീക്ഷിച്ചു. അല്ലേലും തന്റെ സൗഹൃദവലയം പണ്ടും ദുർബലമായിരുന്നു, വിരളമായിരുന്നു. ഇതിപ്പോൾ ഏറ്റവും അടുത്ത സുഹൃത്തെന്നു കരുതിയ ആരോ ഒരാൾ ആണ് ഇതിന്റെയൊക്കെ പിന്നിൽ എന്നോർക്കുമ്പോൾ, വീണ്ടും ആ സത്യം അടിവരയിടപെടുന്നു.   

 

ആരായിരിക്കും സുഹൃത്തിന്റെ മുഖമൂടിയണിഞ്ഞ ആ പ്രതിയോഗി? അന്ന് വെള്ളമടിപാർട്ടിക്കു ഉണ്ടായിരുന്ന അഞ്ചുപേർ. അവരിൽ ഒരാൾ തന്നെ ആണ് ഇതിനു പിന്നിൽ. അവർ ആർക്കും തന്നെ അഴിമതിയുടെ ചരിത്രം ഇല്ല. അതുകൊണ്ടുതന്നെ സാമ്പത്തിക സഹായത്തിനു വേണ്ടി ചെയ്യാൻ ഉള്ള സാധ്യത വളരെ കുറവാണ്. അവരിൽ ആർക്കാണ് എന്റെ  സസ്പെൻഷൻ കൊണ്ട് ഗുണം കിട്ടുന്നത്? ആർകുവേണേൽ ആകാം. ചെറിയ കശപിശകൾ ഒഴിച്ചാൽ ആരുമായും ഒരു വഴക്കു ഉണ്ടായിട്ടില്ല. ഏതെങ്കിലും കാര്യത്തിൽ ആർക്കേലും വൈരാഗ്യം തോന്നിക്കാണുമോ? ഒരുപക്ഷെ ആയിരിക്കാം. കുറച്ചുനാളുകളായി ജീവിതത്തിൽ വരുന്ന പ്രതിസന്ധികൾ പലതും വിധി എന്ന് പറഞ്ഞു തള്ളിക്കളയാറാണ് പതിവ്. പലപ്പോഴും ഏതോ ഒരു അദൃശ്യകരം  അതിനുപിന്നിൽ ഉണ്ടായിരുന്നോ എന്ന് ഇപ്പോൾ സംശയം തോന്നുന്നു. ഒരു പക്ഷെ എന്റെ ഓരോ വീഴ്ചയിലും അവനു അടക്കാനാകാത്ത സന്തോഷം ലഭിക്കുന്നുണ്ടാവും. അവനെ കണ്ടെത്തിയാലും സസ്പെൻഷന്റെ കാര്യത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരാനില്ല. പക്ഷെ അറിയുന്നവരുടെ മുന്നിൽ തലയുയർത്തിനടക്കാൻ , ഒരു അഴിമതിക്കാരനല്ലെന്നു തെളിയിക്കാൻ ഇത് ചെയ്തവനെ കണ്ടെത്തിയേ ഒക്കു. എന്നിട്ടു ആ യൂദാസിന്റെ മുഖത്തോട് മുഖം നോക്കി കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.

 

ആരുടെയോ കാൽപ്പെരുമാറ്റം അയാളുടെ ശ്രദ്ധയിൽ പെട്ടു. അയൽപക്കത്തുള്ള ദിനേശേട്ടൻ ആണെന് ഗേറ്റിനു മുന്നിലെ മങ്ങിയ തെരുവ് വെളിച്ചത്തിൽ തിരിച്ചറിഞ്ഞു. ഗെയ്റ്റിലൂടെ കടന്നുപോകുമ്പോൾ ചിരിച്ചമുഖത്തോടെ അയാൾ തിരിഞ്ഞുനോക്കി, നടത്തത്തിന്റെ വേഗത കുറയ്ക്കുന്നതായി തോന്നി. ചിരിച്ചെന്നു വരുത്തി അയാൾ ഒരു ചോദ്യത്തിനും നിന്നുകൊടുക്കാതെ ഉടൻതന്നെ തിരിച്ചു ബെഡ്റൂമിലേക്ക് നടന്നു. അലങ്കോലം ആയിരിക്കുന്ന ഗസ്റ്റ്റൂമും ബെഡ്‌റൂമും കഴിഞ്ഞ മൂന്നുദിവസത്തിലെ തിരച്ചിലിന്റെ തീവ്രത വ്യക്തമാക്കി. ആ കാഴ്ച അയാളുടെ തലവേദനയും ദേഷ്യവും കൂട്ടി. പതുക്കെ ബെഡിൽ മലർന്നുകിടന്ന് മൂന്ന് ദിവസം മുൻപത്തെ വെള്ളമടി പാർട്ടിയിലെ ഓർമ്മയിലുള്ള ചിത്രങ്ങൾ ഒരുതവണകൂടി മനസ്സിൽ കൊണ്ടുവന്നു. 

 

ഈ വർഷത്തെ തന്നെ ഏറ്റവും സുപ്രധനമായ കേസിന്റെ ഫയൽ ആണ്. അന്ന് ഉച്ചക്കുകൂടെ ആ ഫയൽ തുറന്നു നോക്കിയതാണ്. അതിനുശേഷം വൈകിട്ട് ആറിനും ഏഴിനും ഇടയിൽ ആണ് എല്ലാരും എത്തിയത്. എട്ടുമണിവരെയുള്ള കാര്യങ്ങൾ ഒരുവിധത്തിൽ ഓർക്കാൻ കഴിയുന്നുണ്ട്. അപ്പോളൊന്നും ആരും ഗസ്റ്റ് റൂമിൽ നിന്നും പുറത്തു പോയിട്ടില്ല. അതായത് എട്ടുമണിക്കു ശേഷം ആണ് ആരോ ആ ഫയൽ ബെഡ്‌റൂമിൽ നിന്നും മാറ്റിയത്. ആരെങ്കിലും അതുകഴിഞ്ഞു അവിടെ പോയോ എന്ന് എങ്ങനെ അറിയും. മനു മാത്രം ആണ് കുടിക്കാതിരുന്നത്. അവനു മുഴുവൻ സമയവും ബോധമുണ്ടായിരുന്നു. അവനോട് തന്നെ അന്നത്തെ കാര്യങ്ങൾ ഒന്നൂടെ ചോദിക്കാം. പക്ഷെ അവൻ ആണ് ഇത് ചെയ്തതെങ്കിലോ? എന്തായാലും അവനോട് സംസാരിക്കുക തന്നെ.   

 

"എടാ എനിക്ക് ഇവടെ ഇരുന്നിട്ട് ഒരു സമാധാനം കിട്ടുന്നില്ലെടാ. ചിന്തിക്കുംതോറും ഭ്രാന്ത് കൂടിവരുന്നു. ഉം ... ഉം... ശരിയായിരിക്കാം. എന്നാലും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ആരോ ആണ് ഇത് ചെയ്തതെന്ന് ആലോചിക്കുമ്പോ... എങ്ങനെ സമാധാനിക്കാനാടാ... കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെയൊക്കെ ഞാൻ തപ്പിയതാണ്. അതിവിടെ ഇല്ലെടാ. അന്ന് നിങ്ങൾ അഞ്ചുപേർ അല്ലെ ഉണ്ടായിരുന്നത്. നിങ്ങളിൽ ഒരാൾ അറിയാതെ അത് മിസ് ആകില്ല. എടാ സത്യം പറയാലോ നിന്നെ പോലും വിശ്വസിക്കാൻ എനിക്ക് പറ്റുന്നില്ല. എടാ... അങ്ങനെ ഉദ്ദേശിച്ചല്ല... നീ എന്റെ ഭാഗത്തുനിന്ന് ചിന്തിക്ക്... ഉം... ഉം... എടാ അത് പോട്ടെ. നീയൊരു കാര്യം പറ. അന്ന് എല്ലാരും എപ്പോളാ പോയത്? എനിക്ക് സമയം ഓർമ്മവരുന്നില്ല. അതുകൊണ്ടാ ചോദിക്കുന്നത്. അവർ ഒൻപതിനോ? നിങ്ങൾ രണ്ടുപേരുമോ? ആണോ? നിങ്ങൾ ഇറങ്ങുമ്പോ അവന്റെ കൈയിൽ വല്ലോം ഉണ്ടാർന്നോ? ഒന്ന് ആലോചിച്ചു പറയെടാ... ഉം... ഉം... ശരി. എടാ വെയ്ക്കല്ലേ. ഒരു കാര്യം കൂടെ. അന്ന് ആരേലും ബെഡ്‌റൂമിലേക്കു പോയിരുന്നോ?... ആര് സിദ്ധുവോ...? ആണോ...? എനിക്ക് ഓർമ്മയില്ലേടാ... ഓക്കേ... ഉം. ഓക്കേ... എന്നാ ശരി... നീ നാളെ ഒന്ന് ഇങ്ങോട്ടു വായോ." 

 

രവിയും ജോജുവും മാത്യുവും ഒൻപതോടു കൂടി അന്ന് ഇറങ്ങി. മനുവും സിദ്ധുവും പത്തര ആയി ഇറങ്ങിയപ്പോൾ. മാത്രമല്ല സിദ്ധു വാളുവെക്കാൻ ബെഡ്റൂമിലേക്ക് പോകുന്നത് മനു കണ്ടിട്ടുണ്ട്. അതും ഒമ്പതുമണിക്ക് ശേഷം. ഇത്രേം നാളത്തെ കമ്പനികൂടിയതിൽ നിന്നും ഒരിക്കലും സിദ്ധു വാള് വെക്കുന്നതായിട്ടു കണ്ടിട്ടില്ല. അത് അവന്റെ ഒരു തന്ത്രം ആയിരുന്നോ? 

 

സിദ്ധുവിന്റെ നമ്പർ ഡയൽ ചെയ്‌തെങ്കിലും അവൻ എടുത്തില്ല. വീണ്ടും ഡയൽ ചെയ്തപ്പോൾ സ്വിച്ചഡ് ഓഫ് എന്ന് കേട്ടു. എന്തിനാണ് അവൻ സ്വിച്ച്ഓഫ് ചെയ്തത്? മൂന്ന് ദിവസത്തിനുള്ളിൽ നാല് തവണയോളം അവനെ വിളിച്ചു. അവൻ എടുത്തില്ല എന്ന് മാത്രമല്ല, തിരിച്ചു ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അവന് എന്താണ് എന്നോട് സംസാരിക്കാൻ ഇത്ര മടി? അതോ അവന് എന്തോ ഒളിക്കാനുണ്ടോ? കാര്യങ്ങൾ കുറച്ചൂടെ വ്യക്തമാകേണ്ടതുണ്ട്. ഒരു പക്ഷെ ബാക്കി മൂന്നുപേരിൽ ആർക്കെങ്കിലും എന്തേലും ഒരു ക്ലൂ തരാൻ കഴിയുമായിരിക്കും. കാര്യങ്ങൾ മണത്തറിയാൻ കഴിവ് കൂടുതൽ ഉള്ളത് ജോജുവിനാണ്. അവനെ ഒന്ന് വിളിച്ചുനോക്കാം. 

 

 "എടാ, നീ ഇങ്ങോട്ടു ഒന്ന് വരാമോ?... ഉം... ഒന്നിനും അല്ലെടാ, കുറച്ചുകാര്യങ്ങൾ അറിയാനായിരുന്നു. അന്ന് നീയും ഇവിടെ ഉണ്ടായിരുന്നാലോ? നിങ്ങൾ മൂന്ന് പേരും ഒരുമിച്ചാണോ പോയത്?... ഓക്കേ... ഓക്കേ... എന്തെ നേരത്തെ പോയത്...? ആ നീ പറഞ്ഞത് മറന്നുപോയി... ഓക്കേ... എടാ പിന്നെ ഒരു കാര്യം. അന്ന് നീ പോകുന്നതിനു മുൻപ് ആരുടേലും കൈയിൽ ഒരു ഫയലോ എന്തേലും ബാഗോ മറ്റോ കണ്ടിരുന്നോ?... ആരുടെ സിദ്ധുന്റെലോ...? ബാഗ് ഉണ്ടാർന്നോ...? ഓക്കേ... ഓക്കേ... എടാ ഒരു കാര്യം കൂടെ ചോദിച്ചോട്ടെ ...? എപ്പോളെങ്കിലും സിദ്ധു നിന്നോട് എന്നെപറ്റി എന്തേലും മോശം പറഞ്ഞിട്ടുണ്ടോ?... ഒന്ന് ഓർത്തു പറയെടാ... ആണോ എന്താ പറഞ്ഞെ... നീ പറ... അത് ഓക്കേ, ഞാൻ അവനോട് ചോദിക്കില്ല നീ പറ... ഹോ ... ഓക്കേ... ആ പ്രോപ്പർട്ടി വാങ്ങിയതോ...? ഹോ, ഓക്കേ. ഇതെപ്പോളാ നിന്നോട് പറഞ്ഞത്...? ഓക്കേ ... ഇല്ലെടാ... എന്നാ ശരി പിന്നെ വിളിക്കാം."       

 

അപ്പോൾ കാര്യങ്ങൾ വ്യക്തം. സിദ്ധു തന്നെയാണ് എന്റെ വില്ലൻ. അവനു നോട്ടമുണ്ടാർന്ന പ്രോപ്പർട്ടി ഞാൻ ഇൻഫ്ലുവെൻസ് ഉപയോഗിച്ച് തട്ടിയെടുത്തു എന്ന് അവൻ വിശ്വസിക്കുന്നു. അവൻ എന്നെ തകർക്കാൻ പ്ലാൻ ചെയ്തു. ഒരു പക്ഷെ വേറെ ആരുടെയെങ്കിലും ഹെൽപോടെ അന്ന് ആ ഫയൽ അവൻ വിദഗ്ദമായി കടത്തി. സംശയം തോന്നാതിരിക്കാൻ ഒരു ബാഗും കൊണ്ട് വന്നു, എന്നിട്ടു എന്തോ ബ്രോക്കർക് കൊടുക്കാനുള്ള പേപ്പേഴ്‌സ് ആണ് അതിൽ എന്ന് വരുത്തി തീർത്തു. വാള് വയ്ക്കാൻ എന്ന വ്യാജേന ബെഡ്റൂമിലേക്ക് കടന്നു. ആ ഫയൽ ബാഗിലാക്കുന്നു. ഇവിടെനിന്നും കടക്കുന്നു. 

 

വീണ്ടും ഫോണെടുത്ത് സിദ്ധുവിന്റെ നമ്പർ ഡയല് ചെയ്തു. ഒരു തവണ മുഴുവനായി റിങ് ചെയ്തു. അവൻ എടുത്തില്ല. അയാൾ ഫോൺ നോക്കി ചിരിച്ചു എന്നിട്ടു വീണ്ടും വീണ്ടും ഡയല് ചെയ്തു. ഓരോ തവണയും അയാളുടെ രോഷം കലർന്ന ചിരി കൂടിക്കൂടി വന്നു. നാലാമത്തെ തവണ അവൻ ഫോൺ എടുത്തു.

 

"ആ... എന്തുണ്ട്...? എന്താണെടാ നമ്മൾ ഒന്നും വിളിച്ചാൽ ഫോൺ എടുക്കില്ലാലെ? ഹോ എന്നാൽ പിന്നെ കാണുമ്പോ ഒന്ന് തിരിച്ചുവിളിച്ചൂടെ? ഹോ ശരി ശരി... നീയിപ്പോ എവിടെയാ...? ഹോ... ഇവടെ പരമസുഖം ... എല്ലാം അറിയുന്നുണ്ടലൊ അല്ലെ...? ആ... എനിക്കിതൊന്നും ഒരു പുതുമയല്ലലോ... അതുകൊണ്ട് ഒരു കുഴപ്പോം ഇല്ല... എടാ അന്ന് വെള്ളമടി പാർട്ടിക്ക് വന്നില്ലേ, എന്നിട്ട് എപ്പോളാ നീ പോയത്?... ഓക്കേ... നീ വരുമ്പോ ഒരു ബാഗ് കൈയിൽ ഉണ്ടാർന്നോ... ആ... ഇല്ല ഞാൻ അന്ന് അത് ശ്രദ്ധിച്ചാർന്നു പക്ഷെ ഇപ്പോളാ ഓർമ്മ വന്നേ... ഹാ ഇവിടത്തെ മെയിൻ റിയൽഎസ്റ്റേറ്റ് ബ്രോക്കർ ആകുമോടാ നീ... പിന്നെ നീ അന്ന് ബെഡ്റൂമിലേക്ക് പോയർന്നോ എപ്പോളെങ്കിലും?... നീ നല്ലപോലെ ഒന്ന് ഓർത്തു നോക്ക്... എന്റെ ഓർമ്മ അങ്ങനെ അല്ലലോ... നീ വാളുവെക്കാൻ വേണ്ടി ബെഡ്റൂമിലെ ബാത്റൂമിലേക്കല്ലെ  പോയത്...?ആ... നിനക്ക് നല്ല മറവി ഉണ്ട് ഈ ഇടെയായി... എന്താടാ അന്ന് വാളുവെക്കാൻ...? ഇതുവരെ വെള്ളമടിച്ചു വാളുവെക്കുന്നത് ഞാൻ കണ്ടിട്ടില്ലാലോ...? ഹോ... നീ പറ... ഇത് കണ്ടുപിടിക്കേണ്ടത് എന്റെ ആവശ്യം ആയില്ലേ? അന്നത്തെ പാർട്ടിക്ക് ശേഷം ആണലോ ഫയൽ മിസ് ആയത്. കഴിഞ്ഞ മൂന്നു ദിവസമായി ഞാൻ ഇതിന്റെ പിന്നിലാണ് . കാര്യങ്ങൾ ഓക്കേ കൂട്ടി വായിക്കുമ്പോ അത്ര പന്തിയല്ലലോ മോനെ സിദ്ധു... ഹഹ... ചോദ്യം ചെയ്യൽ ആയി നിനക്ക് തോന്നിയോ... നീയെന്റെ സുഹൃത്താണെങ്കിൽ നിനക്ക് അതിൽ പങ്കില്ല എന്ന് തെളിയിക്കേണ്ട ബാധ്യതാ ഉണ്ടല്ലോ? ആ... നിന്നോട് ഇത്രെയൊക്കെ ചോദിക്കണമെങ്കിൽ എനിക്ക് ചില കാര്യങ്ങൾ മനസിലായി എന്ന് തിരിച്ചറിയാലോ... ഹഹ... നീ ധൃതി പിടിക്കാതെ. എല്ലാം ഞാൻ വിശദമാക്കി തരാം. നിനക്ക് എന്നോട് വല്ല ദേഷ്യവും ഉണ്ടോ ?... നീ തുറന്നു പറ... ഉണ്ടെന്നു ഞാൻ പറഞ്ഞാൽ... നീ പറയെടാ... ഭീഷണി ആയി കൂട്ടിക്കോടാ... അതേടാ... എനിക്ക് ഭ്രാന്തായി എന്ന് തന്നെ കൂട്ടിക്കോ... നീയുത്തരം പറ... അപ്പൊ ഞാൻ ആ പ്രോപ്പർട്ടി വാങ്ങിയതിൽ ഒരു ദേഷ്യവും ഇല്ല എന്നാണോ...? അങ്ങനെ അല്ലലോ ഞാൻ അറിഞ്ഞത്... ആരാ പറഞ്ഞെ എന്ന് നീയറിയണ്ട ... സത്യം നീ പറ സിദ്ധു... ഞാൻ  ഇവിടെ  ഒന്നും നഷ്ടപെടാനില്ലാതെയാ നിൽക്കുന്നത്... ഹലോ... ഹലോ... എടാ... നീ കട്ടുചെയ്തോ..."

 

അയാൾ സ്വന്തം ഫോണിലേക്കു നോക്കി. അത് സ്വിച്ച്ഓഫ് ആയിരിക്കുന്നു. ഫോൺ പോലും അയാൾക്ക്‌ എതിരെ നിൽക്കുന്നതായി തോന്നി. എന്നിട്ട് ഉള്ളിൽ ഇരച്ചുവരുന്ന ദേഷ്യം കടിച്ചമർത്തി. മുഖത്ത് ഒരു നിസ്സംഗത നിഴലിച്ചു നിന്നു. ഇനി അവന്റെ കുറ്റസമ്മതം കേട്ടാലേ സമാധാനമാകു. ചാർജെറിനായി  ടേബിളിന്റെ വലിപ്പിലും പ്ളഗ് പോയന്റുകളിലും നോക്കി. ഇല്ല അവിടെ ഇല്ല. ഗസ്റ്റ് റൂമിലും അടുക്കളയിലും നോക്കി. ഇല്ല. അയാൾക്ക് എന്തെന്നില്ലാത്ത ദേഷ്യവും പകയും തോന്നി. സിദ്ധുവിനോട് മാത്രം അല്ല ഈ ലോകത്തോട് തന്നെ. വീണ്ടും ബെഡ്‌റൂമിലേക്കു വന്നു. അവിടത്തെ അലമാരയിലെ ഓരോ തട്ടിലും നോക്കി. അവിടെ വച്ചിരിക്കുന്ന ഫയലുകൾ ഓരോന്നായി തുറന്നു നോക്കി. എന്നിട്ടു ആ ഫയലുകൾ ഓരോന്നായി താഴെക്കിടാൻ തുടങ്ങി. ഇപ്പോൾ നോക്കുന്നത് ചാർജർ ആണോ ഫയൽ ആണോ എന്നുതന്നെ തിരിച്ചറിയാത്ത വിധം വേഗത്തിൽ ഓരോന്നായി താഴേക്കിട്ടുകൊണ്ടിരുന്നു. ഓരോ നിമിഷത്തിലും അയാളുടെ പ്രവർത്തിയുടെ വേഗത കൂടിക്കൂടി വന്നു. ഇരച്ചു പൊങ്ങിയ ദേഷ്യം നെടുവീർപ്പോടുകൂടിയ കണ്ണീരിലേക്കു വഴിമാറി. അയാൾ പൊട്ടി കരഞ്ഞു ആ തട്ടിൽ ഉള്ള എല്ലാ ഫയലുകളും മറ്റു സാധനങ്ങളും ഒരുമിച്ചു നിലത്തേക്ക് വലിച്ചിട്ടു. അതിൽ ഉണ്ടായിരുന്ന ഒരു മദ്യകുപ്പി നിലത്തു വീണു പൊട്ടി അയാളുടെ കാലിൽ കൊണ്ട് രക്തം പൊടിഞ്ഞപ്പോൾ അയാൾ ഉന്മാദവസ്ഥയിൽ നിന്നും തിരിച്ചു വന്നു. 

 

ചെറിയൊരു തേങ്ങലിൽ അയാൾ കട്ടിലിൽ ഇരുന്നു. എന്നിട്ട് ആ കുപ്പിയിലേക്ക് നോക്കി. അത് റൂമിൽ മൊത്തം ചിന്നിച്ചിതറിയിരിക്കുന്നു. കുപ്പി കാലിയായിരുന്നതുകൊണ്ട് ഫയലുകൾ നനഞ്ഞില്ല. അയാൾ അതിലേക്കു സൂക്ഷിച്ചു നോക്കി. കാലിക്കുപ്പി എങ്ങനെ ഫയലുകളുടെ കൂടെ വന്നു? അയാൾ അതിന്റെ അടുത്തേക്ക് നീങ്ങി. അതെ അന്നത്തെ പാർട്ടിക്ക് ഉപയോഗിച്ച ആ കുപ്പി. അയാളുടെ മനസിൽ പാതി മൂടിയ ഓർമയിൽ ആ കുപ്പിയും പിടിച്ചു ബെഡ്റൂമിലേക്ക് വരുന്ന ഇടതുകൈ തെളിഞ്ഞു. ഒഴിഞ്ഞ വലതുകൈ ബെഡ്‌റൂമിലിരുന്ന മേശയിലെ ഫയൽ എടുത്തു. 

 

അയാൾ ബെഡ്റൂമിന്റെ മൂലയിലേക്ക് ഓടിയടുത്തു. ചപ്പുചവറുകളും മദ്യകുപ്പികളും കൂട്ടിയിട്ടിരുന്ന ബെഡ്റൂമിന്റെ മൂലയിൽ അയാൾ ഓരോന്നോരോന്നായി മാറ്റി നോക്കി. അവക്കിടയിൽ നിന്നു പലപേജുകളായ, ആ നഷ്ട്ടപെട്ട ഫയൽ പെറുക്കിയെടുത്തു. എന്നിട്ടയാൾ തിരിഞ്ഞു കുപ്പിയിലേക്ക് നോക്കി ചിരിച്ചു. തുറന്നു കിടന്ന അലമാരയുടെ കണ്ണാടിയിൽ അയാളുടെ പ്രതിയോഗിയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു. നിലത്തുകിടന്നു മദ്യക്കുപ്പികൾ ആ ചിരിക്കുമാറ്റുകൂട്ടി. മുഖത്തോടുമുഖം നോക്കുന്ന പ്രതിയോഗിയോട്‌ ചോദിക്കാൻ വച്ചിരുന്ന ചോദ്യങ്ങൾ മാത്രം പുറത്തുവന്നില്ല. നാക്കു വായിൽ അള്ളിപിടിച്ചിരുന്നു. 


Rate this content
Log in

Similar malayalam story from Thriller