രണഭൂവിൽ നിന്നും (1)
രണഭൂവിൽ നിന്നും (1)
"ഭാനൂ.. മോളെ... എവിടെയാ കുട്ടീ നീയ്..മോളെ..."
ഉറക്കെ വിളിച്ച് കൊണ്ട് ഭവാനി അടുക്കളപ്പുറത്തു നിന്നുമിറങ്ങി തൊടിയിലെ വാഴത്തോപ്പിലൂടെ നടക്കാൻ തുടങ്ങി...
നന്നേ മെലിഞ്ഞ രൂപമാണ് ഭവാനിക്ക്.. പ്രായം നാൽപ്പത്തിയേഴെങ്കിലും ക്ഷീണിച്ചൊട്ടി ചുളിവുകൾ വീണ മുഖവും നരച്ച് എണ്ണമയം തീരെയില്ലാതെ പാറിക്കിടക്കുന്ന മുടിയും അവർക്ക് പ്രായം അറുപതിനുമപ്പുറം തോന്നിപ്പിക്കുന്നു....
നേരം വെളുത്തു വരുന്നേയുള്ളൂ... അന്ധകാരം വകഞ്ഞു മാറ്റി സൂര്യഭഗവാൻ പ്രകാശം പരത്തി തുടങ്ങിയതേയുള്ളൂ..മകരമാസത്തിലെ പുലർകാല മഞ്ഞ് ആ അന്തരീക്ഷത്തെ തണുപ്പാൽ മൂടിയിരിക്കുന്നു....
"ശ്ശോ.. ഈ കുട്ടിയിത് എവിടെയാണോ എന്തോ..?
ആത്മഗതത്തോടെ ഭവാനി മുന്നോട്ട് നടന്നു..
"മോളെ.. മോളെ..."
"ആ.. അമ്മേ.. ഞാനിവിടെ തൊഴുത്തിലുണ്ട് .. "
ഒരു പെൺകുട്ടിയുടെ സ്വരം തൊഴുത്തിന്റെ ഭാഗത്ത് നിന്നുമുയർന്നു കേട്ടു... ഭവാനി അവിടേക്ക് നടന്നു....
"നീയീ നേരത്തിതെന്താ ചെയ്യണേ കുട്ട്യേ?"
ക്ഷീണമാർന്ന സ്വരത്തിൽ ശ്വാസം മുട്ടി വലിച്ച് കൊണ്ട് ഭവാനി ചോദിച്ചു...
അത് കണ്ട് പശുവിനെ കറന്നുകൊണ്ടിരുന്ന ആ പെൺകുട്ടി പാൽപാത്രം മാറ്റി വച്ച് കിങ്ങിണിപ്പശുവിന്റെ അകിടിൻ ചുവട്ടിലേക്ക് അവളുടെ കിടാവിനെ നിർത്തി കൊടുത്തു....എന്നിട്ട് ഭവാനിയുടെ നേരെ തിരിഞ്ഞു....
പതിനേഴ് വയസ്സ് പ്രായമുണ്ടാ പെൺകുട്ടിക്ക്... എടുത്തു പറയത്തക്ക സവിശേഷതകളൊന്നുമില്ലാത്ത ഒരു സാധാരണ പെൺകുട്ടി... ഇരുനിറത്തിലും അല്പം വെളുത്തിട്ടാണ്... ഭവാനിയുടെ അതേ ഛായയിൽ മെലിഞ്ഞ് പൊക്കം കുറവാണ് അവൾക്ക്...മുതുകിന്റെ പകുതിയോളം വരുന്ന മുടി മെടഞ്ഞു മുൻപോട്ടിട്ടുണ്ട്... ദാവണിയാണ് വേഷം... അതും പഴക്കമേറി നരച്ചു തുടങ്ങിയ ഒന്ന്...കണ്ണുകൾക്ക് ചുറ്റും ചെറുതായി ഇരുണ്ട വലയമുണ്ട്...പക്ഷേ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു...
"അമ്മയിപ്പോ എന്തിനാ ഇങ്ങട് വന്നേ? "
ലേശം ദേഷ്യത്തിലവൾ ഭവാനിയോട് ചോദിച്ചു...
"പി..ന്നെ വരാതെയാ..എണീ...റ്റപ്പോ നി..ന്നെ കണ്..ണ്ടില്ല... അടുക്കളേല് നോ..ക്കീപ്പോ അവടേമില്ല...ഇത്രേം നേര...ത്തേ നീ..യിവിടു...ണ്ടാവുംന്ന് ഞാ...നറി...ഞ്ഞോ..."
ശ്വാസം കിട്ടാതെ ആഞ്ഞു വലിച്ച് കൊണ്ട് ഭവാനി പറഞ്ഞൊപ്പിച്ചു...
"ശ്ശോ... ന്റമ്മേ ഇങ്ങട് നടക്കാ.. ഇങ്ങനെ മുട്ടി വലിച്ച് ന്നേക്കൂടി പേടിപ്പിക്കല്ലേ..."
ഇരുണ്ട മുഖത്തോടെ അല്പം പരിഭ്രമത്തോടെ പാൽപാത്രം ഒരു കയ്യിലെടുത്ത്..ദാവണിയുടെ പാവാട എടുത്ത് കുത്തി... അമ്മയുടെ കയ്യിൽ പിടിച്ചവൾ വീട്ടിലേക്കു നടന്നു...
അവൾ നടന്നു തുടങ്ങിയതും കിങ്ങിണിപ്പശു പുറകിൽ നിന്നും ചിണുങ്ങുന്നുണ്ടായിരുന്നു....
"ആ.. ആ... നിനക്കിള്ളത് പോയി വന്നിട്ട് തരാം കിങ്ങിണിയേ.. ഇങ്ങനെ സോപ്പിടണ്ട... ആദ്യം ഇവിടുള്ളോർക്ക് കാലത്ത് വയറ്റിലേക്കെത്തിക്കാൻ എന്തേലുമുണ്ടാക്കട്ടെ.... ഇപ്പൊ ഓരോന്നായി എണീറ്റ് വന്ന് തുടങ്ങും...."
പോണ പോക്കിന് കിങ്ങിണിയോടവൾ വിളിച്ച് പറഞ്ഞു...പാല് അടുക്കളയിൽ കൊണ്ട് വച്ച് അവൾ ശ്വാസമെടുക്കാൻ കഴിയാതെ പരവേശപ്പെടുന്ന അമ്മയെയും കൊണ്ട് മുറിയിലേക്ക് പോയി...
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ഈ പെൺകുട്ടിയാണ് നമ്മുടെ നായിക..
ഭാനുപ്രിയ... ഭാനുവെന്നാണ് എല്ലാവരും അവളെ വിളിക്കുക....ഭാനുവിന് അമ്മ മാത്രമേയുള്ളൂ.. ഭവാനി... അവളുടെ അച്ഛൻ രാജൻ മരിച്ചിട്ട് ഏഴു വർഷമായി...
കോഴിക്കോട്ടെ പേര് കേട്ടൊരു തറവാട്ടിലെ മൂന്ന് മക്കളിൽ ഇളയവനായിരുന്നു രാജൻ ... പഠിക്കാൻ മോശമായിരുന്ന രാജൻ പത്താം തരം തോറ്റതോടെ ആ നാട്ടിലെ പ്രമാണിയായിരുന്ന അയാളുടെ അച്ഛൻ പദ്മനാഭ മേനോന്റെ കണ്ണിലയാൾ കരടായി..നിരന്തരം തന്നെ മറ്റുള്ളവർക്ക് മുൻപിൽ തരം താഴ്ത്തി സംസാരിക്കുന്ന അച്ഛനോട് അതോടെ അയാൾക്ക് വെറുപ്പുമായി...വീട് വിട്ടിറങ്ങിയ അയാൾ കിട്ടുന്ന ജോലികളൊക്കെ ചെയ്യാൻ തുടങ്ങി... ആ നാട്ടിൽ തന്നെയൊരു വാടകവീടെടുത്തു താമസമാക്കി...ഒടുവിൽ ഡ്രൈവിംഗ് പഠിച്ചെടുത്ത് ഓട്ടോറിക്ഷാ ഡ്രൈവറായി....
തറവാട്ടിൽ രാജന്റെ ജ്യേഷ്ഠനും വക്കീലുമായ രമേശനും അമ്മ കമലത്തിനും മാത്രമേ അയാളോട് സ്നേഹമുണ്ടായിരുന്നുള്ളൂ...പക്ഷേ പദ്മനാഭ മേനോന് മുന്നിൽ ചെന്നെന്തെങ്കിലും പറയാൻ കൂടി അവർക്കൊന്നും ധൈര്യമില്ലായിരുന്നു..
രമേശനും രാജനും ഒരു പെങ്ങളുണ്ടായിരുന്നു.... രമണി...
വർഷങ്ങൾ ചിലത് കഴിഞ്ഞു പോയി..
ആദ്യം രമണിയുടെയും രണ്ട് വർഷത്തിന് ശേഷം രമേശന്റെയും വിവാഹം അത്യാടമ്പരപൂർവ്വം കഴിഞ്ഞു..സഹോദരങ്ങളുടെ വിവാഹത്തിന് പോലും പൊകഞ്ഞ കൊള്ളിയായ രാജന് ക്ഷണമുണ്ടായിരുന്നില്ല... എങ്കിലും രാജന്റെ മനസ്സിലെന്നും സഹോദരങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളുണ്ടായിരുന്നു....
അഞ്ച് വർഷങ്ങൾ കഴിഞ്ഞ് രാജൻ ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തുമായിരുന്ന ദിവാകരന്റെ മകൾ ഭവാനിയെ വിവാഹം കഴിച്ചു....അപ്പോഴേക്കും രമേശനും ഭാര്യ അംബികയ്ക്കും ഒരു മകനും ഒരു മകളും ജനിച്ചിരുന്നു...രമണിയെ ഭർത്താവ് ഉപേക്ഷിച്ചതോടെ അവർ തറവാട്ടിൽ വന്നു നിൽപ്പായി.. അവർക്ക് കുട്ടികളുണ്ടായിരുന്നില്ല.... അംബികയ്ക്ക് അതത്ര രസിച്ചില്ലെങ്കിലും കമലത്തിനെ ഭയന്ന് അവരത് പുറമേയ്ക്ക് പ്രകടിപ്പിച്ചില്ല... എങ്കിലും തരം കിട്ടുമ്പോഴെല്ലാം അവർ രമണിയെക്കൊണ്ട് വീട്ടു ജോലികൾ നിർബന്ധിച്ച് ചെയ്യിക്കുമായിരുന്നു..
അങ്ങനെയിരിക്കെയാണ് ഒരിക്കൽ നഗരത്തിൽ വച്ച് പദ്മനാഭ മേനോന്റെ കാർ ഒരു അപകടത്തിൽ പെടുന്നത്... അന്നാരും സഹായിക്കാനില്ലാതെ ചോരയിൽ കുളിച്ച് കിടന്ന അയാളെ കണ്ടത് ദിവാകരനായിരുന്നു.... മറ്റ് രണ്ട് ഓട്ടോക്കാരുടെ സഹായത്തോടെ പദ്മനാഭ മേനോനെ ദിവാകരൻ ആശുപത്രിയിലെത്തിച്ചു...ദിവാകരനിൽ നിന്നും വിവരമറിഞ്ഞ രാജൻ ഓടിയെത്തി... ആവശ്യമായതെല്ലാം ചെയ്തു... ജോലിയുടെ തിരക്കുകളിലായിരുന്ന രമേശന് പകരം രാജൻ രാപ്പകൽ അച്ഛന് കാവലിരുന്നു... ഒടുവിൽ ദിവസങ്ങൾക്കു ശേഷം പദ്മനാഭ മേനോൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി..
പദ്മനാഭ മേനോൻ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയതും രാജൻ മാറ്റങ്ങളേതുമില്ലാതെ തന്റെ ജീവിതവുമായി മുൻപോട്ട് പോയി..പക്ഷേ അന്ന് മുതൽ പദ്മനാഭ മേനോന് രാജനോട് ചെയ്ത് പോയ തെറ്റുകളോർത്ത് കുറ്റബോധം തോന്നാൻ തുടങ്ങി...
വർഷങ്ങൾ കടന്നു പോകെ ഭവാനി ഒരു പെൺകുഞ്ഞിന് ജന്മം നൽകി... ഭാനുപ്രിയ എന്നവൾക്ക് അവർ നാമകരണം ചെയ്തു .... ഭാനു എന്നവർ അവളെ വിളിച്ചു...ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി....ഭാനുവിന് നാല് വയസ്സുള്ളപ്പോൾ ദിവാകരനും ഏഴു വയസ്സുള്ളപ്പോൾ ദിവാകരന്റെ ഭാര്യ മാലതിയും പ്രായാധിക്യം മൂലം മരണപ്പെട്ടു...
പിന്നെയും മൂന്ന് വർഷങ്ങൾക്ക് ശേഷം ഭാനുവിന് പത്തു വയസ്സുള്ളപ്പോൾ ഹൃദയാഘാതത്തിന്റെ രൂപത്തിൽ വിധി രാജനെ തട്ടിയെടുത്തതോടെ ഭവാനിയും ഭാനുവും തീർത്തും ഒറ്റപ്പെട്ടു.... രാജന്റെ മരണവാർത്ത പദ്മനാഭ മേനോനെ വല്ലാതെ തളർത്തി... ജീവിച്ചിരിക്കെ രാജന് വേണ്ടി ഒന്നും ചെയ്യാനായില്ലെന്നുള്ള കുറ്റബോധത്താൽ അയാൾ നീറിപ്പുകഞ്ഞു....
ഒരിക്കൽ തന്നെയാപത്തിൽ നിന്നും രക്ഷിച്ച ദിവാകരന്റെ മകളോടുള്ള മമതയും രാജന്റെ ഭാര്യയോടും കുഞ്ഞിനോടുമുള്ള കടമയും മുൻനിർത്തി പദ്മനാഭ മേനോൻ ഭവാനിയെയും ഭാനുവിനെയും തറവാട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നു... കമലവും രമേശനും അവരെ അത്യധികം സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും അംബികയ്ക്കും രമണിക്കുമത് തീരെ ഇഷ്ടപ്പെട്ടില്ല....
രാജന്റെ വേർപാട് നൽകിയ നോവിലും ഒരമ്മയായി ചേർത്തു നിർത്തിയ കമലത്തിന്റെ തണലിൽ ഭവാനിയും ഭാനുവും അല്ലലില്ലാതെ ജീവിച്ചു പോന്നു... ഭവാനിയ്ക്ക് ആസ്ത്മയുടെ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ട് കമലം അവരെക്കൊണ്ട് ജോലികളൊന്നും ചെയ്യിച്ചിരുന്നില്ല... അതൊന്നും അംബികയ്ക്കും രമണിയ്ക്കും തീരെ ഇഷ്ടപ്പെട്ടില്ല....
രമേശന്റെ മകൻ സന്ദീപ് നല്ല വെളുത്തു സുന്ദരനായിരുന്നു... അവന് ഭാനുവിനെ തീരെ ഇഷ്ടമല്ലായിരുന്നു... നിറം കുറവായതിന്റെ പേരിൽ അവനെപ്പോഴും അവളെ കുത്തിനോവിക്കുമായിരുന്നു...എന്നാൽ സന്ദീപിന്റെ അനുജത്തി സന്ധ്യക്ക് ഭാനുവിനെ വലിയ ഇഷ്ടമായിരുന്നു.. സന്ദീപ് ഓരോന്ന് പറഞ്ഞു വേദനിപ്പിക്കുമ്പോൾ മാറിയിരുന്ന് കരയുന്ന ഭാനുവിനെ നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കാൻ എന്നും സന്ധ്യയുണ്ടായിരുന്നു....
പതിയെ പതിയെ ആ സാഹചര്യവുമായി ഭാനുവും പൊരുത്തപ്പെട്ടു... കുത്തുവാക്കുകൾ കൊണ്ടു മുറിവേൽപ്പിക്കുന്ന അംബികയേയും രമണിയെയും സന്ദീപിനെയുമൊക്കെ അവൾ നിർവികാരതയോടെ കേട്ടു നിൽക്കാൻ തുടങ്ങി..പുറമേയ്ക്ക് പ്രകടിപ്പിച്ചില്ലെങ്കിലും പദ്മനാഭ മേനോന് ഉള്ളിൽ തന്നോട് സ്നേഹമുണ്ടെന്ന് അവൾക്കറിയാമായിരുന്നു...അത് കൊണ്ടു തന്നെ കമലത്തിനോട് ഓരോന്ന് ചോദിച്ചു മനസ്സിലാക്കി അദ്ദേഹത്തിന് പല സമയത്തും സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു അവൾ ....ഭവാനിക്ക് ഇടയ്ക്കിടെ വയ്യാതെ വരുന്നത് കൊണ്ട് ആ ചെറിയ പ്രായത്തിൽ തന്നെ വീട്ടുജോലിയടക്കമുള്ള പല കാര്യങ്ങളും അവൾ കണ്ടു പഠിച്ചു ചെയ്യുകയും ചെയ്തിരുന്നു....
പിന്നെയും വർഷങ്ങൾ കടന്ന് പോകവേ ആദ്യം കമലവും പിന്നീട് പദ്മനാഭ മേനോനും പ്രായാധിക്യം മൂലം ഇഹലോകവാസം വെടിഞ്ഞു.... അതോടെ പക്ഷേ കഷ്ടകാലം ആരംഭിച്ചത് ഭവാനിക്കും ഭാനുവിനുമാണ്.... തറവാടിന്റെ ഭരണം ഏതാണ്ട് പൂർണമായും അംബികയുടെ കൈകളിലായി... അവരുടെ ഏറാൻ മൂളിയായ രമണി സ്വന്തം ജോലി കുറയ്ക്കാനായി അതൊക്കെ ഭവാനിയുടെയും ഭാനുവിന്റെയും തലയിലിടാൻ തുടങ്ങി....
ആ വലിയ തറവാടിന്റെ അടുക്കളയോട് ചേർന്നൊരു കുടുസു മുറിയിലേക്കായി ആ അമ്മയുടെയും മകളുടെയും താമസം...പൊട്ടിപ്പൊളിഞ്ഞ ചുവരുകളുള്ള നീളത്തിലുള്ളൊരു മുറി... അതിൽ ഒരാൾക്ക് കിടക്കാനാവുന്ന വളരെ ചെറിയൊരു കട്ടിലുണ്ട്.. അതിന് പിറകിലൊരു പഴയ കസേരയും.. തുണികളടുക്കി വയ്ക്കാൻ പഴയൊരു തകരപ്പെട്ടിയും.....
അമ്മയെ കൊണ്ടാവില്ലെന്നറിയുന്ന ഭാനു ജോലികളൊക്കെ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി.... നന്നായി പഠിക്കുന്ന കുട്ടിയായത് കൊണ്ട് അവളുടെ പഠിത്തം മുടക്കാൻ അംബികയ്ക്കും രമണിയ്ക്കുമായില്ല... എങ്കിലും ഭവാനിയെയും ഭാനുവിനെയും എത്രത്തോളം കഷ്ടപ്പെടുത്താമോ അത്രത്തോളം അവർ കഷ്ടപ്പെടുത്തി... ജോലിയുടെ തിരക്കിൽ നിലം തൊടാതെ ഓടിക്കൊണ്ടിരുന്ന രമേശനിതൊന്നും അറിഞ്ഞില്ല..എങ്കിലും മാസാമാസം ഒരു തുക അവർക്കായി അയാൾ ഭാര്യയെ ഏൽപ്പിച്ചു പോന്നു... ആ തുകയുടെ പകുതി പോലും ഭാനുവിനോ ഭവാനിക്കോ കിട്ടിയിരുന്നില്ലെന്നത് നോവാർന്ന ഒരു സത്യം മാത്രം.....
ഭാനുവിനാകെ ഒരു ആശ്വാസമായിരുന്ന സന്ധ്യയും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയി... അവൾക്കാകെയൊരു ആശ്വാസം സന്ദീപ് ബാംഗ്ലൂർ ജോലി കിട്ടി പോയതായിരുന്നു....
ഇടയ്ക്ക് ലീവിന് വരുമ്പോഴും തന്നെ പുച്ഛത്തോടെ നോക്കി വാക്കുകൾ കൊണ്ടു മുറിവേൽപ്പിക്കുന്ന തന്റെ ജ്യേഷ്ഠനെ നൊമ്പരം കിനിയുന്ന ഹൃദയവുമായി നിർവികാരമായ മുഖത്തോടെ നോക്കി നിൽക്കാനേ ഭാനുവിന് സാധിക്കുമായിരുന്നുള്ളൂ... എങ്കിൽ പോലും ഒരിക്കലും അവർക്കാർക്കും മുൻപിൽ നിന്ന് കരയില്ലെന്നവൾ ഉറച്ചൊരു തീരുമാനമെടുത്തിരുന്നു...ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നവർക്ക് മുൻപിൽ അന്തസ്സോടെ തലയുയർത്തി നിൽക്കാൻ അവളെ ആരും പഠിപ്പിക്കേണ്ടതില്ല... അതവളുടെ രക്തത്തിലലിഞ്ഞു ചേർന്നതാണ്....
ഇപ്പോൾ അവൾ പ്ലസ് ടുവിന് പഠിക്കുകയാണ്... വെളുപ്പിനെ എഴുന്നേറ്റ് വീട്ടിലെ ജോലികളൊക്കെ തീർത്തിട്ടാണവൾ സ്കൂളിലേക്ക് പോകുക...
ഇത് ഭാനുവിന്റെ കഥയാണ്....
അവളുടെ മനക്കരുത്തിന്റെ...
അവളുടെ പോരാട്ടങ്ങളുടെ....
അവളുടെ അതിജീവനങ്ങളുടെ...
നിനയാത്ത നേരത്ത് അവളെ തേടിയെത്തിയ പ്രണയത്തിന്റെ....
ഇത് കഥയല്ല... ജീവിതമാണ്....
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
"ഭാനൂ.. ടീ ഭാനൂ..."
അലറിക്കൊണ്ട് തന്നെ വിളിക്കുന്ന ശബ്ദം കേട്ട് കറിയിളക്കിക്കൊണ്ടിരുന്ന ഭാനു തവി പാത്രത്തിലേക്കിട്ട് വലം കൈപ്പത്തി കൊണ്ട് നെറ്റിയിലടിച്ചു...
"ആ.. തുടങ്ങിയല്ലോ വിളി... ഇനിയും വരാനുണ്ട്.. ഒക്കെത്തിനും കൂടി ഒന്നിച്ച് വിളി കേൾക്കാം..."
ആത്മഗതം പറഞ്ഞിട്ട് അവൾ കറിയിളക്കി പാത്രം അടുപ്പിൽ നിന്നുമിറക്കി വച്ചു... പിന്നെയൊരു ചീനച്ചട്ടി അടുപ്പിലേക്ക് വച്ച് ചൂടാക്കി വെളിച്ചെണ്ണയിൽ കടുക് വറുത്തെടുത്ത് കറിയിലേക്ക് ഒഴിക്കാൻ തുടങ്ങി...
"ടീ.. ഭാനൂ..."
തൊട്ട് പിറകിൽ നിന്നും ഉച്ചത്തിലുള്ള ആ വിളി കേട്ട് ഭാനുവിന്റെ കയ്യിൽ നിന്നും ചീനച്ചട്ടി അല്പം വഴുതിപ്പോയി.. എണ്ണ തുളുമ്പി അവളുടെ ഇടത് കയ്യിലേക്ക് വീണു പൊള്ളി..
"ശ്ശ്.. ആ "
ചീനച്ചട്ടി തിടുക്കത്തിൽ സ്ലാബിലേക്കിട്ടവൾ കൈ വലിച്ച് കുടഞ്ഞ് കൊണ്ട് വേദനയാൽ പിടഞ്ഞു...
പെട്ടെന്ന് തന്നെ ടാപ്പ് തുറന്നവൾ പൊള്ളിയ ഭാഗം നന്നായി നനച്ചു.. അവൾക്കല്പം ആശ്വാസം തോന്നി....
"ഓ.. പിന്നെ.. ഒരിത്തിരി എണ്ണ തെറിച്ചേനാ.. ഇതൊക്കെ നിന്റെ നാടകമാണെന്നെനിക്കറിയാം...പണിയെടുക്കാതിരിക്കാനുള്ള സൂത്രം..."
വേദനയിൽ കൈ വിങ്ങുമ്പോഴും കേൾക്കുന്ന കുത്തുവാക്കുകളിൽ എത്ര കടിച്ചു പിടിച്ചിട്ടും ഭാനുവിന്റെ കണ്ണുകൾ നനഞ്ഞു....
അപ്പോഴേക്കും അവളുടെ ശബ്ദം കേട്ട് ഭവാനിയും രമണിയും അവിടേക്കെത്തി...
"എന്താ പറ്റിയേ മോളെ?"
ഭവാനി പരിഭ്രമത്തോടെ ചോദിച്ചു...
"എന്ത് പറ്റാൻ.. പതിവുള്ളത് തന്നെ.. ഓരോ നാടകങ്ങൾ..."
പുച്ഛത്തോടെ പറയുന്ന അംബികയെ കേട്ട് ടാപ്പ് ഓഫ് ചെയ്ത് ഭാനു തിരിഞ്ഞു നിന്നു..
"വല്യമ്മയ്ക്കിപ്പോ എന്താ വേണ്ടേ...?"
അവൾ അസഹിഷ്ണുതയോടെ ചോദിച്ചു...
"നിന്നോട് ഞാനിന്നലെ പറഞ്ഞതല്ലേ എന്റെ പട്ടുസാരി തേച്ച് വയ്ക്കണമെന്ന്.. എന്താ ചെയ്യാതിരുന്നത്..? "
ദേഷ്യത്തിൽ അംബിക ചോദിച്ചു...
"എനിക്കിന്നലെ ഒരുപാട് പഠിക്കാനുണ്ടായിരുന്നു... സമയം കിട്ടിയില്ല... ഞായറാഴ്ച്ചത്തെ കല്യാണത്തിനല്ലേ സാരി ..നാളെ സ്കൂൾ വിട്ട് വന്നിട്ട് ഞാൻ തേച്ച് വയ്ക്കാം..."
സ്വരമിടറാതെ ഉറച്ച വാക്കുകളിൽ ഭാനു പറഞ്ഞു നിർത്തി....
"അത് നീയാണോ തീരുമാനിക്ക്യാ... നീയും നിന്റമ്മയും ഇവിടിങ്ങനെ ഉണ്ടുറങ്ങി കഴിയണത് എന്റെ ഔദാര്യത്തിലാ.. എന്നിട്ട് എന്നോട് തറുതല പറയുന്നോ അസത്തെ... "
അംബികയുടെ ദേഷ്യം നിറഞ്ഞ ശബ്ദമുയർന്നു...
ഭാനുവിന്റെ ക്ഷമ നശിച്ചിരുന്നു... അവളുടെ ചുവന്ന് കയറുന്ന മുഖം കണ്ട് ഭവാനിയ്ക്ക് പേടി തോന്നി... ദേഷ്യം പരിധി വിട്ടാൽ അവളെങ്ങനെയാകും പെരുമാറുകയെന്ന് ആ അമ്മയ്ക്ക് നന്നായറിയാം.... ഭവാനി വേഗം അവളുടെ കയ്യിൽ പിടിച്ച് വേണ്ടെന്ന് തലയാട്ടി.... ഭാനു കണ്ണുകളിറുക്കെയടച്ച് സ്വയം നിയന്ത്രിച്ചു...
അമ്മയുടെ കൈയ്യെടുത്തു മാറ്റി അവൾ അംബികയുടെ അടുത്തേക്ക് നീങ്ങി നിന്നു... അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും കണ്ണുകളിലെ കത്തുന്ന കനലും കണ്ട് അംബികയൊന്ന് പതറി...
"ആ പറഞ്ഞതിലൊരു തിരുത്തുണ്ടല്ലോ വല്യമ്മേ... ഞാനും എന്റമ്മയും ഇവിടെ താമസിക്കുന്നത് എന്റെ അച്ഛച്ഛന്റെ തീരുമാനമനുസരിച്ചാണ്... വലിഞ്ഞു കേറി വന്നവരല്ല ഞങ്ങൾ.. ക്ഷണിച്ചു കയറ്റിയതാണ്... അച്ഛച്ഛനും അച്ഛമ്മയും പോയെങ്കിലും.. ആ തീരുമാനത്തെ വല്യച്ഛൻ ബഹുമാനിക്കുന്നിടത്തോളം എതിർക്കാനുള്ള അവകാശം വല്യമ്മയ്ക്ക് പോലുമില്ല...നിങ്ങൾക്കുള്ളത് പോലെ തന്നെ അവകാശം ഞങ്ങൾക്കും ഈ വീട്ടിലുണ്ട്...
എന്നിട്ടും ഞങ്ങൾ നിങ്ങള് പറയുന്ന ജോലികളൊക്കെ ചെയ്യുന്നതും ഒതുങ്ങി കഴിയുന്നതും മൂന്ന് നേരം അന്നം തരുന്ന വല്യച്ഛനെയോർത്തും താമസിക്കുന്ന വീട്ടിലെ ജോലികൾ ചെയ്യുന്നതൊരു കുറച്ചിലായി തോന്നാത്തത് കൊണ്ടും മാത്രമാ.. വല്യച്ഛൻ തരുന്ന പണത്തിനോടുള്ള ബഹുമാനം കൊണ്ടാ... ഞാൻ പഠിക്കുന്നത് അദ്ദേഹം തരുന്ന കാശ് കൊണ്ട് ഫീസടച്ചിട്ടാ... അതേ വല്യച്ഛൻ തന്നെയാണ് എന്നോട് പഠിത്തത്തിൽ ഉഴപ്പരുതെന്ന് പറഞ്ഞിട്ടുള്ളത്... അത് ഞാൻ അനുസരിക്കും.. ആകാശം ഇടിഞ്ഞു വീഴുമെന്ന് പറഞ്ഞാലും അതിനൊരു മാറ്റവുമില്ല....
അത് കൊണ്ടിപ്പോ വല്യമ്മ ചെല്ല്.. എനിക്കിനിയും പണിയുണ്ട്... തീർത്തിട്ട് വേണം സ്കൂളിൽ പോകാൻ... ഒക്കെ കാലമാകുമ്പോ മേശപ്പുറത്തു വച്ചേക്കാം..."
ശക്തമായ വാക്കുകളിൽ പറഞ്ഞിട്ട് ഭാനു പണി തുടർന്നു... വീണ്ടും ചൂട് തട്ടുമ്പോൾ പൊള്ളിയയിടം നീറുന്നുണ്ടെങ്കിലും അവൾ ധൃതിയിൽ ജോലികൾ ചെയ്തു കൊണ്ടിരുന്നു... എന്നിട്ടും ഒരിറ്റു കണ്ണുനീർ അവളിൽ നിന്നുമുതിർന്നില്ല....
കോപത്താൽ ജ്വലിച്ചു കൊണ്ട് കയ്യിൽ തടഞ്ഞൊരു സ്റ്റീൽ പാത്രമെടുത്ത് തറയിൽ ശക്തിയിൽ എറിഞ്ഞിട്ട് അംബിക അടുക്കളയിൽ നിന്നും പുറത്തേക്ക് പോയി.. പിറകെ വാല് പോലെ രമണിയും...
"ആ പെണ്ണിന് അഹങ്കാരം വല്ലാതെ മൂത്തിട്ടുണ്ട് ഏടത്തി..."
രമണി എരിതീയിൽ എണ്ണയൊഴിച്ചു....
"മ്മ്.. അവളുടെ അഹങ്കാരം അധികം നാള് ഉണ്ടാകില്ല രമണി... അവൾക്ക് പതിനെട്ടൊന്ന് തികഞ്ഞോട്ടെ.. ഒരു മുട്ടൻ പണി ഞാൻ കൊടുക്കുന്നുണ്ട്..."
പറഞ്ഞു കൊണ്ട് അംബിക മുറിയിലേക്ക് പോയി... പിറകെ സന്തോഷത്തോടെ രമണിയും വരാന്തയിലേക്ക് നടന്നു.. തന്റെ പകുതിക്ക് മുടങ്ങിയ വാരിക വായന പൂർത്തിയാക്കാൻ....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
"എന്തിനാ മോളെ ഏടത്തിയോട് അങ്ങനൊക്കെ പറയാൻ പോയത്... അല്ലെങ്കിലേ നമ്മളെ കണ്ടുകൂടാ.. ഇപ്പൊ നല്ല ദേഷ്യത്തിലാ പോയിരിക്കണത്.. ഇനി എന്തൊക്കെ ചെയ്യുവാവോ...?"
ഭാനുവിന്റെ ഇടത് കയ്യിൽ വട്ടത്തിൽ പൊള്ളിയ പാടിൽ തേൻ പുരട്ടിക്കൊണ്ട് ഭവാനി പറഞ്ഞു...
ഭാനുവപ്പോഴും വലം കയ്യാൽ ദോശ ചുട്ടു കൊണ്ടിരുന്നു... അവൾക്ക് പാഴാക്കി കളയാൻ സമയം തീരേയുണ്ടായിരുന്നില്ല...
"എത്രയെന്നു വച്ചാ അമ്മേ ഒക്കെ സഹിക്ക്യാ... ഒരു പരിധി വരെ ക്ഷമിക്കാൻ പറ്റും.. അതും കഴിഞ്ഞാ പിന്നെ പ്രതികരിക്കണം.. അമ്മയോ ഒന്നും പറയില്ല.. ഞാനെങ്കിലും പറഞ്ഞില്ലെങ്കിൽ അവർക്ക് അഹമ്മതി കൂടുതലാവും... വല്യച്ഛൻ ഒരാളെയെ അവർക്ക് പേടിയുള്ളൂ.. അത് കൊണ്ടാ നമ്മളിങ്ങനെയെങ്കിലും കഴിഞ്ഞ് പോണത്... അതൊന്ന് ഓർമ്മിപ്പിച്ചെന്നെ ഉള്ളൂ... എനിക്ക് പഠിക്കണമമ്മേ... അത് മാത്രമേ നമുക്ക് രക്ഷപ്പെടാൻ ഒരു വഴിയുള്ളൂ..
മതി... ഇനിയിവിടത്തെ പുക കൊണ്ട് അമ്മയ്ക്ക് വലിവ് കൂട്ടണ്ട... അപ്പഴും ഓടാൻ ഞാനേ ഉള്ളൂ.. അമ്മ അപ്പുറത്തെങ്ങാനും പോയിരിക്ക്.. ഞാനിതൊന്ന് തീർക്കട്ടെ... ചെല്ല്..."
അമ്മയിൽ നിന്നും കൈ വലിച്ചെടുത്ത് പറഞ്ഞു കൊണ്ട് ഭാനു മറ്റ് ജോലികളിലേക്ക് തിരിഞ്ഞു... മകളെ നിസ്സഹായമായി നോക്കാൻ മാത്രമേ ആ അമ്മയ്ക്കായുള്ളൂ... അമ്മയുടെ നൊമ്പരം മനസ്സിലാകുന്നുണ്ടെങ്കിലും അവരുടെ മുഖത്തേക്ക് നോക്കിയാൽ താൻ തളർന്നു പോകുമെന്നുള്ളത് കൊണ്ട് അവൾ അമ്മയുടെ നേർക്ക് നോക്കിയതേയില്ല..
സങ്കടത്തോടെ ഭവാനി അടുക്കള വിട്ട് പൊയ്ക്കഴിഞ്ഞതും പക്ഷേ അവളുടെ കണ്ണുകൾ അവളെ ചതിച്ച് ഒഴുകിയിറങ്ങിയിരുന്നു... അവയെ വാശിയിൽ തുടച്ചു നീക്കി അവൾ ജോലികൾ അതിവേഗത്തിൽ ചെയ്തു തീർത്തു....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
സ്കൂളിലേക്ക് പോകാൻ യൂണിഫോമിട്ട് തയ്യാറായി അടുക്കളത്തിണ്ണയിലിരുന്ന് രണ്ട് വെറും ദോശ ധൃതിയിൽ കഴിക്കുമ്പോഴാണ് അവളെ ചൊറിയാനായി വീണ്ടും അംബികയുടെ വരവ്...
"മ്മ്.. മ്മ്.. കഴിക്ക് കഴിക്ക്...എന്നാലല്ലേ എന്നോട് തട്ടിക്കയറാൻ ആരോഗ്യം കിട്ടൂ..."
പുച്ഛത്തോടെ പറഞ്ഞിട്ട് അംബിക അടുക്കളയിൽ നിന്നുമൊരു ഗ്ലാസ്സ് വെള്ളമെടുത്ത് കുടിച്ചു... അംബികയുടെ അടുത്ത് തന്നെ അവരുടെ വാലും ഉണ്ടായിരുന്നു....എല്ലാം കണ്ടും കേട്ടും രസിച്ചും ഓരോന്ന് അംബികയെ പിരി കേറ്റി കൊടുത്തും അങ്ങനൊരു ജന്മം...
അംബികയുടെ ഡയലോഗ് കഴിയുമ്പോഴേക്കും കഴിച്ച പാത്രം കഴുകി വച്ച് ഭാനു കയ്യും വായും കഴുകിക്കഴിഞ്ഞിരുന്നു.. അഴയിലെ തോർത്തിൽ കയ്യും വായും തുടച്ചിട്ടവൾ അവിടെ വച്ചിരുന്ന ബാഗെടുത്തു തോളത്തിട്ടു...
അവൾ തനിക്ക് നേരെ വരുന്നത് കണ്ടിട്ടാണ് വെള്ളം കുടിച്ച ഗ്ലാസ്സ് അംബിക മാറ്റി വച്ചത്... അംബികയുടെ പുരികം ചുളിഞ്ഞു... ഇനിയെന്താകും അവൾ പറയുകയെന്ന് രമണിയും ഉറ്റു നോക്കി നിന്നു...
"ഞാൻ വേണമെങ്കിൽ പട്ടിണി കിടക്കാം വല്യമ്മേ.. പക്ഷേ ഞാനെങ്ങാനും വഴിയിൽ തലകറങ്ങി വീണാ വല്യമ്മയ്ക്ക് തന്നെയാ നഷ്ടം... ഹോസ്പിറ്റൽ ചിലവിനെക്കാൾ കുറവാണ് വല്യമ്മേ രണ്ട് വെറും ദോശക്ക് ചിലവാകുന്ന കാശ്... വല്യമ്മ ലാഭം കൂട്ടിക്കിഴിച്ചിവിടെയിരിക്ക് കേട്ടോ.. എനിക്ക് പോകാൻ സമയായി...."
കൂസലന്യേ പറഞ്ഞിട്ട് ഭാനു പൂജാമുറിയിലേക്ക് നോക്കിയൊന്ന് തൊഴുതിട്ട് വീടിന് പുറത്തേക്ക് നടന്നു...
പൊട്ടി വന്ന ചിരി അടക്കിപ്പിടിച്ച് രമണി അംബികയെ ഇടം കണ്ണിട്ട് നോക്കി... കൈചുരുട്ടി പിടിച്ച് അംബിക പല്ല് കടിച്ചു... പിന്നെ വെട്ടിത്തിരിഞ്ഞ് പുറത്തേക്ക് പോയി.. രമണി ചുറ്റും നോക്കിയിട്ട് പലഹാരപ്പാത്രം തുറന്ന് ലഡ്ഡുവെടുത്തു കഴിക്കാൻ തുടങ്ങി...
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
"ഭാനൂ.."
ബസ് സ്റ്റോപ്പിലേക്ക് ഓടുന്നതിനിടയിലാണ് പിറകിൽ നിന്നും പരിചിതമായ ശബ്ദത്തിലൊരു വിളി ഭാനു കേട്ടത്...തിരിഞ്ഞു നോക്കിയ ഭാനുവിന്റെ മുഖമൊന്ന് തെളിഞ്ഞു.. ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...
"ആരിത് ശ്യാമേട്ടനോ.. എപ്പോ എത്തി... എൽ. എൽ. ബി പഠിത്തമൊക്കെ എങ്ങനെ പോണു...?"
അവിടെ നിന്നിരുന്ന ഇരുപത് വയസ്സോളം പ്രായമുള്ള ചെറുപ്പക്കാരൻ അവളെ നോക്കി ചിരിച്ചു... അവളെ നോക്കുന്ന അവന്റെ കണ്ണുകളിലൊരു തിളക്കമുണ്ടായിരുന്നു....
"ഒന്ന് നിർത്തി നിർത്തി ചോദിക്കെന്റെ ഭാനുവേ..."
അവൻ കളി പറഞ്ഞു...
അവളുമൊന്ന് ചിരിച്ചു..
"ഞാനിന്നലെ രാത്രിയെത്തി.. സെമെസ്റ്റർ ബ്രേക്കാണ്... അടുത്താഴ്ച പോകും..."
"മ്മ് "
അവൾ ചിരിയോടെ തലയാട്ടി...
അപ്പോഴേക്കും പാടത്തിന്റെ വളവ് തിരിഞ്ഞു വരുന്ന ബസ്സിന്റെ ഹോണടി അവൾ കേട്ടു...
"ബസ് വരണുണ്ട്..ഞാൻ പോണു ട്ടോ ശ്യാമേട്ടാ... പിന്നെ കാണാം.."
അവനോട് പുഞ്ചിരിയോടെ പറഞ്ഞിട്ടവൾ ബസ് സ്റ്റോപ്പിലേക്ക് ഓടി...
അവൾ പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്നിട്ട് അവനും ബൈക്കിൽ കയറി എതിർദിശയിലേക്ക് ഓടിച്ച് പോയി....
കുറച്ച് ദൂരെ ഈ കാഴ്ച കണ്ടു കൊണ്ടൊരാൾ നിന്നിരുന്നു...
അംബികയുടെ വിശ്വസ്തനായ കാര്യസ്ഥൻ ദാമു... കണ്ട കാഴ്ച വിവരിക്കാനായി അയാൾ അംബികയുടെ അടുത്തേക്കോടി...
ഭാനുവിന്റെ ജീവിതം ഉഴുതു മറിക്കാനുള്ള ശേഷിയുണ്ടായിരുന്നു അയാൾ അംബികയോട് പറയാൻ പോകുന്ന വാക്കുകൾക്ക്.....
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
താനീ പറയുന്നതൊക്കെ സത്യമാണോ ഡോ...?"
കേട്ട വാർത്ത നൽകിയ സന്തോഷത്തിൽ വിടർന്ന മുഖത്തോടെ അംബിക ദാമുവിനോട് ചോദിച്ചു...
"സത്യമാ മാഡം ... ഞാൻ കണ്ടതാ... ഭാനുക്കുഞ്ഞ് ആ ചെറുക്കനോട് സംസാരിക്കുന്നത്... ചിരിച്ചും കളിച്ചുമൊക്കെയായിരുന്നു രണ്ടിന്റേം നിൽപ്പ്..."
"മ്മ്.. അവനെവിടുത്തെയാണെന്നാ പറഞ്ഞേ?"
"അതാ വല്യകോലോത്തെയാ... ആ ജയദേവൻ വക്കീലിന്റെ മൂത്തത്.. പുറത്തെവിടെങ്ങാണ്ടാ പഠിക്കണത്... ഇവിടുത്തെ സാറിന്റെ വല്യ ചങ്ങായിയാരുന്നു ആ ജയദേവൻ വക്കീല്.. പിന്നെപ്പൊഴോ എന്തോ കേസിന്റെ കാര്യത്തില് രണ്ടാളും ഒടക്കീന്നാ ഞാൻ കേട്ടിട്ടുള്ളത്.. "
അത് കൂടി കേട്ടതോടെ അംബികയുടെ മുഖം ഒന്ന് കൂടി പ്രകാശിച്ചു.. കണ്ണുകൾ വന്യമായി തിളങ്ങി...
"മ്മ്... ഞാൻ പറയുമ്പോ കണ്ടതൊക്കെ തന്റെ സാറിനോട് പറയണം.. കൊറച്ച് കൂട്ടിപ്പറഞ്ഞാലും വേണ്ടില്ല...ഇപ്പൊ പൊയ്ക്കോളാ "
"അത്.. മാഡം.. മോൾക്കൊരു ആലോചന ഒത്ത് വന്നിട്ടുണ്ട്... ഒടനെ നടത്തണോന്നാ ചെക്കൻ കൂട്ടര് പറയണേ..."
മുഖം താഴ്ത്തിയൊരു വളിച്ച ചിരിയോടെ തല ചൊറിഞ്ഞു കൊണ്ട് ദാമു ചെയ്തതിനുള്ള പ്രതിഫലം വ്യക്തമാക്കി...
"മ്മ്...നാളെ തരാം.. താൻ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളാ.."
പറഞ്ഞിട്ട് അംബിക അകത്തേക്ക് കയറിപ്പോയി...
അത്രയും നേരം വിനയാന്വിതനായി നിന്ന ദാമുവിന്റെ മട്ട് മാറി... അയാളുടെ മുഖത്ത് കുടിലമായൊരു ചിരി തെളിഞ്ഞു...
"നിന്നെ എത്രയും പെട്ടെന്ന് ഈ വീട്ടീന്ന് പുറത്താക്കണ്ടത് എന്റെ കൂടി ആവശ്യമാണ് ഭാനു... അതിന് വേണ്ടതൊക്കെ ഞാൻ ചെയ്തിരിക്കും "
ആത്മഗതമെന്നോണം പറഞ്ഞിട്ട് പുച്ഛത്തോടെ ചിരിച്ച് അയാൾ പുറത്തേക്ക് പോയി....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ഓടിപ്പിടിച്ച് ക്ലാസ്സിലെത്തുമ്പോഴേക്കും ഭാനു കിതച്ചു പോയിരുന്നു... ഭാഗ്യത്തിന് ക്ലാസ്സിൽ ടീച്ചർ എത്തിയിരുന്നില്ല.... അവൾ വേഗം ചെന്ന് തന്റെ സീറ്റിലിരുന്നു... ധൃതിയിൽ ബാഗിൽ നിന്നും വെള്ളത്തിന്റെ കുപ്പിയെടുത്ത് അല്പം കുടിച്ചു....
"ഹായ് മിസ് ഭാനുപ്രിയ.. ഇന്നും നന്നായി ഓടിയ ലക്ഷണമുണ്ടല്ലോ.... "
തൊട്ടടുത്തിരുന്ന പെൺകുട്ടി അവളെ നോക്കി കളിയോടെ ചിരിച്ചു..ഇടമ്പല്ല് കാട്ടി നല്ല അസ്സൽ കോമാളിച്ചിരി....
വെള്ളത്തിന്റെ കുപ്പി അടച്ചു ബാഗിൽ വച്ചിട്ട് ഭാനു ഒന്ന് നേരെ ചൊവ്വേ ശ്വാസമെടുത്തു...
"ഉവ്വല്ലോ ന്റെ കാന്താരി... നിനക്ക് ജോഗിങ്.. എനിക്കീ ഓട്ടം.. രണ്ടിനും റിസൾട്ട് സെയിമല്ലേ..."
ഭാനുവും തിരികെ കളി പറഞ്ഞു...
"അതിനാര് ജോഗിങ് ചെയ്യുണു... അതേട്ടൻ വരുമ്പോ മൂപ്പരെ പറ്റിക്കാൻ വേഷോം കെട്ടി ഇറങ്ങണതല്ലേ... പകുതി പോലും എത്തില്ല.. അതിന് മുമ്പെ ഞാൻ തിരിച്ചോടും... അങ്ങേർക്ക് മുടിഞ്ഞ സ്റ്റാമിനയാടീ... നമ്മളെക്കൊണ്ടാവൂലേ.."
"ഉവ്വ... എനിക്കറിയാലോ... വെറുതെയല്ല ഇങ്ങനെ ഉരുണ്ടുരുണ്ട് വരണേ.. മേലനങ്ങി പണി ചെയ്യണം മോളെ... അപ്പൊ പിന്നെ ഒരു ജോഗിങ്ങും വേണ്ട എന്റെ ശരണ്യക്കൊച്ചേ ..."
ഭാനു അവളെ നന്നായിട്ടൊന്നാക്കി...
"യൂ ടൂ ബ്രൂട്ടസി... മനപ്പൂർവ്വമല്ലല്ലോ.. വേണംന്ന് വച്ചിട്ടല്ലേ..ഉരുണ്ടിട്ടാണെങ്കിലെ ഞാൻ സഹിച്ച്.... എനിക്കെങ്ങും വയ്യ നിന്നെപ്പോലെ രാപ്പകല് കിടന്നിങ്ങനെ കഷ്ടപ്പെടാൻ.. ഞാനാണെങ്കി പണ്ടേക്ക് പണ്ടേ വല്യച്ഛനോട് പറഞ്ഞാ തള്ളയെ ചവിട്ടി പുറത്താക്കിയേനെ..."
"പറയാനെളുപ്പമാ ടീ.... പക്ഷേ ജീവിതം വേറെയാണ്... പലപ്പോഴും കടപ്പാടുകൾ നമ്മളെ നിസ്സഹായരാക്കും... ഒരു കുടുംബം തകരാൻ എളുപ്പമാ.. അത് കെട്ടിപ്പടുത്ത് നിലനിർത്തിക്കൊണ്ട് പോകാൻ ഒരുപാട് ബുദ്ധിമുട്ടാ.. "
ഭാനുവിന്റെ മുഖം മങ്ങുന്നത് കണ്ടതും അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ലെന്ന് ശരണ്യക്ക് തോന്നി... ഉടനെ എന്തോ ഓർത്ത് അവളുടെ ചുണ്ടിലൊരു ലുട്ടാപ്പിച്ചിരി വിരിഞ്ഞു...
അവൾ ഭാനുവിന്റെ കയ്യിൽ തോണ്ടാൻ തുടങ്ങി.. ഭാനു തല ചെരിച്ച്നോക്കി....
"ന്താ?"
"എന്റെ ഏട്ടൻ വന്നിട്ടുണ്ട്.. നിന്നെ അന്വേഷിച്ചായിരുന്നു.."
ഒരു നാണത്തോടെ ശരണ്യ പറഞ്ഞു...
"കണ്ടല്ലോ.. രാവിലെ ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോ ചാലിന്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു...."
"ഏഹ്!! കണ്ടോ.. എന്നിട്ട്.. എന്നിട്ടെന്തു പറഞ്ഞു...?"
"എന്ത് പറയാൻ... ഒന്നുമില്ല... ഞാനെന്തോ ചോദിച്ചു.. ശ്യാമേട്ടൻ മറുപടി തന്നു... ബസ് വന്നപ്പോ ഞാൻ പോരേം ചെയ്തു..."
"ശ്ശേ... ഈ ഏട്ടനെക്കൊണ്ട്... വക്കീലിന്റെ നാക്കൊന്നും അല്ലെങ്കിലും ഈ കാര്യത്തിലില്ലല്ലോ "
ശരണ്യ ആത്മാഗതം പറഞ്ഞു...
"ന്താ?"
ശരണ്യയുടെ അടക്കം പറച്ചിൽ കേട്ട് ഭാനു മുഖം ചുളിച്ചു....
ശരണ്യ ചൂണ്ടുവിരൽ കവിളിൽ കുത്തി എന്തോ ആലോചിച്ചു....
"അതേ... നാത്തൂനേ... ഞാനേട്ടനോട് പറയട്ടെ എൽ. എൽ. ബി കഴിഞ്ഞ് ജോലിയിൽ കയറുമ്പോ നിന്നെ ഞങ്ങടെ വീട്ടിലേക്ക് കൂട്ടാൻ... എന്റെ അമ്മയ്ക്കും നിന്നെ വല്യ ഇഷ്ടാ... നിനക്കറിയാലോ അത്... പിന്നച്ഛൻ... അതപ്പോ നോക്കാം.."
പഞ്ചാരച്ചിരിയോടെ ശരണ്യ പറഞ്ഞത് കേട്ട് ഭാനുവിന്റെ മുഖം ഇരുണ്ടു...
"ടീ..നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി വർത്താനം എന്നോട് പറയരുതെന്ന്...ഇത് കുട്ടിക്കളിയല്ല പെണ്ണേ ...ഇങ്ങനൊരു കാര്യം എന്റെ മനസ്സിലോ ചിന്തയിലോ ഇല്ല.....ശ്യാമേട്ടനെപ്പറ്റി അങ്ങനെയൊന്ന് ചിന്തിക്കാൻ കൂടി എനിക്കാവില്ല...നിന്റെ പൊട്ട ബുദ്ധിക്ക് തോന്നണതൊക്കെ വിളിച്ചു പറഞ്ഞിട്ട് ആരെങ്കിലും കേട്ടാ നിന്റേട്ടനാ ദോഷം... പഠിച്ചു വലിയ വക്കീലാകാനുള്ള ആളാ... ഒരു അടുക്കളക്കാരിപ്പെണ്ണിന്റെ പേരിന്റെ കൂടെ ആ പേര് വെറുതെ ഒന്ന് പറഞ്ഞാ കൂടെ അത് നിന്റെ ഏട്ടന്റെ ഭാവിയെ ബാധിക്കും...നിന്നോടുള്ള ഫ്രണ്ട്ഷിപ്പ് പോലും പാടില്ലാത്തതാണ്... ഇനിയിത് പറഞ്ഞാ ഞാനീ ഫ്രണ്ട്ഷിപ്പ് വേണ്ടാന്ന് വയ്ക്കും.. നോക്കിക്കോ..."
ഭാനു കലിപ്പിലായി...
"പിന്നേ.. പേടിപ്പിക്ക്യാ.."
ശരണ്യ മസില് പിടിച്ചു ഗമയിൽ ചോദിച്ചു...
"ആ.. അതേ.."
ഭാനു ഗൗരവം വിടാതെ പറഞ്ഞു....
രക്ഷയില്ലെന്ന് മനസ്സിലായപ്പോൾ ശരണ്യ മസില് വിട്ടു...
"ഈ ഫ്രണ്ട്ഷിപ്പെങ്ങാനും നീ ബ്രേക്ക് ചെയ്താ..."
ശരണ്യ ശൗര്യത്തോടെ ഭാനുവിന് നേർക്ക് വിരൽ ചൂണ്ടി...
"ചെയ്താ? "
ഭാനുവും ടെറർ ലുക്കിട്ടു...
"ചെയ്യല്ലേ.. പ്ലീസ്.. ഞാനിനി പറയില്ല... നല്ല ഭാനുവല്ലേ.. എന്നെ സഹിക്കാൻ നിന്നെക്കൊണ്ടേ പറ്റൂ.. പ്ലീസ്.. ഭാനു.. പ്ലീസ്..."
ശരണ്യ പൂച്ചയായി...
"മ്മ്.. ശരി... പാവല്ലേ വിചാരിച്ചിട്ടാ..."
ഒരു കള്ളച്ചിരിയോടെ ഭാനു പറഞ്ഞു...
"ഓഹ്.. എന്റെ ചക്കര ഭാനു..."
സോപ്പ് നന്നായി പതപ്പിച്ചുകൊണ്ട് ശരണ്യ അവളെ കെട്ടിപ്പിടിച്ചിറുക്കി....
അപ്പോഴേക്കും ക്ലാസ്സിലേക്ക് ടീച്ചർ കയറി വന്നിരുന്നു....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ദിവസങ്ങളും മാസങ്ങളും ഓടിയകന്നു.. ഭാനുവിന്റെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെയുണ്ടായില്ല... ദിനചര്യയിലും...
ഇടയ്ക്കു വന്നു പോയ ഓണത്തിനും ക്രിസ്മസിനുമൊക്കെ പരീക്ഷച്ചൂടിനിടയിൽ ജോലിഭാരം കൂടിയെന്നല്ലാതെ അവളെ ആഘോഷങ്ങളൊന്നും തന്നെ സ്പർശിച്ചില്ല ....
ക്രിസ്മസിന് സന്ദീപിന്റെ കുറച്ച് കൂട്ടുകാർ വന്നത് കൊണ്ട് നേരാം വണ്ണം ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും അവൾക്ക് പറ്റിയില്ല....മുൻപൊരിക്കൽ ഇത് പോലെ വന്ന സന്ദീപിന്റെ ഒരു കൂട്ടുകാരൻ അവളെ പിടിച്ചു നിർത്തി സംസാരിച്ചതിന് അംബിക ഉണ്ടാക്കാനുള്ള പുകിലൊന്നുമിനി ബാക്കിയില്ല...വീണ്ടുമത് ആവർത്തിക്കാതിരിക്കാൻ അടുക്കളയും മുറിയുമായി പാവം ഭാനു കഴിച്ചു കൂട്ടി...സന്ദീപിന്റെ മുറിയിലെപ്പോഴും കള്ള് സഭ നടക്കാറുള്ളത് കൊണ്ട് ഒച്ചയും ബഹളവുമൊക്കെയായി പഠിക്കാൻ
പോലും ഭാനു പാട് പെട്ടു...
ഫെബ്രുവരിയിൽ അവൾക്ക് പതിനെട്ടു വയസ്സ് തികഞ്ഞു... അവളെയും കൊണ്ട് ഭവാനി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു.. അതല്ലാതെ അവൾക്കെന്ത് പിറന്നാളാഘോഷം... ചെറുപ്പത്തിലൊക്കെ സന്ദീപിന്റെയും സന്ധ്യയുടെയും പിറന്നാൾ ഗംഭീരമായി ആഘോഷിക്കുമ്പോൾ അത് നോക്കി കൊതിയോടെ നിന്നിരുന്നൊരു ബാല്യമുണ്ട് ഭാനുവിന്... മനസ്സ് കല്ലാക്കി വളർന്നു വന്നപ്പോൾ ഉപേക്ഷിച്ച മോഹങ്ങളുടെ കൂട്ടത്തിൽ അവയും പെട്ടു പോയി.....
പക്ഷേ ഇത്തവണ ഒരു വ്യത്യാസമുണ്ടായിരുന്നു അവളുടെ പിറന്നാളിന്... ഗൂഢലക്ഷ്യങ്ങളുമായി അവളുടെ ഈ പിറന്നാൾ കാത്തിരുന്ന അംബിക അവൾക്കായി ഒരു ചക്രവ്യൂഹം ഒരുക്കാനുള്ള പദ്ധതികളിലായിരുന്നു... ആ ചക്രവ്യൂഹത്തിൽ പെട്ട് ശ്വാസമില്ലാതെ പിടയാൻ അവൾക്കൊരു വിധി കാത്ത് കിടന്നിരുന്നു...
അവളുടെ വിധി രചിച്ചു കഴിഞ്ഞ കാലത്തിന്റെ മായ്ക്കാനാകാത്ത നിർണയങ്ങളിലൊന്ന്....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ശരീരത്തെ ക്ഷീണിപ്പിച്ച ജോലികൾക്കിടയിലും തോറ്റു കൊടുക്കാൻ കഴിയാത്ത കരളുറപ്പുള്ള ഭാനു ഫെബ്രുവരിയിലെ മോഡൽ എക്സാമും മാർച്ചിലെ ബോർഡ് എക്സാമും നിശ്ചയദാർഢ്യത്തോടെ പഠിച്ചു നന്നായി തന്നെയെഴുതി.... അവൾക്കറിയാമായിരുന്നു...തന്റെയും അമ്മയുടെയും നല്ല ഭാവിയുടെ താക്കോലാണ് ആ പരീക്ഷാവിജയമെന്ന്....
മാർച്ചിലെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് ശരണ്യക്കൊപ്പം ബസ്സിറങ്ങി നടന്നു വരികയാണ് ഭാനു....അവൾ അത്യധികം സന്തോഷവതിയാണിന്ന്... പ്രയത്നത്തിനുള്ള സമ്മാനമവൾക്ക് പരീക്ഷകൾ എളുപ്പമായതിലൂടെ ലഭിച്ചു കഴിഞ്ഞിരിക്കുന്നു...
നടന്നു കുറച്ചെത്തിയപ്പോഴാണ് തങ്ങളെ കാത്ത് നിൽക്കുന്ന ശ്യാമിനെ ശരണ്യയും ഭാനുവും കാണുന്നത്... പതിവ് പോലൊരു ചെറുപുഞ്ചിരിയുണ്ട് അവന്റെ മുഖത്ത്....
"ഏട്ടാ..."
ശ്യാമിനെ കണ്ടതും ശരണ്യ ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു... അവൻ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചിട്ട് തലയിലൊന്ന് കൊട്ടി..
"ആ "
അവൾ തലയുഴിഞ്ഞു.. ഭാനു ഒരു ചിരിയോടെയത് നോക്കി നിന്നു.. ഒരു നിമിഷം സന്ദീപിനെ ഓർത്തവളുടെ മനസ്സൊന്നു വിങ്ങി....എങ്കിലും മുഖത്തെ ചിരിയവൾ മായാതെ നിലനിർത്തി....
"എക്സാം എങ്ങനെയുണ്ടായിരുന്നു?"
ശ്യാം രണ്ട് പേരോടുമായി ചോദിച്ചു... പക്ഷേ ഉത്തരം പറഞ്ഞത് ശരണ്യയാണ്..
"ഓഹ്.. ഭാനുവിനോട് ചോദിക്കണ്ട ഏട്ടാ... റാങ്ക് വാങ്ങാൻ കച്ച കെട്ടിയറിങ്ങിയിരിക്യാ അവള്.. അതും കൊണ്ടേ അവള് പോകൂ..."
ശരണ്യ പറഞ്ഞു...
"അതെനിക്കുമറിയാം.. ഞാൻ നിന്നോടാ ചോദിച്ചത്..."
ശ്യാം പറഞ്ഞപ്പോൾ ശരണ്യയൊന്ന് ചമ്മി...
"ആ.. അത്.. അത് പിന്നെ.. റിസൾട്ട് വരുമ്പോ അറിഞ്ഞാ പോരെ ഏട്ടാ.... ഇപ്പോഴേ എന്തിനാ ആവശ്യമില്ലാതെ ടെൻഷനടിക്കുന്നത്.. Silly boy..."
അവന്റെ തോളിലൊന്ന് തട്ടി ശരണ്യ ലാഘവത്തോടെ പറഞ്ഞു..
"മ്മ്.. അപ്പൊ എസ്. എസ്. എൽ. സി പോലെ തന്നെ... വല്യ പ്രതീക്ഷയൊന്നും വേണ്ടെന്നർത്ഥം.. ല്ലേ.."
"ഏറെക്കുറെ.."
ഇടങ്കണ്ണിട്ട് ശ്യാമിനെ നോക്കിയിട്ട് ശരണ്യ മണ്ണിൽ കാല് കൊണ്ട് കളം വരച്ചു...
"എന്നാ പിന്നെ നീ വിട്ടോ.. എനിക്ക് ഭാനുവിനോട് സംസാരിക്കാനുണ്ട്.."
ശ്യാം ഭാനുവിനെ ഒന്ന് നോക്കിയിട്ട് ശരണ്യയെ പറഞ്ഞു വിട്ടു... തല കുലുക്കി പോകുന്നതിനു മുൻപ് ഭാനുവിനെ നോക്കി അവളൊന്ന് ചിരിച്ചു.. ഒരു ലുട്ടാപ്പിച്ചിരി.. ഭാനു കണ്ണുരുട്ടിയപ്പോൾ അവൾ വേഗം നല്ല കുട്ടിയായി നടന്നകന്നു....
"എന്താ ശ്യാമേട്ടാ പറയാനുണ്ടെന്ന് പറഞ്ഞത്? എനിക്ക് പോകാൻ തിരക്കുണ്ടായിരുന്നു...."
കുറച്ച് കഴിഞ്ഞിട്ടും ഒന്നും പറയാതെ തപ്പിത്തടയുന്ന ശ്യാമിനെ കണ്ട് ഭാനു ചോദിച്ചു...
ശ്യാം ദീർഘമായൊന്ന് ശ്വസിച്ചു...
"ഭാനു... അത്.. എങ്ങനെ പറയണംന്ന് അറിയണില്ല.. ഒരു.. ഒരു സ്റ്റാർട്ടിങ് ട്രബിൾ..."
ശ്യാം വാക്കുകൾക്കായി പരതി...
ഭാനു ഒന്ന് നെടുവീർപ്പിട്ടു...
"ശ്യാമേട്ടന് പറയാനുള്ളത് എന്താണെന്ന് എനിക്ക് മനസ്സിലായി... അത് വേണ്ട ശ്യാമേട്ടാ... അങ്ങനൊരു ചിന്ത ഇപ്പൊ തന്നെ ശ്യാമേട്ടൻ മനസ്സിൽ നിന്നും എടുത്തു കളയണം... നല്ലൊരു മനസ്സുണ്ട് നിങ്ങൾക്ക്... പഠിച്ചു വലിയ നിലയിലെത്താനുള്ള കഴിവുമുണ്ട്... എനിക്കിഷ്ടമാ ശ്യാമേട്ടനെ.. എന്റെ ശരണ്യക്കൊച്ചിന്റെ ഏട്ടനായിട്ട്...ഒരു സഹോദരനായിട്ട്.. അതിനപ്പുറം എന്റെ മനസ്സിൽ ഒന്നുമില്ല.. ഉണ്ടാവുകയുമില്ല...അവളോടും ഞാനിത് പറഞ്ഞിട്ടുണ്ട്...
എനിക്ക് പഠിച്ചൊരു ജോലി വാങ്ങണം.. എന്റെ അമ്മയ്ക്ക് വയറു കായാതെ ഭക്ഷണം കഴിക്കാനുള്ള വകയുണ്ടാക്കണം... കീറിപ്പറിയാത്ത ഒരു വസ്ത്രമെങ്കിലും വാങ്ങിക്കൊടുക്കണം... മരുന്ന് പിശുക്കാതെ സമയത്തിന് കഴിപ്പിക്കാൻ പറ്റണം... ഇതൊക്കെയാണെന്റെ ലക്ഷ്യങ്ങൾ... നടക്കുമോന്ന് അറിയാത്ത എന്റെ കൊച്ചു കൊച്ചു മോഹങ്ങൾ... പക്ഷേ അതിന് വേണ്ടി എത്ര വേണമെങ്കിലും ഞാൻ കഷ്ടപ്പെടാൻ തയ്യാറാണ്... മരിക്കേണ്ടി വന്നാലും ഈ ഭാനു തോറ്റു കൊടുക്കില്ല...
ഇനിയീ കാര്യം ശ്യാമേട്ടൻ എന്നോട് പറയരുത്.... ഇതിവിടെ തീർന്നു... പോട്ടെ.. അമ്മ കാത്തിരിക്കുന്നുണ്ടാകും... വല്യമ്മയും.."
ശ്യാമിന് ഒന്നും പറയാനുണ്ടായിരുന്നില്ല.. അവളൊരു ചിരിയോടെ പറയുമ്പോഴും കൺകോണിൽ അവളൊളിപ്പിച്ച മിഴിനീർക്കണം അവൻ കണ്ടിരുന്നു... ധൃതിയിൽ നടന്നകലുന്ന ആ ചെറിയ പെൺകുട്ടിയെ കണ്ട് അവന് അദ്‌ഭുതം തോന്നി... ബഹുമാനവും.. എന്തിനെയും ഏതിനെയും നിസ്സാരമായി കാണുന്ന തന്റെ അനുജത്തിയുടെ പ്രായം മാത്രമുള്ള ആ പെൺകുട്ടിയുടെ പക്വതയും നിശ്ചയദാർഢ്യവും അവനെ ആശ്ചര്യപ്പെടുത്തി....
തന്റെ ബൈക്കിൽ കയറി അവൾക്കെതിർവശത്തേക്ക് ഓടിച്ചു പോകുമ്പോൾ ശ്യാം ഒരു തീരുമാനമെടുത്തിരുന്നു... മനസ്സിൽ തോന്നിയൊരു ഇഷ്ടത്തിനെ കുറിച്ച് സംസാരിക്കാൻ ഒരിക്കലുമവളുടെ മുൻപിൽ ചെല്ലില്ലെന്ന്...മനസ്സിൽ ഭാനുവെന്ന അദ്ധ്യായം അടയ്ക്കുമ്പോൾ ശ്യാമറിഞ്ഞിരുന്നില്ല കാലം വീണ്ടുമവനെ അവൾക്ക് മുൻപിലെത്തിക്കുമെന്ന്...
വീട്ടിലേക്ക് ധൃതിയിൽ നടന്നടുക്കുമ്പോൾ ഭാനുവും അറിഞ്ഞിരുന്നില്ല അവളെ കാത്തിരിക്കുന്നത് അവളുടെ ലക്ഷ്യങ്ങളെ ചവിട്ടി മെതിക്കാൻ പോന്ന സംഭവവികാസങ്ങളാണെന്ന്....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
രാത്രി അത്താഴം കഴിഞ്ഞ് ചില ഫയലുകൾ നോക്കുകയാണ് രമേശൻ...
അദ്ദേഹത്തിനുള്ള മരുന്നുമായി അംബിക മുറിയിലേക്ക് കയറി വന്നു...
"രമേശേട്ടാ.."
"മ്മ് "
ഫയലിൽ നിന്നും മുഖമുയർത്താതെ തന്നെ അദ്ദേഹം മൂളി..
"ഗുളിക "
രമേശൻ മുഖമുയർത്തി അംബികയ്ക്ക് നേരെ കൈ നീട്ടി... അംബിക കൊടുത്ത ഗുളിക കഴിച്ചിട്ട് അദ്ദേഹം പിന്നെയും ഫയലിലേക്ക് കണ്ണ് നട്ടു....
ഗ്ലാസ്സ് മാറ്റി വച്ചിട്ട് അംബിക നിന്ന് പരുങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു....
"തനിക്കെന്തെങ്കിലും പറയാനുണ്ടോ?"
മുഖമുയർത്താതെ തന്നെ അദ്ദേഹം ചോദിച്ചു...
"ഉവ്വ്... ഭാനുവിന്റെ കാര്യാ "
അതിവിനയത്തോടെ അംബിക പറഞ്ഞു...
ഭാനുവിന്റെ പേര് കേട്ടതും ഫയലടച്ച് പുരികം ചുളിച്ചു കൊണ്ട് രമേശൻ ഭാര്യയെ നോക്കി....
"അത്... അവൾക്ക് പതിനെട്ടു വയസ്സ് തികഞ്ഞു ല്ലോ..സന്ധ്യേടെ വിവാഹയോഗം എന്നാണെന്നറിയാൻ പോയപ്പോ ഞാനാ ജോത്സ്യരെക്കൊണ്ട് അവളുടെ ജാതകവുമൊന്ന് നോക്കിച്ചു...സന്ധ്യക്കിനിയും ഒരു വർഷം കഴിഞ്ഞിട്ടാണ് മംഗല്യയോഗം...അവളുടെ ജാതകത്തിൽ ദോഷങ്ങളൊന്നുമില്ലെന്ന് പറഞ്ഞു അദ്ദേഹം ...
പക്ഷേ ഭാനുവിന്റെ ജാതകത്തിൽ....ഒരുപാടുണ്ട് ദോഷങ്ങൾ...ആ ദോഷങ്ങൾ കൊണ്ടാണത്രെ ഒന്നിന് പുറകേ ഒന്നായി അവളുടെ രക്തബന്ധത്തിലുള്ളവർക്ക് മരണം സംഭവിച്ചത്...അവൾളുടെ കൂടെയുള്ള രക്തബന്ധത്തിലുള്ളവർക്ക് ഇനിയും അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന്...അവളുടെ വിവാഹത്തോടെയേ ആ ദോഷം മാറുള്ളൂന്നാ അദ്ദേഹം പറയണത്..."
സങ്കടം ഭാവിച്ച് അംബിക പറഞ്ഞു....
"താനെന്താ പറഞ്ഞു വരണേ?"
മുഖം ചുരുക്കിക്കൊണ്ട് രമേശൻ ചോദിച്ചു...
"അത്.. അത് പിന്നെ... വിവാഹം.. ഭാനുവിന്റെ വിവാഹം ഉടനെ തന്നെ... നടത്തിയാൽ..."
പേടിച്ചു പേടിച്ചാണ് അംബിക അത്രയും പറഞ്ഞത്... അവർക്കീ ഭൂമിയിൽ ആരോടെങ്കിലും ഭയമുണ്ടെങ്കിൽ അത് ഭർത്താവിനോട് മാത്രമാണെന്ന് വേണം പറയാൻ...
ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് ഭർത്താവിന്റെ മുഖത്തേക്ക് ഭയത്തോടെ നോക്കിയ അംബിക പക്ഷെ കണ്ടത് തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന അദ്ദേഹത്തെയാണ്...ഇത്തവണ മുഖം ചുളിഞ്ഞത് അംബികയുടെയാണ്....
"താനെന്താ ഈ രാത്രി തമാശ പറയാണോ...?"
ഭാവഭേദമന്യേ രമേശൻ ചോദിക്കുമ്പോൾ പരിഹസിക്കപ്പെട്ടതിന്റെ അമർഷം അംബികയ്ക്കുള്ളിൽ നിറഞ്ഞു...
"അത്.. ഞാൻ... ഏട്ടനെന്താ അങ്ങനെ പറഞ്ഞത്.? "
അംബിക സങ്കടം ഭാവിച്ച് ചോദിച്ചു...
രമേശൻ ഗൗരവത്തോടെ ഒന്ന് നിവർന്ന് ചാരിയിരുന്നു ..
"പിന്നെ... ഈ സ്കൂളിൽ പഠിക്കണ ഇത്തിരിപ്പോന്ന കൊച്ചിനെയാണോ നീ കെട്ടിച്ച് വിടണംന്ന് പറയണേ... അതും പഠിക്കാൻ ഒരുപാട് ഇഷ്ടമുള്ള ഇത്തവണത്തെ റാങ്ക് പ്രതീക്ഷയായ ഒരുവളെ..."
അംബികയുടെ മുഖം കുനിഞ്ഞു പോയി... മനസ്സിലവർ തന്റെ പദ്ധതി വിജയിക്കാനായി ഇനിയെന്ത് പറയണമെന്ന് ആലോചിക്കുകയായിരുന്നു....
"ജാതകവും ജ്യോതിഷവുമൊന്നും വിശ്വസിക്കരുതെന്ന് ഞാൻ പറയില്ല..കാരണം അച്ഛനും അമ്മയുമൊക്കെ ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്നവരാണ്... നമ്മുടെ വിവാഹം പോലും ജാതകപ്പൊരുത്തം നോക്കി തന്നെയാണ് നടത്തിയത്...
പക്ഷേ അത് ഗണിക്കുന്ന ജോത്സ്യന് തെറ്റിയെന്ന് വരാം.. അതിനൊരു ഉദാഹരണം നമ്മുടെ മുൻപിലില്ലേ..."
രമേശൻ പറയുമ്പോൾ അംബിക സംശയത്തോടെ മുഖമുയർത്തി...
"രമണി.. അവളുടെ ജാതകം നോക്കിയ പണിക്കര് പറഞ്ഞത് പത്തിൽ ഒൻപത് പൊരുത്തമാണ്... ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള സ്വപ്നതുല്യമായ ജീവിതമാണ് അവളുടെ ജാതകത്തിൽ ഉള്ളത്....എന്നിട്ടോ ഒരു വർഷം തികച്ചോ അവളാ വീട്ടിൽ... തെറ്റ് ആരുടെഭാഗത്താണെങ്കിലും ആ ബന്ധം അറ്റ് പോയില്ലേ... ജാതകപ്പൊരുത്തം മാത്രം പോരാ... മനപ്പൊരുത്തം കൂടി വേണം... പിന്നെ പരസ്പരം മനസ്സിലാക്കാനുള്ള നല്ലൊരു മനസ്സും... എനിക്കുറപ്പാണ് രമണിയുടെ സ്വഭാവം അവളുടെ ഭർത്താവിനും വീട്ടുകാർക്കും അഡ്ജസ്റ്റ് ചെയ്യാൻ പറ്റിക്കാണില്ല..."
അംബികയ്ക്ക് എന്ത് പറയണമെന്ന് മനസ്സിലായില്ല..
"അത് കൊണ്ട് ഈ വിഷയം നമുക്ക് ഇവിടെ നിർത്താം... എനിക്ക് കുറച്ച് ജോലിയുണ്ട്..."
രമേശൻ ഫയൽ കയ്യിലെടുത്തു...
ദേഷ്യം വന്നെങ്കിലും തോറ്റു പിന്മാറാൻ അംബിക ഒരുക്കമായിരുന്നില്ല....
"എനിക്ക്.. മറ്റൊരു കാര്യം... പറയാനുണ്ട്..."
വിറയലുണ്ടായിരുന്നു അംബികയുടെ സ്വരത്തിൽ...
രമേശൻ തെല്ല് ദേഷ്യത്തോടെ മുഖമുയർത്തി നോക്കി....
അംബിക ആ മുഖത്തേക്ക് നോക്കിയതേയില്ല....
"എന്താണെങ്കിലും വേഗം പറയ് "
അസഹിഷ്ണുത നിറഞ്ഞ സ്വരത്തിൽ രമേശൻ പറഞ്ഞു...
"ഭാനുവിനെ ഒരു പയ്യന്റെ കൂടെ ദാമു കണ്ടിരുന്നു.. എന്നോട് പറഞ്ഞു... ഞാനാദ്യം കാര്യാക്കിയില്ല.. പിന്നെ.. രണ്ട് മൂന്ന് വട്ടം ഞാനും കണ്ടു...."
"അത് കൂടെ പഠിക്കണ വല്ല കുട്ടിയുമാകും... അതൊന്നും കാര്യാക്കണ്ട... ഭാനു നല്ല വകതിരിവുള്ള കുട്ടിയാ...അവളങ്ങനുള്ള അബദ്ധമൊന്നും കാട്ടില്ല..."
പറയുമ്പോൾ രമേശന്റെ ശബ്ദത്തിൽ നിറഞ്ഞ വാത്സല്യവും വിശ്വാസവും അംബികയുടെ ഉള്ളിലെ കനലിനെ ആളിക്കത്തിച്ചു....
പല്ല് കടിച്ച് സ്വയം നിയന്ത്രിച്ചു കൊണ്ട് അംബിക ആവനാഴിയിലെ അവസാനത്തെ ആയുധവും പുറത്തെടുത്തു...മേശപ്പുറത്തിരുന്ന മൊബൈലെടുത്ത് അവർ ഒരു ഫോട്ടോ എടുത്ത് രമേശന് നേരെ നീട്ടി...
"ഒരു ചെറുപ്പക്കാരനോട് ചിരിയോടെ സംസാരിച്ച് നിൽക്കുന്ന ഭാനു.."
"ഇതെന്താ?"
"പറഞ്ഞാൽ വിശ്വസിക്കില്ലാന്ന് അറിയണോണ്ട് കണ്ടപ്പോ ഞാനെടുത്ത് വച്ചതാ..."
അംബിക പറഞ്ഞപ്പോൾ ഒരു നെടുവീർപ്പോടെ രമേശൻ വലം കയ്യിലെ ചൂണ്ടു വിരലും തള്ളവിരലും കണ്ണുകളിലമർത്തി പിടിച്ചു...
"താനിതേത് ലോകത്താ അംബികേ ജീവിക്കണേ... ഒരു പെൺകുട്ടി പരിചയമുള്ളൊരു പയ്യന്റെ അടുത്ത് സംസാരിച്ച് നിന്നാൽ അതിനർത്ഥം അവർക്കിടയിൽ പ്രേമമുണ്ടെന്നാണോ... കഷ്ടം... തന്റെ മനസ്സിത്ര ചെറുതായിപ്പോയല്ലോ..."
ഭർത്താവിന്റെ പരിഹാസത്തിൽ അംബിക ഉള്ളിൽ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു....
"ഇങ്ങനെയാണെങ്കിൽ ഞാനും നീയും നമ്മുടെ മക്കളെ എങ്ങനെയൊക്കെ സംശയിക്കണം...കാണാത്ത ദൂരത്തുള്ള അവര് എന്തൊക്കെ ചെയ്ത് കൂട്ടുന്നുണ്ടെന്ന് നമുക്കറിയുമോ... അവരങ്ങനെയൊന്നും വഴി തെറ്റി പോകില്ലെന്നുള്ള വിശ്വാസത്തിലല്ലേ നീ ജീവിക്കുന്നത്....സത്യമെന്താണെന്ന് നിനക്കറിയാമോ..."
"ഇല്ല.. നമ്മുടെ മക്കള്.. അങ്ങനെയൊന്നും ചെയ്യില്ല.. എനിക്കുറപ്പുണ്ട്..."
രമേശന്റെ വാക്കുകളെ അംബികയിലെ അമ്മ ശക്തമായി എതിർത്തു.... രമേശനൊന്ന് ചിരിച്ചു....
"ഈ വീട്ടില് നടക്കുന്നതൊന്നും ഞാനറിയുന്നില്ലെന്ന് വിചാരിക്കണ്ട....കൂട്ടുകാരെന്നും പറഞ്ഞ് നമ്മുടെ സൽപുത്രന്റെ കൂടെ ഓരോരുത്തന്മാര് വന്നു താമസിക്കാറില്ലേ ഇവിടെ.. അതും ഞാൻ നാട്ടിലില്ലാത്ത നേരം നോക്കി... അപ്പോഴൊക്കെ അവന്റെ മുറിയിൽ എന്താ നടക്കുന്നതെന്നറിയാൻ എനിക്കൊറ്റ പ്രാവശ്യം ആ മുറിയിൽ കേറിയാൽ മതിയായിരുന്നു... ചെയ്ത് കൂട്ടിയ തോന്ന്യാസങ്ങൾക്കുള്ളത് കണക്കിന് കൊടുത്തിട്ടാ ഞാൻ കഴിഞ്ഞ പ്രാവശ്യം അവനെ യാത്രയാക്കിയത്... നന്നായാൽ അവന് കൊള്ളാം..."
അംബിക ഞെട്ടി ഭർത്താവിനെ നോക്കി....
പക്ഷെ മോൾടെ കാര്യത്തിൽ പേടിക്കേണ്ടി വരില്ല... അവള് നിന്നെ വിളിച്ചില്ലെങ്കിലും എന്നെയെന്നും വിളിക്കാറുണ്ട്.. അവൾടെ കൂട്ടുകാരോടും ടീച്ചർമാരോടുമൊക്കെ ഞാൻ സംസാരിക്കാറുണ്ട്...അതിൽ നിന്നുമെനിക്ക് മനസ്സിലാകും അവളെങ്ങിനെയാണെന്ന്... നീയിങ്ങനെ ഭാനൂന്റെ പുറകേ നടക്കാണ്ട് പുന്നാരമോനെ കുറച്ച് കൂടി ശ്രദ്ധിക്കാൻ നോക്ക്..."
പുച്ഛത്തോടെ രമേശൻ പറയുമ്പോൾ അംബിക ദേഷ്യവും നിരാശയും കൊണ്ട് പുകഞ്ഞു നീറി....
വീണ്ടും ഫയൽ തുറന്ന് വായിക്കുന്ന ഭർത്താവിനെ നോക്കുന്ന അംബിക ഇനിയെന്തെന്ന ആലോചനയിലായിരുന്നു....പെട്ടെന്നെന്തോ ഓർത്തത് പോലെ അവരുടെ മുഖമൊന്ന് വിടർന്നു...
"ഏട്ടാ.."
"നീ പോയി കിടക്കാൻ നോക്ക് അംബികേ.. എന്നെയിങ്ങനെ ശല്യം ചെയ്യാതെ... വളരെ ഇമ്പോർട്ടന്റായ കേസിന്റെ ഫയലാ ഇത്... കോംപ്ലിക്കേറ്റഡ് ആയ ഒന്ന്...ഇത് തോറ്റാൽ എനിക്കത് വലിയ അപമാനമാകും.. പേഴ്സണലായിട്ടും പ്രൊഫഷണലായിട്ടും... നിനക്കൊക്കെ ഇത് വല്ലതും അറിയണോ... എന്നെ ദേഷ്യം പിടിപ്പിക്കാതൊന്ന് പോകാമോ..."
രമേശന്റെ ദേഷ്യം നിറഞ്ഞ ശബ്ദമുയർന്നു...
അംബിക ഞെട്ടിപ്പോയി...പെട്ടെന്നവരുടെ കണ്ണ് നിറഞ്ഞു..
അത് കണ്ടതും രമേശന്റെ വലിഞ്ഞു മുറുകിയ മുഖമൊന്നയഞ്ഞു... അദ്ദേഹം കണ്ണുകളടച്ചു തുറന്ന് ദീർഘമായൊന്ന് ശ്വാസമെടുത്തു..കർക്കശക്കാരനെങ്കിലും കുടുംബത്തെ ജീവനേക്കാൾ സ്നേഹിക്കുന്നയാളാണ് രമേശൻ...പ്രത്യേകിച്ച് അംബികയെ... അവരുടെ കണ്ണ് നിറയുന്നത് അന്നും ഇന്നും അദ്ദേഹത്തിന് സഹിക്കാനാകില്ല... അതിനുള്ള അവസരം കഴിവതും അദ്ദേഹം ഒഴിവാക്കി വിടും.... അത് കൊണ്ട് തന്നെയാണ് കുറച്ചു കുശുമ്പും അസൂയയുമൊക്കെയുള്ള സ്വഭാവമാണ് അംബികയ്‌ക്കെന്ന് അറിയാമെങ്കിലും അവരുടെ പല തെറ്റുകളും അദ്ദേഹം കാര്യമാക്കാതെ വിടുന്നത്...എന്ത് ചെയ്താലും ഭാര്യ പരിധി വിട്ടു പോകില്ലെന്നുള്ള വിശ്വാസം....അത് കൊണ്ടാവാം ഭാനുവിന്റെയും ഭവാനിയുടെയും ജീവിതത്തിന്റെ ശരിയായ അവസ്ഥ അദ്ദേഹത്തിന് മനസ്സിലാകാതെ പോയത്...
"നീ... എന്താന്ന് വച്ചാ വേഗം പറയ് അംബികേ..."
സ്വരം മയപ്പെടുത്തി രമേശൻ പറഞ്ഞു...
അംബിക ഉള്ളിൽ ചിരിച്ചു...അവർ വേഗം സാരിത്തുമ്പ് കൊണ്ട് കണ്ണ് തുടച്ചു...
"ആ.. ആ പയ്യൻ.. വലിയ കോലോത്തെയാ "
രമേശൻ ഒന്ന് ഞെട്ടി അംബികയെ നോക്കി...
"ജയദേവൻ വക്കീലിന്റെ മൂത്ത മകൻ.. ശ്യാം... എറണാകുളത്ത് എൽ. എൽ. ബി.ക്ക് പഠിക്ക്യാ...അവന്റെ അനിയത്തി ശരണ്യ ഭാനൂന്റെ കൂടെയാ പഠിക്കണേ...
അത് മാത്രല്ല ഭാനൂന്റെ സ്കൂളിലെ സീനിയറായിരുന്നു ശ്യാം... അവൻ പ്ലസ് ടു കഴിഞ്ഞ് പോയിട്ടും ഇടയ്ക്കിടയ്ക്ക് സ്കൂളിലും പുറത്തുമൊക്കെ വച്ച് ഭാനുവിനെ കാണാറുണ്ട്....ഇതിന്റെയൊക്കെ അർത്ഥമെന്താ ഏട്ടാ... ദാമു പറഞ്ഞപ്പഴും ഞാനാദ്യം കാര്യാക്കിയില്ല... പക്ഷേ കണ്ണിന്റെ മുൻപിൽ കാണുമ്പോ എങ്ങനെയാ സംശയം തോന്നാതിരിക്ക്യാ... അതോണ്ടാ കാര്യായിട്ടൊന്ന് അന്വേഷിച്ചേ...അവളെനിക്ക് മോളെപ്പോലെയല്ലേ ഏട്ടാ.. അവൾക്കൊരു ദോഷം വരണ കാര്യം ഞാൻ ചെയ്യോ.."
കണ്ണുനീർ തുടച്ച് അതിഗംഭീരമായി അംബിക അഭിനയിച്ചു.... ഭർത്താവിന്റെ മുഖഭാവത്തിൽ നിന്നും തന്റെ വാക്കുകൾ കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ടെന്ന് അംബികയ്ക്ക് ബോധ്യമായി... ഉള്ളിലൂറി ചിരിച്ചു കൊണ്ട് അംബിക ഭർത്താവിനെ ഉറ്റു നോക്കി നിന്നു...
രമേശന്റെ മനസ്സ് അംബിക പറഞ്ഞ ഒരു പേരിൽ തന്നെ തങ്ങി നിൽക്കുകയായിരുന്നു...
ബാല്യം മുതൽ കൗമാരവും യൗവ്വനവും കടന്ന് മനസ്സിലെ ഓർമ്മകൾ തെന്നി നീങ്ങുമ്പോൾ അതിലെല്ലാം നിറഞ്ഞത് തന്റെ ആത്മസുഹൃത്തായിരുന്ന ആ പേരിനുടമയായിരുന്നു... ഒടുവിൽ കുനിഞ്ഞ ശിരസ്സോടെ അപമാനിതനായി ഒരു കോടതി വരാന്തയിലൂടെ നടന്നു നീങ്ങിയ തന്റെ ചിത്രം മനസ്സിൽ തെളിഞ്ഞു വന്നതും രമേശൻ കണ്ണുകളിറുക്കിയടച്ചു... ഭർത്താവിനെ നോക്കി നിന്ന അംബികയുടെ മനസ്സിൽ അദ്ദേഹത്തിന്റെ മനോവിചാരങ്ങൾ എങ്ങനെയാകുമെന്നൊരു രൂപമുണ്ടായിരുന്നു...
അദ്ദേഹത്തെ ആശ്വസിപ്പിക്കണമെന്നുണ്ടെങ്കിലും ആ നേരം അവർക്ക് തന്റെ ലക്ഷ്യം തന്നെയായിരുന്നു മുഖ്യം....എന്തിനെന്നറിയാതെ നിഷ്കളങ്കയായൊരു പാവം പെൺകുട്ടിയോട് തോന്നിയ വെറുപ്പായിരുന്നു അവരെ ഭരിച്ചത്....
അവളുടെ ജീവിതം നരകമാക്കാനുള്ള ആഗ്രഹമായിരുന്നു അവരുടെ ഉള്ള് നിറയെ....
ആ രാവ് കടന്ന് പോകുമ്പോൾ രമേശന്റെ മനസ്സിലൊരു കനൽ വീണിരുന്നു...അദ്ദേഹത്തെ ദൈവമായി കണ്ടു ജീവിക്കുന്നൊരു പെൺകുട്ടിയുടെ ജീവിതം ചുട്ടെരിക്കാനുള്ള തീയായി അത് ആളിപ്പടരാൻ ഒരു ചെറു കാറ്റേ വേണ്ടുമായിരുന്നുള്ളൂ....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
To be continued.....

