Unmask a web of secrets & mystery with our new release, "The Heel" which stands at 7th place on Amazon's Hot new Releases! Grab your copy NOW!
Unmask a web of secrets & mystery with our new release, "The Heel" which stands at 7th place on Amazon's Hot new Releases! Grab your copy NOW!

Dileep Perumpidi

Drama Crime Thriller

3.8  

Dileep Perumpidi

Drama Crime Thriller

ചുള്ളിയിൽ കൊരുത്ത ചൂണ്ട

ചുള്ളിയിൽ കൊരുത്ത ചൂണ്ട

23 mins
374


ഭാഗം 1


കാലം തെറ്റിയ മഴയോ, മുൻ ദിവസങ്ങളിലെ അമിതമായ ജോലിഭാരമോ, വിളിക്കാതെ വന്നു തിരിച്ചുപോയ പനിക്കോളോ പതിവില്ലാത്ത ഉച്ചമയക്കത്തിലേക്ക് നയിച്ചു. കണ്ണ് തുറന്നു നോക്കുമ്പോൾ സമയം 4 കഴിഞ്ഞിരിക്കുന്നു. ഒരു കട്ടൻ ഇട്ട് ബാൽക്കണിയിൽ ചെന്ന് തീർന്നുകൊണ്ടിരിക്കുന്ന മഴ നോക്കി കുറച്ച് നേരം നിന്നു. മനസ്സ് പതുക്കെ വീണ്ടും കേസ് ഡീറ്റൈൽസിലേക്ക് പോകാൻ തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായി കേട്ട കാളിങ് ബെൽ ചിന്തകളിൽ നിന്നും തിരിച്ചു വരവിന് കാരണമായി. വാതിൽ തുറന്നതും സജീവൻ സാറിന്റെ ചിരിക്കുന്ന മുഖം പ്രത്യക്ഷപെട്ടു.


"സർ എങ്ങനെ ഇവിടെ?" അത്ഭുതം അടക്കാനാകാതെ ഞാൻ ചോദിച്ചു .


"ആ, അതൊക്കെ ഉണ്ട്. എല്ലാം പറയാം. ആദ്യം ഒന്ന് ടോയ്‌ലെറ്റിൽ പോട്ടെ." കയ്യിൽ ഉണ്ടായിരുന്ന ബാഗും ഒരു വലിയ കവറും സോഫയിലേക്ക് വെച്ച് ചുറ്റും ടോയ്‌ലറ്റിനായി പരതി. ഞാൻ ചൂണ്ടികാണിക്കുന്നതിന് മുൻപേ സ്വയം കണ്ടുപിടിച്ച് അങ്ങോട്ട് നീങ്ങി .


രണ്ടു വർഷത്തിന് ശേഷം ആണ് സജീവൻ സാറിനെ കാണുന്നത്. മുടി കുറച്ചൂടെ നരച്ചിരിക്കുന്നു. ശരീരം കുറച്ച് ക്ഷീണിച്ചിട്ടും ഉണ്ട്. ഈ സമയത്തുള്ള അദ്ദേഹത്തിന്റെ വരവ് എന്റെ വിരസതക്ക് ആശ്വാസമായി.


"ഹോ ഇപ്പോഴാ ആശ്വാസം ആയത്. ഒരു വിധത്തിലാണ് ഇവിടെ വരെ പിടിച്ചു വെച്ചത്." പാന്റിന്റെ സിപ് ഇട്ടുകൊണ്ട് സർ തുടർന്നു. "തന്റെ പനിയെങ്ങനെ ഉണ്ട്?"


"ഇപ്പോൾ കുഴപ്പം ഇല്ല. അല്ല സർ ഇതെങ്ങനെ അറിഞ്ഞു? എന്റെ പനിയും പിന്നെ ഈ താമസ സ്ഥലവും?"


"ഞാൻ സ്റ്റേഷനിൽ പോയാർന്നെടോ. ചെറുനാരങ്ങായുണ്ടോ?" എന്റെ കട്ടൻ ഗ്ലാസ് നോക്കി ചോദിച്ചുകൊണ്ട് നേരെ അടുക്കളയിലേക്ക് നടന്നു. ഫ്രിഡ്ജ് തുറന്ന് ഒരു ചെറുനാരങ്ങ എടുത്തു ചായ പാത്രം കഴുകാൻ തുടങ്ങി.


"അയ്യോ, സർ ഇവിടെ ഇരിക്ക്. ഞാൻ ചായ ഇട്ടുതരാം."


"തന്റെ ചായ എനിക്ക് പറ്റില്ല. പണ്ടേ തന്റെ കുക്കിംഗ് നല്ല ബോറാണ്." തിളക്കാൻ വെള്ളം വെച്ചുകൊണ്ട് സർ പറഞ്ഞു. ഞാൻ ആ സത്യത്തെ ചിരിയാൽ നേരിട്ടു.


"എനിക്ക് ഒന്നും പിടികിട്ടുന്നില്ല. സർ ഇപ്പൊ ഇവിടെ?"


"തന്റെ ഭാര്യയും കൊച്ചും എന്തുപറയുന്നു? അവർ ഇങ്ങോട്ട് വരാറുണ്ടോ?" സാർ കൊണ്ടുവന്ന ബാഗും കവറും എടുത്ത് ബെഡ്റൂമിന് നേരെ നടന്നുകൊണ്ട് ചോദിച്ചു.


"ഇല്ല. മോളെ അവിടെ സ്കൂളിൽ ചേർത്തു. വൈഫിനു ജോലിയുണ്ടല്ലോ. അവളുടെ വീട്ടിൽ ആണ് രണ്ടുപേരും."


"താൻ ആ അകത്ത് അല്ലെ കിടക്കുന്നത്? അപ്പൊ ഞാൻ ഈ റൂം എടുക്കാം." ബെഡ്‌റൂമിൽ സാധനകൾ എല്ലാം അടക്കി വെച്ച് കിച്ചണിലേക്ക് തിരിച്ച് നടന്ന് സർ പറഞ്ഞു.


"സാറിന് ഇങ്ങോട്ട് മാറ്റമായോ? സാറാണോ ...?" സന്തോഷവും ജിജ്ഞാസയും അടക്കാനാവാതെ ഞാൻ ചോദ്യം പകുതിയിൽ നിർത്തി.


എന്റെ കയ്യിൽ നിന്നും കട്ടൻ ഗ്ലാസ്സ് വാങ്ങി അതിലെ ചായ പുച്ഛത്തോടെ ഒഴിച്ചുകളഞ്ഞ് അതിൽ സുലൈമാനി നിറച്ച് തിരിച്ച് തന്നതിനു ശേഷം സർ സോഫയിൽ ഇരിപ്പുറപ്പിച്ച് ആസ്വദിച്ച് കുടിക്കാൻ തുടങ്ങി.


"ഇരിക്കെടോ എല്ലാം പറയാം. ചായ കുടിക്ക്." സന്തോഷത്തിൽ അന്താളിപ്പ് കലർന്ന എന്റെ മുഖത്ത് നോക്കി സർ പറഞ്ഞു.


"ഞാൻ ആണ് തന്റെ ഇപ്പോളത്തെ കേസിന്റെ പുതിയ ലീഡർ. നമ്മൾ ഒരുമിച്ച് വീണ്ടും കേസ് അന്വേഷിക്കുന്നു. ഇത് കഴിയുന്നത് വരെ ഞാൻ തന്റെ കൂടെ താമസിക്കുന്നു. എന്തേ? തനിക്ക് എതിർപ്പുണ്ടോ?" സാർ ചിരിച്ചുകൊണ്ട് ഔപചാരികതയുടെ ഒരു ചോദ്യം ഉത്തരം പ്രതീക്ഷിക്കാതെ എനിക്ക് നേരെ എറിഞ്ഞു.


"ഹോ. ഗ്രേറ്റ്. എനിക്ക് ഇതിൽ കൂടുതൽ എന്താ വേണ്ടത് സർ? പ്ലഷർ റ്റു വർക്ക് വിത്ത് യു."


"ഹോ. താമസം വേറെ നോക്കിക്കോളാൻ ആണോ?" ഒരു കുസൃതി ചിരിയോടെ എനിക്ക് നേരെ നോക്കികൊണ്ട് ചോദിച്ചു .


"ഹഹ ... സ്വന്തം വീടായിരുന്നേൽ ഇപ്പോൾ സാറിന്റെ പേരിൽ എഴുതി തന്നേനെ." ഞാൻ ഉരുളക്കുപ്പേരി കൊടുത്തു .


"കൊള്ളാം. ഇന്ന് സ്റ്റേഷനിൽ ചെന്നപ്പോ തന്റെ ഷാനവാസ് സാറിന്റെ മുഖം കടന്നെല്ല് കുത്തിയപോലെ ഇരിക്കുന്നുണ്ടായിരുന്നു. ചുമതല മാറ്റം പൊളിറ്റിക്കൽ ആണല്ലേ?"


"ആ അത് മരിച്ച ആളുമായി നല്ല ഇരിപ്പുവശം ആയിരുന്നില്ല സാറിനു. അതുകൊണ്ട് ..."


"ആ... കേസ് ഡീറ്റെയിൽസ് ഓക്കേ വിശദമായി നാളെ കേൾക്കാം. ചൊവ്വാഴ്ച കേസിനെ പറ്റി സംസാരിച്ചു തുടങ്ങുന്നത് നല്ലതല്ല." മുഖത്ത് കഠിന ഭാവം വരുത്തിക്കൊണ്ട് സാർ പറഞ്ഞു .


"ഇന്ന് ബുധനാഴ്ചയാണ് സർ."


"ആ എന്നാ ബുധനാഴ്ച നല്ലതല്ല, പോരെ?" ഗൗരവത്തിൽ ഇറുക്കിപ്പിടിച്ച ചിരി അടർന്നു വീഴാതെ നോക്കികൊണ്ട് സർ പറഞ്ഞു.


കുടുംബവിശേഷങ്ങളും മുൻകാല സ്മരണകളും എന്നുവേണ്ട പിന്നേയും എന്തെല്ലാമോ കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചിരുന്നു. രാത്രിയിൽ ചെറിയ തോതിൽ ഒന്ന് മിനുങ്ങിയതിന് ശേഷം സാറിന്റെ സ്പെഷ്യൽ ചിക്കൻ ഫ്രയും ടൊമാറ്റോ റൈസും അകത്താക്കി കിടക്കയിലേക്ക് നീങ്ങി. 11 ഒടുകൂടി തന്നെ സാറിന്റെ മുറിയിൽ നിന്നും കൂർക്കം വലി കേട്ടൂ. ഞാൻ ഉറങ്ങാൻ ശ്രമിച്ചെങ്കിലും പിന്നെയും ചിന്തകൾ കേസിലേക്ക് തന്നെ പോയിക്കൊണ്ടിരുന്നു.


രണ്ടാഴ്ച മുൻപാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതിപക്ഷ യുവജന സംഘടനകളുടെ അഴിമതി വിരുദ്ധ മാർച്ച് നിയന്ത്രിച്ചു കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങി വരികയായിരുന്നു ഞാൻ. സ്റ്റേഷനിൽ നിന്നും ഉള്ള കാൾ കണ്ട് ഫോൺ എടുത്തു. പാർക്ക് സിറ്റിക്ക് അടുത്തുള്ള ഗ്രീൻ ഫീൽഡ് അപ്പാർട്മെന്റ്സിൽ ഒരു ഡെത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും സൂയിസൈഡ് ആണെന്ന് സംശയിക്കുന്നു എന്നും കോൺസ്റ്റബിൾ ഗോപി ചേട്ടൻ ഫോണിൽ പറഞ്ഞു. ഞാൻ അങ്ങോട്ട് നീങ്ങി.


7 വലിയ കെട്ടിട സമുച്ഛയങ്ങൾ കൂടിയതാണ് ഗ്രീൻ ഫീൽഡ് അപ്പാർട്മെന്റ്സ്. ഞാൻ അവിടെ എത്തുമ്പോൾ 20 ഓളം പേർ മൂന്നാമത്തെ കെട്ടിടത്തിന് മുൻവശത്തായി കൂടിനിന്ന് ഗാഢമായ ചർച്ചകളിൽ മൗനത്തിന്റെയും ഗൗരവത്തിന്റെയും മേമ്പൊടി ചേർത്ത് മ്ലാനതയുടെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. എന്റെ വരവ് അവരുടെ മുഖത്തെ ഗൗരവത്തിന്റെ കാഠിന്യം കൂട്ടിയത് ഞാൻ ശ്രദ്ധിച്ചു. 


വണ്ടി ആ കെട്ടിടത്തിന് മുന്നിൽ നിർത്തിയപ്പോൾ തന്നെ രണ്ടുമൂന്നുപേർ എന്റെ അടുത്തേക്ക് വന്നു. അതിൽ ഒരാൾ അസോസിയേഷൻ സെക്രട്ടറി ജോസഫ് എന്ന് സ്വയം പരിചയപ്പെടുത്തി എന്നെ കൃത്യം നടന്നിടത്തേക്ക് നയിച്ചു. ഏഴാമത്തെ ഫ്ലോറിലെ സി അപ്പാർട്മെന്റിൽ ആയിരുന്നു മരണം നടന്നത്. വാതിൽ വെട്ടി പൊളിച്ച നിലയിലായിരുന്നു. ഞാൻ അകത്തേക്ക് നടന്നു. 


റൂമിൽ സാധനകൾ അവിടവിടെയായി അടുക്കില്ലാതെ കിടന്നിരുന്നു. എന്നാൽ ഒരു ബലപ്രയോഗത്തിന്റെ ലക്ഷണം ഒന്നും തോന്നിയില്ല. ബെഡ്‌റൂമിൽ കട്ടിലിലാണ് ബോഡി കിടന്നിരുന്നത്. ഒരു പക്ഷെ ഉറക്കത്തിൽ ആകാം മരണം സംഭവിച്ചത്. വായിൽ നിന്നും വെളുത്ത നുര പതഞ്ഞ് പുറത്തേക്കൊലിച്ചത് വിഷം കഴിച്ചതെന്ന സൂചന നൽകി. റൂം ആകെ തിരഞ്ഞെങ്കിലും സൂയിസൈഡ് നോട്ടോ വിഷത്തിന്റെ കുപ്പിയോ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻ സെക്രട്ടറിയുടെ അടുത്ത് ചെന്ന് മരിച്ചയാളെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ തിരക്കി .


"സർ, അയാളുടെ പേര് മനോജ്. സ്വന്തമായി ഒരു ഫർണിച്ചർ കട നടത്തുന്നു. ഇത് സ്വന്തം ഫ്ലാറ്റ് ആണ്. ഇവിടെ ആയിട്ട് ഇപ്പോൾ 4 വർഷത്തോളം ആയിക്കാണും. ശരിക്കും നാട് കണ്ണൂർ ആണ്." സെക്രട്ടറി പറഞ്ഞു.


"ഫാമിലി ആരും ഇല്ലേ?" ഞാൻ ചോദിച്ചു.


"ഭാര്യയും പ്ലസ് ടു പഠിക്കുന്ന ഒരു മകളും ഉണ്ട്. പിന്നെ അവർ ഒരാഴ്ച മുൻപ് ഇവിടെ നിന്നും പോയി." ചുറ്റും നോക്കിക്കൊണ്ട് സ്വരം താഴ്ത്തി സെക്രട്ടറി തുടർന്നു. "അവർ അത്ര രസത്തിലായിരുന്നില്ല സർ."


"ഹോ ഓക്കേ. മനോജ് പൊതുവെ എങ്ങനെ ആയിരുന്നു?"


"മരിച്ചവരെ പറ്റി ദോഷം പറയരുത് എന്നാണ്. എങ്കിലും പറയാതെ വയ്യ സർ. അയാൾ എന്നും ഭാര്യയുമായി വഴക്കാണ്. അതുപോലെ അടുത്ത് താമസിക്കുന്ന എല്ലാവർക്കും അയാളെ പറ്റി കംപ്ലയിന്റ് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു."


"ഇന്നലെ രാത്രി ഇയാൾ എപ്പോഴാണ് വന്നത്?"


"അത്. 8:30 ആയി കാണും സർ."


"ഒറ്റക്കായിരുന്നോ, അതോ ഫ്രണ്ട്സോ മറ്റോ കൂടെയുണ്ടായിരുന്നോ?"


"ഒറ്റക്കായിരുന്നു."


"ഇവിടെ അടുത്ത ഫ്ലാറ്റുകളിൽ താമസക്കാരുണ്ടോ?"


"രാജീവ് 7 ഡി യിലാണ്. തന്റെ കൂടെ നിന്നിരുന്ന ആളെ പരിചയപ്പെടുത്തി കൊണ്ട് സെക്രട്ടറി തുടർന്നു. 7 ബി കഴിഞ്ഞ കുറച്ചു നാളുകളായി ഒഴിഞ്ഞു കിടക്കുകയാണ്."


"ഇന്നലെ ഇവിടെ നിന്ന് പ്രത്യേകിച്ച് എന്തെങ്കിലും ശബ്ദം കേട്ടിരുന്നോ?" ഞാൻ രാജീവിനോട് ചോദിച്ചു.


"ഇല്ല സർ."


"ആരാണ് ഇത് തുറന്നത്?" വെട്ടിപൊളിച്ച വാതിൽ നോക്കി ഞാൻ ചോദിച്ചു.


"ഞാനും രാജീവും പിന്നെ മനോജിന്റെ ഫർണിച്ചർ ഷോപ്പിൽ വർക്ക് ചെയുന്ന സുരേഷും ഉണ്ടായിരുന്നു. ഷോപ്പിലേക്ക് കാണാതായപ്പോൾ സുരേഷ് അയാളെ പലതവണ വിളിച്ചു നോക്കി. ഉച്ചവരെ ഫോണിൽ വിളിച്ചിട്ടും എടുക്കാതായപ്പോൾ സുരേഷ് ഇവിടെ വന്ന് അന്വേഷിക്കുകയായിരുന്നു. രാത്രിയും രാവിലെയും ഉള്ള സെക്യൂരിറ്റിമാരോട് അന്വേഷിച്ചപ്പോൾ മനോജ് പുറത്തേക്ക് പോകുന്നത് കണ്ടിട്ടില്ല എന്ന് ഉറപ്പ് പറഞ്ഞു. അയാളുടെ കാറും പാർക്കിംഗ് സ്ലോട്ടിൽ ഉണ്ടായിരുന്നു. രാജീവിന്റെ ബാൽക്കണിയിൽ നിന്ന് ഫോണിലേക്ക് വിളിച്ചപ്പോൾ ഫ്ലാറ്റിനകത്തുനിന്നും റിങ് കേട്ടു. അങ്ങിനെയാണ് കുറച്ചുനേരത്തെ ഡിസ്കഷന് ശേഷം എന്തായാലും വാതിൽ പൊളിച്ച് നോക്കാൻ തീരുമാനിച്ചത്."


"ഉറക്കം ഒന്നും ഇല്ലേ? കേസ് ഇന്ന് തന്നെ തെളിയിക്കണോ, വേണ്ടല്ലോ? സജീവൻ സർ ബെഡ്റൂമിന്റെ ഡോറിൽ കൊട്ടികൊണ്ട് പുച്ഛ ചിരിയോടെ ചോദിച്ചു. സമയം രാത്രി ഒന്ന് കഴിഞ്ഞിരുന്നു. കണ്ണിലേക്ക് തള്ളി കയറാൻ കാത്തു നിന്ന ഉറക്കം കേസിനോട് താത്കാലികമായി വിടപറയാൻ എന്നെ സഹായിച്ചു.


ഭാഗം 2


രാവിലെ 7ഓട് കൂടി ഞാൻ എഴുന്നേറ്റു. സർ അപ്പോഴേക്കും കുളിച്ച് കുട്ടപ്പനായി പത്രവും വായിച്ച് ഇരിപ്പുണ്ടായിരുന്നു. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് പ്രാതൽ കഴിച്ചെന്നു വരുത്തി 9 ഓട്കൂടി ഞങ്ങൾ ഫ്ലാറ്റിൽ നിന്നും സ്റ്റേഷനിലേക്കിറങ്ങി. യാത്രയിൽ സാറിനുണ്ടായ മൗനം കേസിലേക്ക് പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചന നൽകി. ഞാൻ നടന്ന സംഭവങ്ങൾ കടുകിടക്കുറവില്ലാതെ സാറിന്റെ മുന്നിലേക്ക് വെയ്ക്കാൻ ശ്രമിച്ചു.


"സൊ സെക്രട്ടറിയോടും മറ്റും സംസാരിച്ചതിന് ശേഷം തനിക്ക് എന്ത് തോന്നി?" സർ ചോദിച്ചു.


"അപ്പോൾ കാര്യമായി ഒന്നും തോന്നിയില്ല സർ. അവരോട് സംസാരിച്ചതിന് ശേഷം ഫ്ലാറ്റ് സീൽ ചെയാൻ നിർദേശം കൊടുത്ത് താഴേക്ക് പൊന്നു. ഗേറ്റിനരികിൽ കണ്ട സെക്യൂരിറ്റിയോട് കൂടുതൽ കാര്യങ്ങൾ ഞാൻ തിരക്കി. തലേന്ന് രാത്രി ഷിഫ്റ്റിൽ ഉണ്ടായിരുന്ന സെക്യൂരിറ്റിയും അവിടെ തന്നെ താമസിക്കുകയായിരുന്നു. അയാളോട് തലേന്ന് മനോജ് വന്ന സമയത്തെ പറ്റി തിരക്കി."


"8:30 ആയിക്കാണും സർ." അയാൾ മറുപിടി പറഞ്ഞു.


"പ്രത്യേകിച്ച് ആരെങ്കിലും അയാളുടെ കൂടെ വരികയോ മറ്റോ?" ഞാൻ ചോദിച്ചു.


"ഇല്ല സർ." എന്തോ പറയാൻ ഉള്ളപോലെ അയാൾ പറഞ്ഞു നിർത്തി .


"എന്താണെങ്കിലും പറയാം. നിങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഉറപ്പുതരുന്നു."


"അത് കാര്യമായ ഒന്നുമല്ല. ഇന്നലെ മനോജ് സർ വരുന്ന സമയത്ത് സെക്രട്ടറി ജോസഫ് സർ ഇവിടെ ഉണ്ടായിരുന്നു. മെയ്ന്റനൻസ് ക്യാഷ് അടക്കാത്തതിനെ പറ്റി പറഞ്ഞ് അവർ തർക്കിച്ചിരുന്നു. ചെറുതായി ഉന്തും തള്ളും എത്തിയപ്പോൾ ഞങ്ങൾ ചേർന്ന് പിടിച്ച് മാറ്റി."


"മുൻപെപ്പോഴെങ്കിലും അവർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടോ?"


"ഉവ്വ് സർ. ഒരിക്കൽ രാജീവ് സർ മനോജ് സാറിനെതിരെ കംപ്ലയിന്റ് നൽകിയിരുന്നു. മനോജ് സർ മദ്യപിച്ച് വഴക്കുണ്ടാക്കുന്ന കാരണം രാജീവ് സാറിന്റെ കുടുംബത്തിന് അടുത്ത് ജീവിക്കാൻ പറ്റുന്നില്ല എന്നും പറഞ്ഞ്. അന്ന് 7 ബി യിൽ താമസിച്ചിരുന്ന മറ്റൊരു ഫാമിലിയും ഇതേ കംപ്ലൈന്റ്റ് കൊടുത്തു. അന്ന് ജോസഫ് സർ മനോജ് സറിനെ വിളിച്ച് താക്കീത് ചെയ്തിരുന്നു. അത് അവർക്കിടയിൽ ഇടക്കിടക്കുള്ള വഴക്കിന് കാരണം ആയി." അയാൾ പറഞ്ഞു നിർത്തി .


"സൊ ശത്രുക്കൾ ഒരുപാടുണ്ടായിരുന്നു." സജീവൻ സർ അവനവനോടെന്ന രീതിയിൽ പറഞ്ഞു.


ഞങ്ങൾ അപ്പോഴേക്കും സ്റ്റേഷനിൽ എത്തിയിരുന്നു. നേരെ ഷാനവാസ് സാറിന്റെ റൂമിലേക്ക് ചെന്നു .


"ആ ഇരിക്ക് രണ്ടുപേരും. കേസ് ഡീറ്റെയിൽസ് അന്വേഷിച്ചുള്ള വരവായിരിക്കും അല്ലേ? ദാ ഇതാണ് ഒഫീഷ്യൽ ഡോക്യൂമെന്റസ്. ഇതിൽ കൂടുതൽ അറിയണമെങ്കിൽ ദോണ്ടേ അങ്ങോട്ട് ചോദിച്ചാമതി." കേസ് ഫയൽ സജീവൻ സാറിന് നേരെ നീട്ടിയതിന് ശേഷം എന്നെ ചൂണ്ടിക്കൊണ്ട് ഷാനവാസ് സർ പറഞ്ഞു.


"ഹഹ... അല്ല ഞാൻ സാറിനെ ഒന്ന് കണ്ടു സംസാരിക്കാൻ കൂടി വന്നതാണ്. സാറിന്റെ ഇന്പുട്സും ഇമ്പോർട്ടന്റ് ആണ്." സജീവൻ സർ രംഗം മയപ്പെടുത്താൻ ഒരു ശ്രമം നടത്തിക്കൊണ്ട് പറഞ്ഞു .


"എന്റെ സാറേ, എന്റെ ഒപ്പീനിയനിൽ ഇത് ഒരു സൂയിസൈഡ് തന്നെയാണ്. ഒരുപാട് ശത്രുക്കൾ അയാൾക്കുണ്ടായിരുന്നു എന്നുള്ളത് സത്യം തന്നെ. പക്ഷെ അന്ന് ആ റൂമിൽ വേറെ ആരും വന്നതിന്റെ ഒരു ട്രെസും ഇല്ല. അവിടെ ചെന്നവർ വാതിൽ ചവുട്ടി തുറന്നാണ് അകത്ത് കടന്നത്. ഇട്സ് ക്ലിയർ കേസ് ഓഫ് സൂയിസൈഡ്." ഷാനവാസ് സർ പറഞ്ഞുനിർത്തി.


"യാ. കുഡ് ബി. എന്താ സാറിനെ മാറ്റാൻ?"


"ഇവിടെ ഉള്ള എം.പി യുമായി ഇവന് ... ഐ മീൻ മനോജിന് നല്ല അടുപ്പം ഉണ്ട്. അവർ ചെറുപ്പം തൊട്ടേ ഉള്ള പരിചയക്കാർ ആണ്."


"ബട്ട് സാറുമായി എന്തെങ്കിലും?" സജീവൻ സർ പകുതി പറഞ്ഞു നിർത്തി.


"ആ... അതോ ഇയാൾ പറഞ്ഞുകാണുമല്ലേ? എന്റെ പൊന്നു സാറേ ഏതാണ്ട് ഒരു വർഷം മുൻപ് ഇവന്റെ ഭാര്യ എനിക്ക് ഒരു റിട്ടൺ ഡൊമസ്റ്റിക് വിയലൻസ് കംപ്ലൈന്റ്റ് തന്നു. ഞാൻ ഇവനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒന്ന് വിരട്ടാൻ നോക്കി. അപ്പോഴേക്കും എം പി ഓഫീസിൽ നിന്നും ഇറക്കാൻ ഉള്ള കാൾ വന്നിരുന്നു. അല്ലാതെ ചില മീഡിയാസ് പറയുന്ന പോലെ ആജീവനാന്ത ശത്രുതയൊന്നും ഇല്ല. ഈ ന്യൂസിനൊക്കെ പിന്നിൽ ആ എം പി ആണ്. ജനങ്ങളും മീഡിയയും എന്നും ചത്തവന്റെ ഒപ്പം അല്ലെ സാറേ. സൊ അയാൾക്ക് സൗഹൃദത്തേക്കാൾ ഉപരി ഇതൊരു പിആർ വർക്ക് ആണ്."


"ഹോ നമ്മുടെ നാടിന്റെ വിധി അല്ലെ . ഇതിനി ആത്മഹത്യ ആണെങ്കിൽ തന്നെ അത് പറയാൻ പറ്റില്ല, അല്ലെ? അപ്പൊ അവന്മാർ നമ്മൾ തമ്മിലുള്ള ഒത്തുകളി എന്നെഴുതും." സജീവൻ സർ ചിരിച്ചുകൊണ്ട് പറഞ്ഞു.


രാത്രിയിൽ സർ കേസ് ഫയലുകൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഞാൻ അവിടേക്ക് ചെന്നു.


"ഷാനവാസിനെ പറ്റി എന്താ അഭിപ്രായം?" തല ഫയലിൽ നിന്നും എടുക്കാതെ സജീവൻ സർ ചോദിച്ചു.


"അവർ തമ്മിലുള്ള വഴക്ക് ഷാനവാസ് സർ പറഞ്ഞത് തന്നെയാണ് എന്നാണ് എന്റെ അറിവ്. പിന്നെ കേസിന്റെ സമയത്ത് പെട്ടെന്ന് തന്നെ അതൊരു ആത്മഹത്യ ആക്കാൻ അങ്ങേരുടെ ഭാഗത്തുനിന്നും ഒരു തിടുക്കം എനിക്കും തോന്നിയിരുന്നു."


"ഓക്കേ. തനിക്ക് എന്ത് തോന്നുന്നു സൂയിസൈഡ് ഓർ മർഡർ?"


"അവിടെ നിന്നും ഒരു സൂയിസൈഡ് നോട്ടോ അതുപോലെ തന്നെ സൂയിസൈഡ് ചെയ്യാൻ ഉപയോഗിച്ച പോയ്‌സൺ ബോട്ടിലോ കിട്ടിയിട്ടില്ല."


"യാ. ഗുഡ് പോയിന്റ്. വേറെ എന്തെങ്കിലും?" ചില ഉത്തരങ്ങൾ ചിരിക്കുന്ന കണ്ണിൽ ഒളിപ്പിച്ചുകൊണ്ട് എന്നെ നോക്കി സർ ചോദിച്ചു.


"വേറെ, അയാളോട് സംസാരിച്ചിട്ടുള്ള എല്ലാവർക്കും അയാളോട് ശത്രുത ഉണ്ട്." ഞാൻ പറഞ്ഞു.


"ഓക്കേ. ഇതാണ് മറ്റൊരു പോയന്റ്." കയ്യിലിരുന്ന ഫയൽ എന്റെ നേരെ നീട്ടിക്കൊണ്ട് സർ തുടർന്നു. "പോസ്റ്മാർട്ടം റിപ്പോർട്ട് പറയുന്നത് ഭക്ഷണത്തിലൂടെ ആകാം പോയ്‌സൺ ഉള്ളിൽ ചെന്നത് എന്നാണ്. അങ്ങനെ മരിക്കാൻ തീരുമാനിച്ച ഒരാൾ ഡെയിലി ടാബ്ലറ്റ്സ് എന്തിന് കഴിക്കണം?"


"ശരിയാണ് സർ." അങ്ങനെ ചിന്തിക്കാത്തതിൽ മനസ്സിൽ സ്വയം പഴിച്ച് ഞാൻ പറഞ്ഞു.


"വാട്ട് എബൌട്ട് മനോജ്‌സ് ഫാമിലി? എനിതിങ് സസ്പീഷ്യസ്?"


"നത്തിങ് സർ. അവർ അയാളെ ഉപേക്ഷിച്ച മട്ടായിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുൻപേ അവർ അവിടെ നിന്നും ഇറങ്ങി പോയിരുന്നു."


"കാരണം?"


"എന്നും മദ്യപിച്ച് മനോജ് വഴക്ക് ഉണ്ടാക്കുമായിരുന്നു. അന്ന് ഭാര്യയെ മർദിച്ചു അവശയാക്കി എന്നും ആണ് പറഞ്ഞത്."


"സൊ ഒരാഴ്ച്ചയായി അവർ അവിടെ ഇല്ലാ. കുറച്ചുസമയം ആലോചനയിൽ മുഴുകിക്കൊണ്ട് സർ തുടർന്നു. സൊ സെക്രട്ടറി ജോസഫ്, അയൽക്കാരൻ രാജീവ് താൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ ഭാര്യ കഴിഞ്ഞാൽ അയാൾ ഏറ്റവും കൂടുതൽ ഉടക്കിയിട്ടുള്ള രണ്ടുപേർ."


"അതേ. അതുമാത്രമല്ല അവരാണ് സ്പോട്ടിൽ ആദ്യമായി എത്തുന്നത്."


"ഹം. പിന്നെ മനോജിന്റെ സ്റ്റാഫ് സുരേഷ് കൂടെ സ്പോട്ടിൽ ഉണ്ടായിരുന്നില്ലേ? അയാൾ മനോജുമായി എങ്ങനെയായിരുന്നു?"


"മനോജിന്റെ പെരുമാറ്റം അയാളോടും പരുഷമായിരുന്നു. പക്ഷെ 5 വർഷത്തോളമായി അയാൾ മനോജിനൊപ്പം. ഉള്ളതിൽ വിശ്വാസം അയാളെ മാത്രം ആയിരുന്നു എന്നാണ് മറ്റു ജോലിക്കാർ പറഞ്ഞത്. അടുത്തിടെയായി മനോജിന്റെ ജോലിയിലെ ശ്രദ്ധ തീരെ കുറഞ്ഞുവന്നുകൊണ്ടിരുന്നു. മദ്യപിച്ചായിരുന്നു പലപ്പോഴും ഷോപ്പിൽ ചെന്നുകൊണ്ടിരുന്നത്. അവിടത്തെ കാര്യങ്ങൾ എല്ലാം നോക്കി നടത്തിയിരുന്നത് സുരേഷ് ആയിരുന്നു." ഞാൻ പറഞ്ഞു നിർത്തി.


പിറ്റേന്ന് രാവിലെ ഞങ്ങൾ ആദ്യം പോയത് ഗ്രീൻ ഫീൽഡ് ഫ്‌ളാറ്റിലേക്കായിരുന്നു. സർ കുറച്ച് നേരം സീൽ ചെയ്ത 7 സി ഫ്ലാറ്റിലെ റിപ്പയർ ചെയ്ത ഡോറിലേക്ക് നോക്കി നിന്നു. കയ്യിൽ കരുതിയിരുന്ന ഫയലിൽ നിന്നും പൊളിച്ച ഡോറിന്റെ ഹാർഡ് കോപ്പി ഇമേജസും ആയി ഒത്തുനോക്കി. ഞാൻ എന്റെ മൊബൈലിൽ കിടന്നിരുന്ന കുറച്ച് സോഫ്റ്റ് കോപ്പി ഇമേജസ്‌ കൂടെ കാണിച്ച് കൊടുത്തു. ഞങ്ങൾ ഫ്ലാറ്റിലേക്ക് കയറി. ബോഡി കിടന്നിരുന്ന സ്ഥലവും ചുറ്റുപാടും വീണ്ടും തിരഞ്ഞു. ബെഡ്റൂമിലെ ഷെൽഫിലും മറ്റും ഉണ്ടായിരുന്ന ഒരുപാട് സാധനങ്ങൾ സർ എടുത്ത് ഒരു വലിയ കവറിൽ ആക്കി. അപ്പോഴേക്കും അവിടേക്ക് സെക്രട്ടറി ജോസഫ് എത്തിയിരുന്നു.


"സെക്യൂരിറ്റി വിളിച്ച് പറഞ്ഞു സർ വന്നിട്ടുണ്ടെന്ന്." എന്നെ നോക്കിക്കൊണ്ട് പറഞ്ഞ് അകത്തേക്ക് കയറാൻ തുടങ്ങി.


"സെക്രട്ടറി ജോസഫ് സാറല്ലേ? ആ സാറിനെ ഒന്ന് കാണാൻ ഇരിക്കയായിരുന്നു. ഞാനാണ് പുതിയതായി ഈ കേസ് ലീഡ് ചെയുന്നത്. സജീവൻ." കൈ നീട്ടി ഹസ്തദാനം കൊടുത്തുകൊണ്ട് സാർ തുടർന്നു. "ഇവിടെ നിറച്ച് പൊടിയാ കുറച്ച് ദിവസായിലേ പൂട്ടികിടക്കുന്നു. നമുക്ക് ഓഫീസ് റൂമിലേക്ക് ഇരുന്നാലോ?" അതിവിനയ ഭാവത്തിൽ മറുപടി പറഞ്ഞു സജീവൻ സർ അയാളെയും കൂട്ടി പുറത്തേയ്ക്ക് നടന്നു.


"അയ്യോ, അത് സാറുമാരുടെ അന്വേഷണം കഴിഞ്ഞാ ആളെ വെച്ച് ക്ലീൻ ചെയ്തോളാം. അന്വേഷണം കഴിയാറായോ സർ?" സെക്രട്ടറി അക്ഷമയിൽ അല്പം അതൃപ്തി ചേർത്ത് ചോദിച്ചു.


"നടന്നുവരുന്നു. എല്ലാത്തിനും അതിന്റേതായ സമയം ഇല്ലേ. സെക്രട്ടറിക്ക് ബുദ്ധിമുട്ടായോ?"


"അല്ലെങ്കിൽ തന്നെ ഇവിടെ പല കാര്യങ്ങളുടെയും ടെൻഷൻ ഉണ്ട്. അപ്പോൾ ഇവിടെ ഇങ്ങനെ പോലീസ് കേറിയിറങ്ങുക എന്ന് പറഞ്ഞാൽ."


"ഞങ്ങൾ അത്രേം മോശക്കാരാണോ?" സജീവൻ സർ ചിരിച്ചുകൊണ്ട് ചോദിച്ചു.


"അയ്യോ, അങ്ങനെ അല്ല സർ."


"സെക്രട്ടറിക്ക് മനോജിനോട് വ്യക്തിപരമായി?" സർ മുഴുവിപ്പിക്കാതെ ചോദിച്ചു.


"അയ്യോ, ആള് പൊതുവെ ഒരു റഫ് ക്യാരക്ടർ ആയിരുന്നു. അതുകൊണ്ട് പലരുമായും തർക്കങ്ങൾ ഉണ്ടായിരുന്നു. ഞാൻ അതൊക്കെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു എന്നല്ലാതെ."


"മരിക്കുന്നതിന്റെ തലേന്ന് ഗേറ്റിന്റെ അടുത്ത് വെച്ച് എന്തായിരുന്നു?" ഞാൻ ചോദിച്ചു.


"അയ്യോ. അത് ചെറിയ കശപിശ. അതൊക്കെ ഈ പൊസിഷനിൽ ഇരിക്കുമ്പോൾ പതിവാ. പല ടൈപ്പ് ആളുകൾ അല്ലെ?"


"ഇവിടത്തെ സെക്രട്ടറി ആയതിൽ പിന്നെ മനോജ് അല്ലാതെ വേറെ ആരേലും ആയി ഉന്തും തള്ളും ഉണ്ടായിട്ടുണ്ടോ?" ഞാൻ ചോദിച്ചു.


"സർ, നിങ്ങൾ എന്നെ സംശയിക്കുകയാണോ?" സെക്രട്ടറി ചോദിച്ചു.


"വി ഹാവ് റ്റു ടു അവർ ഡ്യൂട്ടി. ഒരു പക്ഷെ ഇത് തെളിയിക്കേണ്ടത് ഞങ്ങളെപ്പോലെ നിങ്ങളുടെയും ആവശ്യമല്ലേ?" കുറച്ചുനേരത്തെ ആലോചനക്ക് ശേഷം സർ തുടർന്നു. "ഇവിടെ ഫ്ലോർ ലെവൽ സിസിടിവി ഉണ്ടോ?"


"ഇല്ല സർ. എല്ലാ ബിൽഡിങ്ങിലും എൻട്രൻസിൽ ഉണ്ട്, കൂടാതെ മെയിൻ എൻട്രൻസിലും." സെക്രട്ടറി പറഞ്ഞു.


"വി നീഡ് ഓൾ ഓഫ് ദാറ്റ് ഡാറ്റ." സർ ഉറച്ച സ്വരത്തിൽ മറുപടി പ്രതീക്ഷിക്കാതെ പറഞ്ഞു.


അവിടെ ഉള്ള ക്ലീനിങ് സ്റ്റാഫിനോടും സെക്യൂരിറ്റിയോടും മറ്റും കാഷ്വൽ ആയ ഒരു അന്വേഷണം നടത്തി ഞങ്ങൾ തിരിച്ചുപോന്നു.


ഭാഗം 3 


പിറ്റേന്ന് ഞങ്ങൾ ആദ്യം പോയത് ബോഡി പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടർ അരുണിന്റെ അടുത്തേക്കായിരുന്നു.


"മരണം നടന്നിരിക്കുന്നത് രാത്രി ഒരു മണിയോടടുത്താണ്. ഭക്ഷണം കഴിച്ചിരിക്കുന്നത് 10 മണിയോടടുത്തായിരിക്കാം. ദിസ് കെമിക്കൽ (ഡോക്ടർ കെമിക്കലിന്റെ പേര് പറഞ്ഞെങ്കിലും ഞാൻ അതിവിടെ രേഖപെടുത്തുന്നില്ല ) ഈസ് ഹൈലി പോയ്സൺനസ് സബ്സ്റ്റൻസ്. ബട്ട് ഇത് കഴിച്ച് 3 മണിക്കൂർ സമയം എടുക്കാൻ കാരണം അതിന്റെ ക്വാണ്ടിറ്റി അത്രയും കുറവാണ് എന്നതുകൊണ്ടാണ്. അത് കുറച്ച് സ്‌ട്രെഞ്ചായി എനിക്ക് തോന്നി. കാരണം ഒരാൾ മരിക്കാൻ തീരുമാനിച്ചാൽ എന്തിന് ഇത്രയും കുറവ് കഴിക്കണം. അതുകൊണ്ട് ആകെ ഉണ്ടാവുന്നത് മരണത്തിന് എടുക്കുന്ന സമയം കൂടും എന്നതാണ്." ഡോക്ടർ പറഞ്ഞു.


"മരണം സംഭവിച്ചിരിക്കുന്നത് ഉറക്കത്തിൽ ആണല്ലോ? ഒരു പക്ഷെ ക്വാണ്ടിറ്റി കുറച്ചുകഴിച്ചാൽ മരണം ആഴത്തിലുള്ള ഉറക്കത്തിൽ ആയതിനു ശേഷം വേദന അറിയാതെ സംഭവിക്കും എന്ന് കരുതിയായിക്കൂടെ?" ഞാൻ ചോദിച്ചു.


"നോ. ഈ കെമിക്കലിന് സെഡേഷൻ എഫ്ഫക്റ്റ് ഉണ്ട്. ക്വാണ്ടിറ്റി കൂടുതൽ കഴിച്ചാലും ആദ്യം നേർവസ് സിസ്റ്റം സെഡേറ്റഡ് ആയതിനു ശേഷമേ മരിക്കു. മരിക്കാൻ തീരുമാനിച്ച ആൾ ഇത് ഉപയോഗിക്കുന്നത് മനസിലാക്കാം. പക്ഷെ അയാൾക്ക് എപ്പോളും പെട്ടെന്ന് മരിക്കണം എന്ന ഒരു മാനസിക അവസ്ഥ ആണ് ഉണ്ടാകുക. സൊ ഇത്രയും കുറവ് കഴിച്ചത് വളരെ സ്ട്രെയ്ന്ജ് ആയി തോന്നുന്നു." 


സജീവൻ സർ ആലോചനയിൽ മുഴുകിയിരുന്നു .


"മനോജ് അന്ന് കഴിച്ചത് ബിരിയാണി ആയിരുന്നു. സ്വിഗി വഴി അടുത്ത ഹോട്ടലിൽ നിന്നും ആണ് ഓർഡർ ചെയ്തത്. എനി പോസ്സിബിലിറ്റി ഓഫ് ഫുഡ് പോയ്സൺ?" കുറച്ചുനേരത്തെ മൂകത വിച്ഛേദിച്ച് കൊണ്ട് ഞാൻ ചോദിച്ചു.


"സാധ്യത കുറവാണ്. മെയ് ബി. ചില പ്രത്യകതരം ഫ്ലോർ പൈന്റുകളിലും പോളീഷിലും ഒക്കെ ഇത് കാണപ്പെടാറുണ്ട്."


"ഇതിന് പ്രത്യക മണമോ രുചിയോ ഉണ്ടാകുമോ?" ചിന്തയിൽ നിന്നും ഉണർന്ന് സർ ചോദിച്ചു.


"ഇല്ല."


സർ വീണ്ടും ആലോചനയിൽ മുഴുകി. താമസിയാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .


"സാറിന് എന്ത് തോന്നുന്നു? ആത്മഹത്യയും കൊലപാതകവും അല്ലാതെ ഒരു ഫുഡ് പോയ്സൺ പോസ്സിബിലിറ്റി നിലനിൽക്കുന്നുണ്ടോ?" കാറിന്റെ ഫ്രണ്ട് സീറ്റിൽ ചിന്തയിൽ മുഴുകിയിരുന്ന സാറിനോട് ഞാൻ ചോദിച്ചു.


"ഹം, എങ്ങനെയൊക്കെ വിഷം ഉള്ളിൽ ചെല്ലാം. ഹോട്ടലിൽ വെച്ച് അറിയാതെ എങ്ങനെങ്കിലും ഭക്ഷണത്തിൽ വിഷം ആകാം. പക്ഷെ അപ്പൊ മനോജിന് മാത്രം അല്ല ആ സമയത്ത് ബിരിയാണി കഴിച്ച എല്ലാവർക്കും എന്തെങ്കിലും അസ്വാസ്ഥ്യം തോന്നേണ്ടതാണ്. അല്ലെങ്കിൽ മനോജിന് കൊണ്ടുവന്ന ബിരിയാണിയിൽ ആരെങ്കിലും അയാളുടെ കയ്യിൽ എത്തുന്നതിന് മുൻപ് മാനിപുലേഷൻ ചെയ്യണം. പിന്നെ ബാക്കി നിൽക്കുന്ന ഓപ്ഷൻ അയാൾ സ്വയം വിഷം കലർത്തുന്നു. ലെറ്റ് അസ് കീപ് ഓൾ ഓപ്ഷൻസ് ഓപ്പൺ." സർ തുടർന്നു. "ഞാൻ ആലോചിക്കുന്നത് ക്വാണ്ടിറ്റി ഓഫ് പോയ്‌സണെ കുറിച്ചാണ്. ആത്മഹത്യ ചെയ്ത ആൾ ഇത്രെയും കുറവ് യൂസ് ചെയാൻ ചാൻസില്ല എന്നതുപോലെ തന്നെ ഒരാൾ കൊല്ലാൻ പ്ലാൻ ചെയ്യുമ്പോഴും ഇത്രയും കുറവ് എമൗണ്ട് യൂസ് ചെയില്ലലോ? ടാർഗറ്റ് മരിക്കാതിരിക്കാനും ഉള്ള ചാൻസ് പരിഗണിച്ച് അങ്ങനെ ഒരു റിസ്ക് കില്ലർ എടുക്കുമോ? പിന്നെ കുറവ് എടുക്കാൻ ഒരു കാരണം മണവും ടേസ്റ്റും വ്യത്യാസം വരാതിരിക്കുക എന്നതാവാം, പക്ഷെ ഈ കെമിക്കലിന് അങ്ങനെ മണമോ രുചിയോ ഇല്ലെന്ന് ഡോക്ടർ തന്നെ പറഞ്ഞില്ലേ."


"സർ, നമുക്ക് ആ എം പി യെ പോയി ഒന്ന് കണ്ടാലോ? മരിക്കുന്നതിന് തലേന്ന് മനോജ് അയാളെ കണ്ടിട്ടുണ്ട്." ഞാൻ പറഞ്ഞു.


സാറിനും അത് അനിവാര്യമായി തോന്നി. ബുക്ക് ചെയ്തത് പ്രകാരം പിറ്റേന്ന് രാവിലെ പത്തുമണിക്ക് എം പി ഓഫീസിൽ എത്തി. ഒരു മണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷം 11ഓടെ എം പി അവിടെ എത്തി.


"നിങ്ങൾ മുഷിഞ്ഞ് കാണുമല്ലേ? കുറച്ച് തിരക്കിൽ പെട്ടുപോയി. ക്ഷമിക്കണം." എം പി പറഞ്ഞു.


"ഏയ്. സാറിന്റെ തിരക്ക് ഞങ്ങൾക്ക് അറിയാവുന്നതല്ലേ? ഇത്രേം പെട്ടെന്ന് അപ്പോയ്ന്റ്മെന്റ് തന്നതിന് തന്നെ നന്ദി." സജീവൻ സർ പറഞ്ഞു.


"ആ ഇതിപ്പോ എന്റേം കൂടി കാര്യം അല്ലെ. എന്തായി അന്വേഷണം?"


"പുരോഗമിക്കുന്നുണ്ട്. പുള്ളിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നതുകൊണ്ട് എല്ലാ പോസിബിലിറ്റീസും നോക്കുകയാണ് സർ." സജീവൻ സർ തുടർന്നു. "സാറിന്റെ വ്യൂസ് കൂടെ അറിയാൻ വേണ്ടിയാണ് ഞങ്ങൾ വന്നത്. കേട്ടിടത്തോളം സാറുമായി മാത്രമേ പേർസണൽ ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നുള്ളു."


"അതെ ഞങ്ങൾ ഒരുമിച്ച് സ്കൂളിലും കോളേജിലും ഉണ്ടായിരുന്നു. മനോജ് ഒരു പ്രത്യേക പ്രകൃതക്കാരനാണ്." എം പി പറഞ്ഞു.


"ഡിപ്രെഷനോ വിത്‌ഡ്രോവൽ സിംപ്റ്റമോ അങ്ങനെ എന്തെങ്കിലും?" ഞാൻ ചോദിച്ചു.


"മദ്യപിക്കും എന്നത് നേരായിരുന്നു. എന്നാൽ തലേന്ന് കൂടി ഞാൻ നേരിൽ കണ്ട് സംസാരിച്ചതായിരുന്നു. ഫാമിലി പോയതിൽ വിഷമം ഉണ്ടായിരുന്നു. മുൻപും അങ്ങനെ സംഭവിച്ചുട്ടുള്ളതുകൊണ്ട്, അവർ തിരിച്ചുവരും എന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചിരുന്നു. അവരോട് സ്നേഹത്തോടെ പെരുമാറാനും ഞാൻ ഉപദേശിച്ചിരുന്നു."


"ഹോ ഓക്കേ. മനോജ് വന്നത് ഫാമിലി പ്രോബ്ലംസ് സംസാരിക്കാനായിരുന്നോ?" സർ ചോദിച്ചു.


"അല്ല. അയാളുടെ ഫർണിച്ചർ ഷോപ്പിൽ ഡെലിവറി നടത്തിയിരുന്ന ഒരു കമ്പനിയുമായി പേയ്മെന്റ് റിലേറ്റഡ് ഇഷ്യൂസ് ഉണ്ടായിരുന്നു. അതിന് ഹെൽപ്പ് ചോദിക്കാൻ ആണ് വന്നത്. എന്റെ ഒരു സുഹൃത്ത് വഴി ഞാൻ അത് സെറ്റിൽ ചെയ്തു. വൈകീട്ട് അത് മനോജിനെ അറിയിക്കുകയും ചെയ്തു."


"രാത്രി വിളിച്ചപ്പോൾ എന്തെങ്കിലും പ്രത്യേകിച്ച് പറഞ്ഞിരുന്നോ?"


"ഇല്ല. വളരെ നോർമൽ ആയാണ് സംസാരിച്ചത്. പിന്നെ പേയ്മെന്റ് ഇഷ്യൂ സെറ്റിൽ ആയതിന്റെ ആശ്വാസവും തോന്നി." എം പി പറഞ്ഞു.


"ശത്രുതയുള്ള വേറെ ആരെയെങ്കിലും പറ്റി എന്തെങ്കിലും പറഞ്ഞായിരുന്നോ?"


"ഫ്ളാറ്റിലെ സെക്രട്ടറിയായും അയൽക്കാരുമായും ഉള്ള കശപിശ മുൻപ് പറയാറുണ്ട്. തലേന്ന് കണ്ടപ്പോൾ അങ്ങനെ ഒന്നും പറഞ്ഞില്ല."


ഞങ്ങൾ അവിടെ നിന്നും പോയത് മനോജിന്റെ ഫർണിച്ചർ ഷോപ്പിലെ സുരേഷിനെ കാണാനായിരുന്നു. ഞങ്ങൾ അവിടെയെത്തുമ്പോൾ അയാൾ ഒരു കസ്റ്റമറുമായി സംസാരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടതും മറ്റൊരു ജോലിക്കാരനോട് കസ്റ്റമറോട് സംസാരിക്കാൻ ഏൽപ്പിച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു.


സജീവൻ സാർ സ്വയം പരിചയപ്പെടുത്തി കൊണ്ട് തുടങ്ങി. "മനോജിന്റെ സ്വഭാവത്തിൽ എന്തെങ്കിലും വ്യത്യാസം മരണത്തിന് മുൻപുള്ള ദിവസങ്ങളിലോ മറ്റോ ശ്രദ്ധിച്ചായിരുന്നോ?"


"ഇല്ല സർ. ഷോപ്പിലെ കാര്യങ്ങളിൽ ശ്രദ്ധ കുറഞ്ഞ് വന്നിരുന്നു. അതല്ലാതെ വേറെ വ്യത്യാസം ഒന്നും തോന്നിയില്ല. പിന്നെ ഞങ്ങൾക്ക് ഫർണിച്ചേർസ് ഡെലിവർ ചെയുന്ന ഒരു ക്ലൈറ്ന്റുമായി ചെറിയ പ്രോബ്ലെംസ് ഉണ്ടായിരുന്നു. പക്ഷെ അത് എംപി സുദേവ് സർ ഇടപെട്ട് തീർത്തിരുന്നു. പിറ്റേന്ന് അവരുമായി തന്നെ പുതിയ കോൺട്രാക്ട് സൈൻ ചെയ്യാനും പ്ലാൻ ഉണ്ടായിരുന്നു. അപ്പോഴാണ് ..."


"ഹം. അന്ന് ഉണ്ടായ സംഭവങ്ങൾ ഒന്ന് പറയാമോ." ഞാൻ ചോദിച്ചു.


"രാവിലെ 10 ന് കോൺട്രാക്ട് സൈൻ ചെയ്യാൻ പോകാം എന്നായിരുന്നു ഞങ്ങൾ തലേന്ന് തീരുമാനിച്ചിരുന്നത്. സാറിനെ ഞാൻ ഉച്ചവരെ വെയിറ്റ് ചെയ്തു. ഫോണിൽ വിളിക്കുകയും ചെയ്തു. ഉച്ചയോടുകൂടി ഫ്ലാറ്റിൽ പോയി അന്വേഷിക്കാം എന്ന് കരുതി. അവിടെ ചെന്ന് കാളിങ് ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല. അടുത്തുള്ള ഫ്ലാറ്റിൽ അന്വേഷിച്ചു. അയൽക്കാരൻ സെക്രട്ടറിയെ വിളിച്ചു. അവർ സെക്യൂരിറ്റിയോടും അന്വേഷിച്ചു. അങ്ങനെ മനോജ് സർ പുറത്ത് പോയിട്ടില്ല എന്ന് മനസിലായി. അയൽക്കാരന്റെ ബാൽക്കണിയിൽ പോയിനിന്ന് മൊബൈലിൽ വീണ്ടും വിളിച്ചു. അപ്പോൾ മനോജ് സാറിന്റെ ബെഡ്‌റൂമിൽ നിന്നും റിങ് കേട്ടു. കുറച്ച് നേരത്തെ ഡിസ്കഷന് ശേഷം ഞങ്ങൾ വാതിൽ പൊളിച്ച് അകത്തുകയറി. ബെഡിൽ വായിൽ നിന്നും നുര വന്ന രീതിയിൽ ആയിരുന്നു മനോജ് സർ കിടന്നത്."


"മുൻപ് എപ്പോഴെങ്കിലും മനോജ് ഇങ്ങനെ ലേറ്റ് ആകാറില്ലേ? ഉച്ചകഴിഞ്ഞും വരാതായപ്പോ അങ്ങോട്ട് പോകാൻ തോന്നിയത് എന്തുകൊണ്ടാണ്?" ഞാൻ ചോദിച്ചു.


"ഉണ്ട്. പക്ഷെ ഇങ്ങനെ പ്രധാനപ്പെട്ട ദിവസങ്ങളിൽ എന്തായാലും വരാറുണ്ട്. പിന്നെ ഫോൺ വിളിച്ചാൽ എല്ലായിപ്പോഴും എടുക്കാറും ഉണ്ട്."


"ഫ്ലാറ്റിന്റെ വാതിൽ ലോക്ക്ഡ് തന്നെ ആയിരുന്നോ? താങ്കൾ അത് നോക്കിയായിരുന്നോ?" സർ ചോദിച്ചു.


"ഉവ്വ്. ഞങ്ങൾ 3 പേരും ചെക്ക്‌ ചെയ്തായിരുന്നു."


"ഇനി ഇതൊക്കെ സുരേഷ് തന്നെ നോക്കേണ്ടി വരുമല്ലേ?" ഷോപ്പ് ചുറ്റും നോക്കി സർ പറഞ്ഞു .


"ഞാൻ മാഡത്തിനെ വിളിച്ചായിരുന്നു. മാഡം എല്ലാം എന്നോട് തന്നെ നോക്കാൻ പറഞ്ഞു."


"എംപി യുമായി സുരേഷിന് പരിചയം ഉണ്ടോ?" ഞാൻ ചോദിച്ചു.


"ഉവ്വ്. പണ്ട് പാർട്ടി പ്രവർത്തനം ആയി നടന്നപ്പോൾ ഉള്ള പരിചയം ആണ്. പിന്നെ സർ ആണ് മനോജ് സാറിനോട് ജോലിക്ക് വേണ്ടി റെക്കമെന്റ് ചെയ്തത്."


പിറ്റേന്ന് സർ പറഞ്ഞതനുസരിച്ച് ടെലികോം ഡിപ്പാർമെന്റിൽ നിന്ന് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന എല്ലാവരുടെയും ഫോൺ കാൾ ഡാറ്റാ ശേഖരിച്ചു. പിന്നീട് മനോജ് ഫുഡ് ഓർഡർ നടത്തിയ ഹോട്ടലിലും അന്വേഷണം നടത്തി. വൈകീട്ടോടെ ഫ്ലാറ്റിൽ തിരിച്ചെത്തി. സർ അപ്പോഴേക്കും ഫ്ലാറ്റിൽ നിന്നും ശേഖരിച്ച സിസിടിവി റെക്കോർഡിങ് അവലോകനം ചെയ്യാൻ തുടങ്ങിയിരുന്നു.


"സർ പറഞ്ഞവരുടെ മുഴുവൻ കാൾ ഡീറ്റൈൽസും ഉണ്ട്. ഞാൻ ഫയൽ കൈമാറിക്കൊണ്ട് തുടർന്നു. ആ ഹോട്ടലിൽ നിന്നും അന്ന് വൈകീട്ട് ബിരിയാണി കഴിച്ച പലരെയും ട്രേസ് ചെയ്യാൻ കഴിഞ്ഞു. പക്ഷെ ആർക്കും തന്നെ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായിട്ടില്ല. പിന്നെ സ്വിഗി ഡെലിവറി ബോയിയെയും കണ്ടിരുന്നു. അയാൾക്ക് മനോജുമായി ഒരു മുൻപരിചയവും ഇല്ല. പിന്നെ ഭക്ഷണം നേരിട്ട് മനോജിനെ ഏല്പിച്ചു എന്നാണ് പറഞ്ഞത്. അപ്പോൾ പിന്നെ..."


"മനോജിന് ഭക്ഷണം കിട്ടുന്നത് വരെ നോ മാനിപ്പുലേഷൻ ഓൺ ഫുഡ് അല്ലേ?" കാൾ ഡീറ്റൈൽസ് മറച്ച് നോക്കിക്കൊണ്ട് സർ പറഞ്ഞു. "മനോജ് മരിക്കുന്നതിന് മുൻപുള്ള 24 മണിക്കൂർ സി സി ടി വി ഫൂട്ടേജസ് ഉണ്ട്. നത്തിങ് റ്റു നോട്ട് റ്റിൽ നൗ." സർ പറഞ്ഞു .


"എന്തോ നമ്മൾ ശരിയായ ദിശയിൽ അല്ലാത്തപ്പോലെ ഒരു തോന്നൽ." സാറിൽ നിന്നും ഇൻസ്പിരേഷൻ പ്രതീക്ഷിച്ചുകൊണ്ട് ഞാൻ പറഞ്ഞു. സാറിന്റെ മൗനം എന്നെ നിരാശപ്പെടുത്തി.


"ഇത് കണ്ടോ? മരിക്കുന്നതിന് തലേന്ന് രാത്രി 8:45 മുതൽ 9:05 വരെയും, 9:10 മുതൽ 9:30 വരെയും രണ്ട് കോളുകളിലായി മനോജ് ഭാര്യ ദിവ്യയുമായി സംസാരിച്ചിട്ടുണ്ട്. നമുക്ക് മനോജിന്റെ ഫാമിലിയെ പോയി കാണണം." എന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ സർ പറഞ്ഞു.


ഭാഗം 4 


പിറ്റേന്ന് രാവിലെ ഞങ്ങൾ ദിവ്യയുടെ വീട്ടിൽ എത്തി.


"എന്തായിരുന്നു വീട്ടിൽ നിന്നും ഇറങ്ങി പോരാൻ?" സർ ചോദിച്ചു.


"ഒരുപാട് ദിവസങ്ങളായി മദ്യപിച്ച് വഴക്കുണ്ടാക്കൽ തന്നെയായിരുന്നു. ഇങ്ങോട്ട് പോന്നതിന്റെ തലേന്ന് രാത്രി എന്നെ ഒരുപാട് മർദിച്ചു. തടയാൻ ശ്രമിച്ച മകളെയും മർദിച്ചു. തല ചുമരിൽ ഇടിച്ച് എനിക്ക് ബോധക്ഷയം ഉണ്ടായി."


"മകളോടും മോശം പെരുമാറ്റം ആയിരുന്നോ?" ഞാൻ ചോദിച്ചു.


"ആദ്യമൊക്കെ മകളോടെങ്കിലും സ്നേഹം ഉണ്ടായിരുന്നു. ഈയിടെയായി അവളെയും അസഭ്യ൦ പറയാൻ തുടങ്ങിയിരുന്നു."


"അന്ന് പിന്നീട് എന്താ സംഭവിച്ചത്?" സർ ചോദിച്ചു.


"മകൾ ഇനി അവിടെ നില്ക്കാൻ പറ്റില്ല എന്ന് എന്നോട് പറഞ്ഞു. അവൾക്കും അത്രയും മടുത്തിരുന്നു. അങ്ങനെ പിറ്റേന്ന് ഞങ്ങൾ ഇങ്ങോട്ട് പൊന്നു."


"മരിക്കുന്നതിന്റെ തലേന്ന് മനോജ് കുറച്ച് സമയം സംസാരിച്ചിരുന്നു, അല്ലേ?"


"ഉവ്വ്. തിരിച്ച് വരാൻ നിർബന്ധിച്ചു. ഞാൻ മറുപിടി പറയാൻ ബുദ്ധിമുട്ടുന്നത് കണ്ട് മകളാണ് ഫോൺ വാങ്ങി പിന്നീട് സംസാരിച്ചത്."


"മകളെ ഒന്ന് വിളിക്കാമോ?"


അല്പസമയത്തിൽ മനോജിന്റെ മകൾ അവിടേക്ക് വന്നു.


"മോൾടെ പേരെന്താ?" സർ ചോദിച്ചു.


"ധ്വനി."


"മരിക്കുന്നതിന്റെ തലേ ദിവസം അച്ഛൻ മോളുമായി എന്താ സംസാരിച്ചത്?" സർ ചോദിച്ചു.


"പപ്പ ഞങ്ങളോട് തിരിച്ച് വരാൻ പറഞ്ഞു."


"അല്ലാതെ വേറെ ആരെയെങ്കിലും പറ്റി പറഞ്ഞോ? ശത്രുക്കളോ അങ്ങനെ വല്ലതും?"


"ഇല്ല സർ."


"പപ്പ ആത്മഹത്യയെ കുറിച്ചോ മറ്റോ പറഞ്ഞിരുന്നോ?"


"ഇല്ല."


"തിരിച്ച് വരാൻ പറഞ്ഞപ്പോൾ ധ്വനി എന്ത് പറഞ്ഞു?"


"ഞാൻ വരില്ല എന്ന് പറഞ്ഞു."


"എന്തായിരുന്നു പപ്പയുടെ റിയാക്ഷൻ?"


"അന്ന് സാധാരണപോലെ വഴക്ക് ഇട്ടില്ല. സ്നേഹത്തോടെയാണ് പെരുമാറിയത്. ഇനി ഞങ്ങളെ ഉപദ്രവിക്കില്ല എന്നൊക്കെ പറഞ്ഞു. പപ്പ മനസ്സിൽ തട്ടി പറയുന്നത് പോലെ തോന്നി. എങ്കിലും എനിക്ക് പേടിയായിരുന്നു തിരിച്ച് പോകാൻ."


അവിടെ നിന്നും തിരിച്ചു പോരുന്ന വഴി അരുവിപ്പുഴ ബീച്ചിൽ ഇറങ്ങി. കടൽ കാറ്റ് അന്വേഷണ ബുദ്ധിക്ക് നല്ലതാണെന്ന് സർ കേൾക്കാൻ രസമുള്ള സിദ്ധാന്തം പറഞ്ഞു. അടുത്ത് കണ്ട കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങി പുകച്ചുകൊണ്ട് കുറച്ചുനേരം കടലിലേക്ക് നോക്കി നിന്നു.


ഒരാഴ്ചത്തെ കുടുംബത്തിന്റെ വിയോഗം മനോജിനെ മാറ്റി ചിന്തിപ്പിക്കുന്നു. തലേന്ന് രാവിലെ എംപിയെ കാണുന്നു. എം പി ഫാമിലിയെ കൂടെ നിർത്താൻ ഉപദേശിക്കുന്നു. രാത്രി 8:30ഓടെ ഫ്ലാറ്റിൽ എത്തിയ മനോജ് ഭക്ഷണം ഓർഡർ ചെയുന്നു. 8:45ന് ഭാര്യയെ വിളിക്കുന്നു. മകളോട് സംസാരിക്കുന്നു. 9:05ന് കാൾ കട്ട് ചെയ്ത് ഭക്ഷണം വാങ്ങുന്നു. വീണ്ടും 9 :10 ന് വിളിക്കുന്നു. തിരിച്ച് വരാൻ അപേക്ഷിക്കുന്നു. പേടി ഉള്ള മകൾ അത് തീർത്തും നിരസിക്കുന്നു. മാറ്റം വന്ന മനോജിന് ചെയ്ത കാര്യങ്ങളിൽ പശ്ചാത്താപം വരുന്നു. ഇനി ഒരിക്കലും ഭാര്യയും മകളും തന്നെ സ്വീകരിക്കില്ല എന്ന തിരിച്ചറിവ് അയാളെ ആത്മഹത്യയിലേക്ക് നയിക്കുന്നു. ഇതായിക്കൂടെ?" നീട്ടിവലിച്ച പുക പുറത്തേക്ക് വിട്ട് എന്നെ നോക്കിക്കൊണ്ട് സർ ചോദിച്ചു.


മനസ്സിൽ അപ്പോഴും എന്തോ ഉത്തരം നൽകാൻ മടിച്ചുനിന്നു. ഒരു പക്ഷെ ഷാനവാസ് സർ പറഞ്ഞത് ശരിയായിരുന്നോ?


ഞങ്ങൾ അൽപനേരം അവിടെ ഇരുന്നു. കേസിനെപ്പറ്റി ഉള്ള ചിന്തകൾ പുറത്തേക്ക് വരാതെ ഞങ്ങളുടെ മനസിനുള്ളിൽ കറങ്ങി നടന്നു. ഉറങ്ങാൻ കിടന്നപ്പോൾ വന്ന ഒരു പോസ്സിബിലിറ്റി എന്നെ സാറിന്റെ റൂമിലേക്ക് നയിച്ചു. സർ അപ്പോഴും ഉറങ്ങിയിട്ടുമുണ്ടായിരുന്നില്ല. കിടക്കയിൽ നിർത്തിയിട്ടിരുന്ന പേപ്പറുകൾ സാറിന് ഉറക്കമില്ലാത്ത രാത്രി ആണെന്ന് സൂചന നൽകി.


"സർ, ഞാൻ ഒരു പോസ്സിബിലിറ്റി പറയട്ടെ. ഓരോ ഫ്ളോറിലും സിസിടിവി ഇല്ല. അതുകൊണ്ട് അവിടെ താമസിക്കുന്ന ഒരാൾ, ഒരു പക്ഷെ സെക്രട്ടറിയോ, രാജീവോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ രാത്രി പോകാൻ ഉള്ള സാധ്യത നിലനിൽക്കുന്നില്ലേ? ഒരു പക്ഷെ മുൻകൂട്ടി തീരുമാനിച്ചു തന്നെ. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ 10 ഓട്കൂടി ഭക്ഷണം കഴിച്ചു എന്നാണ്. 9:30 ന് വീട്ടിലേക്ക് വിളിച്ചു കഴിഞ്ഞ് എന്തിന് 10 വരെ ഭക്ഷണം കഴിക്കാൻ കാത്തിരിക്കണം? ഒരു പക്ഷെ ആ സമയത്ത് അവിടെ ആരെങ്കിലും വന്നതായിക്കൂടെ?"


"പക്ഷെ അങ്ങനെ ആണെങ്കിൽ തന്നെ, അവിടെ ഒരു സംഘട്ടനമോ മറ്റോ നടക്കാനല്ലേ സാധ്യത?" സർ ചോദിച്ചു.


"ഫ്ലാറ്റിൽ താമസിക്കുന്ന കില്ലർ മനോജിനെ കൊല്ലാൻ തീരുമാനിക്കുന്നു. അന്ന് രാത്രി കെമിക്കലുമായി ഫ്ലാറ്റിലേക്ക് വരുന്നു. മുൻപുണ്ടായ എന്തെങ്കിലും കാര്യത്തിന് മാപ്പ് ചോദിച്ച് വർത്തമാനം പറഞ്ഞിരിക്കുന്നു. ഒരു പക്ഷെ അതിനിടയിൽ മനോജ് അവിടെ നിന്നും എന്തിനെങ്കിലും മാറിയ സമയത്ത് വെള്ളത്തിലോ, മനോജ് കുടിച്ചുകൊണ്ടിരിക്കുന്ന മദ്യത്തിലോ, ഭക്ഷണത്തിലോ മറ്റോ വിഷം ചേർക്കുന്നു. ഉടനടി മരണം സംഭവിക്കാതിരിക്കാൻ കുറച്ചേ ചേർക്കുന്നുള്ളു. കാരണം ഉടനെ മരണം സംഭവിച്ചാൽ ഡോർ ആരും അടക്കില്ല. അപ്പോൾ ഇത് ഒരു കൊലപാതകം എന്ന് പുറംലോകം അറിയും. ഹി ഡോണ്ട് വാണ്ട് ടു ബി ദേ. എ പ്രീ ഷെഡ്യൂൾഡ് കില്ലിംഗ്." ഞാൻ പറഞ്ഞ് നിർത്തി .


"യെസ് ... ഇറ്റ് ഇസ് എ പോസ്സിബിലിറ്റി." ആലോചിച്ചുകൊണ്ട് സർ തുടർന്നു. "നമുക്ക് രാജീവിനെ നാളെ കാണണം."


പിറ്റേന്ന് രാവിലെ തന്നെ 7 ഡി യിലെത്തി. രാജീവ് ഓ‌ഫീസിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. സജീവൻ സർ ഞങ്ങളെ രണ്ടുപേരെയും രാജീവിന് പരിചയപ്പെടുത്തി.


"രാജീവിന് മനോജുമായി എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നോ?" സർ ചോദിച്ചു.


"ഉവ്വ് സർ. മനോജ് എന്നും കുടുംബവുമായി വഴക്കിടുമായിരുന്നു. വളരെ ഉയർന്ന ശബ്ദത്തിൽ ആണ് അയാൾ നോർമ്മലായി പോലും സംസാരിച്ചിരുന്നത്. വഴക്കിന്റെ സമയം അത് കുറച്ചുകൂടെ ഉച്ചത്തിൽ ആയിരുന്നു. അടുത്ത ഫ്ലാറ്റായതുകൊണ്ട് വാതിലടച്ചിരുന്നാൽ പോലും കേൾക്കുമായിരുന്നു. കേട്ടാൽ അറക്കുന്ന അസഭ്യങ്ങൾ ആയിരുന്നു പലപ്പോഴും അയാൾ ഉപയോഗിച്ചിരുന്നത്. ഒരുപാട് സഹിച്ചു. ഒരിക്കൽ ഞാൻ മയത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ നോക്കി. പക്ഷെ പിന്നീട് അയാളുടെ ശബ്ദം കുറച്ചുകൂടെ കൂടി എന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായില്ല. അങ്ങനെ ആണ് ജോസഫ് സാറിന് പരാതി കൊടുക്കുന്നത്."


"എന്നിട്ട് എന്താണുണ്ടായത്?" ഞാൻ ചോദിച്ചു.


"ജോസഫ് സർ വിളിച്ച് ഗുണദോഷിക്കാൻ നോക്കി. അത് അവർ തമ്മിൽ ഉള്ള ഉരസലിൽ കലാശിച്ചു. അത് കഴിഞ്ഞ് ഇടക്കിടക്ക് ഇവിടെ വന്ന് മോശം രീതിയിൽ സംസാരിക്കാൻ തുടങ്ങി."


"പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടായോ നിങ്ങൾ തമ്മിൽ?"


"ഉവ്വ്. 2 മാസം മുൻപ് ഒരിക്കൽ അയാൾ വളരെ അധികം മദ്യപിച്ച് അവിടെ എത്തിയിരുന്നു. ഭാര്യയെ മർദിക്കുകയും ചെയ്തു. അതിന്റെ അടുത്ത ദിവസം എന്റെ മകന് സ്കൂളിൽ എക്സാം ഉണ്ടായിരുന്നു. ഈ വഴക്കു കാരണം അവന് ഒന്നും പഠിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ രണ്ടും കല്പിച്ച് അവിടെ ചെന്ന് അയാളോട് പുലഭ്യം പറയുന്നത് നിർത്താൻ ആവശ്യപ്പെട്ടു. അത് വീണ്ടും ഞങ്ങൾ തമ്മിലുള്ള ഉരസലിലേക്ക് നയിച്ചു. അതിനു ശേഷം ഞാൻ ഇവിടെ നിന്നും നല്ലൊരു ഫ്ലാറ്റ് നോക്കി മാറാൻ തീരുമാനിച്ചിരിക്കുകയായിരുന്നു."


"ഇനിയിപ്പോ മാറേണ്ട ആവശ്യം ഇല്ലാല്ലേ?" സർ ചിരി കലർത്തികൊണ്ട് ചോദിച്ചു. "മനോജിന്റെ ഭാര്യയും മകളും നിങ്ങളുടെ കുടുംബവുമായി എങ്ങനെ ആയിരുന്നു?"


"അവർ വളരെ നല്ലവരാണ്. ഞങ്ങളോടാണ് അവർ പലപ്പോഴും മനസ്സ് തുറന്നിരുന്നത്. ധ്വനിക്ക് എന്റെ മകൻ ഒരു അനിയനെ പോലെ ആയിരുന്നു. മനോജുമായുണ്ടായ വാഴക്കുകൾക്ക് ശേഷം അയാൾ അവരെ ഞങ്ങളുമായി സംസാരിക്കാൻ പോലും അനുവദിക്കാറില്ല. അവർ രണ്ടുപേരും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പലപ്പോഴും അയാൾ പറയുന്ന വാക്കുകളേക്കാൾ ഞങ്ങളെ അലോസരപ്പെടുത്തിയത് അവർ രണ്ടുപേരും അനുഭവിക്കുന്ന പീഡനവും മെന്റൽ ടോർച്ചറിങ്ങും ആയിരുന്നു." പ്രകടമായ ദുഖത്തോടെ രാജീവ് പറഞ്ഞു നിർത്തി .


"മരിക്കുന്നതിന് തലേന്ന് എന്തെങ്കിലും പ്രത്യകിച്ച് ശ്രദ്ധയിൽ പെട്ടായിരുന്നോ? 7 സി യിലേക്ക് ആരെങ്കിലും വരികയോ, എന്തെങ്കിലും സംസാരമോ?" ഞാൻ ചോദിച്ചു.


"പ്രത്യേകിച്ച് ഒന്നും കേട്ടില്ല സാർ. പിന്നെ ഫോണിലൂടെ മോശമായ സംസാരം ഉണ്ടായിരുന്നു. അതല്ലാതെ വേറൊന്നും പ്രത്യേകിച്ച്ഉ ണ്ടായതായി ഓർക്കുന്നില്ല."


"ഹോ. ആരോടായിരുന്നു മോശമായ സംസാരം? എന്തായിരുന്നു സംസാരിച്ചത്?"


"അത്..." രാജീവ് പറയാൻ കുറച്ച് മടിച്ചു.


"രാജീവ് പ്ലീസ് ബി ഫ്രാങ്ക്. നിങ്ങൾ മനഃപൂർവം ഒളിഞ്ഞ് കേട്ടതല്ലലോ. ചിലപ്പോ ഞങ്ങളുടെ അന്വേഷണത്തിന് സഹായകമാകും." സർ പറഞ്ഞു.


"സർ, അയാൾ ആദ്യം ഭാര്യയെ വിളിച്ച് തിരിച്ച് വരാൻ നിർബന്ധിച്ചു. ഇടക്കുവെച്ച് മകൾ സംസാരിക്കാൻ തുടങ്ങി എന്ന് തോന്നുന്നു. എന്നാൽ അയാൾക്ക് ഭാര്യയോട് തന്നെ സംസാരിക്കണമായിരുന്നു. പക്ഷെ മകൾ ഫോൺ കൊടുത്തില്ല എന്ന് തോന്നുന്നു. ഒരുപാട് ഭീഷണി മുഴക്കിക്കൊണ്ട് ആണ് സംസാരിച്ചത്."


"ഫോൺ സംഭാഷണം എത്ര നേരം ഉണ്ടായിരുന്നു. ഓർക്കുന്നുണ്ടോ?"


"30 മിനുറ്റിൽ കൂടുതൽ ഉണ്ടായിരുന്നു."


"സമയം ഓർക്കാൻ കാരണം?" ഞാൻ ചോദിച്ചു.


"ഞങ്ങൾ ഭക്ഷണ൦ കഴിക്കാൻ തുടങ്ങുമ്പോൾ ആണ് കാൾ തുടങ്ങിയത്. 8:45 നാണ് ഡിന്നർ കഴിക്കുന്നത്. ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് മുൻപേ കാൾ നിന്നിരുന്നു. അയാൾ വാതിൽ അടച്ച് എങ്ങോട്ടോ പോകുന്ന ശബ്ദം കേട്ടു. അപ്പോൾ ഞങ്ങൾ ആശ്വസിച്ചു. പക്ഷെ കുറച്ച് സമയത്തിന് ശേഷം വീണ്ടും കാൾ ആരംഭിച്ചു.


പിന്നെയും ഒരു 15 മിനിറ്റ് കാൾ ഉണ്ടായി."


"മരിച്ചതിന്റെ തലേന്ന് തന്നെ ആണോ ഇത് സംഭവിച്ചത്, അതോ മുൻപുള്ള ദിവസങ്ങളിൽ ആണോ? ഒന്ന് ആലോചിച്ചു നോക്കാമോ?"


"ഇല്ല സർ എനിക്ക് നല്ല ഓർമയുണ്ട്. ഭാര്യയും മകളും പോയതിന് ശേഷം എന്നും അവർക്കുള്ള കോളുകൾ വളരെ ചെറുതായിരുന്നു. പക്ഷെ അന്ന് അത് നീണ്ടുപോയി."


"ഓക്കേ. എന്താണ് നീണ്ടുപോകാൻ കാരണം? അറിയാമോ?"


"എനിക്ക് തോന്നിയത് ബാക്കി ദിവസങ്ങളിൽ മകൾ അല്ല സംസാരിച്ചത്. ഒരു പക്ഷെ ഭാര്യ വരാമെന്ന് സമ്മതിച്ചിട്ടുണ്ടാവും. അവർ ഒന്നിനും എതിർത്ത് പറഞ്ഞിരുന്നില്ല. അവർക്ക് അത്രയും പേടിയായിരുന്നു അയാളെ." രാജീവ് പറഞ്ഞു.


"ഓക്കേ. മകൾ വരാൻ പറ്റില്ല എന്ന് പറഞ്ഞു. സർ ആലോചിച്ചുകൊണ്ട് തുടർന്നു. എന്നിട്ട്?"


"മനോജിന്റെ ശബ്ദം ഉയർന്നു വന്നുകൊണ്ടിരുന്നു . ഒരുപാട് പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു. അവസാനം സഹിക്കെട്ട് രണ്ടു ദിവസത്തിനുള്ളിൽ വരാം എന്ന് സമ്മതിച്ചെന്നാണ് അയാളുടെ സംസാരത്തിൽ നിന്നും മനസിലായത്. അല്ലെങ്കിൽ പണ്ടത്തെ പോലെ അയാൾ അവിടെ വരുമെന്നും ഭാര്യയുടെ വീട്ടുകാർക്കും വേണ്ടത് പോലെ കൊടുക്കുമെന്നും ഭീഷണി മുഴക്കി."


"അയാളുടെ പെരുമാറ്റത്തിൽ ഒരിക്കൽ പോലും അപേക്ഷയുടെ സ്വരം ഉണ്ടായിരുന്നില്ല?" സർ ചോദിച്ചു.


"ഇല്ല. അങ്ങനെ ഇതുവരെ ഞാൻ കേട്ടിട്ടില്ല. അങ്ങനെ ഉണ്ടായാൽ ഉറപ്പായും ഞാൻ ശ്രദ്ധിച്ചേനേ."


"പണ്ട് ദിവ്യയുടെ വീട്ടിൽ വച്ച് ഉണ്ടായ സംഭവം താങ്കൾക്ക് അറിയാമോ?" സർ ചോദിച്ചു.


"ഉവ്വ് സർ. മുൻപ് ഒരിക്കൽ അവർ ഇവിടെ നിന്നും ഇറങ്ങിപ്പോയി. എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അയാൾക്കെതിരെ പരാതി കൊടുത്തു. പക്ഷെ ആ പരാതി അയാളുടെ സുഹൃത്ത് ഒരു എംപി വഴി തേച്ചുമാച് കളഞ്ഞു. എന്നിട്ട് അവരുടെ വീട്ടിൽ ചെന്ന് അയൽക്കാർ കേൾക്കെ ചീത്ത വിളിക്കുകയും അവരുടെ അച്ഛനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അതിൽ പിന്നെ അവർ ഭീഷണിക്ക് വഴങ്ങി ഇവിടെ വന്ന് വീണ്ടും താമസിച്ചു."


"ഇത്തവണ, അതായത് മനോജ് മരിക്കുന്നതിന് ഒരാഴ്ച്ച മുൻപ് അവർ ഇറങ്ങി പോയതിന്റെ തലേന്ന് എന്താണ് സംഭവിച്ചത് ?" സർ ആലോചനയിൽ മുഴുകിക്കൊണ്ട് ചോദിച്ചു.


"അന്ന് പതിവുപോലെ വഴക്കുണ്ടായി. ഭാര്യയെ അയാൾ മർദിച്ചു. മകൾ തടയാൻ ശ്രമിച്ചപ്പോൾ അവളെയും മർദിച്ചു. അവർ രണ്ടുപേരും ആത്മഹത്യ ചെയ്യും എന്ന് അവൾ ഭീഷണിപ്പെടുത്തി. അയാൾ എന്നിട്ടും അടങ്ങിയില്ല."


"ഇതൊക്കെ കൃത്യമായി ഇവിടെ നിന്നും മനസ്സിലാക്കിയോ?" ഞാൻ ചോദിച്ചു.


"ഏതാണ്ടൊക്കെ അപ്പോഴേ മനസ്സിലായി. പിറ്റേന്ന് വൈകീട്ട് അവർ പോകുന്ന വഴി ഇവിടെ കയറി കാര്യങ്ങൾ പറഞ്ഞു."


"വേറെ എന്തെങ്കിലും പറഞ്ഞോ?"


"ഇനി വരില്ലെന്ന് പറഞ്ഞു. തിരിച്ച് വരേണ്ടി വന്നാൽ മരിക്കാനും മടിക്കില്ല എന്നും പറഞ്ഞു അവർ."


ഞങ്ങൾ അവിടെ നിന്നും പുറത്തോട്ടിറങ്ങി. കുറച്ച് മുന്നോട്ട് നടന്നതിന് ശേഷം സർ ആലോചനയിൽ നിന്നും ഉണർന്ന് തിരിഞ്ഞ് 7 സി ലക്ഷ്യമാക്കി നടന്നു. വാതിൽ തുറന്ന് നേരെ കിച്ചണിലേക്ക് നടന്നു. അവിടെ കിടന്ന ഒരു പൊടിപിടിച്ച ചാക്ക് കുടഞ്ഞ് വൃത്തിയാക്കി അതിലേക്ക് അടുക്കളയിൽ ഇരുന്നിരുന്ന ചായില, കാപ്പിപ്പൊടി തുടങ്ങി എല്ലാ ഭക്ഷണ സാധനങ്ങളുടെയും ടിന്നുകൾ നിറക്കാൻ തുടങ്ങി. അതിനുശേഷം അവിടെ പരതിയപ്പോൾ കിട്ടിയ കുറച്ച് മധ്യ കുപ്പികളും ഭദ്രമായി വേറൊരു കവറിൽ ആക്കി. ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .


വൈകീട്ട് ഭക്ഷണ സാധനങ്ങൾ ഫോറൻസിക് ടെസ്റ്റ് ചെയ്ത റിസൾട്ട് വന്നു. ഞങ്ങളെ തീർത്തും നിരാശപ്പെടുത്തി കൊണ്ട് അതിൽ ഒന്നും തന്നെ വിഷം അടങ്ങിയിരുന്നില്ല. എന്നാൽ രാജീവിന്റെയും മനോജിന്റെ കുടുംബത്തിന്റെയും മൊഴിയിലെ വൈരുധ്യം ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. ആ ഉണർവ് സാറിന്റെ മുഖത്തും പ്രകടമായിരുന്നു.


പിറ്റേന്ന് രാവിലെ ഞാൻ റെഡിയായി ഇറങ്ങുമ്പോളെക്കും സർ പുറത്ത് ആലോചനയിൽ മുഴുകി ഇരിക്കുന്നുണ്ടായിരുന്നു. ചോദ്യം ചെയ്ത ദിവസങ്ങളിലെ രാജീവിന്റെയും മനോജിന്റെ കുടുംബത്തിന്റെയും കാൾ റെക്കോർഡ് പരിശോധിക്കൽ ആയിരുന്നു അന്നത്തെ ആദ്യ ദൗത്യം. ഇറങ്ങാൻ നോക്കുമ്പോഴാണ് രാവിലെ കഴിക്കുന്ന ടാബ്ലറ്റ് കഴിക്കാൻ മറന്ന കാര്യം സർ ഓർത്തത്.


"എടൊ പോകുമ്പോ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ഒന്ന് നിർത്തണേ." സർ പറഞ്ഞുകൊണ്ട് ടാബ്ലെറ്റിന്റെ എംപ്റ്റി സ്ട്രിപ്പ് വേസ്റ്റ് ബാസ്കറ്റിലേക്കിട്ടു. ഞാൻ ഇറങ്ങാൻ നോക്കിയപ്പോൾ ഗാഢമായ ആലോചനയിൽ മുഴുകി വേസ്റ്റ് ബാസ്കറ്റിലേക്ക് തന്നെ നോക്കി നിൽക്കുന്ന സാറിനെയാണ് കണ്ടത്. എന്റെ വിളി സാറിനെ ഉണർത്തി. എന്നോട് പ്ലാൻ ചെയ്ത അന്വേഷണം തുടരാനും സാറിന് വേറൊരു കാര്യം കൂടെ അന്വേഷിക്കാൻ ഉണ്ടെന്നും പറഞ്ഞ് നേരെ റൂമിലേക്ക് പോയി.


ഞാൻ ടെലികോം ഓഫീസിലും സൈബർ സെല്ലിലും ചെന്ന് മുഴുവൻ ഡാറ്റയും കളക്ട് ചെയ്തപ്പോഴേക്കും സമയം ഉച്ചയോടടുത്തിരുന്നു. തിരിച്ച് ഇറങ്ങി സാറിനെ വിളിക്കാൻ മൊബൈൽ എടുത്തതും സാറിന്റെ കാൾ വന്നതും ഒരുമിച്ചായിരുന്നു. എന്നോട് ഉടൻ തന്നെ ഓഫീസിലേക്ക് വരാൻ ആവശ്യപ്പെട്ടു. ആ വാക്കുകളിൽ ഒരാശ്വാസം, എന്റെ തോന്നൽ ആണോ എന്ന് സംശയിച്ചു.


ഭാഗം 5 


ഓഫീസിലെ 8 സീറ്റർ കോൺഫ്രൻസ് റൂമിൽ സാറുണ്ടെന്നറിഞ്ഞ് ഞാൻ അങ്ങോട്ട് ചെന്നു. അവിടെ സാറിന്റെ മുൻപിൽ രാജീവ് ഇരിക്കുന്നുണ്ടായിരുന്നു.


"ആ വാടോ ഇരിക്ക്. ഞാൻ കുറച്ച് കാര്യങ്ങൾ കൂടി അറിയാൻ രാജീവിനെ വിളിപ്പിച്ചതാ. പിന്നെ മനോജിന്റെ ഫാമിലിയും ഇപ്പോൾ എത്തും."


രാജീവ് കുറച്ച് അസ്വസ്ഥനായി കാണപ്പെട്ടു. കുറ്റവാളിയുടെ ഭയമോ നിരപരാധിയുടെ ഉത്കണ്ഠയോ അയാളെ അലട്ടുന്നതെന്ന് തിട്ടപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല. രാജീവ് കാണാതെ ഇയാൾ ആണോ എന്നൊരു ഭാവത്തിൽ സാറിനെ നോക്കി. സാറിന്റെ കണ്ണുകളിൽ ചിരി ഒളിച്ചിരിപ്പുണ്ടായിരുന്നു. എല്ലാം അറിഞ്ഞവന്റെ ചിരിയാണോ അതോ എന്റെ ഉത്കണ്ഠയുള്ള മുഖം കണ്ടുകൊണ്ടുള്ള ചിരിയാണോ എന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു.


അല്പസമയത്തിനകം ദിവ്യയും ധ്വനിയും അവിടെ എത്തി. രാജീവിനെ അവിടെ കണ്ടത് രണ്ടുപേരുടെയും മുഖത്ത് അമ്പരപ്പ് പ്രകടമാക്കി. അവർ രണ്ട് കസേരകളിലായി ഇരുന്നു. ആലോചനയിൽ മുഴുകിയിരുന്ന് സർ ഒരു മിനിറ്റ് നേരം നിശബ്ദതയുടെ പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷം ടേബിളിൽ ഇരുന്ന ജാറിൽ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചുകൊണ്ട് തുടങ്ങി.


"നിങ്ങളെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം, മനോജിന്റെ മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ തീർക്കാൻ ഉണ്ടായിരുന്നു." സർ തുടർന്നു. "മനോജ് മരിക്കുന്നതിന് തലേന്ന് വിളിച്ചപ്പോൾ സാധാരണ പെരുമാറ്റം ആയിരുന്നില്ല എന്നല്ലേ പറഞ്ഞത്?"


"അതെ, അന്ന് അമ്മയോട് ദേഷ്യത്തിൽ പെരുമാറിയെങ്കിലും എന്നോട് സംസാരിച്ചത് ഒരു അപേക്ഷയുടെ സ്വരത്തിലാണ്." ധ്വനി പറഞ്ഞു.


"അപ്പോൾ ഒരു പക്ഷെ മനോജിന് മനംമാറ്റം വന്നിരിക്കാം. നിങ്ങൾ ഇനി അയാളെ സ്നേഹിക്കില്ല എന്ന് തോന്നിയിട്ടുണ്ടാവാം. ഒരു പക്ഷെ അത് ആത്മഹത്യയിലേക്ക് നയിച്ചിട്ടും ഉണ്ടാകാം. അല്ലേ?"


"അന്ന് ഞങ്ങൾ വരാനായി പപ്പ വെറുതെ പറഞ്ഞെന്നെ തോന്നിയുള്ളൂ. പക്ഷെ പിന്നീട് എനിക്കും അങ്ങനെ തോന്നി."


"അപ്പോൾ അവിടെയാണ് നമ്മുടെ ആദ്യത്തെ കൺഫ്യൂഷൻ. അല്ലേ രാജീവ്?" മുഖത്ത് പ്രകടമായ ശങ്കയിൽ നിൽക്കുന്ന രാജീവിനോട് സർ ചോദിച്ചു. "രാജീവ് കേട്ടത് അപേക്ഷയുടെ സ്വരം അല്ലായിരുന്നു. ആം ഐ റൈറ്റ്?"


"അതെ സർ. ഒരു പക്ഷെ രാവിലെയോ മറ്റോ മനോജ് ധ്വനിയെ വിളിച്ചതായിരിക്കും. ഞാൻ കേട്ടത് വളരെ പരുഷമായി സംസാരിക്കുന്ന മനോജിനെയാണ്."


"അന്ന് മനോജ് നിങ്ങളെ വിളിച്ചത് ആകെ ഒരു തവണ. അതിൽ രാജീവ് കേട്ടത് മോൾ പറഞ്ഞതല്ല. എന്താ മോൾക്ക് പറയാനുള്ളത്?" മുഖം നോക്കാതെ വെള്ളം കുടിച്ച ഗ്ലാസ്സിലെ പൊടി തുടച്ചുകൊണ്ട് സർ ചോദിച്ചു.


"അത് രാജീവേട്ടൻ എങ്ങനെ കേൾക്കാനാ?" ധ്വനി കുറച്ചുയർന്ന ശബ്ദത്തിൽ രാജീവിനോട് ചോദിച്ചു.


"അത് ... മോളെ." ധ്വനിയുടെ ഉയർന്ന ശബ്ദത്തിൽ ആശ്ചര്യപെട്ടുകൊണ്ട് രാജീവ് തുടങ്ങിയത് സജീവൻ സർ പൂർത്തിയാക്കി. "പപ്പ സംസാരിക്കുന്നത് അത്രയും ഉറച്ച സ്വരത്തിൽ ആയിരുന്നു. അതുകൊണ്ട് സ്വാഭാവികമായി രാജീവ് അത് കേട്ടു. ഇനി പറ മോളെന്തിനാ കള്ളം പറഞ്ഞത്?"


"സർ, എന്നോട് അവൾ അന്ന് അങ്ങനെ തന്നെയാണ് പറഞ്ഞത്. ഒരു പക്ഷെ രാജീവ് കേട്ടത് വേറൊരു ദിവസത്തെ കാൾ ആയിരിക്കും. അവൾക്ക് കള്ളം പറഞ്ഞിട്ട് ഒന്നും കിട്ടാനില്ല." ഉത്തരം പറയാതെ ഇരുന്ന ധ്വനിക്ക് വേണ്ടി ദിവ്യ സംസാരിച്ചു .


"അല്ല ചേച്ചി. നിങ്ങൾ പോയതിന് ശേഷം ഉള്ള ദിവസങ്ങളിൽ അത്രയും ഒരു നീണ്ട കാൾ ശല്യമായി തോന്നിയത് മനോജ് മരിക്കുന്നതിന് തലേ ദിവസം മാത്രമാണ്." രാജീവ് ദിവ്യയോട് പറഞ്ഞു.


ദിവ്യ മകളെ ഒരു ചോദ്യത്തോടെ നോക്കിയിരുന്നു.


"ഞാൻ ഇപ്പോൾ ഓർക്കുന്നു. അത് കഴിഞ്ഞ് വാട്ട്സാപ്പിൽ വിളിച്ചപ്പോഴാണ് പപ്പ എന്നോട് സ്നേഹത്തിൽ സംസാരിച്ചത്." അവൾ താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.


"മോൾടെ മൊബൈൽ ഒന്ന് കാണിക്കാമോ? വാട്സ്ആപ് കാൾ ലോഗ് നോക്കിയാൽ ഞങ്ങൾക്കും വിശ്വാസം ആകും."


"ലോഗ് ഡിലീറ്റ് ചെയ്തു." പകുതിനീട്ടിയ കൈകൾ തിരിച്ച് വലിച്ചുകൊണ്ട് അവൾ പറഞ്ഞു.


"ആഹാ ... എന്നാൽ പിന്നെ മനോജിന്റെ മൊബൈലിൽ നോക്കാം. വേണോ?" സർ ചിരിച്ചുകൊണ്ട് ധ്വനിയോട് ചോദിച്ചു.


അവൾ ഉത്തരം പറയാതെ ദിവ്യയെ നോക്കാൻ ഒരു ശ്രമം നടത്തി. ദിവ്യയുടെ കണ്ണിലെ ചോദ്യങ്ങൾക്ക് നിന്ന് കൊടുക്കാതെ കണ്ണുകൾ താഴെയെന്തിനോ തിരഞ്ഞുകൊണ്ടിരുന്നു.


"അപ്പോൾ എന്തിനാ മോള് ഇത്രയും കള്ളം പറയുന്നെ...?"


കുറച്ച് നേരത്തെ നിശബ്ദത അവൾക്ക് അസഹ്യമായി തോന്നുന്നുണ്ടായിരുന്നു.


"ഓക്കേ, അതവിടെ നിൽക്കട്ടെ. നിങ്ങൾ അവിടെ നിന്നും ഇറങ്ങാൻ ആസ്പദമായ സംഭവം ഉണ്ടായ ദിവസം. അതായത് മനോജിന്റെ മരണത്തിന് ഒരാഴ്ച്ച മുൻപ്, ധ്വനി പപ്പയോട് ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞില്ലേ? അതെന്താ അന്ന് ഞങ്ങൾ ചോദിച്ചപ്പോൾ പറയാതിരുന്നത്?" സർ ചോദിച്ചു.


"അത് ഞങ്ങളെ ഉപദ്രവിക്കാതിരിക്കാൻ വേണ്ടി പറഞ്ഞതാ. അല്ലാതെ വേറൊന്നിനും അല്ല. എന്തിനാണ് ഞങ്ങളോട് ഇതൊക്കെ ചോദിക്കുന്നത്?" ദിവ്യ സാറിനോട് ചോദിച്ചു.


"പറയാം ദിവ്യ. ധ്വനി പറയട്ടെ. അപ്പൊ മുൻപ് അങ്ങനെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല?" ധ്വനിയെ നോക്കി ചോദിച്ചു.


"ഇല്ല സർ. അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണ്." ധ്വനി പറഞ്ഞു .


"നിമിഷ മോൾടെ ബെസ്ററ് ഫ്രണ്ട് അല്ലെ? നിമിഷ എന്നോട് പറഞ്ഞത് പലപ്പോഴും മോള് ആത്മഹത്യയെ കുറിച്ച് പറയാറുണ്ട് എന്നാണ്? ഞാൻ കള്ളം പറഞ്ഞതല്ല. നിമിഷയെ വിളിക്കണോ?" സർ മൊബൈൽ എടുത്ത് ചോദിച്ചു.


"സർ, ഈ സംഭവങ്ങളും മനോജിന്റെ മരണവും തമ്മിൽ ബന്ധം എന്താണ്?" അത്രയും നേരം പകച്ചിരുന്ന രാജീവ് സാറിനെ നോക്കി ചോദിച്ചു.


"അത് പറയേണ്ടത് ഞാനല്ല. ധ്വനിയെ നോക്കികൊണ്ട് സർ തുടർന്നു. ഉള്ള സത്യം പറ മോളെ."


ധ്വനിയുടെ മനസിലെ വിങ്ങലുകൾ മുഖത്ത് പ്രകടമായി കഴിഞ്ഞിരുന്നു. എങ്കിലും അവൾ സത്യങ്ങൾ തുളുമ്പാതിരിക്കാൻ മൗനത്തെ കൂട്ടുപിടിച്ചു.


"ഓക്കേ എങ്കിൽ ഞാൻ തന്നെ പറഞ്ഞ് തുടങ്ങാം. സർ അടുത്തിരുന്ന ബാഗിൽ നിന്നും ഒരു ബോക്സ് തുറന്ന് ഒരു ടാബ്‌ലെറ്റ് സ്ട്രിപ്പ് ഉയർത്തി കാണിച്ചു. അതിൽ ഒരു ക്യാപ്സ്യൂൾ മാത്രം ശേഷിച്ചിരുന്നു. ഇത് മനോജ് അവസാനമായി ഭക്ഷണത്തിന് ശേഷം കഴിച്ച ക്യാപ്സ്യൂൾ ഉണ്ടായിരുന്ന സ്ട്രിപ്പ് ആണ്. ഇത് ഞങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിൽ അവിടവിടെയായി മനോജ് മരിക്കാൻ കാരണമായ വിഷത്തിന്റെ അംശമുണ്ട്. പ്രത്യേകിച്ചും ക്യാപ്സ്യൂളിന്റെ ഈ എംപ്റ്റി ക്യാബിനിൽ വിഷത്തിന്റെ അളവ് കൂടുതൽ ഉണ്ടായിരുന്നു. ശേഷിച്ച ക്യാപ്സ്യൂളിന്റെ തൊട്ടടുത്ത ക്യാബിൻ ചൂണ്ടിക്കൊണ്ട് സർ തുടർന്നു. അപ്പൊ മനോജ് മരിച്ചത്, അല്ല കൊല്ലപ്പെട്ടത്, ഇതിലുണ്ടായിരുന്ന ക്യാപ്സ്യൂൾ കഴിച്ചാണ്. അതിൽ വിഷം റീഫിൽ ചെയ്യപ്പെട്ടിരുന്നു. ദാ സ്ട്രിപ്പിന്റെ മുകളിൽ നിന്നും ബ്ലേഡ് വെച്ച് പകുതി തുറന്ന് ക്യാപ്സ്യൂൾ മുകളിലൂടെ പുറത്തെടുത്തിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയാൽ പശകൊണ്ട് വീണ്ടും ഒട്ടിച്ചതാണെന്ന് കാണാം . മരണം സംഭവിക്കാൻ അന്ന് അവിടെ ആരും ഉണ്ടാവണം എന്നില്ല. അതിന് ഒരാഴ്ച മുൻപുള്ള ഒരാൾക്കും അത് ചെയാം. അല്ലേ?" ധ്വനിക്ക് നേരെ നോക്കിക്കൊണ്ട് സർ തുടർന്നു. "ഒരാഴ്ച മുൻപ് അവിടെ ഉണ്ടായിരുന്നത് ദിവ്യയും ധ്വനിയും ആണ്. ധ്വനിക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ലെങ്കിൽ ദിവ്യക്ക് അറിയാമായിരിക്കും." സർ ദിവ്യയെ നോക്കി .


"മമ്മിക്കറിയില്ല ..." ധ്വനി കണ്ണുകൾ ഉയർത്താതെ തണുത്ത സ്വരത്തിൽ പറഞ്ഞു.


ദിവ്യ ധ്വനിയെ ഒരു നിമിഷ നേരം നോക്കിയിരുന്ന് പൊട്ടിക്കരയാൻ തുടങ്ങി. അതൊരു പകർച്ചവ്യാധിപോലെ ധ്വനിയിലേക്കും പടർന്നു. അതൊരു ഇടിത്തീ പോലെ നിശബ്ദതയെ മുറിച്ച് മുറിയിൽ ചുറ്റും കറങ്ങി നടന്നു. ധ്വനിയപോഴേക്കും മുഖം കൈകൊണ്ട് മറച്ച് മുൻപിലുള്ള മേശയിൽ അഭയം തേടി. രാജീവ് തരിച്ചിരുന്നു. സാറും ഞാനും പൂർത്തിയാകാത്ത കഥക്കായി കാത്തിരുന്നു.


മിനിറ്റുകൾക്ക് ശേഷം അവൾ മുഖം തുടച്ച് സാറിനെ നോക്കി ഇടർച്ച മാറാത്ത ശബ്ദത്തിൽ പറഞ്ഞു. "ഞാനാ എല്ലാം ചെയ്തത്. സാർ പറഞ്ഞത് സത്യമാ. ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു. ദിവസം ചെല്ലും തോറും ഞങ്ങളോടുള്ള പപ്പയുടെ പെരുമാറ്റം മോശമായി വന്നുകൊണ്ടിരുന്നു. കഴിഞ്ഞ മാസം ആണ് ഞാൻ അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തുന്നത്. അത് ഞാൻ നിമിഷയോട് പറയുകയും ചെയ്തു. ഇൻറർനെറ്റിൽ ഏറ്റവും സുഖമായി മരിക്കാൻ ഉള്ള വഴികൾ തിരഞ്ഞു, അങ്ങിനെയാണ് ഈ വിഷത്തെ പറ്റി അറിയുന്നത്. അത് ഒരുപാടടങ്ങിയ ഒരു പൊടി പെയിന്റുകൾ വിൽക്കുന്ന കടയിൽ നിന്നും വാങ്ങി വീട്ടിൽ സൂക്ഷിച്ചു. പക്ഷെ പലപ്പോഴും ആത്മഹത്യ ചെയ്യാൻ ധൈര്യം കിട്ടിയില്ല.


വീട്ടിൽ നിന്നും ഇറങ്ങുന്നതിന് തലേന്ന് പപ്പ മദ്യപിച്ച് വളരെ മോശം അവസ്ഥയിൽ ആണ് വന്നത്. ഒരുപ്പാട് അസഭ്യങ്ങൾ മമ്മിയെ പറഞ്ഞുകൊണ്ടിരുന്നു. പിന്നീട് മർദിക്കുകയും ചെയ്തു. ഞാൻ പിടിച്ച് മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. മുൻപ് പലപ്പോഴും ഞാൻ പിടിച്ച് മാറ്റുമ്പോൾ പപ്പ ഒഴിഞ്ഞുമാറിപോകുമായിരുന്നു. പക്ഷെ അന്ന് എന്നെയും മർദിച്ചു. ഞങ്ങൾ രണ്ടുപേരും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞുനോക്കി. ഞാൻ പറഞ്ഞതിലുള്ള അരിശത്തിൽ പപ്പ തന്നെ കൊന്ന് തരാം എന്ന് പറഞ്ഞ് മമ്മിയെ ചുമരിലേക്ക് ആഞ്ഞ് തള്ളി. മമ്മി തലയിടിച്ച് ബോധരഹിതയായി. പപ്പ അതിന് ശേഷം അവിടെ നിന്ന് പപ്പയുടെ റൂമിലേക്ക് പോയി. കുറച്ച് നേരത്തിന് ശേഷം മമ്മിക്ക് ബോധം വന്നെങ്കിലും രണ്ടു തവണ ശർദ്ധിച്ചു. ഒരു പക്ഷെ മമ്മി അന്ന് മരിക്കും എന്ന് പോലും എനിക്ക് തോന്നി. രാത്രി മുഴുവൻ പപ്പയിൽ നിന്നും രക്ഷപെടാനുള്ള വഴികൾ ആലോചിച്ചു. മമ്മിയുടെ വീട്ടിൽ മുൻപ് പപ്പ വന്ന് ബഹളം വയ്ക്കുകയും മുത്തച്ഛനെ കൈയേറ്റം ചെയുകയും ചെയ്തിട്ടുണ്ട് അതുകൊണ്ട് അങ്ങോട്ട് പോകാൻ കഴിയുമായിരുന്നില്ല. നിയമനത്തിന്റെ വഴിയും മുൻപ് നോക്കിയതാണ്. കണ്മുന്നിൽ മമ്മി തല്ലുകൊണ്ട് മരിക്കുന്നത് ഞാൻ കാണേണ്ടി വരും എന്ന് ഭയന്നു. മമ്മി ചിലപ്പോൾ രാവിലെ എഴുനേൽക്കുമ്പോഴേക്കും മരിച്ചിട്ടുണ്ടാവും എന്ന് ഞാൻ പ്രതീക്ഷിക്കുകയോ പേടിക്കുകയോ ചെയ്തു. അതിനു ശേഷം ഞാനും ആത്മഹത്യ ചെയ്യും എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു. വെളുപ്പിന് നേരത്തെ എഴുന്നേറ്റ് മമ്മിയോട് ചേർന്ന് കിടന്നു. ആ ശ്വാസം നിലച്ചിട്ടുണ്ടായിരുന്നില്ല. വേദനകൾ ഒക്കെ മറന്ന് മമ്മി എന്നെ നോക്കി ചിരിച്ചു. മമ്മിക്കതൊക്കെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. എനിക്ക് മമ്മിക്ക് വേണ്ടി ജീവിക്കണമായിരുന്നു. മരിക്കാൻ എനിക്ക് മനസ്സില്ലായിരുന്നു." ധ്വനി ഉറച്ച സ്വരത്തിൽ അലറി കരഞ്ഞുകൊണ്ട് പറഞ്ഞു .


തേങ്ങൽ ഒതുക്കി കണ്ണുകൾ തുടച്ചുകൊണ്ട് അടഞ്ഞ സ്വരത്തിൽ അവൾ വീണ്ടും തുടർന്നു. അങ്ങനെ പപ്പയെ കൊല്ലാൻ തീരുമാനിച്ചു. മമ്മിയോട് കിടന്നോളാൻ പറഞ്ഞ് ഞാൻ രാവിലെ ഭക്ഷണം ഉണ്ടാക്കാൻ പോയി. ആദ്യം ഭക്ഷണത്തിൽ വിഷം ചേർക്കാം എന്ന് കരുതി. പക്ഷെ പിടിക്കപ്പെടും എന്നുള്ള ചിന്ത അതിൽ നിന്നും പിന്തിരിപ്പിച്ചു. ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം പപ്പയുടെ റൂമിലേക്ക് പോയി. ആത്മഹത്യ ചെയ്തില്ലേ എന്ന് പുച്ഛത്തിൽ ചോദിച്ചു. മമ്മിയെ എന്തൊക്കെയോ പറഞ്ഞു. ഭക്ഷണം കഴിച്ച് പപ്പ ഗുളിക കഴിക്കുന്നത് കണ്ടപ്പോൾ ആണ് എനിക്ക് ഈ ആശയം മനസ്സിൽ വന്നത്. പപ്പാ ഷോപ്പിലേക്ക് പോയതിന് ശേഷം മമ്മിക്ക് ഭക്ഷണം കൊടുത്ത് ഇൻറർനെറ്റിൽ ക്യാപ്സ്യൂൾ തുറക്കുന്ന രീതി മനസിലാക്കി. പുറത്തുപോയി പപ്പയുടെ അതെ ക്യാപ്സ്യൂൾ ഒരു സ്ട്രിപ്പ് വാങ്ങി ഞാൻ റീഫിൽ ചെയ്യാൻ പരിശീലിച്ചു." കണ്ണുനീർ തുടച്ച് അവൾ തുടർന്നു. അത് കഴിഞ്ഞ് പപ്പാ യൂസ് ചെയ്തുകൊണ്ടിരുന്ന സ്ട്രിപ്പ് എടുത്ത് സർ പറഞ്ഞപോലെ മുകൾഭാഗം തുറന്ന് ക്യാപ്സ്യൂൾ പുറത്തെടുത്തു. ക്യാപ്സ്യൂൾ തുറന്ന് അതിലെ മെഡിസിൻ കളഞ്ഞ് വിഷം നിറച്ച് തിരിച്ച് അടച്ച് അതിൽ തന്നെ വച്ചു. സമയം വൈകീട്ട് 5 നോടടുത്തിരുന്നു. ഒരു പക്ഷെ അന്ന് രാത്രി ആ ക്യാപ്സ്യൂൾ പപ്പ കഴിച്ചേക്കാം എന്നുള്ളതും മമ്മിയെ വീണ്ടും മർദിച്ചെക്കാം എന്നുള്ളതും അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങാൻ കാരണം ആയി. വേറെ എന്താ ചെയ്യണ്ടെന്ന് എനിക്കറിയില്ലാർന്നു. ഞാനാ പപ്പയെ കൊന്നത്." അവളുടെ അലർച്ച തേങ്ങലിലേക്ക് പതിയെ പരിണമിച്ചു.


ദിവ്യ ശൂന്യമായ ഭാവിയെ നോക്കിയിരുന്നു. ഒരു ജീവായുസ്സിലെ കണ്ണുനീർ അവർ ഒഴുക്കി കഴിഞ്ഞിരുന്നു. രാജീവ് അവരെ സമാധാനിപ്പിക്കാൻ ആഗ്രഹിച്ചെങ്കിലും മകളുടെ അവസ്ഥക്ക് ആയാളും ഒരു നിമിത്തമായതിൽ ഉള്ള കുറ്റബോധം അയാളിൽ അലയടിച്ചു. അയാൾ എന്നെയും സാറിനെയും നിസ്സഹായ ഭാവത്തിൽ നോക്കി. ഞങ്ങൾ മുന്ന്‌പേരും അമ്മയ്ക്കും മകൾക്കുമായി റൂം ഒഴിഞ്ഞുകൊടുത്ത് പുറത്തേക്ക് നിന്നു.


"എന്നെ കൊണ്ട് തന്നെ ഇത് തെളിയിക്കണമായിരുന്നോ സാർ?" കണ്ണുകൾ നിറച്ചുകൊണ്ട് രാജീവ് തുടർന്നു. "ഒരുപക്ഷെ ഞങ്ങൾ അന്നത്തെ ഫോൺ സംഭാഷണം കേട്ടില്ലായിരുന്നെങ്കിൽ, അല്ലെങ്കിൽ ഞാൻ സാറിനോട് അങ്ങനെ പറഞ്ഞിരുന്നെങ്കിൽ, ഒരു പക്ഷെ നിങ്ങളുടെ നിയമം ഒരു വർഷം മുൻപ് ആ അമ്മയ്ക്കും മകൾക്കും വേണ്ടി ഇതേ ആത്മാർത്ഥത കാണിച്ചിരുന്നെങ്കിൽ?" മുഴുവൻ പറയാതെ രാജീവ് ഞങ്ങളെ നോക്കി. ആദ്യം വിധിയെയും പിന്നീട് നിസ്സഹായത്തെയെയും കവചമാക്കാൻ വാക്കുകൾ തിരഞ്ഞ ഞാൻ നാക്കിൽ കുരുക്കിട്ടതുപോലെ മിണ്ടാതെ നിന്നു. സർ വിദൂരതയിലേക്ക് നോക്കി നിന്നു. ഉത്തരത്തിനായി കാത്തുനിൽക്കാതെ രാജീവ് അവിടെ നിന്നും ഇറങ്ങി ഞങ്ങളോട് കനിവ് കാട്ടി.


സാറിന്റെ മുഖത്ത് ചിരിയുണ്ടായിരുന്നില്ല. എന്റെ മനസ്സിൽ ആകാംഷയും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. നിയമവ്യവസ്ഥ സ്വന്തം തെറ്റുകൾ മറന്ന് ക്രൂരമായ സത്യത്തെ വരിക്കാനായി കാത്തുനിന്നു.


Rate this content
Log in

More malayalam story from Dileep Perumpidi

Similar malayalam story from Drama