ലോഡ്ജ് 101
ലോഡ്ജ് 101
നഗരത്തിലെ ഒരു പുസ്തക പ്രകാശനം കഴിഞ്ഞ് ഏറെ വൈകിയാണ് ഞാൻ രാത്രി തങ്ങുവാനായി ഒരു ലോഡ്ജ് അന്വേഷിച്ചത്.
ഉറങ്ങിക്കിടക്കുന്ന നഗരത്തിലെ വിജനമായ തെരുവുകളിലൂടെ അലഞ്ഞ് തിരിയുമ്പോൾ നിയോൺ വെളിച്ചത്തിൻ്റെ ചോര ചുവപ്പ് നിറത്തിൽ ജ്വലിച്ച് നിൽക്കുന്ന 101 എന്ന പേരുള്ള ആ ലോഡ്ജ് യാദൃശ്ചികമായി എൻ്റെ കണ്ണിൽപ്പെട്ടു.
ഇന്ന് ഒരു രാത്രി തങ്ങാൻ ഒരു റൂം, അതിരാവിലെ എഴുന്നേറ്റ് വീട്ടിലേക്ക് മടങ്ങാം അതായിരുന്നു 3 നിലയുള്ള ലോഡ്ജിൻ്റെ എൻട്രൻസിലേക്ക് നടക്കുമ്പോൾ എൻ്റെ മനസ്സിൽ.
ലോഡ്ജിൻ്റെ ദീപാലങ്കാരങ്ങൾ ചെയ്ത റിസപ്ഷന് മുന്നിൽ ഞാൻ നിന്നു.
റിസപ്ഷൻ ഡെസ്‌ക്കിലെ ബെല്ലിൽ തുടരെ അടിച്ചിട്ടും ആരും വന്നില്ല എന്ന് മാത്രമല്ല അവിടെ മനുഷ്യർ ആരെങ്കിലും ഉണ്ടെന്ന ഒരു സൂചനയുമില്ലായിരുന്നു.
അപ്പോഴാണ് ഡെസ്‌ക്കിന് മുകളിൽ എന്നെ കാത്തെന്ന വണ്ണം ഇരിക്കുന്ന താക്കോൽ ഞാൻ കണ്ടത്.അതേതോ റൂമിൻ്റേതാകുമെന്ന ധാരണയിൽ ഞാൻ കയ്യിലെടുത്ത് പരിശോധിച്ചു.
താക്കോലിനൊപ്പം കോർത്തിട്ടിരുന്ന അതിലെ ചതുരൻ പ്ലാസ്റ്റിക് കാർഡിൽ 101 എന്ന് മാത്രം എഴുതിയിരുന്നു .
രാത്രി 12 മണി ആയത് കൊണ്ട് ലോഡ്ജ് സ്റ്റാഫ് ഉറങ്ങാൻ പോയിട്ടുണ്ടാകുമെന്നും ഒരു പക്ഷെ ലോഡ്ജിൽ മുറി അന്വേഷിച്ച് വരുന്നവർക്ക് സ്വയം ചെക്ക് ഇൻ ചെയ്യുവാനുള്ള സൗകര്യം ഉണ്ടാകുമെന്നും ഞാൻ വിചാരിച്ചു.
രണ്ടാമതൊന്ന് ചിന്തിക്കാതെ ഞാൻ ഡെസ്‌ക്കിന് മുകളിൽ പേന കയറ്റി മടക്കി വെച്ചിരുന്ന രജിസ്റ്റർ എൻ്റെ മുന്നിലേക്ക് നീക്കി വെച്ചു.
പേന വെച്ചിരുന്ന പേജ് നേരെ വെച്ച് ഞാൻ രജിസ്റ്ററിലെ അവസാന വരിയിൽ എൻ്റെ പേരും അഡ്രസ്സും റൂം നമ്പറും എഴുതി ചെക്ക് ഇൻ സമയം എഴുതുവാൻ ചുവരിൽ തൂക്കിയിരുന്ന പഴഞ്ചൻ ഘടികാരത്തിലേക്ക് കണ്ണ് പായിച്ചു.
ഘടികാരത്തിൻ്റെ രണ്ട് സൂചികളും 12 ൽ നിന്ന് ചലിച്ചിട്ട് യുഗങ്ങളായിരിക്കുന്നു എന്നെനിക്ക് വ്യക്തമായി.
ചെറു പുഞ്ചിരിയോടെ രജിസ്റ്ററിലേക്ക് നോക്കിയ ഞാൻ മറ്റൊരു കാര്യം കൂടെ ശ്രദ്ധിച്ചു.
എൻ്റെ പേരിന് മുകളിലെ പേരുകളെല്ലാം ചെക്ക് ഇൻ ചെയ്തിരിക്കുന്നത് 101 എന്ന റൂമിലേക്ക് മാത്രം .
അതിലും വിചിത്രമായി എനിക്ക് തോന്നിയത് അവരെല്ലാവരും ചെക്ക് ഇൻ ചെയ്തിരിക്കുന്ന സമയവും ഒന്ന് തന്നെ ,12 മണി.
ഒരു വേള ചത്തിരിക്കുന്ന ഘടികാരത്തിൽ നോക്കി എല്ലാവരും അബദ്ധത്തിൽ എഴുതിയതാകാം അതിന് കാരണം എന്ന് ഞാൻ കരുതി. എന്നിരുന്നാലും എല്ലാവർക്കും ഒരേ പോലെ അബദ്ധം പറ്റുമോ എന്ന ചോദ്യവും എൻ്റെ മനസ്സിൽ അവശേഷിച്ചു.
ഞാനും ചെക്ക് ഇൻ സമയം 12 മണി എന്ന് രജിസ്റ്ററിൽ എഴുതിച്ചേർത്ത് ഒപ്പിട്ട് രജിസ്റ്റർ മടക്കി വെച്ചു.
ഇനിയെന്ത് എന്ന ചോദ്യവുമായി ഞാൻ നിൽക്കുമ്പോൾ റിസപ്ഷനിൽ നിന്നും കുറച്ചകലെയായി ഇരുണ്ട ഇടനാഴിക്ക് അറ്റത്ത് ഒരു ലിഫ്റ്റ് തുറക്കുന്ന ശബ്ദം ഞാൻ കേട്ടു.
ലോഡ്ജിലെ സ്റ്റാഫ് ആരെങ്കിലും വന്നതായിരിക്കുമെന്ന പ്രത്യാശയിൽ ഞാൻ ഇരുൾ മൂടിയ ഇടനാഴിയിലൂടെ ലിഫ്റ്റ് തുറന്ന ശബ്ദം കേട്ടിടത്തേക്ക് വേഗത്തിൽ നടന്നു.
റിസപ്ഷൻ പോലെ തന്നെ തുറന്ന് കിടന്നിരുന്ന ലിഫ്റ്റും വിജനമായിരുന്നു.
ഞാൻ അവിടെ എത്തുന്നതിന് മുൻപ് ആരെങ്കിലും ലിഫ്റ്റിൽ നിന്നിറങ്ങി പോയിട്ടുണ്ടാകുമോ എന്ന സംശയത്തിൽ ഞാൻ ചുറ്റിനും നോക്കി .
ആരെങ്കിലും ഉണ്ടോ എന്ന് ഞാൻ ഉറക്കെ വിളിച്ച് ചോദിച്ചു.
എൻ്റെ ശബ്ദം ഇടനാഴിയിൽ പ്രതിധ്വനിച്ചതല്ലാതെ മറ്റ് മറുപടിയൊന്നും എനിക്ക് ലഭിച്ചില്ല.
ആരെയും കാണാത്തത് കൊണ്ട് ഞാൻ താക്കോൽ വളയം വിരലിലിട്ട് കറക്കി ലിഫ്റ്റിനകത്തേക്ക് കയറി.
ലിഫ്റ്റിൻ്റെ പാനലിലെ 101 ാം നമ്പറിൽ എൻ്റെ വിരലമർന്നു.
അടയുന്ന ലിഫ്റ്റിൻ്റെ വാതിലുകൾക്കിടയിലൂടെ ഒഴിഞ്ഞ് കിടക്കുന്ന റിസപ്ഷനിലേക്ക് എൻ്റെ കണ്ണുകൾ ഒരിക്കൽക്കൂടെ പാഞ്ഞു.
ഇല്ല, ആരുമില്ല .
ലിഫ്റ്റ് മുകളിലേക്ക് കയറുമ്പോൾ 101 നമ്പർ ബട്ടണിലെ ലൈറ്റ് മാത്രം എനിക്ക് മുന്നിൽ പല തവണ മിന്നി തെളിഞ്ഞ് കൊണ്ടിരുന്നു.
ഒരു ഞരക്കത്തോടെ ലിഫ്റ്റ് അതിൻ്റെ ലക്ഷ്യത്തിലെത്തി നിന്നു.ഭാരം താങ്ങാനാകാതെ ലിഫ്റ്റിൻ്റെ കേബിളുകൾ വലിഞ്ഞ് മുറുകുന്നതിൻ്റെ ശബ്ദം എന്നിൽ ഭയം ഉണർത്തി.
ലിഫ്റ്റ് വാതിലുകൾ എനിക്ക് മുന്നിൽ തുറക്കുമ്പോൾ എനിക്ക് ഇത്രയും ഭാരമുണ്ടോ എന്ന ചിന്തയിലായിരുന്നു ഞാൻ.
തെല്ല് ഭയത്തോടെ ലിഫ്റ്റിന് പുറത്തേക്ക് ഒളിഞ്ഞ് നോക്കിയ ഞാൻ ചുവപ്പ് കാർപ്പെറ്റ് വിരിച്ച ഫ്ലോറിലേക്ക് കാലെടുത്ത് വെച്ചു.
എനിക്ക് ഇരുവശവും കോൺക്രീറ്റ് ഭിത്തികൾ മാത്രമാണ് ഉണ്ടായിരുന്നത് .എനിക്ക് മുന്നിൽ 101 എന്ന് കൊത്തി വെച്ചിരിക്കുന്ന കൂറ്റൻ മരവാതിലും.
കയ്യിലെ താക്കോലുമായി 101 ാം നമ്പർ മുറിയുടെ വാതിലിന് അടുത്തേക്ക് നടക്കുമ്പോൾ എനിക്ക് പിന്നിലെ ലിഫ്റ്റിൻ്റെ വാതിൽ ആർക്കോ വേണ്ടി കാത്ത് നിൽക്കുന്നത് പോലെ തുറന്ന് നിന്നിരുന്നു.
ഞാൻ താക്കോൽ വാതിലിലെ താക്കോൽ ദ്വാരത്തിലേക്കിട്ടതും കേബിളുകൾ പൊട്ടിയ ലിഫ്റ്റ് വലിയ ശബ്ദത്തോടെ താഴേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു.ലോഡ്ജ് മുഴുവൻ കുലുങ്ങിയത് പോലെ എനിക്കനുഭവപ്പെട്ടു.ഞെട്ടിത്തെറിച്ച ഞാൻ താഴെ വീഴാതിരിക്കുവാൻ വളരെ പാടുപെട്ടു.
ഇതിനകം 101 ാം നമ്പർ മുറിയുടെ കൂറ്റൻ വാതിൽ കരച്ചിലോടെ എനിക്ക് പിന്നിൽ മലർക്കെ തുറന്നിരുന്നു. മുറിക്കകത്തേക്ക് എന്നെ ആരോ തള്ളിയിട്ടത് മാത്രമേ എനിക്കോർമ്മയുള്ളൂ.
ഒരു ഡാൻസ് ക്ലബ്ബിൻ്റെ പ്രതീതിയായിരുന്നു അതിനകം.
ഞാൻ കേട്ടിട്ടുള്ളതും, വായിച്ചിട്ടുള്ളതും, എഴുതിയിട്ടുള്ളതുമായ എല്ലാ പിശാചുക്കളും ഡിസ്കോ ലൈറ്റുകളുടെയും കാതടപ്പിക്കുന്ന റോക്ക് മ്യൂസിക്കിൻ്റെയും അകമ്പടിയോടെ കുടിച്ച് കൂത്താടുന്ന ഭയാനകമായ രംഗമാണ് ഞാൻ കണ്ടത്.
യക്ഷിയും മാടനും മറുതയും എന്ന് വേണ്ട ഇംഗ്ലീഷ് ചെകുത്താൻമാരായ ഡ്രാക്കുളയും ഫ്രാങ്കേസ്റ്റീനും എല്ലാവരും ഒത്തൊരുമിച്ച് ഉല്ലസിക്കുന്നു.
ചെകുത്താൻമാരുടെ കുടുംബ യോഗം പോലെ .
നിലത്ത് നിന്ന് പിടഞ്ഞെഴുന്നേറ്റ് വാതിലിന് നേരെ ഓടുവാൻ തുടങ്ങിയ എനിക്ക് മുന്നിൽ രക്തരക്ഷസ്സ് വട്ടം നിന്നു.
"വെൽകം ടു ദ ക്ലബ് " അവൾ അവളുടെ കൂർത്ത പല്ലുകൾ കാട്ടി എന്നെ നോക്കി ഇളിച്ചു.
ഇന്നത്തെ രാത്രി നിനക്ക് വേണ്ടി ,നിനക്ക് വേണ്ടി മാത്രം അവർ എന്നെ വായുവിലേക്ക് ഉയർത്തി തൂക്കിയെടുത്ത് കൊണ്ടു പോകുമ്പോൾ കൂകി വിളിച്ചു.
രക്ഷപ്പെടുവാനുള്ള എൻ്റെ നിലവിളികൾ റോക്ക് മ്യൂസിക്കിനൊപ്പം അലിഞ്ഞില്ലാതായി.
എനിക്ക് പുറകിൽ റൂം നമ്പർ 101 ൻ്റെ വാതിൽ എന്നെന്നേക്കുമായി അടഞ്ഞിരുന്നു.
< END >

