വിഷ്ണു വൈക

Comedy Romance

4.0  

വിഷ്ണു വൈക

Comedy Romance

കോളേജ് പ്രണയം

കോളേജ് പ്രണയം

5 mins
40



ഓരോരോ യാത്രയും എന്താണ് നമ്മുടെ മനസ്സിലേക്ക് പകർന്നു നൽകുന്നത്...?


അത് അനുഭവങ്ങളാവാം ,ചിലപ്പോൾ രുചിക്കൂട്ടുകളാവാം , ചൂടാവാം , തണുപ്പാവാം, മഞ്ഞാവാം, മഴയാവാം, പുതുമയാവാം, അല്ലെങ്കിൽ മറ്റെന്തൊക്കെയോ ആവാം. 


അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ആ ലിസ്റ്റ്. യാത്ര കഴിഞ്ഞ് , പിന്നീട് അതിലെ ഓർമ്മകൾ അയവിറക്കി ഒരു കട്ടൻ ചായയും കുടിച്ചിരിക്കുമ്പോൾ കിട്ടുന്ന സുഖം.അതൊന്ന് വേറെ തന്നെയാണ്..


പണ്ട്, വർഷങ്ങൾക്ക് മുൻപ് കുട്ടിക്കാനത്തു പഠിച്ച സഹപാഠിയുടെ പുതിയ വീടിന്റെ പാല് കാച്ചൽ, അതായിരുന്നു ഏക ലക്ഷ്യം. പാഴ് വാക്കാണെങ്കിലും എല്ലാവരും വരാൻ ശ്രമിക്കാമെന്ന് ഗ്രൂപ്പിൽ പറഞ്ഞു. എന്റെ കൂടെ തൊടുപുഴയിൽ നിന്ന് സുധി വരാമെന്ന് ഉറപ്പ് തന്നു . പിശുക്ക് അല്പം കൂടുതൽ ആണെങ്കിലും നല്ലവനാ. എനിക്ക് പിശുക്ക് പിന്നെ ഒട്ടും ഇല്ലാത്ത കൊണ്ട് അവനെകൊണ്ട് തന്നെ പെട്രോൾ അടിപ്പിച്ചു. ഉച്ചക്ക് 1 മണിക്ക് ഞങ്ങൾ യാത്ര തുടങ്ങി. നല്ല മഴ. അത് കനത്തിൽ നിന്ന് പെയ്യുന്നു.


ഞങ്ങൾ രണ്ടുപേരും മാരുതിയിൽ വിശ്വാസമർപ്പിച്ചു പതുക്കെ യാത്ര തുടങ്ങി. മഴയിൽ മുങ്ങി കുളിച്ചു തോർന്ന മരച്ചില്ലകൾക്കിടയിലൂടെ നഗരത്തിന്റെ അതിർത്തികൾ വിട്ട് ഗ്രാമത്തിലൂടെ പതുക്കെ പതുക്കെ മുന്നോട്ട്....


നല്ല മിനുസ്സമുള്ള റോഡിലൂടെ വണ്ടി ഒഴുകി നീങ്ങുന്നു. ഒരുപാട് വട്ടം യാത്ര ചെയ്ത വഴികൾ ആണെങ്കിലും, ഓരോ യാത്രയിലും എപ്പോളും ഒരു പുതുമ തോന്നും. മഴ നനഞ്ഞു നിന്ന്, വേഗത്തിൽ പുല്ല് തിന്നുന്ന ആട് മാടുകൾ, റോഡ് അരികിലൂടെ വേഗത്തിൽ കലങ്ങി ഒഴുകുന്ന മഴവെള്ളം, സ്കൂളിൽ നിന്ന് വൈകുന്നേരം മഴയത്ത്, ആ കലക്ക വെള്ളത്തിലൂടെ മാത്രം നടന്ന് വീട്ടിൽ പോകുന്ന ഒരോർമ്മ പെട്ടന്ന് മനസ്സിലേക്ക് വന്നു. കൂട്ടത്തിൽ, നിറയെ ചെളി പിടിച്ച യൂണിഫോം പാടുപെട്ടലക്കുന്ന അമ്മയുടെ മുഖവും. 


ദൂരങ്ങൾ പിന്നിടുന്തോറും, വഴിയോരങ്ങളിൽ എനിക്ക് വളരെ പ്രിയപ്പെട്ട ഞാവൽപഴം ധാരാളം കൂട്ടിയിട്ട് വിൽക്കുന്ന വണ്ടികൾ. കിലോ 400 രൂപ വരെ ആയി ഇപ്പോളത്തെ വില . കൊതി ഉള്ളിൽ ഒതുക്കി തല്ക്കാലം മേടിക്കേണ്ടന്ന് കരുതി യാത്ര തുടർന്നു.

പിശുക്കിന് ഞാവൽ ഇല, കാന്താരിയും കൂട്ടി അരച്ച് കുടിച്ചാൽ കുറഞ്ഞോളുമെന്നവൻ.


നല്ല മലയാളം പാട്ട് കേട്ട്, ac യുടെ തണുപ്പിലിരുന്ന് , മുന്നിൽ മഴത്തുള്ളികൾ ചില്ലിൽ തട്ടി ഇല്ലാതാവുന്നത് കാണുന്നത് തന്നെ ഒരു പ്രണയാനുഭവമാണെന്ന് തോന്നി.


കുട്ടിക്കാനത്തു പഠിക്കുമ്പോൾ ബസിനും, ബൈക്കിനും പോയ വഴികൾ. യാത്ര മുഴുവനും കയറ്റവും ഇറക്കവും തന്നെ. മനസ്സിലേക്ക് പെട്ടന്ന് അവിടുത്തെ മഞ്ഞും, പണ്ടത്തെ ക്ലാസ്സ്‌ മുറികളും, യൂണിഫോമിട്ട കൂട്ടുകാരുമെല്ലാം അവ്യക്തമായി വന്നു നിന്നു . ഒരിക്കലും തിരിച്ചു കിട്ടാത്ത ഇണക്കങ്ങളും പിണക്കങ്ങളുമായി കുറച്ചു വർഷങ്ങൾ . ചില പാട്ടുകൾ കേൾക്കുമ്പോൾ തന്നെ അന്നത്തെ വിരഹങ്ങൾ ഇന്നും മനസ്സിനെ അലട്ടുന്നുണ്ടോ ന്ന് വരെ തോന്നിപോകുന്നു...?


ഇപ്പോളത്തെ ജീവിതത്തിലേക്ക് പഴയ കാലത്തിൽ നിന്ന് അടർത്തിയെടുത്തത് ഒരു നീണ്ട നെടുവീർപ്പ് മാത്രം. കാറിന്റെ വേഗത കുറയുമ്പോളെല്ലാം ശ്രദ്ധ റോഡിൽ നിന്നും ഓർമ്മകളിലേക്ക് കുടിയേറുന്നു. നീണ്ട 7 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു എല്ലാവരെയും തമ്മിൽ കണ്ടിട്ട്. മിക്കവാറും എല്ലാവരുടെയും കല്യാണം തന്നെ കഴിഞ്ഞു. കൂടെ വരുന്ന സുധിയും മീനുക്കുട്ടിയെ കല്യാണം കഴിച്ചു.


കോളേജിൽ വെച്ചുള്ള ദിവ്യ പ്രണയത്തിന് ചില ചില കുഴപ്പങ്ങളൊക്കെയുണ്ട്. കുട്ടിക്കാനത്തു പഠിക്കുമ്പോൾ തന്നെ പരസ്പരം ഇഷ്ടപ്പെട്ട് മനസ്സിൽ കൊണ്ട് നടന്നവളുമായി കുറച്ചു കാലത്തെ വേർപാട്. ഉന്നത പഠനം നടത്താൻ അവൾ വിദേശത്തേക്ക് വിമാനം കയറി. മഴക്കാലത്ത് ചെടി നട്ട് പിടിപ്പിക്കാൻ ഒന്നും ചെയ്യേണ്ട, വെറുതെ നട്ടാൽ മാത്രം മതി. എന്നത് പോലെ ആ രാജ്യത്തിന്റെ മണ്ണിൽ വളരെ പെട്ടന്ന് തന്നെ അവൾ വേരുപിടിച്ചു. പതിയെ തിരക്കുകളും പുതിയ ലോകവും ആയപ്പോൾ പരസ്പരമുള്ള ഇഷ്ടത്തിന്റ നൂലിഴകൾ പൊട്ടി പൊട്ടി പോകുന്നത് ഞാൻ അറിഞ്ഞു. 


കടന്നു പോകുന്ന വഴിയോരങ്ങളിൽ ചോറുണ്ണുവാൻ പറ്റിയ സ്ഥലം നോക്കി മടുത്തു.

ചില കടയിൽ മഴ നനഞ്ഞു ചെന്ന് കഴിയുമ്പോൾ ഊണ് തീർന്നു എന്നുള്ള മറുപടി മാത്രം. തിരിച്ചു മഴ നനഞ്ഞു വീണ്ടും യാത്ര തുടരുന്നു. മിക്കവാറും പനി കൂടി പിടിക്കാൻ സാധ്യതയുണ്ട്. അവസാനം അധികം തിരക്കില്ലാത്ത ഒരു ഹോട്ടലിൽ കയറി. ഈരാറ്റുപേട്ട അടുത്താണ്. അവിടെ ഒരു പുഴയുടെ അരുകിൽ ചേർന്ന് ചെറിയ ഷോപ്പ്. നല്ല രുചിയുള്ള ഭക്ഷണം. വിശപ്പ് നന്നായിട്ടുള്ളത് കൊണ്ട് വയർ നിറയെ കഴിച്ചു.


മഴയുടെ ശക്തി പിന്നെയും കൂടി.വെളിയിൽ പുഴയിൽ വെള്ളം നന്നായി കലങ്ങി മറിഞ്ഞു പോകുന്നു. ഓരോ സമയത്തും ഓരോ ഭാവങ്ങളാണ് പ്രകൃതി കൊടുക്കുന്നത്. കർക്കിടക സമയത്തു നല്ല ഭീകരവും, ഗാഭീര്യവും നിറഞ്ഞ രൂപമെങ്കിൽ, വസന്തം വരുമ്പോൾ പ്രണയത്തിന്റെ ഭാവം നിറഞ്ഞിരിക്കുന്നു. മീന മാസത്തിലെ തെളിഞ്ഞ പകലിൽ വിരഹവേദന അനുഭവിക്കുന്ന പോലെ വറ്റി വരണ്ട രൂപം.....

ചുരുക്കത്തിൽ പറഞ്ഞാൽ പ്രകൃതിയിൽ പോലും നമ്മുടെ എല്ലാ രൂപ ഭേദങ്ങളും വ്യക്തമായി ദർശിക്കാം. 


നഗരതിരക്കിലൂടെ പിന്നെയും മുന്നോട്ട്. പാട്ടിന്റെ വരികൾ പിന്നെയും ഓർമ്മകളിലേക്ക് കൂട്ടികൊണ്ട് പോകുന്നു...


ഒരു ജോലി, അതായിരുന്നു പിന്നീടുള്ള ഒരാവശ്യം. അതിന് വേണ്ടുന്ന ചെറിയ ചെറിയ കാര്യങ്ങൾ പഠിച്ച് അവസാനം ഒരു സ്ഥലത്തു കയറിപ്പറ്റി. 


ഫേസ്ബുക്കിൽ നിന്ന് unfriend ആക്കി ഞാൻ അവളെ. ഒരു കാര്യവും ഇനിമുതൽ എനിക്കറിയാൻ താല്പര്യമില്ലായിരുന്നു. എന്നാലും മനസ്സിന്റെ പുറമേയുള്ള ബഹളങ്ങൾ അടങ്ങുമ്പോൾ, അവളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നുവെന്ന് മനസ്സിലായി.

പെട്ടെന്ന് തന്നെ ഉള്ളിലെ മുറിവേറ്റ മൃഗം ഉണരും. പോയി പണിനോക്കെടാ എന്ന് എന്നോട് തന്നെ പറയും. അന്നേരം എല്ലാത്തിനുമുള്ള മറുപടിയായി.


ബസിൽ പിന്നെ ബൈക്കിൽ ഞങ്ങൾ ഒരുമിച്ചു യാത്ര ചെയ്ത വഴികളിലൂടെ ഇപ്പൊ ഞാൻ മനസ്സുകൊണ്ട് ഒറ്റക്ക്...


ഇനി അരമണിക്കൂർ കൂടി കാണും യാത്ര അവന്റെ വീട്ടിലേക്ക് . അന്തരീക്ഷം മുഴുവനും കോടമഞ്ഞ് കൊണ്ട് മൂടിയിരിക്കുന്നു. മുന്നിൽ ദൂരേക്ക് ഒന്നും കാണാൻ സാധിക്കുന്നില്ല. സൈഡിൽ ഒതുക്കി കോടമഞ്ഞിൽ നിന്ന് ചൂട് ചായ കുടിക്കാൻ തോന്നി. 

കേരളത്തിൽ ഈ climate പിന്നെ ഞാൻ കണ്ടിരിക്കുന്നത് പൊന്മുടിക്ക് പോകുന്ന വഴിയിലാണ്. എത്ര ചൂട് ചായ ആണെങ്കിലും കുടിച്ചു തീരുന്നതിനു മുന്നേ തണുത്ത് പോകും.

അങ്ങനെ മനസുകൊണ്ട് 7 വർഷം മുന്നേയുള്ള കുട്ടിക്കാനമെത്തി. എല്ലാം പഴയ മാതിരി തന്നെ. കൂടുതൽ മാറ്റങ്ങൾ ഒന്നും തന്നെ പറയാനില്ല. 


M.T യുടെ മഞ്ഞ് എന്നൊരു കഥയുണ്ട്. അതിലെ ചില ഭാഗങ്ങൾ ഓരോ തവണ വായിക്കുമ്പോളും പുതിയ പുതിയ അർത്ഥങ്ങൾ ഉണ്ടായിവരും. അതുപോലെയാണ് എനിക്ക് കുട്ടിക്കാനം ക്യാമ്പസ്‌. ഓരോ തവണ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാണുമ്പോളും ഓർമ്മകൾ എന്നെ പുതിയ കാര്യങ്ങൾ തോന്നിപ്പിക്കുന്നു.


കോളേജിന്റെ മുന്നിലൂടെയുള്ള വാഗമൺ പോകുന്ന വഴി വേണം ഇനി പോകുവാൻ. കോളേജിലേക്ക് തിരിയുന്ന സ്ഥലമെത്തിയപ്പോൾ കുറച്ചു നേരം വെളിയിൽ ഇറങ്ങി നിന്നു. മധുര സ്മരണകൾ ആവാഹിച്ചു പിടിക്കാൻ മനസ്സിന് ഇത്രയും സമയം തന്നെ ധാരാളം. പണ്ട് സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങൾ ചേർന്ന് നട്ട ഒരു പേരയുടെ തൈ, പിന്നീട് 8,10 വർഷം കഴിഞ്ഞ് അവിടെ ചെന്നപ്പോൾ വലിയ പേര മരമായി മാറിയിരുന്നു. അന്ന് കണ്ണെടുക്കാതെ എത്ര നേരം അതിനെ നോക്കി നിന്നെന്നറിയില്ല. ചുരുക്കത്തിൽ ഒരു മരം, അത്പോലും എനിക്ക് തരുന്ന നൊസ്റ്റാൾജിയ വളരെ വലുതാണ്. ആ മരത്തിന് നമ്മളുടെ സാമീപ്യം തിരിച്ചറിയാൻ കഴിഞ്ഞാൽ ആ മരത്തിനു പോലും നൊസ്റ്റാൾജിയ ഉണ്ടാവില്ലേ...?


മഴ മാറി പകലിന് കുറച്ചു കൂടി തെളിച്ചം വന്നുതുടങ്ങി. ഗൂഗിൾ map നോക്കി അവന്റെ വീട്ടിൽ തന്നെ ശരിയായി എത്തി.


പഴയ കൂട്ടുകാർ 6,7 പേർ വീടിന്റെ മുന്നിൽ തന്നെ നിൽക്കുന്നു. നല്ല ഭംഗിയുള്ള വീട്. മുന്നിൽ തന്നെ ചെറിയ ഇനം പ്ലാവ്, മാവ് ഒക്കെയുണ്ട്. 


പെട്ടന്ന് അരികിലേക്ക് ഓടി എത്തി വന്നു ഒരാൾ. നോക്കുമ്പോൾ മുന്നിൽ അവൾ നിൽക്കുന്നു. വിളറിയ ചിരി അവൾ മുഖത്ത് വരുത്തി. മോർച്ചറിയിൽ തണുപ്പിൽ കിടക്കുന്ന തേജസ്‌ നഷ്ടപ്പെട്ട ശവത്തിനെ പോലെ എനിക്ക് തോന്നി.


ഇവളെ കാണാൻ ഇവിടെ വരെ വരേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. ഞാൻ അപ്പോളേക്കും തിരിഞ്ഞു നടന്നു. പോകരുത് എന്ന് പറഞ്ഞ് അവൾ കയ്യിൽ പിടിച്ചു. എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്. ഒന്ന് പുറത്ത് വരെ പോകാം എന്ന് അവൾ. ഞാൻ ഫുഡ്‌ കഴിക്കാൻ പോലും നിൽക്കാതെ സുധിയെ വിളിച്ചു. നമ്മുക്ക് ഇറങ്ങാൻ സമയമായി എന്ന് അവനോടു പറഞ്ഞു. ഒന്നും മനസിലാവാതെ നിന്ന അവന്റെ മുന്നിൽ വെച്ച് car സ്റ്റാർട്ട്‌ ആക്കി, നീ വരുന്നുണ്ടോ എന്ന് ചോദിച്ചു മുന്നോട്ട് എടുത്തു വണ്ടി. 


എല്ലാവരുടെയും മുന്നിൽ അവൾ വല്ലാതായിന്ന് തോന്നുന്നു . നിന്നെ കണ്ടപ്പോൾ തന്നെ അവൻ ജീവനും കൊണ്ട് ഓടിയോടി. അവർ കളിയാക്കി തുടങ്ങി. ഞാൻ പ്രതീക്ഷിച്ച അത്രയും അവളെ വേദനിപ്പിക്കാൻ സാധിച്ചോ എന്നുള്ള ഒരു സംശയം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. 


തിരികെ പോരുമ്പോൾ അവന് വിശക്കുന്നു എന്തെങ്കിലും കഴിക്കാൻ നിർത്താൻ പറഞ്ഞു. അവളോടുള്ള ദേഷ്യം കുറഞ്ഞപ്പോൾ ഹോട്ടലിൽ നിർത്തി ഫുഡ്‌ കഴിക്കാൻ കയറി.


എന്നാലും അവൾക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കാമായിരുന്നു. രണ്ടു മൂന്ന് വട്ടം അവൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കും തോന്നി ഒന്ന് കേൾക്കാമായിരുന്നു എന്ന്. പിന്നെ തോന്നി അതിന്റെ ആവശ്യം ഇല്ലെന്ന്.


ചായകുടി കഴിഞ്ഞപ്പോൾ അല്ലെങ്കിൽ ഒന്ന് പോയേക്കാമെന്ന്തോന്നി. പിന്നെ ഒട്ടും താമസിച്ചില്ല, അവന്റെ വീട്ടിലേക്കു തിരികെ പോയി. അവിടെ ചെന്ന് അവളെ എല്ലായിടത്തും നോക്കിയിട്ടും കാണാൻ പറ്റിയില്ല. അപ്പോളേക്കും അവൾ പോയിരുന്നു. പിന്നീട് ഒരു സുഹൃത് പറഞ്ഞപ്പോളാണ് ഞാൻ അറിഞ്ഞത് അവൾ divorce ആയെന്ന്. അവൾക്ക് പറയാൻ ഉള്ളത് വെറുതെ ഒന്ന് കേൾക്കാമായിരുന്നെന്ന് പിന്നെയും തോന്നിപ്പോയി....ഒന്ന് സംസാരിക്കാൻ പോലും സാധിച്ചില്ല ഇവിടെ വരെ വന്നിട്ട്. ശ്ശേ മോശമായിപ്പോയി. 


അവളുടെ മനസ്സ് ആകെ തകർന്ന് നിൽക്കുന്ന സമയത്തു ഞാൻ കൂടി ഇങ്ങനെ പെരുമാറിയത് ഒട്ടും ശരിയായില്ലെന്ന്തോന്നി.


നീ ഭക്ഷണം കഴിച്ചില്ലല്ലോ, ചെന്ന് വേഗം കഴിക്ക് എല്ലാവരും കഴിച്ചു കഴിഞ്ഞു. കൈ കഴുകി ഫുഡ്‌ കഴിക്കാൻ ചെന്നിരിന്നു. നോക്കുമ്പോൾ വാതിൽ പടിയിൽ അവൾ നിൽക്കുന്നു. നടന്ന് എന്റെ അടുത്തേക്ക് പതുക്കെ വന്നു. അപ്പൊ നീ പോയെന്ന് ഇവർ പറഞ്ഞല്ലോ. അങ്ങനെ പെട്ടന്ന് പോകാൻ പറ്റുമോ ഇവിടെ നിന്ന്. നീ തിരിച്ചു വരുമെന്ന് പറഞ്ഞു ഞാൻ ബെറ്റ് വെച്ചേക്കുവായിരുന്നു. നിന്നെ എനിക്ക് അറിഞ്ഞുകൂടെ. അപ്പൊ നീ divorce ആയെന്ന് ഇവന്മാർ പറഞ്ഞത്. കല്യാണം കഴിച്ചാലല്ലേടാ പൊട്ടാ divorce ആകാൻ പറ്റു. നീ വേഗം കഴിച്ചിട്ട് വാ എന്നെ തിരിച്ചു നീ വീട്ടിൽ വിടണം....


പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉള്ളിൽ നിറഞ്ഞു.


അപ്പൊ തിരിച്ചു അവളും വരുന്നുണ്ടോ...? സുധി ചോദിച്ചു. വിജയാ നീ ഇല്ല. അവളും ഞാനും മാത്രം , നീ ഇവിടെ നിന്ന് ഇനി ബസിന് പോകും....


അല്ലെങ്കിലും പെൺപിള്ളേരെ കാണുമ്പോളുള്ള നിന്റെ ഈ ചാട്ടം


     ഇത് അത്ര നല്ലതിനല്ല "ദാസാ "







Rate this content
Log in

Similar malayalam story from Comedy