ജോജി തോട്ടത്തിൽ

Comedy Drama Others

4.8  

ജോജി തോട്ടത്തിൽ

Comedy Drama Others

അപ്പുണ്യായര്‍

അപ്പുണ്യായര്‍

3 mins
369



"അപ്പുണ്യായര്‍ മരിച്ചു" തലയില്‍ ഒരു മുഷിഞ്ഞ തോര്‍ത്തുമുണ്ടും വലിച്ചുകെട്ടി, ഒരു കീറക്കൈലിയും മടക്കിക്കുത്തി മേല്‍മുണ്ടില്ലാതെ എഴുന്നേറ്റുനിന്ന് സൈക്കിള്‍ ചവിട്ടി പാടവരമ്പത്തൂടെ ശരവേഗത്തില്‍ പാഞ്ഞ ശങ്കരന്‍ വിളിച്ചു പറയുന്നതു കേട്ടാണ് നാട്ടുകാര്‍  അപ്പുണ്യായരുടെ വീട്ടിലേക്ക് വച്ചുപിടിച്ചത്.


ആളുടെ പേര് "അപ്പുണ്ണി നായര്‍" എന്നായിരുന്നു, വിളിക്കാന്‍ ഒരു സുഖത്തിന് നാട്ടുകാരത് അപ്പുണ്യായരാക്കി. വീട്ടിലാകെ തന്നെത്താനടിയും അലമുറയിടീലും നിലവിളിയും മാത്രം. മുറ്റത്ത്‌ പന്തലു പൊങ്ങി, തെക്കേമൂലയ്ക്ക് പന്തലിച്ചുനിന്ന മാവ് അലച്ചുവിളിച്ച് താഴെവീണു, വിറകായി, ചിതകൂട്ടാനുള്ള സ്ഥലവുമൊരുങ്ങി. ന്യൂജെനറേഷന്‍ ചിതകൂട്ട് സംഘം സ്ഥലത്ത് തമ്പടിച്ചു.


മരിച്ചവീട്ടിലെ അടുപ്പില്‍ തീ പുകഞ്ഞാല്‍ നാട്ടുകാരെന്തുവിചാരിക്കും? അതുകൊണ്ട് പരിയമ്പറത്ത് കല്ലുകൂട്ടി അടുപ്പായി, കട്ടന്‍ കാപ്പിയായി. പന്തലുകെട്ടുകാരും ചിതകൂട്ടുകാരും തലങ്ങനെയും വിലങ്ങനെയും കാപ്പികുടിച്ച് വയറുവീര്‍പ്പിച്ചു. ബന്ധുക്കാരും സ്വന്തക്കാരും വീട്ടിലെക്കൊഴുകിയെത്തിക്കൊണ്ടിരുന്നു. വന്നവര്‍ വന്നവര്‍ മണ്‍കട്ടകെട്ടിയ ആ കൊച്ചുവീട്ടിലേക്കോടിക്കയറി അലമുറയിട്ടുകരയുന്നവരെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു. അടുത്ത ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞ് കൂടിനിന്നവരുടെകൂടെ സങ്കടംകൂട്ടി.


മുറ്റത്തെ കാപ്പിച്ചെടിയുടെ കമ്പില്‍ ഇടത്തെക്കൈ മുറുക്കെപ്പിടിച്ച് വലത്തേക്കൈയ്യില്‍ കത്തിച്ചുപിടിച്ച ബീഡിയുമായി ഏങ്ങലടിച്ചു നിന്ന ദേവസി ആരോടെന്നില്ലാതെ പിറുപിറുത്തു "എന്‍റെ ഓര്‍മ്മവെച്ച കാലം മുതലുള്ള കൂട്ടാ, ഒന്നിച്ച് സ്കൂളില്‍ പോയിത്തുടങ്ങിയ സൌഹൃദമാ, എന്‍റെ കൂടെപ്പിറപ്പായിരുന്നു". കൂടിനിന്നവരൊക്കെകൂടി ദേവസിയെ ഒരുവിധത്തില്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. മുറ്റത്ത്‌വട്ടംകൂടി നിന്നവരൊക്കെ അപ്പുണ്യായരുടെ ഗുണഗണങ്ങള്‍ മാത്രം വര്‍ണ്ണിക്കാന്‍ തുടങ്ങി "നല്ല മനുഷ്യനായിരുന്നു".


ഒരു ഇളംകാറ്റ് പറമ്പിലെ കാപ്പിച്ചെടിയിലും, കൊടിയിലയിലും, കപ്പയിലും കാച്ചിലുവള്ളിയിലുമൊക്കെ തട്ടി തടവി ദൂരേക്ക് ഒഴുകി മാഞ്ഞു. ഓട്ടയിടാനുള്ള മൺകുടം ആരോ പറമ്പിന്റെ മൂലയ്ക്ക് ചിതയൊരുക്കുന്നിടത്തെത്തിച്ചു, ചിതക്കൂട്ടു സംഘത്തിലെ തലമുതിർന്നവൻ കുടം തിരിച്ചും മറിച്ചുംനോക്കി പിന്നെ നിലത്തേക്കുവച്ചിട്ട് മുറുക്കാൻ നീട്ടിയൊരു തുപ്പു തുപ്പി. 


ഇതൊക്കെ പറഞ്ഞാലും അപ്പുണ്യായര്‍ ആരാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ?, ദേ, ഈ ബഹളം കാണുന്ന വീട്ടിലെ കാരണവരാണ് അപ്പുണ്യായര്‍. ഒരു 80 വയസ്സ് പ്രായംവരും, ഈ കാണുന്ന കാപ്പിയും കുരുമുളകുമൊക്കെ അപ്പുണ്യായരുടെ കൃഷിയാണ്, ദാ. വീടിന്‍റെ പിന്‍ഭാഗത്ത്‌ കാണുന്ന തെങ്ങിന്‍തോട്ടം, ഒരു തെങ്ങില്‍നിന്നു പോലും വിളവെടുക്കാന്‍ അപ്പുണ്യായര്‍ ആളെക്കേറ്റാറില്ല, ഈ പ്രായത്തിലും എല്ലാം തനിച്ച് ചെയ്യുമായിരുന്നു. ഇന്ന് രാവിലെ വീട്ടിലിരുന്ന ഉണക്ക കാപ്പിക്കുരു "അവച്ചിട്ടു"വരാമെന്നും പറഞ്ഞ് സൈക്കിളും എടുത്തോണ്ടുപോയ പോക്കാണ്, ഉച്ചയായപ്പോ കേട്ട വാര്‍ത്ത ഇതാണ്. ഇനി നമുക്ക് സീനോന്നുമാറ്റിപ്പിടിക്കാം അപ്പുണ്യായര്‍ക്ക് എന്താണ് സംഭവിച്ചതെന്നറിയണ്ടേ?.


കാപ്പിക്കുരു സൈക്കിളിന്‍റെ കാരിയറില്‍കെട്ടിവെച്ച് അപ്പുണ്യായര്‍ സൈക്കിളില്‍ കയറി പുരക്കകത്തേക്ക് നോക്കി "ഞാനിത് അവച്ചിട്ടുവരാം"മെന്നു ഉച്ചത്തില്‍ പറഞ്ഞിട്ട് സൈക്കിള്‍ നീട്ടിച്ചവിട്ടി. പറമ്പില്‍നിന്നു റോഡിലേക്കുള്ള ഇടവഴികടന്ന് സൈക്കിള്‍ മണ്‍റോഡിലേക്ക് കയറുമ്പോള്‍ അതാ ഒരു ജീപ്പുവരുന്നു അപ്പുണ്യായര്‍ സൈക്കിള്‍ ഒതുക്കിനിര്‍ത്തി, ആളങ്ങനെയാ റിസ്ക്കെടുക്കില്ല വണ്ടിവന്നാല്‍ സൈക്കിള്‍ സൈഡിലൊതുക്കും.


സൈക്കിള്‍ ചവിട്ടിച്ചവിട്ടി കണ്ടംനികത്തി റോഡ്‌പണി നടക്കുന്ന ഭാഗത്തെത്തിയപ്പോള്‍ നീട്ടി ബെല്ലടിച്ച് "ശങ്കരന്‍റെ" സൈക്കിള്‍ അപ്പുണ്യായരെ ഓവര്‍ട്ടേക്കുചെയ്തു, (അതെ ആ ശങ്കരന്‍തന്നെ, അപ്പുണ്യായര്‍ മരിച്ചുന്ന് പാടത്തൂടെ വിളിച്ചു കൂവിയ അതേ ശങ്കരന്‍) ശങ്കരന്‍ അങ്ങനെയാണ് സൈക്കിള്‍ കിട്ടിയാല്‍ നൂറെ നൂറെ വിടണം. കണ്ടംനികത്താന്‍ കരിങ്കല്ല് കയറ്റിയ ലോറി പതിയെ പതിയെ ഇടുങ്ങിയ വഴിയിലൂടെ വരുന്നു, അപ്പുണ്യായര്‍ വണ്ടിയൊതുക്കി, ഇടുങ്ങിയ റോഡിലൂടെ ശങ്കരന്‍റെ വരവുകണ്ട് ലോറിക്കാരന്‍ ആവുന്നത്ര സൈഡൊഴിച്ചു, കിട്ടിയ സൈഡിലൂടെ ശങ്കരന്‍ വെച്ചലക്കി, സൈക്കിളൊന്നു വെട്ടി, വീലോന്നു പാളി, കണ്ടം നികത്താനിറക്കിയ കരിങ്കല്ലില്‍ ഉച്ചിക്കെട്ടിടിച്ച് ശങ്കരനും പിന്നാലെ സൈക്കിളും താഴെ. കണ്ണിക്കൂടെ പൊന്നീച്ച പറന്ന ശങ്കരന്‍ എഴുന്നേറ്റുനോക്കുമ്പോള്‍, വീഴ്ച്ചകണ്ട് ഭയന്ന ലോറിക്കാരന്‍ പാമ്പ്പു ളയുന്നപോലെ റോഡിലൊന്നു തിരിഞ്ഞു മൊത്തത്തില്‍ പൂഴിയും പുകയും, വണ്ടി നിര്‍ത്താതെ പോയി, അപ്പുണ്യായരേകാണാനില്ല. "തീര്‍ന്നു അപ്പുണ്യായരു തീര്‍ന്നു" ശങ്കരന്‍ അലച്ചുവിളിച്ച് സൈക്കിളും ചവിട്ടിപ്പാഞ്ഞു.


അപ്പുണ്യായരുടെ മകന്‍ വീടിനു പുറത്തേക്കിറങ്ങി ചിതയൊരുക്കിയ ഭാഗമൊക്കെ ഒന്നു വീക്ഷിച്ചു എന്നിട്ട് കൂടിനിന്നവരോടായി ചോദിച്ചു "ബോഡി എപ്പോ കൊണ്ടുവരും?" (അപ്പുണ്ണി നായരായിരുന്നു പിന്നെ അപ്പുണ്യായരായി ഇപ്പൊ ബോഡിയായി). ഒരു കാലന്‍കുടയും കുത്തിപ്പിടിച്ച് ഗോപാലന്‍മാഷ്‌ വീട്ടുമുറ്റത്തേക്ക് കയാറിവന്നു എന്നിട്ട് ദേവസിയോടായി പറഞ്ഞു, "നമ്മടെ ശങ്കരനെ ആളുകളെല്ലാംകൂടെ പിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ട്"

"എന്നാ പറ്റി"

"ഏതോ ലോറിക്ക് സര്‍ക്കസ്സുകാട്ടി കരിങ്കല്ലില്‍ തലയിടിച്ചതാ, സുബോധമില്ല, ഇപ്പൊ പറയുന്നതല്ല പിന്നെപ്പറയുന്നത്‌"

"മ്..." കൂടിനിന്നവരൊക്കെ ഒന്നുമൂളി.


ദേവസ്സിയാണ് അതുകണ്ടത് ശരവേഗത്തില്‍ മുറ്റത്തേക്ക് ഒരുസൈക്കിള്‍ വരുന്നു "കര്‍ത്താവേ അപ്പുണ്യായര്‍" എല്ലാവരും അങ്ങോട്ടു നോക്കി, അവച്ച കാപ്പിക്കുരുവും കയ്യില്‍പ്പിടിച്ച് അപ്പുണ്യായര്‍ സൈക്കിളീന്നിറങ്ങുമ്പോ മുറ്റം നിറയെ ആളുകള്‍, വീട്ടില്‍ കൂട്ട നിലവിളിയും. അപ്പുണ്യായരേ കണ്ടതും നിലവിളി നിലച്ചു, പന്തലുകാര് പന്തലഴിച്ചു, ചിതയോരുക്കാന്‍ വന്നവന്‍മ്മാര്‍ പതിയെ വലിഞ്ഞു. വായും പൊളിച്ച് അപ്പുണ്യായര്‍ മുറ്റത്തുനിന്നു.


"കൊറേ കാപ്പിപോടീം പഞ്ചാരയും ചിലവായത് മിച്ചം" ഇത് പറഞ്ഞിട്ട് ദേവസി നടന്നു, അപ്പുണ്യായരുടെ മകന്‍ പിന്നീന്നു പറഞ്ഞു "പഞ്ചാര മാങ്ങാ ഉണ്ടായിക്കൊണ്ടിരുന്ന ഒരു മാവാ ദേ കീറിവെച്ചേക്കുന്നു".


കീറിക്കൂട്ടിവെച്ചിരിക്കുന്ന മാവിന്‍ വിറകില്‍ നോക്കി ഒരു ബീഡിയും കത്തിച്ച് അപ്പുണ്യായര്‍ ആ പടിയിലിരുന്നു. ആളും അരങ്ങും ഒഴിഞ്ഞു, അടുപ്പില്‍ തീ പുകഞ്ഞു.


Rate this content
Log in

More malayalam story from ജോജി തോട്ടത്തിൽ

Similar malayalam story from Comedy