"ഡിപ്പാർട്മെൻറ് ഓഫ് മാത്തമാറ്റിക്സ്"
"ഡിപ്പാർട്മെൻറ് ഓഫ് മാത്തമാറ്റിക്സ്"


ഫ്രീ ടൈമിൽ എന്നെ വന്നു കാണാൻ ലക്ഷ്മിയോട് പറയണം. മറ്റാരുടേതുമല്ല പുതിയ ഗസ്റ്റ് ലെക്ചറർ അരുൺ സാറിൻടെ ആണ് മെസ്സേജ്. ഇത് വന്നു പറയുമ്പോൾ സാമിൻടെ മുഖത്തെ അർഥംവെച്ചുള്ള ഊറിചിരി ലക്ഷ്മിയെ പരിഭ്രാന്തിയിലാക്കി.
സന്തോഷമാണോ അത്ഭുതമാണോ അതോ ചമ്മൽ ആണോ മുഖത്ത് മാറിമറയുന്നതു എന്ന് അറിയാൻ വയ്യാത്ത അവസ്ഥ. മാനത്തു മഴവില്ലു വിരിഞ്ഞു-മയിൽ പീലിവിരിച്ചാടി എന്നൊക്കെ കവികൾ വർണ്ണിക്കുന്ന്നതു ഈ അവസ്ഥക്കാണോ.
നേരെ ഓടി ബയോകെമിസ്റ്ററി ഡിപ്പാർട്മെന്റിലേക്കു… എല്ലാ ഉടായിപ്പിനും കൂട്ട് നിക്കുന്ന സിത്താരയെ കാണാൻ. അവളുടെകൂടെ അഭിപ്രായം അറിഞ്ഞിട്ടു വേണം എന്നാണ് “യെസ്” പറയേണ്ടത് എന്ന് തീരുമാനിക്കാൻ.
റെക്കോർഡ് സബ്മിറ്റ് ചെയ്യാൻ ആരെയോ ഏല്പിച്ചിട്ടു പുറകിലെ ഡോർ വഴി അവളെയും ചാടിച് വെച്ച് പിടിച്ചു ക്യാന്റീനിലേക്കു… അവിടെ ആണല്ലോ അന്താരാഷ്ട്ര ചർച്ച കേന്ദ്രം. മൂന്നാമത്തെ കാലിച്ചായയും കുടിച്ചു ചെയർമാനും സംഘവും അവിടിരിപ്പുണ്ട്. അങ്ങോട്ട് ശ്രദ്ധിച്ചേയില്ല ഓണം പരിപാടിയുടെ ഫൈനൽ പിരിവെടുപ്പു ചർച്ച പൊടിപൊടിക്കുന്നു. രംഗോലി പരിപാടി കൊളം ആയതിനു ശേഷമുള്ള ചേർച്ചക്കൊറവാണ് അയാളുമായിട്ട്. മറ്റൊരു മൂലയ്ക്ക് ‘ഷുഗർ ഫാക്ടറി’ തകൃതിയായി പ്രവർത്തിക്കുന്നു. മലയാളം ടീച്ചറും പുതിയ ഏതോ സോഷ്യൽ സർവീസ് ടീമും സസ്റ്റെയ്നബിലിറ്റി പ്രൊജക്റ്റ്നെ കുറിച്ചും പരിസ്ഥിതി ദിന സെമിനാറിന്റെ കുറിച്ചും ഒക്കെ ഘോര ചർച്ചയിൽ ആണ്. കഴിഞ്ഞ ആഴ്ച കൊടുക്കാമെന്നു പറഞ്ഞ പ്രോഗ്രാം മെനു ഇതുവരേം കൊടുത്തിട്ടില്ല ചുരിദാറിനു ഷാൾ കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടെന്നു അന്ന് മനസിലാക്കി. ഈ തിക്കിലും തിരക്കിലും എങ്ങനെ ഇരിക്കാനാണ് ക്യാന്റീനിൽ. ഇതിലുംഭേദം ശ്യാമ ടീച്ചറിന്റെ പ്രോബബിലിറ്റി ക്ലാസിൽ കേറുന്നതാ.
സിതാരയുടെ അഭിപ്രായത്തിൽ രണ്ടു ദിവസം വെയിറ്റ് ചെയ്യിപ്പിച്ചിട്ടു ഒന്ന് ചമഞ്ഞു ചെല്ലുന്നതാണ് അതിൻ്റെ ഒരിത്. ഓണം സെലിബ്രേഷൻ നാളെ തുടങ്ങും അത് കഴിഞ്ഞാൽ ഫിലിം ഫെസ്റ്റിവൽ അതാവുമ്പോൾ കൂൾ മൈൻഡ് ആയിരിക്കും.
ഓണപ്പരിപാടി കൃതാർത്ഥം അമ്മയുടെ സെറ്റ് സാരിയും കാശുമാലയും ഒക്കെ കൈക്കലാക്കി മുല്ലപ്പൂവും ഒക്കെ ചുറ്റി ചില മലയാള നോവലിലെ നായികയോട് സാമ്യം തോന്നുന്ന രീതിയിൽ ചമഞ്ഞൊരുങ്ങി കൊറച്ചു ചമ്മൽ ഒക്കെ ആയി ഡിപ്പാർട്മെന്റിൽ എത്തി. സിത്താരയും മീനുവും സിഗ്നൽ കൊടു
ത്തു. - അതെ പുള്ളിക്കാരൻ ഒണ്ടു - ഭാഗ്യം എപ്പഴും കൂടെ ഉണ്ടാവാറുള്ളവ കുമാർ സാറും അഞ്ജന ടീച്ചറും ഡിപ്പാർട്മെറ്റിൽ ഇല്ല. മാക്സിമം 5 മിനിറ്റ് എടുക്കാവൂ എന്ന് സിതാര പ്രത്യേകം ഓർമിപ്പിച്ചു.
കൈകാലുകളിൽ ആകെപ്പാടെ ഒരു വെറവൽ ഹാൻഡ്‌കർച്ചീഫ് നനഞു കുതിർന്നു. അടിച്ച പെർഫ്യൂം മുഴുവൻ ആവിയായി പോകുമോ എന്നുള്ള അവളുടെ ടെൻഷൻ ആരുന്നു ഭീകരം. കാൽപ്പെരുമാറ്റം കേട്ട് കൂട്ടിവെച്ചേക്കുന്ന റെക്കോർഡുമരുതമലയുടെ സൈഡിൽ കൂടി നോക്കി അരുൺ സർ.
സിറിന്റെ കണ്ണിലെ നിഴലാട്ടം തെല്ലു നാണത്തോടെ അവൾ തിരിച്ചറിഞ്ഞു. സുന്ദരി ആയിട്ടുണ്ടല്ലോ എന്നായിരുന്നു സാറിൻറെ ആദ്യ പ്രതികരണം.
“സർ അന്വേഷിച്ചോ കാണാൻ വരണം എന്ന് അറിയിച്ചല്ലോ” ലക്ഷ്മി ആരാഞ്ഞു.
മറുപടി വളരെ പെട്ടെന്നാരുന്നു. “എടൊ താനൊക്കെ എന്ത് ഭാവിച്ചാണ്. പഠിക്കാൻ താല്പര്യം ഇല്ലെങ്കിൽ എന്തിനാണ് ഇങ്ങോട്ടു വരുന്നത്. പലവട്ടം പറയണം എന്ന് കരുതി വേണ്ടാന്ന് വച്ചതാണ്. ഒരക്ഷരം പഠിക്കണമെന്ന താല്പര്യം ഒന്നിനും ഇല്ലെന്നു മനസിലായി. കൂടെയുള്ള കൂട്ടുകാരികളുടെ റിസൾട്ട് അറിഞ്ഞോ ...എല്ലാത്തിനും അനമൊട്ട മാർക്കും വാങ്ങി വച്ചേക്കുന്നു. റീടെസ്റ് നടത്തണോ അതോ റിസൾട്ട് പബ്ലിഷ് ചെയ്യണോ എന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ. കൂടെയുള്ള വാനരപ്പടയോടും പറഞ്ഞേക്ക്. നാലക്ഷരം പഠിച്ചാൽ നിങ്ങൾക്കൊക്കെ തന്നെ കൊള്ളാം.
ഉപദേശം ആണോ തെറി വിളിയാണോ എന്ന് ചിന്തിക്കാനുള്ള മാനസിക അവസ്ഥയിലാരുന്നില്ല അവൾ. വെളീൽ എറങ്ങീട്ട് വേണം അവൾക്കിട്ടു പൊട്ടിക്കാൻ അതാരുന്നു ചിന്ത മുഴുവൻ.
താങ്ക് യു സർ എന്ന് പറയാൻ മറന്നില്ല ഈ അമൂർത്തമായ അവസരത്തിലും.
അപ്പോഴാണ് അവൾക്കു സാമിൻടെ മുഖത്തെ അന്നത്തെ അർഥംവെച്ചുള്ള ഊറിചിരിയുടെ പൊരുൾ പിടികിട്ടിയത് - അത് തന്നെ അവനും കിട്ടി കാണും നല്ലപോലെ-
അമ്പുകൊണ്ടു അർജുനൻ ഭീഷ്മർക്ക് ശരശയ്യ ഉണ്ടാക്കി സപ്പോർട്ട് കൊടുത്തപോലെ സാരി കുത്തി നിർത്താൻ വച്ചിരുന്ന അനുസരണയില്ലാത്ത ഏതോ പിന്ന് ആസ്ഥാനത്തു കുത്തി മുറിവേൽപ്പിച്ചിരുന്നു. അന്ന് ഒരുപാടു ചമ്മിപ്പിച്ച സംഭവം ഇന്നും ഞങ്ങടെ കൂടിച്ചേരലുകളിലെ പ്രധാന നേരമ്പോക്കായി അവശേഷിക്കുന്നു.
ഒരായിരം നന്ദിയുണ്ട് സർ ഞങ്ങളിലെ അന്ധകാരം ഊതിക്കെടുത്തിയതിനു....
“ബഹുമാനപുരസ്സരം ഈ അധ്യാപക ദിനത്തിൽ സ്വന്തം വാനരപ്പട”