Jyothi Kamalam

Comedy Inspirational

4.3  

Jyothi Kamalam

Comedy Inspirational

"പടവലക്കുമ്പിളുകൾ"

"പടവലക്കുമ്പിളുകൾ"

2 mins
177


പലതരം പച്ചക്കറികൾ വെച്ച് പിടിപ്പിക്കുക അതിൻ്റെ കൃഷിഫലങ്ങൾ ഒന്നും തന്നെ സ്വയം ഉപയോഗിക്കാതെ നാട്ടുകാർക്കും അയൽക്കാർക്കും കൊടുക്കുക ഇതൊക്കെയായിരുന്നു സുകുമാരിഅമ്മയുടെ പ്രധാന വിനോദങ്ങളിൽ ഒന്ന്. മണ്ണും ഗ്രോ ബാഗുകളും വളവും ഒക്കെ പരസഹായമില്ലാതെ പലതവണകളായി ടെറസിൽ എത്തിക്കുക, പിന്നെ അവിടെ നിരവധി ചെടിച്ചട്ടികളിൽ നിറച്ചു, പടവലത്തിനും പാവലിനും മത്തനും ഒക്കെ താങ്ങും കുമ്പിളുകളും തീർക്കുക, രാപ്പകൽ അവയെ പരിചരിച്ചു ആനന്ദം കണ്ടെത്തുക എന്ന പ്രത്യേകമാനസിക അവസ്ഥയ്ക്കുടമയായിരുന്നു അവർ.

സുകുമാരിയമ്മയുടെ ഈ പ്രവൃത്തി ഭാസ്കരൻ കൈമളിനെ ആദ്യമൊക്കെ ദേഷ്യം പിടിപ്പിച്ചു പകല് മുഴുവൻ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു രാത്രി മുഴുവൻ ഉറക്കം ഒഴിഞ്ഞിരുന്നു പിണ്ഡതൈലം ചൂടാക്കി ഉഴിച്ചിൽ നടത്തുക ഭാസ്കരൻ മാഷിന്റെ സ്ഥിരം ജോലിയും കടമയും ആയിരുന്നു.

തൻ്റെ പച്ചക്കറികളുടെ വളർച്ച അയൽവാസിയായ ശാരദാമണിയിൽ നന്നേ കുശുമ്പ് വീഴ്ത്തി തുടങ്ങിയിരുന്നു. മതിലിനു ചേർന്ന് പന്തലിച്ചു നിൽക്കുന്ന പടവലവും പാവലും ഒക്കെ മതിലിലേക്കു കയറുന്നതായി അവർ പലതവണ മുഷിപ്പ് പ്രകടിപ്പിച്ചു പോന്നു. തൻ്റെ പച്ചക്കറി വിപ്ലവം കാരണമുള്ള കണ്ണുകടിയായി സുകുമാരിയമ്മ വിലയിരുത്തി.

കർഷകമിത്രത്തിനുള്ള ഈ തവണത്തെ കേരളസർക്കാരിന്റെ അവാർഡ് ഈ വീട്ടിൽത്തന്നെ എന്ന് മക്കളും ഭർത്താവും പലകുറി കളിയാക്കി. ഇലചുരുട്ടിപ്പുഴുവിനെയും ചുരുളൻപുഴുവിനെയും ഒക്കെ പുകയില കഷായവും വെള്ളുള്ളി കഷായവും ഒക്കെ വെച്ച് ആട്ടിപ്പായിച്ചു. ശരീരം പോലും നോക്കാതെയുടെ ഈ കൃഷിപ്രേമത്തെച്ചൊല്ലി വൈകുന്നേരങ്ങളിൽ ആ വീട്ടിൽ ഒരു വിചാരണക്കൂടുതന്നെ ഒരുങ്ങി. ഈ കൊല്ലത്തെ വിളവെടുപ്പുകൊണ്ട് ഈ കലാപരിപാടി നിർത്താനും വീട്ടുകാർ നിർബന്ധം പിടിച്ചു. എല്ലാം സമ്മതിച്ചു ഇരിക്കെയാണ് മഞ്ജു വാരിയരുടെ ഹൌ ഓൾഡ് ആർ യു റിലീസ് ആയതു. പിന്നെ പറയാനോ പുകില് കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ചങ്കൊറപ്പുകൊണ്ട് താൻ മഞ്ജു വാരിയർ തന്നെ എന്ന് സുകുമാരിയമ്മ തീർത്തും വിശ്വസിച്ചു.

ഋതു മാറി വന്നു തുടങ്ങി, വഴുതനവും മത്തനും പൂത്തു തുടങ്ങി മഞ്ഞ സ്വർണ്ണ പൂക്കൾ വെള്ള പൂക്കൾ എന്നിവ പന്തലിൽ നിന്ന് തല പൊക്കി തുടങ്ങി. വഴുതന പൂക്കുട്ടികൾ ആയിരുന്നു ഏറ്റവും ഭംഗിയായി മുറ്റം നിറച്ചത്. പന്ത്രട്ടു വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികൾ പോലെ മനോഹരം.

പിറ്റേന്ന് രാവിലെ പത്രവും പാലും എടുക്കാൻ ഇറങ്ങിയ സുകുമാരിയമ്മ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ച ആയിരുന്നു. തന്റെ വഴുതന പൂക്കൾ എല്ലാം ഞെട്ടറ്റു നിലത്തു കിടക്കുന്നു. അവിയലും സാമ്പാറും ഉപ്പേരിയും ആയിത്തീരേണ്ട ജന്മങ്ങൾ ഞെട്ടറ്റു താഴെ... അയലത്തെ ശാരദ ഒപ്പിച്ച പണിയാകാനാണ് സാധ്യതയെന്ന് സുകുമാരിയമ്മ ഉറപ്പിച്ചു.

അന്ന് മുതൽ ഒരു ശീതയുദ്ധം തുടങ്ങുകയായി. വീട്ടിലെ മെയിൻ ഡോർ അടയുമ്പോഴും ശാരദയുടെ വീട്ടിലെക്കു തുറക്കുന്ന ജന്നൽ വാതിലുകൾ അടക്കുമ്പോഴും ഒക്കെ ഒരു അധിക ഡിജിറ്റൽ ഡോൾബി ഇഫക്ട് കൂടി വന്നു. കഥയറിയാതെയുള്ള ആട്ടത്തിൻറെ ഭൂതല പ്രക്ഷേപണമായി അത് മാറി... ദിവസങ്ങൾ അങ്ങനെ കടന്നു പോയി. പിന്നെയും വഴുതന പൂത്തു തളിർത്തു ഇക്കുറി ആയമ്മ കാത്തിരുന്നു ഇമ വെട്ടാതെ തന്നെ. ത്രിസന്ധ്യ സീരിയൽകാർ അടക്കി വാഴുന്ന നേരം ഉമ്മറത്ത് ചെടിക്കിടയിൽ അനക്കം കേട്ട് ശബ്ദമുണ്ടാക്കാതെ ചെന്ന 'അമ്മ കള്ളിയെ കയ്യോടെ പിടിച്ചു; മറ്റാരുമല്ല വീട്ടിലെ കുറിഞ്ഞി പൂച്ച … ചില്ലകളിലെ ഓരോ പൂക്കളും അടിച്ചു കൊഴിച്ചു ഉല്ലസിക്കുന്ന അവളെക്കണ്ട് വീട്ടുകാരിൽ ചിരിപൊട്ടി...

ഓർമ്മനാൾ കഴിഞ് പാവലിന്റെയും പടവലത്തിന്റെയും നാട്ടിയ ദ്രവിച്ച കുറ്റികൾ പിഴുതു കളയുമ്പോൾ ശാരദ ഏടത്തിയും കൂടെ കൂടി. അമ്മയുടെ ഓരോ കഥകൾ പങ്കിടാൻ....പക്ഷെ ഇക്കുറി കണ്ണീർ ഇറ്റിയ പടവലകുമ്പിളുകൾ ബാക്കിയായി.


Rate this content
Log in

Similar malayalam story from Comedy