നുണക്കഥ
നുണക്കഥ


കോരിച്ചൊരിയുന്ന പുതുമഴ.
കുട്ടപ്പൻ നായരും കെട്ടിയോളും ഓലകുത്തിചാരിയ ഉമ്മറത്ത് അങ്ങനെ കീറപ്പായയിൽ തണുത്തു വിറച്ചിരുന്നു.
മണ്ണിൽ വീണു ചിതറുന്ന വല്യ നീർക്കുമിളകൾ, മുക്കിളിയിടുന്ന ചെറിയ വാല്മാക്രികൾ, രാത്രിയുടെ ഗാഢതകൂട്ടുന്ന ചീവീടിന്റെ ചിലമ്പിക്കൽ....
മണ്ണെണ്ണ തീർന്നു കരിന്തിരി കത്തിത്തുടങ്ങിയ ഓട്ടുവിളക്കിൻറെ വെളിച്ചത്തിൽ അയാളുടെ കുസൃതി നിറഞ്ഞ മുഖം കെട്ടിയോൾക്കു വ്യക്തം. അതിൽ ഒളിപ്പിച്ച കപടതയും.
“അല്ലേയ് നിങ്ങള്ക്ക് എന്ത് പറ്റി മനുഷ്യ ഈ നട്ടപാതിരായ്ക്ക് ഒരു കള്ളച്ചിരി.?” “ഒന്നുമില്ലെടീ” അയാൾ പലകുറി ആണയിട്ടു... വിശ്വസിക്കുന്നുണ്ടോ കെട്ടിയോൾ. മഴ ശമിച്ചിട്ടും കെട്ടിയോളുടെ പരിഭവം ശമിച്ചില്ല. വാട്ടുകപ്പ കാന്താരിതിരുമ്മിയതും കൂട്ടി രണ്ടാളും കഴിക്കുമ്പോഴും അവൾ മുഖം ഒരു കൊട്ടക്ക് കനപ്പിച്ചു.
ഒടുവിൽ ഗത്യന്തരമില്ലാതെ അയാൾ അവളെക്കൊണ്ട് ആണ ഇടീപ്പിച്ചു. എല്ലാം ഏറ്റതായി അവൾ സമ്മതിച്ചു.
കുട്ടപ്പൻ നായർ അവസാനം പഴയ ഒരു കഥയുടെ ചുരുൾ നിവർത്തി. ഇതുപോലെ ഒരു മഴക്കാലം താനും ഉറ്റ ചങ്ങാതി പങ്കജാക്ഷനും കൂടി മുച്ചീട്ടുകളിച്ചു കിട്ടിയ പൈസതർക്കത്തിൽ ചിങ്ങവനകാരൻ കരീമിനെ ആറ്റിൽ മുക്കികൊന്ന കഥ. “അന്നയാളുടെ മൂക്കിൽ നിന്നും ഇതുപോലെ വെള്ളെക്കുമിളകൾ പൊങ്ങിയെടീ...”
കെട്ടിയോളുടെ അന്ധാളിപ്പ് കണ്ടു കുട്ടപ്പൻ നായർക്ക് ചിരിയടക്കാൻ സാധിച്ചില്ല. ‘പൊട്ടി ഇവൾ അതങ്ങു വിശ്വസിച്ചല്ലോ ദൈവമേ’ അയാൾ ഊറിച്ചിരിച്ചു.
അവിടുന്ന് രണ്ടു ദിവസം കഴിഞു പോലീസ് ഏമാന്മാർ കയ്യാമം വച്ച് തുറന്ന ജീപ്പിൽ മൂന്നാമുറയ്ക്കു കൊണ്ടുപോയപ്പോൾ മാത്രമാണ് താൻ ചെയ്ത മണ്ടത്തരം അയാൾക്ക് മനസിലായത്.
അംബുജാക്ഷിയോട് എല്ലാ രഹസ്യങ്ങളും പറയാതെ തന്റെ കെട്ടിയോൾക്കു വെള്ളം ഇറങ്ങില്ല എന്ന സത്യം.