"പൊൻകതിർ"
"പൊൻകതിർ"
"ഇങ്ങോട്ടു മാറി നിൽക്കെടീ ഇത്രയും നേരം ഞങ്ങൾ മര്യാദയുടെ ഭാഷയിലാ ചോദിച്ചത് ഇനി അങ്ങോട്ട് അങ്ങനെ ആയിരിക്കില്ല. സത്യം പറയുന്നതാ നിനക്ക് നല്ലത്”. കസ്റ്റംസ് ഓഫീസർ ടിന മറിയം ആക്രോശിച്ചു.
"തമ്പുരാനാണെ എനിക്കൊന്നും അറിയില്ല. ദുബൈയിൽ ഒരു ഇന്റർവ്യൂനു പോയതാണ് ഞാൻ. രേഖകൾ പരിശോധിച്ചാൽ നിങ്ങൾക്ക് മനസിലാവും എൻ്റെ നിരപരാധിത്വം” അവൾ വിറങ്ങലിച്ചു നിന്ന് കണ്ണീർവാർത്തു. തൻ്റെ അവസ്ഥയോർത്തു വിങ്ങിപ്പൊട്ടി മിനി.
"ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ചു കള്ളക്കടത്തിന് കാരിയേഴ്സ് ആകുന്നത് ഇവരെപ്പോലുള്ള ചെറുപ്പക്കാരാണ്. ഇവരാകുമ്പോൾ എന്ത് റിസ്കും എടുത്തോളും ടിക്കറ്റും ടൂറിസ്റ്റ് വിസയും ഒരു ഐ ഫോണിനുള്ള പൈസയും ഒപ്പിച്ചു കൊടുത്താൽ മതി. പിടിച്ചാൽ റിസ്കും തലയിൽ വെച്ചു കെട്ടിയാൽ മതിയല്ലോ." ഓഫീസർ ലീന പോൾ കൂട്ടിച്ചേർത്തു.
സെര്ച്ചിങ്ങും ചോദ്യം ചെയ്യലും ഒക്കെ തകൃതിയായി നടന്നു. ഒരു തുമ്പും കിട്ടിയില്ല എന്ന് മാത്രമല്ല ഒരു തൊണ്ടി മുതലും പിടിച്ചെടുക്കാനും ആയില്ല.
തന്ടെ ജീവിതത്തിലെ ഏറ്റവും ഇരുൾ നിറഞ്ഞ അധ്യായത്തിനു സാക്ഷ്യം വഹിച്ച അവൾ വിങ്ങിപ്പൊട്ടി.
"ഞാൻ അവളുടെ പശ്ചാത്തലം ഒക്കെ നന്നായി അന്വേഷിച്ചു. മാതൃക അധ്യാപകർക്കുള്ള അവാർഡ് വാങ്ങിയവരുടെ മകൾ, പഠനത്തിൽ മികവ് പുലർത്തിയ റാങ്ക് ഹോൾഡർ, സോഷ്യൽ സെർവീസിൽ ഇപ്പഴും
ആക്റ്റീവ് ആയ ജ്വലിക്കുന്ന സ്ത്രീ പക്ഷവാദി. നമുക്ക് തെറ്റായ വിവരം കൈമാറി ആരോ ആ കുടുംബത്തിനെ അവഹേളിക്കാൻ ശ്രമിച്ചാണ്.” ഏറ്റവും സീനിയർ ഓഫീസർ ആശ അൻവർ തന്ടെ നിലപാട് വ്യക്തമാക്കി. “തൊണ്ടിമുതൽ ഒന്നും തന്നെ പിടിച്ചെടുക്കാൻ ഇല്ലാത്ത സ്ഥിതിക്ക് ആ കുട്ടിക്ക് ഇനിയുമധികം മാനസിക സംഘർഷം ഉണ്ടാക്കാതെ വിട്ടയക്കുന്നതാണ് നല്ലത്” അവർ കൂട്ടിച്ചേർത്തു.
എല്ലാ മാർഗനിർദേശങ്ങളും പൂർത്തിയാക്കി അവളെ പോകാൻ അനുവദിച്ചു. വിടുതൽ നടപടിയുടെ കൂടെ സാധാരണ പോലീസുകാരുടെ സ്ഥിരം ഡയലോഗും പാസാക്കാൻ ഇൻവെസ്റ്റിഗേഷൻ ടീം മറന്നില്ല. “മിനി ഒന്നും കാര്യമായി എടുക്കേണ്ട ഇതൊക്കെ ഞങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമാണ്.” അവരുടെ പരിഹാസം നിറഞ്ഞ വാക്കുകൾ അവളെ കൂടുതൽ മുറിവേൽപ്പിച്ചു. “എൻ്റെ തലയിൽ ഇങ്ങനെ എഴുതിയിട്ടുണ്ടെൽ ഞാൻ അത് അനുഭവിക്കേണ്ട അല്ലാതെന്താ?” മിനിയുടെ കറുത്തിരുണ്ട ചുണ്ടുകൾ മറുപടിയായി ഗദ്ഗദപ്പെട്ടു.
തന്ടെ പെട്ടികൾ വാരിക്കെട്ടി വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ വാർന്നൊഴുകുന്നത് ലീന പോൾ ശ്രദ്ധിച്ചു.
നിറഞ്ഞ കണ്ണുകൾ ടിഷ്യു പേപ്പറാൽ തുടച്ചുകൊണ്ടവൾ പറഞ്ഞു ലുലുമാൾ.
റസ്റ്റ് റൂമിൽ കയറി അടിവസ്ത്രത്തിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച സ്വർണ ലേപന കിറ്റുകൾ ഏജന്റിനെ ഏൽപ്പിക്കുമ്പോൾ. അവൾ വീണ്ടും തെളിയിച്ചു ഫീൽഡിൽ തൻ്റെ ഗ്രേഡ് ഒന്നുകൂടി മുകളിൽ ആയെന്നു.