അമർ (Part 7)
അമർ (Part 7)


അമർ | Part 7
രണ്ടുദിവസങ്ങൾക്കുശേഷമുള്ളൊരു സായാഹ്നത്തിൽ അലിയാത്തവിധം മുങ്ങിക്കിടക്കുകയാണ് റോയ്സിന്റെ വലിയ വില്ല. ഒരു പോലീസ് മേധാവി, രണ്ടു മന്ത്രിമാർ, ബിസിനസ്മാൻമാരെന്ന് തോന്നിക്കുന്ന മറ്റ് നാലുപേർ ഹാളിൽ ഒരു നീണ്ടുചെറിയ ടേബിളിന് ഇരുവശങ്ങളിലുമായി ഇരിക്കുകയാണ്. അവർക്ക് അകമ്പടിയെന്നവിധം ടേബിളിൽ ഓരോ ഗ്ലാസ്സിലായി വിവിധതരം മദ്യവും മദ്യക്കുപ്പികളും അനുബന്ധങ്ങളും ഇരിക്കുകയാണ്. ഇവയ്‌ക്കെല്ലാം കാവലെന്നവിധം പുറത്ത് രണ്ടുവണ്ടി ചെറുതും വലുതുമായ ഗുണ്ടകളും നിലകൊള്ളുകയാണ്.
ഇരുകൈകളിലും ഭക്ഷണസാധനങ്ങളുമായി കിച്ചണിൽ നിന്നും ഒരു പ്രായമായ ആൾ എത്തി തന്റെ കൈയ്യിൽ ഉള്ളത് ടേബിളിലേക്ക് മെല്ലെ വെച്ചപ്പോഴേക്കും പുതുമ നഷ്ടമായവിധം റോയ്സ് ഒരു സാധാരണ വേഷത്തിൽ ഹാളിൽ ഏവരുടെയും മുന്നിലേക്ക് എത്തി. അത് ശ്രദ്ദിച്ചെന്നവണ്ണം, കിച്ചണിലേക്ക് തിരികെ പോകുവാൻ തുനിഞ്ഞ മധ്യവയസ്കൻ ഒരു പുതിയ ചെയർ അല്പം മാറിയൊരിടത്ത് കിടന്നിരുന്നത് എടുത്തുകൊടുത്തു തന്റെ യജമാനന്.
“വീട്ടുകാരത്തിയും മോനും എവിടെ?”
റോയ്സ് ചെയറിൽ ഇരുന്നപ്പോഴേക്കും മന്ത്രിമാരിൽ ഒരാൾ തുടക്കമെന്നവണ്ണം ചോദിച്ചു.
“അവളും മോനും അവളുടെ വീട്ടിലാ.
ചിലപ്പോൾ ഒരാഴ്ച കഴിഞ്ഞേ വരൂ.”
ഇങ്ങനെയൊന്നു നിർത്തിയശേഷം ഭാവം അല്പം തണുപ്പിച്ചുകൊണ്ട് റോയ്സ് തുടർന്ന് പൊതുവായി ചോദിച്ചു;
“എന്നാ മടിച്ചു നിൽക്കുന്നത്, തുടങ്ങ്...”
ഏവരും മെല്ലെ തങ്ങളുടെ മുന്നിലായി തുനിഞ്ഞിരിക്കുന്നവയെ വേണ്ടവിധം ഉപയോഗിച്ചുതുടങ്ങി, ഒപ്പം റോയ്സും.
“ആ... പുതിയ... ഇപ്പോഴത്തെ ഇൻസ്‌പെക്ടർ ഇല്ലേ,,
അവനിങ്ങനെ കയറൂരി നടക്കുവാണല്ലോ!”
അത്യാവശ്യം കുശലം പറച്ചിലുകളും മറ്റും കുറച്ചു സമയം അവരുടെ പക്കൽനിന്നും അപഹരിച്ചതോടെ ഒരുനിമിഷം മെല്ലെ ഇങ്ങനെ റോയ്സ് കൈയ്യിലെ ഗ്ലാസിൽ പാതിമദ്യമിരിക്കെ തുടങ്ങി. ഇതുകേട്ട് ഒന്ന് നെറ്റിചുളിച്ചശേഷം സന്നിഹിതനായിരുന്ന മുതിർന്ന പോലീസുദ്യോഗസ്ഥൻ പറഞ്ഞു;
“നമ്മുടെ ഇവിടെ പ്രശ്നങ്ങളാണെന്ന് ഒരു ഖ്യാതി പുറത്തായിട്ടുണ്ട്.
ഒന്നൊതുങ്ങാൻ എന്തെങ്കിലും ഇട്ടില്ലെങ്കിൽ പിന്നെ
നമ്മുടെ സ്വസ്ഥത മുഴുവൻ പോകും.”
തന്റെ കൈയ്യിലിരുന്ന ഗ്ലാസ്സിലെ മദ്യം ഒന്ന് സിപ് ചെയ്ത് ഇങ്ങനെ റോയ്സിനോടായി പറഞ്ഞുനിർത്തിയശേഷം മന്ത്രിമാരെ ഇരുവരേയും നോക്കി അയാൾ തുടർന്നുപറഞ്ഞു;
“അങ്ങനെയല്ലേ...”
ചോദ്യഭാവം ഉൾക്കൊണ്ടെന്നവിധം മന്ത്രിമാരിരൊരാൾ കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ്സ് കാലിയാക്കി മുന്നിലേക്ക് വെച്ചശേഷം റോയ്സിനോടും മറ്റ് ബിസിനസ്മാൻമാരോടുമായി പറഞ്ഞുതുടങ്ങി;
“ഞങ്ങൾക്കവിടെ സ്വസ്ഥമായിട്ടൊന്ന് ഇരിക്കണമെന്ന് അറിയാമല്ലോ...
എന്നുവെച്ച് അതിന് നിങ്ങള് ബുദ്ധിമുട്ടുവൊന്നും വേണ്ട...”
പറഞ്ഞുവന്ന മന്ത്രി പൂർത്തിയാക്കുന്നതിനു മുൻപ് രണ്ടാമത്തെ മന്ത്രി ഉദ്യോഗസ്ഥനോട് പൊതുവായെന്നവിധം ചോദിച്ചു;
“എടോ, നമുക്ക് വല്ലതും ഉടനെ ചെയ്യാൻ പറ്റുമോ?”
ശേഷം അയാൾ തന്റെ കാലിയായിരുന്ന ഗ്ലാസ്സിലേക്ക് കുറച്ചു മദ്യം ഒഴിച്ചശേഷം ഐസ് ക്യൂബ്സ് രണ്ടുമൂന്നെണ്ണം എടുത്തിട്ടു. അപ്പോഴേക്കും മറുപടിയെന്നവിധം യൂണിഫോമിലായിരുന്ന പോലീസുദ്യോഗസ്ഥൻ റോയ്സിനും മന്ത്രിമാർക്കും നേരെയെന്നവിധം അല്പം ചെരിഞ്ഞിരുന്നശേഷം തുടങ്ങി;
“നമ്മുടെ ആൾക്കാർ ഉൾപ്പെടെ എല്ലാവരുമൊന്ന് ഒതുങ്ങി നിൽക്കുവാ.
വേറൊന്നുംകൊണ്ടല്ല, നമ്മുടെതന്നെ രഹസ്യനിർദേശം വെച്ചാ...”
ഒന്നുകൂടി അനങ്ങിയിരുന്ന് അയാൾ തുടർന്നു;
“എല്ലാമൊന്ന് ഒതുങ്ങിയെന്നുവരുമ്പോൾ
പരാതികളും ചിലപ്പുമൊക്കെ കുറയും ഒന്ന്.
അപ്പോൾപിന്നെ പ്രശ്നമൊന്നുമില്ല...”
അപ്പോഴേക്കും ആദ്യം സംസാരിച്ച മന്ത്രി ഇടയ്ക്കുകയറി റോയ്സിനോടായി പറഞ്ഞു;
“നമുക്ക്, അറിയാമല്ലോ... കസേരയെല്ലാം ഭദ്രമായിട്ടിരുന്നാൽ
നമ്മുടെ കാര്യങ്ങളെല്ലാം കൃത്യമായിട്ട് നടക്കും.”
അപ്പോൾ എല്ലാവരെയും മാനിച്ചെന്നവിധവും മറുപടിയാലും തന്റെ കൈയ്യിലിരുന്ന കാലിയായ ഗ്ലാസ് മുന്നിലേക്ക് വെച്ചശേഷം ഒന്നനങ്ങിയിരുന്ന്, ചെറുതായൊന്നു മുരളിയശേഷം റോയ്സ് പറഞ്ഞു;
“എനിക്കൊന്നും അറിയില്ലാത്തോണ്ടല്ല...
നിങ്ങള് നന്നായി ഇരുന്നാലേ എനിക്ക്... ഞങ്ങൾക്ക് നിവരാൻ പറ്റൂ.”
മുന്നോട്ടാഞ്ഞു മദ്യം കുറച്ചു തന്റെ ഗ്ലാസ്സിലേക്ക് ഒഴിച്ച് സോഡ തുറന്ന് അല്പം ഒഴിച്ചശേഷം അതെടുത്ത് പഴയപടിയിരുന്ന് തുടർന്നു, സന്നിഹിതരായിരുന്നവർ മദ്യവും ഭക്ഷണവും മറ്റും മാറി-മാറി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു;
“നമ്മുടെ... സ്വസ്ഥതയ്ക്ക് അവനൊന്ന് ആപ്പ് വെച്ചിരിക്കുവാ.
നമ്മുടെ എല്ലാവരുടെയും സർക്കിളിനുള്ളിൽത്തന്നെ നിന്നുകൊണ്ട്
എന്തെങ്കിലും...”
ഒന്നുനിർത്തി, രണ്ടുനിമിഷം ആലോചിച്ചശേഷം പൊതുവായെന്നവിധം അവൻ തുടർന്നു പറഞ്ഞു;
“ഒന്നൊതുക്കി നിർത്തിയാൽ മതി... വേറെ പ്രശ്നമൊന്നുമില്ല.
ഇവനൊക്കെയല്ലല്ലോ നമ്മുടെയൊക്കെ കാര്യം!”
തങ്ങളുടെ പ്രവർത്തികൾ തുടരവേ എല്ലാവർക്കും ഈ വാചകങ്ങൾ കണക്കിലെടുക്കേണ്ടതായിവന്നവിധം ഭാവഭേദങ്ങൾ, ഏവരും ആനിമിഷം സാവധാനം പുറപ്പെടുവിച്ചു. തന്റെ ഗ്ലാസിൽ നിന്നും മദ്യം രണ്ടുസിപ്പിലധികം ഒരുമിച്ച് കുടിച്ചിറക്കിയശേഷം റോയ്സ് ഏവർക്കും മുന്നിലൊരു ചോദ്യമായി നിലകൊണ്ടു.
“ഒതുക്കുന്ന കാര്യമോർത്തങ്ങ് ബേജാറാകുവൊന്നും വേണ്ട.
വേണ്ടതുപോലെ ഞാൻ ചെയ്യുന്നുണ്ട്...”
അല്പം ദൃഢതയോടെ, എന്നാൽ പഴയപടിതന്നെ ഒന്ന് നിവർന്നിരുന്നുകൊണ്ട് പോലീസ് ഉദ്യോഗസ്ഥൻ പൊതുവായി തുടങ്ങി.
“നമ്മുടെ ഭാഗത്തുനിന്നും വേണ്ടത് ഉണ്ടാകുമെന്ന്
പ്രത്യേകം പറയേണ്ടല്ലോ അല്ലേ...”
പാതി പൂസായെന്നവിധം ഒരു മന്ത്രി മറ്റേ മന്ത്രിയെക്കൂടി തന്നോടുചേർത്ത് പരിഗണിച്ചെന്നവിധം പൊതുവായി കൂട്ടിച്ചേർത്തു.
“പിന്നെ ഞങ്ങളെന്താ വെറുതെയാ...”
മറ്റ് ബിസിനസ്മാൻമാരും വിട്ടുകൊടുക്കാതെ ഒപ്പം കൂട്ടിച്ചേർത്തു, ഏവരെയും പരിഗണിച്ച്. ഇത്രയും സമയം അവർ ഒന്നും ഉച്ചത്തിൽ സംസാരിച്ചിരുന്നില്ല.
“ഏയ്... റോയ്സ്... നിങ്ങള് ഒട്ടും ടെൻഷനാകേണ്ട.
എല്ലാം നമ്മുടെ കൈയ്യിൽത്തന്നെയാ! വേണ്ടതും ചെയ്യുന്നുണ്ട്...”
ഒരിക്കൽക്കൂടി രംഗം ക്ലോസ് ചെയ്ത് ഓപ്പൺ ചെയ്യുംവിധം, മദ്യലഹരി ആക്രമിച്ചുതുടങ്ങിയെന്നവിധം റോയ്‌സിന് നേരെ ഒന്നെണീറ്റുനിന്ന് ഇരുകൈകളും ബെൽറ്റിൽപിടിച്ച് പാന്റ് നേരെയാക്കിക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞുറപ്പിച്ചു.
മന്ദഹസിച്ച്, ഇരിക്കുവാനാരാഞ്ഞു റോയ്സ് ഒന്നുനിവർന്നിരുന്നു. മറ്റുള്ളവർ തങ്ങൾ തുടർന്നുവന്ന പ്രവർത്തനങ്ങൾ തുടരുന്ന തിരക്കിലായിരുന്നു. ‘ബാക്കിയുള്ള ആളുകളെയും ചേർത്ത് കാര്യമായൊന്ന് അടുത്തദിവസംതന്നെ കൂടണം’ എന്ന് ഇത്തവണത്തെ ലഹരിയുടെ ആധിക്യത്തിൽ പൊതുവായൊരു ആഗ്രഹം ഉയർന്നുകൊണ്ടിരുന്നു ഇവർക്കിടയിൽ. അടുത്തസെറ്റ് മദ്യക്കുപ്പികളും ഭക്ഷണപദാർത്ഥങ്ങളും എത്തിക്കുവാൻ, ഏകദേശം പൂർണ്ണമായും നഗ്നമാക്കപ്പെട്ട ഗ്ലാസുകളും കുപ്പികളും മറ്റുള്ളവയും പരിഗണിച്ചെന്നവിധം റോയ്സ് കിച്ചണിലേക്ക് ശബ്ദമുയർത്തി വിളിച്ചുപറഞ്ഞു. ഈ സമയം പുറത്ത് വാഹനങ്ങളിലിരുന്ന ഗുണ്ടകൾക്ക് ഭക്ഷണവും മദ്യവും എത്തിപ്പെട്ടിരുന്നു. ഏവരും പതിവുപോലെ ലഹരിയിലേക്ക് ഐസ് ക്യൂബസ് പോലെ ലയിച്ചു ചേർന്നിരുന്നു.
******
സായാഹ്നം അതിന്റെ ജോലിപൂർത്തിയാക്കി പോയിക്കഴിഞ്ഞിരുന്നു. സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ കഴിഞ്ഞിരുന്നില്ല, അമറിന്റെ പ്രകടനത്തിന്റെ. പോലീസ് സ്റ്റേഷന്റെ പരിസരത്തുനിന്നും ഒരുമിച്ചെന്നവിധം വനിതാപോലീസുകാരികളിൽ ഒരാളുടെ അകമ്പടിയോടെ ജീന, വിഷമഭാവത്തോടെ സ്റ്റേഷനിൽ അമറിനടുത്തേക്ക് വന്നു. അവൻ ഒറ്റയ്ക്ക് ചില ഫയലുകൾ ധൃതിയിൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു, ചില കോൺസ്റ്റബിളുമാർ ചോദ്യവും-പറച്ചിലുകളുമായി തന്റെ അടുത്തേക്ക് വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ. സ്റ്റേഷനാകെ പതിവുപോലെ തിരക്കിലായിരുന്നു.
“സർ, അന്നത്തെ ആ അവന്മാര്...
വീണ്ടും ഭയങ്കര ശല്യമാണെന്നാ പറയുന്നത്...!”
പോലീസുകാരി മുഖവുരയെന്നവിധം അമറിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പറഞ്ഞു. ‘എന്താണ്’ എന്ന വ്യാജേനയുള്ള മുഖഭാവം തന്റെ വാർത്തമാനസമയ ജോലിയെ പിന്തള്ളി അമർ ജീനയോട് പ്രകടമാക്കി.
“അന്നത്തെ ആ സംഭവത്തിനുശേഷം ഒരുമാസം വലിയ കുഴപ്പമില്ലായിരുന്നു.
പിന്നെ ഒന്നായി... രണ്ടായി... ഇപ്പോൾ തീർത്തും ബുദ്ധിമുട്ടാണ് സർ.”
താൻ തീർത്തും ഈ സംഭവത്താൽ അവശയായി എന്നഭാവത്തിൽ ജീന തന്റെ പരാതി ബോധിപ്പിച്ചു. ഇതുകേട്ടശേഷം ഒരുനിമിഷം, കണ്ണുകൾ ഇറുക്കിയടച്ച് തലകുനിച്ചശേഷം അമർ ധൃതിയിൽ പോലീസുകാരിയോട് പറഞ്ഞു;
“ഒരു കംപ്ലയിന്റ് എഴുതി വാങ്ങിച്ചിട്ട് ഇവരെ ഇവരെ വീട്ടിലാക്കണം.
പറ്റില്ലേ...?”
ഇതോടൊപ്പം പാതി യൂണീഫോമിൽ കൈമടക്കിവെച്ച കറുത്ത ഷർട്ടിലായിരുന്ന അമർ താൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു.
“ശരി സർ.”
‘പറ്റും’ എന്നഭാവത്തിൽ തലയാട്ടിക്കൊണ്ട് പോലീസുകാരി ദൃഢമായി മറുപടി നൽകി.
“തല്ക്കാലം ഇവര് പറയുന്നതുപോലെ ചെയ്യ്.
ബാക്കി ഞാൻ നോക്കിക്കൊള്ളാം...”
അടുത്ത നിമിഷത്തിൽ ജീനയെ നോക്കി അമറിങ്ങനെ പറഞ്ഞു, ധൃതിവിടാതെ.
ജീന സമ്മതം ഭാവിച്ചതും അവരിരുവരെയും മറികടന്ന് അമർ അല്പം ഉച്ചത്തിൽ ‘പ്രവീൺ’ എന്ന് വിളിച്ചു, പൊതുവായെന്നവിധം. അവൻ ഓടിയെത്തി, താൻ ചെയ്തിരുന്ന പണിയിൽനിന്നും.
“ആ പബ്ബ് ലോക്ക് ചെയ്തുവെച്ചേക്കാൻ പറഞ്ഞത്
ചെയ്തോ?”
അല്പം ശബ്ദം താഴ്ത്തി അമർ ഇങ്ങനെ പ്രവീണിനോട് അന്വേഷിച്ചു.
“സർ ആ സ്ഥലം എനിക്കറിയാം.
പക്ഷെ...”
എന്തോ തുടർന്നുപറയുവാൻ തുനിഞ്ഞ പ്രവീണിനെ കേറിപ്പറഞ്ഞു ഉടനടി അമർ;
“വേഗം അങ്ങോട്ട് വണ്ടിയെടുക്ക്...”
ഇതുപറഞ്ഞു ബൊലേറോ ലക്ഷ്യമാക്കിയെന്നവിധം അമർ സ്റ്റേഷനിൽനിന്നും ഇറങ്ങി. ഒരുനിമിഷം തന്റെ അവസ്ഥയിൽ അമാന്തിച്ചശേഷം ഫുൾ യൂണിഫോമിലായിരുന്ന പ്രവീൺ പിറകെ ഓടിച്ചെന്ന് വണ്ടിയിൽ കയറി. സ്റ്റാർട്ട് ചെയ്തപ്പോഴേക്കും മുന്നിലെ പാസഞ്ചർ സൈഡിലെ സീറ്റിൽ അമർ തന്റെ ഇരിപ്പ് ഭദ്രമാക്കിയിരുന്നു. ഒരുനിമിഷം, അനക്കമില്ലാതെ നേരെ നിശ്ചയദാർഢ്യത്തോടെ ഇരിക്കുന്ന അമറിനെ ഒന്നുനോക്കിയശേഷം പ്രവീൺ വേഗത്തിൽ വണ്ടിയെടുത്തുപോയി.
“സാർ... എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്...
പക്ഷെ ഞാനെന്താ പറയുക ഇപ്പോൾ...!?”
വാഹനം പബ്ബിലേക്ക് കുതിക്കുന്നതിനിടയിൽ കുറച്ചുസമയത്തെ നിശബ്ദതയ്ക്കുശേഷം പ്രവീൺ അമറിനോട് ചോദിച്ചു. രണ്ടുനിമിഷം പഴയപടി ഇരിപ്പുതുടർന്നശേഷം അമർ മറുപടിയെന്നവിധം പറഞ്ഞു;
“നമ്മളെ പറഞ്ഞുവിട്ടവന്മാർക്ക് നമ്മളെയുൾപ്പെടെ ആരെയും വേണ്ട.
നമുക്കങ്ങനെ എത്രത്തോളം ചെയ്യാൻ പറ്റും!?”
തന്റെ ഇരിപ്പിൽ അനക്കംകൂടാതെയുള്ള അമറിന്റെ ഈ വാചകങ്ങൾക്ക് പ്രവീണിന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരത്തിനുതകുന്നവയായിരുന്നു. അതിന്റെ ഭാരത്തിൽ പ്രവീൺ തുടർന്നപ്പോഴേക്കും അമറിങ്ങനെ കൂട്ടിച്ചേർത്തു, പഴയപടി;
“തല്കാലത്തേക്ക്...ഇതൊക്കെയേ...പറ്റൂ...”
പിന്നീട് ഇരുവരും നിശബ്ദരായിരുന്നു. തെല്ലു താമസിച്ചില്ല, വാഹനം പബ്ബിലേക്ക് എത്തി. പാർക്ക് ചെയ്ത പോലീസ് വാഹനത്തെ കൂടാതെ വെളിച്ചവർണ്ണങ്ങളാൽ അലംകൃതമായ പബ്ബിന് പരിസരത്തെ ‘ചെറുതും-വലുതുമായ’ ആളുകൾ തങ്ങളുടെ ലഹരികളിൽ തുടർന്നു. ഇതൊന്നും വകവെക്കാതെ വാഹനത്തിൽനിന്നും ഇരുവരും പുറത്തിറങ്ങി ഒരുമിച്ചു. തനിക്ക് പറയാനുള്ളത് ഉള്ളിലൊതുക്കി പ്രവീൺ തന്റെ അധികാരിയെ ഒന്നുനോക്കിപ്പോയി. ആ പ്രക്രിയ തിരിച്ചും അമർ പ്രയോഗിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും വാചകങ്ങളുമെല്ലാം ഇരുവരുടെയും പരസ്പരമുള്ള ആ നോട്ടത്തിലുണ്ടായിരുന്നു.
തന്നോടൊപ്പം മുന്നോട്ട് നടക്കുവാനാഞ്ഞ പ്രവീണിനെ തടഞ്ഞുകൊണ്ട് അമർ പറഞ്ഞു;
“വണ്ടിയിൽ തോക്കുണ്ട്...
പിന്നെ, ഇവിടെ നിന്നാൽ മതി.”
ഇതുവരെയുള്ള പരിചയവും അറിവും വെച്ച് ഒരുപാടുള്ളത് ഒരുമിപ്പിച്ചിങ്ങനെ അമർ പറയുന്നത് ധാരാളമായിരുന്നു കോൺസ്റ്റബിൾ പ്രവീണിന്.
പബ്ബിലേക്ക് കയറിച്ചെന്ന അമറിനെ കാവൽനിന്നിരുന്ന രണ്ടുപേർ തടഞ്ഞു. ഉടനടിതന്നെ അവനെ തിരിച്ചറിഞ്ഞെന്നവിധം ഒരാൾ തന്റെ മൊബൈലെടുത്ത് ഒരു നമ്പറിൽ ഡയൽ ചെയ്തതോടൊപ്പം ഇരുകാവൽക്കാരും പരസ്പരമുള്ള ഭാവബന്ധത്തിനൊടുവിൽ അവനെ അകത്തേക്ക് കടത്തി. കയറിയ ഉടൻ വാതിൽ പുറത്തുനിന്നും അടഞ്ഞു. ഇരുകൈകളും അരയ്ക്കുകൊടുത്ത് അമർ ആകെയൊന്ന് നോക്കി -വലിയ ശബ്ദത്തിൽ പാട്ട് തകർക്കുകയാണ്, കൂടെ ആടി ഒരുപാട് ആളുകൾ -ചലിക്കുന്ന വർണ്ണപ്രകാശശബളങ്ങളാൽ മാത്രം എന്നാൽ പാതിയിലധികം ഇരുട്ടിലും വലിയ ഹാൾ -പബ്ബിനകം. തന്റെ അങ്ങേതലയ്ക്കായി ഇതിനെല്ലാം ഓരോവിധത്തിൽ നേതൃത്വം കൊടുക്കുന്നവർ നിലകൊള്ളുകയാണ്. അവിടേക്ക് അമർ തന്റെ ലക്ഷ്യം ഉറപ്പിച്ചു. ഒരുചുവട് അവൻ മുന്നോട്ടുവെച്ചപ്പോഴേക്കും ലഹരിയുടെ പിൻബലത്തോടെ, അന്ന് ശല്യം ചെയ്തവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു യുവാവ് എങ്ങുനിന്നോ പെട്ടെന്നെത്തി അടുത്തുകൂടി പറഞ്ഞു, പബ്ബിന്റെ അന്തരീക്ഷത്തെ കടത്തി;
“ഏറ്റവും മുന്നില് ഞങ്ങളുടെ നേതാവുണ്ടാകും.
പറ്റുമെങ്കിൽ പോയി പിടിച്ചോ...”
അവനിത് പറഞ്ഞുതീർത്തതും അമറിന്റെ പുറത്തിനുതാഴെ ആരോ മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ചെന്നവിധം പൂളി.
(തുടരും......)