Jyothi Kamalam

Drama Fantasy Inspirational

4.0  

Jyothi Kamalam

Drama Fantasy Inspirational

പീതാംബരം

പീതാംബരം

2 mins
233


കുട്ടികളെ അമ്പലക്കുളത്തിൽ കിറുങ്ങാ കുളിപ്പിക്കാൻ വിദഗ്ധയായിരുന്നു തെക്കേലമ്മ. വല്ലപ്പോഴും ഉത്സവത്തിനോ മറ്റോ വീട്ടുകാർ എല്ലാവരുമൊക്കെ ഒത്തുകൂടുന്ന അവസരത്തിൽ അവർ അതീവസന്തോഷവതിയായി കാണപ്പെട്ടു. മക്കളുടെ സ്കൂൾ പഠനകാലത്തുതന്നെ തളർവാതം പിടിപെട്ടു കിടപ്പിലായ ഭർത്താവിനെ പരിചരിക്കുന്നതിൽ അവർ ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല.

പണ്ടേ അഭിമാനിയായിരുന്ന അവർ ഇല്ലായ്മ ഒന്നും തന്നെ പുറമെ അറിയിക്കുകയോ കാണിക്കുകയോ ചെയ്തിരുന്നില്ല. തൊടിയിലെ കായ്കറികളിൽ നിന്നുള്ള വരുമാനവും ഒക്കെയായി തപ്പിത്തടഞ്ഞു പോകുമ്പോഴും വർഷത്തിൽ ഒന്നോരണ്ടോ തവണ വന്നു പോകാറുള്ള മക്കൾക്കു വഴിച്ചിലവ് വരെ കൊടുത്തുവിടാറുണ്ടായിരുന്നു അവർ.

അയലത്തുവീട്ടിലെ കുസൃതിക്കുറുമ്പിയായ ലീലയും ബാലുവും ശങ്കരനും ഒക്കെ ചേർന്നാൽ പിന്നെ തെക്കേലമ്മയ്ക്കു പിടിപ്പതു പണിയായി. പിള്ളാരേം കൂട്ടി അമ്പലക്കുളത്തിൽ പോയൊരു കുളിയുണ്ട്. വീട്ടിൽ മറപ്പുരയിൽ കിട്ടാത്ത ആനന്ദമാണ് കുട്ടികൾക്ക് എന്ന് പറയേണ്ടതില്ല. അധികം ആഴമില്ലാത്തതിനാൽ തെളിനീരിൽ കുഞ്ഞു പരൽമീനെ പിടിക്കാം എന്നതാണ് ഏറ്റവും സന്തോഷം. ചുട്ടിത്തോർത്തു വട്ടം പിടിച് അതിൽ സോപ്പ് കുമിളകൾ തേമ്പി പരല്മീനെ കുപ്പിയിലാക്കുന്നത് മഹാ വിനോദം. മൂവരെയും കുളത്തിൽ നിന്നും കരകേറ്റാനാണ് പിന്നെ പ്രയാസം. ഒരു ഭഗീരഥപ്രയത്നം നടത്തി മൂവരേം വീട്ടിലേക്കു പറഞ്ഞയച്ചശേഷം തെക്കേലമ്മയുടെ മുങ്ങിക്കുളി ഊഴം ആണ്. ഇടിച്ചുപിഴിഞ്ഞുവച്ച തുണിക്കുത്തുകൾ എടുക്കുന്ന കൂട്ടത്തിൽ ആണ് എന്തോ ഒന്ന് മിന്നിത്തിളയ്ക്കുന്നതു കണ്ണിൽ പെട്ടത്. നെറ്റിചുളിച്ചു കൈവെള്ളയിൽ കോരിയെടുത്തപ്പോഴാണ് മനസിലായത് നാലഞ്ച് പവൻ വരുന്ന പൊന്നിൻ പണ്ടം.

തളർന്നു കിടക്കുന്ന ഗോവിന്ദൻ മാരാരുടെ കോടിയ മുഖം, കഴുത്തിൽ കാലിച്ചരടുമായി നിൽക്കുന്ന മകളുടെ ദൈന്യത. ഒരുവേള മനസുകൊണ്ടു തെറ്റുചെയ്‌തെന്ന കുറ്റബോധത്താൽ അവർ ഉറക്കെ നിലവിളിച്ചു. “എൻ്റെ മാധവാ പൊറുത്തു തരണേ.” അവർ മനസ്സിൽ തേങ്ങി. പിന്നെ ഈറനോടെ അവിടെത്തന്നെ നിലയുറപ്പിച്ചു.

തൃസന്ധ്യയുടെ വരവറിയിച്ചു കുളക്കോഴികൾ പ്രാകിത്തുടങ്ങി, കാക്കക്കൂട്ടം കലപില പാടിത്തുടങ്ങി, അപ്പോഴതാ ദൂരെ നിന്നും ആർത്തലച്ചു കലങ്ങിയ കണ്ണുകളുമായി ഒരു സ്ത്രീ ഓടിവരുന്നു. അവർക്കു തമ്മിൽ പരിചയം ഇല്ലായിരുന്നെങ്കിലും ചെമ്മത്തിൽ വീട്ടിലെ താമസക്കാരെപ്പറ്റി കേട്ടിട്ടുണ്ട്. നഷ്ടപ്പെട്ടെന്നുറച്ച പണ്ടം വീണ്ടു കിട്ടിയ ആനന്ദത്താൽ നിറഞ്ഞ കണ്ണുകളുമായി പറയാവുന്ന നന്ദി മുഴുവൻ അർപ്പിച്ചു അവർ കടന്നു പോയി.

വീടുറങ്ങി തുടങ്ങിയ ഒരു ദിവസം ഒരു അരണ്ട വെളിച്ചത്തിൽ അയാൾ കടന്നു വന്നു- കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്റെ അമ്മയുടെ പണ്ടം തിരിച്ചു ഏല്പിച്ച അമ്മയെ കാണാൻ വന്നതാണെന്നും 'അമ്മ കൊടുത്തുവിട്ട സഞ്ചി ഇവിടെ ഏൽപ്പിക്കുന്നു എന്നും അയാൾ പറഞ്ഞു. പലകുറി നിരാകരിച്ചെങ്കിലും ആ സ്നേഹത്തിനു മുൻപിൽ മറുത്തൊന്നും പറയാൻ ആയമ്മക്ക് സാധിച്ചില്ല.

അച്ഛന്റെ നെറുകയിൽ തൊട്ടുതലോടി അയാൾ പടിയിറങ്ങി പോകുമ്പോൾ ആളിക്കെടാറായ നിലവിളക്കു പതിവിലും പ്രകാശപൂരിതമായി കത്തുന്നുണ്ടായിരുന്നു.

കൊടുത്തുവിട്ട സഞ്ചിയിലെ സ്വർണ്ണപ്പൊതിക്കെട്ടു അവരെ അത്ഭുതസ്തബ്ധയാക്കി. 

പിറ്റേന്ന് ഉണർന്ന പ്രഭാതത്തിൽ തളർവാതം പിടിപെട്ടു കാലങ്ങളായി ശയ്യാവലംബിയായിരുന്ന അദ്ദേഹം പരസഹായമില്ലാതെ കട്ടിലിൻ തലപ്പത്തു ചാരിയിരുന്നു തന്നെ നോക്കി മന്ദസ്മിതം പൊഴിക്കുന്നതാണ് അവർക്കു കാണാൻ സാധിച്ചത്.

ചെമ്മത്തിൽ വീട്ടിൽ അന്വേഷിച്ചപ്പോൾ അവർക്കു അങ്ങനെയൊരു മകനോ പരിചയക്കാരനോ ഇല്ലെന്നായിരുന്നു മറുപടി. “എൻ്റെ മാധവാ” അവർ പിന്നെയും തേങ്ങി.


Rate this content
Log in

Similar malayalam story from Drama