Hibon Chacko

Romance Crime Thriller

2.0  

Hibon Chacko

Romance Crime Thriller

അന്വേഷകൻ (ഭാഗം---7)

അന്വേഷകൻ (ഭാഗം---7)

12 mins
361


അവൻ ഒരു നിമിഷം ഡി.ഐ.ജി. യോട് പറഞ്ഞു. ഒരു നിമിഷം നിശബ്ദനായ ശേഷം അയാൾ പറഞ്ഞു; 

“ഒന്നൊഴിഞ്ഞില്ല... ഇത് ശരിയായൊരു പോക്കല്ല, കാര്യങ്ങൾ അറിഞ്ഞിട്ട് ഞാൻ വിളിച്ചേക്കാം നിന്നെ.” 


 മറുപടിയായി, അർത്ഥമില്ലാതെ ഒന്ന്‌ തലയാട്ടിയ ശേഷം അവൻ അവിടെ നിന്നും വേഗത്തിലിറങ്ങി, വന്നതു പോലെ ഏവരെയും ഭേദിച്ച് തന്റെ താറിൽ കയറി വേഗത്തിൽ ഓടിച്ചു പോയി. 


23 


രാത്രിയെ പുൽകുവാൻ മടിച്ചെന്ന വിധം മാനം ചെമന്നു നിലകൊള്ളുകയാണ്. പോലീസ് ക്ലബ്ബിലെ റൂമിൽ തനിച്ചു ഒരു ചെയറിൽ ചിന്തകളിൽ മുഴുകി ഇരിക്കുകയായിരുന്നു ബഞ്ചമിൻ. പെട്ടെന്ന് അവിടേക്ക് ഡി.ഐ.ജി.യും എസ്. പി. ബിജോയിയും എത്തി. ബഞ്ചമിന്റെ ഇരിപ്പ് ശ്രദ്ധിച്ച അവരുടെ പ്രാഥമിക ഭാവം ദേഷ്യമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഇരുവരുടെയും മുഖഭാവങ്ങൾ മാറി, ഡി. ഐ. ജി. തുടങ്ങി; 


“കൊണ്ടു വന്നവരെ മുഴുവൻ ചോദ്യം ചെയ്തു കഴിഞ്ഞു. കുറച്ചു ദിവസം തള്ളിനീക്കാം എന്നതല്ലാതെ മറ്റൊരു പ്രയോജനവും ഇതു കൊണ്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല!” 

ഒന്നു നിർത്തി, തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ബഞ്ചമിനെ നോക്കിത്തന്നെ അയാൾ തുടർന്നു; 

“എനിക്കാണേൽ ദേഷ്യം വന്നിട്ട് വയ്യ!” 


അപ്പോഴേക്കും ബിജോയ്‌ സംസാരിച്ച് തുടങ്ങി; 

“നമ്മള് കൊല്ലിച്ചിട്ട് പ്രതിയെ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പോലെയാ എല്ലാവരുടെയും ഭാവം! ചെയ്യുന്നത് കാക്കിപ്പണിയാണെന്ന് നന്നായി അറിയാമെങ്കിലും ചില നേരത്ത്...” 

നിർത്തി, പല്ലിറുമ്മി അവൻ തുടർന്നു; 

“... ചൊറിഞ്ഞിങ്ങു വരും!” 


അപ്പോഴേക്കും ഡി.ഐ.ജി. തുടങ്ങി; 

“ബഞ്ചമിൻ, നിനക്ക് ഒന്നു വന്ന് കൂടിക്കൂടെ... തിരിച്ചു വരാൻ ഫോർമാലിറ്റികളുടെ ആവശ്യമില്ല ഈ സാഹചര്യത്തിൽ!” 

ഇത്രയും കേട്ടതോടെ ബിജോയ്‌ തന്റെ കണ്ണുകൾ ബഞ്ചമിന് നേർക്കാക്കി. 

“എനിക്ക്... തല്ക്കാലം... തിരിച്ചു വരാൻ സാധിക്കാത്തൊരവസ്ഥയാണ്. 

എങ്ങനെ... നിങ്ങളെ ഇത് പറഞ്ഞു മനസ്സിലാക്കിക്കും എന്നെനിക്കറിയില്ല...” 


വളരെ സാവധാനം തുടങ്ങി, ഇങ്ങനെ ബഞ്ചമിൻ തന്റെ മറുപടി അവസാനിപ്പിച്ചു. ഡി.ഐ.ജി. എന്തോ പറയുവാൻ തുടങ്ങുന്നതിനു മുന്പേ ബിജോയ്‌ ഇടയിൽ കയറി പറഞ്ഞു; 

“എടാ, വിട്ട് കള നീ. ഞങ്ങള്... ആകെ ഭ്രാന്ത് പിടിച്ചിരിക്കുവാ. എന്താ പറയുന്നത്, എന്താ കേൾക്കുന്നത്...? അങ്ങനെ ഒന്നും, എല്ലാ ഐഡിയകളും പോയി തുടങ്ങി.” 


ഇത്രയും അവൻ പറഞ്ഞു തീർത്തപ്പോഴേക്കും ഡി.ഐ.ജി. അവിടെ ടേബിളിൽ ഇരുന്നിരുന്ന ജെഗ്ഗിൽ നിന്നും ഒരു ഗ്ലാസ്‌ നിറയെ വെള്ളമെടുത്ത് വേഗത്തിൽ കുടിച്ചു തീർത്തു. മറുപടിയൊന്നും പറയാതെ, പുതിയൊരു വഴിയിലൂടെയെന്ന കണക്കെ ബഞ്ചമിൻ ചിന്തിച്ചിരുന്നു തുടങ്ങി. ഡി.ഐ.ജി.യെ തേടി ഒരു പോലീസുകാരൻ കുറച്ചു ഫയലുകളുമായി അപ്പോളേക്കും എത്തി. ബിജോയ്‌ തന്റെ മൊബൈൽ എടുത്ത് അതിൽ കാര്യമായി എന്തൊക്കെയോ ചെയ്തു തുടങ്ങി. ഫയലുകൾ വേഗത്തിൽ നോക്കിയ ശേഷം ചില പേപ്പറുകളിൽ ഡി.ഐ.ജി. ഒപ്പിട്ടു നൽകി. ഫയലുകൾ പഴയപടി അടച്ചു ഭദ്രമാക്കി പോലീസുകാരന് ഡി.ഐ.ജി. തിരികെ നൽകിയപ്പോഴേക്കും ബഞ്ചമിൻ ശബ്ദിച്ചു; 


“നിങ്ങൾ വിളിച്ചപ്പോൾ ഞാൻ വന്നത്... എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയുവാനാണ്.” 

ബിജോയ്‌ തന്റെ മൊബൈൽ അടച്ച് ടേബിളിൽ വെച്ചപ്പോഴേക്കും ബഞ്ചമിൻ തുടർന്നു; 

“ഇതിപ്പോൾ... ഇവാനിയാസ് കോളേജിൽ നിന്നും രണ്ടാമത്തെ പെൺകുട്ടിയാണ് കൊല്ലപ്പെടുന്നത്! അതും... സമാനമായ സാഹചര്യത്തിൽ... ആദ്യമൊരു എമിലി, പിന്നെയിപ്പോൾ ജീന... 

പ്രായവും ഏകദേശം സമം!” 


ഡി.ഐ.ജി. അവനടുത്തേക്ക് അല്പംകൂടി ചുവടുവെച്ചു വന്നു. 

“നിങ്ങൾ ഒരുപക്ഷെ, ഞാനീ പറയുന്നവയിലൂടെ മുൻപ് പലപ്പോഴായും കടന്നു പോയിട്ടുണ്ടാകാം! എങ്കിലും, മറ്റൊരു അന്വേഷകൻ ആയി ഞാൻ സഞ്ചരിക്കുന്ന വഴികളിലെ ചില ഏടുകൾ... അതിപ്പോൾ..., കേൾക്കുക... 

എക്‌സാക്ട് ഒരു പോലീസ് ബുദ്ധിയല്ല. മറിച്ച്... ചില... ലക്ഷ്യത്തിലെത്തുവാൻ ഉതകാത്ത സൈൻബോർഡുകൾ പോലെ! 

മുൻപ്, ഇതു പോലെ ഞാൻ സംസാരിച്ചിട്ടുണ്ട്,” 


സമയമെടുത്ത് ഇത്രയും പറഞ്ഞ്, അവസാനവാചകം ഡി. ഐ. ജി യെ നോക്കി പറഞ്ഞശേഷം ബഞ്ചമിൻ നിർത്തി. അടുത്തനിമിഷം ബിജോയിയെ ഒരു നിമിഷം കണ്ണോടിച്ച ശേഷം അവൻ തുടർന്നു; 

“കാര്യമായ തെളിവുകൾ അന്നും ഇപ്പോഴും ലഭിച്ചിട്ടില്ല എന്നത്, ഒരു ‘കുറ്റാന്വേഷണം’ എന്നതിനും അപ്പുറത്തേക്ക് ഒരു പക്ഷെ നമ്മൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നതിനൊരു തെളിവാണ്. രണ്ടാമത്തെ ഈ കൊലപാതക ശേഷം ഞാനൊരുപാട് ചിന്തിച്ചതിൽ നിന്നും 

എനിക്ക് തോന്നിയതാണിത്... പക്ഷെ, പറഞ്ഞല്ലോ... ഇതെല്ലാം, 

തുടക്കവും ഒടുക്കവുമില്ലാതെ എന്നിൽ നിർബന്ധിതമായി ഉടലെടുക്കുന്ന ചിന്തകളാണ്.” 


മറ്റെന്തൊക്കെയോ കൂട്ടിച്ചേർക്കുവാൻ തക്കവിധം ഇങ്ങനെ തുടർന്നു വന്ന ബഞ്ചമിൻ പക്ഷെ ഇത്രയും കൊണ്ട് നിർത്തി. ബിജോയിയും ഡി.ഐ.ജി. യും വളരെ സാധാരണമായ ഒരു നിരാശ പ്രകടമാക്കി നിന്നു. 

“തത്കാലം... എനിക്കല്പം സമയം താ, നിങ്ങളുടെ വഴിക്കു തന്നെ കാര്യങ്ങൾ ഔദ്യോഗികമായി നടക്കട്ടെ! ഇതിപ്പോൾ... ഈ അവസരത്തിൽ ഇനി അധികം സംസാരിച്ചതു കൊണ്ട് പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. സത്യം പറഞ്ഞാൽ, എന്താണിപ്പോൾ പറയേണ്ടത് എന്നു പോലും എനിക്ക് വലിയ നിശ്ചയമില്ല.” 


ഒന്നു നിർത്തി, തന്റെ ചെയറിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവൻ തുടർന്നു; 

“പ്രാഥമികമായ കാര്യങ്ങളിൽ വരെ ഞാൻ എന്ന ബഞ്ചമിൻ ഉദാസീനനാണ് എന്നുള്ളൊരു പരാതി സത്യമായി എന്റെ മുൻപിൽ 

ഉയർന്നു നിൽക്കുകയാണ്... അതിനെ നേരിട്ട ശേഷമേ, യൂണിഫോം ധരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാൻ വരെ സാധിക്കൂ!” 

ഇത്രയും കൊണ്ട് നിർത്തി, ഡി.ഐ.ജി.യുടെ കൈകളിൽ പിടിച്ച ശേഷം അവൻ തുടർന്നു പറഞ്ഞു; 

“എനിക്കല്പംകൂടി സമയം താ... എന്നെത്തന്നെ കണ്ടെത്തുവാനുള്ള അന്വേഷണത്തിലാണ് ഞാൻ... ഒരു അന്വേഷകൻ!” 


വൈകാരികത കലർന്ന ഈ വാചകങ്ങൾ കേട്ടപാടെ ബിജോയ്‌ വേഗത്തിൽ അവന്റെ തോളിലൊന്നടിച്ച ശേഷം പറഞ്ഞു; 

“നിന്നെ ഞങ്ങൾക്കറിയില്ലേ..., എന്തുവാടാ...!” 


ആശ്വാസം കലർത്തിയുള്ള ഈ വാചകങ്ങളോട് കിടപിടിക്കും വിധം ഡി.ഐ.ജി. തന്റെ കൈകൾ ബഞ്ചമിന്റെ കൈകളുമായി പിണച്ച ശേഷം സമ്മതഭാവം പ്രകടമാക്കി. മറുപടിയായി ഒന്നും സംഭവിച്ചില്ല, പോലീസ് ക്ലബ്ബിൽ നിന്നും ഇരുട്ടു പരന്നു തുടങ്ങിയിരുന്ന അന്തരീക്ഷത്തിൽ ബഞ്ചമിൻ ഇറങ്ങി നടന്നു- തന്റെ താർ ലക്ഷ്യം വെച്ച്. 


24 


സായാഹ്നത്തെ പേറി, അലിഞ്ഞു പരന്ന ചുവപ്പുനിറവുമായി സൂര്യൻ മറയുവാൻ ശ്രമം നടത്തി വരികയാണ്. ആർത്തിരമ്പി തന്റെ മുൻപിൽ വന്നു പൊയ്ക്കൊണ്ടിരിക്കുന്ന തിരമാലകളുടെ ശബ്ദം ഒരു പശ്ചാത്തലസംഗീതത്തെയെന്ന പോലെ ആസ്വദിച്ചു പോകുന്ന മനസുമായി ബഞ്ചമിൻ കടലിന്റെ വിദൂരതയിലേക്ക് കണ്ണുംനട്ടു നിൽക്കുകയാണ്. ചുറ്റുപാടും പരന്നു കിടക്കുന്ന മണൽപ്പരപ്പുകളിലായി അനേകമാളുകൾ തങ്ങളുടെ സ്വകാര്യ സന്തോഷങ്ങളും ദുഃഖങ്ങളുമൊക്കെ പേറി, തെല്ലുനേരത്തേക്കെങ്കിലുമെന്നത് വകവെയ്ക്കാതെ സൃഷ്ടിച്ച തങ്ങളുടേതായ ലോകത്തിന്റെ രുചി നുണയുകയാണ്. 


അഞ്ജന, ഇരുകൈകളിലും ചെറിയ പേപ്പർ ഗ്ലാസ്സുകളിൽ ചൂടു ചായയുമായി അവനരികിലേക്ക് പതുക്കെ നടന്നെത്തി. കാറ്റിന്റെ അധിക്യത്താൽ അവളുടെ മുടിയിഴകൾ പാറിക്കൊണ്ടിരുന്നു. 


“ഇന്നെങ്കിലും അല്പം വെറൈറ്റിക്ക് മറ്റെന്തെങ്കിലും നോക്കാം എന്ന് കരുതിയതാ... ദേ, അവസാനം പതിവിൽത്തന്നെ എത്തി!” 

ഒരു കൈയ്യിലേ ചായ അവനു നേർക്ക് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു. 


അവനത് വാങ്ങിച്ച് ഒന്നു രുചിച്ച ശേഷം നിശബ്ദനായി, മറഞ്ഞു കൊണ്ടിരിക്കുന്ന സൂര്യനെ നോക്കി നിന്നു. അവളും വിദൂരതയിലേക്ക് അർത്ഥമില്ലാതെയൊന്ന് നോക്കിയ ശേഷം അവനെയൊരു നിമിഷം നോക്കി. 


“ചിലപ്പോൾ തോന്നും, ഇങ്ങനെ നിൽക്കുമ്പോൾ... ആ മറയുന്ന സൂര്യൻ തിരിച്ചു വരില്ല എന്ന്! ചിലപ്പോൾ... മറയുന്ന സൂര്യനല്ല വീണ്ടും ഉദിച്ചുയരുന്നത് എന്നും തോന്നിപ്പോവുകയാണ്...” 

മുന്നോട്ട് പഴയപടി തന്നെ നോക്കി നിൽക്കെ അവൻ സാവധാനത്തിൽ അവളോടിങ്ങനെ പറഞ്ഞു. 


 ഒരു സിപ് ചായ നുണഞ്ഞ ശേഷം അവൾ പറഞ്ഞു; 

“ഒന്നാലോചിച്ചാൽ സൂര്യനാണോ മറയുന്നത് ബഞ്ചമിൻ! ഇനി അങ്ങനെയാണെങ്കിൽത്തന്നെ ആ മറയുന്ന സൂര്യൻ തന്നെയാണ് 

നമുക്ക് വെളിച്ചമായി വീണ്ടും ഉദിച്ചുയരുന്നതും!” 

മറുപടിയെന്നവണ്ണം, പഴയപടി നിൽക്കെത്തന്നെ അവൻ ചായ വീണ്ടും നുണഞ്ഞു കൊണ്ടിരുന്നു. അവളും അർത്ഥമില്ലാത്ത വിധം അവനെ അനുകരിച്ചു തുടങ്ങി. 


“എന്തുതീരുമാനിച്ചു... എന്താ പ്ലാൻ, ഇപ്പോൾ ഈ അവസ്ഥയിൽ മുന്നോട്ട്...?" 

തന്റെയും, ഒപ്പം ബഞ്ചമിന്റെയും ചായ തീർന്നെന്നുകണ്ടപ്പോൾ അവൾ മെല്ലെ ചോദിച്ചു. 

“ഞാൻ എപ്പോഴും ആലോചിക്കുന്നത് ഈ കാര്യമാണ്... ഇതേ ചോദ്യത്തിന്റെ ഉത്തരത്തിനുള്ള അന്വേഷണത്തിലാണ് ഞാൻ. 

എന്റെ മനസ്സിനെ അത് കണ്ടെത്തി ബോധ്യപ്പെടുത്തേണ്ടത് എന്റെ ജോലിയും!” 

കൈയ്യിലെ പേപ്പർഗ്ലാസ് മെല്ലെ ചുരുട്ടിക്കൊണ്ട് അവളുടെ നേരെ നോക്കി അവൻ പറഞ്ഞു. 


“ഞാനൊരു കാര്യം പറയട്ടെ... ആദ്യം നിങ്ങളുടെ കാര്യം എല്ലാം ഓക്കേ ആണോയെന്ന് ചിന്തിക്കുക. അങ്ങനെ തോന്നുന്ന നിമിഷം, മറ്റു ഔദ്യോഗികമായ കാര്യങ്ങളെക്കുറിച്ച്... അവിടേക്കുള്ള വഴികളെക്കുറിച്ച് മനഃപൂർവ്വം ചിന്തിക്കുക! ഒരു പക്ഷെ, ഇതിനൊക്കെ ശേഷം നമ്മൾ തനിയെ മുന്നോട്ട് പോകും, മുന്നിൽ എത്തുകയും ചെയ്യും!” 


 ഒന്നു നിർത്തിയ ശേഷം അവൾ തുടർന്നു പറഞ്ഞു; 

“പിന്നെ... ഇത് ഒരു ഉപദേശമോ, ആജ്ഞയോ അങ്ങനെയുള്ള ഒന്നുമല്ല കേട്ടോ! ഇതൊരു ‘വിസിൽ’ കേട്ടതു പോലെ കരുതിയാൽ മതി!” 

അവൻ ചുരുട്ടിയ പേപ്പർഗ്ലാസ് താഴെ മണൽപ്പരപ്പിലേക്ക് വീഴ്ത്തി, പിറകെയായി അവളും. 


“റിലേറ്റീവ്സിനെയൊക്കെ ഒന്നു പോയി കാണണം, അതും ലീനയോടൊപ്പം... എങ്കിൽ കുറെയധികം പരാതികൾ തീർന്നു കിട്ടും, മുന്നോട്ട് പരാതികൾ ഉണ്ടാവാതിരിക്കുകയും ചെയ്യും! സ്വന്തം ചേട്ടനും ഭാര്യയും- കുട്ടികൾ ചെറുപ്പമായിരിക്കത്തന്നെ ഒരു വാഹനാപകടത്തിൽ മരിച്ചതിനു ശേഷം, അനുജനും പെങ്ങളുമാരും നൽകിയ സ്നേഹവും സഹായവുമെല്ലാം ഒരിക്കലും വീട്ടിത്തീർക്കുവാൻ ആവാത്തതാണ്!” 

ഇത്രയും അവൻ പതിയെ പറഞ്ഞു വന്നു നിർത്തിയപ്പോഴേക്കും അവൾ വളരെ യാന്ത്രികമായി പറഞ്ഞു പോയി; 


“ഇത്രയും സംഭവിക്കുമ്പോൾത്തന്നെ ബഞ്ചമിന്റെയും ലീനയുടെയും 

കാര്യങ്ങൾ... നിങ്ങളുടെ ജീവിതം ഒരു ട്രാക്കിലാകും! പിന്നീടത് വളരെ നന്നായി മുന്നോട്ട് നീങ്ങുകയും ചെയ്യും.” അവൻ മറുപടിയായെന്ന പോലെ, അവളുടെ മുഖത്തു നിന്നും തന്റെ കണ്ണുകളെടുത്ത് വീണ്ടുമവളുടെ മുഖത്തേക്കു തന്നെ നട്ടുവെച്ചു നിന്നു. 


“മറ്റൊരുവശം പക്ഷെ നോക്കിയാൽ... ഡി.ഐ.ജി.യും ബിജോയിയും, അങ്ങനെ ചിലർ ഒരുപാട് ബുദ്ധിമുട്ടിലാണ്! ഈ ഘട്ടത്തിൽ അവരോടൊപ്പം ഞാൻ നിൽക്കേണ്ടതാണ്... പക്ഷെ, കൂടെ നിൽക്കുവാനല്ലാതെ എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യുവാൻ സാധിക്കുന്നില്ല...” 

ഒന്നു നിർത്തി, അവൻ തുടർന്നു; 

“ഒരു ഐ.പി.എസ്.കാരനെ നാലു വർഷമായി ലോങ്ങ്‌-ലീവ്‌ കൊടുത്തു സഹായിച്ച്, കണ്ണുംനട്ടെന്ന പോലെ കൂടെ അവർ നിൽക്കുന്നു...” 


വാചകങ്ങൾ നിർത്തണമോ വേണ്ടയോ എന്ന സംശയത്തിൻ പുറത്ത് ബഞ്ചമിൻ തങ്ങിയ നിമിഷം അവൾ തുടങ്ങി; 

“ഇങ്ങനെ ഔദ്യോഗിക കാര്യങ്ങളെക്കുറിച്ച് വറീഡ് ആവണ്ട! അതിനായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്ന നിരാശയും വേണ്ട. വെറുതെ അവരുടെ കൂടെയങ്ങു നിന്നു കൊടുത്താൽ മതി... ഞാൻ പറഞ്ഞല്ലോ മുൻപ്...!” 


വിഷയബന്ധിതമല്ലെന്ന കണക്കെ അവൻ പെട്ടെന്ന് അവളോടായി പറഞ്ഞു; 

“ചിട്ടയോടെ അഞ്ജന ലൈഫ് മുന്നോട്ട് കൊണ്ടു പോകുന്നത് കാണുമ്പോൾ ചിലപ്പോഴെല്ലാം വല്ലാത്ത കൊതി തോന്നിപ്പോകാറുണ്ട്, 

ഇപ്പോൾ എനിക്ക് തോന്നുന്നതു പോലെ!” 


 മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചു. ചുണ്ടിൽ വിരിഞ്ഞ ചെറു പുഞ്ചിരിയുമായി അവൻ, അവളെ കുറച്ചു നിമിഷം നോക്കിയങ്ങു നിന്നു. അല്പസമയം കഴിഞ്ഞും രംഗം മാറുന്നില്ലെന്നായപ്പോൾ അവളൊന്ന് ഞെളിഞ്ഞ ശേഷം മൃദുവായൊന്ന് മുരളിക്കൊണ്ട് കണ്ണുകൾ വിദൂരതയിലേക്ക് വെട്ടിച്ചു. അപ്പോഴേക്കും അവൻ തന്റെ കണ്ണുകൾ അവളിൽ നിന്നും പറിച്ചെടുത്ത് ആർത്തിരമ്പി വരുന്ന തിരമാലകളിലേക്ക് നട്ടുനിർത്തി. 


കുറച്ചു നേരം ഇരുവരും നിശബ്ദമായി സമയത്തെ മുന്നോട്ട് കടത്തി വിട്ടു. ബഞ്ചമിന്റെ മുഖം, ഇരുട്ടു പരക്കുന്ന ചുറ്റുപാടിനൊപ്പം മുറുകി വന്നു തുടങ്ങിയിരുന്നു. 


 “റിലേറ്റീവ്സിനെയൊക്കെ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ ഒരു വഴിയേ ഈ കേസിലെ വ്യക്തികളിലൂടെയൊക്കെ ഒന്നെനിക്ക് സഞ്ചരിക്കണം! മനസ്സ്‌ വെറുതെയത് തീവ്രമായി ആഗ്രഹിക്കുന്നു...” 

ഇങ്ങനെ ഉറച്ച വാചകങ്ങൾ അഞ്ജനയോടായി, പഴയപടി നിൽക്കെത്തന്നെ പറഞ്ഞ ശേഷം അവളെനോക്കി അവൻ തുടർന്നു; 

“ബാക്കികാര്യങ്ങൾ അതിനു ശേഷം വന്നെത്തും...” 

‘അല്ലേ’ എന്നൊരു ചോദ്യഭാവം ഇതിനോടൊപ്പം അവന്റെ മുഖത്ത് അവളോടായി വന്നു. 


“ഞാനും ഒരു ചേഞ്ച്‌ ആഗ്രഹിച്ചിങ്ങനെ ഇരിക്കുവായിരുന്നു... എല്ലാം ശരിയാകുമെന്നേ... നമുക്ക് തുടങ്ങാം!” 

തെല്ലു സന്തോഷം മുഖത്ത് കാണിച്ച് അഞ്ജന മറുപടിയായി അവനോടു പറഞ്ഞു. 

“എന്നാൽ... പതുക്കെ പോയാലോ നമുക്ക്...? ചേട്ടനും ചേച്ചിയും എവിടെയേലും പോയി കിടന്നു പ്രേമിക്കുവാന്ന് പിള്ളേർ പറഞ്ഞു കളയും!” 


 ഒരു ചെറുചിരിയോടെ ചുറ്റുമൊന്ന് മുഖമോടിച്ച് അവളോടായി ബഞ്ചമിൻ ഇങ്ങനെ പറഞ്ഞു. 

“ബഞ്ചമിനൊപ്പമാണെന്ന് ഞാൻ പറഞ്ഞിട്ടൊന്നുമില്ല... കോൾ വന്ന്, മീറ്റിംഗ് ഇവിടെ ഫിക്സ് ചെയ്തപ്പോൾ ഉച്ചകഴിഞ്ഞു ലീവ് എടുത്തു... അവളെ വിളിച്ചു പറഞ്ഞിരിക്കുന്നത്- ലേറ്റ് ആകും, വരേണ്ട എന്നൊക്കെയാ! 

കാര്യം മനസ്സിലായിക്കാണും. ഇതൊക്കെയല്ലേ എല്ലാം അവിടെ പ്രതീക്ഷിച്ചിരിക്കുന്നത്!?” 

പുഞ്ചിരിയോടെ അവളിങ്ങനെ മറുപടി നൽകി. 


 ചിരിയും നടത്തവും ആയി ഇരുവരും മെല്ലെ മണൽപരപ്പിലൂടെ നടന്ന് ബഞ്ചമിന്റെ താറിന് സമീപത്തെത്തി. അവനവിടെ ഒരു കുതിരയെപ്പോലെ തച്ചാനെടുത്ത് നിൽക്കുന്നതു പോലെയായിരുന്നു- ഒരു വിസിൽ വിളിയ്ക്കായെന്ന പോലെ, ഒരു കറുത്ത കുതിരയെപ്പോലെ. 

“കുറച്ചു നേരം ഓടിക്കഴിഞ്ഞു തീരുമാനിക്കാം, എവിടേക്കിപ്പോൾ പോകണമെന്ന്... അല്ലേ!?” 

താർ വളച്ച് തിരിച്ചെടുത്തു ഓടിച്ചു തുടങ്ങിയപ്പോൾ അവനവളോടായി ഇങ്ങനെ ചോദിച്ചു. മറുപടിയായി അവൾ മന്ദഹസിച്ചു. 


25 


അർധരാത്രിയുടെ യാമങ്ങൾ ആകാശത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്നത് ഗൗനിക്കാതെ ബഞ്ചമിനും ലീനയും താറിൽ യാത്ര ചെയ്യുകയാണ്. അല്പസമയമായി കഠിനമായ മൗനത്തിലായിരുന്നു ബഞ്ചമിൻ. 


“എടീ ലീന, എനിക്ക്... അവളെക്കുറിച്ച് കുറച്ചു കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ആ... ജീനയെക്കുറിച്ച്.” 


 നേരെയിരുന്ന് ഡ്രൈവ് ചെയ്യവേ ഇങ്ങനെ പറഞ്ഞ ശേഷം അവൻ, ഒരു നിമിഷത്തേക്ക് ലീനയുടെ മുഖത്തേക്ക് നോക്കി. ചോദ്യം കേട്ട നിമിഷം അവൾ നിശബ്ദയായി അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു. ശേഷം മറുപടിയായി പറഞ്ഞു; 

“ഹൂമ്... ഒരേയൊരു അങ്കിളിന്റെ വീട്ടിൽ പോയി ഒന്ന്‌ സന്തോഷിച്ചു വരുമ്പോഴാണോ ചേട്ടാ ഇത്തരം കാര്യങ്ങൾ ചോദിക്കുന്നത്!” 


ഒന്നു നിർത്തി നേരെയിരുന്ന ശേഷം, അവൾ തുടർന്നു പറഞ്ഞു; 

“എല്ലാവരും മരണങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നുമൊക്കെയൊന്ന് 

റിക്കവറായി വരുന്നതേയുള്ളൂ... ഇങ്ങനെയുള്ള യാത്രകളൊക്കെ നടത്തി...” 

വാചകങ്ങൾ മുഴുമിപ്പിക്കാതെ അവൾ നിർത്തിപ്പോയി. അവൻ മറുപടിയായി ഒന്നും പറഞ്ഞില്ല. 


കുറച്ചുസമയത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ മെല്ലെ തുടങ്ങി; 

“ഒരു സർജ്ജറി എപ്പോൾ വേണമെങ്കിലും ചെയ്യേണ്ടി വരും എന്ന് 

ചേട്ടന്റെ ഫ്രണ്ട് പറഞ്ഞത് മറന്നോ...? എല്ലാം കൂടി ഒരുമിച്ചൊന്ന് കഴിഞ്ഞു കിട്ടിയിരുന്നേൽ... ഓർത്താൽത്തന്നെ സകല മൂഡും പോകും! 

അല്ലെങ്കിലും ആക്സിഡന്റിനു ശേഷം ഒരു തരത്തിൽ നോക്കിയാൽ 

പഴയതു പോലെയൊന്നുമല്ല... എന്തൊക്കെയോ ആകെ മാറിപ്പോയപോലെയാ തോന്നൽ!” 


 ഡ്രൈവ് ചെയ്യവേ തന്നെ കാതുകളാൽ അവളെ ശ്രദ്ധിച്ചതല്ലാതെ മറുപടിയായി അവന്റെ ഭാഗത്തു നിന്നും ഒന്നുമുണ്ടായില്ല. അവൾ പക്ഷെ ഒന്നുരണ്ടു നിമിഷങ്ങൾക്കകം തുടർന്നു; 

“ചേട്ടാ, അവളെന്റെ ക്ലാസ്സ്‌മേറ്റ് അല്ലായിരുന്നോ! ഒരുത്തനുമായി സ്നേഹത്തിലായിരുന്നു. അവൻ ഇവളുടെ മരണം കൊണ്ട് പുലിവാല് പിടിച്ചത് അറിഞ്ഞില്ലേ! പോലീസുകാരുടെയും മറ്റും പിറകെ നടന്നും, അവര് മുഴുവൻ ഇവന്റെ പിറകെ നടന്നും... അങ്ങനെ എന്തു ബഹളമായിരുന്നു...” 


ഒരു വളവ് കൈകാര്യം ചെയ്യുന്നതിന്റെ സമയത്തെ മൗനത്തിനു ശേഷം, താർ സ്ട്രൈറ്റ് റോഡിലായെന്നു കണ്ടതോടെ ബഞ്ചമിൻ തുടങ്ങി; 

“അരുൺ... അതല്ലേ അവൻ! അവനിപ്പോഴും പോലീസിന്റെ നിരീക്ഷണത്തിൽത്തന്നെയാ. ആദ്യം മരിച്ച എമിലിയുടെ കാമുകന്റെ അതേ അവസ്ഥ! ഞാൻ കുറച്ചു പറഞ്ഞതിന്റെ ഗുണം പോലീസുകാരുടെ ഭാഗത്തു നിന്നും, കൃത്യം പറഞ്ഞാൽ ഡി.ഐ.ജി.യുടെയൊക്കെ ഭാഗത്തു നിന്നും അവന് കിട്ടിയിട്ടുണ്ട് എന്നതാണ് മെച്ചം!” 


അവൾ അല്പസമയം മറുപടിയായി മൗനം പാലിച്ചു. പിന്നെ പറഞ്ഞു തുടങ്ങി; 

“വട്ടായതു പോലെയായിരുന്നു അവൾ അവസാനം... റിലേഷൻഷിപ്പിൽ ഒരു ചെറിയ മിസ്സണ്ടർസ്റ്റാൻഡിങ് പോലെയൊക്കെ വന്നാൽ മതി, പിന്നെ ഒരു ഭ്രാന്തിയെപ്പോലെയാ അവളുടെ പെരുമാറ്റം! എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്, എന്തിനുവേണ്ടിയാ... കണ്ടു നിൽക്കുന്നവർക്ക് ശരിക്കും വട്ടായിപ്പോകും! ചില സമയത്ത് നമ്മള് ചോദിക്കുന്ന എക്സ്പ്ലനേഷൻസിനൊന്നും കൃത്യം മറുപടി അവൾക്കില്ലായിരുന്നു... 

ഞങ്ങൾ ഫ്രണ്ട്‌സ് പറഞ്ഞ് മടുത്തിരുന്നു.” 


ലീന പറയുന്നത് മനസ്സിലാകുന്നുണ്ട് എന്ന അർത്ഥത്തിൽ ബഞ്ചമിൻ മറുപടിയായി തലയാട്ടി. 

“രണ്ടു കൊലപാതകങ്ങളും ഒരു പോലെയാ നടന്നിരിക്കുന്നത് എന്ന് 

ഞാൻ പറഞ്ഞിരുന്നല്ലോ, ഇതുവരെ ലഭിച്ച തെളിവുകൾ ഉൾപ്പെടുന്നവ വെച്ചു നോക്കുമ്പോൾ എല്ലാത്തരത്തിലും രണ്ടു കേസുകളും സമാനസ്വഭാവത്തിലാണ്! കൊലയാളിയോ കൊലയാളികളോ..., അങ്ങനെ എന്തായിരുന്നാലും രണ്ടു പെൺകുട്ടികളുടെയും പിന്നിൽ ഒന്നാണ്.” 


 വാചകങ്ങൾ ഇങ്ങനെ പറഞ്ഞെത്തി ബഞ്ചമിൻ പെട്ടെന്ന് നിർത്തി, ഒപ്പം എതിരെ വന്ന മറ്റൊരു വാഹനത്തിൽ നിന്നും രക്ഷപെടുവാൻ താർ ബ്രേക്ക്‌ ഇടേണ്ടിയും വന്നു. പിന്നെ അവൻ നിശബ്ദനായിരുന്നു. 


“എനിക്കും, ഞങ്ങൾക്കെല്ലാവർക്കും ജീനയെ ഒരുപാട് ഇഷ്ടമായിരുന്നു. 

ഒരുപാട് സങ്കടമുണ്ട്... അവളുടെ വീട്ടുകാരുടെ അവസ്ഥ ഓർക്കുമ്പോഴാ..., ഒറ്റ മകളാണ് പോയത്! 

എനിക്കും പോലീസ് വക ചോദ്യങ്ങൾ ഉണ്ടായിരുന്നു, ചേട്ടനോട് പറയുവാൻ വിട്ടുപോയി. അറിയാവുന്നതെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്.” 

ഇങ്ങനെ പറയുന്നതിനിടയ്ക്ക് അവൾ ഹാൻഡ്‌ബാഗിൽ നിന്നും സ്വന്തം ഫോൺ കൈയ്യിലെടുത്തു. 


“ഞാൻ ചെറിയൊരു ശ്രമം നടത്തിക്കൊണ്ടിരിക്കുകയാ, മടിയോടെയുള്ളൊരു... ഒരു അന്വേഷണം...” 

അവനിങ്ങനെ അർത്ഥമില്ലാത്ത വിധം പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഫോണിൽ എന്തൊക്കെയോ ടൈപ് ചെയ്തു കൊണ്ട് അവൾ ഇടയ്ക്കു കയറി; 

“ചേട്ടാ, തലവേദനയെടുക്കുന്നു. പ്രത്യേകിച്ചൊന്നും പറയാനില്ല എനിക്ക്... 

ചേട്ടൻ സമയം പോലെ മറ്റേതെങ്കിലും വഴിക്ക് ശ്രമിച്ചു നോക്ക്.” 


താർ ചലിപ്പിച്ചു കൊണ്ടിരുന്നതല്ലാതെ മറുപടിയായി അവന്റെ ഭാഗത്തു നിന്നും മറ്റൊന്നുമുണ്ടായില്ല. തങ്ങൾക്ക് സഞ്ചരിക്കുവാനാവുന്ന വിധം മാത്രം റോഡിൽ താറിന്റെ ഹെഡ് ലൈറ്റുകളുടെ പ്രകാശം ചെന്നെത്തുന്നത് അവനല്പസമയം ശ്രദ്ധിച്ചു പോയി. 


“ശരി... ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ... നീ വെറുതെ ടെൻഷനാകാൻ നിൽക്കേണ്ട! എനിക്കും നല്ല ക്ഷീണം തോന്നുന്നുണ്ട്... 

ചെന്നിട്ടു വേണം ഒന്ന്‌ നന്നായി ഉറങ്ങുവാൻ. കേസ്... എന്തെങ്കിലുമൊരു വഴിത്തിരിവ് ഞാൻ ആലോചിച്ചു കണ്ടെത്തിക്കൊള്ളാം.” 


 ഔപചാരികമായെന്ന വിധം ഇത്രയും പറഞ്ഞ ശേഷം ഒരു ചോദ്യഭാവം കലർന്ന മൂളലുമായി അവൻ ലീനയുടെ നേർക്ക് മുഖംതിരിച്ചു. ഫോണിൽത്തന്നെയായിരുന്ന അവൾ ഔട്ട്‌ -ഓഫ് -ഫോക്കസ്സിൽ അവന്റെ ശ്രദ്ധ കണ്ട് തന്റെ ജോലി തുടരവേ തന്നെ മറുപടി നൽകി; 

“ഊമ്.. ശരി ചേട്ടാ.” 


 വീട് എത്താറായി എന്നു കണ്ടപ്പോൾ പെട്ടെന്നുണ്ടായ ഒരു ചിന്തയിൽ നിന്നും ബഞ്ചമിൻ അത്രയും സമയം അപഹരിച്ചു വന്ന മൗനത്തെ മാറ്റിനിർത്തി ലീനയോടായി ചോദിച്ചു; 

"നീയും നിങ്ങള് കോളേജ് ഫുള്ളും... എങ്ങനെയാ എല്ലാവരും ഫ്രണ്ട്‌സ് പോലെയാണോ?! മൊത്തത്തിൽ...” 


 ഫോണിലെ ജോലി പെട്ടെന്നു നിർത്തി ഒന്നുരണ്ടു നിമിഷം അവനെ പുഞ്ചിരിയോടെ തുറിച്ചു നോക്കിയിരുന്ന ശേഷം അവൾ, ആ ഭാവം നഷ്ടമാകാതെ ചോദിച്ചു; 

“ഊമ്... ചേട്ടൻ ഈ ലോകത്തെങ്ങുമല്ലേ, അതോ..., എന്തുപറ്റി...!? ഇത്രയും ദിവസങ്ങളായി നടക്കുന്നതൊന്നും കണ്ടില്ലേ...?” 


അവളുടെയീ മറുപടിയുടെ ഭാവം പരിഗണിക്കാതെ അവൻ താർ അകന്നു മാറിയ ഗേറ്റ് വഴി വീട്ടിലേക്ക് വളച്ചു കയറ്റുന്ന സമയം മറുപടിയായി പറഞ്ഞു; 

“എല്ലാം ഒരു കൈയ്യാണെന്നൊക്കെ എനിക്ക് മനസ്സിലായി... ഞാൻ ചോദിച്ചെന്നേയുള്ളൂ.” 

ലീന അർത്ഥമില്ലാത്തൊരു പുച്ഛഭാവത്തിൽ ഫോണിലെ തന്റെ ജോലി തുടർന്നു. 


26 


 സൂര്യൻ തന്റെ സർവ്വശക്തിയുമെടുത്ത് ജ്വലിച്ചു നിൽക്കുന്ന സമയം! കിച്ചണിൽ ചെറിയ ക്ലീനിങ് പ്രക്രിയകളിലായിരുന്നു ബഞ്ചമിൻ. ലീന വാടിയ മുഖത്തോടെ ഡൈനിങ് ടേബിളിലിരുന്ന് തന്റെ മുന്നിലിരിക്കുന്ന പ്ലേറ്റിൽ നിന്നും ഓരോ ഉരുള ചോറും വളരെ ബുദ്ധിമുട്ടിയെന്ന പോലെ വായിലേക്ക്‌വെച്ചു ചവച്ചരച്ച് കഴിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ ഉരുള ഇറക്കുമ്പോഴും അടുത്തായിരിക്കുന്ന തന്റെ ഫോണിലേക്ക് അവൾ നോക്കിക്കൊണ്ടിരുന്നു. അവളുടെ പ്ലേറ്റ് ഒരു വിധം കാലിയായപ്പോഴേക്കും പക്ഷെ ഫോൺ ചലനമറ്റെന്ന പോലെ ഇരിക്കുകയായിരുന്നു. 


അവൾ വേഗം പ്ലേറ്റുമായി കിച്ചണിലെത്തി ബഞ്ചമിനെ ഏല്പിച്ച് കൈകഴുകിയ ശേഷം തന്റെ ഫോണുമെടുത്ത് സ്വന്തം റൂമിലേക്ക് കയറി കതകടച്ചിട്ടു. ശേഷം മുഖം കറുപ്പിച്ച്, എന്തോ തീരുമാനിച്ചുറപ്പിച്ച് അരുണിന്റെ നമ്പർ തിരഞ്ഞെടുത്തു അതിൽ വിളിച്ചു. ആദ്യം, കോൾ അവസാനം വരെ റിങ്ങ് ചെയ്ത ശേഷം അവസാനിച്ചു. ലീനയ്ക്ക് ദേഷ്യം ഇരട്ടിച്ചു. ഉടനടി അവൾ വീണ്ടും ഡയൽ ചെയ്തു. റിങ്ങ് നീണ്ടു പോയി അവസാന നിമിഷം കോൾ അറ്റണ്ട് ചെയ്യപ്പെട്ടു. ഒന്നുരണ്ടു നിമിഷം ലീന അനക്കമില്ലാതെ തുടർന്നു. 


“എടീ, ഞാനിവിടെ കുറച്ചു തിരക്കിലായിരുന്നു. കുറച്ചു റിലേറ്റീവ്സ് ഒക്കെ വന്നിട്ടുണ്ട്. എല്ലാം ഞാൻ വേണം മുന്നിൽ നിന്ന് മാനേജ് ചെയ്യാൻ. അറിയാമല്ലോ...? സോറി...” 

നിശബ്ദതയെ കീറിമുറിച്ച് അരുണിന്റെ ഈ വാചകങ്ങൾ അവളുടെ ചെവിയിലേക്കെത്തി. അത്യാവശ്യം ശാന്തത കലർന്ന അവന്റെയീ മറുപടി കേട്ടതോടെ അവൾക്ക് തന്റെ പിടിച്ചു നിർത്തിയിരിക്കുന്ന ദേഷ്യത്തിന്മേലുള്ള അധികാരം നഷ്ടമായി. 


“ഓഹോ... ഇനി ഇത് പറഞ്ഞാൽ മതി. രാവിലെ മുതൽ പച്ചവെള്ളം കഴിക്കാതെ ഞാനീ മൊബൈലും കുത്തിപ്പിടിച്ച് ഇവിടിരിക്കുന്നതാ... അറിയാമോ!?” 

രൗദ്രത കലർന്ന അവളുടെയീ വാചകങ്ങൾക്ക് മറുപടിയായി അവൻ പറഞ്ഞു; 

“എടീ ലീനേ, നീ പറയുന്നത് മനസ്സിലാക്ക്! ഞാനെന്തിനാ നിന്നോട് നുണ പറയുന്നത്!? നിനക്കെന്താ... ഇത്, എന്താ ഞാനിപ്പോൾ പറയുക!” 


കാത്തുവെച്ചിരുന്നെന്ന പോലെ അവൾ തുടങ്ങി; 

“ഓഹ്! എനിക്ക് മനസ്സിലാകില്ലല്ലോ ഒന്നും... ഞാൻ പൊട്ടിയാണല്ലോ...” 

ഒന്നു നിർത്തി അവൾ തുടർന്നു; 

“അരുൺ, സത്യം പറയാമല്ലോ...? നീ പഴയതു പോലെയല്ല, ആകെ മാറിപ്പോയി... എന്താ നിനക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നെനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.” 


ഉടനെ വന്നു അവന്റെ മറുപടി; 

“അതു ശരി! ഇപ്പോൾ ഇങ്ങനെയായോ കാര്യങ്ങൾ...? ഇന്നലെ സംസാരിച്ച നീ തന്നെയാണോ ഈ സംസാരിക്കുന്നത്...? നീ ഇപ്പോഴീ പറഞ്ഞതെല്ലാം എനിക്ക് അങ്ങോട്ടാ പറയുവാനുള്ളത്! നീയാണ് ആകെ മാറിയത്... എന്താടീ ലീനേ ഇത്? നീ എന്തൊക്കെയാ ഈ പറയുന്നതും ചിന്തിച്ചു കൂട്ടുന്നതും! നമ്മളെന്താ ഇന്നോ ഇന്നലെയോ പരിചയപ്പെട്ടവരാണോ...?” 


ഒന്നു നിർത്തി അവൻ വേഗത്തിൽ തുടർന്നു; 

“നീ സ്വസ്ഥമായി ഒരിടത്തൊന്നിരുന്ന് നന്നായൊന്ന് ആലോചിച്ചു നോക്കിക്കേ, നീ ചെയ്യുന്നതെന്തൊക്കെയാണെന്ന്...” 

ഉടനെ ലീന എടുത്തടിച്ച പോലെ മറുപടി നൽകി; 

“ഓഹോ... അപ്പോൾ തിരക്കിനിയും തുടരനാണ് ഭാവം അല്ലേ...? എനിക്ക് അരുൺ, വായിൽ നല്ലത് വരുന്നുണ്ട്, നിന്നെ വിചാരിച്ചിവിടെ ഇരിക്കുന്ന ഒരുത്തിയല്ലേ ഞാൻ...” 


 അവളുടെയീ വാചകങ്ങൾ ഒന്ന്‌ പ്രത്യേക വിധം അംഗീകരിച്ച ശേഷം അവൻ തുടർന്നു; 

“എന്റെ പൊന്നു മോളെ, ഞാൻ കോൾ എടുത്തപ്പോഴേ പറഞ്ഞതല്ലേ...? 

ഇവിടെ ഞാനല്ലേ ഉള്ളൂ... തല്ക്കാലം എനിക്ക് പകരമിവിടെ മാനേജ് ചെയ്യാൻ ആരുമില്ല. തിരക്കെല്ലാം കഴിഞ്ഞ് വിളിക്കാം ഞാനങ്ങോട്ട്... നീയൊന്നടങ്ങ് തല്ക്കാലം!” 


 പെട്ടെന്നീ നിമിഷം മുതൽ അവൾ നിശബ്ദയായി. അൽപനിമിഷങ്ങൾക്കകം മറുപടിയായി അവൾ പറഞ്ഞു; 

“ഇന്ന് കോളേജ് ഓഫ് അല്ലേ, ഈവെനിംഗ് മീറ്റ് ചെയ്യാം നമുക്ക്... നമ്മൾ രണ്ടാളും മതി.” 

അവളെ കേൾക്കുവാനായി ശ്രദ്ധയോടെ കോളിൽ തുടർന്ന അരുൺ തുടങ്ങി; 

“അതിപ്പോ... കാര്യം പറഞ്ഞാൽ ഈവെനിംഗ് ഞാൻ ഫ്രീയാ... രണ്ടാളും എന്നു പറയുമ്പോൾ, ചേട്ടൻ വീട്ടിലുണ്ടാവില്ലേ?” 


കരുതിവെച്ചെന്ന കണക്കെ അവൾ പറഞ്ഞു; 

“എടാ പൊട്ടാ, ഇവിടേക്ക് വരാൻ ഞാൻ പറഞ്ഞോ...? ഇവിടെ വേണ്ട, പുറത്തുവെച്ച് കാണാം. എനിക്കു നിന്നെ ഒറ്റയ്ക്കു കാണണം! കൂടെത്തന്നെ ഞാൻ പറയുകയാണ്, എനിക്ക് ഇന്നു നിന്നെ കണ്ടേ പറ്റൂ, 

ഇല്ലെങ്കിൽ... ആഹ്, ഞാൻ പറയുന്നില്ല...” 


അരുൺ അല്പം മായംഭാവിച്ച് മറുപടി നൽകി; 

“ഓ എന്റെ പൊന്നേ, ഓക്കെ. ഞാൻ ഈവെനിംഗ് ഫ്രീയാകും, വിളിക്കാം ഞാൻ. നീ അപ്പോൾ ഇറങ്ങിയാൽ മതി, എല്ലാം നിന്റെ ഇഷ്ടം... പോരെ!?” 

ചെറിയൊരു മന്ദഹാസം മുഖത്തു വന്നു പോയ ലീന, താനിരുന്നിരുന്ന ബെഡ്ഡിലേക്ക് ഒന്നു കൂടി അമർന്നിരുന്നു കൊണ്ട് പറഞ്ഞു; 


“എന്നെയെന്തിനാ വെറുതെയിങ്ങനെ ചൂടാക്കുന്നത്...? കുറച്ചു നാളുകളായി ഞാൻ ശ്രദ്ധിക്കുവാ, നിനക്കെപ്പോഴും തിരക്കാണ്... ആള് പഴയ പോലെയൊന്നുമല്ല, നീ പറയും ഇതൊക്കെ എന്റെ തോന്നലാണെന്ന്... പക്ഷെ, ഞാനിപ്പോൾ ഇങ്ങനെയൊക്കെയാ, നീയാ എന്റെ മനസ്സിലിപ്പോൾ മുഴുവൻ... ഉമ്മ്മ.” 


അമർത്തിയൊരു ചുംബനം ഫോണിലൂടെ നൽകി അവൾ തന്റെ വാചകങ്ങൾ നിർത്തി. ഒരു ചെറുചിരിയോടെ അവളുടെ ചുംബനം സ്വീകരിച്ചവിധം അവൻ പറഞ്ഞു; 

“ലീനക്കുട്ടി, നീ ഈവെനിംഗ് വരെയൊന്ന് ക്ഷമിക്ക്... ഇപ്പോൾ തല്ക്കാലം എന്നെയൊന്നു ഫ്രീയാക്ക്! ബാക്കിയെല്ലാം നമുക്ക് വൈകുന്നേരം, പറഞ്ഞോ തല്ലിയോ വേറെന്തെങ്കിലും മെത്തേഡ് ഉണ്ടെങ്കിൽ ആ വഴിക്കും തീർക്കാം. ഞാൻ വെക്കുവാ, ഇവിടെ തിരക്കാ. നീയായതു കൊണ്ട് കോൾ എടുത്തതാ.” 


 ഇത്രയും അരുൺ പറയുകയും, അവന്റെ ഭാഗത്തു നിന്നും കോൾ കട്ടാവുകയും ചെയ്തത് ഒരുമിച്ചായിരുന്നു. ചുണ്ടുകൾ പരസ്പരം കടിച്ച് കൈയ്യിൽ ഫോൺ ചെറുതായി കറക്കിക്കൊണ്ട് ലീന ഒന്ന്‌ ചാടിയിരുന്നു. അപ്പോഴാണ് അവൾക്ക് സ്ഥലകാലബോധം വന്നത്. 


27 


ഇരുട്ടു പരന്നു കിടക്കുന്ന ആകാശത്തെ മറയ്‌ക്കും വിധം വഴിവിളക്കുകൾ, തന്റെ പച്ച സെൻ കാറിൽ ബഞ്ചമിനോടൊപ്പം ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്ന അഞ്ജനയ്ക്ക്, തന്റെ കണ്ണുകളിലൂടെ ഒരു നിമിഷം മനസ്സിന് കുളിർമ്മ നൽകി. അതിൽ നിന്നുമുരുവായ മന്ദഹാസത്തിൻ പുറത്ത് അവൾ നേരെയിരുന്ന് ഡ്രൈവ് ചെയ്യവേ തന്നെ അവനോട് ചോദിച്ചു; 


“ഊമ്... എന്താല്ലേ...! ഇന്നെന്തോ എനിക്ക് നല്ല മൂഡാ. അതാ, നേരെ കോടതിയിൽ നിന്നും ഞാനിങ്ങു പോന്നത്. ഇന്നിങ്ങനെ ചുറ്റിയടിച്ച് വീട്ടിൽ കേറാം...” 

ഒന്നുനിർത്തി അവന്റെ മുഖത്തേക്ക് നോക്കിയ ശേഷം പഴയപടിയിരുന്ന് അവൾ പറഞ്ഞു; 

“... അതാ ഞാൻ ഒന്നും തെളിച്ചു പറയാതെയിങ്ങു വിളിച്ചത്! എല്ലാം കിറുകൃത്യമായി ഓർക്കുവാനും പറയുവാനും നിന്നാൽ ബോറാകും... ബോറടിക്കും. എന്നാലും... ഒന്നും ചോദിക്കാതെയും പറയാതെയും 

എന്റെ കൂടെയിങ്ങു ഇറങ്ങിയത് എനിക്കങ്ങ് ഇഷ്ടപ്പെട്ടു കേട്ടോ...” 


അവളിങ്ങനെ നിർത്തിയതും ഒരു ചെറുചിരിയോടെ ബഞ്ചമിൻ പറഞ്ഞു; 

“എനിക്കിപ്പോൾ ആകെ കിറുകൃത്യമായി ചെയ്യുവാൻ പറ്റുന്നത് ഇത് മാത്രമേയുള്ളൂ... ഉള്ളതു കൊണ്ട് ഓണം പോലെ എന്നല്ലേ!?” 

തെല്ലുസമയത്തെ നിശബ്ദതയ്ക്കു ശേഷം അവളൊന്ന് നെറ്റിച്ചുളുപ്പിച്ച് ചോദിച്ചു; 

“ലീന... അവൾക്ക് ഞാൻ വന്നപ്പോൾ അത്ര സന്തോഷമൊന്നും ഇല്ലായിരുന്നല്ലോ! അവളാകെ മാറി കേട്ടോ , ആക്സിഡന്റ്റ് ഒക്കെ കഴിഞ്ഞ്... പഴയ ആ പ്രസരിപ്പൊക്കെയങ്ങു പോയി...” 


ബഞ്ചമിൻ അവളെയൊന്ന് നോക്കിയ ശേഷം പറഞ്ഞു; 

“നിന്റെ ഇപ്പോഴത്തെ ഈ സംസാരം തന്നെ ഒരു യു-ടേൺ പോലെ അല്ലേ! 

ഇങ്ങനൊക്കെത്തന്നെയല്ലേ ലൈഫും, ചിലപ്പോൾ ചിലത് പെട്ടെന്ന് മാറിമറിയും! അവളെ സംബന്ധിച്ച് സ്വന്തമായി തീരുമാനമെടുക്കാനും 

അതിനനുസരിച്ചു ജീവിക്കാനുമൊക്കെ പ്രാപ്തിയായി. ഇങ്ങനെ പറയുവാൻ പാടില്ല ഞാൻ, എന്നാലും നിന്നോടായതു കൊണ്ട് പറയുന്നതാണ്... ഒരു ജേഷ്ഠൻ എന്ന നിലയിൽ, ഗാർഡിയൻ എന്ന നിലയിൽ ചെയ്യാനുള്ളതൊക്കെ അവൾക്കു വേണ്ടി ഞാൻ ചെയ്യുന്നുണ്ട്. 

ഇതിൽ അതൃപ്തിയൊന്നും അവളിതു വരെ പറഞ്ഞിട്ടില്ല, ഞാൻ ഹാപ്പി -മൊത്തത്തിൽ, തുഴയില്ലാതെയൊഴുകുന്നൊരു തോണിയാണ് 

ഞാനെന്നതൊഴിച്ചാൽ.” 


ഉടനെ അവൾ ചാടിക്കയറി പറഞ്ഞു; 

“ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ. ഇത് പറഞ്ഞും ചിന്തിച്ചും വെറുതെ ഇന്നത്തെ ഈ നിലാവില്ലാത്ത രാത്രി കളയേണ്ട!” 

മറുപടിയെന്ന പോലെ അവൻ മന്ദഹസിച്ചു. 


 തെല്ലുനേരത്തെ നിശബ്ദതയ്ക്കു ശേഷം ഒരു മൂളലിൽ തുടങ്ങി അവൾ പറഞ്ഞു; 

“ഞാനൊരാളെ പരിചയപ്പെടുത്താം ബഞ്ചമിന്. കുറച്ചു വെയ്റ്റിട്ട് നിന്നോണം പക്ഷെ... ഞാനങ്ങനെയാ കൈകാര്യം ചെയ്തുവെച്ചിരിക്കുന്നത്! പപ്പാടെ അനിയന്റെ മകനാണ്, ഹിബോൺ.” 


 സന്ദർഭത്തിനനുയോജ്യമായ സംശയഭാവം പേറി അവൻ അഞ്ജനയ്ക്കു നേരെ നോക്കി. അവൾ തുടർന്നു; 

“കുറച്ചു കാര്യങ്ങൾ ഇൻട്രോഡക്ഷൻ ആയി പറയാനുണ്ട് അവനെപ്പറ്റി... 

അത് ഞാൻ പറയാം. അവനോടു വീടിന്റെ പുറത്ത് റെഡിയായി ഇറങ്ങി നിൽക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്. അവനെയൊന്ന് പിക്ക് ചെയ്യാം ഇപ്പോൾ.” 


ഒന്നു നിർത്തി ഭാവം മാറിയെന്ന പോലെ അവൾ തുടർന്നു; 

“ആള് ഇത്തിരി എരിവും പുളിയുമൊക്കെ തൊട്ടുനക്കി നടക്കുന്ന പാർട്ടിയാ. ഈ ഇടെ ഞങ്ങളൊരു പണി കൊടുത്തു. പേടിച്ചു പുള്ളി എല്ലാത്തിനും ഷട്ടറിട്ടിരിക്കുവാ, പാവം... ഇപ്പോൾ വല്ലാത്തൊരവസ്ഥയിൽ വീട്ടിൽത്തന്നെയാ... അങ്കിളും ആന്റിയും വിളിക്കുമ്പോൾ എപ്പോഴും പറയും! അപ്പോൾ ഞാനാ പറഞ്ഞത്, കുറച്ചു ദിവസം ഔട്ടിങ്ങിന് കൊണ്ടു പോകാം എന്നൊക്കെ...” 


 അപ്പോഴേക്കും കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഹിബോൺ എന്ന് സംശയിക്കത്തക്ക ഒരാളെ ബഞ്ചമിന് കാണാമെന്നായി. അഞ്ജന അവനടുത്തായി കാർ നിർത്തി. ശേഷം ഗ്ലാസ്സ് താഴ്ത്തി അവൾ ചോദിച്ചു; 

“പഴയ പരിപാടിയൊക്കെ ഉണ്ടോയെന്നറിയാൻ എന്റെ കൂടെ ദേ പോലീസ് ഉണ്ട്. പപ്പയും മമ്മിയും ഉണ്ടോ വീട്ടിൽ?” 

വെളിച്ചത്താൽ സമ്പന്നമായ വീട്ടിലേക്ക് നോക്കി അവൾ അവസാനവാചകം നിർത്തി. 


“തിരിച്ചു വരുമ്പോൾ കേറിയാൽ മതി. ഡിന്നർ കഴിച്ചിട്ട് പോകാമെന്നു പപ്പയും മമ്മിയും പറഞ്ഞു.” 

ചെറുചിരിയോടെ മറുപടിയായി ഹിബോൺ പറഞ്ഞു. 

“അതൊക്കെ നോക്കാം നമുക്ക് പിന്നെ. ദേ ഈ സാറിന് ധൃതിയുണ്ട്! 

നീ വേഗം കേറ്...” 

ക്ലച്ചമർത്തി ഗിയറിട്ട് അവൾ ധൃതിഭാവിച്ച് പറഞ്ഞു. ഹിബോൺ അനുസരിച്ചു. 


 കാർ നീങ്ങി തുടങ്ങിയതോടെ അഞ്ജന ഒരു നോട്ടം ബഞ്ചമിനു നേർക്ക് പായിച്ചു. അവൻ ഹിബോണിനെ ഒന്ന് തിരിഞ്ഞു നോക്കി മന്ദഹസിച്ചു,   ശേഷം ചോദിച്ചു; 

“ഹിബോൺ, എന്തുണ്ട്... സുഖമാണോ!?” 

അവൻ ഭവ്യതയോടെയും ശ്രദ്ധയോടെയും മറുപടി നൽകി; 

“ചേട്ടാ... അല്ല, സാർ, സുഖമാണ്.” 


ബഞ്ചമിൻ നേരെയിരുന്ന് ചെറുചിരി ഒതുക്കി പറഞ്ഞു; 

“നീ, സാറേ എന്നൊന്നും വിളിച്ചു കഷ്ടപ്പെടേണ്ട. എല്ലാം ഞാൻ അറിയുന്നുണ്ട് കേട്ടോ...” 

മറുപടിയായി എന്ത്‌ ഭാവമായിരിക്കും ഹിബോണിന്റെ മുഖത്ത് വരിക എന്നതിനെപ്പറ്റി ബഞ്ചമിന് കൃത്യമായ ധാരണ ഉണ്ടായിരുന്നു. 


“അവൻ മര്യാദക്കാ ഇപ്പോൾ നടക്കുന്നത്, പഴയ പോലെയൊന്നുമല്ല...” 

നേരെയിരുന്നു തന്നെ ബഞ്ചമിനെ ഉദ്ദേശിച്ച് ഇങ്ങനെ പറഞ്ഞശേഷം ബാക്കിയെന്ന വണ്ണം അഞ്ജന പറഞ്ഞു, ഹിബോണിനോടായി; 


“ടാ നീ ഒരു പെണ്ണിനെ വളച്ചുവെക്ക് കേട്ടോ, ഭാവി പോകാതെ... അൽകുൽത്തൊന്നും ഉണ്ടാക്കാതെ വേണം, പറഞ്ഞേക്കാം...” 

ബഞ്ചമിൻ ഇടയ്ക്കുകയറി; 

“ഇവള് കെട്ടിച്ചുതരുമെടാ മോനെ...” 

ചിരിയോടെ അവൾ പൊതുവായി പറഞ്ഞു; 

“അതൊക്കെ ഞങ്ങൾ പരസ്പരം സംസാരിച്ച് സെറ്റാക്കി വെച്ചിരിക്കുന്നതാ, അല്ലേടാ...?” 


 മറുപടിയായി ഹിബോൺ ചിരിച്ചുപോയപ്പോഴേക്കും ഒരു റസ്റ്റോറന്റ് കണ്ട് ബഞ്ചമിൻ വിരൽ ചൂണ്ടി. ‘ഫുഡ്‌ കഴിക്കാം’ എന്നും പറഞ്ഞു അവിടേക്ക് കാർ അവൾ തിരിച്ചു കയറ്റി. 


28 


വെളിച്ചത്തെ അല്പം മാത്രം മാനിച്ച് കാറിനെയും-കോളിനെയും മുൻനിറുത്തി മഴ, സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സായാഹ്നത്തെ പുൽകി തകർത്തു പെയ്തു കൊണ്ടിരിക്കുകയാണ്. കോളേജ് അവധി ദിവസം ആയതിനാൽ പതിവായെന്ന വിധം തന്റെ ബെഡ്ഡിൽ പുതച്ചു കിടന്ന് ചുരുണ്ടുറങ്ങുകയായിരുന്നു ലീന. അവളുടെ പുരികങ്ങൾ ഒന്നിളകി, പിറകെ അടഞ്ഞിരിക്കുന്ന നയനങ്ങൾ ചലിച്ചു -ഇവ പടർന്നെന്ന വിധം അവളുടെ രൂപമാകെ വിറളി കൊണ്ടു. പെട്ടെന്നടുത്ത നിമിഷം ഒന്നു ശ്വാസം വേഗത്തിലെടുത്ത് അവൾ ചാടിയെഴുന്നേറ്റു. പരിസരം വ്യക്തമായ നിമിഷം തന്നെ അവൾ സ്വന്തം ഹൃദയഭാഗത്തായി ഇടതുകൈവെച്ച് ശ്വാസം വലിച്ചെടുത്തു വിട്ടുകൊണ്ടിരുന്നു. 


[തുടരും...] 


Rate this content
Log in

Similar malayalam story from Romance