Jyothi Kamalam

Horror

4.0  

Jyothi Kamalam

Horror

"മഞ്ഞുവീണ കൽപ്പടവുകൾ"

"മഞ്ഞുവീണ കൽപ്പടവുകൾ"

2 mins
388


വെറും പഞ്ചായത്തുകുളം എന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കുന്നതിൽ ശരികേടുണ്ട്.

രാത്രിയായാൽ കുളത്തിന്ടെ വാർത്ത തിണ്ണയിൽ ഇരുന്നു മാനത്തെ അമ്പിളി മാമനെ നോക്കി കിടക്കുമ്പോൾ രണ്ടാണ് കാഴ്ച- നിരതെറ്റിയ താരകകുഞ്ഞുങ്ങളും അവർക്കു തുണയായി മാനത്തു ഒഴുകി നടക്കുന്ന സ്വന്തം അമ്പിളിമാമനും പിന്നെ താഴെ ഭൂമിയിൽ തഴവ പഞ്ചായത്തു കുളത്തിലെ വെള്ളത്താമരകൾക്കിടയിൽ ഒളിച്ചിരുന്ന് അവരുടെ വെടി പറച്ചിലിന് കാതോർക്കുന്ന മറ്റൊരു അമ്പിളിമാമനും.

കൊതുകുകടി അസഹനീയം ആണെങ്കിലും അമ്മ അറിയാതെ കൂടെക്കരുതി വലിക്കാറുള്ള ഗോൾഡ് ഫ്ലെകിന്ടെ പുകച്ചുരുളുകൾ ഒരു പരിധിവരെ അവറ്റയെ അലോസരപ്പെടുത്തിക്കാണണം.

അങ്ങനെ വെടി പറഞ്ഞിരുന്ന കൂട്ടത്തിൽ ആണ് കൂട്ടുകാരുമൊത്തു പഞ്ചായത്തു കുളം വറ്റിച്ചു അതിൽ നിന്നു മുശിയെയും വരാലിനെയും ഒക്കെ വല്ലം കൊണ്ട് ചേറിലാഴ്ത്തിപ്പിടിച്ചു നാട്ടുകാർക്കും കൂട്ടുകാർക്കും ഒക്കെയായി കൊടുക്കാറുള്ള കാര്യം അരവിന്ദ് പറഞ്ഞത്. നാളെ അതാവാം പരിപാടി എന്തായാലും നീ കണ്ടിട്ടില്ലല്ലോ നമുക്ക് രാവിലെ അതിന്ടെ വട്ടം കൂട്ടാം സജിയോടായി അരവിന്ദ് പറഞ്ഞു അവനു സന്തോഷമായി. നാട്ടിൻപുറത്തെ ഇത്തരം കലാപരിപാടികൾ ഒന്നും നഗരത്തിലെ ഒഴുക്കിൽ പെട്ടുപോയ സജിക്ക് പരിചയം ഇല്ലായിരുന്നു.

ആഴ്ചയിൽ ഉള്ള വീട്ടിലേക്കുവരവ് നിർത്തിയാൽ തന്നെ സപ്പ്ളികൾ ഒരുപരിധി വരെ ഒഴിവാക്കാം എന്ന് അറിയാമെങ്കിലും വെള്ളിയാഴ്ചവൈന്നേരം ആകുമ്പോൾ പെട്ടെന്ന് ഉരുണ്ടു കൂടുന്ന ഒരു കാർമേഘം …..പെയ്യാൻ വെമ്പുന്ന നനുത്ത കാർമേഘം....

എപ്പഴോ പെയ്തിറങ്ങിയ കുളിരിൽ കുളപ്പടവിൽ തന്നെ ഉറങ്ങിപ്പോയി. ...പെയ്തിറങ്ങിയ മഞ്ഞിൻ കണങ്ങൾ പയ്യെ നെറുകയിൽ ഉമ്മ വെച്ചപ്പോൾ ആണ് കണ്ണ് തുറന്നത്‌. ആഹാ !! എന്നെ ഒറ്റക്കാക്കിയിട്ടു അവൻ കടന്നുകളഞ്ഞോ ...തന്നേം കൂടെ കൂട്ടീട്ടു പോയാൽ പോരാ അവനു. വഴി പോലും തിട്ടം ഇല്ലാത്തിടത്തു തന്നെ ഏകൻ ആക്കിയിട്ടു …സജിക്ക് നന്നേ അരിശം കയറി ...

അവൻ വീട്ടിൽ എത്തിയിട്ടില്ല പോലും. രണ്ടാൾക്കും ഉള്ള വഴക്കു ഒറ്റയ്ക്ക് ഏറ്റുവാങ്ങുമ്പോൾ അനിയത്തിക്കുട്ടി ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു പുതിയ നാട്ടുകാരനെ... കുളം വറ്റിക്കാൻ ഏർപ്പാടാക്കാൻ പോയി കാണും 'അമ്മ കൊണ്ടുവന്ന ചായയും കുടിച്ചു അവനെ നോക്കികൊണ്ട്‌ വരാന്തയിൽ തന്നെ ഇരുന്നു. നാടറിയാത്ത തന്നെ ഒറ്റയ്ക്ക് 'അമ്മ വിടുന്നതുമില്ല. ഉച്ചവരെയും അവനെ കാണാതെ വന്നപ്പോൾ പരിഭ്രാന്തി വീട്ടിലും; പതിയെ നാട്ടിലും പടർന്നു തുടങ്ങി. പോലീസിൽ പരാതി കൊടുത്ത നടപടിയുടെ ബാക്കി ആയി കരുനാഗപ്പള്ളി പോലീസ് വീടുതേടി എത്തി. ഒരു കുറ്റവാളിയോട് ചോദിക്കുന്നപ്പോലെയുള്ള ചോദ്യശരങ്ങൾ അവരെ കുളം വറ്റിക്കുന്ന ഘട്ടത്തിലേക്കു എത്തിച്ചു ..

മഴക്കാലം കഴിഞപാടെ ആയതുകൊണ്ട് ഒരുപാടുനേരം വേണ്ടിവന്നു അടിമട്ട് എത്താൻ. അവന്ടെ ചേതനയറ്റ ശരീരം കരയ്ക്കു വലിച്ചു കേറ്റുമ്പോൾ മുഷ്ടി നിറയെ നീണ്ട ചുരുളൻ മുടി മുറുക്കെ പിടിച്ചിരുന്നു. കോടിയ കണ്ണുകളിൽ ഭയത്തിന്റെ പരവേശം തീരെ കാണാൻ ഇല്ലായിരുന്നു-കൂടെ അവൻ പറഞ്ഞപോലെ തന്നെ നിറച്ചും വരാലും മുശിയും  പിടയുന്നുണ്ടായിരുന്നു….ജീവനോട് മല്ലടിച്ചുകൊണ്ട്‌.

പോസ്റ്റുമാർട്ടും റിപ്പോർട്ടിൽ ശ്വാസകോശങ്ങളിൽ വെള്ളത്തിന്റെയോ ചെളിയുടെയോ ഒരു തരി അവശേഷിപ്പും ഇല്ലായിരുന്നു. പിന്നെ എങ്ങനെ നീന്തൽ അറിയാവുന്ന അവൻ മുങ്ങി താഴ്ന്നു ....അവന്ടെ വലത്തേ കൈത്തണ്ടയിൽ പച്ചകുത്തിയിരുന്ന കൃഷ്ണന്റെ രൂപത്തിൽ നിന്ന് ഓടക്കുഴൽ അപ്രത്യക്ഷമായിരുന്നത്‌ സജിയെ നന്നേ ഭയചിത്തനാക്കി…ഉൽക്കണ്ഠ അവനിൽ ആളിപ്പടർത്തി.

ചടങ്ങുകൾ ഇനിയും ബാക്കി നിൽക്കെ വർഷങ്ങൾക്കു മുൻപ് അകാലമൃത്യു വരിച്ച കുഞ്ഞൻ എന്ന് വിളിപ്പേരുള്ള നന്ദുവിന്റെ മൃതദേഹവും ഇതേ കുളക്കരയിൽ പൊന്തിയ കാര്യം കാര്യക്കാരിൽ ഒരാൾ ഓർമ്മിപ്പിച്ചു. പരിഹാര കർമ്മങ്ങൾ ഒക്കെയും ചെയ്തു കുഞ്ഞു ആത്മാവ് തഴവ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനക്കൊട്ടിലിനു സമീപം കുടിയിരുത്തിയിരുന്നു...

ഇപ്പോൾ വർഷങ്ങൾക്കിപ്പുറം അരവിന്ദിൻടെ അവശേഷിപ്പുകൾ ചെയ്യാനായി കടവിൽ ഇറങ്ങിയ തന്ത്രി അകെ സ്തബ്ധനായി... നന്ദുവിനെ ചാവ്കുടിവച്ച മണ്ഡപം ഇന്നലെ പെയ്ത ഇടിവെട്ടിമഴയിൽ തകർന്നു കിടക്കുന്നു. ഇന്നലെ മഴ പോയിട്ട് ഒരു കാറ്റുപോലും വീശിയതായി ആർക്കും അനുഭവമില്ല.

അയാളുടെ ഭ്രാന്തമായ ചിന്തകൾ ഉത്തരം കിട്ടാതെ ദിനംതോറും അലഞ്ഞു നടന്നു ....അമ്പലമുറ്റത്തും ...വറ്റിവരണ്ട കുളക്കടവിലും... അവനുവേണ്ടി നട്ട ചെന്തെങ്ങിൻ തണലിലും മറ്റും മറ്റും..

വിശ്വാസങ്ങളുടെ മീതെ അന്ധവിശ്വാസങ്ങൾ എന്ന് പുതുതലമുറ തിരുത്തി എഴുതിയ ചിന്തകൾ അയാളെ മത്തു പിടിപ്പിച്ചു കൊണ്ടേയിരുന്നു.


Rate this content
Log in

Similar malayalam story from Horror