Navaneeth RB

Horror Fantasy Thriller

4.0  

Navaneeth RB

Horror Fantasy Thriller

ഐന്ദ്രജാലികൻ

ഐന്ദ്രജാലികൻ

5 mins
390


30 വർഷങ്ങൾക്ക് മുൻപ്പ് നടന്ന ഒരു സങ്കല്പിക കഥ. കേരളത്തിലെ പാലക്കാട്‌ ജില്ലയിലെ ഒരു ഗ്രാമപ്രദേശം.കാളിയൻ കുന്ന് എന്നാണ് ആ ഗ്രാമത്തിന്റെ പേര്. ഒരു ദ്വീപിനു സമാനമായി കിടക്കുന്ന പ്രദേശം. കാളിയൻ പുഴ കാളിയൻകുന്നിനെ ചുറ്റി ഒഴുകി പോകുന്നു.മഴക്കാലം ആയാൽ കാളിയൻ പുഴയിലെ ജലനിരപ്പ് ഉയർന്ന് കാളിയൻകുന്ന് വെള്ളത്തിൽ മുങ്ങും. ഗ്രാമത്തിൽ ഉള്ളവർക്ക് അതികം വിദ്യാഭ്യാസം ഒന്നും ഇല്ല. പാവപെട്ടവർ ആയ കുറച്ചു നല്ല മനുഷ്യർ. ഗ്രാമത്തിൽ ഒരു പോലീസ് സ്റ്റേഷനും ഉണ്ട്. കേസുകൾ ഒന്നും ഇല്ല. വരുന്നതോ ചെറിയ അടി പിടി കേസ് മാത്രം.


           ഈ പറഞ്ഞത് മാത്രമല്ല കാളിയൻകുന്ന്.ഇതിനപ്പുറം ഒരു സ്ഥലം കൂടി ഉണ്ട് ആ ഗ്രാമത്തിൽ.ആ ഗ്രാമത്തിന്റെ ഒരു പ്രധാന സവിശേഷത. ഗ്രാമത്തിലെ ജനങ്ങൾ വളരെ ഭീതിയോടെ, പേടിയോടെ കാണുന്ന സ്ഥലം. 

             "മരതകകാട് "


കാളിയൻ കുന്നിലെ വളരെ ഭീതിജനകമായ സ്ഥലം.എല്ലാവരും അങ്ങോട്ട് പോകാൻ മടിക്കുന്നു. ആ കാട്ടിനുള്ളിൽ പ്രവേശിച്ചവർ ആരും ഇന്ന് ജീവനോടെ ഇല്ല. പ്രവേശിച്ചവർ എല്ലാം മരതക കാടിനു ഉള്ളിൽ വെച്ചുതന്നെ ദുർമരണപെട്ടിട്ടുണ്ട്.


ഗ്രാമവാസികൾ വിശ്വസിക്കുന്നത് മരതകകാട്ടിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ദുർമന്ത്രവാതവും അഭിചാരക്രിയകളും നരബലി ഉൾപ്പെടെ നടന്നിട്ടുണ്ട് എന്നാണ്.

മാത്രമല്ല ആ കാട്ടിൽ അദൃശ്യൻ ആയ ഒരു മന്ത്രികന്റെ സാന്നിധ്യം ഉണ്ടെന്നും അവർ വിശ്വസിക്കുന്നു. രാത്രികാലങ്ങളിൽ അത് വഴി യാത്ര ചെയ്യുന്നവർ പല മയക്കാഴ്ചകൾ കണ്ടിട്ടുണ്ട്.ഇതെല്ലാം കൊണ്ട് ആണ് കാടിനുള്ളിൽ പ്രേവേശിക്കുന്നവർ മരണപ്പെടുന്നത് എന്ന് ഗ്രാമവാസികൾ കരുതുന്നു.


കാളിയൻകുന്ന് പോലീസ് സ്റ്റേഷനിൽ ഏറെ നാളായി എസ് ഐ ഇല്ല. സ്റ്റേഷനിലേക്ക് എസ് ഐ ആയി നിയമിക്കപെടുന്നവർ മരതകകാടിന്റെ കഥ അറിയുകയും പിന്നീട് അങ്ങോട്ട് വരാതെയും ആയി. അങ്ങനെയിരിക്കെയാണ് എസ് ഐ രാജേന്ദ്രൻ കാളിയൻകുന്നിലേക്ക് എസ് ഐ ആയി സ്ഥലം മാറി വന്നത്. രാജേന്ദ്രന് മരതകകാടിനെ കുറിച്ച് അറിയാം എന്നാൽ ഇതിലൊന്നും വിശ്വസിച്ചിരുന്നില്ല. അദ്ദേഹം കുടുംബസമേതം കാളിയൻകുന്നിലേക്ക് താമസം മാറി. അദേഹത്തിന്റെ കൂടെ അമ്മ, ഭാര്യ, അഞ്ചുവയസുകാരി മകൾ, എട്ട് വയസ്സുകാരൻ മകൻ ഗോവർദ്ധൻ എന്നിവർ ഉണ്ട്. ഗോവർദ്ധന് ജന്മനാ സംസാരശേഷി ഇല്ല. അവൻ കാണുന്നതും കേൾക്കുന്നതും ആണ് അവന്റെ ലോകം.


രാജേന്ദ്രൻ കാളിയൻകുന്നിൽ താമസിക്കാനായി അവിടുത്തെ സ്റ്റേഷനിലെ കോൺസ്റ്റബിളിന്റെ സഹായത്തോടെ ഒരു വീട് വാടകയ്ക്ക് എടുത്തു. അദ്ദേഹത്തിന് വേണ്ടുന്ന എല്ലാ സഹായങ്ങളും കോൺസ്റ്റബിൾ ചെയ്തു നൽകി. കോൺസ്റ്റബിളിന്റെ വീടിന് സമീപമായിരുന്നു എസ് ഐ യുടെ വാടക വീടും. അതുകൊണ്ട് തന്നെ കോൺസ്റ്റബിളിന്റെ കുടുംബവും അവർക്ക് സഹായമായി.


സ്റ്റേഷനിൽ ഡ്യൂട്ടി കഴിഞ്ഞ് രാജേന്ദ്രനും കോൺസ്റ്റബിളും രാത്രി ഒന്നിച്ചാണ് വീട്ടിൽ വരുന്നത്. സന്ധ്യ സമയത്ത് കോൺസ്റ്റബിളിന്റെ ഭാര്യയും മകനും രാജേന്ദ്രന്റെ വീട്ടിൽ വരും. അവർ തമ്മിൽ വിശേഷങ്ങൾ കൈമാറും. രാജേന്ദ്രന്റെ അമ്മയ്ക്കോ ഭാര്യയ്ക്കോ മരതകകാടിനെക്കുറിച്ച് അറിയില്ലായിരുന്നു കാരണം രാജേന്ദ്രൻ അത് അവരോട് പറഞ്ഞിരുന്നില്ല. ഒടുവിൽ ഒരു സംഭാഷണത്തിനിടെ മരതകകാട് പരാമർശിക്കപ്പെട്ടു.


"മരതകകാടോ...... അത് എന്താണ്?

എവിടെയാണ്?" ആശ്ചര്യത്തോടെ രാജേന്ദ്രന്റെ ഭാര്യ ചോദിച്ചു.

മരതകകാടിനെ കുറിച്ച് കോൺസ്റ്റബിളിന്റെ ഭാര്യ വിവരിക്കാൻ തുടങ്ങി.

എല്ലാവരും അത്ഭുതത്തോടെ ആ മാന്ത്രിക വനത്തെ കുറിച്ച് കേട്ടു. ഒപ്പം ഗോവർദ്ധനും. ആ എട്ട് വയസ്സുകാരന് സംസാരശേഷി ഇല്ലാത്തതിനാൽ മറിച് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല. എന്നാലും മരതകകാടിനെ കുറിച്ചും അവിടുത്തെ അദൃശ്യജാലകൻ ആയ ഐന്ദ്രജാലികനെക്കുറിച്ചും അവൻ ആ രാത്രി അറിഞ്ഞു. അതെ സമയം ഇതൊന്നും തന്നോട് പറയാത്തതിന്റെ രോഷം രാജേന്ദ്രന്റെ ഭാര്യയിൽ ഉണ്ടായി. ഡ്യൂട്ടി കഴിഞ്ഞ് രാജേന്ദ്രൻ വീട്ടിൽ എത്തി.


     "എടി,കഴിക്കാൻ വല്ലതും എടുത്ത് വെയ്ക്ക് " രാജേന്ദ്രൻ പറഞ്ഞു.


" നിങ്ങൾ ഇങ്ങോട്ട് വരുന്നതിന് മുൻപ്പ് ഈ നാടിനെ കുറിച്ച് എല്ലാം അറിയാം എന്നല്ലേ പറഞ്ഞത്..... പിന്നെന്താ ആ കാടിനെ കുറിച്ച് പറയാതിരുന്നത്. " ഭാര്യ ചോദിച്ചു


പരിഹാസപൂർവം ചിരിച്ചുകൊണ്ട് രാജേന്ദ്രൻ മറുപടി നൽകി

"ഏത് കാട്... ഓ.... മറ്റേ മരതകകാട്, ഇതൊക്കെ ആൾക്കാർ വെറുതെ പറയുന്നത് അല്ലെ. അതിന്റെ അകത്ത് കയറുന്നവർ വല്ല പാമ്പും കടിച്ച് മരിക്കുന്നതായിരിക്കും. കൊടുംകാട് അല്ലെ. അതിനാണ് വെറുതെ മാന്ത്രികൻ, ദുരാത്മാവ്, ദുർമരണം എന്നൊക്കെ പറയുന്നത്... എനിക്കിതിലൊന്നും വിശ്വസിക്കാൻ വയ്യ......"

"ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ഇതേ പോലെ കുറെ വിശ്വാസങ്ങൾ അതിലൊക്കെ വിശ്വാസവും ഉണ്ടായിരുന്നു. മുത്തശ്ശി പണ്ട് കുറെ കഥകൾ പറഞ്ഞിട്ടുണ്ട്....." ഭാര്യ പറഞ്ഞു.


"ഓ നീയും നിന്റെ ഒരു മുത്തശ്ശിയും. എടി ഞാൻ ഒരു പോലീസ്‌കാരൻ ആണ്. ഞങ്ങൾക്ക് വേണ്ടത് ധൈര്യമാ... ഏത് പ്രതിസന്ധിയെയും അഭിമുഖികരിക്കാനുള്ള ധൈര്യം. ഇനി നീ പറയുന്നത് പോലെ അതൊക്കെ സത്യം ആണെന്ന് തന്നെ ഇരിക്കട്ടെ. നമ്മൾ അങ്ങോട്ട് പോകാതിരുന്നാൽ പോരെ, പ്രശ്നം തീർന്നില്ലേ....." ഇതും പറഞ്ഞു രാജേന്ദ്രൻ ഭാര്യയെ സമാധാനപ്പെടുത്തി.


മാസങ്ങൾ കടന്നുപോയി. കാളിയൻകുന്ന് ഒരുപാട് പകലും രാത്രിയും കണ്ടു. വെയിലും മഴയും മാറിമാറി വന്നു.ആ നാടും നാട്ടുകാരും അവർക്ക് പരിചിതമായി മാറി. വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാളിയൻകുന്നിലെ അമ്പലത്തിലെ ഉത്സവം വന്നെത്തി. വലിയ ആഘോഷമാണ്.5 നാൾ നീണ്ടു നിൽക്കുന്ന ആഘോഷം. ഉത്സവവുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾക്ക് പുറമെ കായിക മത്സരങ്ങളും നടക്കുന്നുണ്ട്. കബഡി മത്സരം ആണ് നടക്കുന്നത്. ഉത്സവം കാണാൻ രാജേന്ദ്രനും കുടുംബവും കോൺസ്റ്റബിളിന്റെ കുടുംബവും എത്തി. കോൺസ്റ്റബിളിന് ഉത്സവത്തിന്റെ ഡ്യൂട്ടി ഉണ്ട്. കബഡി മത്സരം രാത്രി 8 മണിയോടെ തുടങ്ങും. കാളിയൻകുന്ന് മുഴുവൻ ആ മൈതാനത്ത് ഉണ്ട്.


" ഞങ്ങൾ വീട്ടിലേക്ക് പോകുവാ... നിങ്ങൾ ഇവിടെ നില്കുവാണോ.... "

രാജേന്ദ്രന്റെ ഭാര്യ ചോദിച്ചു.


" ഞാൻ ഈ കബഡി കണ്ടിട്ട് വരാം.എന്നാ ശെരി നിങ്ങൾ പൊയ്ക്കോ ഞാൻ വന്നേക്കാം... "

രാജേന്ദ്രൻ തന്റെ ഭാര്യയോട് പറഞ്ഞു.


കോൺസ്റ്റബിളിന്റെ കുടുംബത്തോടൊപ്പം അവർ വീട്ടിലേക്ക് പോകാൻ തുടങ്ങുന്നു.

എന്നാൽ ഗോവർദ്ധന് ആ സമയത്ത് വീട്ടിലേക്ക് പോകാൻ താല്പര്യം ഇല്ലായിരുന്നു.അവന് അവന്റെ അച്ഛന്റെ കൂടെ നിൽക്കാനായിരുന്നു താല്പര്യം. ഗോവർദ്ധന്റെ മനസ്സ് പെട്ടന്ന് തന്നെ രാജേന്ദ്രന് മനസിലായി. അവനെ രാജേന്ദ്രൻ തന്റെ കൂടെ മത്സരം കാണാൻ നിർത്തി. അവന് അമ്മയേക്കാൾ ഇഷ്ടം അച്ഛനെയായിരുന്നു. കാരണം, അവന്റെ മനസ്സ് നന്നായി തിരിച്ചറിയാൻ, അത് മനസ്സിലാക്കാൻ രാജേന്ദ്രന് സാധിച്ചു എന്നതാണ്.


8 മണിക്ക് തുടങ്ങേണ്ട മത്സരം താമസിച്ചു. ഒടുവിൽ 9 മണിയോടെ തുടങ്ങി. വാശിയേറിയ കബഡി മത്സരം. താമസിച്ച് തുടങ്ങിയതിനാൽ താമസിച്ച് മാത്രമേ അവസാനിക്കുകയുള്ളു. സമയം 11 മണിയോട് അടുക്കുന്നു.


" നിന്ന് നിന്ന് സമയം പോയതറിഞ്ഞില്ല, ഞങ്ങൾ അങ്ങ് പോകുവാ. ഇത് തീരുമ്പോഴേക്കും വെളുക്കും. എതെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വേണ്ടപോലെ കൈകാര്യം ചെയ്തോണം. അപ്പൊ ശെരി നാളെ കാണാം "

കോൺസ്റ്റബിളിനോട് യാത്ര പറഞ്ഞ് രാജേന്ദ്രൻ നടക്കാൻ തുടങ്ങി. കൂടെ ഗോവർദ്ധനും. വെട്ടത്തിനായി മൈതാനത്ത് കുത്തിയിരുന്ന പന്തവും അയാൾ എടുത്തു.


"സാർ " കോൺസ്റ്റബിൾ വിളിച്ചു

" എന്താടോ "

കോൺസ്റ്റബിൾ രാജേന്ദ്രന്റെ അടുത്ത് ചെന്നു.

" സാറേ, നേരം ഇത്രെയും ആയില്ലേ... ഈ സമയത്ത് അത് വഴി.. കുഞ്ഞിനേയും കൊണ്ട്.. സാറിന് അറിയാമല്ലോ രാത്രി അത് വഴി ഉള്ള യാത്ര അത്ര നല്ലതല്ല "


" ഒന്ന് പോടോ... ഒരു മരതകകാട്. ഞാൻ ഇവിടെ വന്നിട്ട് ഒരു വർഷം ആകുന്നു. വന്നപ്പോൾ തൊട്ട് കേൾക്കാൻ തുടങ്ങിയതാ... ഏത് മാന്ത്രികനോ ആത്മാവോ വന്നാലും ഈ പന്തം ഉണ്ടെങ്കിൽ എല്ലാവരും പേടിച് ഓടിക്കോളും ". രാജേന്ദ്രൻ പറഞ്ഞിട്ട് വീട്ടിലേക്ക് നടക്കാൻ തുടങ്ങി.


" അത് ഈ പന്തത്തിൽ ഒന്നും ഓടി പോകുന്ന ഇനം അല്ല സാറേ.... "

കോൺസ്റ്റബിൾ പറഞ്ഞു.


രാജേന്ദ്രൻ ഏത് കേട്ടെങ്കിലും കേട്ടിട്ടില്ലാത്ത ഭാവത്തിൽ ഒരു കൈയിൽ പന്തവും മറ്റേ കൈയിൽ ഗോവർധനെയും പിടിച്ച് ഇരുട്ടിന്റെ മറവിലേക്ക് നടന്നു നീങ്ങി.


സമയം അർധരാത്രിയോട് അടുക്കുന്നു. ഇരുട്ട് തളം കെട്ടിയ വഴിയിലൂടെ അവർ വീട്ടിലേക്ക് യാത്ര തുടർന്നു. എല്ലാം കാറ്റ് അവരെ തഴുകി തഴഞ്ഞു നീങ്ങുന്നു. അങ്ങനെ അവർ ആ ദുരൂഹ വനത്തിന് അടുത്തേക്ക് എത്തി. രാജേന്ദ്രന്റെ ഉള്ളിൽ ചെറിയ പേടി ഉണ്ടെങ്കിലും അയാൾ സധൈര്യം ഗോവർദ്ധന്റെ കൈ മുറുകെ പിടിച്ച് നടന്നു നീങ്ങി. പെട്ടെന്ന് മരതകകാട്ടിൽ നിന്ന് ഒരു മനുഷ്യന്റെ അലർച്ച കേട്ടു. കാടിന്റെ നടുവിൽ നിന്നാണ് ആ ശബ്ദം വന്നത്. അലർച്ചയുടെ ഭീതി സൂചിപ്പിച്ചുകൊണ്ട് മരത്തിൽ അഭയം പ്രാപിച്ച വവ്വാലുകൾ കൂട്ടത്തോടെ ചിറകടിച്ചു പറന്നുയർന്നു. ഇതെല്ലാം കുഞ്ഞു ഗോവർധനിൽ ഭീതി നിറച്ചു. രാജേന്ദ്രൻ ഗോവർദ്ധന്റെ കൈ കുറച്ചുകൂടി മുറുകെ പിടിച്ചു. കൈയിൽ കരുതിയ പന്തത്തിന്റെ വെളിച്ചത്തിൽ, ആ വെളിച്ചം നൽകിയ ധൈര്യത്തിൽ രാജേന്ദ്രൻ ഗോവർദ്ധനോടൊപ്പം കാടിനുള്ളിൽ പ്രവേശിക്കാൻ തുടങ്ങി.


ആ മാന്ത്രിക വനത്തിൽ അവർ കാലുകുത്തി. ഉടനെ തന്നെ ആ കാടിനെ ആകമാനം തഴുകി വന്ന കാറ്റ് കൈയിൽ കരുതിയ പന്തത്തിന്റെ തീ അണച്ചു.കൂരാകൂരിരുട്ട്, ഒരു തരി പോലും വെളിച്ചമില്ല. രണ്ടും കൽപ്പിച്ച് രാജേന്ദ്രൻ ഗോവർദ്ധനെയും കൂട്ടി കാടിന് ഉള്ളിലേക്ക് നടന്നു നീങ്ങി. ഇരുട്ട് തളം കെട്ടിയ ആ വനവീഥിയിലൂടെ നടന്ന് നടന്ന് കാടിന് നടുവിൽ അവർ എത്തി ചേർന്നു. കാടിന് നടുക്ക് കാട് മൂടിയ ഒരു മണ്ഡപം അയാൾ ശ്രദ്ധിച്ചു. മണ്ഡപത്തിലേക്ക് കയറാൻ അയാൾ ശ്രമിച്ചു. രാജേന്ദ്രന് ശരീര അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. അയാൾ വായിൽ നിന്നും ചോര തുപ്പാൻ തുടങ്ങി. ഇത് കണ്ട് നിന്ന ഗോവർദ്ധന് പേടിയായി. ചോര തുപ്പി അയാൾ ആ ഇല പൊതിഞ്ഞ വനവീഥിയിൽ ഇലകൾക്ക് മീതെ വീണു. മരിച്ചു.


ഇതേ സമയം ഗോവർദ്ധന്റെ ഉള്ളിലേക്ക് എന്തോ ശക്തി പ്രവേശിച്ചതുപോലെ അവന് തോന്നി. അവൻ പതുക്കി അവന്റെ ചുണ്ടുകൾ അനക്കാൻ തുടങ്ങി. അങ്ങനെ അവൻ ജീവിതത്തിൽ ആദ്യമായി സംസാരിച്ചു കരഞ്ഞു.

         "അച്ഛാ...... എഴുന്നേൽക്ക് അച്ഛാ........"

    ദേഹമാസകലം ചോരവാർന്നു നിലത്ത് വീണു കിടന്ന അച്ഛനെ നോക്കി അവൻ കരഞ്ഞു.പക്ഷേ ആദ്യമായി മകൻ സംസാരിക്കുന്നത് കേൾക്കണോ അതിന് മറുപടി നൽകാനോ രാജേന്ദ്രന് സാധിച്ചിരുന്നില്ല.


" അച്ഛാ.. എഴുനേൽക്ക് അച്ഛാ.... ഞാൻ ഒറ്റക്ക് അല്ലേ അച്ഛാ... എന്നെ തനിച്ചാക്കി പോകല്ലേ ". അവൻ കരഞ്ഞു പറയാൻ തുടങ്ങി. ആദ്യമായി മരതക കാട്ടിൽ ഒരു മനുഷ്യന്റെ ശബ്ദം ഉയർന്നു കേട്ടു. ഇരുട്ട് താളം കെട്ടിയ ആ രാത്രിയിൽ ആ മാന്ത്രിക വനം മുഴുവൻ അവൻ അച്ഛനെ വിളിച്ചു എന്ത് ചെയ്യണം എന്ന് അറിയാതെ നടന്നു.


കാളിയൻകുന്നിലെ ഗ്രാമവാസികൾ ആരും കണ്ടിട്ടില്ലാത്ത മരതകകാടിന്റെ അകകഴ്ചകൾ ഗോവർദ്ധൻ കണ്ടു. നാട്ടുകാർ നിരന്തരം ഭീതിജനിപ്പിച്ച ആ കാടിന്റെ ഉള്ളിൽ ഒരു നിസ്സഹായനെ പോലെ അവൻ നടന്നു. എന്ത് ചെയ്യണം എന്നറിയാതെ. ആ രാത്രി മുഴുവൻ അവൻ ഒറ്റക്ക് കഴിച്ചുകൂട്ടി.


രാവിലെ അത് വഴി പോയവർ രാജേന്ദ്രന്റെ മൃദദ്ദേഹം കണ്ടു ഒപ്പം ഗോവർദ്ധനെയും. എന്നാൽ ഈ സമയത്ത് നാട്ടുകാരെ അതിശയപ്പെടുത്തിയത് ഗോവർദ്ധൻ ആണ്. ഗ്രാമവാസികളുടെ എല്ലാം സംസാരവിഷയം അവനായിരുന്നു. മരതകകാട്ടിൽ പ്രവേശിച്ച ആരും ജീവിച്ചിരിക്കില്ല എന്നതിനെ അവൻ തിരുത്തി.

"എന്നാലും എന്തുകൊണ്ടാവാം മരിക്കാതിരുന്നത് " എന്നും ചിന്തിക്കുന്നവർ ഉണ്ടായിരുന്നു.

അത് മാത്രമല്ല അവനിൽ അവർ അത്ഭുതപെടാനുള്ള കാരണം. ഇത്രെയും നാളായിട്ടും സംസാരിക്കാത്ത അവൻ സംസാരിച്ചു.സാധരണ പുതിയതായി സംസാരശേഷി കിട്ടുന്നവരെ പോലെയല്ല ഗോവർദ്ധൻ.

അവൻ സാധാരണ ആളുകൾ സംസാരിക്കുന്നത് പോലെയാണ് സംസാരിച്ചത്. ഇതും ഗ്രാമവാസികളിൽ അത്ഭുതവും ദുരൂഹതയും നിറച്ചു.


ചിലർ പറയുകയുണ്ടായി മരതകകാട്ടിലെ അദൃശ്യനായ മാന്ത്രികൻ ഗോവർദ്ധനിൽ ഉണ്ടെന്ന്. പിന്നീട് പല പുതിയ കഥകളും വാർത്തകളും ഗോവർദ്ധന്റെയും മരതക കാടിന്റെയും പേരിൽ കാളിയൻകുന്നിൽ പരന്നു. അതിൽ ചിലത് അവർ വിശ്വസിക്കുകയും ചെയ്തു.









Rate this content
Log in

Similar malayalam story from Horror