Sreedevi P

Children Stories Drama Children

4.8  

Sreedevi P

Children Stories Drama Children

രാസി

രാസി

2 mins
720


രാസി മഴയിൽ കൂടെ നടന്നു. അവൾ വിചാരിച്ചു, സ്കൂൾ വിട്ടപ്പോൾ മഴ ഉണ്ടായിരുന്നില്ല. ഇപ്പോൾ പെട്ടെന്ന് മഴ വന്നു. സ്ക്കൂൾ വീടിനടുത്തായതു കൊണ്ട് വേഗത്തിൽ വീട്ടിലെത്താം. മഴ കൂടുകയാണ്. കാറ്റും ചെറുതായി വീശുന്നുണ്ട്. അവൾ ഓടി വീട്ടിലെത്താറായി. 

        

അമ്മ പടിക്കൽ തന്നെ കാത്തു നില്പുണ്ട്. അമ്മ താഴെ ഇറങ്ങി വന്ന് അവളുടെ കയ്യിൽ പിടിച്ച് കൽപ്പടവുകൾ കയറ്റി. അച്ഛനും കുഞ്ഞനുജനും ഉമ്മറത്തു നോക്കി നില്ക്കുന്നുണ്ട്. ചേച്ചി അടുക്കള ജനലിൽക്കൂടെ എന്നെ നോക്കി.


“കുട ഉണ്ടായിട്ടും നീ മഴയിൽ കുളിച്ചുവല്ലോ!” 

“ഉം,” അവൾ മൂളി.

“എവിടെ ചെറിയവൾ?” അമ്മ ചോദിച്ചു. 

“അവൾക്ക് സ്പെഷൽ ക്ലാസ് ഉണ്ട്. കുറച്ചു കഴിഞ്ഞാൽ അവൾ വരും,” രാസി പറഞ്ഞു. 


അപ്പോഴാണ് അവൾ തൊടിയിൽ നിന്നും ശബ്ദങ്ങൾ കേട്ടത്. അവൾ അവിടേയ്കു നോക്കി.


അമ്മാമ പറയുകയാണ്, “ഞാനീമഴവെള്ളം തെങ്ങിൻ ചുവട്ടിലേയ്ക്കാക്കാം,” എന്നു പറഞ്ഞ് തെങ്ങിനു തടമെടുത്തു. 

ചെറിയ അമ്മാമ പറഞ്ഞു, "ചാലു കീറി വെള്ളം അങ്ങോട്ടെത്തിയ്ക്കാം.” 


ചാലുകളിൽ കൂടി വെള്ളം ഒഴുകി ഓരോ മരത്തിന്റെ ചുവട്ടിലേയ്ക്കും പോയി കൊണ്ടിരുന്നു. വലിയമ്മാമ മരങ്ങളുടെ ചുവട്ടിൽ തടമെടുത്തു. 


“ദാ…വെള്ളം കെട്ടി നിർത്തിയിരിക്കുന്ന വരമ്പു പൊട്ടി,” വലിയമ്മ പറഞ്ഞു. അവർ വരമ്പ് പൊതിഞ്ഞു. വെള്ളം വീണ്ടും ശക്തിയോടെ വന്നു. പൊതിഞ്ഞതൊക്കെ വെള്ളത്തിൽ പോയി. വലിയമ്മ കല്ലുകൾ കൊണ്ടു വന്നു വെച്ച് മണ്ണിട്ടു പൊതിഞ്ഞ് വരമ്പ് ശരിയാക്കി.      


അപ്പോഴേയ്ക്കും മണ്ണുകലർന്ന ചായയുടെ നിറമുള്ള മഴ വെള്ളം രാസിയും, അമ്മയും നിൽക്കുന്നിടത്തേയ്ക്ക് വന്നു. അവിടവിടെ കിടക്കുന്ന തടികളെടുത്തിട്ട് അമ്മ മഴവെള്ളം തടഞ്ഞു. 


 ഹോ!!! എന്തൊരു പരക്കം പാച്ചിലാണ് മഴവെള്ളം തടയാൻ! മഴ നിന്നു കഴിഞ്ഞാൽ വെള്ളം വറ്റി പോകും. വീണ്ടും മഴ ശക്തിയായി പെയ്താൽ വീണ്ടും മഴ വെള്ളം നിറയും. അപ്പോഴും എല്ലാവരും കൂടിച്ചേർന്ന് വെള്ളം തടഞ്ഞു നിർത്തും.


എന്തൊരു ബുദ്ധിമുട്ടാണ് കാരണവന്മാർക്കും, കാരണവത്തിമാർക്കും. മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി. മഴയിൽ കുളിച്ചഞാൻ, കുളത്തിൽ കുളിക്കാൻ പോയി. രാസിയുടെ കുളി കഴിഞ്ഞപ്പോഴേയ്ക്കും ചെറിയവളും എത്തി കുളിയ്ക്കാൻ. 


“വേഗത്തിൽ കുളിച്ചു വരണം,” രാസി ചെറിയവളോട് പറഞ്ഞു. 

“ഉം,” അവൾ മൂളി.        


രാസി ഉടനെ വീട്ടിലേയ്ക്കു പോയി, ഉണങ്ങിയ ഉടുപ്പിട്ടപ്പോൾ അവൾക്ക് നല്ല ഉന്മേഷം തോന്നി. വിശപ്പു സഹിയ്ക്കാൻ വയ്യ… അവൾ അടുക്കളയിലേക്കോടി. ചൂട് ദോശയും, കാപ്പിയും ടേബിളിൽ അവളെ കാത്തിരുന്നിരുന്നു.


                 ***


“അമ്മേ!... അമ്മേ!”

“അമ്മമ്മേ!!... അമ്മമ്മേ!!” ശബ്ദങ്ങൾ കേട്ട് രാസി കണ്ണുതുറന്നു. മക്കളും പേരക്കുട്ടികളും, അവളുടെ ഭർത്താവായ രാസനും അവൾക്കുചുറ്റും നില്ക്കുന്നു. 

“അമ്മേ ചായ കുടിക്കാൻ വരൂ,” രാസിയുടെ മകൾ അവളെ വിളിച്ചു. 


“സുഖസുഷുപ്തിയിൽ നിന്നും ഉണർന്നോ?” രാസൻ രാസിയോടുചോദിച്ചു. 

രാസി ഒന്നു പുഞ്ചിരിച്ചു. 


“അവൾ ഇപ്പോൾ സ്വർഗ്ഗത്തിൽ നിന്നും വന്നിരിയ്ക്കയാണ്,” രാസൻ എല്ലാവരോടുമായി പറഞ്ഞു. അതു കേട്ട് എല്ലാവരും കിലുകിലെ ചിരിച്ചു. അപ്പോഴേയ്കും മഴവെള്ളത്തെ വകഞ്ഞു മാറ്റിക്കൊണ്ട് രാസൻറെ വീട്ടുകാരും അവിടെ എത്തി. എല്ലാവരും ആഹ്ലാദിച്ചു. ചൂടുള്ള പരിപ്പുവട കടിച്ച്, ആവി പറക്കുന്ന ചായ ഊതി കുടിച്ച് അവരെല്ലാവരും സന്തോഷത്തോടെ മിന്നിത്തിളങ്ങിപ്പെയ്യുന്ന മഴയെ നോക്കിയിരുന്നു.                          


Rate this content
Log in