ഒരു മഴക്കാല ദിവസം
ഒരു മഴക്കാല ദിവസം
ചുട്ടു പൊള്ളുന്ന വേനൽകാലം അവസാനിക്കാറായി. ഭൂമിയും ജീവജാലങ്ങളും ദാഹാർത്തരായി മഴയ്ക്കുവേണ്ടി കാത്തിരിയ്കുകയാണ്. വേഗം മഴ പെയ്തിരുന്നെങ്കിൽ…..എന്നു വിചാരിച്ച് ഞാൻ ഉറങ്ങാൻ കിടന്നു. ഉറക്കത്തിലേയ്ക് ഞാനാഴ്ന്നാഴ്ന്നു പോയി.
ടിപ്പ്… ടിപ്പ്… ടിപ്പ്… ശബ്ദം കേട്ട് ഞാൻ കണ്ണു തുറന്നു. മഴവെള്ളം ജനൽഗ്ലാസ്സിൽ തട്ടിത്തെറിയ്കുകയാണ്. കാറ്റും നന്നായി വീശുന്നുണ്ട്. ഞാൻ ഉന്മാദത്തോടെ മയിൽ നൃത്തം ചെയ്ത് പുറത്തേയ്ക് നോക്കി. വൃക്ഷ ലതാദികൾ മഴയിൽ ആടിയുലയുകയാണ്.
ഞാൻ സമയം നോക്കി, എട്ടുമണി. പ്രഭാത ഭക്ഷണം കഴിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞ്, പനിച്ചു കിടക്കുന്ന എൻറെ കൂട്ടുകാരനെ കാണുവാൻ ഞാൻ ഹോസ്പ്പിറ്റലിലേയ്ക് പുറപ്പെട്ടു. മഴയത്ത് മനോഹരമായിരിയ്കുന്ന ഭൂപ്രകൃതിയെ നോക്കി ഞാൻ കാറോടിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് കാർ നിന്നു. എന്താണെന്ന് കാർ ഗ്ളാസിലൂടെ നോക്കിയപ്പോൾ ഒരു ആന തുമ്പിക്കൈ കാറിനു മുകളിൽ വെച്ചിരിയ്കുന്നു. ഞാൻ ഞെട്ടി തരിച്ചു!! പിന്നെ മനസ്സ് ക്രമീകരിച്ച് പതുക്കെ, കാർ പിന്നിലേക്ക് നീക്കി. അടുത്ത റോഡിലൂടെ കാറോടിച്ചു. ആശങ്കയോടെ ഞാൻ തിരിഞ്ഞു നോക്കി. ആന മഴവെള്ളത്തിൽ തുമ്പിക്കൈ നീട്ടി കളിയ്കുകയാണ്. നനഞ്ഞ റോഡിലൂടെ വേഗത്തിൽ കാറോടിച്ചു. കാർ വഴുക്കി അടുത്തുള്ള മരത്തിൽ മുട്ടി. പെട്ടെന്ന് കാറിൻറെ ഡോറുകൾ താനേ തുറന്നു, ഞാൻ അവിടെയുള്ള പുഴയിലേക്ക് വീണു. അപ്പോഴും മഴ എന്നിൽ വർഷിച്ചുകൊണ്ടിരുന്നു.
ഞാൻ താഴ്ന്നു താഴ്ന്ന് പുഴയുടെ അഗാധതയിലെത്തി. എനിയ്ക് അനങ്ങാൻ വയ്യ. ഞാൻ ഭ്രമ ചിത്തനായി. രണ്ടു കൈകൾ എന്നെ തടവുന്നതുപോലെ എനിയ്കു തോന്നി. ആസ്പർശാനുഭവത്തിൽ ഞാൻ അവരെ നോക്കി. എനിയ്കു വിശ്വസിയ്കാൻ കഴിഞ്ഞില്ല! പകുതി മീനും, പകുതി മനുഷ്യനുമായ രണ്ടു മത്സ്യ സുന്ദരികൾ. അവർ എന്നെ സാവധാനത്തിൽ ഉയർത്തിയുയർത്തി കരയിലെത്തിച്ചു. പിന്നെ അവർ വെള്ളത്തിലേയ്ക്ഇറങ്ങിപോയി. എൻറെ മനസ്സൊന്നു വിങ്ങി…..
ഞാൻ പെട്ടെന്ന് കണ്ണുകൾ തുറന്നു! രണ്ടു വഴിപോക്കർ എന്നെ കാറിൽ നിന്നെടുക്കുവാൻ ശ്രമിയ്ക്കുകയാണ്. “ഞാൻ ഒന്നു മയങ്ങി, ഇപ്പോൾ കുഴപ്പമില്ല,” ഞാൻ അവരോട് പറഞ്ഞു.
“നമുക്ക് കാർ ചെക്ക് ചെയ്യാം,” അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ കാറിൽ നിന്നിറങ്ങി. ഞങ്ങൾ കാറ് നോക്കി. കുഴപ്പമൊന്നും കണ്ടില്ല. “ഞങ്ങൾ പോകട്ടെ?” അവർ ചോദിച്ചു. “സഹായിച്ചതിന് നന്ദി!” ഞാൻ സ്നേഹത്തോടെ പറഞ്ഞു. അവർ പോയി.
ഞാൻ കാർ സ്റ്റാര്‍ട്ട് ചെയ്ത് ഹോസ്പ്പിറ്റലിലേയ്ക് വെച്ച് പിടിച്ചു. അവിടെ എത്തിയപ്പോൾ രോഗികളെല്ലാം ജനാലയിലൂടെ കൈകളിട്ട് മഴ കൊള്ളുവാൻ നോക്കുകയാണ്. കിടപ്പുരോഗികൾപോലും സന്തോഷത്തോടെ ശബ്ദങ്ങളുണ്ടാക്കി മഴയെ സ്വാഗതം ചെയ്യുന്നു. ഡോക്റും നേഴ്സും ഇതനിടയിലൂടെ ഡാൻസടികൾ വെച്ച് നടക്കുന്നുണ്ട്. വഴിയിൽ കൂടെ പോകുന്ന സ്കൂൾ കുട്ടികൾ വെള്ളത്തിൽ കടലാസ് ബോട്ടുകളിട്ട്, അവരും ഹോസ്പ്പിറ്റലിലെ രോഗികളും രസിക്കുന്നു. രോഗികളെ ശുശ്രൂഷിയ്കുന്നവരും, കാണാനെത്തുന്നവരും ഇതൊക്കെ കണ്ട് ആനന്ദപുളകിതരാകുകയാണ്.
ഞാൻ കൂട്ടുകാരൻറെ അടുത്തെത്തി. എൻറെ പനി മാറി, എന്നെ ഡിസ്ചാർജ് ചെയ്തു എന്നു പറഞ്ഞ് അവൻ എന്നെ കെട്ടിപ്പിടിച്ചു. നമുക്ക് കേൻറീനിൽ പോയി ഭക്ഷണം കഴിയ്ക്കാം എന്നു പറഞ്ഞ് ഞങ്ങൾ അവിടെ എത്തി. ഞങ്ങളുണ്ടാക്കിയ കൃഷിയുല്പന്നങ്ങൾ പലതരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളായി അവിടെ നിറഞ്ഞിരിയ്കുന്നു. ആ ഭക്ഷണ പദാർത്ഥങ്ങൾ രുചിയോടെ രോഗികളും മറ്റുള്ളവരും ഭക്ഷിക്കുന്നത് കണ്ട് ഞങ്ങളും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു.
ഈ മഴക്കാലത്ത് കൂടുതൽ വിളവ് വിളയിപ്പിയ്ക്കണം എന്നു പറഞ്ഞ് ഞങ്ങൾ കാറിൽ കയറി. അവിടവിടെയുള്ള മരങ്ങളിൽ പലതരത്തിലുള്ള പക്ഷികൾ വിവിധ തരം പഴങ്ങൾ കൊത്തിതിന്നുകൊണ്ട് ചാറ്റൽ മഴയിൽ പറന്നു കളിയ്കുകയാണ്. അത് കണ്ട് ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഞങ്ങൾ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു.
