Shaj Hameed

Inspirational Others Children

4.3  

Shaj Hameed

Inspirational Others Children

തെറാപ്പി

തെറാപ്പി

3 mins
274


ഭാഷാസൗന്ദര്യവും, കഥയിലെ പുതുമയും ഒത്തിണങ്ങിയ മികച്ച പുസ്തകങ്ങൾ കിട്ടുമ്പോഴാണ് ഞാൻ ഫ്ലാറ്റിനടുത്തുള്ള ആ ചെറിയ പാർക്കിലേക്ക് സാധാരണയായി പുസ്തകവായന ഉദ്ദേശിച്ച് പോകുന്നത്. ഇന്നൊരു പ്രവൃത്തിദിവസമാണ്. ഓഫിസുകളിലേക്കും സ്‌കൂളുകളിലേക്കും മറ്റും പോകുന്നവരുടെ തിരക്കുകൾ ഒഴിഞ്ഞതോടെ നിരത്ത് പതിവ് അലസതകളിലേക്കു നീങ്ങിയിരുന്നു. പ്രവൃത്തിദിവസമായതുകൊണ്ട് തന്നെ ഇന്ന് പാർക്ക് വളരെ ശാന്തമായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഒരുപാടൊന്നും വിസ്തൃതമല്ലെങ്കിലും, ചെറിയകുട്ടികൾക്ക് കളിക്കാനാവശ്യമായ സീസോയും, സ്ലൈഡും, മങ്കിബാറുമെല്ലാം പാർക്കിന്റെ പ്ലേ---ഏരിയയിൽ ഭംഗിയായി സെറ്റ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ, സമീപകെട്ടിടങ്ങളിൽ താമസിക്കുന്ന കുട്ടികളെ അമ്മമാരോ വീട്ടുജോലിക്കാരോ ഒക്കെ വാരാന്ത്യ അവധിദിവസങ്ങളിൽ ഇങ്ങോട്ടാണ് കൊണ്ടുവരാറ്‌. വരുന്നവരിലേറെയും തീരെ ചെറിയ കുട്ടികൾ ആയതുകൊണ്ടുതന്നെ എന്നെപ്പോലെ റിട്ടയേർഡ് ലൈഫ് വായനയിലും മറ്റു നിശബ്ദവിനോദങ്ങളിലുമായി ചിലവഴിക്കാനിഷ്ടപ്പെടുന്നവർ അവധിദിവസങ്ങളിൽ ഈ പാർക്കിലേക്ക് വരാറില്ല. നേരെമറിച്ച്, ആഴ്ചയിലെ ബാക്കിയുള്ള അഞ്ചുദിവസങ്ങളിലും പകൽസമയം ഇവിടെക്കിട്ടുന്ന ശാന്തത മറ്റൊരിടത്തും കിട്ടുകയുമില്ല.


പാർക്കിൽ എത്തിയപാടെ ഞാൻ തണൽ കിട്ടുന്ന ഒരു ബെഞ്ച് നോക്കി സ്ഥാനംപിടിച്ചു. പുസ്തകവായന തുടങ്ങി ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞുകാണണം, ഒരു ചെറിയ കുട്ടിയും അവന്റെ അച്ഛനമ്മമാരും എനിക്കഭിമുഖമായ ബെഞ്ചിൽ വന്നിരുന്നു. ചെറിയ കുട്ടിയെ കണ്ടതോടെ, ബെഞ്ച് മാറി കുറച്ച് അപ്പുറത്തേക്ക് ഇരിക്കേണ്ടി വരുമോയെന്ന ഞാൻ ശങ്കിച്ചെങ്കിലും, ആ പ്രായത്തിലെ ആൺകുട്ടികളെ അപേക്ഷിച്ച് അവനെ വളരെ ശാന്തനായി തോന്നിയതുകൊണ്ട് ഞാൻ തത്കാലം അവിടെത്തന്നെ ഇരിക്കാൻ തീരുമാനിച്ചു.


ഇരുന്നപാടേ കുട്ടിയുടെ അച്ഛനും അമ്മയും താന്താങ്കളുടെ മൊബൈൽ ലോകങ്ങളിൽ മുഴുകി. ഇടയ്ക്ക് എന്തോ ചോദിക്കാനോ മറ്റോ മുതിർന്ന അവനെ രൂക്ഷമായ ഒരു നോട്ടത്തിലൂടെ അവന്റെ 'അമ്മ തന്റെ മൊബൈൽ ലോകത്തിലേക്ക് തന്നെ മടങ്ങി. അവന്റെ അച്ഛനാവട്ടെ ഇതൊന്നുമറിയാതെ ചെവിയിൽ ഹെഡ്സെറ്റും തിരുകി ഏതോ വീഡിയോ ആസ്വദിക്കുന്ന തിരക്കിലാണ്. ഞാൻ വായന നിർത്തിവെച്ച് അവനെത്തന്നെ ശ്രദ്ധിക്കാൻ തുടങ്ങി.


ഒന്നുംചെയ്യാനില്ലാത്ത വിരസതയോടെ അവൻ ചുറ്റും നോക്കി. സ്ലൈഡിലോ, മങ്കിബാറിലോ കയറി കളിതുടങ്ങുന്നതോടെ അവനും തന്റേതായ ലോകത്തേക്ക് പോകുമെന്ന് ഞാൻ കണക്കുകൂട്ടി. എന്നാൽ, അവൻ നേരെപോയത് കളിസ്ഥലത്തിനു സമീപമുള്ള ഒരു സിമന്റ് പ്രതിമക്കരികിലേക്കായിരുന്നു. നല്ല ഭംഗിയും അത്യാവശ്യം വലുപ്പവുമുള്ള, വെള്ളയും കറുപ്പും ചായങ്ങളടിച്ച ഒരു പൂച്ചക്കുട്ടിയുടെ പ്രതിമായിരുന്നു അത്. സിമന്റ് പൂച്ചയുടെ മുഖത്ത് തലോടിത്തുടങ്ങിയ അവന്റെ മുഖം പെട്ടെന്ന് കൗതുകവും വാത്സല്യവും നിറഞ്ഞ് പ്രകാശിതമായി. അവ്യക്തമായ ഭാഷയിൽ അവൻ അതിനോട് സംസാരിക്കാൻ തുടങ്ങി. ഒരുപാടുനേരം അവൻ അതിനോട് സംസാരിച്ചു. സംസാരം വർദ്ധിക്കുന്തോറും അവന്റെ ഉന്മേഷവും കൂടിവന്നു. അവന്റെ മുഖത്തുകണ്ട സന്തോഷാധിക്യം ഒരുവേള ആ സിമന്റ് പൂച്ചയിലും പ്രതിഫലിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. അവന്റെ വാക്കുകൾ ശ്രദ്ധിക്കാൻ ഞാൻ വീണ്ടും ശ്രമിച്ചെങ്കിലും, ഒന്നും വ്യക്തമായിരുന്നില്ല. കുറച്ചുകൂടെ അടുത്തേക്ക് ഞാൻ നീങ്ങിയാൽ അവന്റെ നിഷ്കളങ്കമായ ആ വിനോദം തടസ്സപ്പെടുമെന്ന ആശങ്കയിൽ ഞാൻ അവിടെത്തന്നെയിരുന്നു. അപ്പോഴും ഇതൊന്നും അറിയാതെ അവന്റെ മാതാപിതാക്കൾ വെർച്വൽ ലോകത്ത് ആരോടൊക്കെയോ മിണ്ടിയും പറഞ്ഞഞ്ഞും രസിച്ചു.


കളിയുടെ അവസാനം അവൻ ആ പൂച്ചയുടെ മുകളിലേക്ക് വലിഞ്ഞുകയറി അതിനെ കെട്ടിപ്പിടിച്ച് അതിന്റെ പുറത്തു കവിളമർത്തി കിടന്നു. അവന്റെ കണ്ണുകൾ പതിയെ അടയുന്നതും അവൻ ഒരു ലഘുനിദ്രയിലേക്ക് പോകുന്നതുപോലെയും എനിക്ക് തോന്നി. ഒരു തള്ളപ്പൂച്ചയുടെ പുറത്ത് സുഖമായി കിടന്നുറങ്ങുന്ന പൂച്ചക്കുട്ടിയെപ്പോലെ അവൻ അത് നന്നായി ആസ്വദിക്കുകയായിരുന്നു. ഏതാനും നിമിഷങ്ങൾക്കുശേഷം, പൂച്ചയുടെ പുറത്തുനിന്ന് ഊർന്നിറങ്ങണ ശ്രമിക്കവേ, അവന്റെ കുഞ്ഞികാലുകൾ ഇടറി അവൻ ചെറുതായി നിലത്തേക്ക് വീണു. ആ ക്ഷണത്തിലായിരുന്നു അവന്റെ 'അമ്മ ആദ്യമായി മൊബൈലിൽനിന്ന് മുഖമുയർത്തി അവനെ തിരഞ്ഞത്. വീണിടത്തുനിന്ന് എണീറ്റുവരുന്ന മകനെ കണ്ടതേ, ആ സ്ത്രീ അവന്റടുത്തേക്ക് ഓടിയടുത്തു. ഒരുവിധത്തിൽ എഴുന്നേറ്റുനിന്ന അവന്റെ ഇരുകൈകളിലും അവർ ഓരോ അടിയാണ് വെച്ചുകൊടുത്തത്. ബഹളം ശ്രദ്ധിച്ച അവന്റെ അച്ഛനും മനസ്സില്ലാമനസ്സോടെ ഹെഡ്സെറ്റ് ഊരി 'സംഭവസ്ഥല'ത്തെത്തി. അയാളും അവനോട് രോഷത്തോടെ സംസാരിക്കുന്നത് കണ്ടു. തുടർന്ന്, ഭാര്യയും ഭർത്താവും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് പരസ്പരം തമ്മിൽ ശകാരിക്കാൻ തുടങ്ങി. ഇത്രയുമായപ്പോൾ അവൻ ഭയന്ന മുഖവുമായി, രക്ഷതേടുന്ന മട്ടിൽ സിമന്റുപൂച്ചയുടെ അരികിലേക്ക് ചേർന്നുനിന്നു.


അവന്റെ അച്ഛനമ്മമാരുടെ വഴക്ക് പിന്നെയും കുറച്ചുനേരം നീണ്ടുനിന്നു. അവസാനം രണ്ടുപേരുംകൂടി അവനെ പിടിച്ചുവലിച്ചുകൊണ്ട് പാർക്കിന്റെ ഗേറ്റ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. പുറത്തേക്ക് ഇറങ്ങുന്നതിനുമുമ്പ് അവൻ അവസാനമായി ആ സിമന്റുപൂച്ചയെ തിരിഞ്ഞുനോക്കി. നൊടിയിട നേരത്തേക്ക് അവന്റെ മുഖത്ത് ആ പഴയ തിളക്കം മിന്നിമറഞ്ഞു.


പാർക്കിനുമുന്നിലെ റോഡ് മുറിച്ചുകടന്ന അവർ നേരെപോയത് 'സ്പീച് ആൻഡ് ഹിയറിങ് തെറാപ്പി സെന്റർ' എന്ന വലിയ ബോർഡ് വെച്ച ഇരുനില കെട്ടിടത്തിലേക്ക് ആയിരുന്നു. രണ്ടാം നിലയിലെ ബാൽക്കണിയിലെ വെയ്റ്റിംഗ് ഏരിയയിൽ അപ്പോയിന്റ്‌മെന്റിന്റെ സമയം കാത്തിരുന്ന അവന്റെ ദൃഷ്ടി അപ്പോഴും പാർക്കിലെ സിമന്റുപൂച്ചയെ തേടി. അവന്റെ മാതാപിതാക്കളാവട്ടെ, കാത്തിരിപ്പിന്റെ വിരസതയകറ്റാനെന്നോണം വീണ്ടും തങ്ങളുടെ മൊബൈൽ ലോകങ്ങളിലേക്ക് മടങ്ങിയിരുന്നു.


അധികം വൈകാതെ അവർ വെയ്റ്റിംഗ് ഏരിയയില്നിന്ന് ഉള്ളിലേക്ക് പോകുന്നത് കണ്ടു. അവനെ വേണ്ടതുപോലെ കേൾക്കാനും അവനോടു വാത്സല്യത്തോടെ സംസാരിക്കാനും അറിയാത്ത മാതാപിതാക്കളുടെ പിന്നാലെ, സ്വന്തം കേൾവി--സംസാര വൈകല്യങ്ങൾ ചികിൽസിക്കാനെന്ന ധാരണയോടെ തലകുനിച്ച് വാതിൽകടന്നുപോകുന്ന ആ പിഞ്ചുകുഞ്ഞിനെ നോക്കി ഞാൻ നിസഹായനായി നിന്നു.


Rate this content
Log in

More malayalam story from Shaj Hameed

Similar malayalam story from Inspirational