തിരിച്ചറിവ്
തിരിച്ചറിവ്
ശരണ്യ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു. വർദ്ധിച്ച നെഞ്ചിടിപ്പോടെ അവൾ കിടക്കയിൽ കണ്ണ് തുറന്ന് വിയർത്ത് മരവിച്ചു കിടന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരണ്യയുടെ ഉറക്കത്തിന്റെ താളം തെറ്റിയിട്ട് . അവൾ ഉയരത്തിൽ നിന്ന് താഴോട്ട് വീഴുന്ന ഒരു സ്വപനമാണ് അവളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നത് .ശരണ്യ ബദ്ധപ്പെട്ട് ഇരുട്ടത്ത് കിടക്കയിൽ എഴുന്നേറ്റിരുന്നു. സീലിംഗ് ഫാൻ കറങ്ങുന്നതിന്റെ ചെറിയ ഞരക്കം ഒഴിച്ച് അവളുടെ കിടപ്പു മുറി നിശബ്ദമാണ് . അവൾ കയ്യെത്തിച്ച് കിടക്കക്ക് അരികെ ഉള്ള ടേബിൾ ലാമ്പ് ഓൺ ചെയ്തു, മുറിയാകെ വെളിച്ചം പരന്നു. എന്ന് മുതലാണ് താൻ ഉയരങ്ങളെ ഭയക്കാൻ തുടങ്ങിയത്?, ടേബിൾ ലാമ്പിന് അരികെ വെച്ചിരുന്ന മഗ്ഗിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ അവൾ ആലോചിച്ചു.എന്നും വലിയ സ്വപ്‌നങ്ങൾ മാത്രം എത്തിപ്പിടിക്കാൻ ആഗ്രഹിച്ചിരുന്ന തന്റെ ജീവിതം താറുമാറാക്കിയത് ആ അപകടമായിരുന്നല്ലോ.... . വെള്ളത്തിന്റെ മഗ്ഗ് തിരികെ വെച്ച്,അവൾ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് കണ്ണും നട്ട് കിടന്നു.ശരണ്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ ജീവിതത്തിൽ നടന്ന ദുരന്തത്തിന്റെ ബാക്കിപത്രം മാസങ്ങൾ കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവായി ശരണ്യയുടെ മനസ്സിൽ കിടക്കുന്നുണ്ട്.തനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരാൾ, അഗാധമായ ഗർത്തത്തിലേക്ക് പതിക്കുമ്പോൾ നിസ്സഹായയായി ഉയരങ്ങളിൽ നിന്ന് താഴോട്ട് നോക്കി നിൽക്കേണ്ടി വന്ന ഒരു പെൺകുട്ടിയുടെ അവസ്ഥ അവളുടെ മനസ്സിനെ പതിയെ പതിയെ കാർന്നു തിന്ന് കൊണ്ടിരിക്കുന്നു.മൂന്ന് മാസം കഴിഞ്ഞിട്ടും അത് മനസ്സിനേൽപ്പിച്ച മുറിവിന് ശമനമില്ലെന്ന യാഥാർഥ്യം രണ്ട് കണ്ണുനീർ തുള്ളികളായി ശരണ്യയുടെ കണ്ണുകളിൽ നിന്ന് ഒഴുകി തലയിണയെ നനയിച്ചു.
അതൊരു അപകടമായിരുന്നു എന്ന് അവൾ മനസ്സിനെ പല തവണ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു എന്നിട്ടും കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ അവളുടെ മനസ്സ് അവൾക്ക് പരിചയമില്ലാത്ത വീഥികളിലൂടെ ഓടി അവളെ ദിനംപ്രതി തളർത്തി കൊണ്ടിരിക്കുന്നു.ഞാനാണോ തെറ്റുകാരി?, എന്റെ ഭാഗത്താണോ തെറ്റ് ?, ശരണ്യ ദിവസവും പല പ്രാവശ്യം അവളോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങൾ അതിന് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയും ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.കണ്ണുനീർ ചാലുകൾ കൈ കൊണ്ട് തുടച്ചു മാറ്റി, അവൾ ജ്വലിക്കുന്ന ടേബിൾ ലാമ്പിലേക്ക് നോക്കി കിടക്കയിൽ ചെരിഞ്ഞു കിടന്നു.
കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ Mtech ആദ്യ അവസാന വർഷ വിദ്യാർത്ഥികൾ കൊടൈക്കനാലിൽ വിനോദ യാത്രക്കായി എത്തിയതായിരുന്നു. ശരണ്യ ഒന്നാം വർഷവും, വിനു അവസാന വർഷവും. അവരുടെ പ്രണയം എല്ലാവർക്കും അറിയാവുന്നതായത് കൊണ്ട് രസം കൊല്ലികളായി അവരുടെ പുറകെ കൂടാതെ, അവരെ അവരുടെ പാട്ടിനു വിട്ട് , അവരുടെ കൂട്ടുകാർ അടുത്തുള്ള മറ്റു സ്ഥലങ്ങൾ സന്ദർശിക്കാനായി നടന്നു പോയി. വിനുവേട്ടാ സൂക്ഷിച്ച്, കൊടൈക്കനാലിലെ സൂയിസൈഡ് പോയിന്റിന് അടുത്ത് നിന്ന് ശരണ്യ അൽപ്പം ഭയപ്പാടോടെ വിനുവിനോട് പറഞ്ഞു.ഒന്നു പോ കൊച്ചേ, സൂയിസൈഡ് പോയിന്റിലെ കൊക്കയുടെ അരികെ നിന്ന് അതിലേക്ക് എത്തി നോക്കി വിനു പറഞ്ഞു. ഇത് കണ്ടു നിന്ന ശരണ്യയുടെ നെഞ്ച് പട പട മിടിക്കുന്നുണ്ടായിരുന്നു. നീയിങ്ങു വന്നേ....., ശരണ്യക്ക് അഭിമുഖമായി നിന്ന് വിനു പറഞ്ഞു. എന്താണ് ?, അവന്റെ അടുത്തേക്ക് നടന്ന് ചെന്ന് അവൾ ചോദിച്ചു.സമയം നാല് മണി ആയിട്ടുണ്ടാകും, അസ്തമയ സൂര്യന്റെ അവസാന കിരണങ്ങൾ അവരുടെ രണ്ടു പേരുടെയും മുഖത്ത് ദൈവികമായ ഒരു മാസ്മരികത സൃഷ്ടിച്ചു.എന്താണ് രണ്ടാളും കൂടെ പരിപാടി?, അതിലെ കടന്നു പോയ ശരണ്യയുടെ കൂട്ടുകാരി ശ്രീദേവി കുസൃതി ചിരിയോടെ ചോദിച്ചു. ഒന്നു പോടി...., ശരണ്യ തിരിഞ്ഞു നിന്ന് തല വെട്ടിച്ചു കൊണ്ട് ശ്രീദേവിയോട് പറഞ്ഞു. നടക്കട്ടെ....നടക്കട്ടെ... നമ്മളില്ലേ...., ശ്രീദേവി ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു . മിസ്സ് ശരണ്യ അസ്തമിക്കുന്ന സൂര്യനെ സാക്ഷി നിർത്തി, സൂയിസൈഡ് പോയിന്റിലെ പരിശുദ്ധ പ്രേമത്തിന്റെ ആത്മാക്കളുടെ അനുവാദത്തോടെ വിനു ചോദിക്കുന്നു, ഞാൻ നിന്നെ വിവാഹം ചെയ്യട്ടെ. വിനുവിന് നേരെ തിരിഞ്ഞ ശരണ്യയുടെ മുൻപിൽ, ഇടത് കാൽ മുട്ടിൽ കുത്തി നിന്ന്, വലത്തേ കയ്യിൽ പിടിച്ചിരുന്ന സ്വർണ മോതിരം തന്റെ പ്രണയിനിക്ക് നേരെ നീട്ടി, ചിരിച്ചു കൊണ്ട് വിനു ചോദിച്ചു.പെട്ടെന്നുണ്ടായ പുതിയ സംഭവങ്ങൾ ശരണ്യയെ തെല്ലൊന്ന് അമ്പരപ്പിച്ചു. അപ്പൊ ഇതായിരുന്നു സാറിന്റെ ഉദ്ദേശ്യം....., ശരണ്യ ചിരിച്ചു കൊണ്ട് വിനുവിന്റെ മൂക്ക് വിരൽ കൊണ്ട് ഞെരുക്കി പറഞ്ഞു. എനിക്ക് സമ്മതം! മിസ്റ്റർ വിനു, അല്പം നാണത്തോടെ ശരണ്യ തന്റെ വലത്തെ കയ്യിലെ മോതിര വിരൽ വിനുവിന് നേരെ നീട്ടി. അമിതാഹ്ലാദത്താൽ വിനു ശരണ്യയുടെ വിരലിൽ മോതിരം അണിയിച്ചു. ചിരിച്ചു കൊണ്ട് ചാടി യെഴുന്നേറ്റ അവൻ പെട്ടെന്ന് ബാലൻസ് തെറ്റി പുറകോട്ട് കൊക്കയിലേക്ക് മറിഞ്ഞു. ശരണ്യ നോക്കി നിൽക്കേ നിമിഷങ്ങൾക്ക് അകം അവൻ കൊക്കയുടെ ആഴത്തിലെവിടെയോ മൂടൽ മഞ്ഞിൽ അപ്രത്യക്ഷമായി.
വിനുവേട്ടാ.................. , അവൾ സർവ്വ ശക്തിയുമെടുത്ത് അലറി വിളിച്ചു .അവളുടെ അലർച്ച കൊക്കയുടെ അതിർവരമ്പുകളിൽ തട്ടി പ്രതിധ്വനിച്ചു. പാതി വഴി നടന്ന് തന്റെ കൂട്ടുകാരുടെ അടുത്തേക്ക് പോകുകയായിരുന്ന ശ്രീദേവി ശരണ്യയുടെ അലർച്ച കേട്ട് അങ്ങോട്ടേക്ക് ഓടിയെത്തുമ്പോൾ ശരണ്യ തല കറങ്ങി നിലത്ത് വീണ് കിടക്കുകയായിരുന്നു. എന്താ....എന്ത് പറ്റി?! വിനു, എവിടെ ശരണ്യേ??, കിതച്ചു കൊണ്ട് ശരണ്യയുടെ കവിളിൽ തട്ടി വിളിച്ച്, ശ്രീദേവി ചോദിച്ചു.പാതി കണ്ണ് തുറന്ന്, ശ്രീദേവിയുടെ മടിയിൽ കിടന്ന്, കൊക്കയിലേക്ക് വിരൽ ചൂണ്ടാൻ മാത്രമേ ശരണ്യക്ക് കഴിഞ്ഞുള്ളു. അവളുടെ ബോധം മറഞ്ഞു.
ബോധം വരുമ്പോൾ ശരണ്യ തങ്ങൾ വിനോദ യാത്ര വന്ന ബസ്സിന്റെ പിൻ സീറ്റിൽ ശ്രീദേവിയുടെ മടിയിൽ തളർന്ന് കിടക്കുകയായിരുന്നു.അവൾ സീറ്റിൽ എഴുന്നേറ്റിരുന്ന് ശ്രീദേവി നീട്ടിയ വെള്ളക്കുപ്പിയിൽ നിന്ന് കുറച്ച് വെള്ളം കുടിച്ചു.ഇത്തിരി കൂടെ കുടിച്ചോ...., കൂട്ടുകാരിയുടെ മുടി നേരെയാക്കി ശ്രീദേവി പറഞ്ഞു. അവൾ മതിയെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു., വിനുവേട്ടൻ... അവൾ ശ്രീദേവിയെ പരിഭ്രമത്തോടെ നോക്കി. ഇല്ല മോളെ..., ശരണ്യയുടെ മുന്നിൽ തല കുനിച്ച് കൊണ്ട് ശ്രീദേവി പറഞ്ഞു.ഞാൻ നിന്റെ വീട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ ഒക്കെ ധരിപ്പിച്ചിട്ടുണ്ട് ശരണ്യ ബസിന്റെ ഗ്ലാസ്സ് ജനലുകളിലൂടെ ചുറ്റിനും നോക്കുന്നതിനിടയിൽ ശ്രീദേവി പറഞ്ഞു . അപകട വിവരം അറിഞ്ഞിട്ടാകണം ആംബുലൻസും, പോലീസും, ഒരുപാട് ജനങ്ങളും അപകട സ്ഥലത്തേക്ക് വന്നു കൊണ്ടിരുന്നു .സമയം സന്ധ്യയോട് അടുക്കുന്നു. ഇരുട്ട് വീണാൽ ഒരു പുല്ലും കാണാൻ ഒക്കില്ല എവിടെ പോയി തിരയാനാണ്, അതിലെ കടന്നു പോയ ആരോ പറയുന്നത് ശരണ്യ കേട്ടു. അവളുടെ ദുഃഖം ഇരട്ടിച്ചു ശ്രീദേവിയുടെ തോളിൽ മുഖം അമർത്തി അവൾ വിങ്ങി കരഞ്ഞു. നിന്റെ തെറ്റല്ലല്ലോ കുട്ടി...., ശരണ്യയെ ചേർത്തു പിടിച്ച് ശ്രീദേവി അവളെ സമാധാനിപ്പിച്ചു . എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല ശ്രീദേവി, ശരണ്യ , വിനു അവളുടെ വിരലിൽ അണിയിച്ച മോതിരം വിരൽ കൊണ്ട് തടവി ഏങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു.അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് ശ്രീദേവിക്ക് അറിയില്ലായിരുന്നു. അവൾ തന്റെ കണ്ണ് തുടച്ച് സീറ്റിൽ ചാരിയിരുന്നു. അപകട സമയത്ത് ഞാനും നിങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു എന്നാണ് ഞാൻ പോലീസിനോട് പറഞ്ഞത്, ശ്രീദേവി ശരണ്യയോട് രഹസ്യമായി മന്ത്രിച്ചു. അതെന്തിനാ ശ്രീദേവി നീ അങ്ങിനെ പറഞ്ഞത്?, ശരണ്യ ശ്രീദേവിയുടെ മുഖത്ത് നോക്കി ചോദിച്ചു. അത് അങ്ങിനെ തന്നെയിരിക്കട്ടെ, വിനു ബാലൻസ് തെറ്റി അപകടത്തിൽ പെടുമ്പോൾ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു , അനാവശ്യ ചോദ്യങ്ങൾ നിനക്ക് നേരെ ഉയരാതിരിക്കാനാണ് ഞാൻ അങ്ങിനെ പറഞ്ഞത്, ശ്രീദേവി ശരണ്യക്ക് മാത്രം കേൾക്കാനാകും വിധം പറഞ്ഞു. ശരണ്യ അവളുടെ കൈ ശ്രീദേവിയുടെ കയ്യിൽ അമർത്തി. "താങ്ക് യു" ശരണ്യ വീണ്ടും ദുഃഖത്തോടെ വിങ്ങിപ്പൊട്ടി. ശ്രീദേവി ശരണ്യയുടെ കൈ തന്റെ മടിയിൽ വെച്ച് തടവി കൊണ്ടിരുന്നു.
വിനോദയാത്ര ദുരന്തമായതിന്റെ നടുക്കത്തിൽ വിദ്യാർത്ഥികൾ വിനോദ യാത്ര വന്ന ആ ബസ് അന്ന് രാത്രി തന്നെ കൊച്ചിയിലേക്ക് യാത്ര തിരിച്ചു. പ്രിയ സുഹൃത്തിന്റെ ആകസ്മികമായ വിയോഗം വിനുവിനെ അറിയാമായിരുന്ന എല്ലാവരെയും തളർത്തിയിരുന്നു.വിനോദ യാത്ര വിലാപ യാത്രയായി മാറിയിരുന്നു.
ശരണ്യ...ശരണ്യ.., ശ്രീദേവി ശരണ്യയെ വിളിച്ച് ഉണർത്തി. ഉറക്കച്ചവോടെ ശരണ്യ ബസ്സിനകത്തെ വെളിച്ചത്തിൽ സീറ്റിൽ എഴുന്നേറ്റിരുന്നു.സമയം സന്ധ്യ ആയിരുന്നു. വീടെത്തി, നീ വാ ഞാനും കൂടെ വരാം....., ശ്രീദേവി പറഞ്ഞു. മനസ്സില്ലാ മനസ്സോടെ അവൾ ബസ്സിന്റെ ബാക്ക് സീറ്റിൽ നിന്ന് എഴുന്നേറ്റു.ശ്രീദേവി ശരണ്യയുടെ ബാഗ് എടുത്ത് അവളുടെ പുറകെ നടന്നു. ബസ്സിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ഉറക്കത്തിലായിരുന്നു, ഉണർന്നിരിക്കുന്നവർക്ക് ശരണ്യയുടെ നേരെ നോക്കാൻ പോലും മടി ബസ്സിന്റെ വാതിൽ പടിയിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ശരണ്യ ശ്രദ്ധിച്ചു. അവൾ തന്റെ വീടിന്റെ ഗേറ്റിന് നേരെ നടന്നു, ശ്രീദേവി ശരണ്യയുടെ ബാഗും തൂക്കി പുറകെയും. ശരണ്യ ഗേറ്റ് തുറന്ന് വീടിന്റെ മുറ്റത്തേക്ക് നടക്കുമ്പോൾ പ്രകാശം നിറഞ്ഞ വീടിന്റെ പൂമുഖത്ത് ശരണ്യയുടെ അച്ഛനും അമ്മയും അച്ഛമ്മയും നിൽപ്പുണ്ടായിരുന്നു. വാ മോളെ, ശരണ്യയുടെ അച്ചൻ രാജൻ അവരെ വീടിനകത്തേക്ക് വിളിച്ചു. ശരണ്യ ആരുടെയും മുഖത്ത് നോക്കാതെ വീടിനകത്തേക്ക് കയറി പോയി. ഇപ്പോൾ അവളോട് ഒന്നും പറയണ്ട അങ്കിൾ, "ഷീ ഈസ് ഇൻ എ ഷോക്ക്", ശരണ്യയുടെ ബാഗ് അവളുടെ അമ്മ ലീലയെ ഏൽപ്പിക്കുമ്പോൾ ശരണ്യയുടെ അച്ഛനോട് ശ്രീദേവി പറഞ്ഞു.ആ പയ്യന്റെ ബോഡി കിട്ടിയോ മോളെ?, ശരണ്യയുടെ അച്ചൻ ശ്രീദേവിയോട് ചോദിച്ചു. ഇല്ല അങ്കിൾ അവർ തിരയുന്നുണ്ട്, ഞാൻ പോട്ടെ അങ്കിൾ.... , ബസ് വെയിറ്റ് ചെയ്യുന്നുണ്ട്, ശ്രീദേവി വേഗത്തിൽ തിരിഞ്ഞ് നടന്നു. ശരി മോളെ, രാജൻ പറഞ്ഞു.
കൊടൈക്കനാലിലെ ആദിവാസികൾ മൂന്ന് ദിവസത്തിന് ശേഷം വിനുവിന്റെ മൃതദേഹം കൊക്കയിലെ വള്ളി പടർപ്പുകൾക്കിടയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തി, വീഴ്ചയുടെ ആഘാതത്തിൽ അവന്റെ മുഖവും ശരീരവും വികൃതമായിരുന്നു. അതോടെ അവന്റെ മൃതദേഹം കോളേജിൽ പൊതു ദർശനത്തിന് വെക്കാനുള്ള ശ്രമം അധികൃതർ ഉപേക്ഷിച്ചു . ശരണ്യയെ വിനുവിന്റെ മരണാനന്തര ചടങ്ങുകളെ കുറിച്ച് വിനുവിന്റെ വീട്ടുകാർ അറിയിച്ചെങ്കിലും, അതിൽ പങ്കെടുക്കുവാനോ അവനെ അവസാനമായി കാണുവാനോ ഉള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു അവൾ.
സമയം രാവിലെ 8 മണി ആയിരുന്നു.
ശരണ്യ എഴുന്നേറ്റില്ലേ മോളെ?, ശരണ്യയുടെ അച്ഛമ്മ വിലാസിനി ലീലയോട് ഇഡലി കഴിക്കുന്നതിന് ഇടയിൽ ചോദിച്ചു. അവൾ നേരാം വണ്ണം ഉറങ്ങിക്കണ്ടിട്ട് എത്ര നാളായി അമ്മെ, ഇന്നലെയും രാത്രി മുഴുവൻ അവളുടെ മുറിയിലെ ലൈറ്റ് ഓൺ ആയിരുന്നു, ലീല പരിഭവത്തോടെ പറഞ്ഞു. എന്നാലും എന്റെ കുട്ടിക്ക് ഇങ്ങിനെ ഒരു വിധി, എന്ത് തെറ്റ് ചെയ്തിട്ടാ അവള്, വിലാസിനിയമ്മ ഗദ് ഗദത്തോടെ പറഞ്ഞു. അമ്മക്ക് രണ്ട് ഇഡലി കൂടെ ഇടട്ടെ, ലീല ചോദിച്ചു. വേണ്ട മോളെ, വിലാസിനിയമ്മ എഴുന്നേറ്റ് വാഷ് ബേസിന് അടുത്തേക്ക് നടന്നു. എത്ര ചുറുചുറുക്കുള്ള കുട്ടിയായിരുന്നു അവള്, അവള് കേറാത്ത ഏതെങ്കിലും മരം ഉണ്ടോ നമ്മടെ പറമ്പിൽ...., വിലാസിനിയമ്മ കൈ കഴുകി ടവൽ കൊണ്ട് മുഖം തുടച്ച് പറഞ്ഞു. കേറുവാണെങ്കിൽ അവൾ മരത്തിന്റെ തുഞ്ചത്ത് വരെ കേറും, എന്നിട്ട് അമ്പഴങ്ങയും പേരക്കയും ഒക്കെ താഴേക്ക് എറിഞ്ഞിടും, അത് കാണുമ്പോ മോൾ അല്ല, മോൻ ആണ് പിറന്നത് എന്ന് എനിക്ക് തോന്നി പോയിട്ടുണ്ട് മോളെ ലീലേ, അവളാണിപ്പോ ഒരു മിണ്ടാട്ടവും ഇല്ലാതെ കതക് അടച്ച് മുറിയിൽ ഇരിക്കുന്നത്... വിഷമം ഉണ്ട് മോളെ, വിലാസിനിയമ്മ സാരി തുമ്പ് കൊണ്ട് കണ്ണ് തുടച്ചു. അവളുടെ ജീവിതത്തിൽ അവളെ വിഷമിപ്പിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായി, അതിന്റെ വിഷമം മാറുമ്പോൾ അവൾ ജീവിതത്തിലേക്ക് തിരിച്ചു വരും അമ്മാ, ലീല പറഞ്ഞു.എന്താണ് രണ്ടാളും കൂടെ രാവിലെ തന്നെ... ഡൈനിംഗ് റൂമിലേക്ക് കയറി വന്ന രാജൻ ചോദിച്ചു. എന്റെ കുട്ടിയെ ദൈവം കാക്കും, വിലാസിനിയമ്മ തന്റെ മുറിയിലേക്ക് നടന്നു. മ്മ്.... മം...., രാജൻ തീൻ മേശയുടെ അരികെ ഉള്ള കസേരയിലേക്ക് ഇരുന്നു. നിങ്ങൾക്ക് അവളെ ഒരു കൗൺസിലറെയോ, സൈക്യാട്രിസ്റ്റിനെയോ കാണിച്ചു കൂടെ?..., രാജന്റെ മുൻപിലെ പ്ലേറ്റിലേക്ക് രണ്ട് ഇഡലിയിട്ട് സാമ്പാർ ഒഴിച്ചു കൊണ്ട് ലീല ചോദിച്ചു . അതിന് അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ, മരുന്നും മന്ത്രവും കൊണ്ട് മാറുന്ന രോഗമല്ല അവൾക്ക്, അവൾ അവളുടെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ സ്വയം തിരിച്ചറിയണം, ആ തിരിച്ചറിവിനെക്കാൾ വലിയ മരുന്നില്ല, നമ്മുടെ മോൾക്കതിന് കഴിയും എനിക്കുറപ്പുണ്ട്, .ഇഡലി വിരൽ കൊണ്ട് മുറിച്ച് സാമ്പാറിൽ മുക്കി കഴിക്കുന്നതിന് ഇടയിൽ രാജൻ പറഞ്ഞു. നിങ്ങൾ ഇങ്ങിനെ ഫിലോസഫിയും പറഞ്ഞിരുന്നോ, എന്റെ മനസ്സിലാ ആധി മുഴുവൻ. അതെന്താ എനിക്ക് വിഷമം ഒന്നുമില്ലേ രാജൻ ഭക്ഷണം കഴിക്കൽ നിർത്തി ഭാര്യയോട് ചോദിച്ചു . ഞാൻ ഒന്നും പറഞ്ഞില്ല, ശരണ്യ മുറിയിൽ നിന്ന് വരുന്നത് കണ്ട് ലീല അടുക്കളയിലേക്ക് നടന്നു.
ശരണ്യ ഉറക്കച്ചവോടെ തീൻ മേശയുടെ അരികെ ഉള്ള കസേര വലിച്ചിട്ട് തന്റെ അച്ഛന് അഭിമുഖമായി ഇരുന്നു. ദിവസങ്ങളും മാസങ്ങളോളം ഉള്ള അവളുടെ ഉറക്ക ക്ഷീണം കറുത്ത കൺതടങ്ങളായി മാറിയിരുന്നു.നീയീ ചായ കുടിക്ക്, ചായ ഗ്ലാസ്സ് ശരണ്യയുടെ മുന്നിലേക്ക് നീക്കി വെച്ച് ലീല പറഞ്ഞു. അതേ, ഇന്നല്ലേ ജയൻ ചേട്ടന്റെ മകളുടെ കല്യാണം , നമുക്ക് പോകണം ലീല രാജനോട് പറഞ്ഞു . അത് ശരിയാണല്ലോ, ഇന്ന് ഞായറാഴ്ചയാണല്ലോ ... ഞാൻ അതങ്ങ് മറന്നു, പിള്ളേരൊക്കെ എത്ര പെട്ടെന്നാ വളരുന്നേ... ഇവളുടെ ഒപ്പം ഇവിടെ കളിച്ചു നടന്നവളല്ലേ ശ്രീക്കുട്ടി ...., രാജൻ കൈ കഴുകാനായി കസേരയിൽ നിന്ന് എഴുന്നേറ്റു . ശരണ്യേ.... നിന്റെ കൂട്ടുകാരിയുടെ കാര്യമാ പറയണേ...., ലീല ശരണ്യയോട് പറഞ്ഞു. ഉം...., അവളൊന്ന് മൂളി.ശരണ്യയെ നിർബന്ധിക്കേണ്ട എന്ന് ഭാര്യക്ക് നേരെ കണ്ണടച്ച് കാണിച്ച് രാജൻ വാഷ് ബേസിന് അടുത്തേക്ക് നടന്നു. ഞാൻ ഒന്ന് കിടക്കട്ടെ...., ശരണ്യ പിറുപിറുത്ത് കൊണ്ട് തന്റെ മുറിയിലേക്ക് നടന്നു. മോള് ഇടക്ക് പറമ്പിലേക്ക് ഒക്കെ ഇറങ്ങ്....., ഒരു മാറ്റം എപ്പോഴും നല്ലതാ, രാജൻ കയ്യും മുഖവും കഴുകി തുടച്ച് ഡ്രോയിങ് റൂമിലേക്ക് നടക്കുമ്പോൾ ശരണ്യയോട് പറഞ്ഞു. ലീല കൈ താടിക്ക് കൊടുത്ത് തീൻ മേശക്ക് അരികെ വിഷമിച്ച് നിന്നു.
സമയം ഉച്ചക്ക് 2 മണി.ശരണ്യയുടെ കുടുംബം ശ്രീകുട്ടിയുടെ കല്യാണത്തിന് രാവിലെ തന്നെ പോയിരുന്നു., ശരണ്യ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അവൾ തന്റെ പതിവ് പകൽ ഉറക്കം കഴിഞ്ഞ് കിടക്കയിൽ എഴുന്നേറ്റിരുന്നു .പറമ്പിൽ നിന്നും തണുത്ത കാറ്റ് ശക്തിയായി ജനാലയിലൂടെ അവളുടെ മുറിയിലേക്ക് വീശുന്നുണ്ടായിരുന്നു.ശരണ്യ എഴുന്നേറ്റ് നിന്ന് തന്റെ മുടി കെട്ടി വെച്ച് ഡൈനിംഗ് റൂമിലേക്ക് നടന്നു.
എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ശരണ്യ കൈ കഴുകാൻ വാഷ് ബേസിന് അടുത്തേക്ക് നടക്കുമ്പോൾ, അമ്മ രാവിലെ ശരണ്യക്കായി തീൻ മേശയിൽ കൊണ്ടു വന്നു വെച്ചിരുന്ന ചായയിൽ ഉറുമ്പുകൾ പൊതിഞ്ഞിരുന്നു.
ശരണ്യ പൂമുഖ വാതിൽ പുറത്ത് നിന്ന് അടച്ച് മുടിയഴിച്ചിട്ട് മുറ്റത്തേക്കിറങ്ങി. അവൾ ചെരുപ്പിട്ട്, വീടിന് പുറകിലുള്ള പറമ്പിലേക്ക് നടക്കുമ്പോൾ, വീശിയടിച്ച കാറ്റിന് മാവ് പൂത്തതിന്റെ നല്ല മണമുണ്ടെന്ന് ശരണ്യ തിരിച്ചറിഞ്ഞു.പറമ്പിൽ സൂര്യന്റെ വെളിച്ചത്തിൽ കാറ്റത്ത് ആടി ഉലയുന്ന അമ്പഴങ്ങ മരവും, ചക്കര മാവും തന്നെ മാടി വിളിക്കുന്നതായി അവൾക്ക് തോന്നി. ഒരു കാലത്ത് ഒരുപാട് മധുരിക്കുന്ന ഓർമ്മകൾ അവൾക്ക് സമ്മാനിച്ചിരുന്ന പറമ്പിലെ എല്ലാ മരങ്ങളുടെയും, ഓരോ ചില്ലയും അവൾക്ക് മനപാഠമായിരുന്നു.അവൾ നടന്ന് അമ്പഴങ്ങ മരത്തിന്റെ ചുവട്ടിലുള്ള കല്ലുകെട്ടിലേക്ക് ഇരുന്നു. ഒരു ഇളം തെന്നൽ അവളുടെ മുടിയെ പാറിച്ച് കടന്നു പോയി.ശരണ്യയുടെ വിരലിൽ വിനു അണിയിച്ച സ്വർണ്ണ മോതിരം നിറം മങ്ങി കിടന്നിരുന്നു. അവളത് വിരലിൽ നിന്ന് ഊരിയെടുത്ത് തന്റെ വസ്ത്രത്തിൽ അമർത്തി തുടച്ച് വൃത്തിയാക്കുന്നതിന് ഇടയിൽ തൊടിയിൽ കരിയില ഇളകുന്ന ശബ്ദം കേട്ട് ശരണ്യ അങ്ങോട്ടേക്ക് നോക്കി. ഒരു കറുത്ത പൂച്ചയായിരുന്നു തൊടിയിൽ നിന്ന് കയറി വന്നത്. ശരണ്യയെ കണ്ടതും അതിന്റെ നടത്തത്തിന് വേഗത കുറഞ്ഞു.
കുറച്ച് നേരം ശങ്കിച്ച് നിന്ന പൂച്ച ശരണ്യയുടെ നേർക്ക് പതുങ്ങി നടക്കാൻ തുടങ്ങി. ശരണ്യയാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ തന്റെ കയ്യിലുള്ള സ്വർണ്ണ മോതിരം തുടച്ചു മിനുക്കുകയായിരിന്നു .മോതിരം അമർത്തി തുടക്കുന്നതിനിടയിൽ, അത് ശരണ്യയുടെ കയ്യിൽ നിന്ന് തെറിച്ച് അമ്പഴങ്ങ മരച്ചുവട്ടിലെ കരിയിലകൾക്ക് മുകളിലേക്ക് വീണു. നിമിഷ നേരത്തിൽ പാഞ്ഞു വന്ന പൂച്ച തെറിച്ച് വീണ മോതിരവും കടിച്ചെടുത്ത് അമ്പഴങ്ങ മരത്തിലേക്ക് അള്ളിപ്പിടിച്ചു കയറി. ശരണ്യ തന്റെ ഇരിപ്പിടത്തിൽ നിന്ന് ചാടിയെഴുന്നേറ്റ് പൂച്ചക്ക് നേരെ ഓടിയെങ്കിലും പൂച്ച ഇതിനകം അമ്പഴങ്ങ മരത്തിന്റെ താഴ്ന്ന ചില്ലയുടെ മുകളിൽ ഇരിപ്പുറപ്പിച്ച് താഴെ നിൽക്കുന്ന ശരണ്യയെ നോക്കി. മോളിലേക്ക് നോക്കിയ ശരണ്യക്ക് പൂച്ചയുടെ വായിൽ ഇരുന്ന് തിളങ്ങുന്ന സ്വർണ മോതിരം കാണാമായിരുന്നു . നാശം പിടിച്ച പൂച്ച, അവൾ രണ്ടാമതൊന്ന് ആലോചിക്കാതെ അമ്പഴങ്ങ മരത്തിന്റെ മുട്ടുകളിൽ കാൽ ചവിട്ടി സ്വതസിദ്ധമായ ശൈലിയിൽ മരത്തിനു കുറുകെ കൈകൾ ചുറ്റിപ്പിടിച്ച് മുകളിലോട്ട് കയറുവാൻ തുടങ്ങി. പൂച്ച ഇരിക്കുന്ന ചില്ലക്ക് അടുത്തേക്ക് ശരണ്യ കയറിയപ്പോഴേക്കും, പൂച്ച അവിടെ നിന്ന് വീണ്ടും മുകളിലേക്ക് ചാടിക്കയറുവാൻ തുടങ്ങി. ശരണ്യ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. തികഞ്ഞ മെയ് വഴക്കത്തോടെ ഓരോ ചില്ലയും കടന്ന് പൂച്ചയെ ലക്ഷ്യമാക്കി മുകളിലേക്ക് കയറുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി.പഴയ ശരണ്യയെ അവൾ വീണ്ടും കണ്ടു മുട്ടി.അമ്പഴങ്ങ മരത്തിന്റെ പകുതിയോളം കയറിയപ്പോഴേക്കും അവൾ തളർന്നിരുന്നു. ചില്ലയിൽ ചവിട്ടി മരത്തിലേക്ക് ചാരി നിന്ന് ശരണ്യ മുകളിലേക്ക് നോക്കി, ഒരാൾ പൊക്കത്തിൽ പൂച്ച താഴോട്ട് നോക്കിയിരിക്കുന്നുണ്ട്. അവൾ ചുറ്റിനും കണ്ണ് പായിച്ചു. അവിടെ നിന്നാൽ അവൾക്ക് പറമ്പിൽ താൻ ബാല്യത്തിൽ നീന്തി കളിച്ചിരുന്ന വലിയ കുളം കാണാമായിരുന്നു, വെള്ളത്തിന് മുകളിലേക്ക് മീനുകൾ ഉയർന്ന് വന്ന് ശ്വാസമെടുക്കുന്നതും വേഗത്തിൽ വെള്ളത്തിന് അടിയിലേക്ക് ഊളിയിടുന്നതും അവളുടെ കണ്ണുകൾക്ക് കുളിർമ നൽകുന്ന കാഴ്ചയായി. അതിനും പുറത്ത് റോഡിലൂടെ ആളുകൾ തിരക്കിട്ട് അടുത്തുള്ള അമ്പലത്തിലേക്ക് പോകുന്നത് അവൾ കണ്ടു. താൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് ഓടി വന്നിരുന്ന വഴികൾ അവളുടെ മനസ്സിൽ ഗൃഹാതുരത്വം നിറച്ചു. ആ വഴികളിലൂടെ വീണ്ടും നടക്കണമെന്ന് അവൾക്ക് ആഗ്രഹം തോന്നി.
അസ്തമയ സൂര്യന്റെ കിരണങ്ങൾ അവൾക്ക് ചുറ്റുമുള്ള എല്ലാത്തിനും ഒരു പ്രത്യേക ഭംഗി ചാർത്തിക്കൊടുത്തു. ശരണ്യ തന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് കൈ കൊണ്ട് തുടച്ച് തനിക്ക് മുകളിലിരിക്കുന്ന പൂച്ചയെ നോക്കി. പൂച്ച പരാജയം സമ്മതിച്ച് ശരണ്യയെ നോക്കി കരഞ്ഞതും അതിന്റെ വായിൽ ഇരുന്നിരുന്ന മോതിരം താഴോട്ട് വീണ് അമ്പഴങ്ങ മരത്തിന്റെ ചുവട്ടിൽ നിന്നുരുണ്ട് താൻ നേരത്തെ ഇരുന്നിരുന്ന കൽക്കെട്ടിന് അടുത്ത് വീഴുന്നത് ശരണ്യ കണ്ടു. മരത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ പൂച്ച , അത് വന്ന തൊടിയിലേക്ക് തന്നെ ഒരു മിന്നായം പോലെ ഓടി മറഞ്ഞു . പൂച്ച ഇരുന്നിരുന്ന മരച്ചില്ലയിൽ ശരണ്യയെ കാത്തെന്നോണം, ഒരു അമ്പഴങ്ങ ഉണ്ടായി കിടപ്പുണ്ടായിരുന്നു.
ശരണ്യ തിരികെ വീടിന് മുൻപിൽ എത്തുമ്പോൾ വീടിന്റെ പൂമുഖ വാതിൽ മലർക്കെ തുറന്നു കിടന്നിരുന്നു. തന്റെ കുടുംബം കല്യാണ വീട്ടിൽ നിന്ന് തിരിച്ചെത്തിയെന്ന് അവൾക്ക് മനസ്സിലായി. മോൾ എവിടെപ്പോയിരുന്നു, പ്രസന്നവദനയായി
വീടിനകത്തേക്ക് കയറി വന്ന ശരണ്യയോട് ഡ്രോയിങ് റൂമിൽ സോഫയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന രാജൻ ചോദിച്ചു.മകളുടെ മുഖത്തുണ്ടായ മാറ്റം അയാളെ അത്ഭുതപ്പെടുത്തി. അച്ഛാ ഞാൻ പറമ്പിൽ നടക്കാൻ പോയി, ശരണ്യ ചെറു പുഞ്ചിരിയോടെ തന്റെ കയ്യിലുണ്ടായിരുന്ന അമ്പഴങ്ങ അച്ഛന് സമ്മാനിക്കുമ്പോൾ പറഞ്ഞു. അവൾ തന്റെ മുറിയിലേക്ക് സന്തോഷത്തോടെ നടക്കുമ്പോൾ അച്ചൻ അവളോട് പറയാറുണ്ടായിരുന്ന ഒരു കാര്യം അവൾക്ക് ഓർമ വന്നു, ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ തോൽപ്പിക്കുന്നവനെ , പിന്നെ ഒന്നും ഭയപ്പെടുത്തില്ല എന്ന യാഥാർഥ്യം.
തന്റെ മകൾ കയ്യിൽ വെച്ച് തന്ന അമ്പഴങ്ങ രുചിക്കുമ്പോൾ രാജന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മകളെ തിരിച്ചു കിട്ടിയതിന്റെ സന്തോഷ കണ്ണുനീര് ആയിരുന്നു അത്. അമ്പഴങ്ങ കയ്പ്പ് ഉള്ളതായിരുന്നിട്ടു കൂടി അയാൾക്കത് മധുരിക്കുന്നതായി തോന്നി.
***അവസാനിച്ചു ***
