Swathy Krishna

Inspirational Others

4  

Swathy Krishna

Inspirational Others

മുഷിഞ്ഞ ഷർട്ട്

മുഷിഞ്ഞ ഷർട്ട്

4 mins
264


കോളേജ് കഴിഞ്ഞു വീട്ടിലേക്ക് കയറി വരുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു... ഉമ്മറത്തു തന്നെ ഉപ്പയെ കണ്ടു... വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ഉമ്മയും പുറത്തേക്ക് വന്നു.

കൂട്ടുകാരനാണ് ഗെറ്റ്‌ വരെ കൊണ്ടു വിട്ടത്... അവനോട് യാത്ര പറഞ്ഞു ഉമ്മറത്തേക്ക്‌ കയറും വരെ മറ്റൊരു ലോകത്തായിരുന്നു...


" ന്റെ അജ്മലെ... ഇജ്ജെടെ പൊയ്യിക്കാർന്നു?? ഞാൻ വല്ലാണ്ടായിപ്പോയി... " ഉമ്മയുടെ ബേജാറോടെയുള്ള ശബ്ദം അവനെ യാഥാർഥ്യത്തിലേക്ക് കൊണ്ടു വന്നു...


" കോളേജില് പരിപാടി ആയിരുന്നുമ്മാ.... " അജ്മൽ തലമുടി പിന്നിലോട്ട് ഒന്ന് ഒതുക്കിക്കൊണ്ട് പറഞ്ഞു....

അവന്റെ തലമുടിയിൽ നിന്നും ചുവപ്പും നീലയും നിറത്തിൽ പൊടി പോലെന്തോ പൊഴിഞ്ഞു....


" എന്ത് കോലാ അജ്മലെ ഇത്?? " ഉപ്പയും ശബ്ദം ഉയർത്തി...

ഇതു പ്രതീക്ഷിച്ചതാണ്... അല്ലെങ്കിൽ കോളേജ്... കൂട്ടുകാർ... സൗഹൃദം... ഇതൊക്കെ അവർക്ക് മനസ്സിലാവോ??


" എന്താണ്ടാ ഇത്?? ഷർട്ട് ഒക്കെ അപ്പടി വെള്ളോം പൊടിയും... നീ വല്ല പെയിന്റ് പാത്രത്തിലും വീണോ?? " ഉമ്മ ചോദിച്ചു


" അയ്യ്... ന്റുമ്മാ.... ഇന്ന് ഹോളി ആയിരുന്നു... പിന്നെ കോളേജിലെ ഞങ്ങളെ ലാസ്റ്റ് ദിവസോം... അത് ങ്ങക്ക് തിരിയൂല.... ഇങ്ങനെ ഒക്കെ തന്നാ " അജ്മൽ പറഞ്ഞു


" അപ്പൾത്തിനും ഓനിക്ക് ദേഷ്യം പിടിച്ചു... അനക്ക് എന്താ... ഇതു കയ്കി ന്റെ നടു ഒടിയും... എങ്ങനെ വൃത്തി ആവാനാ " ഉമ്മ ചോദിച്ചു


" ന്റെ ഷർട്ടിൽ തൊട്ടാ മയ്യത്ത് ആയിരിക്കും ഇവിടെ... " അജ്മൽ പെട്ടന്ന് പറഞ്ഞു...


" ആർടെ?? " ഉപ്പയുടെ ശബ്ദം പരുക്കനായി...


" ന്റെ ന്നെ... " ഉപ്പയുടെ മുന്നിൽ അവന്റെ ശബ്ദം താഴ്ന്നു... അവൻ മെല്ലെ മുറിയിലേക്ക് നടന്നു...


കുളിക്കാൻ തോർത്ത് എടുത്തപ്പോൾ വല്ലാത്ത ഒരു നൊമ്പരം... അവൻ കണ്ണാടിക്ക് മുൻപിൽ ചെന്ന് നിന്നു...

ഇന്ന് ഇനി ഈ ഷർട്ട്‌ അഴിച്ചു മാറ്റിയാൽ പിന്നെ ഒരിക്കലും ദേഹത്തു കേറില്ല... ക്യാമ്പസ്സിന്റെ നിറമാണ് ആ ഷർട്ടിന്....

വർണശബളമായ ക്യാമ്പാസ്... സൗഹൃദത്തിനും പ്രണയത്തിനും സാഹോദര്യത്തിനുമെല്ലാം പല നിറം....


ഇന്ന് അവസാന ദിവസമായിരുന്നു... അതുപോലെ ഹോളിയും... കൂട്ടുകാരുടെ ഉറക്കെയുള്ള പൊട്ടിച്ചിരിയിലും ആ മിഴികളിൽ നാനവൂറി നിന്നിരുന്നു....


ചിലരെയൊന്നും ഒരിക്കലും കാണാൻ വഴിയില്ല... പക്ഷെ ഓർമ്മകളിൽ എല്ലാവരുമുണ്ട്... നിറഞ്ഞ ക്ലാസുകൾ.... മേളം കൊഴുത്ത ബെഞ്ചുകൾ... ഉറങ്ങി വീണ ചുമലുകൾ... ചോക്കിന്റെ ഗന്ധം തിങ്ങിയ ക്ലാസ്സ്‌മുറിയുടെ ചന്തം ഇന്നാണ് കണ്ടത്... മനസ്സിലാക്കിയത്....


ഒരിക്കലും തിരിച്ചു വരാത്ത ആ നാളുകളിൽ പലപ്പോഴും വെറുത്തു പോയിട്ടുണ്ട്... ഇനി വെറുക്കാനൊട്ട് കഴിയില്ല താനും....


എന്റെ കോളേജ്...!!

അവന്റെ ഹൃദയം മൊഴിഞ്ഞു...


" ന്റ അജ്മലെ... നീ ആ മുഷിഞ്ഞ ഷർട്ട് മാറ്റി കുളിച്ചു വാ... ചായ എടുത്തു വക്കാം " ഉമ്മയുടെ ശബ്ദം പിന്നെയും....


മുഷിഞ്ഞ ഷർട്ട്...!!

അലമാരയിലെ അലക്കി മിനുപ്പിച്ചതോ പുത്തനുമായ ഏതൊരു ഷർട്ടെടുത്താലും ഇതിന്റെ മൂല്യം വേറെ തന്നെയാ....


അജ്മൽ മെല്ലെ ഷർട്ട് അഴിച്ചു മാറ്റി... ദേഹത്തു നിന്നും അടർത്തിയെടുക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു....


ഫാൻ ഇട്ടു മുറിയിൽ തന്നെ ഉണക്കാനിട്ടുകൊണ്ടാണ് അവൻ കുളിക്കാൻ കയറിയത്... കുളി കഴിഞ്ഞു നേരെ പോയി ചായ കുടിച്ചു....


പരീക്ഷയായിരുന്നു... പരീക്ഷ കഴിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു... ടീവി കാണാൻ... ഫോണിൽ കളിക്കാൻ... പുറത്ത് പോകാൻ...

പക്ഷെ വേണ്ടായിരുന്നു... ഒന്നും തീരണ്ടായിരുന്നു....


രാത്രി കിടക്കാൻ വന്നപ്പോൾ പിന്നെയും കണ്ടു അമ്മ പറഞ്ഞ മുഷിഞ്ഞ ഷർട്ട്... കനം കുറഞ്ഞ തുണി ആയതിനാൽ പെട്ടന്ന് ഉണങ്ങി കിട്ടി...

അവൻ ഒരു പുഞ്ചിരിയോടെ അത് കയ്യിലെടുത്തു... ആരൊക്കെയോ എന്തൊക്കെയൊ തോന്നിവാസങ്ങളും എഴുതി വച്ചിട്ടുണ്ട്... ഓരോന്ന് നോക്കി... ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്കൊപ്പം കണ്ണിൽ തിങ്ങിയ നനവും....


അലമാര തുറന്നു ചെറിയ അറയിലെ കൊച്ചു സാധനങ്ങൾ എല്ലാം എടുത്തു മാറ്റി... മാഞ്ഞു പോയ നിമിഷങ്ങളുടെ ഓർമ്മകളുടെ സുന്ദരമായ നോവ് പോലെ സൂക്ഷിച്ചു വക്കാൻ...


ദിവസങ്ങൾ കടന്നു പോയി... കോളേജ് കഴിഞ്ഞാൽ പിന്നെ കുറേ കാലം കഷ്ടകാലമാണ്... ജോലി... കുടുംബം.... പ്രാരാബ്ദങ്ങൾ... ഒടുക്കം വിമാനം കയറാൻ വിസയും ശരിയാക്കി പോകാൻ തയ്യാറായി.... അലമാരയിൽ നിന്നും ഡോക്യുമെന്റ്സ് എല്ലാം എടുത്തു നോക്കുമ്പോൾ ആണ് അത് ശ്രദ്ധിച്ചത്... അവൻ നിധി പോലെ കാത്തു വച്ച അവന്റെ യൂണിഫോം കുപ്പായം കാണുന്നില്ല... എന്തുകൊണ്ടെന്ന് അറിയില്ല... ചങ്ക് ഒന്ന് പിടച്ചു...


" ഉമ്മാ... " അലമാര മുഴുവൻ തപ്പുന്നതിന്റെ ഇടയിലും അവൻ ഉറക്കെ വിളിച്ചു...

നിമിഷംകൊണ്ട് ഉമ്മ അങ്ങോട്ട് പിടഞ്ഞെത്തി....


" എന്താണ്ടാ ?? "


" ഇവിടെ ഉണ്ടാർന്ന കുപ്പായം എന്ത്യേ?? " അജ്മൽ ചോദിച്ചു


" അവിടെ ണ്ടാവും " ഉമ്മ പറഞ്ഞു


" എവടെ?? ന്റെ യൂണിഫോമിന്റെ കുപ്പായം ആയിരുന്ന്... അന്ന് ഇട്ടു വന്നില്ലേ?? " അജ്മൽ പറഞ്ഞപ്പോൾ ഉമ്മ ഒന്ന് നിശബ്ദമായി....

ആ മൗനം അജ്മലിന്റെ ശ്രദ്ധ പിടിച്ചു പറ്റി....


" ആ മുഷിഞ്ഞ ഷർട്ടോ?? " ഉമ്മ ചോദിച്ചു


" ആഹ്... ആ മുഷിഞ്ഞ ഷർട്ട്.... എവടെ അത്?? " അജ്മൽ ചോദിച്ചു


" ഇന്നാള് പഴേ തുണികളൊക്കെ എടുത്തു കത്തിച്ചപ്പോൾ.... "

" കത്തിച്ചപ്പോ?? " അജ്മലിന്റെ ശബ്ദം ഉയർന്നു...


ഉമ്മ മിണ്ടിയില്ല... സങ്കടവും നിരാശയും ഒരുപോലെ അവന്റെ മുഖത്ത് കാണാം... അതിലുമുപരി കോപമായിരുന്നു... ഉമ്മയോട്...


" നിങ്ങൾക്ക് അത് മുഷിഞ്ഞതാവും... പക്ഷെ ഇനിക്ക് അത്... അതെങ്ങനാ... പഠിപ്പും വിവരോം ഇല്ലാത്ത നിങ്ങളോട് പറഞ്ഞിട്ട് കാര്യല്ല " അജ്മൽ അന്നേരത്തെ ദേഷ്യത്തിൽ പറഞ്ഞു.... അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു....


ഹാളിൽ ഉപ്പ ഇരിക്കുന്നത് അപ്പോഴാണ് കണ്ടത്... ഉപ്പയെ ഗൗനിക്കാതെയാണ് അവൻ പോയത്...


അന്ന് വൈകീട്ട് ഏറെ വൈകിയിട്ടും വീട്ടിൽ പോകാൻ തോന്നിയില്ല... ദേഷ്യം കൊണ്ടല്ല... ഉമ്മയോട് കയർത്തു സംസാരിച്ചത് മനസ്സിൽ അങ്ങനെ കിടക്കുന്നു... മനസ്സിൽ വല്ലാത്ത ഒരു ഭാരം...

കായലോരത്തെ കരിങ്കൽ ഭിത്തിയിൽ അവൻ ഇരുന്നു... നിലാവിൽ കുളിച്ച കായൽ... പൂർണ ചന്ദ്രൻ അവനെ നോക്കി ചിരിക്കുന്ന പോലെ... ഒരുപക്ഷെ ദിവസങ്ങൾക്കുള്ളിൽ ഇതും നഷ്ടമാവും... മണലും മരുഭൂമിയുമാണ് ആദ്യം മനസ്സിൽ വന്നത്...

അല്ലെങ്കിലും നഷ്ടമാവുമ്പോൾ അല്ലെ വിലയറിയൂ... ആ മുഷിഞ്ഞ ഷർട്ട് പോലെ...


അങ്ങനെ ഇരിക്കെ പെട്ടന്നാണ് പുറകിൽ ഒരു കാൽപെരുമാറ്റം കേട്ടത്... പൊടുന്നനെ തിരിഞ്ഞു നോക്കി...


" ഉപ്പാ?? "

ഇരുട്ടിൽ നിന്നും ഉപ്പ അടുത്തേക്ക് വന്നു... അജ്മൽ കായൽക്കരയിൽ നിന്നും എഴുന്നേറ്റു....


" നീ ഇവിടെ ഇരിക്കുവാർന്നോ?? നിന്റെ ചങ്ങായിന്റെ കൂടെ ഇല്ലെന്ന് അറിഞ്ഞപ്പോൾ പാവം ഉമ്മ ബേജാറായി... " ഉപ്പ പറഞ്ഞു...

അജ്മൽ മിണ്ടിയില്ല.... അല്പനേരം അവിടെ വല്ലാത്തൊരു നിശബ്ദത നിറഞ്ഞു....


" പഠിപ്പും വിവരോം ഇല്ലാത്ത ഓൾക്ക് ‌ ഒരു അബദ്ധം പറ്റി... നീ അത് ക്ഷമിച്ചു കളയടാ... പാവം നല്ല വിഷമായി.... എന്നത്തേയും പോലെ അല്ലല്ലോ... നീ പോവല്ലേ... " ഉപ്പ പറഞ്ഞപ്പോൾ പിന്നെയും വേദന...!!


" ഉപ്പാ ഞാൻ... പെട്ടന്ന് ദേഷ്യം വന്നപ്പോൾ.... " അജ്മലിന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു...


" നമുക്ക് നിസാരമായി തോന്നുന്ന പലതിനും മറ്റുള്ളോർക്ക് ജീവന്റെ വിലയാണ്... ഞങ്ങളുടെ ജീവിതത്തിൽ വിലപ്പെട്ടത് നീയാണ്... നിന്നെക്കാൾ വലുതല്ല ഒന്നും... "


" ഉപ്പ ഞാൻ അത്... "


" അതല്ല... ഇനിയുള്ളതിനെ പറ്റിയാ പറയുന്നേ... ജീവിതത്തിൽ വിലപിടിപ്പുള്ള പലതും ഇനിയും കടന്നു വരും... ഞങ്ങളെക്കാൾ മൂല്യമുള്ളവ... പുതിയ ആളുകൾ... പുതിയ സ്ഥലം... അങ്ങനെ പുതിയ പലതും കടന്നു വരും... നല്ലതാണ്... പക്ഷെ ഇവിടെ ഒരുപ്പയും ഉമ്മയും ഉള്ളത് മറന്നു പോവരുത്.... പുറത്ത് പ്രകടിപ്പിച്ചില്ലേങ്കിലും മനസ്സ് നിറയെ നീയാണ്... " ഉപ്പ പറഞ്ഞു നിറുത്തി


ജീവിതത്തിൽ ആദ്യമായാണ് ഉപ്പ അങ്ങനെ ഒന്ന് പറഞ്ഞു കേൾക്കുന്നത്... ഉമ്മയെ അത്രത്തോളം വേദനിപ്പിച്ചോ താൻ... അതുകൊണ്ടല്ലെ ഉപ്പയും വേദനിച്ചത്....


ജീവിതത്തിൽ നഷ്ടപ്പെടുമെന്ന് തോന്നുമ്പോഴാണ് മൂല്യമേറുന്നത്....


" എവിടെ പോയാലും എത്ര അകലെയാണെങ്കിലും എനിക്ക് വലുത് നിങ്ങള് തന്നാ ഉപ്പാ... ആ എന്നെ ഇങ്ങൾക്ക് നഷ്ടപെടൂലാ... " ഉപ്പയോട് അത് പറയുമ്പോൾ കണ്ണ് നിറഞ്ഞൊഴുകി....

ആ കണ്ണുനീരിനൊപ്പം ഉപ്പയുടെ ചേർത്തു ആലിംഗനം കൂടെ ആയപ്പോൾ പൊട്ടിക്കരഞ്ഞു പോയി....


വീട്ടിലേക്ക് ഓടിയെത്താൻ തോന്നുന്നു ഇപ്പോൾ... ഉമ്മ കാത്തിരിക്കുന്നുണ്ടാവും.... വേഗം ആ കരവലയത്തിലേക്ക് ഓടി കയറണം... കഴിയുന്നത്രയും സമയം ഉമ്മയുടെ കൂടെയിരിക്കണം....

ആ മുഷിഞ്ഞ ഷർട്ട് സൂക്ഷിച്ചു വച്ചതിനേക്കാൾ ഭദ്രമായി ഹൃദയത്തിൽ ആ അനുഭൂതി ചേർത്തു വക്കണം....

തിരിച്ചു വരും വരെ ഉമ്മയുടെ ചൂടുപോലെ... ഉപ്പയുടെ കരുതൽ പോലെ കൂടെയുണ്ടാവാൻ...!!! 


Rate this content
Log in

Similar malayalam story from Inspirational