വലിയ പങ്ക്
വലിയ പങ്ക്
പുറത്തെ ബഹളം കേട്ടാണ് ഹാളിൽ ടീവി കണ്ടുകൊണ്ടിരുന്ന മാളു ജനൽ വഴി മുറ്റത്തെക്ക് എത്തി നോക്കിയത്....
തൊടിയിലെ വാഴത്തൊട്ടത്തിനടുത്തു നിന്നും അച്ഛനും വല്യച്ഛനും തമ്മിലാണ് കശപിശ...!!
രാവിലെ തുടങ്ങിയതാണ്...
പറമ്പിൽ നീളെ കെട്ടിയിരിക്കുന്ന കയറിനു അപ്പുറവും ഇപ്പുറവും നിന്നാണ് തർക്കം... ഇന്ന് സ്ഥലം ഒന്നൂടെ അളക്കണം എന്നും പറഞ്ഞു വല്യച്ഛൻ കയറി വന്നു... കൂടെ വല്യേട്ടനും....
ഒരു സ്ഥലത്തിന്റെ പേരിൽ ഇവരെന്തിനാ ഇങ്ങനെ തമ്മിലടിക്കുന്നെ???
മാളു മനസ്സിലോർത്തു...
അപ്പോഴാണ് താൻ കണ്ടിരുന്ന ചാനൽ പെട്ടന്ന് മാറിയത് അവൾ ശ്രദ്ധിച്ചത്... തിരിഞ്ഞു നോക്കുമ്പോൾ...
ദേ അപ്പുവാണ്... അവൻ സോഫയിൽ കാലും കയറ്റി വച്ചിരുന്നു ടീവി കാണുന്നു...
മാളുവിന് ദേഷ്യം വന്നു...
" ടാ.... ചാനൽ മാറ്റടാ... " കലിപ്പിൽ അവൾ അവനരികിലേക്ക് പറന്നു...
" നീ കുറേ നേരം ആയില്ലേ കാണുന്നു... ഇനി ഞാൻ കാണട്ടെ... " അപ്പു പറഞ്ഞു
മാളു ഉടനെ അവന്റെ കയ്യിലെ റിമോട്ട് തട്ടി പറിക്കാൻ ഒരു ശ്രമം നടത്തി... പക്ഷെ അപ്പു വിട്ടു കൊടുക്കുമോ??
അവസാനം പിടി വലിയായി... ഉന്തും തള്ളുമായി... സോഫയിൽ കുത്തി മറിയലായി....
" അമ്മാ... " ഇരുവരും അലറി വിളിക്കുന്നത് കേട്ട് വന്ന അമ്മ അവരെ കണ്ടു ഞെട്ടി...
മാളുവിന്റെ പല്ല് അപ്പുവിന്റെ കൈ തുളച്ചു കയറുമോ എന്ന് തോന്നി... അപ്പുവിന്റെ മറ്റൊരു കൈ മാളുവിന്റെ തലമുടിയിലും....
" വിടടാ... മാളു.... മാറ്... " അമ്മ വന്നു രണ്ടിനെയും പിടിച്ചു മാറ്റി....
പല്ലു ഞെരിച്ചു കൊണ്ട് അപ്പു അവളെ നോക്കി... ഉണ്ടക്കണ്ണിൽ വെള്ളം നിറച്ചുകൊണ്ട് മാളുവും....
" ഞാൻ ടീവി കാണുമ്പോൾ മാത്രേ അവന് ടീവി വേണ്ടൂ.... " മാളു പറഞ്ഞു തീർന്നില്ല...
അതിനേക്കാൾ ഉച്ചത്തിൽ തൊടിയിൽ വല്യച്ഛന്റെ ശബ്ദം ഉയർന്നു....
" നീ മിണ്ടണ്ട.... അങ്ങനെ ഞങ്ങൾടെ കണ്ണിൽ പൊടി ഇടാന്ന് കരുതണ്ട... "
മാളു ഒന്ന് ഞെട്ടി.... അപ്പുവും ജനൽ വക്കിലേക്ക് ഒന്ന് എത്തി നോക്കി....
" ഓഹ്... അവരെ ആരാ പിടിച്ചു മാറ്റാൻ പോണത്?? " അപ്പു ചോദിച്ചു....
" അപ്പൂ... " അമ്മ ഒരു താക്കീതോടെ അവനെ വിളിച്ചു....
" എന്തിനാ അമ്മേ അവരിങ്ങനെ വഴക്ക് കൂടുന്നെ.... ഈ സ്ഥലം ഒക്കെ നമുക്ക് ഒരുപോലെ എടുത്തൂടെ?? ഞാനും അപ്പുവും ഒരേ കട്ടിലിൽ അല്ലെ കിടക്കുന്നെ?? " മാളു അവളുടെ സംശയം ചോദിച്ചു....
അമ്മ നെടുവീർപ്പോടെ അവളെ നോക്കി.... പിന്നെ പുഞ്ചിരിച്ചു....
" നീ വാ... ഒരു കാര്യം തരാം " അമ്മ മാളുവിന്റെ കൈ പിടിച്ചു അടുക്കളയിലേക്ക് കൂട്ടിക്കൊണ്ട് പോയി....
വീതനക്ക് മുകളിലെ സ്റ്റീൽ ടിൻ തുറന്ന് ഒരു പൊതി എടുത്തു.... തുറന്നപ്പോഴേ ഹൽവയുടെ മണം മാളുവിന്റെ മൂക്കിലേക്ക് ഇടിച്ചു കയറി....
അമ്മ അത് മുറിച്ചു രണ്ട് കഷ്ണമെടുത്തു മാളുവിന്റെ ഇരു കയ്യിലായി വച്ചു കൊടുത്തു... എന്നിട്ട് പറഞ്ഞു...
" ഇത് അപ്പുവിന്... ഇത് മോൾക്ക് "
മാളു തന്റെ കൈകളിൽ മാറി മാറി നോക്കി...
" ഇതെന്താ അപ്പൂന് വലുത്?? " അവൾ പുരികം ഉയർത്തി അമ്മയെ നോക്കി....
" അപ്പൂന് ഹൽവ ഒത്തിരി ഇഷ്ടല്ലേ... അതാ " അമ്മ പറഞ്ഞത് കേട്ട് മാളുവിന്റെ നെറ്റി ചുളിഞ്ഞു...
" എനിക്കും ഇഷ്ടാ " മാളു വാശിയോടെ പറഞ്ഞു...
ഒരു പുഞ്ചിരിയോടെ അമ്മ അവൾക്ക് മുൻപിൽ മുട്ട് കുത്തി ഇരുന്നു...
" ഒരു കൊച്ചു കഷ്ണം ഹൽവ പോലും ഉണ്ണിക്ക് കൂടുതൽ കൊടുക്കാൻ നിനക്ക് ഇഷ്ടല്ല... പിന്നെ ആണോ അത്രേം വിലയുള്ള ഭൂമി?? " അമ്മ ചോദിച്ചു....
മാളു തല ഉയർത്തി അമ്മയെ നോക്കി....
" ചിലപ്പോൾ ചെറിയ വിട്ടകൊടുക്കലുകൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.... എന്തൊക്കെ ആയാലും നിന്റെ അനിയൻ അല്ലെ... ഒരു കുഞ്ഞു കഷ്ണം അവൻ കൂടുതൽ എടുക്കട്ടെ... ഞാൻ പറഞ്ഞോണ്ട് ചെയ്യണ്ടാ... സ്നേഹം ഉണ്ടെങ്കിൽ ചെയ്താ മതി.... " അമ്മ അവളുടെ ശിരസ്സിൽ സ്നേഹത്തോടെ തട്ടിക്കൊണ്ട് എഴുന്നേറ്റു...
കയ്യിലെ ഹൽവയിലേക്ക് ഒന്ന് നോക്കി മാളു ഹാളിലേക്ക് നടന്നു.... അപ്പോഴേക്കും അച്ഛനും അങ്ങോട്ട് കയറി വന്നു...
" എന്തായി?? " അമ്മ ചോദിച്ചു...
" അവര് എന്താച്ചാ ചെയ്യട്ടെ... ഭൂമി പോണേൽ പോട്ടെ... ഇനിയും അവിടെ നിന്നാ ചിലപ്പോൾ ആ ബന്ധം തന്നെ ഇല്ലാണ്ട് ആവും... എന്തൊക്കെ പറഞ്ഞാലും ചേട്ടൻ അല്ലെ.... " അച്ഛൻ അല്പം സങ്കടത്തോടെ ആണെങ്കിലും പറഞ്ഞു....
ആ വാക്കുകളിൽ നിന്നും അച്ഛന്റെ ഭാഗത്തെ നേര് കണ്ടു മാളു....
" സാരല്യ.... ഞാൻ വെള്ളം കൊണ്ടരാം " അമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി...
അപ്പോഴും മാളുവിന്റെ കയ്യിൽ ആ ഹൽവ കഷ്ണങ്ങൾ ഉണ്ടായിരുന്നു...
അവൾ സോഫയിലേക്ക് ഇരുന്നു... അധികം ഒന്നും ആലോചിക്കാതെ കയ്യിലെ വലിയ കഷ്ണം തന്നെ അപ്പുവിന് നീട്ടി....
" ഹായ്... ഹൽവ " അപ്പു അവളിൽ നിന്നും അത് പെട്ടന്ന് തട്ടി പറിച്ചു വാങ്ങി...
അതിനിടയിൽ മാളുവിന്റെ കയ്യിലെ ഹൽവ കഷ്ണത്തിലേക്ക് കൂടി അവന്റെ കണ്ണ് പാഞ്ഞു...
അതൊരു ചെറിയ കഷ്ണം ആണെന്ന് അവന് തോന്നി....
അതെന്താ ഇപ്പോൾ അങ്ങനെ?? സാധാരണ അമ്മ തുല്യമായല്ലെ പങ്കുവക്കാറ്...??
അപ്പു ഓർത്തു....
എന്ന് വച്ചു കയ്യിലെ ഹൽവ അവൾക്ക് കൊടുക്കാൻ ഒന്നും കൊതിയൻ അപ്പൂന് തോന്നിയില്ല...
പകരം അവൻ മറ്റൊന്ന് അവൾക്ക് നൽകി... ടീവി യുടെ റിമോട്ട്...
" ന്നാ... പക്ഷെ രണ്ട് പേർക്കും ഇഷ്ടം ഉള്ളത് വക്കണം " അപ്പു പറഞ്ഞു....
മാളുവിന്റെ മുഖം വിടർന്നു....
" ഹ്മ്മ്... നമുക്ക് സിനിമ കാണാം " മാളു പറഞ്ഞപ്പോൾ അപ്പുവിനും അത് സമ്മതം....
ഇരുവരും ഒരുമിച്ചിരുന്നു സന്തോഷത്തോടെ ടീവി കാണുന്നതും കണ്ടാണ് അമ്മ അങ്ങോട്ട് വന്നത്...
ആ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു... നാളെ അവരിരിനിയും അടി കൂടുമെന്ന് അറിയാം... കുരുത്തക്കേടുകൾ കൂടെപിറപ്പാണ്... അതിനിടയിലും ആ സ്നേഹം വറ്റാതിരിക്കാൻ ആരെങ്കിലുമൊന്നു വിട്ടു കൊടുക്കണ്ടേ...!!
