Anamika CB

Drama Inspirational Others

3.4  

Anamika CB

Drama Inspirational Others

ജാനകി

ജാനകി

5 mins
238


"അച്ചമ്മേ... സൂര്യോദയം കാണാൻ നല്ല ഭംഗി ആണല്ലേ...ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ മറികടന്ന് ഇരുട്ടിൽനിന്നുമുള്ള ഒരു ഉയിർത്തെഴുന്നേൽപ്പ്. അല്ലേ?" 

നയനക്ക് 21 വയസ്സാണ്. ഇപ്പോൾ PG English second year ന് പഠിക്കുന്നു. പതിനഞ്ചാം വയസ്സിൽ എഴുത്ത് തുടങ്ങിയതാണ് അവൾ. ചെറുപ്പം മുതൽക്കേ വായന ഒരു ഹരമായിരുന്നു. പുസ്തകങ്ങളാണ് അവളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. അവളുടെ അച്ഛമ്മയും ഒരെഴുത്തുകാരി ആയിരുന്നു- ജാനകി കൃഷ്ണൻ. അക്കാലത്ത് അധികം പഠിപ്പുള്ള സ്ത്രീകൾ ഒന്നും ഇല്ലായിരുന്നു. ജാനകി ഡിഗ്രി പഠിച്ചിട്ടുണ്ട്. BA മലയാളം. വിവാഹശേഷം ജോലിക്കൊന്നും പോകാത്തതിനാൽ ഒരുപാട് സമയം അവർക്കുണ്ടായിരുന്നു. വീട്ടിലെ ജോലികൾ എല്ലാം തീർത്ത് കുറച്ചുസമയം പുസ്തകങ്ങൾ വായിക്കും. അങ്ങനെ ഒരിക്കലാണ് എഴുത്ത് ആരംഭിച്ചത്. ജാനകിയുടെ എഴുത്തുകൾ കണ്ട് സഹോദരൻ മാധവൻകുട്ടിയാണ് അവ പ്രസിദ്ധീകരിക്കണം എന്ന് അവരോട് നിർബന്ധം പിടിച്ചത്. ആദ്യമൊന്നും അവർ അത് സമ്മതിച്ചില്ല. എന്നാൽ സഹോദരൻ്റെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങി 'കൃഷ്ണൻ' എന്ന തൂലികാനാമത്തിൽ തന്റെ എഴുത്തുകൾ പ്രസിദ്ധീകരിക്കാൻ അവർ സമ്മതം മൂളി.

കൊച്ചുമകളോട് അവർ പറഞ്ഞു: " നോക്ക്, രക്തവർണ്ണമാണ് ആകാശം. നല്ല തുടക്കമല്ല ഓരോ സൂര്യോദയവും സൂചിപ്പിക്കുന്നത് മോശം തുടക്കത്തെയാണ്."

"അതെന്താ അച്ഛമ്മ അങ്ങനെ പറഞ്ഞത്? പുതിയ ഉദയമാണ്- ഇതിനെ എങ്ങനെ നല്ലതല്ല എന്ന് പറയാനാകും? ചുറ്റുമുള്ള ചുവപ്പുനിറം. അത് കാണാൻ തന്നെ നല്ല ഭംഗി അല്ലേ?"

 "അതെ കാണാൻ ഭംഗിയുണ്ട് എന്നാൽ പുറമേ കാണുന്നതല്ല യാഥാർത്ഥ്യം."

"അതേ ശരിയാണ്, പക്ഷേ ഇതിനെ നെഗറ്റീവ് ആയി കാണാൻ... എന്തോ... എനിക്ക് പറ്റുന്നില്ല. പുറമേ കാണുന്നതല്ല യാഥാർത്ഥ്യം. അച്ഛമ്മ അപ്പറഞ്ഞത് ശരിയാണ്. സൂര്യോദയം കാണുന്നവർ അതിൻറെ ഭംഗി മാത്രമാണ് കാണുന്നത്. കുറച്ച് കാവ്യാത്മകമായി പറഞ്ഞാൽ, ഇരുട്ടിൻറെ വലയത്തിൽ നിന്നും പുറത്തു വന്ന്, സ്വയം എരിഞ്ഞുകൊണ്ട് പ്രകാശിക്കുന്ന സൂര്യനെ നമ്മൾ കാണുന്നില്ല. അല്ല, ചിന്തിക്കുന്നില്ല, ആ സൂര്യനെ കുറിച്ച്. അല്ലെങ്കിൽ, കണ്ടിട്ടും കാണാത്തതുപോലെ നിൽക്കുന്നു. എന്നാൽ സൂര്യോദയം പുത്തൻ ഉണർവിന്റെ, പുതിയ പ്രതീക്ഷകളുടെ സൂചനയല്ലേ... ജീവതയാത്രയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ തരണം ചെയ്തു പ്രകാശിക്കുന്ന, മറ്റുള്ളവർക്കും പ്രകാശം നൽകുന്ന ഒരു ശുഭ സൂചന.?"

 " ഉം...നീ തന്നെ പറഞ്ഞല്ലോ"

" എന്ത്?"

അവരുടെ സംഭാഷണം ഒരു ശക്തമായ ചർച്ചയിലേക്ക് വഴിമാറുകയായിരുന്നു. ജാനകി തുടർന്നു:

"നീ പറഞ്ഞു, സ്വയം എരിഞ്ഞുകൊണ്ട് പ്രകാശിക്കുന്ന സൂര്യൻ എന്ന്. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തുന്ന സൂര്യൻ. അതെ, സ്വയം എരിഞ്ഞുകൊണ്ട്, മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തുന്ന സൂര്യൻ. സ്വന്തമായി ലഭിക്കുന്നതോ? ഒന്നുമില്ല... ചുട്ടുപൊള്ളുന്ന ചൂട് മാത്രം."

 "എൻറെ അച്ഛമ്മേ... ഇങ്ങനെ നെഗറ്റീവ് മാത്രം കാണല്ലേ... പോസിറ്റീവ് ആയി കാണൂ...സൂര്യൻ നമുക്ക് തരുന്ന മെസ്സേജ് എന്താ? ജീവിതം എന്നത് ഒരുപാട് പ്രശ്നങ്ങൾ നിറഞ്ഞ ഒന്നാണ്. പ്രശ്നങ്ങളില്ലാതെ ഒരിക്കലും മനുഷ്യർക്ക് എല്ലായ്പ്പോഴും ചിരിച്ചുകൊണ്ട് നടക്കാൻ പറ്റില്ല. അല്ല, സോറി. ചിരിച്ചുകൊണ്ടിരിക്കാൻ കഴിയും. ഞാൻ ഉദ്ദേശിച്ചത്, എല്ലായ്പ്പോഴും എല്ലാവർക്കും സന്തോഷത്തോടെ ഇരിക്കാൻ കഴിയില്ല. എൻ്റെ ജാനകിക്കുട്ടീ... ഇങ്ങനെ നമ്മുടെ ലൈഫിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ മറികടന്ന് നന്നായി ജ്വലിക്കാൻ, ആ സന്തോഷം, അല്ലെങ്കിൽ ആ വിജയം, മറ്റുള്ളവരിലേക്കും പകരാൻ നമുക്ക് സാധിക്കും എന്നല്ലേ സൂര്യൻ നൽകുന്ന ആ മെസ്സേജ്. ഇനി പറ. ജാനകിക്കുട്ടിക്ക് എന്താ തോന്നുന്നത്?" കുസൃതി നിറഞ്ഞ ഒരു നോട്ടത്തോടെ അവൾ പറഞ്ഞവസാനിപ്പിച്ചു.

" നിങ്ങൾ പുതുതലമുറയിലെ കുട്ടികളുടെ ചിന്താഗതിയിൽ എനിക്ക് സന്തോഷമുണ്ട്. ജീവിതത്തിലെ നല്ല വശങ്ങൾ കാണാൻ ഇത്ര ചെറുപ്പത്തിലെ നിങ്ങൾ പഠിച്ചു കഴിഞ്ഞു. പക്ഷേ ജീവിതത്തെ എല്ലായ്പ്പോഴും നല്ലതായി മാത്രം കാണാൻ കഴിയില്ല നന്നൂ... നിന്നിൽ എനിക്ക് അഭിമാനമുണ്ട്. നീ ആഗ്രഹിക്കുന്നത്ര ഉയരത്തിൽ എത്തിച്ചേരാൻ നിനക്ക് കഴിയും. ജീവിതത്തെ ഇങ്ങനെ നീ നോക്കിക്കാണുന്നതിൽ അത്ഭുതപ്പെടാനില്ല. ഇത്തരത്തിലുള്ള ചിന്തകളിൽ നിന്ന് നീ മാറി ചിന്തിക്കേണ്ടതുമില്ല. എന്റെ ചിന്തകളും ഇതേപോലെ മാറ്റാൻ കഴിയില്ല. ജീവിതം- അതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് പലർക്കും പലതായിരിക്കും. എനിക്കും, നിനക്കും, മറ്റെല്ലാവർക്കും. നീ ചിന്തിക്കുന്നത് പോലെയോ ഞാൻ ചിന്തിക്കുന്നത് പോലെയോ ആയിരിക്കില്ല നിൻറെ അച്ഛനും അമ്മയും ചിന്തിക്കുക."

 "ശരി. എന്താണ് എന്റെ അച്ഛമ്മയുടെ പ്രശ്നം? ജാനകിക്കുട്ടിയെ കേൾക്കാൻ നന്നു ഇല്ലേ...എന്നോട് പറ."

 ഒരു ചെറു ചിരിയോടെ നയനയുടെ കണ്ണുകളിലേക്ക് ചുളിഞ്ഞുകുഴിഞ്ഞ കണ്ണുകളുടെ നോക്കി അവർ തുടങ്ങി:

"നിന്നെപ്പോലെ ഒരു കൊച്ചു മകളെ കിട്ടിയത് എന്റെ ഭാഗ്യം. ഇക്കാലത്ത് കേൾക്കാൻ ഒരാളെ കിട്ടുക എന്നത് അത്ര എളുപ്പമല്ല. എല്ലാവരും ഫോണിലല്ലേ.. നയനം എന്ന വീടിൻറെ ഗേറ്റിനു പുറത്തുകൂടി നടന്നു പോകുന്ന ചെറുപ്പക്കാരനെ നോക്കി ജാനകി പറഞ്ഞു: "കണ്ടോ നടന്നുപോകുമ്പോഴും ഫോണിൽ. ഇങ്ങനെ പോയാൽ ഏതെങ്കിലും കുഴിയിൽ പോയി ചാടും ആ ചെറുക്കൻ"

അത് കേട്ട് ചിരിച്ചുകൊണ്ട് നയന പറഞ്ഞു: "അത് വിടച്ചമ്മേ... അച്ഛമ്മ പറ."

"നീയിപ്പോൾ സംസാരിക്കുന്നത് പോലെ ആരും എന്നോട് സംസാരിച്ചിട്ടില്ല. എൻ്റെ അച്ഛനോ, ഭർത്താവോ, എന്തിന്? മകൻ പോലും. അച്ഛൻറെ അടുത്ത് എപ്പോഴും ബഹുമാനം നിറഞ്ഞ ഒരു അകലം പാലിച്ചിരുന്നു. അച്ഛന് എന്നോട് നല്ല സ്നേഹമായിരുന്നു. മറ്റുള്ളവർ പറയുന്നതൊന്നും അച്ഛൻ കേട്ടില്ല. എന്നെ പഠിപ്പിച്ചു. ഡിഗ്രി വരെ. അതിനുശേഷം എന്നെ പഠിപ്പിക്കാനുള്ള സാമ്പത്തികം അച്ഛനില്ലായിരുന്നു. ഒന്ന് രണ്ട് വർഷങ്ങൾക്കുശേഷം വിവാഹം കഴിപ്പിച്ചയച്ചു. കുറെ വൈകിയാണ് നിൻറെ വല്യച്ഛൻ ഉണ്ടായത്. ഗർഭം ധരിക്കാൻ വൈകിയതുകൊണ്ട് ഒരുപാട് കുത്ത് വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. വിവാഹശേഷം എൻറെ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും തകർന്നടിയുകയായിരുന്നു. നിൻറെ അച്ചാച്ചൻ, കൃഷ്ണേട്ടൻ, അദ്ദേഹം ആദ്യമാദ്യം എനിക്ക് നേരെ വന്ന കുറ്റപ്പെടുത്തലുകളെ ചെറുത്തു. പിന്നീട് അദ്ദേഹത്തിന് തോന്നിക്കാണും അതുകൊണ്ടൊന്നും യാതൊരു പ്രയോജനവും ഇല്ലെന്ന്. വർഷങ്ങൾക്കുശേഷം, നിൻറെ വല്യച്ഛൻ ഉണ്ടായി. നാലു വർഷം കഴിഞ്ഞ് നിൻറെ അച്ഛനും. അതുകഴിഞ്ഞ് മൂന്ന് വർഷം തികഞ്ഞില്ല, കൃഷ്ണേട്ടൻ പോയി." അത് പറയുമ്പോൾ ജാനകിയുടെ കണ്ണുകളിൽ നനവ് ഉണ്ടായിരുന്നു. എന്നാൽ അവർ ശക്തയായ ഒരു സ്ത്രീയായിരുന്നു. ആ വെള്ളത്തുള്ളികളെ പുറത്തേക്ക് വരാൻ അവർ അനുവദിച്ചില്ല. "സൂര്യോദയം എന്നത് എന്നെ സംബന്ധിച്ച് അത്ര നല്ലതായിരുന്നില്ല. സൂര്യൻ ഒരു ദിവസമെങ്കിലും ഉദിച്ചില്ലെങ്കിൽ എന്ന് ഞാൻ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു."

അച്ഛമ്മ പറയുന്നതിനിടയിൽ മറ്റൊന്നും പറയാതെ, ക്ഷമയോടുകൂടി അവരുടെ അടുത്ത വാക്കുകള്‍ക്കായി നയന കാത്തിരുന്നു. കുറച്ചുസമയത്തിനുശേഷം അവർ തുടർന്നു:

"സൂര്യോദയത്തിന് മുൻപു ഉണരണം. എല്ലാ ജോലികളും തീർക്കണം. എല്ലാ ദിവസവും ഇതേപോലെ തന്നെ. ഈ വിരസത നിറഞ്ഞ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ ആണ് ഞാൻ എഴുത്തു തുടങ്ങിയത്. കുറേ എഴുതി. കഥകളും... കവിതകളും... എല്ലാം പ്രസിദ്ധീകരിക്കണം എന്നുണ്ടായിരുന്നു.സ്ത്രീയായിപോയില്ലേ... ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. സമൂഹം സ്ത്രീക്ക് കൽപ്പിച്ചു കൊടുത്തിരിക്കുന്ന ഒരു സ്ഥാനമുണ്ട്. അന്നും ഇന്നും അതുണ്ട്. അന്ന് കുറച്ചുകൂടി പരിമിതികൾ ഉണ്ടെന്ന് മാത്രം. ആ ഒരു സ്ഥാനത്തിൽ നിന്നും പെണ്ണ് ഒരടി മുൻപോട്ട് വന്നാൽ അവൾ പിന്നെ വീടിനും നാടിനും ശാപം. സമൂഹത്തെ ഭയന്ന് പല ആഗ്രഹങ്ങളും ഞാനൊരു കുഴികുത്തി കുഴിച്ചിട്ടു. പുറമേ നിന്നും നോക്കുമ്പോൾ എനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ല. സ്നേഹമുള്ള ഭർത്താവ്, കുറെയൊക്കെ എന്നെ നോവിച്ചിട്ടുണ്ടെങ്കിലും ആദ്യത്തെ കുഞ്ഞ് പിറന്നപ്പോൾ മുതൽ എന്നെ സ്നേഹിച്ചു തുടങ്ങിയ വീട്ടുകാർ... എന്നാൽ എൻറെ മനസ്സ് ഇതൊന്നുമല്ലായിരുന്നു. ഇതുവരെ ആരും എൻറെ മനസ്സിനെ തൊടാൻ ശ്രമിച്ചിട്ട് പോലുമില്ല. എൻറെ അച്ഛനോ അമ്മയോ പോലും. പുറമേ എല്ലാം ശാന്തമായി പോയിക്കൊണ്ടിരുന്നപ്പോഴും, ഉള്ളു കലുഷിതമായിരുന്നു. എന്തുകൊണ്ടാണ് സ്ത്രീകൾ ഇഷ്ടമല്ലെങ്കിൽ പോലും ആരോടും ഒന്നിനെക്കുറിച്ചും പരാതി പറയാത്തത്? എന്തിനാണ് സ്വന്തം മനസ്സ് പരിഗണിക്കാതെ മറ്റുള്ളവർ പറയുന്നത് അനുസരിച്ച് ഒരു കളിപ്പാവയെ പോലെ ജീവിക്കുന്നത്? ഒരുപാട് പ്രശ്നങ്ങൾ... ഒരുപാട് ചോദ്യങ്ങൾ എൻറെ മനസ്സിൽ ഉണ്ടായിരുന്നു. അപ്പോഴൊന്നും എൻറെ മനസ്സ് തുറക്കാൻ എനിക്ക് ആരെയും കിട്ടിയില്ല. പിന്നെ ഞാൻ ഒറ്റയ്ക്കിരിക്കുമ്പോൾ ദൈവത്തിനോട് സംസാരിച്ചു തുടങ്ങി. എൻറെ പ്രശ്നങ്ങളും... എൻറെ ചോദ്യങ്ങളും... ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയില്ലെങ്കിലും എൻറെ മനസ്സിന് കുറച്ച് സമാധാനം കിട്ടിത്തുടങ്ങി. എൻറെ എഴുത്തുകൾ എല്ലാം. ദൈവത്തിനെ കുറിച്ചുള്ളതാവാനും കാരണം ഇതുതന്നെയാണ്."

" എന്തുകൊണ്ട് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് എഴുതിയില്ല?" നയന ചോദിച്ചു.

"എഴുതിയിരുന്നു. അതൊന്നും ആരെയും കാണിച്ചിട്ടില്ല. ഭയമായിരുന്നു. എന്റെ ചേട്ടൻ, മാധവേട്ടൻ, ഞാൻ എഴുതിയത് പ്രസിദ്ധീകരിക്കണം എന്ന് പറഞ്ഞപ്പോഴും ഞാൻ അതൊക്കെ മറച്ചുവെച്ചു. ഒരുപക്ഷേ, അന്ന് അതെല്ലാം ചേട്ടന് കൊടുത്തിരുന്നു എങ്കിൽ പോലും ചേട്ടൻ ഒരിക്കലും അത് പ്രസിദ്ധീകരിക്കുമായിരുന്നില്ല. സ്ത്രീകൾക്ക് അവരുടെ ജീവിതത്തെക്കുറിച്ച് ഒരിക്കലും ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നല്ലോ..." അത് പറയുമ്പോൾ ജാനകിയുടെ മുഖത്ത് ഒരു പുച്ഛഭാവം ആയിരുന്നു. സ്ത്രീയെ കുറിച്ച് ഒന്നുമറിയാത്ത സമൂഹത്തോടുള്ള പുച്ഛം. പെട്ടെന്ന്, കൊച്ചുമകളുടെ തലയിൽ തലോടിക്കൊണ്ട്, പുഞ്ചിരിച്ചുകൊണ്ട്, അവർ തുടർന്നു:

"എനിക്ക് സന്തോഷമുണ്ട്, അഭിമാനവും. സമൂഹത്തെ ഭയന്ന് ജീവിക്കുന്നവളല്ല എൻറെ കൊച്ചുമകൾ. നിൻറെ അമ്മ, എന്റെ മരുമകൾ, അവളോട് അവൾക്ക് ഇഷ്ടമുള്ളതെല്ലാം  ചെയ്യ്, സമൂഹത്തെ ഭയക്കേണ്ട എന്ന് ഞാൻ പറഞ്ഞപ്പോഴും അവർക്ക് ഭയമായിരുന്നു. വിവാഹശേഷം വീണ്ടും പഠിക്കണമെന്നും, കാർ ഓടിക്കാൻ പഠിക്കണം എന്നും അവൾക്കുണ്ടായിരുന്നു. പക്ഷേ, അവൾ അവളുടെ ആഗ്രഹങ്ങളെ മാറ്റി നിർത്തി ഈ വീടിനു വേണ്ടി ജീവിച്ചു. നീ ഒരിക്കലും ഞങ്ങളെപ്പോലെ ആകരുത്. നിനക്ക് എന്ത് തോന്നുന്നോ അത് ചെയ്യുക."

" അമ്മേ...ഭക്ഷണം കഴിക്കാം. നന്നൂ...വാ..." അമ്മ വന്നു വിളിച്ചപ്പോൾ, പുരികം ചുളിച്ചുകൊണ്ട് നയന പറഞ്ഞു: "wait അമ്മാ... കുറച്ച് നേരം കൂടി."

അമ്മ കൂടുതലൊന്നും പറയാതെ "ഈ പെണ്ണ്" എന്നും പറഞ്ഞ് സ്വന്തം തലയിൽ ഒന്നടിച്ച് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി.

 നയന അച്ഛമ്മയെ നോക്കി. രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു. അതിനുശേഷം അച്ഛമ്മ പറഞ്ഞു തുടങ്ങി:

"എൻറെ മനസ്സിലെ പ്രശ്നങ്ങൾ ഞാൻ എൻറെ അമ്മയോട് പറഞ്ഞു. എല്ലാമല്ല, വളരെ കുറച്ച്. പക്ഷേ, ഇത്തരത്തിലുള്ള ചിന്തകൾ ഒന്നും പാടില്ല, ഇതൊക്കെ കുടുംബജീവിതത്തെ ബാധിക്കും, നല്ല കുടുംബജീവിതത്തെക്കുറിച്ച് മാത്രമേ സ്ത്രീകൾ ചിന്തിക്കാവൂ, എന്നെല്ലാം പറഞ്ഞു അമ്മ എന്റെ വായടപ്പിച്ചു. അവസാനം ഒരു വാക്കും. ഇത് എന്നോട് പറഞ്ഞത് പോട്ടെ, വേറെ ആരോടും ഇതൊന്നും പോയി പറയല്ലേ... നാട്ടുകാര് അതും ഇതും പറയും. ആ വാക്കുകൾ എൻറെ കഴുത്തിൽ പിടിച്ചുഞെരിക്കുന്നതായും, ഭാരമുള്ള എന്തോ വച്ച് എൻറെ തലയ്ക്ക് അടിക്കുന്നതായും എനിക്ക് തോന്നി. പല രാത്രികളിലും ഉറങ്ങുമ്പോൾ ഇനിയൊരു സൂര്യോദയം കാണരുതേ എന്ന ആഗ്രഹത്താൽ ആയിരുന്നു ഞാൻ കിടന്നിരുന്നത്. എനിക്ക് ചുറ്റും നടക്കുന്നത് എന്തെന്ന് എനിക്ക് പോലും മനസ്സിലാകാത്ത അവസ്ഥ. അപ്പോഴും എൻറെ ഒരേ ഒരു ആശ്രയം ദൈവങ്ങൾ ആയിരുന്നു." 

 തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന കൊച്ചുമകളെ നോക്കി ജാനകി പറഞ്ഞു: "ഇനി വാ.. നമുക്ക് ഭക്ഷണം കഴിക്കാം. എനിക്ക് വിശക്കുന്നു."

 ഭക്ഷണം കഴിച്ചു കഴിഞ്ഞ് നയന അവളുടെ മുറിയിലേക്ക് പോയി. അവിടെ അവൾ എഴുതിയ കഥകളും കവിതകളും എടുത്തുനോക്കി. സാവധാനം ഒരു പുസ്തകം എടുത്ത്, അവൾ എഴുതിത്തുടങ്ങി...

           "ജാനകി."


Rate this content
Log in

Similar malayalam story from Drama