Anamika Baiju

Children Stories Children

2.9  

Anamika Baiju

Children Stories Children

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

3 mins
240


അന്ന് രാവിലെ ഒൻപത് മണിയോടെ മഴ കനത്ത് പെയ്യാൻ തുടങ്ങി. ശക്തമായ കാറ്റിലും മഴയിലുമാണ് ആ അണ്ണാൻ കുട്ടിയുള്ള കൂട് താഴെ വീണത്. അത് ഒരു മരച്ചില്ലയിൽ തടഞ്ഞു നിന്നു. അതിൻ്റെ അമ്മ അതിനെ കൂടിനുള്ളിൽ നിന്നും എടുത്ത് നിമിഷങ്ങൾക്കകം ആ കൂട് മരത്തിനു താഴെ കെട്ടിക്കിടന്ന വെള്ളത്തിലേക്ക് വീണു. ആ കൂടിനെ വെള്ളത്തിലേക്ക് ലയിപ്പിക്കാൻ മഴയ്ക്ക് അധികം സമയം വേണ്ടിവന്നില്ല. തൻ്റെ കൈയിലുള്ള കൊച്ചു ജീവനെയും കൊണ്ട് ആ അമ്മ, അടുത്തുകണ്ട വീടിനടുത്തേക്ക് കുതിച്ചു. അവിടെ സുരക്ഷിതമെന്ന് തോന്നിയ ഒരിടത്ത്, വിറകുകൾക്കിടയിൽ ആ ചേറുജീവി തൻ്റെ കുഞ്ഞിനെ ഒളിപ്പിച്ചു വച്ചു. മഴയുടെ ശക്തി കുറഞ്ഞപ്പോൾ അണ്ണാൻ പുറത്തേക്ക് മെല്ലെ ഇറങ്ങി. ഒരു പുതിയ കൂട് ഉണ്ടാക്കണം. നിറയെ ഇലകളുള്ള ഒരു മരം കണ്ടുപിടിച്ച് പെട്ടെന്ന് താഴെ വീണുപോകാത്ത തരത്തിൽ മരക്കൊമ്പുകൾക്കിടയിൽ പുതിയ കൂട് പണിതു. ഒന്നുകൂടി ആ കൂട്ടിൽ കയറി അവിടം സുരക്ഷിതമാണെന്ന് ഉറപ്പിച്ചതിന് ശേഷം, തൻ്റെ കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ ആ വീട്ടിലേക്കോടി. അവിടെയെത്തിയപ്പോൾ തൻ്റെ കുഞ്ഞിനെ കാണാതെ ആ അമ്മമനസ് പരിഭ്രമിച്ചു. അപ്പോഴേക്കും മഴ ഒന്നുകൂടി കനത്തു പെയ്യാൻ തുടങ്ങി. ആ മഴയിൽ പുതിയ കൂട് സുരക്ഷിതമായിരുന്നു.


ഒരിക്കൽക്കൂടി ഒരു പ്രളയം കേരളത്തിന് താങ്ങാൻ കഴിയുമോ എന്ന ഭയം മനുഷ്യമനസ്സുകളിൽനിന്നും തുsച്ച് നീക്കിക്കൊണ്ട് മഴ അന്ന് രാത്രിക്കുമുന്നേ നിന്നു. പിറ്റേദിവസം, പതിവുപോലെ പുലർച്ചെ 5 മണിയോട്കൂടി വീടുകളിലെ അടുപ്പുകൾ പുകയാൻ തുsങ്ങി. നീണ്ട മഴ കൊണ്ട ക്ഷീണത്തിൽ ഉറങ്ങിപ്പോയ സൂര്യൻ കിഴക്കുനിന്നും മെല്ലെ തലപോക്കിനോക്കി. ഇല്ല, നേരം വൈകിയിട്ടില്ല. കഴിഞ്ഞ ദിവസം മുഴുവൻ ദേഷ്യത്തോടെ ആഞ്ഞുവീശിയ കാറ്റ് ഇന്നത്തേക്ക് ശാന്തമായി. മന്ദമാരുതൻ തഴുകുന്ന ഇലകളിലൂടെ വെള്ളത്തുള്ളികൾ താഴേക്കുതിർന്നു വീണു. അതൊരു തിങ്കളാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ സമയം വളരെ വേഗം പൊയ്ക്കൊണ്ടിരുന്നു. മുതിർന്നവർക്ക് ജോലിക്ക് പോകണം, കുട്ടികൾക്ക് പഠിക്കാൻ പോകണം. എന്നാൽ തൻ്റെ കുഞ്ഞിനെ നഷ്ട്ടപ്പെട്ട അണ്ണാനുമാത്രം സമയം നീങ്ങിയില്ല. പഠിക്കാൻ പോകാൻ തയ്യാറായിനിന്നിരുന്ന രണ്ടു കുട്ടികൾ - ഒരാൺകൂട്ടിയും, ഒരു പെൺകുട്ടിയും - വേപ്പിൻചെടിയുടെ താഴെ നിന്ന് ചെടി കുലുക്കി കളിക്കുന്നതും നോക്കി ആ അണ്ണാൻ, തൻ്റെ കൂട് നഷ്ട്ടപ്പെട്ട ചില്ലമേൽ ഇരുന്നു. ഈ കുട്ടികളുടെ വീട്ടിലാണ് തൻ്റെ കുഞ്ഞിനെ താൻ കൊണ്ട് വച്ചത്. തൻ്റെ കുഞ്ഞിന് എന്തെങ്കിലും അപകടം പറ്റുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. പെട്ടെന്നാണ്, തൻ്റെ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടതായി ആ അമ്മക്ക് തോന്നി. വീണ്ടും അതേ ശബ്ദം. തോന്നലല്ല, സത്യമാണ്. ശബ്ദം കേട്ട ഭാഗത്തേക്ക് അണ്ണാൻ ചലിച്ചു. അവിടെയതാ ഒരു ഇരുമ്പഴികളുള്ള കൂട്ടിൽ തൻ്റെ കുഞ്ഞ്. ഒരു കുട്ടി വന്ന് അതിന് ചെറിയ പാത്രത്തിൽ വെള്ളവും ഒരു കഷ്ണം പേരക്കയും വച്ചുകൊടുത്തു. എന്നാൽ തനിക്കുനേരെ നീട്ടിയ ഒന്നും കഴിക്കാൻ അത് സമ്മതിച്ചില്ല. കുട്ടികൾ സ്കൂളിലേക്കും മാതാപിതാക്കൾ ജോലിക്കും പോയിക്കഴിഞ്ഞപ്പോൾ അണ്ണാൻ തൻ്റെ കുഞ്ഞിനടുത്തേക്ക് വന്നു. അമ്മയെ കണ്ടതും കുഞ്ഞ് കരയാൻ തുടങ്ങി. നിസ്സഹായയായി നോക്കി നിൽക്കാനേ അണ്ണാന് കഴിഞ്ഞുള്ളൂ.തൻ്റെ കുഞ്ഞിനെ രക്ഷിക്കാൻ അത് ആവുന്നതും ശ്രമിച്ചു. എന്നാൽ ഒന്നും നടന്നില്ല. മനുഷ്യർ കൊടുത്ത ഭക്ഷണം അത് കഴിച്ചില്ല. വൈകുന്നേരം സ്കൂൾ വിട്ട് മടങ്ങിവരുന്ന കുട്ടികൾ കാണുന്നത്,മറ്റൊരു അണ്ണാൻ അവരുടെ അണ്ണാൻ കുഞ്ഞിന് കൂടിനു പുറത്തുനിന്ന് ഭക്ഷണം കൊടുക്കുന്നതാണ്. കുട്ടികളെ കണ്ടതും അണ്ണാൻ അവിടെ നിന്ന് ഓടിപ്പോയി. കുറച്ചുകഴിഞ്ഞപ്പോൾ കുട്ടികളുടെ അമ്മ ജോലി കഴിഞ്ഞ് തിരികെ എത്തി. അവർ ഒരു ഗവൺമെൻ്റ് സ്കൂളിലെ മലയാളം അധ്യാപികയാണ്. അമ്മ വന്നപ്പോൾ മക്കൾ പരാതി പറഞ്ഞു:"അമ്മേ...ഈ അണ്ണാറക്കണ്ണൻ ഞങ്ങൾ കൊടുത്ത പേരക്ക കഴിക്കുന്നില്ല. വേറൊരു അണ്ണാൻ അതിന് എന്തൊക്കെയോ കൊണ്ടുവന്നു കൊടുത്തു. അത് മാത്രമേ ഈ അണ്ണാൻ കഴിച്ചുള്ളൂ..."


കുറച്ചുനേരം ഗൗരവഭാവത്തോടെ ചുറ്റും നോക്കി, മക്കളെ നോക്കി പുഞ്ചിരിച്ച് അമ്മ പറഞ്ഞുതുsങ്ങി. "അത് ചിലപ്പോൾ ഇതിൻ്റെ അമ്മയോ അച്ഛനോ ആവും. ഇപ്പോത്തന്നെ നോക്ക്, പരിചയം ഇല്ലാത്ത ആരെങ്കിലും എന്തെങ്കിലും തന്നാൽ നിങ്ങൾ അത് വാങ്ങി കഴിക്കോ?" രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു:"ഇല്ല".

അമ്മ പുഞ്ചിരിയോടെ തുടർന്നു:"അതെ. അതേപോലെ തന്നെയാ ഈ അണ്ണാൻകുഞ്ഞും. അതിൻ്റെ അമ്മ കൊടുക്കുന്ന ഭക്ഷണമേ അതും കഴിക്കൂ... നിങ്ങൾ ഇതിനെ കൂട്ടിലിട്ട് എന്തുകൊടുത്താലും ഇത് കഴിക്കില്ല. നിങ്ങളെ ആരെങ്കിലും മുറിയിലിട്ടു പൂട്ടിയാൽ നിങ്ങളും കരയും, ഞങ്ങളും കരയും. നിങ്ങളെ കാണാതെ ഞങ്ങൾക്ക് വിഷമം ഉണ്ടാകുന്നതുപോലെ, ഞങ്ങളെ കാണാതെ നിങ്ങൾക്ക് വിഷമം ഉണ്ടാകുന്നതുപോലെ, ഇവർക്കും വിഷമം ഉണ്ടാവില്ലേ... ഇതിൻ്റെ അമ്മ കൊടുക്കാതെ ഇത് ഭക്ഷണം കഴിക്കില്ല. ഒന്നും കഴിക്കാതെ ഇതിന് എന്തെങ്കിലും പറ്റിയാലോ... നമ്മളെപ്പോലെ അവർക്കും വേണ്ടതാണ് ഫ്രീഡവും സ്നേഹവും ഒക്കെ. അപ്പോ ഇനി എൻ്റെ മക്കള് ആ അണ്ണാൻ വരുമ്പോ ഇതിനെ തുറന്നുവിടണം. മനസ്സിലായോ?" ചെറുപുഞ്ചിരിയോടെ അമ്മ അത് പറഞ്ഞുനിർത്തുമ്പോൾ മക്കളുടെ മുഖത്ത് സങ്കടമായിരുന്നു.

പെൺകുട്ടി പറഞ്ഞു:" sorry അമ്മേ"

ആൺകുട്ടി പറഞ്ഞു:" ഞങ്ങൾ അതിനെ വിഷമിപ്പിച്ചു അല്ലേ... നമുക്കതിനെ തുറന്നുവിടാം കുഞ്ഞൂസേ..." അവൻ അവൻ്റെ അനിയത്തിയെ നോക്കി. അവൾ തലയാട്ടി. 

"നല്ല കുട്ടികളാ നിങ്ങൾ. പറഞ്ഞാ നിങ്ങക്ക് മനസ്സിലാവും" എന്ന് പറഞ്ഞ് അമ്മ വീടിനകത്തേക്ക് കയറി. 

കൂട് തുറന്ന് അണ്ണാൻകുഞ്ഞിനെ എടുത്തു അവർ മുറ്റത്തു വച്ചു.അവരിൽനിന്നും ഓടി കുറച്ച് ദൂരത്തിരുന്നതിനുശേഷം അണ്ണാൻകുഞ്ഞ് ചിലച്ചു. കരച്ചിൽ കേട്ട് അതിൻ്റെ അമ്മ വന്നു. തൻ്റെ കുഞ്ഞിനെ തിരിച്ചുകിട്ടിയതിൻ്റെ സന്തോഷമായിരുന്നു ആ അണ്ണാന്. രണ്ടുപേരുംകൂടി മാവിൻമുകളിലുള്ള പുതിയ കൂട്ടിലേക്ക് പോകുന്നത് രണ്ടു കുട്ടികളും സന്തോഷത്തോടെ നോക്കിനിന്നു. അവർക്കു പിന്നിൽ അവരുടെ അമ്മയും.


Rate this content
Log in