Anamika CB

Fantasy Others

3  

Anamika CB

Fantasy Others

ഇനിയുമെത്രനാൾ

ഇനിയുമെത്രനാൾ

3 mins
176


പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അതിനോടൊപ്പം ലോക്ക്ഡൗൺ, ഹോട്ട്സ്പോട്ട്, ക്വാറന്റൈൻ എന്നിങ്ങനെ പുതിയ പേരുകളും. കൊറോണ- നമുക്ക് കണ്ണിൽ പോലും കാണാത്ത ഒരു ചെറിയ ജീവിയാണത്രേ... റംബൂട്ടാനെപോൽ ഇരിക്കുന്നു പോലും. വീട്ടിലിരുന്നിരുന്നു മടുത്തു. ഇനിയും എത്രയെന്ന് വെച്ച ഇരിപ്പ്. മുൻപൊക്കെ ഡോക്ടർമാരും മറ്റ് ജോലിക്കാരും മാത്രം ഇട്ട് നടന്നിരുന്ന മാസ്ക് ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നു. പുറത്തിറങ്ങുമ്പോൾ വസ്ത്രം എങ്ങനെയോ അതുപോലെ തന്നെയായി ഇതും. എന്നാണ് ഇനി ഇതിനൊക്കെ ഒരു അവസാനം? എനിക്ക് ഒന്ന് പുറത്തിറങ്ങാൻ തോന്നുന്നു. മുൻപത്തേതു പോലെ പലയിടങ്ങളിലും പോകണം. പുൽമേടുകളിലും, കസേരകളിലും, മരത്തണലിലും ഇരുന്ന് പ്രകൃതി മനുഷ്യർക്കായി ഒരുക്കി വെച്ചിരിക്കുന്ന അത്ഭുതങ്ങൾ ആവോളം ആസ്വദിക്കണം. ഹാ! ഇനിയതൊക്കെ എന്ന്? ഓരോന്ന് ആലോചിച്ചാലോചിച്ച് എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല. 

     പ്രഭാതകിരണങ്ങൾ കണ്ണിലടിച്ചാണ് എഴുന്നേറ്റത്. ഇന്നലെ കിടന്നുറങ്ങിയത് ടെറസിലായിരുന്നോ? മറ്റൊന്നും ചിന്തിച്ചില്ല. താഴെയിറങ്ങി പല്ലുതേച്ചു, കുളിച്ചു. അമ്മ ഉറങ്ങുകയാണ്. ഇന്ന് ഞായറാഴ്ചയല്ലേ... ഉറങ്ങിക്കോട്ടെ. മുറ്റത്തേക്കിറങ്ങി ചെടികൾക്ക് വെള്ളമൊഴിച്ചു. ചൂലെടുത്ത് മുറ്റമടിക്കാൻ നേരമാണ്, "ഗുഡ്മോണിങ്" എന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്. പത്രക്കാരൻ ചേട്ടനാണ് പത്രം മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് ആൾ പോയി. മുറ്റമടി പാതിവഴിയിൽ നിർത്തി, പത്രം എടുത്ത് മറച്ചുനോക്കി. ആദ്യം നോക്കിയത്, 'ഇന്നത്തെ സിനിമ'. പോര. ഇന്നത്തെ സിനിമകളിൽ താൽപര്യം തോന്നുന്നില്ല. മുറ്റമടി കഴിഞ്ഞ് വീട്ടിലേക്ക് കയറാൻ നേരം പാലും കൊണ്ട് സുരേഷേട്ടന്റെ മകൾ വന്നു. "അച്ഛനെവിടെ മോളെ?" "അച്ഛൻ കുറച്ച് തിരക്കിലാ... അച്ഛമ്മയെ ആശുപത്രിയിൽ കൊണ്ടുപോകണം. അപ്പോൾ ഇന്ന് എന്നോട് പാൽ കൊടുക്കാൻ പറഞ്ഞു. പോട്ടെ..." എന്ന് പറഞ്ഞ് അവളും പോയി. പത്രം ഉമ്മറത്തെ തിണ്ണയിൽ വച്ച് ഞാൻ പാലും കൊണ്ട് ഞാൻ അടുക്കളയിലേക്ക് കയറി. ഒരു കാപ്പി ഉണ്ടാക്കി കളയാം. അടുക്കളയിൽ പാത്രങ്ങളുടെ അടിപിടി ശബ്ദം കേട്ടുകൊണ്ടാണെന്ന് തോന്നുന്നു ദാ വരുന്നു ഒരുത്തൻ "മ്യാവു... മ്യാവൂ..." എന്ന് പറഞ്ഞുകൊണ്ട്. തറയിലിരുന്ന് സ്വന്തം കൈ ഒന്ന് നക്കി നോക്കിയതിനുശേഷം എന്നെ നോക്കി നീട്ടി ഒരു വിളി, "മ്യാവൂ..." എനിക്കും വേണം എന്നാണ് പറയുന്നത്. "തരാം" എന്ന് പറഞ്ഞ് ഞാൻ പാല് തിളപ്പിക്കാൻ വച്ചു. അല്ലെങ്കിൽ വേണ്ട. പൂച്ചയ്ക്ക് എന്തിനാ പാല് തിളപ്പിക്കുന്നത്? പിന്നെ ചൂട് പാലിൽ കൊണ്ടുപോയി നാക്ക് മുട്ടിച്ച്, "മ്യാവൂ" എന്നും പറഞ്ഞ് നടക്കും ഇവിടെ. ചിലപ്പോൾ അമ്മയുടെ അടുത്ത് പോയി "മ്യാവു... എനിക്ക് ചൂട് പാല് തന്ന കൊല്ലാൻ നോക്കി" എന്ന് പറയും. വേണ്ട. പാല് ചൂടാകുന്നതിനു മുന്നേ തന്നെ ഒരു ചെറിയ പാത്രം എടുത്ത് കുറച്ച് പാൽ ഒഴിച്ച് അതിനും കൊടുത്തു. കാപ്പി ഉണ്ടാക്കി, മുറ്റത്ത് വളർന്നുനിൽക്കുന്ന മൂവാണ്ടൻമാവിന്റെ കൊമ്പിൽ തൂക്കിയിട്ടിരുന്ന ഊഞ്ഞാലിൽ പോയിരുന്നു ചൂടുകാപ്പി ഊതിയൂതി കുടിച്ചു. ഗുപ്തനെ പോലെ തന്നെ ചൂട് കാപ്പി ഊതി കുടിക്കാൻ ആയിരുന്നു എന്നും എനിക്ക് ഇഷ്ടം. നല്ല അന്തരീക്ഷം. കിളികളുടെ ശബ്ദം. ഉദിച്ചുവരുന്ന സൂര്യൻ. തണുത്ത ഇളംകാറ്റ്. ഇതെല്ലാം ആസ്വദിച്ച് കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മനസ്സിൽ മറ്റു ചില ചിന്തകൾ വന്നത്. ഒന്ന് കറങ്ങാൻ പോകാം. എന്ന് വെച്ചാൽ അധികം ദൂരത്തേക്ക് ഒന്നുമല്ല. ഇവിടെ അടുത്ത് തന്നെ പറ്റിയ ഒരു സ്ഥലമുണ്ട്. കായലും വയലും ഒക്കെ ചേർന്ന് അതിമനോഹരമായ ഒരിടം. അവിടേക്ക് തന്നെ പോകാം. അമ്മ ഉറങ്ങുകതന്നെയാണ്. ഒരു കാര്യം ചെയ്യാം. ഒരു കത്തെഴുതാം. റൂമിൽ പോയി ഒരു ബുക്കിൽ നിന്ന് പേജ് കീറിയെടുത്ത് എഴുതി. "അമ്മേ... ഞാൻ ഒന്ന് പുറത്തുപോയിട്ട് ഉച്ചയ്ക്ക് മുൻപേ എത്താം. എന്നെ കാണാതെ ടെൻഷനാവേണ്ട." പേന അടച്ചുവെച്ച് ഒന്ന് വായിച്ചു നോക്കി. ഇല്ല. അമ്മ ടെൻഷൻ ആവില്ല. എന്റെ സ്വഭാവം നല്ലപോലെ അറിയുന്നതാണല്ലോ. ഇതിനു മുൻപ് എത്ര തവണ ഞാൻ ഇങ്ങനെ പോയിട്ടുണ്ട്. കത്ത് നാലായി മടക്കി, ഉറങ്ങുന്ന അമ്മയുടെ കയ്യിൽ വച്ചു. വേണ്ട. എങ്ങാനും താഴെ വീണു പോയാൽ അമ്മ ശ്രദ്ധിച്ചെന്നുവരില്ല. മേശപ്പുറത്ത് ഒരു കുപ്പിയിൽ കുറച്ച് വെള്ളം ഇരിപ്പുണ്ട്. രാവിലെ എഴുന്നേറ്റ് വെള്ളം കുടിച്ച് കൊണ്ടാണ് അമ്മ അന്നത്തെ ദിവസം തുടങ്ങാറ്. കുപ്പി പൊന്തിച്ച് അതിനടിയിൽ കത്ത് വച്ചു. ഇനി ഇറങ്ങാം. വസ്ത്രം മാറി, മുടി വൃത്തിയായി ചീകി കെട്ടിവെച്ചു. ഹെൽമെറ്റും താക്കോലും എടുത്ത് ഇറങ്ങിയപ്പോൾ സ്കൂട്ടറതാ മുറ്റത്ത് നിന്ന് എന്നെ നോക്കി ചിരിക്കുന്നു. "വേഗം ഇറങ്, നമുക്ക് പോകണ്ടേ"എന്ന മട്ടിൽ. ഹെൽമെറ്റ് തലയിൽ വച്ച് ചെരിപ്പിട്ടിറങ്ങി. വണ്ടിയും ഞാനും റോഡിലേക്കിറങ്ങി. തണുത്ത കാറ്റിനെ വകഞ്ഞു മാറ്റിക്കൊണ്ട് ഞാനും എൻറെ സ്കൂട്ടിയും. ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തി. സിറ്റി അല്ലാത്തതുകൊണ്ട് റോഡിൽ തിരക്ക് കുറവായിരുന്നു. ഇവിടെ പിന്നെ അധികം ആരും വരാറില്ല. വയലിലേക്ക് ഇറങ്ങി കുറച്ചൊന്നു നടന്നാൽ ഒരു ആൽമരം ഉണ്ട്. ഞാൻ ആ മരത്തിനെ ലക്ഷ്യമാക്കി നടന്നു. ആ മരത്തണലിൽ അതിനെ ചാരി ഞാനിരുന്നു. കുറച്ചു നേരം ആയിരിപ്പ് തുടർന്നു. വിശപ്പ് തോന്നിയപ്പോൾ കയ്യിൽ കരുതിയ ബാഗിൽ നിന്നും, ഇറങ്ങാൻ നേരം തട്ടിക്കൂട്ടി ഉണ്ടാക്കിയ സാൻവിച്ച് പുറത്തെടുത്തു. സോസും മൈനൈസും വീട്ടിൽ ഉണ്ടായിരുന്നു. പിന്നെ കുറച്ച് പച്ചക്കറികൾ വെട്ടിനുറുക്കി അതിലിട്ടു. ഒരു കുപ്പി വെള്ളവും കയ്യിൽ കരുതി. വയറിനെ ശാന്തമാക്കിയതിനുശേഷം, സാൻവിച്ച് കൊണ്ടുവന്ന പ്ലാസ്റ്റിക് കവർ ബാഗിലേക്ക് തന്നെ ഇട്ടു. വീട്ടിലേക്ക്തന്നെ തിരികെ കൊണ്ടുപോകാം. ഈ പ്രകൃതിയിലേക്ക് പ്ലാസ്റ്റിക്ക് വലിച്ചെറിയുന്നത് അപരാധമാണ്. കുറച്ച് വെള്ളം കൂടി കുടിച്ച്, ബാഗിൽ നിന്നും ഒരു ബുക്കും, വാട്ടർകളറും, പെയിന്റ് ബ്രഷും, ഗ്ലാസും പുറത്തെടുത്തു. ഗ്ലാസിലേക്ക് വെള്ളം ഒഴിച്ച് എൻറെ കൺമുമ്പിൽ കാണുന്ന ദൃശ്യം കടലാസിലേക്ക് പകർത്താൻ നോക്കി. വളരെ നന്നായി പെയിൻറ് ചെയ്യുന്ന ഒരാളല്ല ഞാൻ. എങ്കിലും മോശമില്ലാതെ ചെയ്യും. മോശമില്ലാതെ തന്നെ ചെയ്തു. പെർഫെക്റ്റ് ഒന്നുമല്ലെങ്കിലും എനിക്കിഷ്ടപ്പെട്ടു. ബ്രഷും ഗ്ലാസും ഒക്കെ ക്ലീൻ ആക്കി കയ്യിലിരുന്ന തുണി കൊണ്ട് വെള്ളം തുടച്ച് കളഞ്ഞതിനുശേഷം, അവ ബാഗിലേക്ക് തന്നെ നിക്ഷേപിച്ചു. പെയിൻറിംഗ് എടുത്തുനോക്കി നിർവൃതിയടഞ്ഞു. ഇനി കുറച്ച് ഫോട്ടോസ് ആവാം. പെയിൻറ് ചെയ്ത ചിത്രത്തിൻറെ ഫോട്ടോസ് എടുത്തു. കൊള്ളാം. ഞാൻ ഒരു സംഭവം തന്നെ! ഇനി അമ്മയെ ഒന്ന് വിളിച്ചാലോ? വിളിച്ചേക്കാം. കോൾ ലിസ്റ്റിൽ നിന്നും 'അമ്മ' എന്ന് സേവ് ചെയ്തിട്ടുള്ള നമ്പർ എടുത്തപ്പോഴേക്കും അമ്മ ഇങ്ങോട്ട് വിളിക്കുന്നു. "വായോ ചോറ് കഴിക്കാം". ഞാൻ അത്ഭുതത്തോടെ ഫോണിലെ സമയം നോക്കി. ഉച്ചയായിട്ടില്ല. എനിക്കൊന്നും പറയാനാവുന്നില്ല. ശബ്ദം പുറത്തു വരുന്നില്ല. "നീ എഴുന്നേൽക്കുന്നുണ്ടോ ഇന്ന്? സമയം എത്രയായീന്നാ? നിനക്കിന്ന് അത്താഴമൊന്നും വേണ്ടേ?" അത്താഴമോ? ഞാൻ കണ്ണുതുറന്നു.

       കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ. അമ്മയുടെ മുഖം. ഓ! അപ്പോൾ ഞാൻ വീട്ടിൽ തന്നെയാണോ? അപ്പോൾ ഇതെല്ലാം... കണ്ണുമിഴിച്ച് നോക്കിക്കൊണ്ട് കിടക്കുന്ന എന്നെ നോക്കി അമ്മ പറഞ്ഞു: "വാ, എഴുന്നേറ്റു വാ... അത്താഴം കഴിക്കാം" ഒരുപാട് വിഷമത്തോടെ ഞാൻ എഴുന്നേറ്റു. അമ്മ റൂമിൽ നിന്ന് പുറത്തിറങ്ങി. സ്വപ്നത്തിൽ മാത്രമേ ഇതെല്ലാം സാധിക്കുമെന്നാണോ? അത്താഴം കഴിച്ച് വീണ്ടും വന്നു കിടന്നു. ഉറങ്ങാം. ഇനിയും പുതിയൊരു സ്വപ്നത്തിനായി.


Rate this content
Log in

Similar malayalam story from Fantasy